2021, ഒക്‌ടോബർ 3, ഞായറാഴ്‌ച

നെരൂദ - മരണം മാത്രം

 


ഏകാന്തമായ സെമിത്തേരികളുണ്ട്,
ഒച്ച വറ്റിയ എല്ലുകൾ നിറഞ്ഞ ശവക്കുഴികളുണ്ട്,
ഇരുണ്ട, ഇരുണ്ട, ഇരുണ്ട ഒരു തുരങ്കത്തിലൂടെ
ഹൃദയം കടന്നുപോകുന്നു;
നാം മരിക്കുന്നതുള്ളിലേക്ക്,
ഒരു കപ്പൽച്ചേതം പോലെ,
ഹൃദയത്തിൽ മുങ്ങിത്താഴുന്നപോലെ,
ചർമ്മത്തിൽ നിന്നാത്മാവിലേക്കിടിഞ്ഞുവീഴുന്നപോലെ.

ശവങ്ങളുണ്ട്,
തണുത്തൊട്ടുന്ന കല്പലക പോലുള്ള കാലടികളുണ്ട്,
എല്ലുകളിൽ മരണമുണ്ട്,
ശുദ്ധമായൊരു ശബ്ദം പോലെ,
നായയില്ലാത്ത കുര പോലെ,
ചില മണികളിൽ നിന്ന്,
ചില കുഴിമാടങ്ങളിൽ നിന്നു വരുന്നതായി,
ഈറൻവായുവിൽ മഴത്തുള്ളികൾ പോലെ,
കണ്ണീർത്തുള്ളികൾ പോലെ നിറയുന്നതായി.

ചിലനേരമൊറ്റയ്ക്കിരിക്കെ,
പായ കെട്ടിയ ശവപ്പെട്ടികൾ വന്നടുക്കുന്നതും
നങ്കൂരമിടുന്നതും ഞാൻ കാണുന്നു,
വിളറിവെളുത്ത ശവങ്ങളുമായി,
മുടിപ്പിന്നൽ മരിച്ച സ്ത്രീകളുമായി,
മാലാഖമാരെപ്പോലെ വെളുത്ത അപ്പക്കടക്കാരുമായി,
നോട്ടറികൾക്കു കെട്ടിച്ചയച്ച ചിന്താവിഷ്ടകളായ പെൺകുട്ടികളുമായി,
മരണത്തിന്റെ ലംബനദി കയറിപ്പോകുന്ന ശവപ്പെട്ടികൾ,
മരണത്തിന്റെ ശബ്ദം,
മരണത്തിന്റെ നിശബ്ദശബ്ദം വീർപ്പിച്ച പായകളുമായി
കരിഞ്ചുവപ്പുനദിയിലുടെ മുകളിലേക്കൊഴുകുന്ന പെട്ടകങ്ങൾ.

ശബ്ദങ്ങൾക്കിടയിലേക്കു മരണമെത്തുന്നു,
പാദമില്ലാത്ത പാദുകം പോലെ,
ആളില്ലാത്തുടുപ്പു പോലെ,
കല്ലു വയ്ക്കാത്ത, വിരലില്ലാത്ത മോതിരം കൊണ്ട്
അവൾ വന്നു മുട്ടുന്നു,
വായില്ലാതെ, നാവില്ലാതെ, തൊണ്ടയില്ലാതെ
അവൾ വന്നലറുന്നു.
എന്നാലവൾ നടന്നടുക്കുന്നതു കേൾക്കാം,
ഉടയാടയുലയുന്നതു കേൾക്കാം,
മരമനങ്ങുമ്പോലെ, നിശ്ശബ്ദമായി.

എനിക്കത്രയ്ക്കറിയില്ല, എനിക്കത്ര പരിചയമില്ല, ഞാനത്ര കാണുന്നുമില്ല,
എന്നാലുമെനിക്കു തോന്നുന്നു,
ഈറൻ പറ്റിയ വയലറ്റുപൂക്കളുടെ നിറമാണ്‌,
മണ്ണിനോടു പരിചയമായ വയലറ്റുകളുടെ നിറമാണവളുടെ പാട്ടിനെന്ന്;
മരണത്തിന്റെ മുഖം പച്ചയാണെന്നതിനാൽ,
മരണത്തിന്റെ നോട്ടം പച്ചയാണെന്നതിനാൽ,
വയലറ്റിലയുടെ കൂർത്ത മൂർച്ചയും
പൊറുതി കെട്ട ഹേമന്തത്തിന്റെ ഇരുണ്ട നിറവുമാണെന്നതിനാൽ.

എന്നാൽ ചിലനേരം ചൂലിന്റെ വേഷത്തിലും മരണം ലോകത്തു നടക്കുന്നു,
ശവങ്ങൾ തേടിയവൾ നിലം നക്കിനടക്കുന്നു,
മരണം ചൂലിലുണ്ട്,
ജഡദേഹങ്ങൾ  തേടുന്ന മരണത്തിന്റെ നാവത്,
നൂലു തേടുന്ന മരണത്തിന്റെ സൂചിയത്.

മരണം കിടക്കകളിലുണ്ട്:
മന്ദമായ മെത്തകളിൽ, കറുത്ത പുതപ്പുകളിൽ,
നിവർന്നുകിടന്നവൾ ജീവിക്കുന്നു,
പിന്നെപ്പൊടുന്നനേയവൾ ഊതുന്നു,
അവളൂതുന്ന ഇരുണ്ട ശബ്ദത്തിൽ
വിരിപ്പുകൾ കാറ്റുപിടിച്ചു വീർക്കുന്നു,
ഒരു തുറമുഖത്തിനു നേർക്കു നീങ്ങുന്ന കിടക്കകളുണ്ട്,
അവിടെ മരണം കാത്തിരിക്കുന്നു,
ഒരു കപ്പല്പടനായകന്റെ വേഷത്തിൽ.

അഭിപ്രായങ്ങളൊന്നുമില്ല: