2021, ഒക്‌ടോബർ 7, വ്യാഴാഴ്‌ച

ഷോപ്പൻഹോവർ

ഒരു കാര്യം നടക്കണമെന്നുള്ള ആഗ്രഹത്തെ അതു നടക്കുമെന്നുള്ള സംഭാവ്യതയുമായി കൂട്ടിക്കുഴയ്ക്കുന്നതിനെയാണ്‌ ആശ എന്നു പറയുന്നത്.

ആശ നഷ്ടപ്പെട്ടവന്‌ പേടിയും ഇല്ലാതാകുന്നു: ‘ഹതാശം’ എന്ന പ്രയോഗത്തിന്റെ അർത്ഥം അതാണ്‌. യാഥാർത്ഥ്യമാകുമെന്ന് താൻ ആഗ്രഹിക്കുന്നതിനെ യഥാർത്ഥമെന്നു വിശ്വസിക്കുകയും താൻ ആഗ്രഹിക്കുന്നതിനാൽ യാഥാർത്ഥ്യമാണതെന്നു വിശ്വസിക്കുകയും ചെയ്യുക മനുഷ്യനു സ്വാഭാവികമാണ്‌. അയാളുടെ പ്രകൃതത്തിലെ പ്രയോജനപ്രദവും ആശ്വാസകരവുമായ ഈ സ്വഭാവവിശേഷം ദൗർഭാഗ്യത്തിന്റെ ആവർത്തിച്ചുള്ള പ്രഹരങ്ങളാൽ തുടച്ചുമാറ്റപ്പെടുമ്പോൾ, സംഭവിക്കണമെന്ന് തനിക്കാഗ്രഹമില്ലാത്തത് സംഭവിക്കുകതന്നെ ചെയ്യുമെന്നും സംഭവിക്കണമെന്ന് താൻ ആഗ്രഹിക്കുന്നത്, താൻ അങ്ങനെ ആഗ്രഹിക്കുന്നതുകൊണ്ടുമാത്രം, സംഭവിക്കാതിരിക്കുകയും ചെയ്യുമെന്നു വിശ്വസിക്കേണ്ട പതനത്തിലേക്ക് അയാൾ എത്തിപ്പെടുകയും ചെയ്യുമ്പോൾ- അപ്പോൾ ആ അവസ്ഥയെ ഹതാശ എന്നു പറയാം.


സ്വന്തമായി ചിന്തിക്കുന്നതിനെക്കുറിച്ച്

വായന സ്വന്തമായി ചിന്തിക്കുന്നതിനുള്ള വെറുമൊരു പകരംവയ്ക്കൽ മാത്രമാണ്‌; നിങ്ങളുടെ ചിന്തകളെ മറ്റൊരാൾക്കു നയിക്കാൻ വിട്ടുകൊടുക്കുകയാണത്. പല പുസ്തകങ്ങളുമാവട്ടെ, തെറ്റിപ്പോകാൻ എത്രയൊക്കെ വഴികളുണ്ടെന്നും അവയുടെ മാർഗ്ഗനിർദ്ദേശമനുസരിച്ചു നടക്കുകയാണെങ്കിൽ നിങ്ങൾക്കെത്രത്തോളം വഴി തെറ്റാമെന്നതിനുമുള്ള വെറും ഉദാഹരണങ്ങൾ മാത്രമാണ്‌. സ്വന്തം ചിന്തകൾ വരണ്ടുപോയാലേ നിങ്ങൾ വായനയിലേക്കു തിരിയാവൂ; (ഒന്നാന്തരം മനസ്സുകൾക്കു പോലും പലപ്പോഴും അങ്ങനെയുള്ള അവസ്ഥ ഉണ്ടാകാറുണ്ടല്ലോ.) എന്നാൽ സ്വന്തം ചിന്തകളെ നാടു കടത്താൻ മാത്രമായി ഒരു പുസ്തകമെടുത്തു വായിക്കുക എന്നത് പരിശുദ്ധാത്മാവിനോടു ചെയ്യുന്ന ഒരു പാപമാണ്‌; അതിരുകളില്ലാത്ത പ്രകൃതി മുന്നിലുള്ളപ്പോൾ ഒരു ഹെർബേറിയമോ ഭൂദൃശ്യങ്ങളുടെ പെയിന്റിങ്ങുകളോ പോയിക്കാണുന്നതുപോലെയാണത്.
നിങ്ങൾ വളരെ സമയമെടുത്ത്, തല ചൂടാക്കി ചിന്തിച്ചെടുത്ത ഒരാശയമോ ഉൾക്കാഴ്ചയോ ഒരു പുസ്തകത്തിൽ നിന്ന് അനായാസമായി കണ്ടപിടിക്കാവുന്നതേയുള്ളു എന്നു ചിലപ്പോൾ വരാറുണ്ട്; എന്നാൽ അതിനേക്കാൾ നൂറു മടങ്ങ് മൂല്യം കൂടും , സ്വന്തം ചിന്തയിലൂടെയാണ്‌ നിങ്ങൾ അതിലേക്കെത്തിയതെങ്കിൽ. കാരണം, അപ്പോൾ മാത്രമേ ഒരവിഭാജ്യഘടകമായി അതു നിങ്ങളുടെ ചിന്താ പദ്ധതിയിലേക്കു കടക്കുകയുള്ളു, അതിന്റെ മറ്റു നിഗമനങ്ങളോടു സമവായമുള്ളതും അതിനോടു പൂർണ്ണമായി പൊരുത്തപ്പെടുന്നതുമാവുകയുള്ളു, നിങ്ങളുടെ സ്വന്തം ചിന്താരീതിയുടെ നിറവും സ്വരവും മുദ്രയുമുള്ളതാവൂ, തക്ക സമയത്തുതന്നെ നിങ്ങളെത്തിച്ചേർന്നതാകൂ; അങ്ങനെയത് നിങ്ങളുടെ മനസ്സിൽ എന്നെന്നേക്കുമായി പതിഞ്ഞുകിടക്കുകയും ചെയ്യും. ഗയ്ഥേയുടെ ഈ വരികളുടെ തികഞ്ഞ പ്രയോഗമാണ്‌, വിശദീകരണം തന്നെയുമാണത്:
“സ്വന്തം പൂർവ്വികരിൽ നിന്നു നിങ്ങൾക്കു കിട്ടിയത് ആദ്യം നിങ്ങൾ നേടിയെടുക്കണം, എന്നിട്ടേ അതു നിങ്ങൾക്കു സ്വന്തമാകുന്നുള്ളു.” സ്വന്തമായി ചിന്തിക്കുന്നവൻ തന്റെ അഭിപ്രായങ്ങളുടെ സാധൂകരണത്തിനു മാത്രമേ പ്രമാണങ്ങളിലേക്കു തിരിയുന്നുള്ളു; എന്നാൽ പുസ്തകചിന്തകൻ തുടങ്ങുന്നതേ പ്രമാണങ്ങളുമായിട്ടാണ്‌; എന്നുപറഞ്ഞാൽ, മറ്റുള്ളവരുടെ അഭിപ്രായങ്ങൾ സ്വരൂപിച്ച് അതിൽ നിന്ന് അയാൾ സ്വന്തം അഭിപ്രായം രൂപപ്പെടുത്തുകയാണ്‌. അയാളുടെ മനസ്സിനെ സ്വതന്ത്രചിന്തകന്റെ മനസ്സിനോടുപമിക്കുന്നത് യന്ത്രമനുഷ്യനെ ജീവനുള്ള മനുഷ്യനോടുപമിക്കുന്നതുപോലെയാവും.
പഠിച്ചറിഞ്ഞ ഒരു സത്യം ഒരു കൃത്രിമാവയവം പോലെ നമ്മളിൽ ഒട്ടിപ്പിടിച്ചിരിക്കുന്നതേയുള്ളു, ഒരു വയ്പുപല്ലു പോലെ, മെഴുകുമൂക്കു പോലെ, മുറിച്ചൊട്ടിച്ച തൊലി പോലെ. അതേസമയം സ്വയം ചിന്തിച്ചെത്തിയ ഒരു സത്യം നമുക്കു പ്രകൃത്യാ ഉള്ള ഒരവയവം പോലെയാണ്‌: അതു മാത്രമേ നമ്മുടെ സ്വന്തം എന്നു പറയാനുള്ളു. ഒരു ചിന്തകനും വെറുമൊരു പണ്ഡിതനും തമ്മിലുള്ള വ്യത്യാസം നിർണ്ണയിക്കുന്നതും ഇതു തന്നെ.
(from Essays and Aphorisms)

വായന അമിതമാവുന്നതിനെക്കുറിച്ച്


വായിക്കുമ്പോൾ മറ്റൊരാൾ നമുക്കു വേണ്ടി ചിന്തിക്കുകയാണ്‌: നാം അയാളുടെ മാനസികപ്രക്രിയ വെറുതേ ആവർത്തിക്കുന്നതേയുള്ളു. എഴുതാൻ പഠിക്കുന്ന കുട്ടി അദ്ധ്യാപകൻ തനിക്കു പെൻസിൽ കൊണ്ടു വരച്ചിട്ടുതന്ന അക്ഷരങ്ങൾക്കു മുകളിൽക്കൂടി പേനയോടിക്കുന്നതുപോലെയാണത്. അതുപോലെ വായനയിലും ചിന്തിക്കുന്ന ജോലിയിൽ നിന്നു നാം മിക്കവാറും ഒഴിവാക്കപ്പെടുന്നു. അതുകൊണ്ടാണ്‌ ഏറെ നേരം ചിന്തയിൽ മുഴുകിയതിനു ശേഷം വായനയിലേക്കു തിരിയുമ്പോൾ നമുക്കൊരാശ്വാസം തോന്നുന്നത്. പക്ഷേ വായനയിൽ നമ്മുടെ മനസ്സ് മറ്റൊരാളുടെ ചിന്തകൾക്കുള്ള അരങ്ങു മാത്രമായിപ്പോവുകയാണ്‌. അങ്ങനെ, ധാരാളം വായിക്കുന്ന ഒരാൾ, എന്നു പറഞ്ഞാൽ, മിക്ക സമയവും വായിച്ചുകൊണ്ടിരിക്കുകയും ഇടയ്ക്കുള്ള സമയം ചിന്താശൂന്യമായ വിനോദങ്ങളിൽ ചിലവഴിക്കുകയും ചെയ്യുന്ന ഒരാൾക്ക് കാലക്രമേണ സ്വയം ചിന്തിക്കാനുള്ള കഴിവു നഷ്ടപ്പെടുന്നു; എപ്പോഴും കുതിരസവാരി ചെയ്യുന്ന ഒരാൾ നടക്കാൻ മറക്കുന്നപോലെ.
പല വലിയ വിദ്വാന്മാരുടെയും കാര്യം ഇതാണ്‌: അവർ വായിച്ചുവായിച്ച് മൂഢന്മാരായിരിക്കുന്നു. കിട്ടുന്ന സമയം മൊത്തം വായിക്കുകയും നിരന്തരം വായിക്കുകയും ചെയ്യുന്നത് നിരന്തരമായ കായികാദ്ധ്വാനത്തെക്കാൾ മനസ്സിനെ മരവിപ്പിക്കുന്നതാണ്‌; അതിലാണെങ്കിൽ സ്വയം ചിന്തിക്കുന്നതിനു തടസ്സമെങ്കിലും ഇല്ലല്ലോ.
ഒരന്യവസ്തുവിന്റെ നിരന്തരമായ മർദ്ദം മൂലം സ്പ്രിങ്ങിന്‌ അതിന്റെ ഇലാസ്റ്റിക് സ്വഭാവം നഷ്ടപ്പെടുന്നതുപോലെയാണ്‌ മറ്റൊരാളുടെ ചിന്തകൾ നിരന്തരം അടിച്ചേല്പിക്കപ്പെടുമ്പോൾ മനസ്സിനും സംഭവിക്കുന്നത്. അമിതാഹാരം കൊണ്ട് വയറിനും അതിലൂടെ ദേഹത്തിനും കേടു വരുന്നപോലെ അമിതപോഷണം മനസ്സിനും അമിതഭാരമാകുന്നു. എത്രയധികം വായിക്കുന്നുവോ, അത്രകുറച്ചേ വായിച്ചതിന്റെ പാടുകൾ ശേഷിക്കുന്നുള്ളു. എഴുതിമായ്ച്ചെഴുതുന്ന ഒരു ഫലകം പോലെയാണ്‌ മനസ്സ്. വിചിന്തനം അസാദ്ധ്യമാവുകയാണ്‌. വായിച്ചത് ഉള്ളിലാവാൻ വിചിന്തനം വേണം; ആലോചനയില്ലാതെ വായിച്ചുതള്ളുമ്പോൾ വായിച്ചത് മനസ്സിൽ വേരു പിടിക്കുന്നില്ല. ശരീരത്തിനുള്ള ഭക്ഷണം പോലെയാണ്‌ മനസ്സിന്റെ ഭക്ഷണമെന്നുതന്നെ പറയണം: കഴിക്കുന്നതിന്റെ കഷ്ടിച്ച് അഞ്ചിലൊന്നേ ദഹനത്തിലൂടെ ദേഹത്തിലേക്കു പോകുന്നുള്ളു; ശേഷിച്ചത് വിയർപ്പായി, ബാഷ്പമായി, മറ്റു പലതുമായി വിസർജ്ജിക്കപ്പെടുകയാണ്‌.
നമുക്കിങ്ങനെ ഒരു നിഗമനത്തിലെത്താം: എഴുതിവച്ച ചിന്തകൾ പൂഴിപ്പരപ്പിലെ കാല്പാടുകൾ പോലെയാണ്‌; ഒരാൾ നടന്നുപോയ വഴി നിങ്ങൾ കാണുന്നുണ്ട്; എന്നാൽ എന്താണയാൾ വഴിയിൽ കണ്ടതെന്നറിയാൻ നിങ്ങളുടെ കണ്ണുകൾ തന്നെ വേണം.
(from Essays and Aphorisms)

ഓർമ്മയെ വെറുതേ വിടരുത്


മനസ്സിലുദിക്കുന്ന ചിന്തകൾ അപ്പപ്പോൾത്തന്നെ എഴുതിവയ്ക്കണം എന്നു പറയുന്നതിൽ തെറ്റൊന്നുമില്ല; നാം ചെയ്ത കാര്യങ്ങൾ പോലും പലപ്പോഴും നമ്മുടെ ഓർമ്മയിൽ നിന്നു പോകാറുണ്ട്; ചിന്തയുടെ കാര്യം പിന്നെ പറയുകയും വേണ്ടല്ലോ. പക്ഷേ ചിന്തകൾ വരുന്നത് അവയ്ക്കു തോന്നുമ്പോഴാണ്‌, അല്ലാതെ നമുക്കു തോന്നുമ്പോഴല്ല. അതേ സമയം, പൂർണ്ണവും കുറ തീർന്നതുമായി നമുക്കു പുറമേ നിന്നു കിട്ടുന്നവ, നാം വെറുതേ പഠിച്ചെടുക്കുകയും എപ്പോൾ വേണമെങ്കിലും പുസ്തകങ്ങളിൽ കണ്ടെത്താവുന്നതുമായവ പകർത്തിവയ്ക്കാതിരിക്കുന്നതാണു നല്ലത്: എന്തെന്നാൽ, എന്തെങ്കിലും രേഖപ്പെടുത്തിവയ്ക്കുക എന്നാൽ അതിനെ മറവിയിലേക്കു തള്ളുക എന്നാണ്‌. സ്വന്തം ഓർമ്മയോട് നിശിതമായും ഒരേകാധിപതിയെപ്പോലെയും വേണം നിങ്ങൾ ഇടപെടാൻ; അനുസരിക്കുക എന്ന പാഠം അതു മറക്കാതിരിക്കട്ടെ. ഉദാഹരണത്തിന്‌, ഒരു സംഗതി, ഒരു കവിതയിലെ വരിയോ ഒരു വാക്കോ നിങ്ങൾക്കോർമ്മയിൽ വരുന്നില്ല എന്നു വയ്ക്കൂ, നിങ്ങൾ ഓടിപ്പോയി പുസ്തകമെടുത്തുനോക്കുകയല്ല വേണ്ടത്; നിങ്ങളുടെ ഓർമ്മ അതിന്റെ കടമ നിർവ്വഹിക്കുന്നതുവരെ ഇടയ്ക്കിടെ, ആഴ്ചകളോളം അതിനെ അലട്ടിക്കൊണ്ടേയിരിക്കുക. എന്തിനെങ്കിലും വേണ്ടി എത്ര കാലത്തോളം നിങ്ങൾ തല പുണ്ണാക്കുന്നുവോ, അത്രയുമുറപ്പോടെ അതു നിങ്ങളിൽ നിലനില്ക്കും.

(from Essays and Aphorisms)


മൂന്നു തരം എഴുത്തുകാർ



എഴുത്തുകാരെ കൊള്ളിമീനുകൾ, ഗ്രഹങ്ങൾ, സ്ഥിരനക്ഷത്രങ്ങൾ എന്നു മൂന്നായി വിഭജിക്കാം. ആദ്യത്തെ ഗണം ഒരു ക്ഷണികപ്രഭാവമേ ജനിപ്പിക്കുന്നുള്ളു: നിങ്ങൾ മുകളിലേക്കു നോക്കി “നോക്കൂ!” എന്നു വിസ്മയിക്കുമ്പോഴേക്കും അവ എന്നെന്നേക്കുമായി മറഞ്ഞുകഴിഞ്ഞു. രണ്ടാമത്തെ വിഭാഗം, ചരഗ്രഹങ്ങൾ, അല്പം കൂടി ദീർഘായുസ്സുകളാണ്‌. സമീപസ്ഥമാണെന്നതിനാൽ സ്ഥിരനക്ഷത്രങ്ങളെക്കാൾ അവയ്ക്കു തെളിച്ചം കൂടും; അജ്ഞർ അവയെ നക്ഷത്രങ്ങളായിത്തന്നെ ഗണിക്കുകയും ചെയ്യും. പക്ഷേ അവയും കാലക്രമേണ സ്ഥലമൊഴിഞ്ഞുകൊടുക്കേണ്ടിവരും; തന്നെയുമല്ല, കടം വാങ്ങിയ വെളിച്ചം കൊണ്ടാണ്‌ അവ തിളങ്ങുന്നതും; അവയുടെ സ്വാധീനവലയമാവട്ടെ, തങ്ങളുടെ സഹയാത്രികരിൽ (സമകാലികരിൽ) ഒതുങ്ങിനിൽക്കുകയും ചെയ്യുന്നു. മൂന്നാമത്തെ വിഭാഗം മാത്രമേ മാറ്റമില്ലാത്തതായിട്ടുള്ളു, ആകാശമണ്ഡലത്തിൽ ഉറച്ചുനിൽക്കുന്നുള്ളു, സ്വപ്രകാശം കൊണ്ടു തിളങ്ങുന്നുള്ളു, മാറിവരുന്ന യുഗങ്ങളെ ഒരുപോലെ സ്വാധീനിക്കുന്നുള്ളു; നമ്മുടെ സ്ഥാനം മാറുമ്പോൾ അവയുടെ സ്ഥിതി മാറുന്നുമില്ല. അത്രയും ഉയരത്തിലാണവയെന്നതിനാൽത്തന്നെയാണ്‌ അവയുടെ വെളിച്ചം ഭൂമിയിൽ നിൽക്കുന്നവരിലെത്താൻ ഇത്രയും കാലമെടുക്കുന്നതും.


വായിക്കാതിരിക്കുക എന്ന കല


വായിക്കാതിരിക്കുക എന്ന കല വളരെ പ്രധാനപ്പെട്ട ഒന്നാണ്‌. ഒരു പ്രത്യേകകാലഘട്ടത്തിൽ പൊതുസമൂഹത്തിന്റെ ശ്രദ്ധയെ ആകർഷിക്കുന്നതെന്തായാലും അതിൽ താല്പര്യമെടുക്കാതിരിക്കലാണത്. രാഷ്ട്രീയക്കാരുടെയോ പള്ളിക്കാരുടെയോ വക ഒരിടയലേഖനം, ഒരു നോവൽ, ഒരു കവിത, ഇതേതെങ്കിലും സമൂഹത്തിൽ കോളിളക്കമുണ്ടാക്കുന്നെങ്കിൽ ഓർക്കുക- വിഡ്ഢികൾക്കു വേണ്ടി എഴുതുന്നവർക്ക് വേണ്ടത്ര വായനക്കാരെയും കിട്ടും. നല്ല പുസ്തകങ്ങൾ വായിക്കുന്നതിനുള്ള മുന്നുപാധിയാണ്‌ മോശം പുസ്തകങ്ങൾ വായിക്കാതിരിക്കുക എന്നത്: അല്പായുസ്സുകളല്ലേ നാം.


എഴുത്തുകാർ ഏതു ഭാഷ ഉപയോഗിക്കണം?



എഴുത്തുകാർ ഇതോർമ്മ വയ്ക്കുന്നത് അവർക്കു നല്ലതായിരിക്കും: ഒരാൾക്ക് വലിയൊരു പ്രതിഭാശാലിയെപ്പോലെ ചിന്തിക്കാൻ കഴിയുമെങ്കിൽ അങ്ങനെ ആയിക്കോട്ടെ; പക്ഷേ അയാൾ സംസാരിക്കുന്നത് മറ്റുള്ളവരുടെ ഭാഷയിൽത്തന്നെ ആയിരിക്കണം. എഴുത്തുകാർ സാധാരണവാക്കുകൾ ഉപയോഗിച്ച് അസാധാരണമായ കാര്യങ്ങളെക്കുറിച്ചു പറയണം. പക്ഷേ ഇതിനു വിരുദ്ധമായിട്ടാണ്‌ അവർ ചെയ്യുക. വെറും ക്ഷുദ്രമായ ആശയങ്ങൾ കനപ്പെട്ട വാക്കുകളിൽ പൊതിഞ്ഞുതരാൻ ശ്രമിക്കുകയാണവർ; അതിസാധാരണമായ ചിന്തകളെ അത്യസാധാരണമായ ശൈലികളുടെ, അപ്രകൃതവും അസ്വാഭാവികവും അനഭിഗമ്യവുമായ പദപ്രയോഗങ്ങളുടെ വേഷമിടീക്കാൻ നോക്കുകയാണവർ. പൊയ്ക്കാലുകളിൽ ഞെളിഞ്ഞു നടക്കുകയാണ്‌ എപ്പോഴും അവരുടെ വാചകങ്ങൾ. ശബ്ദാഡംബരത്തിലാണ്‌ അവർക്കു ഭ്രമം; ഊതിവീർപ്പിച്ച, കൃത്രിമമായ, അതിശയോക്തി നിറഞ്ഞ, കസർത്തു കാണിയ്ക്കുന്ന ഭാഷയിലേ അവരെഴുതൂ. ഇവരുടെ പൂർവികനായ പിസ്റ്റോളിനെയാണ്‌ പണ്ടൊരിക്കൽ അയാളുടെ ചങ്ങാതി ഫാൾസ്റ്റാഫ് “പറയാനെന്തെങ്കിലുമുണ്ടെങ്കിൽ അതു മറ്റു മനുഷ്യർ പറയുന്ന ഭാഷയിൽ പറയുക” എന്ന് ഒരടി കൊടുത്തിരുത്തിയത്.

*

ഭൂമിയുടെ അടരുകൾ പൊയ്പോയ യുഗങ്ങളിൽ ജീവിച്ചിരുന്ന ജീവജാലങ്ങളെ കാലാനുക്രമത്തിൽ ഫോസിലുകളായി സൂക്ഷിച്ചുവയ്ക്കുന്നപോലെ ഗ്രന്ഥപ്പുരകളിലെ അലമാരകൾ ഭൂതകാലത്തെ സ്ഖലിതങ്ങളേയും അവയുടെ ഭാഷ്യങ്ങളേയും കാലാനുക്രമത്തിൽ സൂക്ഷിച്ചുവയ്ക്കുന്നു; അവയും മുൻപറഞ്ഞവയെപ്പോലെ ഒരുകാലത്ത് ജീവൻ നിറഞ്ഞവയായിരുന്നു, സ്വന്തം കാലഘട്ടത്തെ ഇളക്കിമറിച്ചവയായിരുന്നു. പക്ഷേ ഇപ്പോഴവ ഒരേയിടത്തുതന്നെ കല്ലിച്ചും അനക്കമറ്റും നില്ക്കുന്നു; ഇന്നവയെ നോക്കാൻ സാഹിത്യത്തിലെ പാലിയന്റോളജിസ്റ്റുകൾ മാത്രമേയുള്ളു.

*


ഹെറോഡോട്ടസ് പറയും പ്രകാരം, തന്റെ അതിവിപുലമായ സൈന്യം നിരന്നുനില്ക്കുന്നതു കണ്ടപ്പോൾ ക്സെർക്സെസ് കണ്ണീരു വാർത്തുവത്രെ; ഒരു നൂറുകൊല്ലത്തിനുള്ളിൽ അതിലൊരാളു പോലും ജീവനോടെ ശേഷിക്കില്ല എന്ന ചിന്തയായിരുന്നു അതിനു കാരണം. അതേപോലെ, തടിച്ചു, സുന്ദരമായ ഒരു കാറ്റലോഗ് കാണുമ്പോൾ അതിലുള്ള പുസ്തകങ്ങളിൽ ഒന്നുപോലും പത്തുകൊല്ലം കടക്കില്ല എന്ന ചിന്തയിൽ കണ്ണീരു വരാത്തതായി ആരുണ്ടാവും?

*

ആത്മഹത്യയെക്കുറിച്ച്

ജീവിതത്തിന്റെ ഭയാനകതകൾ മരണത്തിന്റെ ഭയാനകതകളെ അഗണ്യമാക്കുന്ന ഘട്ടം വരുമ്പോൾ ഏതു മനുഷ്യനും ജീവിതം അവസാനിപ്പിക്കുമെന്നു കാണാവുന്നതേയുള്ളു. പക്ഷേ മരണത്തിന്റെ ഭയാനകതകൾ കാര്യമായ പ്രതിരോധം തീർക്കുന്നുമുണ്ട്: പുറത്തേക്കുള്ള വാതിലിനു മുന്നിൽ കാവൽ നിൽക്കുകയാണവ. ജീവനോടുള്ള ഏതു മനുഷ്യനും ഇതിനകം ജീവിതം അവസാനിപ്പിച്ചേനേ, അസ്തിത്വത്തിന്റെ പെട്ടെന്നുള്ള വിച്ഛേദം എന്നൊരു നിഷേധസ്വഭാവമേ ആ അന്ത്യത്തിനുള്ളുവെങ്കിൽ. പക്ഷേ മറിച്ചുള്ളതൊന്നുകൂടി അതിലുണ്ട്: ശരീരത്തിന്റെ നാശം. അതാണു മനുഷ്യനെ പിന്തിരിപ്പിക്കുന്നത്; എന്തെന്നാൽ അവന്റെ ജീവിതേച്ഛയുടെ പ്രകടിതരൂപമാണ്‌ ശരീരം.
ഭാവിയിലേക്കു പണിയുക

*


താൻ ജീവിക്കുന്ന കാലഘട്ടത്തിന്റെ ഉപകാരസ്മരണയ്ക്കാണ്‌ നിങ്ങൾ ദാഹിക്കുന്നതെങ്കിൽ നിങ്ങൾ അതിന്റെ താളത്തിനൊത്തു തുള്ളണം. അപ്പോൾപ്പക്ഷേ, മഹത്തായതെന്തെങ്കിലും സൃഷ്ടിക്കാൻ നിങ്ങൾക്കായി എന്നുവരികയുമില്ല. മഹത്തായതൊന്നിലാണ്‌ നിങ്ങൾ കണ്ണു വയ്ക്കുന്നതെങ്കിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഭാവിതലമുറകളിലായിരിക്കണം. അപ്പോൾ സമകാലികർക്ക് നിങ്ങൾ മിക്കവാറും അജ്ഞാതനായിരിക്കും. കടലിനു നടുവിലെ മരുത്തുരുത്തിൽ ജീവിതം കഴിക്കാൻ വിധിക്കപ്പെട്ടവനെപ്പോലെയായിരിക്കും നിങ്ങൾ; താൻ ഒരിക്കൽ ജീവിച്ചിരുന്നു എന്ന് ഭാവിയിലെ നാവികർക്കറിയാനായി ഒരു സ്മാരകം പണിതുവയ്ക്കാൻ അദ്ധ്വാനിക്കുന്ന ഒരാളാവും നിങ്ങൾ.
*

പ്രകൃതിയുടെ ഒറ്റയൊറ്റ ഭാവങ്ങൾക്കും ശക്തികൾക്കും മൂർത്തരൂപം നല്കുകയാണ്‌ ബഹുദൈവവിശ്വാസം ചെയ്യുന്നതെങ്കിൽ പ്രകൃതിയെ ഒറ്റയടിക്ക് മൂർത്തീകരിക്കുകയാണ്‌ ഏകദൈവവിശ്വാസം ചെയ്യുന്നത്. 

അങ്ങനെയൊരു വ്യക്തിസത്തയ്ക്കു മുന്നിൽ നിന്നുകൊണ്ട് ഞാൻ ഇങ്ങനെ പറയുന്നതായി സങ്കല്പിക്കുകയാണ്‌: “എന്റെ സ്രഷ്ടാവേ! ഒരിക്കൽ ഞാൻ ഒന്നുമായിരുന്നില്ല: നീ എന്നെ സൃഷ്ടിച്ചു; അങ്ങനെ ഞാൻ എന്തോ ഒന്നായി; ആ എന്തോ ഒന്ന് ഞാനാണ്‌.” ഞാൻ ഇങ്ങനെ കൂട്ടിച്ചേർക്കുകയും ചെയ്യുന്നു: “ഈ ഔദാര്യത്തിന്‌ നിനക്കു നന്ദി!” ഒടുവിൽ ഞാൻ ഇങ്ങനെ ഉപസംഹരിക്കുന്നു: “ഞാൻ ഒന്നിനും കൊള്ളാത്തവനാണെങ്കിൽ അതെന്റെ പിഴ.” തുറന്നുപറയട്ടെ, ഇങ്ങനെയൊരു ചിന്ത കൈക്കൊള്ളുന്നതിൽ നിന്നെന്നെ തടയുകയാണ്‌, എന്റെ ദാർശനികപഠനങ്ങളും ഭാരതീയചിന്തകളിലുള്ള എന്റെ പരിചയവും. അതിനുമുപരി, ദൈവാസ്തിത്വത്തിനു തെളിവായി പ്രപഞ്ചസൃഷ്ടി എടുത്തുകാണിക്കുന്നതിനെ നിരാകരിക്കുന്ന കാന്റിന്റെ ചിന്തയുടെ പ്രതിരൂപവുമാണത്: “സാദ്ധ്യമായ എല്ലാ സത്തകളിലും വച്ച് ഉന്നതമായ ഒരു സത്തയായി നാം സങ്കല്പിക്കുന്ന ഒരു സത്ത തന്നോടെന്നപോലെ ഇങ്ങനെ പറയുകയാണെന്ന ചിന്തയെ തടുക്കാനോ അതുൾക്കൊള്ളാനോ നമുക്കു പറ്റുകയില്ല: ‘നിത്യതയിൽ നിന്നു നിത്യതയോളം ഞാനേയുള്ളു; എന്റെ ഇച്ഛയിലൂടെ ജന്മം കൊണ്ടതല്ലാതെ മറ്റൊന്നുമില്ല; എന്നാൽ ഞാൻ എന്തിൽ നിന്നു വന്നു?’”

നിങ്ങൾ തടിയോ കല്ലോ ലോഹമോ കൊണ്ട് ഒരു വിഗ്രഹമുണ്ടാക്കിയാലും അമൂർത്തസങ്കല്പനങ്ങളിൽ നിന്ന് അങ്ങനെയൊന്ന് രൂപപ്പെടുത്തിയാലും രണ്ടും ഒന്നുതന്നെ: നിങ്ങൾ ഒരു വ്യക്തിസത്തയെ മുന്നിൽ വച്ച് അതിനു ബലി കൊടുക്കാനും അതിനെ വിളിച്ചുകരയാനും അതിനു നന്ദി പറയാനും തുടങ്ങിയാൽ അത് വിഗ്രഹപൂജയായി. ബലി കൊടുക്കുന്നത് നിങ്ങളുടെ ആട്ടിൻകുട്ടിയെയായാലും നിങ്ങളുടെ ഇഷ്ടങ്ങളെ ആയാലും അടിസ്ഥാനപരമായി ഒരു വ്യത്യാസവുമില്ല. ഏതനുഷ്ഠാനവും ഏതു പ്രാർത്ഥനയും വിഗ്രഹപൂജയുടെ അവിതർക്കിതമായ സാക്ഷ്യമാണ്‌. അതുകൊണ്ടാണ്‌ ഏതു മതത്തിന്റെയും മിസ്റ്റിക് ശാഖകൾ അനുഷ്ഠാനങ്ങൾ വേണ്ടെന്നുവയ്ക്കുന്നതിൽ ഏകാഭിപ്രായക്കാരാകുന്നത്.

*

ലോകത്തിന്റെ യാതനയെക്കുറിച്ച്


കശാപ്പുകാരന്റെ കൺചുവട്ടിൽ പാടത്തു തുള്ളിക്കളിക്കുന്ന ആടുകളെപ്പോലെയാണു നാം: തന്റെ ഇരയാകാൻ ഇന്നയാൾ ഒന്നിനെ നോട്ടമിടുന്നുണ്ട്, നാളെ മറ്റൊന്നിനെയും. ആ നല്ല നാളുകളിൽ നാം മറന്നുപോകുന്നു, ദുർവ്വിധി വൈകാതെ നമുക്കു കാത്തുവച്ചിരിക്കുന്നതെന്താണെന്ന്- രോഗം, ദാരിദ്ര്യം, അംഗഭംഗം, കാഴ്ചക്കുറവ്, അല്ലെങ്കിൽ ബുദ്ധിമാന്ദ്യം.

എന്നാൽ ദൗർഭാഗ്യങ്ങൾ കൊണ്ട് ഗുണവുമുണ്ട്. അന്തരീക്ഷമർദ്ദം ഇല്ലായിരുന്നെങ്കിൽ നമ്മുടെ ഉടലിന്റെ ചട്ടം പൊട്ടിത്തകർന്നേനെ എന്നതുപോലെ, മനുഷ്യരുടെ ജീവിതങ്ങളിൽ ആവശ്യങ്ങളോ കഷ്ടപ്പാടുകളോ ദുരിതകാലമോ ഒന്നും ഇല്ലായിരുന്നെങ്കിൽ, അവർ കൈ വയ്ക്കുന്നതെന്തും വിജയത്തിലേക്കെത്തിയിരുന്നെങ്കിൽ, ധാർഷ്ട്യം കൊണ്ടവർ വീർത്തുപോകുമായിരുന്നു; അവരിനി പൊട്ടിത്തെറിച്ചില്ലെങ്കിലും കടിഞ്ഞാണില്ലാത്ത വങ്കത്തരത്തിന്റെ ഒന്നാന്തരമൊരു പ്രദർശനമെങ്കിലും കാഴ്ചവച്ചേനെ- അല്ല, അവർ ഭ്രാന്തമാരായിപ്പോയേനെ. ഏതു മനുഷ്യനും ഏതു കാലത്തും ഒരളവു വരെ ഉത്കണ്ഠ അല്ലെങ്കിൽ വേദന അല്ലെങ്കിൽ ക്ലേശം ഉണ്ടാകുന്നത് നല്ലതാണെന്നും ഞാൻ പറയും. അടിഭാരമില്ലാത്ത കപ്പൽ അസ്ഥിരമായിരിക്കുമല്ലോ, അത് നേരേ പോവുകയുമില്ല.

യൗവ്വനാരംഭത്തിൽ വരാനിരിക്കുന്ന ജീവിതത്തിനു മുന്നിൽ നാമിരിക്കുന്നത് തിരശ്ശീല ഉയരുന്നതിനു മുമ്പ് നാടകശാലയിൽ ഇരിക്കുന്ന കുട്ടികളെപ്പോലെയാണ്‌; ഉത്സാഹഭരിതരായി, നാടകം തുടങ്ങാൻ വ്യഗ്രതയോടെ കാത്തിരിക്കുകയാണു നാം. ഭാഗ്യത്തിന്‌, എന്താണ്‌ യഥാർത്ഥത്തിൽ സംഭവിക്കാൻ പോകുന്നതെന്ന് നമുക്കറിയില്ല. മരണത്തിനല്ല, ജീവിതത്തിനു വിധിക്കപ്പെട്ട നിഷ്കളങ്കരായ തടവുകാരാണ്‌ ആ കുട്ടികളെന്ന് നമുക്കു തോന്നാം. ആ ശിക്ഷാവിധിയുടെ സ്വഭാവം എന്തെന്ന് അവർക്കിനിയും മനസ്സിലായിട്ടില്ല. എന്നാൽക്കൂടി ഓരോരുത്തരം വാർദ്ധക്യമെത്താൻ കൊതിക്കുന്നു; എന്നു പറഞ്ഞാൽ, “ഇന്നു മോശം ദിവസമായിരുന്നു, നാളെ ഇതിലും മോശമായിരിക്കും, ഒടുവിൽ ഏറ്റവും മോശമായതു വന്നുചേരുകയും ചെയ്യും” എന്നു നിങ്ങൾക്കു പറയാൻ തോന്നുന്ന ഒരു ജീവിതാവസ്ഥയെത്താൻ.

യൗവ്വനത്തിൽ സുഹൃത്തുക്കളായിരുന്ന രണ്ടു പേർ ഒരായുഷ്കാലം വേർപിരിഞ്ഞിരുന്ന ശേഷം വാർദ്ധക്യത്തിൽ കണ്ടുമുട്ടിയെന്നിരിക്കട്ടെ, അന്യോന്യം കാണുമ്പോൾ അവരുടെ മനസ്സിൽ പൊന്തിവരുന്ന വികാരം ജീവിതത്തോടുള്ള പൂർണ്ണനൈരാശ്യമായിരിക്കും; കാരണം, ചിന്തകൾ അവരെ കൊണ്ടുപോകുന്നത് പ്രഭാതത്തിന്റെ അരുണാഭയിൽ കുളിച്ച് കണ്മുന്നിൽ പരന്നുകിടക്കുന്നതായി ജീവിതം കാഴ്ചയിൽ വന്ന ഒരു പൂർവ്വകാലത്തിലേക്കായിരിക്കും. അത്രയധികം വാഗ്ദാനം ചെയ്തിട്ട് അത്ര കുറച്ചേ അവർക്കു കിട്ടിയിട്ടുള്ളു. ഈ വികാരം മറ്റെന്തിനേയും അത്ര പൂർണ്ണമായി കീഴടക്കിക്കളയുമെന്നതിനാൽ അതിനു വാഗ്രൂപം നല്കണമെന്നുപോലും അവർക്കു തോന്നുകയുമില്ല; എന്നാൽ ഇരുകൂട്ടരും നിശ്ശബ്ദമായി അത് മനസ്സിൽ കാണും, അവർക്കാകെ സംസാരിക്കാനുള്ളതും അതിന്റെ അടിസ്ഥാനത്തിലായിരിക്കും.
*

ഏതു നിർഭാഗ്യത്തിലും ഏതു ദുഃഖാവസ്ഥയിലും ഏറ്റവും ഫലപ്രദമാകുന്ന സാന്ത്വനമാർഗ്ഗം നമ്മെക്കാൾ ഭാഗ്യഹീനരായവരെ നിരീക്ഷിക്കുക എന്നതാണ്‌: എല്ലാവർക്കും അതു ചെയ്യാം. എന്നാൽ മനുഷ്യരാശിയെ ഒന്നാകെ എടുക്കുമ്പോൾ എത്ര ദയനീയമായ ഒരു വിധിയാണ്‌ അതുകൊണ്ടർത്ഥമാക്കുന്നത്!

ചരിത്രം നമ്മെ ദേശങ്ങളുടെ ജീവിതം കാട്ടിത്തരുന്നു; യുദ്ധങ്ങളും ഒച്ചപ്പാടുകളുമല്ലാതെ ഒന്നും നാമതിൽ കാണുന്നുമില്ല. ശാന്തിയുടെ വർഷങ്ങൾ കാണപ്പെടുന്നെങ്കിൽ സാന്ദർഭികമായ നൈമിഷികവിരാമങ്ങളും ഇടവേളകളുമായി മാത്രം. അതേ കണക്കിൽത്തന്നെ വ്യക്തിയുടെ ജീവിതവും ഒരു നിരന്തരസമരമാണ്‌; ഇല്ലായ്മയ്ക്കോ മടുപ്പിനോ എതിരേയുള്ള യുദ്ധമെന്ന രീതിയിൽ ആലങ്കാരികമായി മാത്രമല്ല, മറ്റു മനുഷ്യരുമായി ശരിക്കുമുള്ള യുദ്ധമെന്ന രീതിയിലും. എവിടെയുമവൻ പ്രതിയോഗികളെ കാണുന്നു, അവിരാമമായ സംഘർഷത്തിൽ അവൻ ജീവിക്കുന്നു, കയ്യിൽ വാളുമായി അവൻ മരിക്കുകയും ചെയ്യുന്നു.
*

നമ്മുടെ ജീവിതത്തെ വേട്ടയാടുന്ന പീഡകളിൽ ഒട്ടും നിസ്സാരമല്ല, നമുക്കു മേൽ കാലത്തിന്റെ നിരന്തരമായ സമ്മർദ്ദം; ഒന്നു ശ്വാസമെടുക്കാൻ പോലും നേരം തരാതെ, കയ്യിൽ ചാട്ടയുമായി ഒരു കങ്കാണിയെപ്പോലെ നമ്മുടെ പിന്നാലെതന്നെയുണ്ടത്. മടുപ്പിനെറിഞ്ഞുകൊടുത്തവനെ മാത്രമേ അത് പിന്തുടരാതെയുള്ളു.
*


(from Essays and Aphorisms)


അഭിപ്രായങ്ങളൊന്നുമില്ല: