യോഷിദ കെൻകോ Yoshida Kenko (യഥാർത്ഥനാമം ഉരബെ കനെയോഷി)1283ൽ ക്യോട്ടോയിൽ ജനിച്ചു; മരണവും അവിടെത്തന്നെ, 1350/52ൽ. കവിയും ഉപന്യാസകാരനുമായ അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പുസ്തകം 1330നടുത്തെഴുതിയ Tsurezuregusa (അലസതയെക്കുറിച്ചുള്ള ഉപന്യാസങ്ങൾ) എന്ന പുസ്തകമാണ്. പതിനേഴാം നൂറ്റാണ്ടു മുതൽ ജാപ്പനീസ് വിദ്യാഭ്യാസവ്യവസ്ഥയുടെ ഒരു പ്രമാണഗ്രന്ഥമായി ഇതിനെ കരുതിപ്പോരുന്നു.
ത്‌സുരെസുരെഗുസയ്ക്ക് പല ഇംഗ്ലീഷ് വിവർത്തനങ്ങൾ ഉണ്ടായിട്ടുണ്ട്. Essays in Idleness എന്ന പേരിൽ Meredith Mckinney വിവർത്തനം ചെയ്ത് 2013ൽ പെൻഗ്വിൻ പ്രസിദ്ധീകരിച്ചതാണ് ഇപ്പോൾ കിട്ടാനുള്ളത്.
യോഷിദ കെൻകോയ്ക്ക് 1958ൽത്തന്നെ മലയാളത്തിൽ ഒരു വിവർത്തനം ഉണ്ടായിട്ടുണ്ട്. Harvest of Leisure എന്ന ഇംഗ്ലീഷ് വിവർത്തനത്തെ ആധാരമാക്കി പി. ബാലകൃഷ്ണപിള്ള, എം. എ ആണ് പരിഭാഷ തയാറാക്കിയിരിക്കുന്നത്. കേരളസാഹിത്യഅക്കാദമി 1953 സെപ്തംബറിൽ പ്രസിദ്ധീകരിച്ച ഒന്നാം പതിപ്പ് 5000 കോപ്പിയാണ്.
*
വസന്തത്തിന്റെ ഒടുവുകാലത്തൊരു ദിവസം, അന്തരീക്ഷം പരിമൃദുലവും പേലവവുമായ ഒരു പകൽ, അഭിജാതമെന്നു പുറമേ തന്നെ തോന്നുന്ന ഒരു ഭവനത്തിനടുത്തു കൂടി നിങ്ങൾ കടന്നുപോവുകയാണ്. വിശാലമായ വളപ്പിൽ പുരാതനരായ വൃക്ഷനിരകൾ, പുൽത്തട്ടിലേക്കിറുന്നു വീഴുന്ന ചെറിപ്പൂക്കൾ. അങ്ങനെയങ്ങു കടന്നുപോകാൻ മനസ്സു വരാതെ നിങ്ങൾ ആ വീട്ടുവളപ്പിലേക്കു നൂണ്ടു കടക്കുകയാണ്. തെക്കേച്ചുമരിലെ ജനാലകളുടെ വെളിയടകളെല്ലാം താഴ്ത്തിയിരിക്കുന്നത് വീടിനൊരു പരിത്യക്തഭാവം പകരുന്നു. എന്നാൽ കിഴക്കേച്ചുമരിലെ പാതി തുറന്ന വാതിലിന്റെ പൊളിഞ്ഞ വെളിയടയിലൂടെ ഉള്ളിലേക്കു പാളിനോക്കുമ്പോൾ ഇരുപതിനടുത്തു പ്രായം വരുന്ന സുഭഗനായ ഒരു യുവാവ് മേശ മേൽ നിവർത്തി വച്ച പുസ്തകവുമായി സ്വസ്ഥവായനയിൽ മുഴുകിയിരിക്കുന്നത് നിങ്ങൾ കാണുന്നു.
അതാരായിരിക്കുമെന്ന് ആരോടെങ്കിലും ചോദിക്കാൻ ഉത്കടമായ ഒരാഗ്രഹം നിങ്ങൾക്കുണ്ടാവുകയും ചെയ്യുന്നു.
*
ഒരാൾ സുഖമായി മരിച്ചു എന്നൊരാൾ വന്നു പറയുമ്പോൾ സമാധാനത്തോടെയും വേദന തിന്നാതെയുമാണ് അയാൾ മരിച്ചതെന്ന മിതമായ വസ്തുത തന്നെ നമ്മുടെ മനസ്സിൽ തട്ടാൻ മതിയായതാണ്. എന്നാൽ കോമാളികൾക്കതു പോരാ- ആ നേരത്ത് ആ മനുഷ്യന്റെ മുഖം വിചിത്രമോ അസാധാരണമോ ആയി ഭാവം പകർന്നിരുന്നു എന്നവർ പറഞ്ഞു നടക്കും, മരണക്കിടക്കയിൽ അയാളുടെ വാക്കുകളും ചേഷ്ടകളും തങ്ങളുടെ ഭാവനയ്ക്കൊത്ത വിധം അവർ പറഞ്ഞു പൊലിപ്പിക്കും; ജീവിച്ചിരിക്കുമ്പോൾ തങ്ങൾക്കറിയാമായിരുന്ന ഒരാളെക്കുറിച്ചാണോ ഈ കേൾക്കുന്നതെന്ന് ഒടുവിൽ നിങ്ങൾക്കു സംശയവുമാകും.
ഒരു മരണത്തെ നാം വിലയിരുത്തേണ്ടത് അന്യർ അതിൽ എന്തു കണ്ടു എന്നതു വച്ചല്ല.
*
ഏതു രോഗത്തിനുമുള്ള ഒറ്റമൂലിയാണ് വെള്ളമുള്ളങ്കിയെന്നു വിശ്വസിച്ചിരുന്ന ഒരു കൊട്ടാരം കാവല്ക്കാരനുണ്ടായിരുന്നു ത്‌സുക്കുഷിയിൽ. എന്നും കാലത്ത് അതു രണ്ടെണ്ണം പൊള്ളിച്ചു കഴിക്കുക എന്നത് വർഷങ്ങളായുള്ള അയാളുടെ ഒരു നിഷ്ഠയായിരുന്നു.
ഒരിക്കൽ അയാൾ വീട്ടിലില്ലാതിരുന്ന ഒരു ദിവസം ശത്രുക്കൾ വന്നു വീടു വളഞ്ഞു. അവർ വീടു തകർക്കുമെന്നായപ്പോൾ രണ്ടു പടയാളികൾ ഉള്ളിൽ നിന്നു പുറത്തു ചാടി അവരെ നേരിട്ടു. തങ്ങളുടെ ജീവനെക്കുറിച്ചൊരു ചിന്തയുമില്ലാതെ അവർ നടത്തിയ ആ പ്രത്യാക്രമണത്തിൽ എതിരാളികൾ തോറ്റോടുകയും ചെയ്തു.
കാവല്ക്കാരന് ഇതെല്ലാം വളരെ ദുരൂഹമായിത്തോന്നി. “ഞാനുമായോ ഈ വീടുമായിട്ടോ ഒരു ബന്ധവുമില്ലാത്ത രണ്ടു പേർ ഇത്ര ആത്മാർത്ഥമായി എനിക്കു വേണ്ടി പട വെട്ടിയതെന്തിനായിരുന്നു?" അയാൾ ആരാഞ്ഞു. ”ആരാണ് നിങ്ങൾ?“
”എന്നും കാലത്ത് എത്രയും വിശ്വാസത്തോടെ നിങ്ങൾ കഴിച്ചിരുന്ന ആ രണ്ടു വെള്ളമുള്ളങ്കികളാണ് ഞങ്ങൾ,“ എന്നു പറഞ്ഞിട്ട് അവർ അപ്രത്യക്ഷരായി.
ഉള്ളിൽ തട്ടിയ വിശ്വാസമാണ് ആ വിശിഷ്ടോപഹാരത്തിനു കാരണമായതെന്നു വ്യക്തമല്ലേ?
*
ജ്ഞാനോദയത്തിന്റെ പാത പിന്തുടരാനുള്ള ഉൾപ്രേരണ വന്നുകഴിഞ്ഞ ഒരാൾ ആ നിമിഷം തന്നെ ആദ്യത്തെ ചുവടു വച്ചിരിക്കണം, മനസ്സിലുള്ള മറ്റെല്ലാക്കാര്യങ്ങൾക്കും നിവൃത്തി വരുത്തിയതില്പിന്നെയാകട്ടെ അതെന്നു മാറ്റിവയ്ക്കരുത്. ‘ഇതൊന്നു കഴിഞ്ഞോട്ടെ,’ അല്ലെങ്കിൽ ‘ഞാനിപ്പോൾ ഇക്കാര്യമാണു ചെയ്യുന്നത്, അതിനാൽ ഇതു കഴിഞ്ഞുമതി ബാക്കിയെല്ലാം,’ അല്ലെങ്കിൽ ‘ഇതു ഞാൻ തീർത്തില്ലെങ്കിൽ ആളുകൾ അതുമിതും പറയും, അതുകൊണ്ടുപിന്നെ പ്രശ്നമൊന്നും ഉണ്ടാകരുത്,’ അല്ലെങ്കിൽ ‘എന്തായാലും ഇതുവരെ ആവശ്യത്തിനു സമയമൊക്കെ കിട്ടിയല്ലോ, ഇതു ചെയ്തുതീർക്കാൻ ഇനി അധികസമയവും വേണ്ട. എന്തിനാ വെറുതേ ധൃതി പിടിക്കുന്നത്?’ എന്നൊക്കെ നിങ്ങളെ തടഞ്ഞുനിർത്താൻ ഒഴികഴിവുകൾ വന്നുകൊണ്ടേയിരിക്കും. അതിനൊന്നും ഒരവസാനവും ഉണ്ടാവില്ല, തീരുമാനത്തിന്റെ ദിവസം വന്നുചേരുകയുമില്ല.
ആവശ്യത്തിനു ബുദ്ധിയും ബോധവുമുള്ള മനുഷ്യർ, തങ്ങൾ ഏതു ചുവടു വയ്ക്കണമെന്നറിയാവുന്നവർ- അവർ അതു ചെയ്യാതെ കാലം കഴിക്കുന്നതാണ് പൊതുവേ ഞാൻ കണ്ടിരിക്കുന്നത്. എരിച്ചടക്കുന്ന കാട്ടുതീ തൊട്ടുപിന്നിലെത്തുമ്പോൾ ഓടിരക്ഷപ്പെടാനല്ലാതെ ആലോചിച്ചുനില്ക്കാൻ ആരെങ്കിലും മുതിരുമോ? ഒരു ജീവന്മരണസന്ദർഭത്തിൽ നാണക്കേടല്ല, സ്വത്തും സമ്പാദ്യവുമല്ല, മുൻഗണനയർഹിക്കുന്നതെന്ന് നിങ്ങൾക്കറിയാം. മരണം നമ്മുടെ ഒഴിവു നോക്കി കാത്തുനില്ക്കുമോ? അഗ്നിയെക്കാൾ, പ്രളയത്തെക്കാൾ വേഗത്തിൽ മരണം വന്നെത്തും. അതിൽ നിന്നൊഴിഞ്ഞുമാറാൻ പറ്റില്ല. പ്രായമായ അച്ഛനമ്മമാർ, താൻ സ്നേഹിക്കുന്ന കുട്ടികൾ, താൻ കൂറു കാണിക്കുന്ന മേലാളൻ, ഉറ്റവരുടെ സ്നേഹം- തനിക്കു പ്രിയപ്പെട്ടതെല്ലാം വേണ്ടെന്നുവയ്ക്കാൻ ആ മുഹൂർത്തത്തിൽ ആർക്കാണു മടി തോന്നുക?
*
സമയം പാഴാക്കുന്നതിനെക്കുറിച്ച്
-----------------------------------
കടന്നുപോയ ഒരു നിമിഷത്തെച്ചൊല്ലി ആരും ഖേദിക്കാറില്ല, ആർക്കുമതിൽ പരാതിയുമില്ല. അതവർ ജ്ഞാനികളായതുകൊണ്ടാണോ, അതോ, വിഡ്ഢികളായതുകൊണ്ടോ? മടിയനും മൂഢനുമായ ഒരാൾക്ക് ഒരു നാണയം ഒന്നുമേയല്ല; അതേസമയം, അതു കൂട്ടിക്കൂട്ടിവച്ചിട്ടാണ് ഒരു പാവപ്പെട്ടവൻ പണക്കാരനാകുന്നതും. ഒരു കച്ചവടക്കാരൻ ഓരോ നാണയത്തിന്റെ പേരിലും ശ്രദ്ധാലുവും ഉത്കണ്ഠാകുലനാവുന്നതും ഇക്കാരണം കൊണ്ടാണ്. കടന്നുപോകുന്ന നിമിഷങ്ങളെക്കുറിച്ച് നിങ്ങൾക്കൊരു ബോധവുമുണ്ടാവില്ല; അവിരാമമായി അവ കടന്നുപൊയ്ക്കൊണ്ടിരിക്കും; ഒടുവിൽ പെട്ടെന്നു നിങ്ങൾക്കു ബോധമുണ്ടാകുന്നു, ജീവിതാന്ത്യത്തിലെത്തിയിരിക്കുന്നു താനെന്ന്. അതിനാൽ ബുദ്ധമാർഗ്ഗത്തിൽ ചരിക്കുന്നവൻ വിദൂരഭാവിയുടെ കാര്യത്തിൽ ഉത്കണ്ഠാകുലനാവേണ്ടതില്ല. ഈ നിമിഷം തന്റെ വിരലുകൾക്കിടയിലൂടെ വിഫലമായി ഊർന്നുപോകാതിരിക്കാനാണ് അയാൾ ശ്രദ്ധിക്കേണ്ടത്.
ഒരാൾ നിങ്ങളെ കാണാൻ വന്നിട്ട് നാളെ നിങ്ങൾ മരിക്കാൻ പോവുകയാണെന്നു പറയുന്നു എന്നു സങ്കല്പിക്കുക. നിങ്ങളുടെ ജീവിതത്തിലെ അവസാനത്തെ ദിവസമായ ഇന്ന് നിങ്ങൾ എങ്ങനെയാണ് ചിലവഴിക്കുക? എന്തു വിനോദത്തിലാണ് നിങ്ങൾ ഏർപ്പെടുക? ഏതു പ്രവൃത്തിയിലാണ് വ്യാപൃതനാവുക? നാം ഇപ്പോൾ ജീവിക്കുന്ന ഈ ദിവസത്തിന് ആ അന്ത്യദിനത്തെക്കാൾ എന്തു വ്യത്യാസമാണുള്ളത്?
ഏതു ദിവസമെടുത്താലും അതിൽ അധികനേരവും നാം തിന്നും കുടിച്ചും ദേഹശുദ്ധി വരുത്തിയും ഉറങ്ങിയും സംസാരിച്ചും ചുറ്റിനടന്നും പാഴാക്കിക്കളയുകയാണ്. ശേഷിച്ച അല്പനേരവും നാം വിലകെട്ട കാര്യങ്ങൾ ചെയ്യുന്നു, വിലകെട്ട വാക്കുകൾ പറയുന്നു, വിലകെട്ട ചിന്തകൾ ചിന്തിക്കുന്നു. ഈ രീതിയിൽ കടന്നുപോകുന്നത് നിമിഷങ്ങൾ മാത്രമല്ല, ദിവസങ്ങൾ മാത്രമല്ല, മാസങ്ങളുമല്ല- ഒടുവിൽ ആയുസ്സു തന്നെ കടന്നുപോകുന്നു. മൂഢതയുടെ പാരമ്യമാണത്.
കാലത്തിനു മേലുള്ള പിടി ഒരു നിമിഷം ഒന്നയച്ചാൽ മരിച്ചതിനു തുല്യമാവുകയാണ് നിങ്ങൾ. കാലത്തെ അത്രമേൽ അമൂല്യമായി കരുതേണ്ടതെന്തിനു വേണ്ടിയാണെന്നാണോ നിങ്ങൾ ചോദിക്കുന്നത്? അലസചിന്തകളെ മനസ്സിൽ നിന്നാട്ടിയോടിക്കാൻ വേണ്ടിയാണത്, ലോകകാര്യങ്ങളിൽ തലയിടാതിരിക്കാൻ വേണ്ടിയാണത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ