2021, ഒക്‌ടോബർ 17, ഞായറാഴ്‌ച

കാഫ്ക- കുറുനരികളും അറബികളും

 


ഞങ്ങൾ ഒരു മരുപ്പച്ചയിൽ താവളമടിച്ചിരിക്കുകയായിരുന്നു. എന്റെ കൂട്ടാളികളെല്ലാം ഉറക്കംപിടിച്ചുകഴിഞ്ഞു. ഒരറബിയുടെ നീണ്ടുവെളുത്ത രൂപം എന്നെക്കടന്നുപോയി; ഒട്ടകങ്ങള്‍ക്കു തീറ്റയും വെള്ളവും കൊടുത്ത ശേഷം അയാളും കിടക്കാൻ പോവുകയായിരുന്നു.

ഞാൻ പുല്പരപ്പിൽ മലര്‍ന്നുകിടന്നു. എനിക്കുറങ്ങണമെന്നില്ലായിരുന്നു; എനിക്കുറക്കംവന്നില്ല; അകലെ ഒരു കുറുനരി വിലപിക്കുന്നപോലെ ഓരിയിട്ടു; ഞാൻ വീണ്ടും എഴുന്നേറ്റിരുന്നു. അത്രദൂരത്തായി തോന്നിയത് പെട്ടെന്ന് വളരെ അടുത്തായി മാറിയിരുന്നു. ഒരുപറ്റം കുറുനരികൾ എനിക്കു ചുറ്റും തിങ്ങിഞെരുങ്ങിനില്ക്കുകയാണ്; മങ്ങിയ സ്വര്‍ണ്ണനിറത്തിൽ കണ്ണുകൾ തെളിഞ്ഞണയുന്നു; ഒരു ചാട്ടവാറിന്റെ ശാസനത്തിൻ കീഴിലെന്നപോലെ അണിയിട്ടുനിന്നു ചടുലമായി ചലിക്കുന്ന ചടച്ച ദേഹങ്ങൾ.

ഒരുവൻ പിന്നിലൂടെ വന്ന് എന്റെ കൈക്കൂട്ടിനുള്ളിലൂടെ മുഖമമര്‍ത്തി, അവന് എൻ്റെ ചൂടു വേണമെന്നപോലെ എന്നോടു ചേര്‍ന്നുനിന്നു; എന്നിട്ടവൻ നേരേമുന്നിൽ വന്നുനിന്ന് മുഖത്തോടുമുഖം നോക്കി ഇങ്ങനെ പറഞ്ഞു: 'ഞാനാണ് ഇപ്രദേശത്തെ ഏറ്റവും പ്രായം കൂടിയ കുറുനരി. അങ്ങയെ സ്വാഗതം ചെയ്യാൻ ജീവനോടെയുണ്ടായതിൽ എനിക്കു സന്തോഷമുണ്ട്. ഞാൻ പ്രതീക്ഷയൊക്കെ വെടിഞ്ഞതായിരുന്നു; കാരണം എത്ര യുഗങ്ങളായിരിക്കുന്നു ഞങ്ങൾ അങ്ങേക്കു വേണ്ടിയുള്ള കാത്തിരിപ്പു തുടങ്ങിയിട്ട്; എന്റെയമ്മ കാത്തിരുന്നു; അവരുടെയമ്മയും, എന്തിന് അങ്ങേയറ്റം കുറുനരികളുടെ ആദിമാതാവു വരെയുള്ള സകല അമ്മമാരും. ഞാൻ പറയുന്നത് അങ്ങു വിശ്വസിക്കണം.'

'ഇതു കേട്ടിട്ട് എനിക്കത്ഭുതം തോന്നുന്നല്ലോ,' കുറുനരികളെ പുകച്ചോടിക്കാൻ കൈയരികിൽ വച്ചിരുന്ന വിറകുകെട്ടിനു തീകൊളുത്താൻ മറന്നുകൊണ്ട് ഞാൻ പറഞ്ഞു. 'എനിക്കു വല്ലാത്ത അത്ഭുതം തോന്നുന്നു. ഞാൻ അങ്ങു വടക്കു നിന്ന് ഇവിടെയെത്തിയത് വളരെ യാദൃച്ഛികമായിട്ടാണ്; എനിക്കിവിടെ വളരെ ഹ്രസ്വമായ സന്ദര്‍ശനമേയുള്ളു. കുറുനരികളേ, നിങ്ങൾക്കെന്താണു വേണ്ടത്?'

ഈ അമിതസൗഹൃദം കണ്ടു ധൈര്യം പകര്‍ന്നിട്ടാവണം, അവ എന്നോടു കുറേക്കൂടി അടുത്തുവന്നു; അവ പല്ലിളിച്ചുകാട്ടി കിതയ്ക്കുകയായിരുന്നു.

'അങ്ങ് വടക്കുനിന്നു വരുന്നയാളാണെന്ന് ഞങ്ങള്‍ക്കറിയാം,' കിഴവൻകുറുനരി തുടങ്ങി, 'ഞങ്ങൾ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നതും അതിലാണ്. ഈ അറബികള്‍ക്കിടയിൽ ഇല്ലാത്തതരം ബുദ്ധിശക്തി അവിടെയുണ്ടല്ലോ. ഇവരുടെ തണുത്ത ധാര്‍ഷ്ട്യത്തിൽ ബുദ്ധിയുടെ ഒരു തരി  പോലുമില്ല; അതിൽ സംശയമേ വേണ്ട. ഇവർ തിന്നാൻ വേണ്ടി മൃഗങ്ങളെ കൊല്ലും; പക്ഷേ ശവം തിന്നാൻ വെറുപ്പുമാണ്.'

'ഒച്ച ഉയര്‍ത്തേണ്ട,' ഞാൻ പറഞ്ഞു, 'അറബികൾ അടുത്തുതന്നെ കിടന്നുറങ്ങുന്നുണ്ട്.'

'അങ്ങേയ്ക്ക് ഇവിടുത്തെ കാര്യം ഒന്നും അറിയാത്ത മട്ടാണല്ലോ' കുറുനരി പറഞ്ഞു. 'അല്ലെങ്കിൽ അറബിയെ പേടിച്ച ഒരു കുറുനരി പോലും ചരിത്രത്തിലില്ല എന്ന വസ്തുത അങ്ങറിയേണ്ടതായിരുന്നു. ഞങ്ങൾ അവരെ പേടിച്ചു കഴിയണമെന്നോ? ഇത്തരം ജന്തുക്കള്‍ക്കിടയിൽ ഭ്രഷ്ടരായിക്കഴിയുക എന്നതുതന്നെ മതിയായ ദുര്‍വിധിയായില്ലേ?'

'ആയിരിക്കാം,' ഞാൻപറഞ്ഞു. 'എനിക്കു തീരെ ബന്ധമില്ലാത്ത സംഗതികളെക്കുറിച്ചു തീര്‍പ്പുകല്പിക്കുന്നത് ശരിയാണെന്ന് എനിക്കു തോന്നുന്നില്ല. നിങ്ങളുടേത്  വളരെ പ്രാചീനമായ ഒരു കുടിപ്പകയാണെന്നു തോന്നുന്നല്ലോ; ഒരു ചോരപ്പക തന്നെയാകാം, അല്ലേ? അതു തീരാൻ ചോരചൊരിച്ചിൽ തന്നെ വേണ്ടിവരും.'

'അങ്ങു വളരെ ബുദ്ധിമാൻ തന്നെ,' കിഴവൻകുറുനരി പറഞ്ഞു; അവയൊന്നടങ്കം ദ്രുതഗതിയിൽ കിതയ്ക്കാൻതുടങ്ങി; അവയുടെ ശരീരങ്ങൾ നിശ്ചലമായിനില്‌ക്കേ ശ്വാസകോശങ്ങൾ ഓടിക്കിതയ്ക്കുകയായിരുന്നു. പലപ്പോഴും പല്ലു കടിച്ചുപിടിച്ചു സഹിക്കേണ്ടിവന്ന ഒരു ചീഞ്ഞ നാറ്റം അവയുടെ പിളര്‍ന്ന വായകളിൽ നിന്നു വമിച്ചു. 'അങ്ങു വളരെ ബുദ്ധിമാൻ തന്നെ; ഞങ്ങളുടെ പഴയ പ്രമാണങ്ങളിൽ പറഞ്ഞിരിക്കുന്നതുതന്നെ അങ്ങിപ്പോൾ പറഞ്ഞതും. ഞങ്ങൾ അവരുടെ ചോര വീഴ്ത്തുന്നു, അതോടെ വഴക്കും തീര്‍ന്നു'

'ഹൊ!' ഉദ്ദേശിച്ചതിലധികം കടുപ്പത്തോടെ ഞാൻ പറഞ്ഞു, 'അവർ പൊരുതും, അവർ നിങ്ങളെ പറ്റത്തോടെ വെടിവച്ചിടും.'

'അങ്ങ് ഞങ്ങളെ തെറ്റിദ്ധരിക്കുകയാണ്,' അവൻ പറഞ്ഞു, 'മനുഷ്യരുടെ ആ രീതി അങ്ങുവടക്കുമുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഞങ്ങൾ അവരെ കൊല്ലാൻ പോകുന്നില്ല. അതിന്റെ കറ പോകാൻ നൈല്‍നദിയിലെ വെള്ളം മൊത്തം കൊണ്ടുകഴുകിയിട്ടും കാര്യമില്ല. അവരെ ജീവനോടെ കണ്ടാല്‍ത്തന്നെ ഞങ്ങൾ അങ്ങു മരുഭൂമിയിലെ ശുദ്ധവായുവിലേക്കോടിയൊളിക്കുകയാണ്; അതു ഞങ്ങളുടെ നാടായതും അങ്ങനെയാണ്!'

എനിക്കു ചുറ്റുമുള്ള കുറുനരികൾ -ഇന്നേരമായപ്പോഴേക്കും വളരെയകലെനിന്നു വന്നുചേര്‍ന്നവയും കൂടി അവയുടെ എണ്ണം വര്‍ദ്ധിച്ചിരുന്നു-മുന്‍കാലുകള്‍ക്കിടയിൽ തല പൂഴ്ത്തി മുഖം തുടച്ചുതുടങ്ങി; അത്ര ബീഭത്സമായ ഒരറപ്പ് അടക്കിവയ്ക്കാൻ ശ്രമിക്കുകയാണ് അവയെന്നു തോന്നി. അതു കണ്ടിട്ട് അവയ്ക്കിടയിൽ നിന്ന് ഒറ്റച്ചാട്ടം ചാടി രക്ഷപ്പെട്ടുകളയാൻ എനിക്കു തോന്നിപ്പോയി.

'അപ്പോൾ നിങ്ങൾ എന്താണ് ചെയ്യാനുദ്ദേശിക്കുന്നത്?' എഴുന്നേല്ക്കാൻ മുതിര്‍ന്നുകൊണ്ട് ഞാൻ ആരാഞ്ഞു; പക്ഷേ എനിക്കനങ്ങാൻ കഴിഞ്ഞില്ല. ചെറുപ്രായക്കാരായ രണ്ടു കുറുനരികൾ പിന്നിലൂടെ വന്ന് എന്റെകോട്ടിലും ഷര്‍ട്ടിലും കൂടി പല്ലുകളാഴ്ത്തി നില്ക്കുകയായിരുന്നു. എനിക്ക് അങ്ങനെതന്നെ ഇരിക്കേണ്ടിവന്നു. 'അവർ അങ്ങയുടെ വസ്ത്രാഞ്ചലം വഹിക്കുകയാണ്.' കിഴവൻകുറുനരി വ്യഗ്രതയോടെ വിശദീകരിച്ചു; 'ആദരസൂചകമായ ഒരു മര്യാദ.' 'ശരി, ശരി, അവരോട് എന്നെ വിടാൻ പറയൂ,' ഞാൻ ഒച്ചവച്ചു. ഞാൻ അവരുടെ നേര്‍ക്കുതിരിഞ്ഞു: 'എന്നെവിടാൻ!' 'അങ്ങയ്ക്കു നിര്‍ബന്ധമാണെങ്കിൽ ശരി,' കിഴവൻ പറഞ്ഞു, 'പക്ഷേ അതിന് അല്പനേരമെടുക്കും. ആചാരമനുസരിച്ച് അവർ നല്ല ആഴത്തിൽ പല്ലുകൾ താഴ്ത്തിയിട്ടുണ്ട്. സാവധാനത്തിലേ അതു വിടര്‍ത്തിയെടുക്കാനാവൂ. ആ നേരം കൊണ്ട് അങ്ങ് ഞങ്ങളുടെ നിവേദനം കേള്‍ക്കണം.' 'നിങ്ങളുടെ പെരുമാറ്റം എനിക്ക് അതിനുള്ള സന്നദ്ധത ഇല്ലാതാക്കിയല്ലോ,' ഞാൻ പറഞ്ഞു.

'ചാതുര്യമില്ലായ്മയുടെ പേരിൽ ഞങ്ങളെ പഴിക്കരുതേ!' അവൻപറഞ്ഞു; തന്റെ ശബ്ദത്തിനു സ്വാഭാവികമായിട്ടുള്ള ആ ദൈന്യഭാവം അവൻ ആദ്യമായിട്ടു പ്രയോഗിക്കുകയായിരുന്നു; 'ഞങ്ങൾ പാവം ജീവികളാണ്; പല്ലുകളല്ലാതെ ഞങ്ങൾക്കെന്താണുള്ളത്? നല്ലതോ ചീത്തയോ ആയി എന്തു ചെയ്യാനും പല്ലുകളാണ് ഞങ്ങള്‍ക്കാശ്രയം.' 'ആകട്ടെ, നിങ്ങൾക്കെന്താണ് വേണ്ടത്?' അത്ര പ്രസന്നനാകാതെ ഞാൻ ചോദിച്ചു.

'തമ്പുരാനേ,' അവൻ നിലവിളിച്ചു; കുറുനരികൾ ഒന്നടങ്കം ഓരിയിട്ടു; വളരെദൂരെ അതൊരീണം പോലെ കേള്‍ക്കായി. 'ലോകത്തെ വിഭജിക്കുന്ന ഈ കുടിപ്പകയ്ക്ക് അങ്ങുതന്നെ അറുതി വരുത്തണം. അതുചെയ്യുമെന്ന് ഞങ്ങളുടെ പൂര്‍വ്വികർ പ്രവചിച്ചയാളു തന്നെയാണവിടുന്ന്. ഞങ്ങള്‍ക്ക് അറബികളിൽ നിന്നു സ്വാതന്ത്ര്യം ലഭിക്കണം; ശ്വസിക്കാൻ പറ്റിയ വായു വേണം; അവരുടെ സാന്നിദ്ധ്യം മലിനപ്പെടുത്താത്ത ചക്രവാളം വേണം; ഒരു മുട്ടനാടും അറബിയുടെ കശാപ്പിനിരയായി കരയരുത്; എല്ലാ മൃഗങ്ങള്‍ക്കും ശാന്തമായൊരന്ത്യം; ഞങ്ങള്‍ക്കു ചോര കുടിക്കാനും എല്ലു കടിച്ചുകാരാനുമായി അവ സമാധാനത്തോടെ കിടന്നുതരട്ടെ. ശുദ്ധി, ശുദ്ധി അതാണ് ഞങ്ങളുടെ ഒരേയൊരാഗ്രഹം'- ഈ നേരമായപ്പോഴേക്കും അവ കരയുകയും വിങ്ങിപ്പൊട്ടുകയുമായിരുന്നു- 'എങ്ങനെ, ഹൊ, എങ്ങനെയാണെന്റെ അഭിജാതമായ ഹൃദയമേ, അനര്‍ഘമധുരമായകുടലേ, നിങ്ങൾ ഈ ജീവിതം സഹിക്കുന്നത്? മലിനമാണവരുടെ വെളുപ്പ്; മലിനമാണവരുടെ കറുപ്പ്; അവരുടെ താടി എത്ര ജുഗുപ്‌സാവഹം; അവരുടെ കണ്‍കോണൊന്നു കണ്ടാല്‍ മതി മനംപുരട്ടാൻഅവർ കൈപൊക്കുമ്പോഴേ കക്ഷത്തു തെളിയുന്ന നരകക്കുഴികൾ. അതിനാൽ തമ്പുരാനേ, പ്രിയമുള്ള തമ്പുരാനേ, അങ്ങയുടെ സര്‍വ്വശക്തമായ കരങ്ങൾ ഞങ്ങളെ പ്രതി ഒന്നുപയോഗപ്പെടുത്തിയാലും, ഈ കത്രിക കൈക്കൊണ്ട് അവറ്റയുടെ തൊണ്ടയറുത്താലും!' അവൻ തലയൊന്നു വെട്ടിച്ചപ്പോൾ ഒരു കുറുനരി യുഗങ്ങളുടെ തുരുമ്പു പിടിച്ച ഒരു ചെറിയ തുന്നല്‍കത്രിക ഒരു തേറ്റപ്പല്ലിൽ തൂക്കിയെടുത്തുകൊണ്ട് ഓടിവന്നു.

'ഹാ, അവസാനം കത്രികയും വന്നു,- ഇനി നിര്‍ത്തിക്കളയാം!' ഞങ്ങളുടെ കാരവന്റെ തലവനായ അറബി ആക്രോശിച്ചു; കാറ്റിന്റെ ദിശയ്‌ക്കെതിരേകൂടി പതുങ്ങിയെത്തിയ അയാൾ തന്റെ വലിയ ചാട്ടയെടുത്തു ചുഴറ്റി.

അവ തിടുക്കത്തിൽ ചിതറിയോടി; എന്നിട്ട് അല്പം അകലെച്ചെന്ന് കൂട്ടംകൂടി നിലംപറ്റിക്കിടന്നു. നൂറുകണക്കിനു മൃഗങ്ങൾ അങ്ങനെ തിങ്ങിഞെരുങ്ങിനില്ക്കുന്നതു കണ്ടപ്പോൾ പൊട്ടിച്ചൂട്ടുകൾ കൊണ്ടലങ്കരിച്ച ഒരിടുക്കുതൊഴുത്തു പോലെ തോന്നി.

'ഇനി യജമാനനേ, താങ്കള്‍ക്കു മറ്റൊരു കാഴ്ച കാണാം', തന്റെ വര്‍ഗ്ഗത്തിന്റെ അടക്കം അനുവദിക്കുന്നത്ര ഹാര്‍ദ്ദമായി ചിരിച്ചുകൊണ്ട് അറബി പറഞ്ഞു. 'അപ്പോൾ ഈ മൃഗങ്ങളുടെ ലക്ഷ്യമെന്താണെന്ന് നിങ്ങള്‍ക്കറിയാമായിരുന്നുവെന്നോ!' ഞാൻ ചോദിച്ചു. 'തീര്‍ച്ചയായും', അയാൾ പറഞ്ഞു, 'അതെല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ; അറബികൾ ഉണ്ടായ കാലം തൊട്ട് ഈ കത്രികയും മരുഭൂമിയിൽ ഉഴന്നുനടക്കുകയാണ്; ലോകാവസാനം വരെ അതു ഞങ്ങളോടൊപ്പമുണ്ടാവുകയുംചെയ്യും. ആ മഹല്‍കൃത്യം അനുഷ്ഠിക്കാനായി ഓരോ യൂറോപ്പുകാരനു മുന്നിലും അത് സമര്‍പ്പിക്കപ്പെടുന്നു; ഏതു യൂറോപ്പുകാരനെ കണ്ടാലും അവ കരുതുന്നത് ഇദ്ദേഹമാണ് തങ്ങളുടെ രക്ഷകൻ എന്നാണ്. ഈ ജന്തുക്കൾ തികച്ചും അസംബന്ധമായ ഒരു പ്രതീക്ഷ വച്ചുപുലര്‍ത്തുന്നു; വിഡ്ഢികളാണിവ, മുഴുവിഡ്ഢികൾ. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്കിവയെ ഇഷ്ടവുമാണ്; ഞങ്ങളുടെ നായ്ക്കളാണിവ; നിങ്ങളുടെ നായ്ക്കളേക്കാൾ ചന്തമുള്ളവ. കണ്ടോളൂ, ഇന്നലെ രാത്രി ഒരൊട്ടകം ചത്തുപോയി; അതിന്റെ ശവം ഇവിടെയെത്തിക്കാൻ ഞാൻ പറഞ്ഞിട്ടുണ്ട്.'

നാലു ചുമട്ടുകാർ ആ വലിയ ശവം ചുമന്നുകൊണ്ടുവന്ന് ഞങ്ങളുടെ മുന്നിലിട്ടു. അതു തറയിൽ തൊടേണ്ട താമസം, കുറുനരികള്‍ക്കിടയിൽനിന്ന്  വലിയഒ രാരവം ഉയര്‍ന്നു. ചരടുകൾ കെട്ടിവലിക്കുന്നപോലെ തടുക്കാൻ പറ്റാതെ, എന്നാൽ അത്ര നിശ്ചയം പോരാതെ, അടിവയർ നിലംപറ്റെ അവ ഇഴഞ്ഞടുത്തു. അറബികളുടെ കാര്യം അവ മറന്നുകഴിഞ്ഞിരുന്നു, തങ്ങള്‍ക്കവരോടുള്ള തീരാപ്പക മറന്നുകഴിഞ്ഞിരുന്നു; ചോരയൊലിക്കുന്ന ആ പിണത്തിന്റെ ശ്വാസം മുട്ടിക്കുന്ന സാന്നിദ്ധ്യം അവരെ അത്രയ്ക്കു വശീകരിച്ചുകളഞ്ഞു. ഒരു കുറുനരി അതിന്റെ തൊണ്ടയ്ക്കു കയറിപ്പിടിച്ചിട്ട് ഒറ്റക്കടിയ്ക്ക് ചോരക്കുഴലിൽ പല്ലുകളാഴ്ത്തി. ആളിപ്പടരുന്ന തീ അണയ്ക്കാൻ നിശ്ചയദാര്‍ഢ്യത്തോടെയും അതേസമയം ഹതാശമായും കിണഞ്ഞു യത്‌നിക്കുന്ന ഒരു കൊച്ചുപമ്പുപോലെയായിരുന്നു അവൻഅവന്റെ ഓരോ മാംസപേശിയും തൊലിക്കടിയിൽ വലിഞ്ഞുപിടഞ്ഞു. അധികനേരം കഴിഞ്ഞില്ല, അവയൊന്നൊഴിയാതെ ജഡത്തിനുമേൽ കൂടിക്കിടക്കുകയായി.

പൊടുന്നനേ അറബിത്തലവന്റെ ചാട്ടവാർ തലങ്ങും വിലങ്ങും ചുഴറ്റിയടിച്ചു. അര്‍ദ്ധബോധത്തോടെ അവ തലപൊക്കി; അറബികൾ മുന്നിൽ നില്ക്കുന്നത് അവ കണ്ടു; പെട്ടെന്ന് മോന്തയിൽ ചാട്ടയുടെ ചൂടറിഞ്ഞു; അവ തിരിഞ്ഞുചാടി അല്പമകലേക്കു മാറിനിന്നു. പക്ഷേ അപ്പോഴേക്കും ഒട്ടകത്തിന്റെ ചോര അവിടവിടെ ആവി പറത്തിക്കൊണ്ട് തളം കെട്ടിയിരുന്നു; അതിന്റെ ദേഹം പലേടത്തും പൊട്ടിപ്പിളര്‍ന്നിരുന്നു. അവയ്ക്കു നിലനിന്നില്ല; അവ തിരിച്ചുവന്നു; ചാട്ടയുമായി കൈയുര്‍ന്നു; ഞാൻ തടഞ്ഞു.

'അങ്ങനെയാകട്ടെ, യജമാനനേ,' അയാൾ പറഞ്ഞു, 'ഇതവരുടെ ജോലിയാണല്ലോ- അതവരു നടത്തിക്കോട്ടെ; ഏതായാലും നമുക്കു നീങ്ങാനും സമയമായി. അങ്ങനെ താങ്കൾ അവയെ കണ്ടല്ലോ. അത്ഭുതപ്പെടുത്തുന്ന ജന്തുക്കൾഅല്ലേ? അവര്‍ക്കു ഞങ്ങളോടുള്ള വെറുപ്പു കാണണം!'

*


പാലസ്തീന്റെ കാര്യത്തിൽ ജൂതന്മാരും അറബികളും തമ്മിലുള്ള സമകാലികസംഘര്‍ഷങ്ങളാണ് കാഫ്കയുടെ പ്രമേയം. പാലസ്തീനിൽ ഒരു ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിനെ പിന്തുണച്ചുകൊണ്ടുള്ള ബ്രിട്ടന്റെ ബാല്‍ഫർപ്രഖ്യാപനം (1917 നവംബർ 2) വരുന്നതിന് ഒരുമാസം മുമ്പാണ് ഈ കഥ പ്രസിദ്ധീകരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ പാലസ്തീനിലേക്ക് ആദ്യമായി കുടിയേറിയവർ റഷ്യയില്‍ നിന്നുള്ള മതവിശ്വാസികളായ ജൂതന്മാരായിരുന്നു. അവര്‍ക്ക് രാഷ്ട്രീയമായ ലക്ഷ്യങ്ങൾ ഇല്ലായിരുന്നു. അവര്‍ക്കു ശേഷം വന്ന ചെറുപ്പക്കാരായ റഷ്യൻ സയോണിസ്റ്റ് ബുദ്ധിജിവികള്‍ക്ക് മതവിശ്വാസികളായ ഈ ജൂതന്മാർജൂതകുടിയേറ്റത്തിന്റെ പരമദരിദ്രവും പരാശ്രയിയുമായ വശ'മായിരുന്നു. പിന്നീടു വന്ന പാശ്ചാത്യരായ സോഷലിസ്റ്റ് സെക്കുലർ കുടിയേറ്റക്കാര്‍ക്കും ആദ്യകാലത്തെ ജൂതന്മാരുടെ മതഭ്രാന്ത് അന്യമായിരുന്നു.

പാശ്ചാത്യമനസ്സുള്ള സഞ്ചാരിക്ക് കുറുനരികളെ ഗൌരവത്തിലെടുക്കാൻ കഴിയുന്നില്ല. പിന്‍നോക്കികളും വിശ്വാസങ്ങളിൽ കടുംപിടുത്തക്കാരുമായ കുറുനരികൾ തങ്ങളുടെ ദുരിതത്തിന് അറുതി വരുത്താൻ പുറത്തു നിന്നുള്ള സഹായമാണു തേടുന്നത്. അറബികള്‍ക്ക് അവരോടുള്ള മനോഭാവം സഞ്ചാരിക്കു മനസ്സിലാകുന്നുണ്ട്. ഒന്നാം ലോകയുദ്ധകാലത്തും ബാല്‍ഫർ പ്രഖ്യാപനത്തിനു ശേഷം പ്രത്യേകിച്ചും വംശീയവികാരങ്ങൾ ആളിക്കത്തിയിരുന്നു; 'പാലസ്തീൻ ഞങ്ങളുടെ ദേശം, ജൂതന്മാർ ഞങ്ങളുടെ നായ്ക്കളും' എന്ന മുദ്രാവാക്യം പട്ടണങ്ങളിൽ മുഴങ്ങിക്കേള്‍ക്കാമായിരുന്നു. ഇതേ മനോഭാവം തന്നെയാണ് കഥയിലെ അറബിയും പ്രകടിപ്പിക്കുന്നത്: 'അവർ ഞങ്ങളുടെ നായ്ക്കളാണ്; നിങ്ങളുടെ നായ്ക്കളെക്കാൾ ഭംഗിയുള്ളവ!' അറബികള്‍ക്ക് ജൂതന്മാരോടുള്ള വെറുപ്പ് അതേയളവിൽ തിരിച്ചുമുണ്ട്. അറബികളോടു സംസാരിക്കാൻ പോലും നില്ക്കാതെ അവർ മരുഭൂമിയിൽ തങ്ങളുടെ മാളങ്ങളിലേക്കോടിപ്പോവുകയാണ്. തീരാത്ത പ്രവാസമാണ് അവര്‍ക്കു വിധിച്ചിരിക്കുന്നത്. കാഫ്ക പരിചയപ്പെട്ടിരുന്ന സാംസ്‌കാരികസയോണിസത്തിന് 'ജൂദായിസം ദേശീയവും സെക്കുലറുമായ ഒരു സംസ്‌കാരമായി രൂപം മാറിയാൽ മറ്റു സംസ്‌കാരങ്ങളുമായി സ്വതന്ത്രവും സൃഷ്ടിപരവുമായ ഒരു സംവാദത്തിലേക്ക് ജൂതന്മാരെ അതു നയിക്കും' എന്നായിരുന്നു വിശ്വാസം. അങ്ങനെയൊരു പരിവര്‍ത്തനം നടക്കുന്നില്ല എന്നതാണ്ക കുറുനരികളുടെ പ്രശ്‌നം. അതൊരു സിയോണിസ്റ്റ്സ്വപ്നം മാത്രമാണെന്ന്  റിയലിസ്റ്റായ കാഫ്കയ്ക്കറിയാമായിരുന്നു.

(Iris Bruce- Kafka‘’s Journey into the Future)

 


അഭിപ്രായങ്ങളൊന്നുമില്ല: