2022, നവംബർ 1, ചൊവ്വാഴ്ച

മിഗുവെൽ ഹെർണാണ്ടെഥ് - കവിതകൾ

 സ്പാനിഷ് കവിയും നാടകകൃത്തുമായ മിഗുവെൽ ഹെർണാണ്ടെഥ് 1910 ഒക്ടോബർ 30ന്‌ തെക്കൻ സ്പെയിനിലെ ഓരിഹ്വേല ടൗണിൽ ഒരു ദരിദ്രകുടുംബത്തിൽ ജനിച്ചു. ചെറുപ്പത്തിൽ ആട്ടിടയനായിരുന്ന ഹെർണാണ്ടെഥ് 1936ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുകയും സ്പാനിഷ് ആഭ്യന്തരയുദ്ധത്തിൽ പങ്കെടുക്കുകയും ചെയ്തു. നാഷണലിസ്റ്റുകൾ വധശിക്ഷയ്ക്കു വിധിച്ചുവെങ്കിലും രാഷ്ട്രാന്തരപ്രതിഷേധത്തെത്തുടർന്ന് അത് ജീവപര്യന്തമായി കുറച്ചു. മതിയായ ചികിത്സ കിട്ടാതെ 1942ൽ ജയിലിൽ വച്ചു മരിക്കുമ്പോൾ അദ്ദേഹത്തിന്‌ 31 വയസ്സായിരുന്നു. 

ഹെർണാണ്ടെഥിന്റെ കവിതയിൽ പ്രമേയമാകുന്നത് പ്രണയത്തിന്റെ ശോകവും യുദ്ധവും മരണവും സമൂഹത്തിലെ അനീതിയുമാണ്‌. ഗോങ്ങൊറയുടെ പുഷ്കലമായ ശൈലിയിൽ തുടങ്ങിയ ആ കവിത കാലം ചെല്ലുന്നതോടെ ലളിതവും വിഷാദമയവുമാകുന്നു.

ചാന്ദ്രവിദഗ്ധൻ (1933), അവസാനിക്കാത്ത മിന്നൽ (1936), അസാന്നിദ്ധ്യങ്ങളുടെ പുസ്തകം (1958) എന്നിവയാണ്‌ അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കവിതാസമാഹാരങ്ങൾ.


തോട്ടപ്പണിക്കാർ വഴിനടന്നുപോകുന്നു...

--------------------------------------------------

തോട്ടപ്പണിക്കാർ വഴിനടന്നുപോകുന്നു,
മടക്കത്തിന്റെ പാവനമുഹൂർത്തത്തിൽ;
അവരുടെ ചോര ചതഞ്ഞിരിക്കുന്നു,
ഹേമന്തത്തിന്റെ, വസന്തത്തിന്റെ, ഗ്രീഷ്മത്തിന്റെ ഭാരത്താൽ.

മനുഷ്യാതീതയത്നങ്ങൾ കഴിഞ്ഞവർ വരുന്നു,
അവർ പോകുന്നു, ഒരു ഗാനത്തിലേക്ക്, ഒരു ചുംബനത്തിലേക്ക്.
വായുവിൽ കുഴികുത്തി അവർ വിട്ടുപോകുന്നു,
പണിയായുധങ്ങളുടെ, കൈകളുടെ ഗന്ധത്തെ.

മറ്റൊരു വഴിയിലൂടെ ഞാൻ പോകുന്നു,
ഒരു ചുംബനത്തിലുമെത്താത്ത വഴിയിലൂടെ,
ദിശയറ്റലയുന്നൊരു വഴിയിലൂടെ.

പുഴക്കരെ, ഒറ്റയ്ക്കൊരു കാള നിൽക്കുന്നു,
ദാരുണവും ഭയന്നതുമായ മുഖത്തോടതു കരയുന്നു,
അതു മറക്കുന്നു, കാളയാണ്‌, വീര്യവാനാണു താനെന്ന്.
*

പ്രണയം നമുക്കിടയിലിറങ്ങിവന്നു...
-------------------------------------


പ്രണയം നമുക്കിടയിലിറങ്ങിവന്നു,
ഒരുനാളും പുണരാത്ത രണ്ടു പനകൾക്കിടയിൽ
ചന്ദ്രനെന്ന പോലെ.
കടൽപ്പെരുക്കത്തിന്റെ കൂജനം പോലെ
നമ്മുടെ രണ്ടുടലുകളുടെ ഗാഢമർമ്മരം,
തൊണ്ടകളിൽ പക്ഷേ, നമ്മുടെ ശബ്ദമമർന്നു,
ചുണ്ടുകൾ കല്ലുകളായി,
പിണയാനുള്ള ദാഹം നമ്മുടെ മാംസത്തെയിളക്കി,
എരിയുന്ന അസ്ഥികളെത്തിളക്കി,
എത്തിപ്പിടിയ്ക്കാനുള്ള കൈകളുടെ തൃഷ്ണയോ,
നമ്മുടെ കൈകളിൽത്തന്നെ മരിച്ചുവീണു.
നമുക്കിടയിലൂടെക്കടന്നുപോയി പ്രണയവും ചന്ദ്രനും,
ആർത്തിയോടവ വിഴുങ്ങി നമ്മുടെയൊറ്റയൊറ്റയുടലുകളെ.
ഇന്നന്യോന്യം തേടുന്ന രണ്ടു പ്രേതങ്ങൾ നാം,
അത്രയുമകലത്തു നിന്നന്യോന്യം കണ്ടെത്തുന്നു നാം.
***

മൂന്നു മുറിവുകളുമായി അവൻ വന്നു...
-------------------------------------


മൂന്നു മുറിവുകളുമായി അവൻ വന്നു:
ഒന്ന് പ്രണയത്തിന്റെ,
ഒന്ന് മരണത്തിന്റെ,
ഒന്ന് ജീവിതത്തിന്റെ.

മൂന്നു മുറിവുകളുമായി അവൻ വരുന്നു:
ഒന്ന് ജീവിതത്തിന്റെ,
ഒന്ന് പ്രണയത്തിന്റെ,
ഒന്ന് മരണത്തിന്റെ.

മൂന്നു മുറിവുകളുമായി ഞാനിരിക്കുന്നു:
ഒന്ന് ജീവിതത്തിന്റെ,
ഒന്ന് മരണത്തിന്റെ,
ഒന്ന് പ്രണയത്തിന്റെ.
***

ദാഹാർത്തൻ്റെ വിലാപഗാനം
---------------------------------


ഞാൻ മരുഭൂമിയിലെ മണൽത്തരി :
ദാഹത്തിന്റെ മരുഭൂമി.
എനിക്കു കുടിക്കരുതാത്ത മരുപ്പച്ച
നിന്റെ വദനം.

മരുഭൂമിയിലെ മണൽത്തരികൾക്കു
തുറന്നിട്ട മരുപ്പച്ച: വദനം.

വരണ്ടുണങ്ങിയ ഭൂമിയിൽ
ഒരു നീർത്തടം, നിന്റെയുടൽ,
അതു നിന്റെ,
ഒരിക്കലുമതാകില്ല, നമ്മുടെ.

ദാഹവും വെയിലും കൊണ്ടെരിഞ്ഞവനു
മൂടിയിട്ട കിണർ: ഉടൽ.
*

കവിതയെക്കുറിച്ചുള്ള ചിന്തകൾ

------------------------------


കവിത പ്രാസം കൊണ്ടുള്ള കളിയല്ല; ധൈര്യത്തിന്റെ കാര്യമാണത്. തുടക്കക്കാരനിൽ നിന്നത് പ്രാസം ആവശ്യപ്പെടുന്നു, തഴക്കം വന്നവനിൽ നിന്ന് നിശ്ചയദാർഢ്യവും.
*

വെറും ധൈഷണികമായ കവിതക്കളികൾ ഞാൻ വെറുക്കുന്നു. എനിക്കു വേണ്ടത് ചോരയുടെ ആവിഷ്കാരങ്ങളാണ്‌, ചിന്തിക്കുന്ന മഞ്ഞുകട്ട പോലുള്ള മനോഭാവം കൊണ്ട് സർവ്വതും തകർക്കുന്ന യുക്തിയുടെയല്ല.
*

ശുദ്ധമായ കലയെക്കുറിച്ചു കേട്ടുകേട്ട് എനിക്കു മടുത്തു. ബൈബിളിലെ ഒരടുക്കും ചിട്ടയുമില്ലാത്ത രീതിയാണ്‌ എനിക്കിഷ്ടം. നാടകീയസംഭവങ്ങളും അത്യാഹിതങ്ങളും ദൗർഭാഗ്യങ്ങളും തകിടം മറിഞ്ഞ ലോകങ്ങളും അതിൽ ഞാൻ കാണുന്നു; ആക്രോശങ്ങളും ചോരയുടെ സ്ഫോടനങ്ങളും അതിൽ ഞാൻ കേൾക്കുന്നു. ഒരു പോപ്ലാർ മരം കാണുമ്പോഴേക്കും ആനന്ദമൂർച്ഛയിലാഴുകയും നാല്‌ ചെറിയ വരികൾ തൊടുത്തുവിട്ടിട്ട് കവിതയിൽ കൈവരിക്കാനുള്ളതെല്ലാം അതോടെ നേടിക്കഴിഞ്ഞുവെന്നു ചിന്തിക്കുകയും ചെയ്യുന്ന ക്ഷുദ്രശബ്ദത്തെ ഞാൻ കണക്കിലെടുക്കുന്നേയില്ല.

പഞ്ചാരപ്പലഹാരമുണ്ടാക്കുന്ന കന്യാസ്ത്രീകളെപ്പോലെ ആകെ കോമളിമയും പഞ്ചാരത്തരി പുരണ്ട വിരൽത്തുമ്പുകളുമായി നടക്കുന്ന കവികളുടെ നാണം കുണുങ്ങലും സ്നേഹനാട്യവും പടിയ്ക്കു പുറത്തു നില്ക്കട്ടെ.
*

തന്റെ ജീവിതത്തിനും അതിലൂടെ തന്റെ കലയ്ക്കും ഒരു പരിഹാരം കണ്ടെത്തുന്നവനാണ്‌ ക്ലാസിക്കൽ കവി. റൊമാന്റിക്കാവട്ടെ, ഒന്നിനും പരിഹാരം കാണുന്നില്ല- സ്വന്തം ജീവിതത്തിനും സ്വന്തം കലയ്ക്കും.
*

കൂസലില്ലായ്മ ഒരു കാല്പനികദോഷമാണ്‌; അതിനർത്ഥം, ഏറ്റവും സ്വകാര്യമായ കാര്യങ്ങളെക്കുറിച്ച്, താൻ സ്നേഹിക്കുന്ന ചിലർക്കു മാത്രം അവകാശപ്പെട്ട സംഗതികളെക്കുറിച്ച് പറയുക എന്നാണ്‌. ദുഃഖങ്ങളും നിർഭാഗ്യങ്ങളും അമിതസ്വാതന്ത്ര്യത്തോടെ പ്രസിദ്ധമാക്കുന്നത് കവിയുടെ കാര്യത്തിൽ ദൂരക്കാഴ്ചയുടെ കുറവാണു കാണിക്കുന്നത്. തന്റെ മുന്നിൽ വരുന്ന ഒരു വസ്തുവിനേയും ബിംബത്തേയും അയാൾ ഒറ്റയ്ക്കു വിടുന്നില്ല.

ഈ ലോകത്ത് മനുഷ്യൻ ഒറ്റയാനാണ്‌; പൊതുവേ അവനത് അറിയുന്നില്ലെന്നേയുള്ളു. കവിയായ ഒരു മനുഷ്യന്‌, താൻ മനുഷ്യനാണെന്നതിനു പുറമേ, അനന്തമായ ഏകാന്തതയെക്കുറിച്ചും അറിയാം. ഏകാന്തതയുടെ പ്രചണ്ഡമായ കൊടുങ്കാറ്റുകൾ ആദിയിലേ അയാൾക്കായി മാറ്റിവച്ചിരിക്കുന്നു.
*

കവി മൂർച്ഛയിലായിരിക്കുമ്പോൾ മാലാഖയെപ്പോലെ സൃഷ്ടിക്കുന്നു, വിഷമസന്ധികളുടെ നിമിഷങ്ങളിൽ മനുഷ്യനെപ്പോലെയും.
*

ലോകത്താകെയുള്ള കവികളെക്കാളും എന്നെ സ്വാധീനിക്കുന്നത് എന്റെ മുറ്റത്തെ നാരകമരമാണ്‌.
*

ഒരു തരി അഴുക്കുമണ്ണിനടിയിൽ നിങ്ങളടങ്ങും, അത്രയും മഹത്വം ഭാവിക്കുന്നവനേ!
*

മാംസം സാവധാനം അഴിഞ്ഞുവീഴുന്നു, എല്ലുകൾ പൊടുന്നനേ പൊളിഞ്ഞുവീഴുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: