2024, മേയ് 2, വ്യാഴാഴ്‌ച

വാൾട്ടർ ബന്യാമിൻ - റോബർട്ട് വാൾസർ

 ഉള്ളടക്കം അപ്രധാനമായ ഒരെഴുത്തിൽ രൂപത്തിനു മേല്ക്കൈ ഉണ്ടായിരിക്കണം. എന്നാൽ വാൾസറിൽ നമ്മെ നേരിടുന്നത് ഭാഷയുടെ ഒരു വന്യതയാണ്‌, അല്ലെങ്കിൽ കാടു കയറിയ ഒരു ഭാഷയാണ്‌; അതാകട്ടെ, തീർത്തും അനുദ്ദിഷ്ടമാണ്‌, അല്ലെങ്കിൽ അങ്ങനെയാണെന്നു കരുതാവുന്നതാണ്‌; അപ്പോഴും പക്ഷേ, നമുക്കത് ആകർഷകവും നമ്മുടെ പൂർണ്ണശ്രദ്ധ പിടിച്ചുവാങ്ങുന്നതായിരിക്കുകയും ചെയ്യുന്നു. വാൾസറുടെ കാര്യത്തിൽ കൃതിയുടെ ‘എങ്ങനെ’ പ്രധാനമാവുകയും ‘എന്ത്’ പിന്നിലേക്കു പോവുകയുമാണ്‌. എഴുതൽപ്രക്രിയക്കിടെ ആ ‘എന്ത്’ നുറുങ്ങിപ്പോവുകയാണെന്നും പറയാം. പേന കയ്യിലെടുക്കേണ്ട താമസം, ഒരു സാഹസികന്റെ ഉൾപ്രേരണകൾ അദ്ദേഹത്തെ കീഴടക്കുകയായി. വാക്കുകൾ കുത്തിയൊലിച്ചുവരുന്നു; ഓരോ വാക്യത്തിനും ഒരു ദൗത്യമേയുള്ളു: അതിനു തൊട്ടുമുമ്പുള്ളതിനെ മായ്ച്ചുകളയുക. 

എവിടെ നിന്നാണ്‌ വാൾസറുടെ കഥാപാത്രങ്ങൾ വരുന്നത്? ഇരുട്ടിനേറ്റവും കട്ടിയുള്ള രാത്രിയിൽ നിന്ന്, പ്രത്യാശയുടെ റാന്തലുകൾ മുനിഞ്ഞുകത്തുന്ന ഒരു വെനീഷ്യൻ രാത്രിയിൽ നിന്ന്. ഒരു വിരുന്നിനു കൂടിയതിന്റെ തിളക്കം അവരുടെ കണ്ണുകളിലുണ്ടെങ്കിലും അവരുടെ മനസ്സ് കലങ്ങിക്കിടക്കുകയാണ്‌, കരയാൻ പാകത്തിൽ ദുഃഖിതരുമാണവർ. അവരൊഴുക്കുന്ന കണ്ണീരാണ്‌ അദ്ദേഹത്തിന്റെ എഴുത്ത്. എന്തെന്നാൽ, വാൾസറുടെ വാചാലതയുടെ ഈണമാണ്‌ തേങ്ങൽ. അദ്ദേഹത്തിന്റെ ഇഷ്ടകഥാപാത്രങ്ങൾ എവിടെ നിന്നു വരുന്നു എന്ന് ഇപ്പോൾ നമുക്കു വെളിപ്പെട്ടുകിട്ടുന്നു- ഉന്മാദത്തിൽ നിന്ന്, മറ്റെവിടെനിന്നുമല്ല, അവർ വരുന്നത്.  തങ്ങളുടെ ഉന്മാദത്തെ പിന്നിൽ വിട്ടാണവർ വരുന്നത്; അതുകൊണ്ടാണവർ അത്രയും ഹൃദയഭേദകമായ രീതിയിൽ, മാനുഷികമല്ലാത്ത രീതിയിൽ ഉപരിപ്ലവമായിരിക്കുന്നതും. അവരുടെ ഹൃദ്യതയെ, അപൂർവ്വതയെ വിവരിക്കാൻ നമുക്കിങ്ങനെ പറയാം: അവരെല്ലാം സുഖപ്പെട്ടവരാണ്‌. ആ സുഖപ്പെടൽ എങ്ങനെ നടന്നു എന്നു നാം കാണാൻ പോകുന്നില്ല എന്നുമാത്രം.

ഈ കഥകളുടെ അസാധാരണമായ സൗമ്യത എല്ലാവർക്കും കാണാം. എന്നാൽ ജീർണ്ണതയുടെ പിരിമുറുക്കമല്ല, രോഗമുക്തിയുടെ നിർമ്മലവും സജീവവുമായ അന്തരീക്ഷമാണതിലെന്നു കാണാൻ എല്ലാവർക്കും കഴിയണമെന്നില്ല. “ഞാൻ ജീവിതവിജയം നേടിയേക്കാമെന്ന ചിന്ത എന്നെ ഭയപ്പെടുത്തുന്നു,” ഫ്രാൻസ് മൂറിന്റെ ഒരു സംഭാഷണം അല്പമൊന്നു ഭേദപ്പെടുത്തി വാൾസർ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ എല്ലാ നായകന്മാർക്കുമുണ്ട് അങ്ങനെയൊരു ഭീതി. അതുപക്ഷേ, ലോകത്തോടുള്ള മടുപ്പു കൊണ്ടല്ല, ധാർമ്മികനീരസം കൊണ്ടല്ല, സഹാനുഭൂതി കൊണ്ടുമല്ല, വെറും സുഖചിന്തയുടേതായ കാരണങ്ങൾ കൊണ്ടാണ്‌. അവർക്കു സുഖിക്കണം. അവർക്കതിൽ പാടവവുമുണ്ട്. അക്കാര്യത്തിൽ അസാധാരണമായ ഒരു കുലീനതയും അവർ കാണിക്കുന്നുണ്ട്. അതിനവർക്കവകാശവുമുണ്ട്. രോഗമുക്തി നേടിയ ഒരാളെപ്പോലെ ആരാണ്‌ ജീവിതമാസ്വദിക്കുക? അയാൾ കൂത്താടുകയല്ല. നവവീര്യം പകർന്ന ചോര മലഞ്ചോലകളിൽ നിന്നു തന്നിലേക്കൊഴുകുന്നതയാൾ കേൾക്കുന്നു, മരത്തലപ്പുകളിൽ നിന്നു ശുദ്ധനിശ്വാസം തന്റെ ചുണ്ടുകളിലേക്കു വീശുന്നതയാളറിയുന്നു. വാൾസറുടെ കഥാപാത്രങ്ങൾക്കുള്ള ശിശുസഹജമായ ഈ കുലീനത യക്ഷിക്കഥകളിലെ കഥാപാത്രങ്ങൾക്കുമുണ്ട്; അവരും രാത്രിയിൽ നിന്ന് ഉന്മാദത്തിൽ നിന്നും പുറത്തേക്കു വരുന്നവരാണല്ലോ- എന്നുപറഞ്ഞാൽ, മിത്തിന്റെ ഉന്മാദത്തിൽ നിന്ന്. 

(വാൾട്ടർ ബന്യാമിൻ 1929ൽ റോബർട്ട് വാൾസറെക്കുറിച്ചെഴുതിയ ലേഖനത്തിൽ നിന്ന്)



അഭിപ്രായങ്ങളൊന്നുമില്ല: