2024, മേയ് 24, വെള്ളിയാഴ്‌ച

ടാഗോർ- ഒറ്റതിരിഞ്ഞ പറവകൾ

 


മിക്കവാറും എല്ലാ സാഹിത്യരൂപങ്ങളിലും കൈവച്ചിട്ടുള്ള ടാഗോർ മഹാകാവ്യം എഴുതിയിട്ടില്ല. അതിന്റെ കാരണം കൃത്യമായി നമുക്കറിയില്ല. ഒരൊറ്റ വലിയ കൃതിയിലൂടെയല്ല, അതിലും ചെറിയ കവിതകളുടെ ഒരു നിരന്തരപ്രവാഹത്തിലൂടെ തന്റെ കവിത്വത്തിന്റെ പൂർണ്ണത ആവിഷ്കരിക്കാനായിരിക്കാം അദ്ദേഹം ശ്രമിച്ചത്. അതുകൊണ്ടാവാം, ഇതിഹാസത്തിന്റെ ഇങ്ങേയറ്റത്തു നില്ക്കുന്ന ഹ്രസ്വകവിതയ്ക്ക് അദ്ദേഹം ഇത്ര പ്രാധാന്യം കൊടുത്തതും. 1899ൽ പ്രസിദ്ധീകരിച്ച ‘കണികാ’ (കണികകൾ) അദ്ദേഹത്തിന്റെ ആദ്യത്തെ ഹ്രസ്വകവിതാസമാഹാരമാണ്‌. എന്നാൽ നൊബേൽ സമ്മാനം ലഭിച്ചതിനു ശേഷം നടത്തിയ വിപുലമായ വിദേശയാത്രയ്ക്കിടയിൽ 1917ലെ ചൈന-ജപ്പാൻ സന്ദർശനത്തിനു ശേഷമാണ്‌ ഹൈക്കു-ടാങ്ക രൂപങ്ങളുടെ സ്വാധീനത്തിൽ അതിനൊരു നിയതരൂപം കൈവരുന്നത്.  തന്റെ ജപ്പാൻ യാത്രകളെക്കുറിച്ച് 1919ൽ എഴുതിയ ”ജപ്പാൻ യാത്രികൻ“ എന്ന പുസ്തകത്തിൽ ടാഗോർ അതു സൂചിപ്പിക്കുന്നുണ്ട്:

"ചൈനയിലും ജപ്പാനിലും ആയിരുന്നപ്പോൾ, എല്ലാ ദിവസവും എന്നുതന്നെ പറയാം, ഓട്ടോഗ്രാഫ് വേട്ടക്കാരുടെ ആർത്തിയെ തൃപ്തിപ്പെടുത്തേണ്ടിവന്നിരുന്നു എനിക്ക്. കടലസ്സിലും പട്ടുതുണിയിലും എന്നല്ല, വിശറികളിൽ വരെ എഴുതിക്കൊടുക്കേണ്ടിവന്നു. ഞാനത് ബംഗാളിയിൽ എഴുതണമെന്നായിരുന്നു അവർക്ക്; കാരണം, ബംഗാളിയിലെ കയ്യൊപ്പ് എന്റേതുതന്നെ ആയിരിക്കും, ബംഗാളിലോകത്തെയാകെ പ്രതിനിധാനം ചെയ്യുന്നതുമായിരിക്കും. അങ്ങനെ, ഏതിടത്തെന്നും ഏതു നേരത്തെന്നുമില്ലാതെ രണ്ടോ മൂന്നോ വരികളുള്ള കവിതകൾ എഴുതുന്നത് എനിക്കു പരിചയമായി; ഞാനതിൽ ആനന്ദവും കണ്ടെത്തി. ഒരനുഭൂതി ചുരുക്കം വരികളിൽ സാന്ദ്രീകരിക്കുന്നതിലൂടെ കൈവരുന്ന സംക്ഷിപ്താവിഷ്കാരം എന്റെ ദീർഘരചനകളെക്കാൾ കൂടുതൽ തൃപ്തി തന്നിട്ടുണ്ട്, പലപ്പോഴും. വലിയ കവിതകൾ വായിച്ചാണ്‌ നമുക്കു പരിചയം എന്നതിനാൽ വളരെച്ചെറിയ കവിതകളെ ശരിക്കും കവിതകളായിത്തന്നെ നാം പരിഗണിക്കാറില്ല. അങ്ങനെ ഒരവജ്ഞ ജാപ്പനീസ് ഭാഷയിൽ ഇല്ല. വലുതിനെ ചെറുതിൽ കാണാൻ അവർക്കിഷ്ടമാണ്‌, കാരണം, അവർ ജന്മനാ കലാകാരന്മാരാണ്‌. അതുകൊണ്ടുതന്നെ ഒരു ജപ്പാൻകാരൻ എന്നോടൊരു കവിത ചോദിക്കുമ്പോൾ രണ്ടോ മൂന്നോ വരിയുള്ള ഒരു കവിത എഴുതിക്കൊടുക്കുന്നതിൽ ഒരു മനഃസാക്ഷിക്കുത്തും എനിക്കു തോന്നിയിട്ടില്ല. കുറേക്കൊല്ലം മുമ്പ് ഞാൻ ബംഗാളിയിൽ ഗീതാഞ്ജലിയും അതുപോലുള്ള കവിതകളും എഴുതിയപ്പോൾ ബംഗാളിൽ പലരും അവയുടെ വരിയെണ്ണിയിട്ട് പിശുക്കനെന്ന് എന്നെ ആക്ഷേപിക്കുകയുണ്ടായി. അങ്ങനെയുള്ളവരുടെ എണ്ണത്തിന്‌ ഇന്നും കുറവില്ല.

എന്റെ തൂലികയിൽ നിന്ന് കുഞ്ഞുകവിതകൾ ഒഴുകാൻ തുടങ്ങിയപ്പോൾ ആരും ആവശ്യപ്പെടാതെതന്നെ ഞാനവ ഒരു നോട്ടുബുക്കെടുത്ത് കുറിച്ചിടാൻ തുടങ്ങി; എന്റെ വായനക്കാരെ ഇങ്ങനെ പറഞ്ഞു സമാധാനപ്പെടുത്താനും ഞാൻ ശ്രമിച്ചു:

തീരെച്ചെറുതാണെന്റെ കവിതകൾ,
ഒരു വഴിയോരപ്പൂവു പോലെ;
വഴിപോക്കർ ചിലരതു കാണും,
അവരതു പിന്നെ മറന്നും പോകും.

പിന്നെ ഞാനതിനെ ആ ക്ഷണികപുഷ്പങ്ങളുടെയല്ല, കടന്നുപോകുന്നവരുടെ തെറ്റായി കാണാൻ തുടങ്ങി.  ചെറുതും പകിട്ട്റ്റു കുറഞ്ഞതുമായതിനെ നിന്നിട്ടൊന്നു നോക്കാൻ നമുക്കു സമയവുമില്ല, മനസ്സുമില്ല. എന്നാൽ ഏറ്റവും എളിമയേറിയ ഒരു വയല്പൂവിൽ ആനന്ദം കണ്ടെത്തുന്നതിൽ എന്തിനു നാണക്കേടു തോന്നണം!"

അങ്ങനെ 1927ൽ ‘ലേഖൻ’ എന്ന സമാഹാരവും 1945ൽ ‘സ്ഫുലിംഗ’ എന്ന മറ്റൊന്നും പുറത്തുവന്നു. ബംഗാളിയിൽ നിന്ന് ടാഗോർ തന്നെ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്ത 320 ഹ്രസ്വകവിതകളുടെ സമാഹാരമാണ്‌ 1916ൽ പ്രസിദ്ധീകരിച്ച Stray Birds (ഒറ്റതിരിഞ്ഞ പറവകൾ.) 

ഹൈക്കുവിന്റെ നിഴൽ വീണിട്ടുണ്ടെങ്കിലും അതുപോലെ സങ്കേതബദ്ധമല്ല ടാഗോറിന്റെ കുറുംകവിതകൾ. ഹൈക്കുവിന്റെ ദാർശനികമോ ഭാവപരമോ ആയ പ്രത്യേകതകളല്ല, രൂപപരമായ സംക്ഷിപ്തതയാണ്‌  അദ്ദേഹത്തെ സ്വാധീനിച്ചതെന്നു പറയാം. തന്റെ ‘ലേഖൻ’ എന്ന സമാഹാരത്തെക്കുറിച്ച് 1928ൽ എഴുതിയ ഒരു ലേഖനത്തിൽ ടാഗോർ ഇങ്ങനെ പറയുന്നു:

“ജപ്പാനിലെ പൊതുവിടങ്ങളെക്കുറിച്ച് എടുത്തുപറയേണ്ട ഒരു സംഗതിയുണ്ട്. തെരുവുകൾ ജനനിബിഡമാണെങ്കിലും ഒച്ചപ്പാടേയില്ല. ഒച്ചവയ്ക്കാൻ അവർക്കറിയില്ല എന്നപോലെയാണ്‌; ജപ്പാനിൽ കുട്ടികൾ കരയാറില്ല എന്നുപോലും ഞാൻ പറഞ്ഞുകേട്ടിട്ടുണ്ട്. എന്റെ അനുഭവത്തിൽ ഒരൊറ്റ കുട്ടിയെപ്പോലും കരയുന്നതായി ഞാൻ കണ്ടിട്ടില്ല. കാറോടിച്ചുപോകുമ്പോൾ ഉന്തുവണ്ടിയോ മറ്റോ കാരണം വഴി വിലങ്ങിയാൽ ഡ്രൈവർ ക്ഷമയോടെ കാത്തിരിക്കുകയേയുള്ളു; അയാൾ പ്രാകാനോ ഒച്ചവയ്ക്കാനോ ഒന്നും പോകുന്നില്ല. നമ്മുടെ നാട്ടിൽ  കാറുകാരന്റെ മുന്നിൽ ഒരു സൈക്കിൾ വന്നുപെട്ടാൽ തെറി പറയാതിരിക്കാൻ ഡ്രൈവർക്കു കഴിയാറില്ല. നമ്മുടെ ജാപ്പനീസ് ഡ്രൈവറാകട്ടെ, നിർവ്വികാരനായി നോക്കിയിരിക്കും. ഇവിടുള്ള ബംഗാളികൾ എന്നോടു പറഞ്ഞിട്ടുണ്ട്, ഒരു സൈക്കിളും കാറും തമ്മിൽ, അല്ലെങ്കിൽ രണ്ടു സൈക്കിളുകൾ തമ്മിൽ കൂട്ടിയിടിക്കുകയും യാത്രക്കാർക്ക് പോറലോ ചതവോ മറ്റോ ഉണ്ടാവുകയും ചെയ്താൽ അവർ പൊടിയും തട്ടി തങ്ങളുടെ വഴിയ്ക്കു പോകുമെന്ന്; അവർ ഒച്ച വയ്ക്കാനും ശപിക്കാനുമൊന്നും നില്ക്കില്ല.

ജപ്പാന്റെ പ്രബലതയുടെ മൂലകാരണം അതാണെന്ന് എനിക്കു തോന്നുന്നു. കാര്യമില്ലാത്ത ലഹളയിലും ബഹളത്തിലുമൊന്നും അവർ തങ്ങളുടെ ഊർജ്ജം ദുർവ്യയം ചെയ്യുന്നില്ല. അതുകാരണം ആവശ്യമുള്ളപ്പോൾ അവർക്കതിന്റെ കുറവുമുണ്ടാകുന്നില്ല. ശാരീരികവും മാനസികവുമായ ഈ ശാന്തതയും ക്ഷമയും അവരുടെ ദേശീയപ്രകൃതത്തിന്റെ ഒരു നിർണ്ണായകഘടകം തന്നെയായിരിക്കുന്നു. വിപത്തിൽ, ദുഃഖത്തിൽ, വേദനയിൽ, ആവേശത്തിൽ സ്വയം നിയന്ത്രിക്കാൻ അവർക്കറിയാം. ജപ്പാൻകാരെ മനസ്സിലാക്കാൻ പ്രയാസമാണെന്ന് വിദേശികൾ പലപ്പോഴും പറയുന്നത് അതുകൊണ്ടാണ്‌. അവർ ദുർജ്ഞേയരാണെങ്കിൽ അതിനു കാരണം ഇതാണ്‌: തങ്ങളുടെ ആത്മനിയന്ത്രണത്തിലെ വിള്ളലുകളിലൂടെയോ ദ്വാരങ്ങളിലൂടെയോ ചോർന്നുപോകാൻ അവർ സ്വയം അനുവദിക്കുന്നില്ല.

ആത്മപ്രകാശനത്തിലെ അങ്ങേയറ്റത്തെ ഈ മിതവ്യയം അവരുടെ കവിതയിലും കാണാം. വെറും മൂന്നു വരികൾ മാത്രമുള്ള കവിത ലോകത്തു മറ്റൊരിടത്തും നാം കാണില്ല. കവികൾക്കും വായനക്കാർക്കും ഈ മൂന്നു വരികൾ ധാരാളമാണ്‌. അതുകാരണമാണ്‌ ഇവിടെ എത്തിയതിനു ശേഷം തെരുവുകളിൽ ആരെങ്കിലും പാടുന്നത് ഇതുവരെ ഞാൻ കാണാത്തത്. അവരുടെ ഹൃദയങ്ങൾ ഒച്ചപ്പാടോടെ ചീറ്റുന്ന ജലധാരകളല്ല, ഒരു തടാകത്തിലെ ജലം പോലെ നിശ്ചലമാണ്‌. ഇതേവരെ ഞാൻ കേട്ട കവിതകളെല്ലാം ചിത്രോപമമായിരുന്നു; പാടാവുന്ന കവിതകളല്ല അവർ എഴുതുന്നത്. ആ കവിതകളിലെ പൂക്കളും കിളികളും ചന്ദ്രനുമൊന്നും നമ്മെ വന്നു പ്രഹരിക്കുന്നില്ല, അല്ലെങ്കിൽ നമുക്കു നേരേ കുരച്ചുചാടുന്നില്ല; നമ്മുടെ ജീവിതത്തിന്‌ അവ ഒരു നാശവും വരുത്തുന്നില്ല. അതിനാൽ മൂന്നു വരികൾ കൊണ്ടുതന്നെ അവർ തൃപ്തരാണ്‌; നമ്മുടെ ഭാവനയെപ്പോലും അവർ ശല്യപ്പെടുത്തുന്നില്ല.

ഈ രണ്ടു പ്രാചീനകവിതകളെടുത്താൽ ഞാൻ പറയുന്ന കാര്യം നിങ്ങൾക്കു വ്യക്തമാവും:

ഒരു പഴയ കുളം,
ഒരു തവളയുടെ ചാട്ടം,
തെറിച്ചുവീണ വെള്ളം.

അത്രമാത്രം. അതിന്റെ ആവശ്യമേയുള്ളു. ജാപ്പനീസ് വായനക്കാരന്റെ മനസ്സ് ചിത്രങ്ങളേ കാണുന്നുള്ളു. മനുഷ്യവർജ്ജിതമായ ആ പഴയ കുളം അലയിളകാത്തതും ഇരുണ്ടതുമാണ്‌. അതിലേക്ക് ഒരു തവള ചാടുമ്പോഴുണ്ടാകുന്ന ശബ്ദം എത്ര നിശ്ചലമാണ്‌ കുളമെന്നു കാണിക്കുന്നു. ആ പഴയ കുളത്തെ എങ്ങനെ മനസ്സിൽ കാണണമെന്നു സൂചിപ്പിക്കുകയേ കവി ചെയ്യുന്നുള്ളു; അതിലധികം അനാവശ്യമാണ്‌.

ഇതാ, മറ്റൊരു കവിത:

പൂതലിച്ച മരക്കൊമ്പ്.
ഒരു കാക്ക,
ശരല്ക്കാലം.

ശരല്ക്കാലത്ത് മരക്കൊമ്പുകൾ ഇല കൊഴിച്ചു നില്ക്കുകയായിരിക്കും, ഒന്നുരണ്ടു കൊമ്പുകൾ പൂതലിച്ചിട്ടുമുണ്ടാവും; അതിലൊന്നിൽ ഒരു കാക്ക ചേക്കയേറിയിരിക്കുന്നു. ഒരു ശീതരാജ്യത്ത് മരങ്ങൾ ഇല പൊഴിക്കുകയും പൂക്കൾ കൊഴിയുകയും ആകാശം മൂടല്മഞ്ഞിൽ വിവർണ്ണമാവുകയും ചെയ്യുന്ന കാലമാണ്‌ ശരത്ത്. മരണചിന്തകൾ കടന്നുവരുന്ന കാലമാണത്. ഒരു ജീർണ്ണിച്ച മരക്കൊമ്പിൽ ഒരു കറുത്ത കാക്ക ഇരിക്കുന്നു: ശരല്ക്കാലത്തിന്റെ ശൂന്യതയുടേയും വൈവർണ്ണ്യത്തിന്റെയും പൂർണ്ണമായ ഒരു മാനസികചിത്രം അതിൽ നിന്നു വായനക്കാരനു കിട്ടുന്നു. കവി ചിത്രത്തിനു തുടക്കമിട്ടിട്ട് മാറിനില്ക്കുകയാണ്‌. 

ഈ കവിതകളിൽ വാക്കുകളിലെ സംയമനം മാത്രമല്ല, അനുഭൂതിയിലെ സംയമനം കൂടിയുണ്ട്. നമുക്കതിനെ ‘ഹൃദയത്തിന്റെ മിതത്വം’ എന്നു വിളിക്കാം.“ 


അഭിപ്രായങ്ങളൊന്നുമില്ല: