2024, മേയ് 6, തിങ്കളാഴ്‌ച

അന്തോണിയോ മച്ചാദോ -സഞ്ചാരി



പല പാതകളിലൂടെ ഞാൻ നടന്നിട്ടുണ്ട്,
പല വഴികളും ഞാൻ തെളിച്ചിട്ടുണ്ട്,
ഒരുനൂറുകടലുകളിലൂടെ ഞാൻ തുഴഞ്ഞിട്ടുണ്ട്,
ഒരുനൂറുതുറകളിൽ ഞാൻ കടവടുത്തിട്ടുണ്ട്.

പോയിടത്തൊക്കെയും ഞാൻ കണ്ടത്
ദുഃഖത്തിന്റെ പടയണികളായിരുന്നു,
അഭിമാനികളും വിഷാദികളുമായ
മദ്യപന്മാരുടെ കരിനിഴലുകളായിരുന്നു,

അമിതാഭിനയക്കാരായ പണ്ഡിതമ്മന്യന്മാരെയായിരുന്നു,
എല്ലാം കണ്ടു മിണ്ടാതിരിക്കുന്ന മാന്യന്മാരെ,
പുറത്തേക്കൊന്നിറങ്ങിയിട്ടില്ലെങ്കില്ക്കൂടി
എല്ലാമറിയാം തങ്ങൾക്കെന്നു നടിക്കുന്നവരെ.

ഈ മണ്ണിനെ മലിനപ്പെടുത്തി
ചുറ്റിനടക്കുന്ന ദുഷ്ടന്മാർ...

എന്നാൽ പോയിടത്തൊക്കെ ഞാൻ കണ്ടിട്ടുണ്ട്,
നേരം കിട്ടിയാൽ നൃത്തം ചെയ്യുന്ന മനുഷ്യരെ,
തങ്ങൾക്കോഹരി കിട്ടിയ തുണ്ടുനിലത്ത്
കൃഷി ചെയ്യുന്നവരെ, കളിക്കുന്നവരെ.

എവിടെയെങ്കിലും ചെന്നുപെട്ടാൽ
എവിടെയെത്തിയെന്നു തിരക്കാറില്ലവർ,
എവിടേയ്ക്കു യാത്ര പോകാനായാലും
അവർക്കുള്ളത് മുതുകൊടിഞ്ഞ കോവർകഴുതകൾ.

ഒഴിവുനാളോ പെരുന്നാളോ ആവട്ടെ,
തിരക്കു പിടിക്കാനവർക്കറിയില്ല,
വീഞ്ഞുണ്ടെങ്കിലവർ വീഞ്ഞു കുടിക്കും,
അതില്ലെന്നാണെങ്കിൽ വെറും പച്ചവെള്ളവും.

ഈ മനുഷ്യരാണ്‌ നല്ല മനുഷ്യർ,
സ്നേഹിക്കുന്നവർ, പണിയെടുക്കുന്നവർ, സ്വപ്നം കാണുന്നവർ.
പിന്നെ, മറ്റേതുനാളും പോലെയുള്ളൊരുനാൾ
മണ്ണിനടിയിൽ ചെന്നുകിടക്കുകയും ചെയ്യുമവർ.




അഭിപ്രായങ്ങളൊന്നുമില്ല: