ടെക്സസ് കടലോരത്ത്
മൊബൈലിനും ഗാൽവസ്റ്റണിനുമിടയിൽ
നിറയെ റോസാച്ചെടികളുമായൊരുദ്യാനം,
അതിലൊരു ബംഗ്ലാവുമുണ്ട്,
അതും സുന്ദരമായൊരു റോസാപ്പൂവു തന്നെ.
ഉദ്യാനത്തിലാരുമൊരുമിച്ചില്ലാതെ
ഒരു സ്ത്രീയുലാത്തുന്നതു ഞാൻ കാണാറുണ്ട്,
നാരകങ്ങളരികുവച്ച വഴിയിലൂടെ നടക്കുമ്പോൾ
ഞങ്ങളുടെ കണ്ണുകളിടയാറുമുണ്ട്.
മെന്നോനൈറ്റുകാരിയാണവളെന്നതിനാൽ
അവളുടെ റോസാച്ചെടികൾക്കു മൊട്ടുകളില്ല,
അവളുടെയുടയാടകൾക്കു ബട്ടണുകളുമില്ല.
രണ്ടു ബട്ടണുകൾ പറിഞ്ഞതാണെന്റെ ജാക്കറ്റ്,
അതിനാലൊരേ മതക്കാരാണു ഞങ്ങൾ-
ആ സ്ത്രീയും ഞാനും.
*
മെന്നോനൈറ്റ് Mennonite- പതിനഞ്ചാം നൂറ്റാണ്ടിൽ യൂറോപ്പിൽ ആരംഭിച്ച ഒരു ക്രിസ്ത്യൻ അവാന്തരവിഭാഗം. അവർ ഉടുപ്പുകളിൽ ബട്ടൺ വയ്ക്കാറില്ല.
Guillaume Apollinaire- പോളിഷ് വംശജനായ ഫ്രഞ്ച് കവിയും കഥാകൃത്തും കലാനിരൂപകനും. സറിയലിസത്തിനു തുടക്കമിട്ടവരിൽ ഒരാൾ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ