കവിതയിലെന്നപോലെ രാഷ്ട്രീയത്തിലും കറയറ്റ മാനുഷികതയ്ക്കും മനഃപൂർവ്വമായ മാനുഷികതയ്ക്കും സ്ഥനമില്ലെന്നാണ് എനിക്കു തോന്നുന്നത്. ആശ്വസിപ്പിക്കാൻ, സഹായിക്കാൻ, കുലീനമായ ഏതെങ്കിലും ബോദ്ധ്യത്തിനു പിന്തുണ നല്കാൻ ആഗ്രഹിക്കുന്ന കവിത ഒരുതരം ദൗർബ്ബല്യമായിരിക്കും; ആ ദൗർബ്ബല്യം ചിലനേരത്തു നമുക്കു ഹൃദയസ്പർശിയായി തോന്നിയെന്നും വരാം. ഉദാരവും ആർദ്രവുമായ ഒരുദ്ദേശ്യമല്ല കാര്യം, മറിച്ച്, നല്ലതും ചീത്തയും (നമുക്കവയെക്കുറിച്ചു വലിയ ഗ്രാഹ്യവുമില്ല) ആഗ്രഹിക്കാത്ത ഒരേകാധിപത്യത്തിന്റെ ശാസനത്തിനു കീഴടങ്ങലാണ്; നമ്മുടെ മനോവികാരങ്ങളെ, നമ്മുടെ ആശയങ്ങളെ, നമ്മുടെ അസ്തിത്വത്തെയാകെത്തന്നെ കൂടുതൽ മഹത്തായ മറ്റൊരു ക്രമത്തിനനുരൂപമായി പുനഃക്രമീകരിക്കാൻ അതു നമ്മെ ശാന്തമായി പ്രേരിപ്പിക്കുന്നു; ആ ക്രമമാവട്ടെ, നമ്മുടെ ഗ്രാഹ്യത്തിനു നിന്നുതരാത്ത അളവിൽ അത്രയ്ക്കു നമ്മെ അതിവർത്തിക്കുന്നതുമാണ്. സ്വാതന്ത്ര്യത്തിനോടുള്ള എന്റെ എതിർപ്പ് അത് മനുഷ്യനെ അങ്ങേയറ്റം പോയാൽ അവനു മനസ്സിലാകുന്ന ഒരു ഘട്ടം വരെ എത്തിക്കുന്നു, അതിനപ്പുറം ഒരിക്കലും പോകുന്നില്ല എന്നതിലാണ്. സ്വാതന്ത്ര്യം മാത്രം കൊണ്ടു കാര്യമില്ല; അവധാനപൂർവ്വവും നീതിപൂർവ്വവുമായി ഉപയോഗപ്പെടുത്തിയാൽത്തന്നെ അതു നമ്മെ പാതിവഴിയ്ക്കു വിട്ടുപോവുകയാണ്, നമ്മുടെ യുക്തിയുടെ ഇടുക്കിടത്തിൽ.
(അറേലിയ ഗല്ലറാറ്റി-സ്കോട്ടിയ്ക്ക് 1926 ജനുവരി 17ന് റില്ക്ക അയച്ച കത്തിൽ നിന്ന്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ