ഇന്നു കാലത്ത് തണുപ്പുണ്ടായിരുന്നു...
എന്നാലുച്ചയോടെ ചൂടു പിടിച്ചുതുടങ്ങി.
വടക്കുദിശയിൽ നീലിച്ച മേഘങ്ങൾ കൂമ്പാരം കൂടിയിരുന്നു.
ഞാനൊരു യോഗം കഴിഞ്ഞു വന്നതാണ്
-ക്ലാസ്സിക്കൽ ഭാഷകൾ പഠിപ്പിക്കുന്നതിനെക്കുറിച്ച് ഒരു ചർച്ച-
പുഴക്കരെ ഒരു ചങ്ങാതിയുമൊത്തിരിക്കുകയാണ് ഞാൻ;
തന്റെ വിഷമങ്ങൾ അവനെന്നോടു പറയണം.
പുഴയിൽ വെള്ളം താണിട്ടില്ല.
രണ്ടു കുട്ടികൾ കരയിലിരുന്നു വെള്ളത്തിലേക്കു കല്ലുകളെറിയുന്നു.
എനിക്കൊരുപദേശവും നല്കാനുണ്ടായിരുന്നില്ല...
പുഴയോരത്ത് ബഞ്ചുകളൊന്നുമില്ല,
രാത്രിയിലിറങ്ങുന്ന ആ തെമ്മാടികൾ പിന്നെയുമെടുത്തു വെള്ളത്തിലെറിഞ്ഞുകാണും.
സൂര്യൻ ഒരു മേഘത്തിനു പിന്നിലേക്കു വഴുതി.
ഞങ്ങൾ തണുത്തു മരവിയ്ക്കാൻ തുടങ്ങി.
ഞങ്ങളെഴുന്നേറ്റ് ടൗണിലേക്കു മടങ്ങി.
അവനൊരു വഴി കണ്ടുകാണും.
ഓട്ട്സും റൊട്ടിയും വാങ്ങാൻ ഞാനൊരു കടയിൽ കയറി.
ജൂൺ മാസമായിരുന്നു. വീട്ടിലേക്കു നടക്കുമ്പോൾ
ചെറുപ്പക്കാരായ മൂന്നു പട്ടാളക്കാർ റൂബിക് ക്യൂബുകൾ തിരിക്കുന്നതു ഞാൻ കണ്ടു.
എനിക്കൊരിക്കൽ ഫിജിയിൽ നിന്നൊരു പോസ്റ്റ്കാർഡ് വന്നിരുന്നു...
കരിമ്പ് വിളവെടുക്കുന്നതിന്റെ ചിത്രവുമായി.
സ്വതേ യാതൊന്നും അസാധാരണമോ ആകർഷകമോ അല്ലെന്ന്
എനിക്കന്നു ബോദ്ധ്യമായി.
നമ്മുടെ മുറ്റിക്കു തോട്ടത്തിൽ നിന്ന് ഉരുളക്കിഴങ്ങു കുഴിച്ചെടുക്കുന്നതും
വിറ്റി ലേവുവിൽ കരിമ്പു വെട്ടുന്നതും തമ്മിൽ ഒരു വ്യത്യാസവുമില്ല.
ഉള്ളതായിട്ടുള്ളതെല്ലാം വെറും സാധാരണമാണ്,
അഥവാ, സാധാരണവുമല്ല, അസാധാരണവുമല്ല.
വിദൂരദേശങ്ങളും അതിലെ ജനതയും ഒരു സ്വപ്നമാണ്,
ഉണരാതൊരാൾ കാണുന്ന ജാഗരസ്വപ്നം.
കവിതയുടെ കാര്യവും അതുതന്നെ.
ദൂരെ നിന്നു നോക്കുമ്പോൾ അതെന്തോ സവിശേഷമാണ്,
നിഗൂഢമാണ്, ഉത്സവസമാനമാണ്.
ഇല്ല, കവിതയ്ക്കില്ല, ഒരു കരിമ്പുതോട്ടത്തിനോ
ഉരുളക്കിഴങ്ങുപാടത്തിനോ ഉള്ളതിലേറെ സവിശേഷത.
കവിത അറക്കവാളിനടിയിൽ നിന്നുവരുന്ന ഈർച്ചപ്പൊടി പോലെയാണ്,
അല്ലെങ്കിൽ ചിന്തേരിടുമ്പോഴത്തെ മഞ്ഞിച്ച ചീവലുകളാണ്.
കവിത വൈകുന്നേരത്തെ കൈകഴുകലാണ്,
അല്ലെങ്കിൽ, മരിച്ചുപോയ എന്റെ അമ്മായി
മറക്കാതെന്റെ കീശയിൽ വച്ചുതന്നിരുന്ന
വൃത്തിയുള്ള തൂവാല.
മഴ പെയ്യാനുള്ള സാദ്ധ്യത
മഴ പെയ്യാനുള്ള സാദ്ധ്യത...മഴ പെയ്യാൻ സാദ്ധ്യതയുണ്ടെങ്കിൽ
സകലതിനും സാദ്ധ്യതയുണ്ട്: ചീര, പച്ചച്ചീര,
മുള്ളങ്കിയും ചതകുപ്പയും, കാരറ്റും ഉരുളക്കിഴങ്ങും പോലും,
പൂർണ്ണചന്ദ്രൻ വീണുതിളങ്ങുന്ന,
വവ്വാലുകൾ മേലേ പറക്കുന്ന കുളത്തിനു മേൽ
ശരപ്പക്ഷികൾ പോലും.
കുട്ടികൾ ബാഡ്മിന്റൺ കളി നിർത്തി വീട്ടിൽ കയറുന്നു.
പടിഞ്ഞാറായി ഒരു മൂടൽ കാണാനുണ്ട്.
എന്റെ കൈകാലുകളിലെ തളർച്ച പതിയെപ്പതിയെ
ശുഭാപ്തിവിശ്വാസമായി രൂപം മാറുന്നു.
കൊളോണിലേക്കു പറക്കാൻ ഒരു വിമാനം കടമെടുക്കുന്നതായി
ഞാൻ സ്വപ്നം കാണുന്നു.
ഞാനും വീട്ടിനുള്ളിലേക്കു പോകണം.
ആകാശം ഇരുണ്ടുതുടങ്ങിക്കഴിഞ്ഞു,
മരച്ചില്ലകൾക്കിടയിലൂടെ തിളങ്ങുന്ന ഒരർദ്ധചന്ദ്രൻ.
പെട്ടെന്നെനിക്കൊരു തോന്നലുണ്ടാവുന്നു,
ഒരാല്ക്കെമിസ്റ്റിന്റെ വാറ്റുഭരണിയാണു ഞാനെന്ന്,
ചൂട്, മടുപ്പ്, പ്രത്യാശ, പുതിയ ചിന്തകൾ-
ഇതെല്ലാമതിലുരുകിച്ചേരുകയാണെന്ന്,
വിചിത്രവും നാനാവർണ്ണവും നൂതനവുമായതൊന്നായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ