സാവധാനം, തുള്ളികളായി
മേല്പുരയ്ക്കു മേലിപ്പോഴും മരങ്ങൾ വളഞ്ഞുനില്ക്കുന്നു,
ഒരു കിടക്കയ്ക്കു മേൽ കുനിഞ്ഞുനില്ക്കുന്ന അമ്മൂമ്മമാരെപ്പോലെ.
മുറികളിലൂടെ നാം കയറിയിറങ്ങുമ്പോൾ ഒരു പിറുപിറുക്കൽ,
ഒരു നെടുവീർപ്പ്, അവ്യക്തമായ പ്രാർത്ഥനകളും കഥകളും.
സാവധാനം, തുള്ളികളായി നമ്മുടെ പേരുകളിറ്റുവീഴുന്നു,
ആവിയുറയുന്ന ജനാലച്ചില്ലുകളിലൂടെ.
ഒരിക്കൽ നാം ജീവിച്ചിരുന്നു, ഇവിടെ;
ഇനിയൊരിക്കലും നാം വരികയുമില്ല, ഇവിടെ.
*
ഉലുംബോ, ഒരു പൂച്ച
നമ്മെപ്പോലെ അവനുമുണ്ടായിരുന്നു,
വിചിത്രമായ ചില ശീലങ്ങൾ,
അതിലും കൂടുതലായി ഉദാസീനത.
മഞ്ഞുകാലത്തവനിഷ്ടമായിരുന്നു,
അടുപ്പിൻമൂടുകൾ,
വേനല്ക്കാലത്തു കുഞ്ഞിക്കിളികളും.
അസുഖം പിടിച്ചപ്പോളവനുദാസീനനായിരുന്നു,
നമ്മോടെന്നപോലെ മരണത്തോടും.
മരിക്കൽ, അതവൻ തനിയേ ചെയ്തു.
Rutger Kopland (1934-2012) - പേരു കേട്ട ന്യൂറോളജിസ്റ്റ് കൂടിയാണ് നെതർലൻഡ്സിൽ ഏറ്റവുമധികം വായിക്കപ്പെടുന്ന കവികളിൽ ഒരാളായ റട്ജെർ കോപ്പ്ലാൻഡ്.
1 അഭിപ്രായം:
👍🏻
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ