2024, ജൂലൈ 12, വെള്ളിയാഴ്‌ച

വീസ്വാവ ഷിംബോർസ്ക - നമ്മൾ പറ്റിയ്ക്കപ്പെട്ടു!



പിറന്ന പാടേ പരാശ്രയം കൂടാതെ ജീവിക്കാനുള്ള സന്നദ്ധത പ്രകടിപ്പിക്കുന്ന ജീവിവർഗ്ഗങ്ങൾ എത്രയാണ്‌! ഇതിനവയെ സഹായിക്കുന്നത് നമുക്കു സങ്കല്പിക്കാൻ പോലുമാകാത്ത ഒരു നാഡീവ്യൂഹവും വർഷങ്ങൾ നീണ്ട കഠിനപ്രയത്നത്തിലൂടെ മാത്രം നമുക്കാർജ്ജിക്കാൻ കഴിയുന്ന സഹജമായ കഴിവുകളുമാണ്‌. വിസ്മയാവഹമായ ഒരായിരം സവിശേഷഗുണങ്ങളാണ്‌ പ്രകൃതി നമ്മിൽ നിന്നപഹരിച്ചുകളഞ്ഞത്. അതിനു പകരമായി ബുദ്ധി എന്നൊരു സംഗതി അവൾ നമുക്കു തന്നിട്ടുണ്ട് എന്നതു സത്യം തന്നെ; അതോടൊപ്പം നമുക്കു ലോകത്തു പിഴച്ചുപോകാനുള്ള മുഖ്യോപാധിയാണതെന്ന കാര്യം അവൾ മറന്നുപോയപോലെയും തോന്നുന്നു. അതവൾക്കോർമ്മയുണ്ടായിരുന്നെങ്കിൽ കുറേയധികം അടിസ്ഥാനവിവരങ്ങൾ  നമ്മുടെ പാരമ്പര്യമേഖലയിലേക്ക് അവൾ മാറ്റിയിടുമായിരുന്നു. തലച്ചോറിൽ വരഞ്ഞിട്ട ഗുണനപ്പട്ടികകളുമായിട്ടാണ്‌ നാം ജനിക്കുന്നതെങ്കിൽ അതെത്ര ന്യായമാകുമായിരുന്നു; അതുപോലെ നമ്മുടെ അച്ഛനമ്മമാരുടെയെങ്കിലും ഭാഷ സംസാരിച്ചുകൊണ്ടാണ്‌ നാം പുറത്തേക്കു വരുന്നതെങ്കിലും: നമുക്കപ്പോൾ യോഗ്യമായ ഒരു ഗീതകം എടുത്തുപൂശാമായിരുന്നു, അല്ലെങ്കിൽ നിന്ന നില്പിൽ തരക്കേടില്ലാത്ത ഒരു മുഖ്യപ്രഭാഷണം തൊടുത്തുവിടാമായിരുന്നു. എങ്കിൽ സൈദ്ധാന്തികവിചിന്തനത്തിന്റെ ഉന്നതമേഖലയിൽ ഏതു ശിശുവിനും കിട്ടുമായിരുന്നു, ഒരു മികച്ച തുടക്കം. ജീവിതത്തിന്റെ മൂന്നാം വർഷം അവൻ എന്നെക്കാൾ മികച്ച ലേഖനങ്ങൾ എഴുതിവിടുമായിരുന്നു, ഏഴാമത്തെ വയസ്സിൽ “ജന്മവാസനയോ അനുഭവമോ?” എന്ന പുസ്തകത്തിന്റെ രചയിതാവും ആകുമായിരുന്നു. എന്റെ പരാതികൾ സാഹിത്യജീവിതത്തിന്റെ പംക്തികളിൽ പരസ്യമാക്കുന്നതുകൊണ്ട് കാര്യങ്ങൾക്കൊന്നും മാറ്റമുണ്ടാകാൻ പോകുന്നില്ല എന്നെനിക്കറിയാം. എന്നാലും ഒരു മുഷിച്ചിൽ തോന്നുന്നതൊഴിവാക്കാൻ എനിക്കു കഴിയുന്നില്ല. ജന്തുക്കളെ കണ്ണില്ലാതെ കാണാനും തൊലിയിലൂടെ കേൾക്കാനും  കാറ്റിന്റെ അനക്കം പോലുമില്ലെങ്കിലും അപകടം മണത്തറിയാനും സഹായിക്കുന്ന വിസ്മയാവഹമായ നാഡീപടലത്തെക്കുറിച്ച് എത്ര വിശദമായ വിവരണമാണ്‌ ഡ്രോഷർ നല്കുന്നത്. ഇതെല്ലാം വാസനാപ്രേരിതമായ പ്രവൃത്തികൾ എന്ന സമൃദ്ധമായ അനുഷ്ഠാനത്തിന്റെ ഭാഗവുമാണ്‌...ഓരോ സഹജവാസനയും അസൂയാർഹമായിട്ടാണ്‌ എനിക്കു തോന്നിയിട്ടുള്ളത്; എന്നാൽ അതിൽ ഒരെണ്ണം എന്റെ അങ്ങേയറ്റത്തെ അസൂയയ്ക്കു പാത്രമാണ്‌: പ്രഹരം നിർത്തിവയ്ക്കുക എന്നാണ്‌ ആ വാസനയുടെ പേര്‌. മൃഗങ്ങൾ പലപ്പോഴും സ്വന്തം വർഗ്ഗത്തിന്റെ അതിരുകൾക്കുള്ളിൽ നിന്നാണ്‌ പൊരുതുക; അവയുടെ കലഹങ്ങൾ പ്രായേണ ചോര ചിന്താതെയാണ്‌ അവസാനിക്കുകയും. ഒരു പ്രത്യേകനിമിഷത്തിൽ ഒരു പ്രതിയോഗി പിന്മാറുകയാണ്‌; അതോടെ അതവസാനിക്കുകയും ചെയ്യും. നായ്ക്കൾ അന്യോന്യം തിന്നാറില്ല, കിളികൾ മറ്റു കിളികളെ കൊത്തിക്കീറാറില്ല, കലമാനുകൾ സഹജീവികളെ കൊമ്പിൽ കോർക്കാറുമില്ല. അതവ സഹജമായിത്തന്നെ സൗമ്യശീലരായതുകൊണ്ടല്ല. പ്രഹരത്തിന്റെ ശക്തിക്കോ  താടിയെല്ലുകളുടെ അമർത്തലിനോ അതിരു വയ്ക്കുന്ന യാന്ത്രികഘടനയുടെ പ്രവർത്തനം മാത്രമാണത്. ഈ ജന്മവാസന ഇല്ലാതാകുന്നത് ബന്ധനത്തിലാണ്‌; കൃത്രിമമായി സൃഷ്ടിച്ചെടുത്ത വർഗ്ഗങ്ങളിൽ പലപ്പോഴുമിത് വികാസം പ്രാപിക്കാറുമില്ല. രണ്ടും ഫലത്തിൽ ഒന്നുതന്നെ.


( Vitus B. Droscher ജർമ്മനിലെഴുതിയ Instinct or Experience എന്ന പുസ്തകത്തിന്റെ പോളിഷ് വിവർത്തനത്തിനെഴുതിയ നിരൂപണം. അവശ്യമല്ലാത്ത വായന എന്ന പുസ്തകത്തിൽ നിന്ന്. )

അഭിപ്രായങ്ങളൊന്നുമില്ല: