വാങ്ങുന്ന എല്ലാ പുസ്തകങ്ങളും നിങ്ങൾ വായിച്ചിരിക്കണം എന്നു ചിന്തിക്കുന്നത് വിഡ്ഢിത്തമാണ്; അതുപോലെ വിഡ്ഢിത്തമാണ് തങ്ങൾക്കെന്നെങ്കിലും വായിച്ചുതീർക്കാൻ കഴിയുന്നതിനെക്കാളധികം പുസ്തകങ്ങൾ വാങ്ങിക്കൂട്ടുന്നവരെ വിമർശിക്കുന്നതും.
പുതിയ കട്ലറിയോ കപ്പുകളോ സ്ക്രൂഡ്രൈവറോ ഡ്രിൽ ബിറ്റോ വാങ്ങുന്നതിനു മുമ്പ് പഴയതെല്ലാം ഉപയോഗിച്ചുകഴിഞ്ഞിരിക്കണം എന്നു പറയും പോലെയാണത്.
ഒരംശമേ ഉപയോഗപ്പെടുത്തുന്നുള്ളുവെങ്കിലും സമൃദ്ധമായി നമ്മുടെ കൈവശം ഉണ്ടായിരിക്കേണ്ട കാര്യങ്ങൾ പലതും ജീവിതത്തിലുണ്ട്.
ഉദാഹരണത്തിന്, പുസ്തകങ്ങളെ മരുന്നായി നാം കാണുകയാണെങ്കിൽ ചിലതിനു പകരം പലതും വീട്ടിലുണ്ടായിരിക്കുന്നതാണ് നല്ലതെന്ന് നമുക്കറിയാം. ഒരസുഖം തോന്നിയാൽ നിങ്ങൾ നേരേ പോയി വീട്ടിലെ ‘മരുന്നലമാര’ തുറക്കുന്നു, ഒരു പുസ്തകം നോക്കിയെടുക്കുന്നു. കണ്ണുമടച്ച് ഒരെണ്ണമെടുക്കുകയല്ല, ആ സമയത്തിനുചിതമായതൊന്ന് നോക്കിയെടുക്കുകയാണ് നിങ്ങൾ ചെയ്യുന്നത്. അതുകൊണ്ടാണ് തിരഞ്ഞെടുക്കാൻ പാകത്തിൽ ഒരു വൈവിദ്ധ്യം എപ്പോഴും നിങ്ങളുടെ കൈവശം ഉണ്ടായിരിക്കണം എന്നു പറയുന്നത്.
ഒരു പുസ്തകം മാത്രം വാങ്ങുകയും വായിച്ചുതീർത്തിട്ട് അത് കയ്യൊഴിയുകയും ചെയ്യുന്നവർ ഉപഭോഗമെന്ന ചിന്താഗതിയോടെയാണ് പുസ്തകത്തെ കാണുന്നത്; എന്നുപറഞ്ഞാൽ, അവരതിനെ ഉപഭോഗത്തിനുള്ള ഒരുല്പന്നമായി, ഒരു ചരക്കായി കാണുന്നു.
അങ്ങനെയൊരു കച്ചവടച്ചരക്കല്ല പുസ്തകമെന്ന് പുസ്തകങ്ങളെ സ്നേഹിക്കുന്നവർക്കറിയാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ