2024, ജൂലൈ 12, വെള്ളിയാഴ്‌ച

റാഹേൽ ലെവിൻ വേൺഹഗെൻ - വിവർത്തനം

 "വിവർത്തനം" എന്ന വാക്കു കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് മൂലരചന ജനിപ്പിക്കുന്ന അതേ മനോഭാവവും ധാരണകളും ലക്ഷ്യഭാഷയിൽ ഉണർത്തിവിടുക എന്നതല്ലാതെ മറ്റൊന്നുമല്ല. പദാനുപദതർജ്ജുമ അസാദ്ധ്യമാണെന്നുതന്നെ ഞാൻ കരുതുന്നു: കാരണം, രണ്ടു ഭാഷകൾ ഒരുപോലെയാവുക എന്നതില്ലല്ലോ. ശരിക്കും അക്ഷരാർത്ഥത്തിലുള്ള പകർച്ച നിഘണ്ടുവിൽ കാണാം; അതുകൊണ്ടുതന്നെ അത് വാക്കുകളുടെ വെറുമൊരു ഭണ്ഡാരം മാത്രമാണ്; അതിലധികം പ്രാധാന്യമോ ഫലമോ അതിനില്ല.

പാർനിയുടെ ഹ്രസ്വമായ സംവാദം വായിച്ചപ്പോൾ, എത്ര ഭംഗിയായിട്ടാണ് അതെഴുതിയിരിക്കുന്നതെന്നു കണ്ടപ്പോൾ, ഞാൻ കരുതിയതിലും ഗഹനമാണ് അതെന്നും കണ്ടപ്പോൾ ആ തരം വിചാരങ്ങൾ ഒരു യൂറോപ്യൻ ഭാഷയിലേ പ്രകാശിപ്പിക്കാൻ കഴിയുകയുള്ളു  എന്ന് ഒരു നിമിഷം എനിക്കു തോന്നിപ്പോയി; മറ്റുള്ളവർക്കു പ്രയോജനപ്പെടുന്ന രീതിയിൽ അതെന്തുകൊണ്ട് നമ്മുടെ ഭാഷയിലേക്കു പകർത്തിക്കൂടാ എന്നും എനിക്കു വിചാരമുണ്ടായി. ഫ്രഞ്ചുഭാഷയോട് അത്രയ്ക്കുമൊരു മമത എനിക്കുള്ളതിനാൽ എനിക്കതു വിവർത്തനം ചെയ്യാൻ കഴിയുമെന്നും ഞാനതു ചെയ്യണമെന്നും ഞാൻ ചിന്തിച്ചു. വിവർത്തനത്തെക്കുറിച്ചും അതിൽ എനിക്കുള്ള പാടവത്തെക്കുറിച്ചുമുള്ള സംശയങ്ങളും മറ്റൊരു പ്രചോദനമായി. ആ ചെറിയ സംവാദം ഒറ്റനോട്ടത്തിൽത്തന്നെ ഞാൻ വിവർത്തനം ചെയ്തു, സ്വന്തമായി എഴുതുന്നപോലെ, എന്നു പറയാം. പാർനി എഴുതിയതിൻ്റെ സാരാംശം വിവർത്തനത്തിൽ കൊണ്ടുവരുന്നതിൽ ഞാൻ വിജയിച്ചു എന്നെനിക്കു തോന്നി- ഒരുവിധം ഭംഗിയായിട്ടുതന്നെ എന്നും. ഇതും കൂടി കേൾക്കൂ! ഞാൻ സ്വയം പറഞ്ഞു: ഒരു മുൻപരിചയവുമില്ലാതെ ഇത്ര വേഗത്തിലും മനസ്സിലാകുന്ന വിധത്തിലും വിവർത്തനം ചെയ്യാൻ തനിക്കു കഴിയുമോ? അക്കാര്യത്തിൽ തനിക്കെന്തെങ്കിലും കഴിവുണ്ടോയെന്ന് നമുക്കു നോക്കാം, റബേക്ക കൂടുതൽ നന്നായി അതു ചെയ്യുമെങ്കിൽ. തൻ്റെ വിവർത്തനമാണ് കൂടുതൽ നല്ലതെങ്കിൽ തനിക്കതിനുള്ള കഴിവുണ്ടെന്നും വരുമല്ലോ. എൻ്റെ വിവർത്തനോദ്യമം ഞാൻ എനിക്കു മുന്നിൽ വച്ച വലിയൊരു വെല്ലുവിളിയുമായിരുന്നു: കാരണം, ഇക്കാലത്ത് വിവർത്തനം വലിയൊരു ചർച്ചാവിഷയമാണല്ലോ; ഞാനതിൽ ഒരു കൈ നോക്കിയിട്ടുമില്ല. അറിയാമോ, എൻ്റെ വിവർത്തനമായിരുന്നു തമ്മിൽ ഭേദം; അതിനാൽ എനിക്കതിനുള്ള കഴിവുണ്ടെന്നും തെളിഞ്ഞു. ഞാനത് തുടർന്നുകൊണ്ടു പോകണോ? അയ്യോ ദൈവമേ, എനിക്കെന്നെ നന്നായറിയാം! ഒരുതരം അനായാസത എനിക്കുണ്ടെന്നതു ശരിതന്നെ; അതൊന്നു നന്നാക്കാൻ നോക്കിയാൽ, അതിനൊരു വഴിയുമില്ല! എൻ്റെ കഴിവിനെ വികസിപ്പിച്ചെടുക്കാൻ വേണ്ട ആ സംഗതി എൻ്റെ കയ്യിലില്ല. സാദ്ധ്യതകൾ എന്ന പേരിൽ പലതും പ്രകൃതി എനിക്കു ദാനം ചെയ്തിരുന്നു; മറ്റെല്ലാ ദേവകളും പക്ഷേ, എൻ്റെ ജനനവേളയിൽ എന്നെ അനുഗ്രഹിച്ചത് അവരുടെ അസാന്നിദ്ധ്യം കൊണ്ടായിരുന്നു...

*റാഹേൽ ലെവിൻ വേൺഹഗെൻ 1807 ജനുവരി 1ന് റെജിന ഫ്രോഹ്ബെർഗിനയച്ച കത്തിൽ നിന്ന്.  


ജീവിതം എന്നു നാം വിളിക്കുന്നതിനെക്കുറിച്ച്, അതു ശരിക്കും എന്താണെന്നതിനെക്കുറിച്ച് ഒരു ഗ്രാഹ്യം കിട്ടാൻ നാമതിൻ്റെ തുടക്കവും ഒടുക്കവും പരിചിന്തനത്തിനു വിധേയമാക്കണമെന്നില്ല; ചിതറിക്കിടക്കുന്ന അനുഭൂതികളും ബൗദ്ധികവും വൈകാരികവുമായ ഉൾക്കാഴ്ചകളും കൊയ്തുകൂട്ടണമെന്നുമില്ല. കുട്ടികളാണ് യഥാർത്ഥത്തിൽ ജീവിക്കുന്നത്, ജീവിതത്തെ വഴുതിപ്പോകാൻ വിടുന്നവരും. അല്ലാതെ, സ്വയംതൃപ്തരും വീമ്പുപറച്ചിലുകാരുമല്ല; അവർ ജീവിക്കുന്നതേയില്ല; ശവമടക്കിനു പാകത്തിൽ തങ്ങളുടെ ജീവിതനേട്ടങ്ങളുടെ വ്യക്തമായ ചിത്രം വരച്ചിടുന്നവരുമല്ല. ജീവിതമെന്ന അത്ഭുതത്തെ നിർമ്മമരായി നോക്കിക്കാണാൻ കഴിയുന്നവരാണ് ഭാഗ്യവാന്മാർ: ഒരു മുൻധാരണയുമില്ലാതെ അന്നന്നത്തെ ജീവിതത്തെ പഠിക്കാൻ ശ്രമിക്കുന്നവർ; തങ്ങളുടെ ബാല്യകാലാനുഭൂതികളുടെ അല്പാംശമെങ്കിലും നിലനിർത്തുന്നവർ- അവർക്കാണതിൽ ഒരു മുറുക്കിപ്പിടുത്തം കിട്ടുക! ഇങ്ങനെയൊക്കെയാണെങ്കിൽക്കൂടി മാലാഖ പോലുള്ള ഒരു കുഞ്ഞിൻ്റെ മരണത്തിൽ നാം എന്തുമാത്രം കണ്ണീരൊഴുക്കില്ല!

(1832 ഡിസംബർ 30, ഞായറാഴ്ച രാവിലെ 10 മണി)



Rahel 
Levin Varnhagen (1771-1833) ബർലിനിലെ പ്രശസ്തമായ ഒരു സൗഹൃദക്കൂട്ടായ്മയുടെ ആതിഥേയ ആയിരുന്നു. ജർമ്മൻ സാഹിത്യചരിത്രത്തിൽ അവരുടെ സ്ഥാനം വലിയൊരു കത്തെഴുത്തുകാരി എന്ന നിലയ്ക്കാണ്. രാജാക്കന്മാരും തത്വചിന്തകരും കവികളും കുടുംബാംഗങ്ങളും വീട്ടിലെ പാചകക്കാരിയുമുൾപ്പെടെ മുന്നൂറോളം പേർക്കായി പതിനായിരത്തിലധികം കത്തുകൾ അവർ എഴുതിയിട്ടുണ്ട്. ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു മതന്യൂനപക്ഷത്തിൽപ്പെട്ട സ്ത്രീ എന്നതിൻ്റെ കൂടെ വിസ്മയിപ്പിക്കുന്ന ഒരു ലാഘവത്തോടെ ചിന്തകളെ വാക്കുകളിലേക്കു പകർത്താനുള്ള കഴിവും അവരെ ജർമ്മൻ സാഹിത്യത്തിൽ വേർതിരിച്ചുനിർത്തുന്നു. ഹന്ന ആരെൻ്റ് എഴുതിയ Rahel Varnhagen: The Life of a Jewess (1957) എന്ന പ്രശസ്തമായ  ജീവചരിത്രം   അവരെക്കുറിച്ചുള്ളതാാണ്.

*പാർനി- Évariste de Parny (1753-1814)- മഡഗാസ്കറിൽ ജനിച്ച ഫ്രഞ്ച് കവിയും എഴുത്തുകാരനും

അഭിപ്രായങ്ങളൊന്നുമില്ല: