2016, ജനുവരി 10, ഞായറാഴ്‌ച

കാഫ്ക - എഴുത്തുകാരനും ചിത്രകാരനും



1915 ഒക്റ്റോബർ 25
സർ,
രൂപാന്തരത്തിന്റെ പുറംചട്ടയ്ക്കായി ഓട്ടോമർ സ്റ്റാർക്ക് ഒരു ചിത്രം തയാറാക്കാൻ പോവുകയാണെന്ന് താങ്കൾ സൂചിപ്പിക്കുകയുണ്ടായല്ലോ. ആ ചിത്രകാരന്റെ ശൈലിയെക്കുറിച്ച് എനിക്കുള്ള അറിവു വച്ചു നോക്കിയപ്പോൾ അങ്ങനെയൊരു സംഭാവ്യത ചെറുതായൊരു ഭീതി, അതിനി അനാവശ്യമാണെന്നും വരാം, എനിക്കുണ്ടാക്കിയെന്നു പറയട്ടെ. അദ്ദേഹം ഒരു കീടത്തെ അതേപോലെ വരച്ചുവയ്ക്കുമെന്ന് എനിക്കു തോന്നിപ്പോയി. അതു വേണ്ട, ദയവു ചെയ്ത് അതു വേണ്ട! ഞാൻ അദ്ദേഹത്തിനു നിയന്ത്രണങ്ങൾ വയ്ക്കുകയല്ല, ആ കഥയെക്കുറിച്ച് എനിക്കുള്ള ആഴമേറിയ അറിവിൽ നിന്ന് ഇങ്ങനെയൊരു അഭ്യർത്ഥന വയ്ക്കുകയാണെന്നു മാത്രം. കീടത്തെ അതേപോലെ ചിത്രീകരിക്കരുത്. ദൂരെ നിന്നുള്ള കാഴ്ചയായിപ്പോലുമരുത്. ഇനിയഥവാ, അങ്ങനെയൊന്നുമല്ല അദ്ദേഹത്തിന്റെ മനസ്സിലുള്ളതെന്നും, അതിനാൽ എന്റെ അഭ്യർത്ഥന ചെറിയൊരു പുഞ്ചിരിയോടെ തള്ളികളയാവുന്നതേയുള്ളു എന്നും വരാം- എങ്കിൽ അത്രയും നല്ലത്. എങ്കില്ക്കൂടി എന്റെ അപേക്ഷ അദ്ദേഹത്തെ ഒന്നറിയിക്കുകയാണെങ്കിൽ, താങ്കൾ അതൊന്നുകൂടി ഊന്നിപ്പറയുകയാണെങ്കിൽ ഞാൻ എത്രയും നന്ദിയുള്ളവനായിരിക്കും. ചിത്രത്തെക്കുറിച്ച് എന്റെ ചില നിർദ്ദേശങ്ങൾ പറയാനാണെങ്കിൽ, ഈ പറയുന്ന രംഗങ്ങളാവും ഞാൻ തിരഞ്ഞെടുക്കുക: അടച്ചിട്ട വാതിലിനു മുന്നിൽ നില്ക്കുന്ന അച്ഛനമ്മമാരും ഹെഡ്ക്ലർക്കും; അതിലും ഭേദമായിരിക്കും വെളിച്ചമുള്ള മുറിയിൽ അച്ഛനമ്മമാരും പെങ്ങളുമിരിക്കുന്നത്; ഇരുട്ടിലാണ്ട അടുത്ത മുറിയിലേക്കുള്ള വാതിൽ തുറന്നുകിടക്കുകയുമാണ്‌.
തിരുത്തിയ കോപ്പിയും പുസ്തകാഭിപ്രായങ്ങളും കിട്ടിക്കാണുമെന്നു കരുതുന്നു.
വിശ്വാസപൂർവം,
ഫ്രാൻസ് കാഫ്ക.


തന്റെ രൂപാന്തരം എന്ന പുസ്തകത്തിന്റെ പ്രസാധകരായ കുർട് വോൾഫ് വെർലാഗിന്‌ കാഫ്ക അയച്ച കത്ത്. തന്റെ രചനയ്ക്ക് മോശമല്ലാത്തൊരു ഭൗതികരൂപം കിട്ടണമെന്ന എഴുത്തുകാരന്റെ ന്യായമായ ആഗ്രഹം പലപ്പോഴും വിലപ്പോകാറില്ല, ചില വായനക്കാരുടെ മുന്നിൽപ്പോലും. എഴുത്തുകാരൻ അതുമാതിരിയുള്ള കാര്യങ്ങളിൽ താല്പര്യമെടുക്കുന്നത് അയാളുടെ വില കെടുത്തുമെന്ന് അവർ വാദിച്ചുകളയും! എന്തായാലും ഇവിടെ ചിത്രകാരൻ എഴുത്തുകാരനെ അത്രയ്ക്കങ്ങു നിരാശനാക്കിയില്ലെന്നു തോന്നുന്നു; ഇങ്ങനെയൊരു പുറംചട്ടയാണ്‌ സ്റ്റാർക്ക് തയാറാക്കിയത്.

അഭിപ്രായങ്ങളൊന്നുമില്ല: