2016, ജനുവരി 16, ശനിയാഴ്‌ച

കാഫ്ക - പാലം


 

തണുത്തതും മരച്ചതുമായിരുന്നു ഞാൻ, ഒരു പാലമായിരുന്നു ഞാൻ, ഒരു കൊക്കയ്ക്കു മേൽ കിടക്കുകയായിരുന്നു ഞാൻ. ഒരു വശത്ത്‌ എന്റെ കാൽവിരലുകൾ ആണ്ടിറങ്ങി, മറുവശത്ത്‌ കൈകളും; അടരുന്ന കളിമണ്ണിൽ പല്ലുകൾ കൊണ്ടു ഞാൻ കടിച്ചുപിടിച്ചു. എന്റെ കോട്ടിന്റെ തുമ്പുകൾ ഇരുവശത്തുമായി പാറിക്കിടന്നു. അങ്ങു താഴെയായി സാൽമൺമീനുകൾ നിറഞ്ഞ, തണുത്തൊരരുവി ബഹളം വച്ചൊഴുകുന്നു. കടക്കാനരുതാത്ത ഈ മലകളിലേക്ക്‌ ഒരു സഞ്ചാരിയും ഇതേവരെ തെന്നിയെത്തിട്ടില്ല, ഒരു ഭൂപടത്തിലും ഈ പാലം വരച്ചു ചേർത്തിട്ടുമില്ല. അങ്ങനെ ഞാൻ കാത്തുകിടന്നു, കത്തുകിടന്നേ പറ്റൂ. ഒരു പാലമിട്ടാൽ അതുപിന്നെ പാലമല്ലാതെയാകണമെങ്കിൽ അതു പൊളിഞ്ഞുവീഴണം.

ഒരുദിവസം സന്ധ്യയോടടുപ്പിച്ച്‌-അതാദ്യത്തേതാണോ അതോ ആയിരാമത്തേതോ? എനിക്കറിയില്ല, എനിക്കൊരു പിടിയും കിട്ടുന്നില്ല; എന്റെ ചിന്തകൾ ആകെ കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണ്‌, വൃത്തത്തിലാണതിന്റെ സഞ്ചാരം. ഒരു വേനൽക്ക്‌, സന്ധ്യനേരത്ത്‌, അരുവിയുടെ ഗർജ്ജനത്തിനു കനം വച്ചുമിരിക്കുന്നു, ആരോ നടന്നടുക്കുന്നതു ഞാൻ കേട്ടു! എന്നിലേക്ക്‌, എന്നിലേക്ക്‌. നിവർന്നു കിടക്കുക, പാലമേ, കൈവരിയില്ലാത്ത തുലാങ്ങളേ, നിങ്ങളുടെ കൈകളിലേൽപ്പിക്കുന്ന യാത്രക്കാരനെ താങ്ങി നിർത്താൻ തയ്യാറായിക്കോളൂ. അയാളുടെ കാലുകൾ ഉറയ്ക്കുന്നില്ലെങ്കിൽ അയാളറിയാതെ തന്നെ അവയെ നേരേ പിടിച്ചു നിർത്തുക; അയാൾ തടഞ്ഞുവീഴാൻ പോവുകയാണെങ്കിൽപ്പക്ഷേ, നീ നിന്റെ തനിസ്വരൂപമെടുക്കുക, ഒരു മലദൈവത്തെപ്പോലെ അയാളെ കരയിലേക്കെടുത്തെറിയുക.

അയാൾ വന്നു, തന്റെ വടിയുടെ ഇരുമ്പു പിടിപ്പിച്ച കൂർത്ത അഗ്രം കൊണ്ട്‌ എന്നെ ഒന്നു തട്ടിനോക്കി, എന്നിട്ടുപിന്നെ അതു കൊണ്ട്‌ എന്റെ കോട്ടിന്റെ തുമ്പുകൾ പിടിച്ച്‌ നേരെ മടക്കിയിടുകയും ചെയ്തു. അയാൾ കുറേ നേരം തന്റെ വടിയുടെ അറ്റം എന്റെ കാടു പിടിച്ച മുടിയിൽ കുത്തിനിർത്തി; അങ്ങനെ നിന്നു ചുറ്റും നോക്കിയപ്പോൾ അയാൾ എന്റെ കാര്യം മറന്നുപോയതാവാം. അപ്പോഴാണ്‌-മനസ്സു കൊണ്ട്‌ അയാളുടെ പിന്നാലെ കാടുകളും തടങ്ങളും താണ്ടുകയായിരുന്നു ഞാൻ-അയാൾ രണ്ടുകാലുമുയർത്തിക്കൊണ്ട്‌ എന്റെ നടുവിലേക്കൊരു ചാട്ടം. വേദന കൊണ്ടു ഞാൻ നടുങ്ങിപ്പോയി. എന്താണു സംഭവിച്ചതെന്ന് എനിക്കു മനസ്സിലായതുമില്ല. ആരാണിത്‌? കുട്ടിയോ?

സ്വപ്നമോ? വഴിയാത്രക്കാരനോ? ആത്മഹത്യ ചെയ്യാൻ വന്നവനോ? പ്രലോഭിപ്പിക്കാൻ വന്നവനോ? നശിപ്പിക്കാൻ വന്നവനോ? അയാളെ നോക്കാനായി ഞാൻ തലയൊന്നു തിരിച്ചു. പാലം തിരിഞ്ഞുനോക്കുകയോ! മുഴുവനായി തിരിയുന്നതിനു മുമ്പുതന്നെ, ഞാൻ പൊളിഞ്ഞു വീഴാൻ തുടങ്ങിയിരുന്നു. വീണ ഞാൻ കുതിച്ചൊഴുകുന്ന വെള്ളത്തിനിടയിൽക്കിടന്ന് എപ്പോഴുമെന്നെ ശാന്തരായി നിരീക്ഷിച്ചിരുന്ന കൂർത്ത പാറക്കല്ലുകളിലിടിച്ചു ചീളുകളായി കോർത്തുകിടക്കുകയും ചെയ്തു.


മനുഷ്യജീവിതത്തെ താങ്ങിനിർത്താനും സുരക്ഷിതമായ യാത്ര ഒരുക്കാനുമുള്ള ആത്മവിശ്വാസം കഥയുടെ ആരംഭത്തിൽ പാലത്തിനുണ്ട്. പക്ഷേ കലഹക്കാരനും ശ്രദ്ധയില്ലാത്തവനുമായ ഒരു മനുഷ്യവർഗ്ഗപ്രതിനിധിയെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ പാലത്തിന്‌ അതിന്റെ ആത്മവിശ്വാസവും ബലവും നഷ്ടപ്പെടുകയാണ്‌. ഒടുവിൽ തന്റെ യാതനയുടെ ഉറവിടം ഏതെന്നു കണ്ടുപിടിക്കാനുള്ള അന്വേഷണം തന്നെ അതിന്റെ നാശത്തിനും കാരണമാവുകയാണ്‌. അങ്ങനെയൊരു ശ്രം അതു നടത്താതിരുന്നെങ്കിൽ നിസ്സാരമെങ്കിലും സമാധാനപൂർണ്ണമായ തന്റെ അസ്തിത്വം അതിനു തുടർന്നുകൊണ്ടു പോകാമായിരുന്നു. പക്ഷേ കാഫ്കയുടെ കാര്യത്തിൽ എപ്പോഴുമെന്നപോലെ, ആത്മവിശ്വാസവും ബലവുമുള്ള ഒരു ജീവിതത്തിനു വിഘാതമാവുകയാണ്‌ വിശകലനവ്യഗ്രതയും ആത്മപരിശോധനയും. കാഫ്കയുടെ ഹതാശവും പ്രതീക്ഷയറ്റതുമായ ലോകത്ത് പാലത്തെപ്പോലെ ഉറപ്പുള്ളതും വിശ്വാസമർപ്പിക്കാവുന്നതുമായ ഒരു നിർമ്മിതി പോലും സന്ദിഗ്ധാവസ്ഥയിലാകുന്നു. (Philip Grundlehner)


Kafka - The Bridge

അഭിപ്രായങ്ങളൊന്നുമില്ല: