കൊല നടന്നത് താഴെ വിവരിക്കും പ്രകാരമാണെന്നാണ് തെളിവുകള്‍ കാണിക്കുന്നത്:
നിലാവുള്ള ആ രാത്രി ഒമ്പതുമണിയോടടുപ്പിച്ച് കൊലയാളിയായ ഷ്‌മാര്‍, വധിക്കപ്പെട്ട വെയ്‌സ് തന്റെ ഓഫീസ് നില്‌ക്കുന്ന തെരുവില്‍ നിന്ന് താന്‍ താമസിക്കുന്ന തെരുവിലേക്കു തിരിയുന്ന മൂലയ്‌ക്കു നിലയുറപ്പിച്ചു.
ആരുടെയും മജ്ജ മരവിപ്പിക്കുന്ന രാത്രിയിലെ തണുത്ത അന്തരീക്ഷം. എന്നിട്ടും ഷ്‌മാര്‍ ഒരു നീലക്കോട്ടു മാത്രമേ ധരിച്ചിരുന്നുള്ളു; ഷര്‍ട്ടിന്റെ ബട്ടണിട്ടിരുന്നതുപോലുമില്ല. അയാള്‍ തണുപ്പറിഞ്ഞില്ല; കൂടാതെ നിരന്തരചലനത്തിലുമായിരുന്നു അയാള്‍. പാതി ബയണറ്റും പാതി കറിക്കത്തിയും പോലിരുന്ന കൊലയായുധം ആരും കാണത്തക്കവിധം അയാള്‍ മുറുകെപ്പിടിച്ചിരുന്നു. അയാള്‍ അതു നിലാവിനെതിരെ പിടിച്ചുനോക്കി; അതിന്റെ വായ്‌ത്തല വെട്ടിത്തിളങ്ങി; ഷ്‌മാറിന് അതുപോരാ; അയാള്‍ അത് തീപ്പൊരി പാറുംവരെ നടപ്പാതയിലെ കല്ലില്‍ വച്ചുരച്ചു. രണ്ടാമതൊന്നാലോചിച്ചപോലെ; കേടു തീര്‍ക്കാന്‍ അയാള്‍ അത് ബൂട്ടിന്റെ അടിപ്പട്ടയില്‍ വയലിന്‍ വായിക്കുമ്പോലെ വച്ചുതേച്ചു. ഒറ്റക്കാലില്‍ മുന്നോട്ടാഞ്ഞുനിന്നുകൊണ്ട് ബൂട്ടില്‍ കത്തിയുടെ മൂളല്‍ ശ്രദ്ധിക്കുമ്പോള്‍ത്തന്നെ വിധിനിര്‍ണ്ണായകമായ ആ ഇടത്തെരുവില്‍നിന്ന് ഏതെങ്കിലും ശബ്ദമുയരുന്നുണ്ടോ എന്നും കാതോര്‍ക്കുകയായിരുന്നു അയാള്‍.
സമീപത്തുള്ള കെട്ടിടത്തിന്റെ രണ്ടാംനിലയിലുള്ള ജനാലയ്‌ക്കു പിന്നില്‍ എല്ലാം കണ്ടുകൊണ്ടുനിന്ന പണക്കാരനായ പല്ലാസ് എന്തുകൊണ്ട് ഇതൊക്കെ നടക്കാന്‍ അനുവദിച്ചു? മനുഷ്യപ്രകൃതിയുടെ ദുരൂഹതകള്‍! കോളര്‍ ഉയര്‍ത്തിവച്ച്, സമൃദ്ധമായ ഉടലിനു ചുറ്റും കുപ്പായം ബല്‍റ്റിട്ടു മുറുക്കി, താഴത്തെ രംഗം നോക്കിനിന്ന് അയാള്‍ തലകുലുക്കി.
അഞ്ചുവീടുകള്‍ക്കപ്പുറത്ത്, അയാള്‍ക്കുനേരേ എതിരേ തെരുവിന്റെ മറ്റേവശത്ത്, ഫ്രൗ വെയ്‌സ് നൈറ്റ് ഗൗണിനുമീതെ ഒരു രോമക്കുപ്പായം കൂടി ധരിച്ചുകൊണ്ട് അന്ന് പതിവില്ലാതെ വൈകുന്ന ഭര്‍ത്താവിന്റെ വരവും നോക്കി നില്‌ക്കുകയായിരുന്നു.
അവസാനം വെയ്‌സിന്റെ ഓഫീസിലെ വാതില്‍മണി മുഴങ്ങുന്നു; ഒരു വാതില്‍മണിക്കു വേണ്ടതിലധികം ഉച്ചത്തില്‍, നഗരത്തിനു മേല്‍, ഉയരെ ആകാശത്തിലേക്ക്. വെയ്‌സ്, പരിശ്രമശാലിയായ രാത്രിജോലിക്കാരന്‍ കെട്ടിടത്തില്‍ നിന്നു പുറത്തുവരുന്നു; ഈ തെരുവില്‍ നിന്ന് അയാളെ ഇനിയും കാണാറായിട്ടില്ല; മണിയുടെ മുഴക്കം അയാളുടെ വരവറിയിച്ചിട്ടേയുള്ളു. നടപ്പാത അയാളുടെ ഉറച്ച ചുവടുവയ്‌പുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങുന്നു.
പല്ലാസ് ജനാലയ്‌ക്കല്‍ മുന്നോട്ടാഞ്ഞു നില്‌ക്കുന്നു; ഒന്നും കാണാതെ വിടരുത്. മണിയൊച്ച കേട്ട് ഉറപ്പുവന്ന ഫ്രൗ വെയ്‌സ് ജനാല കിരുക്കിയടയ്‌ക്കുന്നു. ഷ്‌മാര്‍, പക്ഷേ മുട്ടുകുത്തി ഇരിക്കുന്നു; ശരീരത്തിന്റെ മറ്റൊരു ഭാഗവും പുറമെ കാണാതിരിക്കെ, അയാള്‍ തന്റെ മുഖവും കൈകളും മാത്രം തറയില്‍ വച്ചമര്‍ത്തുന്നു; മറ്റെല്ലാവരും തണുത്തു മരവിയ്‌ക്കെ ഷ്‌മാര്‍ നിന്നെരിയുകയാണ്.
രണ്ടു തെരുവുകള്‍ക്കുമിടയിലുള്ള വിഭജനരേഖയില്‍ത്തന്നെ വെയ്‌സ് നടത്തം നിര്‍ത്തുന്നു; ബലത്തിനുവേണ്ടി പിന്നില്‍ ഊന്നുവടി താങ്ങിനില്‌ക്കേ, ഒരു കൗതുകം: കടും നീലയായ മാനത്തെ പൊന്‍തിളക്കങ്ങള്‍ അയാളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. സംശയമേതുമില്ലാതെ അയാള്‍ അതിനെ നോക്കിനില്‌ക്കുന്നു; സംശയമേതുമില്ലാതെ അയാള്‍ തൊപ്പിയുയര്‍ത്തി മുടി മാടിയൊതുക്കുന്നു; അയാള്‍ക്കു തന്റെ ആസന്നമായ ഭാവി വെളിപ്പെടുത്തിക്കൊടുക്കാനായി അങ്ങു മുകളില്‍ യാതൊന്നും സ്ഥാനംമാറുന്നില്ല; ഓരോന്നും അതാതിന്റെ യുക്തിരഹിതവും ദുര്‍ഗ്രാഹ്യവുമായ ഇടങ്ങളില്‍ നിലകൊള്ളുന്നതേയുള്ളു. എല്ലാം കണക്കിലെടുക്കുമ്പോള്‍ വെയ്‌സ് നേരേ നടന്നുപോവുകയാണ് യുക്തിസഹം; പക്ഷേ അയാള്‍ ഷ്‌മാറിന്റെ കത്തിമുനയിലേക്കാണു നടന്നുചെല്ലുന്നത്.
“വെയ്‌സ്!” പെരുവിരല്‍ ഊന്നിനിന്ന്, കൈയുയര്‍ത്തി, കത്തി താഴ്‌ത്തി ഷ്‌മാര്‍ അലറുന്നു, “വെയ്‌സ്! ജൂലിയായുടെ കാത്തുനില്‌പു വെറുതേ!”എന്നിട്ട് ഷ്‌മാര്‍ അയാളെ തൊണ്ടയ്‌ക്കാഞ്ഞുകുത്തുന്നു; ഇടത്തും വലത്തും മൂന്നാമതൊന്ന് അടിവയറ്റിലും. നീരെലികളെ കീറിമുറിക്കുമ്പോള്‍ അവയുണ്ടാക്കുന്നതു വെയ്‌സ് പുറപ്പെടുവിച്ച ശബ്ദം പോലെയൊന്നാണ്.
“കഴിഞ്ഞു,” ഷ്‌മാര്‍ പറയുന്നു; അയാള്‍ കത്തി- ചോര പുരണ്ട, ആവശ്യം കഴിഞ്ഞ ബാദ്ധ്യത- അടുത്ത വീട്ടുപടിക്കലേക്കു വലിച്ചെറിയുന്നു. “ഹാ, കൊലയുടെ ആനന്ദം! മറ്റൊരുത്തന്റെ ചോരവീഴ്‌ത്തുമ്പോള്‍ കൈവരുന്ന ചിറകുകള്‍, മോചനം! വെയ്‌സേ, കിഴവാ, രാത്രിജോലിക്കാരാ, എന്റെ കൂട്ടുകുടിയാ, നീയിപ്പോള്‍ ഓടയ്‌ക്കുള്ളില്‍ക്കിടന്നു ചോരവാര്‍ക്കുകയാണല്ലോ. എന്തുകൊണ്ടു നീ ചോരനിറച്ചൊരു സഞ്ചിയായില്ല? എങ്കില്‍ ഞാന്‍ നിന്റെ മേല്‍ കേറിയിരുന്ന പാടേ നിന്നെക്കാണാതായേനെയല്ലോ. നാമാഗ്രഹിച്ചതെല്ലാം നടന്നുകിട്ടിയിട്ടില്ല; പൂവണിഞ്ഞ സ്വപ്‌നങ്ങളെല്ലാം ഫലം കായ്‌ച്ചിട്ടുമില്ല; തൊഴിച്ചാലുമറിയാതെ നിന്റെ കനം വച്ച അവശിഷ്ടങ്ങള്‍ ഇവിടെ കിടക്കുന്നു. നീ ചോദിക്കുന്ന മൂകമായ ചോദ്യത്തിനെന്താണര്‍തഥം?”
പല്ലാസ് തന്റെ ശരീരത്തില്‍ പതഞ്ഞുപൊന്തുന്ന വിഷത്തെ പണിപ്പെട്ടടക്കിക്കൊണ്ട് വാതിലിന്റെ ഇരട്ടപ്പാളികള്‍ വലിച്ചുതുറന്ന് വീട്ടുപടിക്കല്‍ നില്‌ക്കുന്നു. “ഷ്‌മാര്‍!ഷ്‌മാര്‍! ഞാനെല്ലാം കണ്ടു! ഒന്നും വിട്ടില്ല!” പല്ലാസും ഷ്‌മാറും അന്യോന്യം നിരീക്ഷിക്കുന്നു. പല്ലാസിന് തൃപ്‌തിയാണ്; ഷ്‌മാറിന് ഒരു തീരുമാനത്തിലെത്താനാവുന്നില്ല.
ഫ്രൗ വെയ്‌സ് ഇരുവശവും ഒരാള്‍ക്കൂട്ടത്തിന്റെ അകമ്പടിയോടെ ഓടി വരുന്നു; ഭീതി അവരുടെ മുഖത്തു പ്രായമേറ്റിയിരിക്കുന്നു. രോമക്കുപ്പായം പറന്നു മാറുന്നു; അവര്‍ വെയ്‌സിനുമേല്‍ ചെന്നുവീഴുന്നു; നൈറ്റ്‌ഗൗണ്‍ ധരിച്ച അവരുടെ ശരീരം അയാള്‍ക്കുള്ളതാണ്; ശവക്കുഴിയുടെ മേല്‍ പുല്‌പ്പരപ്പുപോലെ ദമ്പതികളെ മൂടിവീഴുന്ന രോമക്കുപ്പായം ആള്‍ക്കൂട്ടത്തിനുള്ളതാണ്.
ഷ്‌മാര്‍ മനംപുരട്ടലിന്റെ അവസാനത്തെ തേട്ടലും പണിപ്പെട്ടടക്കിക്കൊണ്ട്, കാലമര്‍ത്തിച്ചവിട്ടാതെ തന്നെ പിടിച്ചുകൊണ്ടുപോകുന്ന പോലീസുകാരന്റെ ചുമലില്‍ ചുണ്ടമര്‍ത്തുന്നു.
(1919)
കാഫ്‌കയുടെ സ്വകാര്യക്കുറിപ്പുകളില്‍ ആവര്‍ത്തിച്ചു വരുന്ന ഒരു പ്രമേയമാണ് ആത്മഹത്യ. 1912 മാര്‍ച്ച് 8ന്റെ ഡയറിയില്‍ അദ്ദേഹം എഴുതുന്നുണ്ട്, ജനാലയിലൂടെ പുറത്തേക്കെടുത്തു ചാടുന്നതിനെക്കുറിച്ചു ചിന്തിച്ചു കൊണ്ട് സോഫയില്‍ കിടക്കുകയായിരുന്നു താനെന്ന്. ‘ഒരു ഭ്രാതൃഹത്യ’ എന്ന കൊലപാതകകഥ ഒരു ആധുനിക നഗരത്തിന്റെ പശ്ചാത്തലത്തില്‍ അരങ്ങേറുന്ന ആ പഴയ ബൈബിള്‍ നാടകമാണെന്ന് പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും ഒരാത്മാഹുതിയുടെ കഥാരൂപമായും വ്യാഖ്യാനിക്കാവുന്നതാണ്. ഇരയായ വെയിസ് കൊലപാതകിയായ ഷ്‌മാറിന്റെ കത്തിമുനയിലേക്ക് ‘ചെന്നുകേറുക’യാണ്, വിധിയുമായുള്ള കൂടിക്കാഴ്‌ച താനായി വൈകിക്കരുതെന്ന് അയാള്‍ക്കു നിര്‍ബന്ധമുള്ള പോലെ. ഷ്‌മാര്‍ ഒരു ദ്വന്ദ്വവ്യക്തിത്വമാണെന്നും, സ്വന്തം അപരനെയാണ് അയാള്‍ കൊല്ലുന്നതെന്നും അതിനാല്‍ ആ കൊല ആത്മഹത്യയാണെന്നും വാള്‍ട്ടര്‍ ഹെന്‍ഡെറെര്‍ സമര്‍ത്ഥിക്കുന്നുണ്ട്. കാഫ്‌കയുടെ കഥാപാത്ര ങ്ങള്‍ക്ക് മരണം പലപ്പോഴും തങ്ങള്‍ ആഗ്രഹിക്കുന്ന ഒരു മോചനമാണ്.
(Victor Brombert- Musings on Mortaltiy:Tolstoy to Primo Levi)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ