ഓസ്കാർ പൊള്ളാക്ക് (1883-1915)- പ്രൈമറി ക്ളാസ്സിൽ കാഫ്കയുടെ സഹപാഠിയായിരുന്ന ചെക്ക് കലാചരിത്രകാരൻ. ഒന്നാം ലോകമഹായുദ്ധകാലത്ത് മുന്നണിയിൽ വച്ചു മരിച്ചു.
പ്രിയപ്പെട്ട ഓസ്ക്കാർ,
നീ പോയതിൽ എനിക്കു സന്തോഷം തോന്നുന്നുണ്ടാവാം; ഒരാൾ ചന്ദ്രനിൽ പിടിച്ചുകയറിയിട്ട് അവിടെയിരുന്ന് തങ്ങളെ നോക്കുന്നതറിഞ്ഞാൽ ആളുകൾക്കു സന്തോഷമാവുമല്ലോ, അതു പോലെ. കാരണം, അത്ര ഉയരത്തിലും ദൂരത്തിലും നിന്ന് തങ്ങൾ നിരീക്ഷിക്കപ്പെടുകയാണെന്ന ബോധം, തങ്ങളുടെ ചലനങ്ങളും വാക്കുകളും ആഗ്രഹങ്ങളും അത്രയ്ക്കൊരു കോമാളിത്തമോ വിഡ്ഢിത്തമോ അല്ലെന്നുള്ള ചെറുതല്ലാത്തൊരു ആത്മവിശ്വാസം അവർക്കു നല്കുകയാണ്; ചന്ദ്രനിൽ നിന്നുള്ള ചിരിയൊന്നും വാനനിരീക്ഷകരുടെ കാതുകളിൽ പെടാത്തിടത്തോളം കാലം എന്നുമോർക്കണം...
കാട്ടിൽ വഴി തെറ്റിയലയുന്ന കുട്ടികളെപ്പോലെ കൈവിട്ടുപോയിരിക്കുന്നു നാം. നീ എന്റെ മുന്നിൽ വന്നു നിന്ന് എന്നെ നോക്കുമ്പോൾ എന്റെയുള്ളിലുള്ള ദുഃഖങ്ങളെക്കുറിച്ച് നീയെന്തറിയാൻ, നിന്റെ ദുഃഖങ്ങളെക്കുറിച്ച് ഞാനെന്തറിയാൻ. ഇനി ഞാൻ നിന്റെ മുന്നിൽ കമിഴ്ന്നുവീണ് തേങ്ങിക്കരഞ്ഞുകൊണ്ട് ഒക്കെപ്പറഞ്ഞാലും എന്നെക്കുറിച്ച് കൂടുതലായിട്ടു നീയെന്തറിയാൻ? നരകം ചുട്ടുപൊള്ളുന്നതും പേടിപ്പെടുത്തുന്നതുമാണെന്ന് ആരെങ്കിലുമൊരാൾ പറഞ്ഞാൽ നരകത്തെക്കുറിച്ചു കൂടുതലായിട്ടു നാമൊന്നുമറിയുകയില്ലല്ലോ. ആ ഒരു കാരണം കൊണ്ടു തന്നെ നമ്മൾ മനുഷ്യജീവികൾ ഒരാൾക്കു മുന്നിൽ മറ്റൊരാൾ നില്ക്കേണ്ടത് നരകകവാടത്തിനു മുന്നിലെന്നപോലെ ആദരപൂർവം, സ്നേഹപൂർവം, ആലോചനാപൂർവമായിരിക്കുകയും വേണം...
ചെറുപ്പക്കാർക്കിടയിൽ നീയൊരാളോടു മാത്രമേ ശരിക്കു ഞാൻ സംസാരിച്ചിട്ടുള്ളു. മറ്റാരോടെങ്കിലും ഞാൻ സംസാരിച്ചിട്ടുണ്ടെങ്കിൽ അതു യാദൃച്ഛികമായോ, നിനക്കു വേണ്ടിയോ, നിന്നിലൂടെയോ, നിന്നെ സംബന്ധിച്ചോ ആയിരിക്കും. എനിക്കു നീ, മറ്റു പലതിനുമൊപ്പം, തെരുവിലേക്കു നോക്കാനുള്ള ജനാല കൂടിയായിരുന്നു. ഒറ്റയ്ക്ക് അതിനുള്ള കഴിവെനിക്കില്ലായിരുന്നു. കാരണം, ഉയരമുണ്ടായിട്ടും ജനാലപ്പടിയോളമെത്തിയിരുന്നില്ലല്ലോ ഞാൻ...
ഞാനിപ്പോൾ വായിക്കുന്നത് ഫെക്നർ, എക്കാർട്ട് എന്നിവരെയാണ്. സ്വന്തം വീട്ടിൽ നാം തന്നെ തുറന്നുകയറാത്ത ചില മുറികളിലേക്കുള്ള താക്കോൽ പോലെയാണ് ചില പുസ്തകങ്ങൾ...
ഇടയ്ക്കൊന്നു പറയട്ടെ, കുറേ നാളായി എഴുത്തൊന്നും നടന്നിട്ടില്ല. ഞാൻ എഴുതുന്നത് ദൈവത്തിനിഷ്ടമല്ല; എനിക്ക്, എനിക്ക് എഴുതാതിരിക്കാനും വയ്യ. അങ്ങനെ ഒരിക്കലും തീരാത്ത ഒരു മൽപ്പിടുത്തമാണ് ഞങ്ങൾ തമ്മിൽ. ദൈവമാണല്ലോ കരുത്തൻ; അതിന്റെ വേദന നിനക്കൂഹിക്കാവുന്നതിലധികമാണ്. ഒരിക്കൽ ഒരു മരമായി വളർന്നേക്കാവുന്ന ഒരു കുറ്റിയിൽ തളച്ചിട്ടിരിക്കുകയാണ് എന്നിലുള്ള ശക്തികളെ; അഴിച്ചു വിട്ടാൽ എനിക്കും എന്റെ രാജ്യത്തിനും അവയെക്കൊണ്ട് എന്തെങ്കിലും ഉപയോഗമുണ്ടായെന്നു വരാം. പക്ഷേ ആവലാതി പറഞ്ഞതു കൊണ്ടുമാത്രം ഒരാൾക്കു തന്റെ കഴുത്തിൽ കെട്ടിയിട്ടിരിക്കുന്ന തിരികല്ലു കുടഞ്ഞു കളയാനാവില്ലല്ലോ; അതയാൾക്കിഷ്ടമാണെങ്കിൽ പ്രത്യേകിച്ചും.
(നവംബർ 9, 1903)
*
പ്രിയപ്പെട്ട ഓസ്ക്കാർ,
ഞാൻ മാർക്കസ് ഓറേലിയസിനെ മാറ്റിവയ്ക്കുകയാണ്, വൈമനസ്യത്തോടെ മാറ്റിവയ്ക്കുകയാണ്. ഇനിയെനിക്ക് അദ്ദേഹത്തെക്കൂടാതെ ജീവിക്കാൻ കഴിയില്ലെന്നു തോന്നുന്നു; മാർക്കസ് ഓറേലിയസിന്റെ രണ്ടുമൂന്നു സൂക്തങ്ങൾ വായിക്കുന്നതോടെ മനസ്സടക്കവും ചിട്ടയും കൂടുകയാണെനിക്ക്. അതേ സമയം പുസ്തകം ആകെക്കൂടി കാട്ടിത്തരുന്നത് വിവേകമുറ്റ വാക്കും കനത്തൊരു ചുറ്റികയും വിശാലവീക്ഷണവും കൊണ്ട് തന്നെ സംയമനം പാലിക്കുന്ന, ഉരുക്കിന്റെ ദാർഢ്യമുള്ള, സത്യസന്ധനായ ഒരുവനാക്കി മാറ്റാനാഗ്രഹിക്കുന്ന ഒരാളെയാണു താനും. ഒരു വ്യക്തി ഏതു നേരവും “സമാധാനപ്പെടൂ, ഉദാസീനനാവൂ, വികാരങ്ങളെ കാറ്റിൽ പറത്തൂ, സ്ഥിരചിത്തനാവൂ, നല്ലൊരു ചക്രവർത്തിയാവൂ” എന്നിങ്ങനെ സ്വയം ശാസിച്ചുകൊണ്ടിരിക്കുമ്പോൾ നമുക്കു പക്ഷേ സംശയം തോന്നാതെ വയ്യ. നമ്മെ നമ്മിൽ നിന്നുതന്നെ മറയ്ക്കാൻ വാക്കുകൾ ഉപയോഗപ്പെടുമെങ്കിൽ നല്ലതു തന്നെ. പക്ഷേ വാക്കുകളെക്കൊണ്ടു സ്വയം അലങ്കരിച്ചലങ്കരിച്ച് നമ്മുടെ സങ്കല്പത്തിലുള്ള ഒരാളാവാൻ നമുക്കു കഴിഞ്ഞാൽ അതുതന്നെയാവും ഭേദം.
കഴിഞ്ഞ കത്തിൽ നീ ഒരു ന്യായവുമില്ലാതെ സ്വയം കുറ്റപ്പെടുത്തുകയായിരുന്നു. ഒരാൾ എനിക്കു നേരേ ഒരു തണുത്ത കൈ നീട്ടുമ്പോൾ ഒരുന്മേഷമൊക്കെ എനിക്കു തോന്നുകയാണ്; പക്ഷേ അയാൾ എന്റെ കൈയിൽ പിടിയ്ക്കുമ്പോൾ എനിക്കെന്തോ അന്ധാളിപ്പോ പിടികിട്ടായ്കയോ ഒക്കെയാണു തോന്നുന്നത്. വളരെ അപൂർവമായതു കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്നാണോ നിന്റെ വിചാരം? അല്ലല്ല, അതു ശരിയല്ല. ചിലരുടെ പ്രത്യേകതയെന്താണെന്നു നിനക്കറിയാമോ? അവർ ഒന്നുമല്ല, പക്ഷേ അവർക്കതു പുറത്തുകാട്ടാനും കഴിയുന്നില്ല; സ്വന്തം കണ്ണുകളെപ്പോലും അവർക്കതു കാണിച്ചു കൊടുക്കാൻ കഴിയാതെ വരികയാണ്; അതാണവരുടെ പ്രത്യേകതയും. ഇവരുടെയൊക്കെ സഹോദരൻ എന്നു പറയാവുന്ന ഒരാളുണ്ടായിരുന്നു: ഒന്നുമറിയാത്ത, കാര്യമായിട്ടൊരു വാക്കു പറയാനറിയാത്ത, നൃത്തം ചെയ്യാനറിയാത്ത, ചിരിക്കാനറിയാത്ത ഒരാൾ നഗരത്തിലെ തെരുവുകളിലൂടെ നടന്നു പോവുകയാണ്. പക്ഷേ താഴിട്ടു പൂട്ടിയ ഒരു പെട്ടി ഏതു നേരവും അടുക്കിപ്പിടിച്ചിരിക്കുകയുമാണയാൾ. ഇനി ഏതെങ്കിലുമൊരു ദയാലു ചെന്ന് “പെട്ടിയിൽ ഇത്ര സൂക്ഷിച്ചുകൊണ്ടുനടക്കുന്നതെന്താണാവോ” എന്നൊന്നു ചോദിച്ചാൽ ആ മനുഷ്യൻ ഉടനേ തല കുമ്പിട്ട്, നല്ല തീർച്ചയില്ലാത്ത പോലെ ഇങ്ങനെ പറയുകയായി, “എനിക്കൊന്നുമറിയില്ല, സംസാരിക്കാനറിയില്ല, നൃത്തം ചെയ്യാനറിയില്ല, ചിരിക്കാനറിയില്ല, പക്ഷേ ഈ പെട്ടിയിലെന്താണുള്ളതെന്ന് ഞാൻ പറയാനേ പാടില്ല; ഇല്ലില്ല, ഞാൻ പറയില്ല.” അങ്ങനെയൊരു മറുപടി പറഞ്ഞുകേൾക്കുമ്പോൾ സ്വാഭാവികമായും സഹാനുഭൂതിയുമായി വന്നവരൊക്കെ മാറിപ്പോകുമല്ലോ. അതേ സമയം, ഒരു ജിജ്ഞാസ, ഒരു തീർച്ച കിട്ടാത്തതിന്റെ അസ്വസ്ഥത മിക്കവരിലും തങ്ങിനില്ക്കുന്നുമുണ്ട്; അതിനാൽ അവർ പരസ്പരം ചോദിക്കുകയാണ്, “ ആ പെട്ടിയിൽ എന്തായിരിക്കും?” പെട്ടി കാരണമായിത്തന്നെ അവർ പലപ്പോഴും അയാളെ കാണാൻ ചെല്ലുന്നുമുണ്ട്. പക്ഷേ അയാൾ മിണ്ടില്ല. എന്തായാലും ജിജ്ഞാസ, ആ മാതിരിയുള്ള ജിജ്ഞാസ നീണ്ടുനില്ക്കാത്തതാണ്; തീർച്ച വരാത്തതിന്റെ അസ്വസ്ഥതയാവട്ടെ, അലിഞ്ഞും പോകുന്നു. കാണാനൊരു പ്രാധാന്യവുമില്ലാത്ത, അടച്ചുപൂട്ടിയൊരു പെട്ടി ഒരാൾ ഏതുനേരവും വിശദീകരണമില്ലാത്തൊരുത്കണ്ഠയോടെ കൊണ്ടുനടക്കുന്നത് ആളുകൾ പിന്നെപ്പിന്നെ ഒരു പുഞ്ചിരിയോടെ കാണാൻ തുടങ്ങുകയാണ്. അപ്പോഴും നാം ആ പാവത്താനെ ഒരു പകുതി മര്യാദയോടെയാണു കാണുന്നതും; ഒടുവിൽ അയാളൊരു പുഞ്ചിരിയിലേക്ക്, അതിനി വക്രിച്ചതാണെങ്കില്ക്കൂടി, വന്നേക്കാം. ഇപ്പോൾ പക്ഷേ, ജിജ്ഞാസയ്ക്കു പകരം ഉദാസീനവും അകന്നതുമായ അനുകമ്പയാണ് സ്ഥാനം പിടിച്ചിരിക്കുന്നത്; അതാകട്ടെ, ആ ഉദാസീനതയെക്കാളും അകല്ച്ചയെക്കാളും മോശപ്പെട്ടതുമാണ്. പണ്ടത്തേതിനെക്കാൾ എണ്ണത്തിൽ കുറവായ അനുകമ്പാലുക്കൾ ചോദിക്കുകയാണ്, “ താനിത്ര സൂക്ഷിച്ച് അതിൽ കൊണ്ടുനടക്കുന്നതെന്താടോ? വല്ല നിധിയോ, പ്രവചനമോ മറ്റോ ആണോ? എന്തായാലും ഒന്നു തുറക്കെന്നേ; രണ്ടായാലും ഞങ്ങൾക്കു വേണം; ഓ, എന്നാലായിക്കോട്ടെ; താൻ അതടച്ചുതന്നെ വച്ചോ; ഞങ്ങൾക്കു തന്നെ വിശ്വാസക്കുറവൊന്നുമില്ല.“ ഈ സമയത്ത് പെട്ടെന്നാരോ ചെവി തുളയ്ക്കുന്ന ഒച്ചയിൽ അലറിക്കരയുന്നതു കേൾക്കുന്നു; ആ മനുഷ്യൻ ആകെ വിരണ്ട് ചുറ്റും നോക്കുന്നു; അത് അയാൾ തന്നെയായിരുന്നു. അയാളുടെ മരണശേഷം പെട്ടിയിൽ കണ്ടത് രണ്ടു പാൽപ്പല്ലുകളായിരുന്നു.
(ജനുവരി 10, 1904, രാത്രി പത്തര)
പ്രിയപ്പെട്ട ഓസ്കാർ,
അത്ര പെട്ടെന്നു മറുപടി എഴുതിയില്ലെങ്കിൽപ്പിന്നെ എഴുതുകയേ വേണ്ടാത്ത സുന്ദരമായ ഒരു കത്തു നീ അയച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടാണ് ഞാൻ മറുപടി എഴുതാനിരിക്കുന്നത്. മാപ്പർഹിക്കാത്ത കുറ്റമാണതെങ്കിലും എനിക്കു കാരണങ്ങൾ ബോധിപ്പിക്കാനുമുണ്ട്. ഒന്നാമതായി, ശ്രദ്ധാപൂർവ്വമായ ആലോചനയ്ക്കു ശേഷം വേണം മറുപടിയെഴുതാനെന്ന് ഞാൻ നിശ്ചയിക്കുകയായിരുന്നു; കാരണം നിനക്കു മുമ്പയച്ചിട്ടുള്ളതിനെക്കാളൊക്കെ പ്രധാനമാണ് ഈ കത്തിനുള്ള മറുപടിയെന്ന് എനിക്കു തോന്നി. രണ്ടാമതായി, ഹെബ്ബലിന്റെ ഡയറി(1800 പേജു വരും) ഒറ്റയടിയ്ക്കു വായിച്ചുതീർക്കാനുള്ള ശ്രമത്തിലായിരുന്നു ഞാൻ. മുമ്പാണെങ്കിൽ വിരസമെന്നു തോന്നുന്ന കഷണങ്ങൾ ഞാൻ ചവച്ചുതുപ്പിക്കളയുമായിരുന്നു. എന്തായാലും ഞാൻ തുടർച്ച വിടാതെ വായിച്ചു. ആദ്യമാദ്യം എനിക്കതൊരു കളി പോലെയായിരുന്നു. പിന്നെപ്പിന്നെ തന്റെ ഗുഹാദ്വാരം വലിയൊരു പാറക്കല്ലുരുട്ടി അടച്ചുവയ്ക്കുന്ന ഗുഹാജീവിയാണു ഞാനെന്ന് എനിക്കു തോന്നിത്തുടങ്ങി; ആദ്യമൊരു തമാശയ്ക്കും പിന്നെ മടുപ്പകറ്റാനുമാണ് അയാൾ അതു ചെയ്യുന്നതെങ്കിലും, പിന്നീട് ഗുഹയ്ക്കുള്ളിൽ കാറ്റും വെളിച്ചവും കടക്കാതാവുമ്പോൾ മനസ്സിരുണ്ടും വിരണ്ടും പാറ ഉരുട്ടിമാറ്റാൻ ഊറ്റത്തോടെ ശ്രമിക്കുകയാണയാൾ. പക്ഷേ അതിനിപ്പോൾ പത്തിരട്ടി ഭാരം വച്ചിരിക്കുന്നു. കാറ്റും വെളിച്ചവും മടങ്ങിവരണമെങ്കിൽ ഉള്ള ശക്തിയൊക്കെയെടുത്ത് അതിനോടു മല്ലിടുക തന്നെവേണം. ഈ ദിവസമത്രയും പേന കൈ കൊണ്ടു തൊടാൻ എനിക്കായിട്ടില്ല. കാരണം, ഇതുപോലൊരു ജീവിതത്തിലൂടെ കടന്നുപോകുമ്പോൾ-ഇടയില്ലാതെ ഉയർന്നുയർന്നു പോകുന്ന ഒരു ഗോപുരമാണത്, നിങ്ങളുടെ ദൂരദർശിനിക്കുഴൽ അതിലേക്കെത്തുകയുമില്ല-നിങ്ങളുടെ അന്തഃകരണം അടങ്ങിയിരിക്കുന്നതെങ്ങനെ? നിങ്ങളുടെ അന്തഃകരണത്തിനു വലിയ മുറിവുകൾ പറ്റുന്നതു നല്ലതു തന്നെ; കാരണം പിന്നീടു കിട്ടുന്ന ഓരോ നുള്ളിന്റെയും വേദന അത്ര നന്നായിട്ട് അതറിയുമല്ലോ. നമ്മെ മുറിപ്പെടുത്തുന്ന, കത്തിമുന പോലെ നമ്മിലേക്കു കൊണ്ടിറങ്ങുന്നതരം പുസ്തകങ്ങൾ മാത്രമേ നാം വായിക്കാവൂ എന്നെനിക്കു തോന്നുന്നു. നാം വായിക്കാനെടുക്കുന്ന പുസ്തകം തലയ്ക്കൊരിടി തന്ന് നമ്മെ ജാഡ്യത്തിൽ നിന്നുണർത്തുന്നില്ലെങ്കിൽപ്പിന്നെ നാമതെന്തിനു വായിക്കണം? നീ പറയുന്ന പോലെ നമ്മുടെ സന്തോഷത്തിനോ? എന്റെ ദൈവമേ, സന്തോഷമാണു വേണ്ടതെങ്കിൽ പുസ്തകങ്ങളില്ലാത്തതു കൊണ്ടുതന്നെ നമുക്കതു കിട്ടിയേനെ. തന്നെയുമല്ല, നമുക്കു സന്തോഷം തരുന്ന പുസ്തകങ്ങൾ നമുക്കുതന്നെ എഴുതിയുണ്ടാക്കാവുന്നതേയുള്ളുതാനും. പക്ഷേ നമുക്കു വേണ്ടത് ഒരത്യാഹിതം പോലെ നമ്മെ വന്നു ബാധിക്കുന്ന പുസ്തകങ്ങളാണ്; നമ്മെക്കാളേറെ നാം സ്നേഹിക്കുന്ന ഒരാളുടെ വിയോഗം പോലെ, മനുഷ്യസാന്നിദ്ധ്യത്തിൽ നിന്നൊക്കെയകലെ ഏതോ കാട്ടിലേക്കു നാം ഭ്രഷ്ടരായ പോലെ, ഒരാത്മഹത്യ പോലെ നമ്മെ കഠിനമായി സങ്കടപ്പെടുത്തുന്ന പുസ്തകങ്ങളാണ്. നമ്മിലുറഞ്ഞ കടലിനെ ഭേദിക്കാനുള്ള മഴുവാകണം പുസ്തകം. ഇതാണെന്റെ വിശ്വാസം.
(1904 ജനുവരി 27)
*
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ