മിശിഹായെ തിരിച്ചറിയാൻ കഴിയാതെ പോയതാണ് ജൂതന്മാർക്കു പറ്റിയ വലിയ പിഴയെന്ന് ലിയോൺ ബ്ളോയെ ഉദ്ധരിച്ച് ഗുസ്താവ് യനൌഖ് പറഞ്ഞപ്പോൾ കാഫ്കയുടെ മറുപടി ഇതായിരുന്നു: അതു ശരിയാവാം. അവർക്കു മിശിഹായെ തിരിച്ചറിയാൻ പറ്റാതെ വന്നിരിയ്ക്കാം. പക്ഷേ തന്റെ സൃഷ്ടികൾ തന്നെ തിരിച്ചറിയരുതെന്നു വരുത്തുന്ന ഒരു ദൈവം എത്ര ക്രൂരനാണ്! അതേസമയം, തന്റെ കുട്ടികൾക്ക് ബുദ്ധിയോ, വാക്കോ ഉറയ്ക്കാത്ത പ്രായത്തിൽത്തന്നെ ഒരച്ഛൻ താനാരെന്ന് അവർക്കു മനസ്സിലാക്കിക്കൊടുക്കാറുമുണ്ട്. അതിരിക്കട്ടെ, തെരുവിൽ നിന്നു സംസാരിക്കേണ്ട വിഷയമല്ല ഇത്. ഞാൻ വീടെത്തിയും കഴിഞ്ഞിരിക്കുന്നു.
*
എന്താണു സ്നേഹം? വളരെ ലളിതമാണത്. നമ്മുടെ ജീവിതത്തെ ഉയർത്തുകയും, വിപുലപ്പെടുത്തുകയും, പുഷ്ടമാക്കുകയും ചെയ്യുന്നതെന്തും സ്നേഹമാണ്. അതിന്റെ ഉയരത്തിലും ആഴത്തിലും. ഒരു മോട്ടോർക്കാറിനുള്ളത്ര കുറച്ചു പ്രശ്നങ്ങളേ സ്നേഹത്തിനുമുള്ളു. ഡ്രൈവർ, യാത്രക്കാർ, വഴി- ഇവ മാത്രമാണ് ആകെയുള്ള പ്രശ്നങ്ങൾ.
*
വ്യക്തിപരമായിട്ടേ ദൈവത്തെ ഗ്രഹിക്കാനാവൂ. ഓരോ മനുഷ്യനുമുണ്ട്, അവന്റേതായൊരു ജീവിതം, അവന്റേതായൊരു ദൈവവും. അവന്റെ സംരക്ഷകനും, അവന്റെ വിധികർത്താവും. തളർവാതം പിടിച്ച ഒരാത്മാവിന്റെ ഊന്നുവടികൾ മാത്രമാണ് പുരോഹിതന്മാരും അനുഷ്ഠാനങ്ങളും.
*
ഗുസ്താവ് യനൌഖ് കാഫ്കയോടു പറഞ്ഞു:
‘ഞാൻ “വിധിന്യായം” വായിക്കുകയായിരുന്നു.
’അതിഷ്ടപ്പെട്ടോ?‘
‘ഇഷ്ടപ്പെടുകയോ? ഭയാനകമാണത്!’
’നിങ്ങൾ പറഞ്ഞതു കൃത്യമാണ്.‘
‘അതെഴുതാൻ ഇടവന്നതെങ്ങനെയെന്നറിയാൻ താല്പര്യമുണ്ടായിരുന്നു. “എഫിന്” എന്നുള്ള സമർപ്പണം വെറും ഔപചാരികമല്ല. ആ പുസ്തകം ആരോടോ എന്തോ പറയണമെന്നു നിങ്ങൾക്കാഗ്രഹമുണ്ടായിരുന്നു എന്നതു തീർച്ച. എനിക്കതിന്റെ സന്ദർഭമറിഞ്ഞാൽ കൊള്ളാമായിരുന്നു.’
അമ്പരന്നപോലെ കാഫ്ക ഒന്നു മന്ദഹസിച്ചു.
‘ഞാൻ പറഞ്ഞതധികപ്രസംഗമായോ? ക്ഷമിക്കണേ.’
‘അങ്ങനെ മാപ്പു പറയാനൊന്നുമില്ല. വായിക്കുന്നത് ചോദ്യം ചോദിക്കാനാണല്ലോ. ഒരു രാത്രിയുടെ പ്രേതമാണ് “വിധിന്യായം”.’
‘എന്നു പറഞ്ഞാൽ?’
‘അതൊരു പ്രേതമാണെന്ന്,’ വിദൂരതയിലേക്ക് തറഞ്ഞൊരു നോട്ടമയച്ചുകൊണ്ട് അദ്ദേഹം ആവർത്തിച്ചു.
‘എന്നിട്ടും നിങ്ങളതെഴുതി.’
‘അത് ആ പ്രേതത്തിനൊരു സ്ഥിരീകരണം മാത്രമായിരുന്നു, അതുവഴി അതിന്റെ ഉച്ചാടനവും.’
*
തന്റെ കുത്തിക്കുറിക്കലുകൾ പ്രസിദ്ധീകരിച്ചുകാണുമ്പോൾ മനസ്സിടിഞ്ഞുപോവുകയാണെന്നു പറഞ്ഞിട്ട് കഥകൾ പ്രസിദ്ധീകരിക്കാൻ കൊടുത്തതെന്തിനാണെന്നുള്ള യനൌഹിന്റെ ചോദ്യത്തിനു മറുപടിയായി കാഫ്ക ഇങ്ങനെ പറഞ്ഞു:
’അതങ്ങനെയാണ്! ഞാൻ എന്തെങ്കിലും എഴുതിയാൽ മാക്സ് ബ്രോഡും, ഫെലിക്സ് വെൽഷും മറ്റെല്ലാ സ്നേഹിതന്മാരും കൂടി അതു കൈക്കലാക്കുകയും, പിന്നെ ഏതെങ്കിലുമൊരു പ്രസാധകനുമായി ഒപ്പിട്ട ഉടമ്പടി കാണിച്ച് എന്നെ അത്ഭുതപ്പെടുത്തുകയുമാണ്. ഞാനൊരിക്കലും അവർക്കഹിതമായതൊന്നു ചെയ്യുകയില്ല; തികച്ചും വ്യക്തിപരമായ കുറിപ്പുകളും നേരമ്പോക്കുകളും പ്രസിദ്ധീകരിക്കപ്പെടുന്നു എന്നതിലാണ് സംഗതി കലാശിക്കുന്നത്. എന്റെ മാനുഷികദൗർബല്യങ്ങൾക്ക് എന്റേതായിട്ടുള്ള തെളിവുകൾ അച്ചടിക്കപ്പെടുകയും, വിൽക്കപ്പെടുകയുമാണ്; കാരണം മാക്സ് ബ്രോഡിന്റെ നേതൃത്വത്തിൽ എന്റെ സ്നേഹിതന്മാർക്കു ചിന്ത പോയിരിക്കുന്നു, അവ സാഹിത്യമാണെന്ന്; ഏകാന്തതയുടെ ആ തെളിവു നശിപ്പിക്കാൻ എനിക്കു കെല്പുമില്ല.
ഒന്നു നിറുത്തിയിട്ട് അതേവരെയുള്ള സ്വരത്തിൽ നിന്നു വ്യത്യസ്തമായി അദ്ദേഹം പറഞ്ഞു:
ഞാനിപ്പോൾ പറഞ്ഞത് തീർച്ചയായും ഒരതിശയോക്തി തന്നെ, എന്റെ സ്നേഹിതന്മാരോടു കാട്ടുന്ന വിദ്വേഷവും. ആ സംഗതികൾ പ്രസിദ്ധീകരിക്കുന്നതിനു കൂട്ടു നിൽക്കുന്ന രീതിയിൽ അത്രയും ദുഷിച്ചവനും നാണം കെട്ടവനുമായിപ്പോയിരിക്കുന്നു ഞാൻ എന്നതാണു വാസ്തവം. സ്വന്തം ദൗർബല്യത്തിനൊരൊഴിവുകഴിവായി സാഹചര്യങ്ങൾക്ക് അവയ്ക്കില്ലാത്തൊരു കരുത്തു നല്കുകയാണു ഞാൻ. അതൊരു കാപട്യം തന്നെ. പിന്നെ ഞാനൊരു വക്കീലുമല്ലേ. അതിനാൽ എനിക്കൊരിക്കലും തിന്മയെ വിട്ടുനില്ക്കാനുമാവില്ല.’
*
ഇന്ത്യൻ മതഗ്രന്ഥമായ ഭഗവദ് ഗീതയുടെ ഒരു ജർമ്മൻ വിവർത്തനം ഞാൻ കാഫ്കയ്ക്ക് വായിക്കാൻ കൊടുത്തിട്ടുണ്ടായിരുന്നു.
കാഫ്ക പറഞ്ഞു, “ഇന്ത്യൻ മതഗ്രന്ഥങ്ങൾ ഒരേസമയം ആകർഷകവും ഒപ്പം തന്നെ വെറുപ്പുളവാക്കുന്നതുമായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്. വിഷത്തിന്റെ കാര്യത്തിലെന്നെപോലെ വശീകരിക്കുന്നതും അതുപോലെ ഭീതിദവുമായ എന്തോ ഒന്ന് അവയിലുണ്ട്. ഇക്കണ്ട യോഗികളും മന്ത്രവാദികളും പ്രകൃതിക്കു മേൽ കോയ്മ നേടാൻ ശ്രമിക്കുന്നത് സ്വാതന്ത്ര്യത്തിനായുള്ള അടങ്ങാത്ത ദാഹം കൊണ്ടല്ല, ജീവിതത്തിനോടുള്ള ഗൂഢവും തണുത്തുറഞ്ഞതുമായ വെറുപ്പു കാരണമാണ്. ഇന്ത്യയിലെ ഭക്തിയുടെ ഉറവിടം അഗാധമായ ഒരു അശുഭവാദമാണ്.”
ഇന്ത്യൻ തത്ത്വശാസ്ത്രത്തിൽ ഷോപ്പൻഹോവറുടെ താല്പര്യത്തെക്കുറിച്ച് ഞാനപ്പോൾ ഓർമ്മിപ്പിച്ചു.
കാഫ്ക പറഞ്ഞു, “ഷോപ്പൻഹോവർ ഭാഷയിലെ ശില്പിയാണ്. അദ്ദേഹത്തിന്റെ ചിന്തയുടെ ഉറവിടവും അതാണ്. ആ ഭാഷയ്ക്കു വേണ്ടിയെങ്കിലും അദ്ദേഹത്തെ വായിക്കാതിരിക്കരുത്.”
*
യൊഹാനസ്. ആർ. ബെക്കർ തന്റെ ഒരു കവിതയിൽ മരണത്തിന്റെ സൗഹൃദസന്ദർശനമാണു ഉറക്കം എന്നെഴുതിയിട്ടുള്ളതായി യനൌഖ് പറഞ്ഞു.
കാഫ്ക തലയാട്ടി: അതു ശരിയാണ്. സ്വജീവൻ കൊണ്ടു ഞാൻ വില നല്കേണ്ട ഒരു സന്ദർശകനെ ഓർത്തുള്ള ഭീതിയാകാം എന്റെ ഉറക്കമില്ലായ്മ.
*
എന്റെ കയ്യിൽ യൊഹാന്നെസ് ആർ. ബെക്കെറുടെ കവിതകളുടെ ഒരു പുസ്തകം കണ്ടപ്പോൾ കാഫ്ക ഇങ്ങനെ പറഞ്ഞു: “ഈ കവിതകൾ എനിക്കു മനസ്സിലാകുന്നതേയില്ല. ഒച്ചപ്പാടും വാക്കുകളുടെ വാഗ്വാദവും കാരണം നമുക്കു നമ്മിൽ നിന്നു പുറത്തുകടക്കാൻ പറ്റാത്തപോലെ. വാക്കുകൾ പാലങ്ങളാകുന്നതിനു പകരം ചാടിക്കടക്കാൻ പറ്റാത്ത മതിലുകൾ തീർക്കുകയാണ്. രൂപം നിരന്തരം ഇടഞ്ഞുനില്ക്കുമ്പോൾ ഉള്ളടക്കത്തിലേക്കു നമുക്കു കടക്കാൻ പറ്റാതാകുന്നു. വാക്കുകൾ ഭാഷയായി സാന്ദ്രമാകുന്നില്ല. ഒരാക്രോശം, അത്രതന്നെ.”
*
ഒരു എക്സ്പ്രെഷനിസ്റ്റ് കവിതാസമാഹാരത്തെക്കുറിച്ച് കാഫ്കയുടെ അഭിപ്രായം ഇതായിരുന്നു: “ഈ പുസ്തകം കാണുമ്പോൾ എന്റെ മനസ്സിടിഞ്ഞുപോകുന്നു. ഈ കവികൾ ജനങ്ങളുടെ നേർക്കു കൈ നീട്ടുകയാണ്. എന്നാൽ ആളുകൾ കാണുന്നത് സൗഹാർദ്ദത്തിന്റെ കൈത്തലങ്ങളല്ല, തങ്ങളുടെ കണ്ണുകളും ഹൃദയങ്ങളും ഇടിച്ചുതകർക്കാൻ ഉന്നം വയ്ക്കുന്ന മുറുക്കിയ മുഷ്ടികളാണ്.”
*
ഞാൻ കാഫ്കയെ കാണാൻ ഓഫീസിൽ ചെന്നപ്പോൾ അദ്ദേഹം എന്തോ രേഖയും കയ്യിൽ പിടിച്ചുകൊണ്ട് പുറത്തേക്കിറങ്ങാൻ പോവുകയായിരുന്നു. പിന്നീടു വരാമെന്നു ഞാൻ പറഞ്ഞുവെങ്കിലും അതു വേണ്ടെന്ന് അദ്ദേഹം വിലക്കി.
“ഞാൻ ഇപ്പോൾത്തന്നെ തിരിച്ചുവരും,” സന്ദർശകർക്കുള്ള ഒരു കസേര ചൂണ്ടിക്കാണിച്ചുകൊണ്ട് കാഫ്ക പറഞ്ഞു. “കുറച്ചു നേരം പത്രങ്ങളിരുന്നു വായിക്കൂ.”
അദ്ദേഹം ചില ചെക്ക്, ജർമ്മൻ പത്രങ്ങൾ എന്റെ നേർക്കു നീക്കിയിട്ടു.
ഞാനതെടുത്ത് തലക്കെട്ടുകൾ വായിച്ചു, ഒരു കോടതിറിപ്പോർട്ടിലൂടെയും തിയേറ്റർകുറിപ്പുകളിലൂടെയും (അതു മിക്കവാറും അറിയിപ്പുകളുമായിരുന്നു) ഒന്നു കണ്ണോടിക്കുകയും ചെയ്തു. പിന്നെ ഞാൻ പത്രത്തിന്റെ അവസാനപേജിലേക്കു തിരിഞ്ഞു. സ്പോർട്ട്സ് വാർത്തകൾക്കടിയിലായി ഒരു ഡിറ്റക്റ്റീവ് സീരിയലിന്റെ ഏറ്റവും പുതിയ അദ്ധ്യായം കണ്ടു. ഞാനതിന്റെ ഒന്നോ രണ്ടോ വരി വായിച്ചുകഴിഞ്ഞപ്പോഴേക്കും കാഫ്ക മടങ്ങിയെത്തി.
“കള്ളന്മാരും പോലീസുകാരും തനിക്കു കമ്പനി തന്നുവല്ലേ?” ഞാൻ എന്താണു വായിക്കുന്നതെന്ന് ഒറ്റ നോട്ടത്തിൽ കണ്ട കാഫ്ക ചോദിച്ചു.
ഞാൻ ധൃതിയിൽ പത്രം മേശപ്പുറത്തുതന്നെ വച്ചു. “ഞാൻ ഈ ചവർ എന്താണെന്നറിയാൻ ഒന്നു നോക്കിയെന്നേയുള്ളു.”
“പത്രാധിപർക്ക് ഏറ്റവും കൂടുതൽ കാശുണ്ടാക്കിക്കൊടുക്കുന്ന ഒന്നിനെയാണോ താൻ ചവർ എന്നു വിളിച്ചത്?” കോപം നടിച്ചുകൊണ്ട് കാഫ്ക ചോദിച്ചു. തന്റെ ഡെസ്ക്കിനു പിന്നിൽ ഇരുന്നിട്ട് അദ്ദേഹം എന്റെ മറുപടിക്കു കാക്കാതെ ഇങ്ങനെ തുടർന്നു: “വളരെ പ്രധാനപ്പെട്ട ഒരു ചരക്കാണത്. ജീവിതത്തിന്റെ അളവുകളെ വക്രീകരിക്കുകയും അങ്ങനെ ലോകത്തെ തല കുത്തി നിർത്തുകയും ചെയ്യുന്ന ഒരു മയക്കുമരുന്നാണ് ഡിറ്റക്റ്റീവ് കഥകൾ. അസാധാരണമായ സംഭവങ്ങൾക്കു പിന്നിൽ മറഞ്ഞുകിടക്കുന്ന നിഗൂഢതകളുടെ കുരുക്കഴിക്കുക എന്നതിലാണ് കുറ്റാന്വേഷണകഥകളുടെ ശ്രദ്ധ. എന്നാൽ യഥാർത്ഥജീവിതത്തിൽ സംഗതി നേരേ തിരിച്ചാണ്. നിഗൂഢത പശ്ചാത്തലത്തിൽ മറഞ്ഞുകിടക്കുകയല്ല. അത് നമ്മളുടെ മുഖത്തു തന്നെ തുറിച്ചുനോക്കുകയാണ്. തീർത്തും പ്രകടമാണതെന്നതിനാൽ നാം അതു കാണാതെപോകുന്നു. ഇന്നേവരെ എഴുതപ്പെട്ടതിൽ വച്ചേറ്റവും മഹത്തായ കുറ്റാന്വേഷണകഥയാണ് ജീവിതം. ഓരോ നിമിഷവും നാമറിയാതെ ആയിരക്കണക്കിനു ശവങ്ങൾക്കും പാതകങ്ങൾക്കുമരികിലൂടെ നാം കടന്നുപോകുന്നുണ്ട്. നമ്മുടെ ജീവിതങ്ങളുടെ ദിനചര്യയാണത്. എന്നാൽ ഈ ശീലത്തിനിടയിലും നമ്മെ ആശ്ചര്യപ്പെടുത്തുന്നതിൽ ചിലതു വിജയിക്കുന്നുണ്ട്. കുറ്റാന്വേഷണകഥ എന്നത് ഒന്നാന്തരം ഉറക്കഗുളികയാണ്; അത് ജീവിതത്തിലെ ഓരോ നിഗൂഢതയേയും നിയമപരമായി ശിക്ഷാർഹമായ അപവാദമായി അവതരിപ്പിക്കുന്നു. അത്- ഇബ്സന്റെ വാക്കുകളിൽ- സമൂഹത്തിന്റെ ഒരു നെടുംതൂണാണ്, ബൂർഷ്വാസംസ്കാരമെന്ന് സ്വയം അവകാശപ്പെടുന്ന ഹൃദയശൂന്യമായ അസാന്മാർഗ്ഗികതയെ മറയ്ക്കുന്ന ഉടയാത്ത കുപ്പായമാണ്.“
(ഗുസ്താവ് യനൌഹിന്റെ “കാഫ്കയുമായി നടത്തിയ സംഭാഷണങ്ങൾ” എന്ന പുസ്തകത്തിൽ നിന്ന്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ