2016, ജനുവരി 19, ചൊവ്വാഴ്ച

കാഫ്ക - നിയമത്തിന്റെ കവാടത്തിൽ

389542_418573514881215_1560152883_n

നിയമത്തിന്റെ കവാടത്തിൽ ഒരു ദ്വാരപാലകൻ നിൽക്കുന്നു. ഒരു ഗ്രാമീണൻ അയാളെ സമീപിച്ച്‌ നിയമത്തിന്റെ സന്നിധിയിലേക്കു കടക്കാൻ അനുമതി ചോദിക്കുകയാണ്‌. പക്ഷേ ഈ സമയത്ത്‌ അയാളെ കടത്തിവിടാൻ പറ്റില്ലെന്ന് ദ്വാരപാലകൻ പറയുന്നു. അൽപനേരം ഓർത്തുനിന്നിട്ട്‌ എങ്കിൽ പിന്നീടു തനിക്ക്‌ അനുമതി കിട്ടുമോയെന്ന് ഗ്രാമീണൻ ആരായുന്നു. 'കിട്ടിയേക്കാം,' ദ്വാരപാലകൻ പറയുകയാണ്‌, 'പക്ഷേ ഇപ്പോൾ എന്തായാലുമില്ല.' നിയമത്തിന്റെ കവാടം തുറന്നുതന്നെ കിടക്കുകയാണ്‌; ദ്വാരപാലകൻ ഒരുവശത്തേക്കു മാറിനിൽക്കുകയും ചെയ്തു; അതിനാൽ ഗ്രാമീണൻ കുനിഞ്ഞ്‌ അകത്തേക്കു നോക്കി. ദ്വാരപാലകൻ ഇതുകണ്ടിട്ട്‌ ചിരിച്ചുകൊണ്ടു പറയുകയാണ്‌: 'നിങ്ങൾക്കിത്ര വ്യഗ്രതയാണെങ്കിൽ എന്റെ വിലക്കിരിക്കെത്തന്നെ അകത്തുകടക്കാൻ ഒന്നു ശ്രമിച്ചുകൂടേ? പക്ഷേ ഒന്നോർക്കണം, അതീവശക്ത്തനാണു ഞാൻ; അതേസമയം ദ്വാരപാലകന്മാരിൽ ഏറ്റവും താഴേത്തട്ടിലുള്ളയാളും. കടന്നുചെല്ലുന്ന ഓരോ മുറിക്കു മുന്നിലും ദ്വാരപാലകന്മാരുണ്ട്‌: ഒന്നിനൊന്നു ശക്തന്മാരായവർ. എനിക്കുതന്നെ നേരേനോക്കാനാവാത്തവിധം ഭീഷണനാണ്‌ മൂന്നാമത്തെയാൾ തന്നെ.' ആ ഗ്രാമീണൻ മുൻകൂട്ടിക്കാണാത്ത പ്രതിബന്ധങ്ങളാണിതൊക്കെ. നിയമം, അയാൾ ചിന്തിക്കുകയാണ്‌, എല്ലാവർക്കും എല്ലായ്പ്പോഴും കടന്നുചെല്ലാവുന്നതായിരിക്കണം. പക്ഷേ പിന്നീട്‌ രോമക്കുപ്പായം ധരിച്ച ആ ദ്വാരപാലകനെ, അയാളുടെ കൂർത്തുമൂർത്ത മൂക്കിനെ,നീണ്ടുവിരളമായ താർത്താരിത്താടിയെ ഒന്നുകൂടി സൂക്ഷിച്ചുനോക്കിയിട്ട്‌ അനുമതി കിട്ടുന്നതുവരെ കാത്തിരിക്കുകയാണു ഭേദമെന്ന തീരുമാനത്തിൽ അയാൾ എത്തിച്ചേരുന്നു. ദ്വാരപാലകൻ ഒരു പീഠം നൽകിയിട്ട്‌ വാതിലിന്റെ ഒരു വശത്തേക്കു മാറിയിരിക്കാൻ അയാളെ അനുവദിക്കുന്നു. അവിടെ അയാൾ ദിവസങ്ങളായി, വർഷങ്ങളായി ഒറ്റയിരുപ്പിരിക്കുന്നു. അകത്തു കടക്കാൻ അയാൾ പല ശ്രമങ്ങളും നടത്തുന്നു; നിരന്തരമായ നിവേദനങ്ങൾ കൊണ്ട്‌ അയാൾ ദ്വാരപാലകന്റെ സ്വൈരം കെടുത്തുന്നു. ദ്വാരപാലകൻ അയാളുമായി പലപ്പോഴും ചെറിയ സംഭാഷണങ്ങളിലേർപ്പെടാറുണ്ട്‌; അയാളുടെ വീടിനെക്കുറിച്ചും മറ്റുമുള്ള വിശേഷങ്ങൾ തിരക്കാറുണ്ട്‌. അതൊക്കെപ്പക്ഷേ പ്രമാണീമാർ ചെയ്യുന്നപോലെ ഒരലക്ഷ്യമട്ടിലാണ്‌; ഇനിയും അകത്തുകടക്കാറായിട്ടില്ല എന്ന പല്ലവിയോടെയാണ്‌ ഓരോ തവണയും അതവസാനിക്കുന്നതും. യാത്രക്കായി പലതും ഒരുക്കിക്കൊണ്ടുവന്ന ആ മനുഷ്യൻ അതൊക്കെ, അതെത്ര വിലപിടിച്ചതുമായിക്കോട്ടെ, ദ്വാരപാലകനെ വശത്താക്കാനുള്ള ശ്രമങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നു. ദ്വാരപാലകനാവട്ടെ, 'ഞാനിതൊക്കെ വാങ്ങുന്നത്‌ ഒരു വഴിയും ഒഴിവാക്കിയിട്ടില്ല എന്നു നിങ്ങൾക്കുറപ്പുവരാൻ വേണ്ടിയാണ്‌' എന്നു പറഞ്ഞുകൊണ്ട്‌ അതൊക്കെ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്‌. അപ്പോന്ന വർഷങ്ങളത്രയും അയാൾ ആ ദ്വാരപാലകനെത്തന്നെ നോക്കിയിരിക്കുന്നു. മറ്റു ദ്വാരപാലകന്മാരുടെ കാര്യം അയാൾ മറന്നുപോകുന്നു. നിയമത്തിന്റെ സന്നിധിയിലേക്കു കടക്കുന്നതിൽ തനിക്കുള്ള ഏകപ്രതിബന്ധം ഈയൊരു ദ്വാരപാലകൻ മാത്രമാണെന്ന് അയാൾ കരുതുന്നു. അയാൾ തന്റെ ദുർവ്വിധിയെ ശപിക്കുന്നു; ആദ്യമൊക്കെ ഉച്ചത്തിലായിരുന്ന കൊടുംശാപങ്ങൾ പിന്നീട്‌ പ്രായമേറുനതോടെ പതിഞ്ഞ മുറുമുറുക്കൽ മാത്രമാകുന്നു. അയാൾ കുട്ടികളെപ്പോലെയാകുന്നു; ഇത്രയും കാലത്തെ നിരീക്ഷണം കൊണ്ട്‌ ദ്വാരപാലകന്റെ രോമക്കുപ്പായത്തിലെ ചെള്ളുകളെ വരെ കണ്ടെത്തിക്കഴിഞ്ഞ അയാൾ അവയോടുപോലും കേണപേക്ഷിക്കുന്നു, ദ്വാരപാലകന്റെ മനസ്സുമാറ്റി തന്നെയൊന്നു സഹായിക്കാൻ. ഒടുവിൽ അയാളുടെ കാഴ്ച മങ്ങിത്തുടങ്ങുന്നു; തനിക്കു ചുറ്റും ഇരുട്ടാവുകയാണോ അതോ കണ്ണുകൾ തന്നെ കബളിപ്പിക്കുകയാണോയെന്ന് അയാൾക്കു മനസ്സിലാവുന്നില്ല. എന്നാൽ നിയമത്തിന്റെ കവാടത്തിൽ നിന്ന് അനിരോധ്യമായി പ്രസരിക്കുന്ന ഒരു ദീപ്തി അയാൾക്കു കാണുമാറാകുന്നു. അയാളുടെ ജീവിതാവസാനം അടുത്തുകഴിഞ്ഞു. മരിക്കുന്നതിനുമുൻപ്‌ ആ ദീർഘകാലത്തെ അനുഭവങ്ങളെല്ലാം കൂടി ദ്വാരപാലകനോടിനിയും ചോദിച്ചിട്ടില്ലാത്ത ഒരു ചോദ്യമായി അയാളുടെ തലയ്ക്കുള്ളിൽ ഘനീഭവിക്കുന്നു. അയാൾ ദ്വാരപാലകനെ മാടിവിളിക്കുന്നു; മരവിപ്പു കയറിത്തുടങ്ങിയ ശരീരം ഉയർത്താൻ അയാൾക്കു കഴിയുന്നില്ലല്ലോ. ദ്വാരപാലകന്‌ അയാളുടെയടുത്തേക്ക്‌ കുനിഞ്ഞുനിൽക്കേണ്ടിവരുന്നു; അവർ തമ്മിൽ ഉയരത്തിലുള്ള വ്യത്യാസം അത്രയധികമായിരിക്കുന്നു. 'ഇനി നിങ്ങൾക്കെന്താണറിയേണ്ടത്‌?' ദ്വാരപാലകൻ ചോദിക്കുന്നു. 'നിങ്ങൾ തീരെ തൃപ്തിവരാത്തയാളാണല്ലോ.' 'എല്ലാവരും നിയമത്തെ തേടുകയാണ്‌,' ആ മനുഷ്യൻ ചോദിക്കുന്നു. 'എന്നിട്ട്‌ ഇത്രകാലമായിട്ടും മറ്റൊരാൾ അനുവാദം ചോദിച്ചുകൊണ്ട്‌ ഇതുവഴി വരാതെപോയതെന്തുകൊണ്ടാണ്‌?' അയാളുടെ അന്ത്യമായി എന്ന് ദ്വാരപാലകനു മനസ്സിലാകുന്നു. വർദ്ധിച്ചുവരുന്ന ആ ബാധിര്യത്തെ ഭേദിക്കത്തക്കവിധം ഉച്ചത്തിൽ അയാൾ ഇങ്ങനെ വിളിച്ചുപറയുന്നു: 'ഇതുവഴി മറ്റാരെയും കടത്തിവിടാനാവുമായിരുന്നില്ല; കാരണം ഈ കവാടം നിങ്ങൾ ഒരാളെമാത്രം ഉദ്ദേശിച്ചുള്ളതായിരുന്നു; ഇനി ഞാൻ ഇതടയ്ക്കാന്‍ പോവുകയാണ്‌.


പ്രത്യക്ഷത്തിൽ നിരർത്ഥകമായ ഒരു യാത്രയുടെയും വിഫലമായ ഒരു കാത്തിരുപ്പിന്റെയും കഥ പറയുകയാണ്‌ ‘നിയമത്തിന്റെ മുന്നിൽ.’ നിയമത്തിന്റെ അനീതികളെക്കുറിച്ചും അസമത്വങ്ങളെക്കുറിച്ചുള്ള ഒരു കഥയാവാം അതെന്ന പോലെ തന്നെ ആത്മനിഷ്ഠതയുടെ ആന്ധ്യത്തെക്കുറിച്ചുമാവാം അതു പറയുന്നത്. നിയമത്തിനു ‘പുറത്ത്’ ഒരു മനുഷ്യൻ കാത്തിരിക്കുന്നതിന്റെ വിവരണമാണതെന്ന പോലെ നിയമത്തിന്റെ ‘സാന്നിദ്ധ്യ’ത്തിലാണയാളുടെ കാത്തിരുപ്പെന്നും വരാം. സഫലമാണ്‌ അയാളുടെ യാത്രയെന്നും വാദിക്കാം: അയാൾ ലക്ഷ്യസ്ഥാനത്തെത്തുന്നുണ്ടല്ലോ. പക്ഷേ താൻ എത്തിച്ചേർന്നുവെന്ന് അയാൾ തിരിച്ചറിയുന്നില്ല; അഥവാ, നടന്ന മാറ്റങ്ങൾ അയാൾ തിരിച്ചറിയുന്നില്ല; പഴയ ദേശത്തിൽ നിന്ന് പുതിയ ദേശത്തിനുള്ള വ്യത്യാസങ്ങൾ അയാളുടെ കണ്ണിൽ പെട്ടിട്ടില്ല. എന്തായാലും കടക്കലിനെയും കടന്നുപോകലിനെയും കുറിച്ചുള്ള കഥയല്ല ‘നിയമത്തിന്റെ മുന്നിൽ’ എന്നതു വ്യക്തമാണ്‌. യഥാർത്ഥത്തിൽ അത് കടക്കലും കടന്നുപോകലും ജീവിതാന്ത്യം വരെ നിരന്തരം മാറ്റിവയ്ക്കപ്പെടുന്നതിന്റെ കഥയാണ്‌.

(Paolo Bortoloni- On the Cultures of Exile, Translation and Writing)

ഗ്രാമത്തിൽ നിന്നു വന്ന ആ മനുഷ്യന്‌ നിയമത്തിലേക്കാണോ പ്രവേശനം വേണ്ടത്, അതോ നിയമത്തെ ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന ഇടത്തിലേക്കു മതിയെന്നാണോ? നമുക്കറിയില്ല, അതിൽ ഒരു തെരഞ്ഞെടുപ്പിന്റെ പ്രശ്നം ഉദിക്കുന്നില്ലെന്നും വരാം; കാരണം നിയമംത്തിന്റെ രൂപം നമുക്കു ദൃശ്യമാകുന്നത് ഒരു സ്ഥലമായിട്ടാണല്ലോ, അതു നടക്കുന്ന ഇടമായിട്ടാണല്ലോ. അതെന്തുമാവട്ടെ, ഗ്രാമത്തിൽ നിന്നു വന്ന മനുഷ്യന്‌- നിയമത്തിനു മുമ്പേ ഉണ്ടായിരുന്ന ആളുമാണയാൾ, നഗരത്തിനും മുമ്പേ പ്രകൃതി ഉള്ളതുപോലെ- ആ കാവൽക്കാരനെപ്പോലെ എക്കാലവും നിയമത്തിനു മുന്നിൽ നില്ക്കണമെന്നില്ല. ഇപ്പറഞ്ഞയാളും നിയമത്തിനു മുന്നിൽ നില്ക്കുകയാണല്ലോ. എന്നതിനർത്ഥം അയാൾ നിയമത്തെ ആദരിക്കുന്നു എന്നാണ്‌: നിയമത്തിനു മുന്നിൽ നില്ക്കുക, അതിനു മുന്നിൽ ഹാജരാവുക എന്നാൽ അതിനു കീഴടങ്ങുകയും അതിനെ ആദരിക്കുകയും ചെയ്യുക എന്നു തന്നെ; ബഹുമാനം ഒരാളെ അകലത്തു നിർത്തുകയാണ്‌, മറുവശത്തു നിർത്തുകയാണ്‌, അടുപ്പിക്കാതെ, കടത്താതെ എന്നതിനാൽ പ്രത്യേകിച്ചും. നിയമത്തിനു മുന്നിൽ നിന്നുകൊണ്ട് അതിനോടു ബഹുമാനം വേണം എന്നോർമ്മിപ്പിക്കുകയാണ്‌ കാവല്ക്കാരൻ എന്നും ഇതിന്‌ അർത്ഥം വരാം. നിരീക്ഷണത്തിന്റെ ചുമതലയുള്ളതിനാൽ, നിയമത്തിനു മുന്നിൽ കാവൽ നില്ക്കുകയാണയാൾ, അതിനു പുറം തിരിഞ്ഞു നിന്നുകൊണ്ട്, അതിനെ നേരെ നോക്കാതെ, അതിനാൽ അതിന്റെ ‘മുന്നിൽ’ അല്ലാതെയും; എടുപ്പിലേക്കുള്ള കവാടം കാക്കുകയും കോട്ടയ്ക്കു മുന്നിൽ ഹാജരാകുന്ന സന്ദർശകരെ മാന്യമായ ഒരകലത്തു നിർത്തുകയും ചെയ്യേണ്ട കാവല്ക്കാരനാണ്‌ അയാൾ...കഥയിലെ രണ്ടു കഥാപാത്രങ്ങളും, ഗ്രാമത്തിൽ നിന്നു വന്ന മനുഷ്യനും കാവല്ക്കാരനും, രണ്ടു പേരും നിയമത്തിനു മുന്നിലാണ്‌; പക്ഷേ സംസാരിക്കേണ്ടതിനായി അവർക്കു മുഖാമുഖം നില്ക്കേണ്ടി വരുന്നതിനാൽ ‘നിയമത്തിനു മുന്നിലെ’ അവരുടെ സ്ഥാനം വിപരീതമാവുന്നു. അവരിൽ ഒരാൾ, കാവല്ക്കാരൻ, നിയമത്തിനു പുറം തിരിഞ്ഞിട്ടാണ്‌, എന്നാലും അയാൾ നില്ക്കുന്നത് നിയമത്തിനു മുന്നിൽ തന്നെ. ഗ്രാമത്തിൽ നിന്നു വന്ന മനുഷ്യൻ, നേരേ മറിച്ച്, നിയമത്തിനു മുന്നിലാണെങ്കിലും എതിർദിശയിലാണ്‌; കടക്കാൻ തയാറായി അതിനു നേരേ നില്ക്കുകയാണയാൾ. നിയമത്തിനു മുന്നിൽ സന്നിഹിതരാണ്‌ രണ്ടു പേരുമെങ്കിലും ഒരാൾ ഒരാൾക്കെതിരുമാണ്‌....

(Derrida- Before the Law)


Kafka - Before the Law

അഭിപ്രായങ്ങളൊന്നുമില്ല: