2020, നവംബർ 28, ശനിയാഴ്‌ച

നെരൂദ - മണ്ണിനൊരു വാഴ്ത്ത്

ഞാൻ വാഴ്ത്തുന്നത്
ധൂർത്തയായ മണ്ണിനെയല്ല, 
വേരുകൾക്കു തള്ളയായ 
തേവിടിശ്ശിയെയല്ല, 
പഴവും കിളിയും 
ചെളിയും ഒഴുകുന്ന ചോലകളും
നിറഞ്ഞ ധാരാളിയെയല്ല, 
ഗൗളികൾക്കു സ്വദേശത്തെയല്ല, 
കതിർക്കിരീടം വച്ച 
പോർമുലക്കാരി സുൽത്താനയെയല്ല, 
കാട്ടുപൂച്ചയുടെ 
ഈറ്റില്ലത്തെയല്ല, 
കൊഴുവോടിയ മണ്ണിനെയല്ല, 
പാട്ടും പാടി 
പുലരിയെ എതിരേൽക്കാൻ 
നോറ്റിരിക്കുന്ന 
കുഞ്ഞിക്കൂടുകൾ പോലത്തെ 
വിത്തുകൾ 
ഗർഭത്തിൽപ്പേറുന്നവളെയല്ല, 
അല്ല, 
ഞാൻ സ്തുതിക്കുന്നതു 
ധാതുക്കളുടെ ഭൂമിയെ, 
ആൻഡീസിലെ പാറയെ, 
ചാന്ദ്രമരുഭൂവിലെ 
കൊടുംവടുവിനെ, 
അതിരറ്റ ലവണപ്പരപ്പിനെ, 
എന്റെ സങ്കീർത്തനം 
ഇരുമ്പിന്‌, 
വെടിച്ചും പൊടി പിടിച്ചും 
തന്റെ ഭൂമിശാസ്ത്രത്തിൽ നിന്നു 
പുറമേയ്ക്കു വരുന്ന 
ചെമ്പയിരിന്റെ സിരകൾക്ക്. 
മണ്ണേ,
കടുപ്പക്കാരിയമ്മേ, 
കുഴിച്ചിട്ട ലോഹങ്ങൾ 
നീയൊളിപ്പിച്ചതിവിടെ, 
ഞങ്ങളവ 
തോണ്ടിപ്പുറത്തിട്ടതിവിടെ, 
പിന്നെ മനുഷ്യന്മാർ, 
ഒരു പെഡ്രോ, 
ഒരു റോഡ്രിഗ്സ്, ഒരു റാമിറെസ് 
തീയിൽ വീണ്ടെടുക്കുന്നു 
അവയുടെ ആദിവെളിച്ചം, 
ദ്രവലാവ, 
പിന്നെ മണ്ണേ, 
നിന്നെപ്പോൽ കടുത്ത 
ചണ്ഡലോഹം 
എന്റെയമ്മാവന്റെ 
ബലത്ത കൊച്ചുകൈകൾക്കു 
വഴങ്ങുന്നു , 
കമ്പിയോ ലാടമോ
കപ്പലോ തീവണ്ടിയെഞ്ചിനോ
പള്ളിക്കൂടത്തിന്റെ എല്ലുകൂടമോ
വെടിയുണ്ടയുടെ വേഗമോ ആകുന്നു. 
വരണ്ട മണ്ണേ, 
ആയുർരേഖയില്ലാത്ത കൈപ്പടമേ, 
നിനക്കായി ഞാൻ പാടുന്നു,
കിളി പാടാത്ത, 
പനിനീർപ്പൂ വിരിയാത്ത, 
പുഴയൊഴുകാത്ത, 
വരണ്ടുറച്ചു മൂകമായ ഇവിടെ 
കറുത്ത നക്ഷത്രമേ, 
ശത്രുവിന്റെ മുഷ്ടീ, 
നിനക്കായി ഞാൻ പാടുന്നു, 
എന്തെന്നാൽ 
മനുഷ്യൻ നിന്നിൽ വിതയ്ക്കുമല്ലോ, 
അവൻ നിന്നെ പേറിയ്ക്കുമല്ലോ, 
അവൻ നിന്റെ ഗർഭപാത്രം പുറത്തെടുക്കുമല്ലോ, 
നിന്റെ ഗൂഢപാത്രത്തിലേക്കവൻ തന്റെ 
വിചിത്രരശ്മികൾ പായിക്കുമല്ലോ, 
മരുപ്പറമ്പേ, 
നേർവരയുടെ ശുദ്ധതേ, 
എന്റെ പാട്ടിന്റെ ശീലുകൾ നിനക്ക്, 
മയക്കത്തിലാണിപ്പോൾ നീയെങ്കിലും 
ഡൈനമിറ്റിന്റെ ചമ്മട്ടി 
നിന്നെ കുലുക്കിയുണർത്തും, 
ലോഹങ്ങൾ മാനത്തേക്കു കുതിക്കുമ്പോൾ 
ചോരച്ച പുകയുടെ പീലി വിരിയും, 
ഒരു പിറവിയ്ക്കതു നാന്ദി കുറിയ്ക്കും. 
മണ്ണേ, 
എനിക്കു ഹിതം 
മണലും ചെളിയുമായ നിന്നെ, 
നീയെന്നെ രൂപപ്പെടുത്തിയ പോലെ 
നിന്നെ കൈയിലെടുത്ത് 
ഞാനും നിന്നെ രൂപപ്പെടുത്തുന്നു, 
മോചിതനായി, 
എല്ലാമടക്കുന്ന നിന്റെ ഗർഭപാത്രത്തിലേക്കു 
ഞാൻ മടങ്ങുമ്പോൾ 
എന്റെ വിരലുകളിൽ നിന്നു നീ 
ഊർന്നുപോകുന്നു. 
സുഷിരങ്ങൾ നിറഞ്ഞ പതക്കമേ,
കളിമൺകുടമേ,
പൊടുന്നനേ നിൻ്റെ വടിവുകളാകെ
ഞാൻ പുണരുമ്പോലെനിക്കു തോന്നുന്നു,
നിന്റെ മേലെന്റെ വിരലോടുമ്പോൾ 
ഞാൻ തേടുന്നതു ഞാൻ പ്രേമിക്കുന്നവളുടെ 
ജഘനങ്ങൾ, 
കുഞ്ഞുമുലകൾ, 
വെയിൽച്ചൂടേറ്റ, 
മിനുസപ്പെട്ടൊരു ധാന്യമണി പോലെ 
തെന്നൽ, 
നിന്നോടു പറ്റിച്ചേർന്നുകിടക്കുന്നു 
ഞാൻ മണ്ണേ, 
നിന്നരികത്തു കിടന്നു 
ഞാനുറങ്ങുന്നു, 
നിന്റെയരക്കെട്ടിനെ താലോലിക്കുന്നു 
എന്റെ കൈകളും ചുണ്ടുകളും, 
ചുടുന്ന ചുംബനങ്ങൾ നിന്റെ മേൽ വിതച്ചു
നിന്റെയരികത്തു ഞാൻ കിടക്കുന്നു 


2020, നവംബർ 19, വ്യാഴാഴ്‌ച

ബോദ്‌ലേർ - നിങ്ങൾക്കസൂയയായിരുന്നു...

 


ആ ദയാമയിയായ ആയയോടു നിങ്ങൾക്കസൂയയായിരുന്നു!
ഇന്നൊരെളിയ പുൽത്തട്ടിനടിയിലവരന്ത്യവിശ്രമം കൊള്ളുമ്പോൾ
ഒരു പിടി പൂവെങ്കിലും നാമവരുടെ കുഴിമാടത്തിലർപ്പിക്കേണ്ടേ?
മരിച്ചുമണ്ണടിഞ്ഞവർ, പാവങ്ങൾ, അവർക്കുമില്ലേ ശോകങ്ങൾ?
വൃദ്ധവൃക്ഷങ്ങളിലിലകൾ കോതാൻ ശരൽക്കാലമെത്തുമ്പോൾ,
തണുത്ത കാറ്റത്തവരുടെ തലക്കല്ലുകൾ വിറ കൊള്ളുമ്പോൾ
എത്ര കൃതഘ്നരാണു ജീവിച്ചിരിക്കുന്നവരെന്നു മരിച്ചവർക്കു തോന്നും:
ഊഷ്മളമായ മെത്തകളിൽ പുതഞ്ഞു സസുഖം നാമുറങ്ങുമ്പോൾ
പേടിക്കിനാവുകളുടെ കറുത്ത പാതകളിലവരലഞ്ഞുതളരുന്നു;
അവർക്കു ചൂടു പകരാനാരുമില്ല, സ്നേഹസല്ലാപത്തിനാരുമില്ല;
പുഴുക്കൾ കരണ്ടുതിന്നുന്ന തണുത്തുവെറുങ്ങലിച്ച എല്ലുകൂടങ്ങൾ-
കാലത്തിന്റെ മഞ്ഞുവീഴ്ചകളറിഞ്ഞും കൊണ്ടവർ കിടക്കുന്നു.
ആണ്ടുകളങ്ങനെ കടന്നുപോകുമ്പോൾ ഒരു കുടുംബക്കാരനുമില്ല,
ആ കുഴിമാടങ്ങളിൽ നിന്നു കരിഞ്ഞ പൂവുകളെടുത്തുമാറ്റാൻ.
ഇനിയൊരു രാത്രിയിൽ മുറിയിൽ തീയും കാഞ്ഞിരിക്കുമ്പോൾ
ചാരുകസേരയിൽ ചിന്താധീനയായി ഞാനവരെ കണ്ടുവെന്നിരിക്കട്ടെ;
അല്ലെങ്കിലൊരു തണുത്തു നീലിച്ച ഡിസംബർ രാത്രിയിൽ
മുറിയുടെ മൂലയ്ക്കൊതുങ്ങിനില്ക്കുന്നതായി,
(മുതിർന്നുപോയ തന്റെ കുട്ടിയെ ഒന്നു കാണാനുള്ള വെമ്പലോടെ
നിത്യനിദ്രയിൽ നിന്നവർ ഒരു നിമിഷത്തിനവധിയെടുത്തതാവാം)
കണ്ണുകളെന്ന കുഴികളിൽ നിന്നു കണ്ണീരടർന്നുവീഴുന്നതു കാണുമ്പോൾ
ആ വിശ്വസ്തഹൃദയത്തോടെനിക്കെന്തു പറയാനുണ്ടാവും?
(തിന്മയുടെ പൂക്കൾ)
--------------------------------------------------------------------

അമ്മയെ സംബോധന ചെയ്തുകൊണ്ടെഴുതിയത്. കുട്ടിക്കാലത്തു ബോദ്‌ലേറെ നോക്കിവളർത്തിയ മരീയെറ്റ് ആണ്‌ ‘ആ ദയാമയിയായ ആയ.’ തന്റെ ‘ഇന്റിമേറ്റ് ജേണലി’ൽ അദ്ദേഹം എഴുതുന്നുണ്ട്, തനിക്കു മാദ്ധ്യസ്ഥം പറയാൻ താൻ പ്രാർത്ഥിച്ചത് എഡ്ഗാർ ആലൻ പോ, മരീയെറ്റ് എന്നീ വിശുദ്ധരോടായിരുന്നുവെന്ന്.

2020, നവംബർ 16, തിങ്കളാഴ്‌ച

ബോദ്‌ലേർ - അന്തിവെളിച്ചം


പകൽ മായുന്നു. ഒരു പകലത്തെ അദ്ധ്വാനം കൊണ്ടു തളർന്ന സാധുക്കളായ ആത്മാക്കൾക്കു മേൽ വലിയൊരു സമാധാനം വന്നിറങ്ങുന്നു; അവരുടെ ചിന്തകളിലിപ്പോൾ അന്തിവെളിച്ചത്തിന്റെ ലോലവും സന്ദിഗ്ധവുമായ നിറങ്ങൾ പടരുകയും ചെയ്യുന്നു.

ഈ സമയത്താണു പക്ഷേ, മലമുകളിൽ നിന്ന്, ഉന്നതവും സുതാര്യവുമായ സാന്ധ്യമേഘങ്ങൾക്കിടയിലൂടെ വലിയൊരു ഓരിയിടൽ എന്റെ വരാന്തയിലേക്കെത്തുന്നത്; അത്രയും ദൂരം താണ്ടി അപസ്വരങ്ങളുടെ ആ കലാപം എന്റെ കാതുകളിലേക്കെത്തുന്നത് ഒരു ദാരുണസംഗീതം പോലെയാണ്‌- വേലിയേറ്റം പോലെ, ഉരുണ്ടുകൂടുന്ന കൊടുങ്കാറ്റു പോലെ.

സായാഹ്നം സാന്ത്വനമണയ്ക്കാത്ത ആ ഭാഗ്യദോഷികൾ ആരാവാം? കൂമന്മാരെപ്പോലെ പിശാചുമായി സങ്കേതം കുറിയ്ക്കാനുള്ള മുഹൂർത്തമായി സന്ധ്യ മാറുന്നതാർക്കായിരിക്കാം? പൈശാചികമായ ആ കുരവയിടൽ നമ്മിലേക്കെത്തുന്നത് മലമുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ആ ഭ്രാന്താലയത്തിൽ നിന്നാണ്‌; സന്ധ്യക്ക് ഞാൻ ഒരു ചുരുട്ടും പുകച്ചുകൊണ്ട്, വീടുകൾ എറിച്ചുനില്ക്കുന്ന വിശാലവും വിശ്രാന്തവുമായ താഴ്വാരത്തെ നോക്കി ഓരോന്നോർക്കുമ്പോൾ (ഓരോ ജനാലയും വിളിച്ചുപറയുകയാണ്‌, “ഇവിടെയിപ്പോൾ സമാധാനമുണ്ട്; ഇവിടെയൊരു സന്തുഷ്ടകുടുംബമുണ്ട്!”) ഞെട്ടിത്തെറിക്കുന്ന എന്റെ ചിന്തകളെ താരാട്ടാൻ ആ നരകസംഗീതത്തിൻ്റെ അനുകരണത്തിനു കഴിയുന്നുണ്ട്.

സന്ധ്യ ഭ്രാന്തന്മാരുടെ മനസ്സിളക്കുന്നു.- ഇരുളു വീഴുമ്പോൾ ആകെ സ്വസ്ഥത കെട്ടിരുന്ന എന്റെ രണ്ടു സ്നേഹിതന്മാരുടെ കാര്യം ഞാനോർക്കുന്നു. ഒരാൾ സൗഹൃദത്തിന്റെയും മര്യാദയുടേയും ഏതു ചേഷ്ടയേയും ദുർവ്വ്യാഖ്യാനം ചെയ്യുകയും ആദ്യം മുന്നിൽ വരുന്നയാൾക്കു മേൽ കാട്ടാളനെപ്പോലെ എടുത്തുചാടുകയും ചെയ്യുമായിരുന്നു. ഒരിക്കലയാൾ ഒന്നാന്തരം പൊരിച്ച കോഴിയെടുത്ത് വെയ്റ്ററുടെ നേർക്കെറിയുന്നതു ഞാൻ കണ്ടു; തന്നെ അധിക്ഷേപിക്കുന്ന എന്തോ ഗൂഢലിപി അയാളതിൽ വായിച്ചെടുക്കുകയായിരുന്നു. ഗഹനാനന്ദങ്ങളുടെ പൂർവ്വഗാമിയായ സന്ധ്യ ഈ മനുഷ്യന്റെ കാര്യത്തിൽ പക്ഷേ, ഏറ്റവും രസനീയമായ സംഗതികളെപ്പോലും തുലച്ചുകളയുകയായിരുന്നു.

മറ്റേയാൾ, എന്തൊക്കെയോ എത്തിപ്പിടിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ഒരാൾ, പകൽവെളിച്ചം താഴുന്നതോടെ കൂടുതൽ വിഷാദിയും ദുർമ്മുഖനും വഴക്കാളിയുമാകാൻ തുടങ്ങും. പകൽസമയത്ത് ആരുടേയും ഹിതാനുവർത്തിയും സ്നേഹിതനുമായ ഒരാൾ രാത്രിയാവുന്നതോടെ കണ്ണിൽ ചോരയില്ലാത്ത ദുഷ്ടനായി മാറുകയാണ്‌; അന്യരെ മാത്രമല്ല, തന്നെത്തന്നെയും അയാൾ തന്റെ ഉന്മാദത്തിന്റെ രോഷത്തിനിരയാക്കിയിരുന്നു. 

ആദ്യത്തെയാൾ തന്റെ ഭാര്യയേയും കുഞ്ഞിനേയും കൂടി തിരിച്ചറിയാനാകാതെ ഭ്രാന്തെടുത്തു മരിച്ചു. രണ്ടാമത്തെയാളാകട്ടെ, തീരാത്ത അശാന്തിയും ഉത്കണ്ഠയും ഇപ്പോഴും മനസ്സിൽ പേറിനടക്കുന്നു; ഇനിയെന്തൊക്കെ കീർത്തിമുദ്രകൾ രാഷ്ട്രത്തലവന്മാരും രാജാക്കന്മാരും അയാൾക്കു ചാർത്തിക്കൊടുത്താലും ഭാവനയിലെ ബഹുമതികൾക്കായുള്ള അയാളുടെ തൃഷ്ണയ്ക്ക് സന്ധ്യ തിരി കൊളുത്തുമെന്നാണ്‌ എന്റെ വിശ്വാസം. അവരുടെ മനസ്സുകളെ ഇരുളടച്ചതാക്കുന്ന അതേ രാത്രി തന്നെ എന്റെ മനസ്സിനെ പ്രദീപ്തമാക്കുന്നു; ഒരേ കാരണത്തിൽ നിന്ന് വിരുദ്ധഫലങ്ങൾ ഉണ്ടാകുന്നത് അപൂർവ്വമല്ലെങ്കില്ക്കൂടി എനിക്കത് വല്ലാത്തൊരു നിഗൂഢതായി തോന്നുന്നു, ഒപ്പം അതെന്നെ ഉത്കണ്ഠാകുലനാക്കുകയും ചെയ്യുന്നു.

രാത്രീ! നവോന്മേഷം പകരുന്ന ഇരുളേ! എനിക്കു നീ എന്റെ അന്തരംഗത്തിലെ ഉത്സവവേളയുടെ സൂചകം! മനോവ്യഥയിൽ നിന്നെന്നെ കൈപിടിച്ചുകയറ്റുന്നവൾ! താഴ്വരയിലെ ഏകാന്തതയിൽ, മഹാനഗരങ്ങളിലെ ശിലാമയകുടിലദുർഗ്ഗങ്ങളിൽ, നീ, നക്ഷത്രദീപ്തികളും തെരുവുവിളക്കുകളുടെ സ്ഫോടനങ്ങളുമായവളേ, സ്വാതന്ത്ര്യമെന്ന ദേവിയുടെ ദീപക്കാഴ്ച്ചയാണു നീ!

സന്ധ്യേ, എത്ര സൗമ്യയും ലോലയുമാണു നീ! വിജേതാവായ രാത്രി കീഴടക്കിയ പകലിന്റെ പ്രാണവേദന പോലെ ചക്രവാളത്തിൽ മായാതെനില്ക്കുന്ന പാടലദീപ്തി, അസ്തമയസൂര്യന്റെ അന്ത്യപ്രതാപത്തിനു മേൽ ചെന്നിറം ചാമ്പുന്ന കവരവിളക്കുകളുടെ ജ്വാലകൾ, കിഴക്കിന്റെ ആഴങ്ങളിൽ ഒരദൃശ്യഹസ്തം വലിച്ചിടുന്ന കനത്ത വർണ്ണത്തിരശ്ശീലകൾ- ജീവിതത്തിന്റെ പ്രശാന്തഗംഭീരമായ മുഹൂർത്തങ്ങളിൽ ഒരു മനുഷ്യന്റെ ഹൃദയത്തിൽ പരസ്പരം പോരടിക്കുന്ന സങ്കീർണ്ണവികാരങ്ങളുടെ പ്രതിഫലനമാണവ.

ഇനിയഥവാ, ഒരു നർത്തകി എടുത്തണിയുന്ന വിചിത്രവേഷങ്ങളിൽ ഒന്നാണതെന്നും പറയാം: ഇരുളടഞ്ഞ വർത്തമാനകാലത്തെ തുളച്ചു പുറത്തു കാണുന്ന മധുരമായൊരു ഭൂതകാലം പോലെ, സുതാര്യമായ മേലാടയ്ക്കടിയിൽ മങ്ങിക്കാണുന്ന, ഒരുകാലത്തുജ്ജ്വലമായിരുന്ന ഒരു വർണ്ണപ്പാവാട; അതിൽ മിന്നിത്തെളിയുന്ന വെള്ളിനക്ഷത്രങ്ങളും സ്വർണ്ണനക്ഷത്രങ്ങളുമാവട്ടെ, രാത്രിയുടെ ഗഹനശോകത്തിൽ മാത്രം ആളിക്കത്തുന്ന വിചിത്രഭാവനകളുടെ അഗ്നിനാളങ്ങളുടെ പ്രതീകവുമാണ്‌.


നെരൂദ - കുഞ്ഞിനെ കുളിപ്പിക്കൽ


ഭൂമിയിലെ ഏറ്റവും പ്രാചീനമായ സ്നേഹം തന്നെ വേണം
കുഞ്ഞുങ്ങളുടെ കോലത്തെ കഴുകിയെടുക്കാൻ, കോതിയൊരുക്കാൻ,
കാലടികളുടെയും മുട്ടുകളുടെയും വളവു തീർക്കാൻ.
ജലമുയരുന്നു സോപ്പു വഴുതുന്നു
പൂക്കളുടെയും മാതൃത്വത്തിന്റെയും സുഗന്ധം നുകരാൻ
ആദിമശുദ്ധി പൂണ്ട ശരീരം വെളിവാകുന്നു.

ഹാ, നിശിതമായ ജാഗ്രത,
മാധുര്യമൂറുന്ന കൌശലം,
ഇളംചൂടുള്ള മല്പിടുത്തം!

ഇപ്പോഴതിന്റെ തലമുടി
ഊറയ്ക്കിടാത്ത തോലു പോലെ,
അതിൽ കെട്ടുപിണഞ്ഞുകിടക്കുന്നു
കരിക്കട്ടയും അറുക്കപ്പൊടിയും എണ്ണയും
മാറാലയും കമ്പികളും ഞണ്ടുകളും;
ഒടുവിൽ സ്നേഹം ക്ഷമയോടെ,
ക്ഷമയോടെ
തൊട്ടിയും ചകിരിയുമെടുക്കുന്നു,
ചീർപ്പും തോർത്തുമൊരുക്കുന്നു,
ഒടുവിൽ ഉരയ്ക്കലും കോതലും
സുഗന്ധതൈലവും പ്രാചീനനിഷ്കർഷകളും കഴിഞ്ഞ്
കുഞ്ഞു പുറത്തുവരുന്നു.
ഇനിയതിന്‌ ഇതിനെക്കാൾ വെടിപ്പാകാനില്ല.
പിന്നെയുമത് അമ്മയുടെ കൈകളിൽ നിന്നോടിയിറങ്ങുന്നു,
തന്റെ കൊടുങ്കാറ്റിൽ പിടിച്ചുകയറാനോടുന്നു,
ചെളിയും എണ്ണയും മൂത്രവും മഷിയും തേടിപ്പോകുന്നു,
കല്ലുകളിൽ തട്ടിവീണു മുറിപ്പെടാൻ പോകുന്നു.
അങ്ങനെ കുളിപ്പിച്ചെടുത്ത കുഞ്ഞ് ജീവിതത്തിലേക്കു കുതിക്കുന്നു.
പിൽക്കാലത്തതിനു വൃത്തിയായിട്ടിരിക്കാനല്ലാതെ നേരമുണ്ടാവില്ലല്ലോ,
എന്നാലന്നതിനു ജീവനുമുണ്ടാവില്ല.

2020, നവംബർ 15, ഞായറാഴ്‌ച

സെനെക്ക - സ്റ്റോയിക് ചിന്തകൾ

 വളരെക്കുറഞ്ഞൊരു കാലമേ നമുക്കു ജീവിക്കാൻ കിട്ടുന്നുള്ളു എന്നല്ല പറയേണ്ടത്, നമുക്കു കിട്ടിയ കാലത്തിൽ ഏറെപ്പങ്കും നാം പാഴാക്കിക്കളയുന്നു എന്നാണ്‌. ജീവിതം മതിയായത്ര ദൈർഘ്യമുള്ളതുതന്നെയാണ്‌, വേണ്ടവിധത്തിൽ വിനിയോഗിച്ചാൽ ഏറ്റവുമുയർന്ന നേട്ടങ്ങൾ കൈവരിക്കാൻ പര്യാപ്തവുമാണത്. എന്നൽ ലക്കുകെട്ട സുഖലോലുപതയിലാണതു കൊണ്ടുപോയിത്തുലയ്ക്കുന്നതെങ്കിൽ, നല്ലതിനല്ലാത്ത പ്രവൃത്തികളിലാണതു ചിലവാക്കുന്നതെങ്കിൽ മരണത്തിന്റെ അനിവാര്യസന്ദർശനത്തിന്റെ നിമിഷത്തിൽ നമുക്കു ബോദ്ധ്യമാകും, കടന്നുപോവുകയാണെന്നറിയും മുമ്പേ കാലം നമ്മെക്കടന്നുപൊയ്ക്കഴിഞ്ഞുവെന്ന്. അതിനാൽ: നമുക്കു നല്കിയിരിക്കുന്ന ജീവിതം ഹ്രസ്വമല്ല, നാമതിനെ ഹ്രസ്വമാക്കുകയാണ്‌; നമുക്കൊന്നിന്റെയും കുറവുണ്ടായിരുന്നില്ല, ഉള്ളതു നാം ധൂർത്തടിച്ചുകളയുകയായിരുന്നു. എങ്ങനെ വിനിയോഗിക്കണമെന്നറിയാമെങ്കിൽ ജീവിതം സുദീർഘം തന്നെയാണ്‌.

*

നിത്യജിവിതം ഉറപ്പായപോലെയാണ്‌ നിങ്ങൾ ജീവിക്കുന്നത്, സ്വന്തം നശ്വരത നിങ്ങളുടെ കണ്ണിൽപ്പെടുന്നതേയില്ല. ഇതിനിടയിൽ കാലം എന്തുമാത്രം കടന്നുപോയെന്നു നിങ്ങൾ ശ്രദ്ധിക്കുന്നതേയില്ല, ഉറവ വറ്റാത്തൊരു നിക്ഷേപമാണു തനിക്കുള്ളതെന്നപോലെ നിങ്ങളതു ധൂർത്തടിക്കുന്നു. അതേ സമയം ആർക്കോ, എന്തിനോ വേണ്ടി നിങ്ങൾ വിനിയോഗിക്കുന്ന ആ ദിവസം നിങ്ങളുടെ അവസാനത്തേതാണെന്നും വരാം. ഭയത്തിന്റെ കാര്യത്തിൽ മരണമുള്ളവരെപ്പോലെയാണു നിങ്ങൾ, എന്നാൽ ആഗ്രഹങ്ങളുടെ കാര്യത്തിൽ മരണമില്ലാത്തവരെപ്പോലെയും. 

*

കഴിഞ്ഞുപോയ വർഷങ്ങൾ ആരും നിങ്ങൾക്കു തിരിച്ചുകൊണ്ടുതരില്ല, ആരും നിങ്ങളെ നിങ്ങൾക്കു മടക്കിത്തരികയുമില്ല. ജീവിതം അതു തുടങ്ങിവച്ച പാതയിലൂടെ മുന്നോട്ടുപോകും, അതു തിരിച്ചുപോവുകയോ വഴി തിരിയുകയോ ഇല്ല. എത്ര വേഗത്തിലാണ്‌ ജീവിതം കടന്നുപോകുന്നതെന്നു നിങ്ങളെ ഓർമ്മപ്പെടുത്താൻ അതിനൊരു തിടുക്കവുമില്ല, അത് സ്വച്ഛന്ദമായി ഒഴുകിപ്പൊയ്ക്കൊണ്ടിരിക്കും. ഒരു രാജാവിന്റെ ശാസന പേടിച്ചോ ഒരു ജനതയോടു സഹതാപം തോന്നിയോ അത് സ്വയം ദീർഘിപ്പിക്കില്ല. തുടങ്ങിയ ദിവസം പോലെതന്നെ അതോടിക്കൊണ്ടിരിക്കും, എവിടെയും നില്ക്കാതെ, ദിശ മാറ്റാതെ. എന്താണതിന്റെ പരിണതി? ജീവിതം ത്വരിതഗതിയിൽ മുന്നോട്ടുപോകുമ്പോൾ നിങ്ങൾ അന്യഥാ വ്യാപൃതനായിരുന്നു. അങ്ങനെയിരിക്കെ മരണം വന്നെത്തും, അതിനു നിന്നുകൊടുക്കുകയല്ലാതെ മറ്റൊരു നിവൃത്തി നിങ്ങൾക്കില്ലതാനും.

*

എപ്പോഴും തിരക്കുപിടിച്ച ഒരാൾ ഒന്നിലും വിജയിക്കാൻ പോകുന്നില്ല എന്നതു സർവ്വസമ്മതമാണല്ലോ; കാരണം, അങ്ങനെ ചിതറിപ്പോകുന്ന ഒരു മനസ്സിന്‌ ഒന്നിലേക്കും ആഴത്തിലിറങ്ങിച്ചെല്ലാനുള്ള കഴിവുണ്ടാകുന്നില്ല; ഇനി ബലം പിടിച്ചാലാകട്ടെ, കുത്തിച്ചെലുത്തിയ ആഹാരം പോലെ ഒക്കെ പുറത്തേക്കു പോവുകയും ചെയ്യും. ഓടിപ്പാഞ്ഞുനടക്കുന്ന ഒരാൾ ഒരു പ്രാധാന്യവും കൊടുക്കാത്ത പ്രവൃത്തി ജീവിക്കുക എന്നതായിരിക്കും; അതാകട്ടെ, പഠിച്ചെടുക്കാൻ ഏറ്റവും ദുഷ്കരമായ വിദ്യയും. മറ്റെന്തു വിഷയവും പഠിപ്പിക്കാൻ എത്രവേണമെങ്കിലും അദ്ധ്യാപകരെ നിങ്ങൾക്കു കണ്ടെത്താം; പഠിച്ചുകഴിഞ്ഞയുടനേ പഠിപ്പിച്ചവരെ പഠിപ്പിക്കാവുന്നത്ര വിദ്യാർത്ഥികൾക്കു കേമന്മാരാകാവുന്ന കലകളുമാണ്‌ അവയിൽ ചിലത്. എന്നാൽ എങ്ങനെ ജീവിക്കണമെന്നു പഠിക്കാൻ ഒരു ജീവിതം മുഴുവൻതന്നെ നിങ്ങൾക്കു വേണ്ടിവരുന്നു; അതിനെക്കാൾ വിചിത്രമായി നിങ്ങൾക്കു തോന്നാം, മരിക്കാൻ പഠിക്കാനും ഒരു ജീവിതം മുഴുവൻ വേണ്ടിവരുന്നു. മഹദ്ജന്മങ്ങളെന്നു പറയാവുന്ന എത്ര മനുഷ്യരാണ്‌ എല്ലാ പ്രാരബ്ധങ്ങളും മാറ്റിവച്ച്, പണവും തൊഴിലും സുഖങ്ങളും വേണ്ടെന്നുവച്ച് ജീവിക്കാൻ പഠിക്കുക എന്ന ഉദ്യമത്തിനിറങ്ങിയത്. ജീവിതാന്ത്യം വരെയും അവരുടെ ഏകലക്ഷ്യം അതുമാത്രമായിരുന്നു. അവരിൽ മിക്കവരും പക്ഷേ മരിച്ചത് തങ്ങൾക്കിനിയും അതു മനസ്സിലായിട്ടില്ല എന്ന കുമ്പസാരത്തോടെയാണ്‌; അപ്പോൾ മറ്റുള്ളവർ അതിനെക്കുറിച്ച് എന്തറിയാൻ? അതിനാൽ ഞാൻ പറയുന്നതു വിശ്വസിക്കുക: മഹാനായ, സ്ഖലിതങ്ങൾക്കതീതനായ ഒരു വ്യക്തിയുടെ ലക്ഷണമാണ്‌, തന്റെ സമയം പാഴാകാൻ വിട്ടുകൊടുക്കാതിരിക്കുക എന്നത്: തനിക്കു ലഭ്യമായ സമയം തനിക്കായി മാത്രം വിനിയോഗിക്കുന്ന ഒരാൾക്ക് തനിക്കു സാധ്യമായത്രയും ദീർഘമായ ജീവിതം ജീവിക്കാമെന്നാകുന്നു. അയാളുടെ സമയത്തിൽ ഒരു ഭാഗവും തരിശ്ശു കിടക്കുന്നില്ല, അവഗണിക്കപ്പെടുന്നില്ല, അന്യാധീനവുമല്ല. സ്വന്തം സമയത്തിന്റെ അത്രയും പിശുക്കനായ സൂക്ഷിപ്പുകാരനായതിനാൽ അതു കൊടുത്തു പകരം വാങ്ങാൻ മൂല്യമുള്ളതെന്തെങ്കിലും അയാൾ കാണുകയുമില്ല. അതിനാൽ ആവശ്യമുള്ള സമയം അയാൾക്കുണ്ട്; പൊതുജനത്തിനു കയറിയിറങ്ങാൻ സ്വന്തം ജീവിതം തുറന്നിട്ടുകൊടുക്കുന്ന ഒരാൾക്കുപിന്നെ സ്വന്തമെന്നു പറയാൻ ഒന്നുമില്ലാതെയുമാകുന്നു.

*

നമുക്കു ജീവിക്കാൻ കിട്ടിയിരിക്കുന്ന കാലത്തിന്റെ ദൈർഘ്യം വളരെ കുറവാണെന്നല്ല, അതിൽ ഏറിയ ഭാഗവും നാം ധൂർത്തടിച്ചുകളയുന്നു എന്നതാണു കാര്യം. ജീവിതത്തിനു മതിയായത്ര ദൈർഘ്യമൊക്കെയുണ്ട്; എത്രയും വലിയ കാര്യങ്ങൾ കൈവരിക്കാനായി നമുക്കത് ഉദാരമായി ലഭിക്കുകയും ചെയ്തിരിക്കുന്നു. നാമതു നന്നായി വിനിയോഗിക്കണമെന്നു മാത്രം. എന്നാൽ ധൂർത്തിലും അശ്രദ്ധയിലും അതു കൊണ്ടുപോയി തുലച്ചുകളയുമ്പോൾ, നല്ലൊരു ഉദ്ദേശ്യത്തിനായല്ലാതെ അതു ചെലവഴിച്ചുകളയുമ്പോൾ, ഒടുവിൽ നമുക്കു ബോദ്ധ്യമാവുകയാണ്‌, അതു കടന്നുപോയിക്കഴിഞ്ഞുവെന്ന്; അതു കടന്നുപോയത് നാമൊട്ടറിഞ്ഞതുമില്ല. അപ്പോൾ ഇതാണു കാര്യം: ഹ്രസ്വമായ ഒരു ജീവിതമല്ല നമുക്കു കിട്ടിയത്, നാമതിനെ അങ്ങനെയാക്കുകയാണ്‌. അതിന്റെ കാര്യത്തിൽ നാം പിച്ചക്കാരല്ല, ധാരാളികളാണ്‌.

*
സകലരും ജീവിതം തിക്കിത്തിരക്കി മുന്നോട്ടുകൊണ്ടുപോവുകയാണ്‌. ഭാവിയെക്കുറിച്ചുള്ള കൊതിയും വർത്തമാനകാലത്തോടുള്ള മടുപ്പുമാണ്‌ അവരെ വേവലാതിപ്പെടുത്തുന്നത്. എന്നാൽ തന്റെ ഓരോ ദിവസവും, അതു തന്റെ അവസാനത്തേതാവാമെന്ന ചിന്തയോടെ, ചിട്ടപ്പെടുത്തുന്ന ഒരാൾക്ക് അടുത്ത ദിവസത്തെക്കുറിച്ചു പേടിയുമില്ല, കൊതിയുമില്ല. അയാളുടെ ജീവിതത്തിൽ നിന്നു യാതൊന്നും എടുത്തുമാറ്റാനില്ല, അതിനോടൊന്നും കൂട്ടിച്ചേർക്കാനുമില്ല. അതിനാൽ നരയും ജരയുമുള്ളതുകൊണ്ട് ഒരാൾ ദീർഘകാലം ജീവിച്ചുവെന്ന് നിങ്ങൾ കരുതരുത്; അയാൾ ദീർഘകാലം ജീവിച്ചുവെന്നല്ല, ദീർഘകാലം കഴിഞ്ഞുകൂടി എന്നേയുള്ളു. ദീർഘയാത്രയ്ക്കിറങ്ങിയ ഒരാൾ തുറമുഖം വിട്ടയുടനേ കൊടുങ്കാറ്റിൽ പെടുകയും തിരമാലകൾ അയാളുടെ യാനത്തെ തട്ടിയുരുട്ടുകയും വിരുദ്ധദിശകളിലാഞ്ഞുവീശുന്ന കാറ്റുകളിൽ പെട്ട് അതു വട്ടം തിരിയുകയാണെന്നുമിരിക്കട്ടെ. ദീർഘയാത്രയല്ല അയാൾക്കുണ്ടായത്, ദീർഘമായ ഒരു തട്ടിയുരുട്ടലാണ്‌.
*
നമ്മളെന്തിനു പ്രകൃതിയെക്കുറിച്ചു പരാതിപ്പെടണം? അവൾ ഉദാരമനസ്കയാണ്‌: ജീവിതം, അതെങ്ങനെ ഉപയോഗപ്പെടുത്തണമെന്നു നിങ്ങൾക്കറിയാമെങ്കിൽ, ദീർഘം തന്നെയാണ്‌. എന്നാൽ ഒരാൾ തീരാത്ത ആർത്തിയുടെ പിടിയിലാണ്‌; മറ്റൊരാൾ അർത്ഥശൂന്യമായ ഉദ്യമങ്ങൾക്കു സ്വയം സമർപ്പിച്ചിരിക്കുകയാണ്‌. ഒരാൾ മദ്യത്തിൽ മുങ്ങിക്കിടക്കുകയാണ്‌, മറ്റൊരാൾ ആലസ്യത്തിന്റെ തളർച്ചയിലുമാണ്‌. ഒരാൾ രാഷ്ട്രീയമായ മേൽഗതിക്കു യത്നിക്കുകയാണ്‌; അതാണെങ്കിൽ അന്യരുടെ വിലയിരുത്തലുകൾക്കു വിധേയവുമാണല്ലോ. വ്യാപാരത്തിലെ ലാഭമോഹം ഇനിയൊരാളെ ഏതു കരയിലും കടലിലും കൂടി ആട്ടിയോടിക്കുകയാണ്‌. സൈനികജീവിതത്തിലെ ആവേശമാണ്‌ ചിലരെ പീഡിപ്പിക്കുന്നത്; അവർ ഒന്നുകിൽ അന്യരെ അപകടപ്പെടുത്തുന്നതിന്റെ ചിന്തയിലായിരിക്കും, അല്ലെങ്കിൽ തനിക്കപകടം പറ്റുമോയെന്ന ഉത്കണ്ഠയിലാവും. പ്രമാണിമാരുടെ പാദസേവകരായി സ്വയം സമർപ്പിച്ചു ജീവിതം ക്ഷയിപ്പിച്ച ചിലരുണ്ട്; അതിനവർക്കു തിരിച്ചെന്തെങ്കിലും കിട്ടണമെന്നുമില്ല. ചിലർ സദാ സമയവും അന്യരുടെ സമ്പത്തു കൈക്കലാക്കുന്നതിനെക്കുറിച്ചുള്ള ചിന്തയിലായിരിക്കും, അല്ലെങ്കിൽ തന്റെ കയ്യിലുള്ളതിനെ ഓർത്തുള്ള വേവലാതിയിലും. പലർക്കും പ്രത്യേകിച്ചൊരു ലക്ഷ്യവുമില്ല; അവർ പുതിയ പുതിയ പദ്ധതികളിൽ ചെന്നു ചാടുന്നു; ദിശാബോധമോ സ്ഥിരതയോ ഇല്ലാത്തതിനാൽ ഒന്നിലും തൃപ്തി വരാതെ ഒഴുകിനടക്കുകയാണവർ. ചിലർക്കാണെങ്കിൽ ജീവിതഗതിയെ നയിക്കാൻ എന്തെങ്കിലുമൊരു ലക്ഷ്യമോ പ്രമാണമോ ഇല്ല; അങ്ങനെ കോട്ടുവായുമിട്ടു ചടഞ്ഞിരിക്കുമ്പോഴാണ്‌ ഓർക്കാപ്പുറത്തു മരണം വന്ന് അവരെ കടന്നുപിടിക്കുന്നതും. അതു കാണുമ്പോൾ കവികളിൽ വച്ചേറ്റവും മഹാനായ ആ കവി* ഒരു വെളിപാടു പോലെ പറഞ്ഞ അഭിപ്രായത്തിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല: “ജീവിതത്തിന്റെ വളരെച്ചെറിയ ഒരംശമേ നാം ജീവിക്കുന്നുള്ളു.” ശേഷിച്ചതു ജീവിതമല്ല, വെറും കാലമാണ്‌. ദുർവ്വാസനകൾ നാലുപാടും നിന്നുവന്ന് മനുഷ്യരെ വളയുകയും ആക്രമിക്കുകയുമാണ്‌; സത്യത്തിലേക്കു കണ്ണുയർത്തിനോക്കാൻ അനുവദിക്കാതെ അവ അവരെ സ്വന്തം തൃഷ്ണകളിലേക്കു പിടിച്ചാഴ്ത്തുന്നു. തങ്ങളുടെ യഥാർത്ഥസ്വത്വത്തിലേക്കു തിരിച്ചുപോകാൻ ആ തടവുകാർക്കു പിന്നീടൊരിക്കലും കഴിയുന്നുമില്ല. എപ്പോഴെങ്കിലും അവർക്കൊരു മനസ്സമാധാനം കിട്ടിയെന്നാകട്ടെ, കാറ്റടങ്ങിയതിനു ശേഷവും ഉയർന്നുതാഴുന്ന കടലുപോലെ, പിന്നെയുമവർ ചാഞ്ചാടിക്കൊണ്ടിരിക്കും, തൃഷ്ണകളിൽ നിന്നവർക്കൊരു മോചനം കിട്ടുകയില്ല. ദുഷ്ടരെന്നംഗീകരിക്കപ്പെട്ടവരെക്കുറിച്ചു മാത്രമാണ്‌ ഞാൻ സംസാരിക്കുന്നതെന്നാണോ നിങ്ങൾ കരുതുന്നത്? ആളുകൾ വാ പൊളിച്ചു നോക്കുന്ന മട്ടിൽ സൗഭാഗ്യങ്ങൾ കൊണ്ടനുഗ്രഹീതരായവരെ നോക്കൂ: തങ്ങൾക്കു കിട്ടിയ അനുഗ്രഹങ്ങൾ കൊണ്ടു ശ്വാസം മുട്ടുകയാണവർ! എത്ര പേർക്കാണ്‌ സ്വത്തൊരു ഭാരമായിരിക്കുന്നത്! എത്ര പേരാണ്‌ തങ്ങളുടെ വാഗ്പാടവത്തിനും തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള നിത്യാദ്ധ്വാനത്തിനും സ്വന്തം ചോര കൊണ്ടു വില നല്കിയിരിക്കുന്നത്! ഇളവെന്നതില്ലാത്ത സുഖാസ്വാദനത്താൽ വിളർത്തുപോയവർ എത്രയാണ്‌! ഓരോ കാര്യങ്ങൾക്കായി തങ്ങളെ വന്നു മൂടുന്ന ആൾക്കൂട്ടങ്ങൾ കാരണം ഒരു നിമിഷത്തെ സ്വാതന്ത്ര്യം പോലും കിട്ടാത്തവർ എത്രയാണ്‌! ഏറ്റവും ഉയർന്നവരും ഏറ്റവും താഴ്ന്നവരും ഉൾപ്പെടെ അവരിലേക്കൊന്നു കണ്ണോടിച്ചുനോക്കൂ: ഒരാൾ വക്കീലിനെ കാണാൻ വന്നിരിക്കുന്നു, മറ്റൊരാൾ നിയമസഹായം അഭ്യർത്ഥിച്ചു നടക്കുകയാണ്‌; അയാൾ വിചാരണയിലാണ്‌, ഇയാൾ അയാൾക്കു വേണ്ടി വാദിക്കുകയാണ്‌; മറ്റൊരാൾ വിധി പ്രസ്താവിക്കുകയുമാണ്‌. അവനവനു വേണ്ടി വാദിക്കാൻ ഒരാളുമില്ല; മറ്റുള്ളവരുടെ കാര്യങ്ങൾ നടത്താനേ എല്ലാവർക്കും നേരമുള്ളു. ഇനി, പേരുകൾ നിങ്ങൾക്കു മനഃപാഠമായ ചിലരുടെ കാര്യം നോക്കൂ: എക്സ് വൈയെ വളർത്തുന്നു, വൈ ഇസഡിനെ വളർത്തുന്നു- സ്വന്തം കാര്യം നോക്കാൻ ഒരാൾക്കും നേരമില്ല. ചിലരുടെ ധാർമ്മികരോഷം വേറേ ചിലതാണ്‌: തങ്ങൾക്കാവശ്യം തോന്നിയപ്പോൾ തങ്ങൾ പറയുന്നതു കേൾക്കാൻ അവരുടെ മേലാളന്മാർ സമയം കണ്ടെത്തിയില്ല എന്ന പരാതിയാണവർക്ക്. എന്നാൽ തനിക്കായി ഒരു നേരം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലാത്ത ഒരാൾ മറ്റൊരാളുടെ ധാർഷ്ട്യത്തെക്കുറിച്ച് എങ്ങനെ പരാതി പറയും? നിങ്ങൾ ആരായിരുന്നാലും ആ മഹദ്‌വ്യക്തി ഇടയ്ക്കെപ്പോഴോ നിങ്ങളുടെ മേൽ കണ്ണു പായിക്കാനുള്ള ദാക്ഷിണ്യം കാണിച്ചിരുന്നു, ഗർവ്വോടെയാണതെങ്കിലും; നിങ്ങൾക്കു പറയാനുള്ളതു കേൾക്കാൻ അദ്ദേഹം കാതു തന്നിരുന്നു, തന്നോടൊപ്പം നടക്കാൻ നിങ്ങളെ അനുവദിച്ചിരുന്നു. എന്നാൽ തന്നെത്തന്നെ ഒന്നു നോക്കാൻ, തനിക്കു കാതു കൊടുക്കാൻ- അതിനുള്ള കനിവ് ഇന്നേവരെ നിങ്ങൾ കാണിച്ചിട്ടില്ല. അതിനാൽ നിങ്ങൾ അന്യർക്കു ചെയ്ത സേവനങ്ങൾക്ക് അവർ നിങ്ങളോടു കടപ്പെട്ടവരാണെന്നു വാദിക്കാൻ നിങ്ങൾക്കു കഴിയില്ല; കാരണം, നിങ്ങൾ അവ ചെയ്തുകൊടുത്തത് അവരുടെ സഹവാസം ആഗ്രഹിച്ചിട്ടല്ല, തന്നോടുതന്നെയുള്ള സഹവാസം നിങ്ങൾക്കു താങ്ങാൻ കഴിയാത്തതുകൊണ്ടാണ്‌.
*

തങ്ങളുടെ സ്വത്തുവകകൾ അന്യർ കൈക്കലാക്കുന്നത് മനുഷ്യർ അനുവദിക്കില്ല; തങ്ങളുടെ വസ്തുവിന്റെ അതിരിനെ സംബന്ധിച്ച് എത്രയും ചെറിയൊരു തർക്കമുണ്ടാകേണ്ട താമസം, അവർ കല്ലും കത്തിയും എടുക്കാൻ ഓടുകയായി. പക്ഷേ അന്യർ തങ്ങളുടെ ജീവിതത്തിലേക്കു കടന്നുകയറുന്നതിൽ അവർക്കു യാതൊരു വിഷമവുമില്ല; തന്നെയുമല്ല, ഭാവിയിൽ അതിനെ സ്വന്തമാക്കാൻ പോകുന്ന ചിലരെ അവർ വ്യക്തിപരമായി ക്ഷണിച്ചുവരുത്തുകകൂടിച്ചെയ്യും. തങ്ങളുടെ കൈവശമുള്ള പണം അന്യർക്കു പങ്കുവയ്ക്കാൻ മനസ്സുള്ള ഒരാളെയും നിങ്ങൾക്കു കാണാൻ പറ്റില്ല; എന്നാൽ സ്വന്തം ജീവിതത്തിന്റെ കാര്യം വരുമ്പോഴാകട്ടെ, നാമോരോരുത്തരും അതിന്റെ ഒരു പങ്ക് അന്യർക്കു നല്കുകയാണ്‌, അതും എത്ര പേർക്ക്! തങ്ങളുടെ സമ്പാദ്യങ്ങൾ കൈവിട്ടു പോകാതിരിക്കാൻ ശുഷ്കാന്തി കാണിക്കുന്നവരാണ്‌ എല്ലാവരും; എന്നാൽ സമയം പാഴാക്കുന്നതിൽ, പിശുക്കു കാണിക്കുന്നതിൽ അന്തസ്സുള്ള ആ ഒരു രംഗത്ത്, ധൂർത്തരാകാൻ നമുക്കൊരു മടിയുമില്ല. ഇതും മനസ്സിൽ വച്ചുകൊണ്ട് എന്റെ മുതിർന്ന തലമുറയിലുള്ള ഒരാളോട് ഇങ്ങനെ ചോദിക്കണമെന്ന് എനിക്കു തോന്നാറുണ്ട്: “ഒരു പുരുഷായുസ്സിന്റെ അന്ത്യഘട്ടത്തിൽ എത്തിയിരിക്കുകയാണല്ലോ താങ്കളിപ്പോൾ; താങ്കൾ നൂറാമത്തെ വയസ്സിലേക്കു കടക്കുകയാണ്‌, അല്ലെങ്കിൽ അതും കഴിഞ്ഞു പോയിരിക്കുന്നു; അതിരിക്കട്ടെ, താങ്കളുടെ ജീവിതത്തെക്കുറിച്ച് ഒന്നോർത്തുനോക്കുക, അതിന്റെ ഒരു കണക്കെടുപ്പു നടത്തുക. ഒന്നോർത്തുനോക്കുക: താങ്കളുടെ സമയത്തിന്റെ എത്ര ഭാഗം ഒരു കടക്കാരനെടുത്തു, എത്ര സമയം ഒരു വെപ്പാട്ടിയെടുത്തു, എത്ര സമയം ഒരഭ്യുദയകാംക്ഷിയെടുത്തു, എത്ര സമയം ഒരിടപാടുകാരനെടുത്തു, ഭാര്യയോടു തർക്കിക്കുന്നതിന്‌ എത്ര സമയമെടുത്തു, അടിമകളെ ശിക്ഷിക്കുന്നതിന്‌ എത്ര സമയമെടുത്തു, ഓരോരോ കാര്യങ്ങൾക്കായി നഗരം മുഴുവൻ ഓടിയതിന്‌ എത്ര സമയമെടുത്തു? സ്വന്തം നടപ്പുദൂഷ്യം കൊണ്ട് നാം വരുത്തിവച്ച രോഗങ്ങളും സഹജമായ മടിയും കാരണം ഉപയോഗിക്കാതെ കിടന്ന മണിക്കൂറുകളും അതിന്റെകൂടെ കൂട്ടിനോക്കൂ; താങ്കൾക്കു സ്വന്തമെന്നു പറയാവുന്ന കാലം താങ്കൾ കണക്കു കൂട്ടിയതിലും വളരെക്കുറവാണെന്നു കാണാം. കൃത്യമായ ഒരു പദ്ധതിയുണ്ടായിരുന്ന എത്ര കാലമുണ്ടായിരുന്നു എന്നെന്നോർക്കുക; താൻ ഉദ്ദേശിച്ച രീതിയിൽ അവസാനിച്ച ദിവസങ്ങൾ എത്ര കുറച്ചായിരുന്നു എന്നോർക്കുക, തനിക്കായി മാറ്റിവയ്ക്കാൻ കഴിഞ്ഞ നേരങ്ങൾ, തന്റെ മുഖം അതിന്റെ സ്വാഭാവികലക്ഷണം കാണിച്ച നേരങ്ങൾ, മനസ്സ് ഭയത്തിനു കീഴടങ്ങാതിരുന്ന സമയങ്ങൾ, ഇത്രയും ദീർഘമായ ആയുസ്സിനിടയിൽ താൻ ചെയ്തുതീർത്ത പ്രവൃത്തികൾ- എല്ലാമൊന്നോർത്തുനോക്കുക. തനിക്കെന്താണ്‌ നഷ്ടപ്പെടുന്നതെന്നറിയാതെ എത്രപേർ താങ്കളുടെ ജീവിതം കൊള്ളയടിച്ചു? അർത്ഥമില്ലാത്ത സങ്കടം, ബുദ്ധിശൂന്യമായ സന്തോഷം, ആർത്തി പെരുത്ത ആഗ്രഹം, കൂട്ടം കൂടി ജീവിക്കുന്നതിന്റെ പ്രലോഭനങ്ങൾ, ഇതെല്ലാം താങ്കളിൽ നിന്നെന്തൊക്കെ കവർന്നെടുത്തു? സ്വന്തമായിട്ടുണ്ടായിരുന്നതിന്റെ എത്ര ശുഷ്കമായ ഭാഗമാണ്‌ ഇപ്പോൾ തനിക്കായി കിട്ടിയിരിക്കുന്നത്? മരിക്കേണ്ട കാലത്തിനു മുമ്പേ മരിക്കുകയാണ്‌ താനെന്ന് താങ്കൾക്കിപ്പോൾ മനസ്സിലാകും.“ ആകട്ടെ, എന്താണ്‌ ഇതിനുള്ള കാരണം? നിങ്ങൾ ജീവിക്കുന്നത് താൻ എന്നെന്നും ജീവിക്കാൻ പോവുകയാണ്‌ എന്ന മട്ടിലാണ്‌; സ്വന്തം ദൗർബ്ബല്യങ്ങളെക്കുറിച്ച് ഒരു നിമിഷമൊന്നു നിന്ന് നിങ്ങൾ ആലോചിക്കുന്നില്ല; എത്ര സമയം ഇതിനകം കഴിഞ്ഞുപോയെന്ന് നിങ്ങൾ കാണുന്നുമില്ല. കവിഞ്ഞൊഴുകും വിധം നിറഞ്ഞ ഒരു കിണറിൽ നിന്ന് വെള്ളം കോരുകയാണെന്ന ഭാവത്തിലാണ്‌ നിങ്ങൾ സമയം പാഴാക്കിയത്; അതേ സമയം, ഒരു വ്യക്തിക്കോ ഒരു വസ്തുവിനോ നിങ്ങൾ കൊടുത്ത ആ ദിവസം നിങ്ങളുടെ അവസാനത്തേതാകാനും സാദ്ധ്യതയുള്ളതായിരുന്നു. മരണം നിശ്ചയമായ മനുഷ്യരെപ്പോലെ പേടിയാണ്‌ നിങ്ങൾക്കെന്തിനോടും; മരണമേയില്ലാത്ത ദേവന്മാരെപ്പോലെ ആസക്തിയാണ്‌ നിങ്ങൾക്കെന്തിനോടും. പലരും പറയുന്നതു കേൾക്കാം: ”അമ്പതു വയസ്സു കഴിഞ്ഞാൽ ഞാൻ ജോലി വിടാൻ പോവുകയാണ്‌, എന്റെ അറുപതാം വയസ്സിൽ ഞാൻ ഔദ്യോഗികചുമതലകളിൽ നിന്നു മുക്തനാകും.“ അത്രകാലം നിങ്ങൾ ജീവിച്ചിരിക്കാൻ പോവുകയാണെന്നതിന്‌ എന്തെങ്കിലും ഉറപ്പു തരാമോ? നിങ്ങൾ നിർദ്ദേശിക്കുന്നപോലെ കാലത്തെ തിരിച്ചുവിടാൻ ആരിരിക്കുന്നു? നിങ്ങൾക്കു നാണമില്ലേ, ജീവിതത്തിൽ മിച്ചം വന്നതു മാത്രം തനിക്കായി മാറ്റിവയ്ക്കാൻ, മറ്റൊരാവശ്യത്തിനും ഉപയോഗിക്കാൻ പറ്റാത്ത ഒരു കാലം മാത്രം ആരോഗ്യകരമായ മാനസികാവസ്ഥയ്ക്കു നീക്കിവയ്ക്കാൻ? നിർത്തേണ്ട കാലത്തു ജീവിക്കാൻ തുടങ്ങിയാൽ അതെത്ര വൈകിപ്പോയി! എന്തു വിഡ്ഢിത്തമാണ്‌, സുചിന്തിതമായ പദ്ധതികൾ അമ്പതാമത്തെയോ അറുപതാമത്തെയോ വയസ്സിൽ നടപ്പാക്കാൻ മാറ്റിവയ്ക്കുന്നത്, കുറച്ചുപേർ മാത്രം എത്തിച്ചേർന്ന ഒരു ബിന്ദുവിൽ വച്ച് ജീവിതം തുടങ്ങാൻ ആഗ്രഹിക്കുന്നത്! (ജീവിതത്തിന്റെ ദൈർഘ്യക്കുറവിനെക്കുറിച്ച്)

പ്രകൃതി നമ്മളെല്ലാവരോടുമായി പറയുന്നു: “ഞാനാരെയും ചതിക്കാറില്ല. നിങ്ങൾ കുട്ടികളെ ജനിപ്പിക്കുകയാണെങ്കിൽ അവർ ചിലപ്പോൾ സുന്ദരന്മാരായെന്നുവരാം, ചിലപ്പോൾ വിരൂപികളായെന്നും വരാം. ഒരുപാടു പേർ ജനിക്കാനും സാദ്ധ്യതയുണ്ട്: അതിൽ ഒരാൾ സ്വന്തം രാജ്യത്തെ രക്ഷിച്ചുവെന്നു വരാം; അവൻ അതിനെ ഒറ്റു കൊടുക്കുന്നതിനും അത്രതന്നെ സാദ്ധ്യതയുണ്ട്. നിങ്ങളെക്കുറിച്ച് മോശമായിട്ടൊരു വാക്കു പറയാൻ പേടി തോന്നുന്ന വിധത്തിൽ നിങ്ങളുടെ സന്തതികളുടെ യശസ്സ് അത്ര കേമമായിരിക്കുമെന്നാശിക്കുന്നതിൽ നിങ്ങളെ കുറ്റം പറയാൻ കാരണമൊന്നും കാണുന്നില്ല; എന്നാൽ, അവർ നിങ്ങൾക്കൊരു ശാപമായിത്തീരുന്ന വിധത്തിൽ അവർ അപകീർത്തി സമ്പാദിക്കാമെന്നും ഒന്നു സങ്കല്പിക്കുക. നിങ്ങളുടെ അന്ത്യകർമ്മംങ്ങൾ ചെയ്യുന്നതിൽ അവർക്കു വഴിതടസ്സമൊന്നും ഉണ്ടാകണമെന്നില്ല, നിങ്ങളെപ്പുകഴ്ത്തി ചരമപ്രസംഗം ചെയ്യുന്നത് നിങ്ങളുടെതന്നെ മക്കളായെന്നും വരാം. ഒപ്പം തന്നെ, സ്വന്തം മകനെ ചിതയിൽ വയ്ക്കുന്നത് നിങ്ങൾ തന്നെയാകാം എന്ന സാദ്ധ്യതയെ നേരിടാനും തയ്യാറായിരിക്കുക; അവൻ കുട്ടിയായിരിക്കാം, യുവാവായിരിക്കാം, മദ്ധ്യവയസ്കനുമാവാം; പ്രായം ഇക്കാര്യത്തിൽ പ്രസക്തമേയല്ല; കാരണം, അച്ഛനമ്മമാർ ശവമഞ്ചത്തിനു പിന്നാലെ നടക്കുന്ന ഒരു വിലാപയാത്ര അകാലത്തിലുള്ള ഒരന്ത്യത്തെ കുറിക്കുന്നതാണ്‌. “ ഈ വ്യവസ്ഥകളെല്ലാം സമ്മതിച്ചതിനു ശേഷം സന്തതികളെ ജനിപ്പിക്കുന്നതിന്‌ ഇറങ്ങിപ്പുറപ്പെടുകയാണ്‌ നിങ്ങളെങ്കിൽ ദൈവങ്ങളെ എല്ലാ പഴികളിൽ നിന്നും കുറ്റവിമുക്തരാക്കുകയും വേണം നിങ്ങൾ: അവർ ഒരു വാഗ്ദാനവും നിങ്ങൾക്കു തന്നിട്ടില്ല. (മാർസിയക്കുള്ള സാന്ത്വനം)

അടുത്ത സുഹൃത്തുക്കളോട് സ്വകാര്യമായി മാത്രം പറയാവുന്ന കാര്യങ്ങൾ മുന്നിൽ വരുന്ന ഏതൊരാളോടും പങ്കുവയ്ക്കുന്ന ഒരുകൂട്ടം ആളുകളുണ്ട്; തങ്ങളെ അലട്ടുന്നതെന്തും കൈവാക്കിനൊരാളെക്കിട്ടിയാൽ അയാളുടെ തലയ്ക്കവർ വച്ചുകൊടുക്കും. വേറേ ചിലരാവട്ടെ, ആത്മമിത്രങ്ങളോടുപോലും തുറന്നുപറയാൻ പേടിക്കുന്നവരാണ്‌; രഹസ്യങ്ങളവർ ഹൃദയാന്തർഭാഗത്തു കുഴിച്ചിടും, തങ്ങളെത്തന്നെ വിശ്വാസമില്ലാതെ. ഇതുരണ്ടും നാം ചെയ്യരുത്. എല്ലാവരെയും വിശ്വസിക്കുന്നതും ഒരാളെയും വിശ്വസിക്കാത്തതും ഒരേപോലെ തെറ്റാണ്‌. ആദ്യത്തേത് കൂടുതൽ നിഷ്കളങ്കമാണെന്നും രണ്ടാമത്തേത് കൂടുതൽ സുരക്ഷിതമാണെന്നും കൂടി ഞാൻ പറയും. ഇതേപോലെതന്നെ ഈ രണ്ടു കൂട്ടരേയും നിങ്ങൾ വിമർശിക്കണം- ഒരിക്കലും സ്വസ്ഥതയില്ലാത്തവരെയും എപ്പോഴും സ്വസ്ഥത പാലിക്കുന്നവരെയും. തിരക്കു പിടിച്ചാൽ മാത്രമായി പരിശ്രമശീലമാകുന്നില്ലല്ലോ; ഒരു വേട്ടമൃഗത്തിന്റെ മനസ്സാണത്. അദ്ധ്വാനത്തെ സ്വസ്ഥതയില്ലായ്മയുടെ ലക്ഷണമായി കുറ്റപ്പെടുത്തുന്നത് യഥാർത്ഥമായ ശാന്തമനോഭാവത്തിന്റെ സൂചനയുമല്ല. അത്തരം ശാന്തത ആലസ്യവും നിഷ്ക്രിയതയുമാണ്‌. അതിനാൽ, പോമ്പോണിയസ് വായിച്ചപ്പോൾ എനിക്കു കിട്ടിയ ഈ ചൊല്ല് നീ ശ്രദ്ധയിൽ വയ്ക്കണം: “ഇരുളടഞ്ഞ മൂലകളിലേക്കു ചിലർ അത്രയ്ക്കും പിൻവലിയും, പകൽ ഇരുട്ടു കാണുന്നത്രയും.” ഈ രണ്ടു മനോഭാവവും മനുഷ്യർക്കുണ്ടാകണം: സ്വസ്ഥൻ അദ്ധ്വാനിയാകണം, അദ്ധ്വാനി സ്വസ്ഥനുമാകണം. ഇക്കാര്യത്തിൽ പ്രകൃതിയുടെ അഭിപ്രായം ചോദിച്ചുനോക്കൂ; താൻ പകലും രാത്രിയും സൃഷ്ടിച്ചിട്ടുണ്ടെന്ന് അവൾ പറഞ്ഞുതരും.
*
അതുമിതും വായനയെക്കുറിച്ച്
---------------------------------

നിങ്ങൾ എനിക്കെഴുതിയതു വച്ചു നോക്കുമ്പോൾ, നിങ്ങളെക്കുറിച്ചു കേട്ടതുവച്ചു നോക്കുമ്പോഴും, നിങ്ങളുടെ ഭാവിയെക്കുറിച്ച് നല്ലൊരഭിപ്രായമാണ്‌ എന്റെ മനസ്സിൽ രൂപപ്പെട്ടുവരുന്നത്. നിങ്ങൾ അങ്ങോട്ടുമിങ്ങോട്ടും ഓടിനടക്കുന്നില്ല, ഇരിക്കുന്നിടം മാറ്റിമാറ്റി സ്വന്തം ശ്രദ്ധ വ്യതിചലിപ്പിക്കുന്നുമില്ല; കാരണം, അങ്ങനെയൊരു സ്വസ്ഥതകേട് ചിട്ടയില്ലാത്ത ഒരു മനസ്സിന്റെ അടയാളമാണല്ലോ. വ്യവസ്ഥിതമായ ഒരു മനസ്സിന്റെ പ്രാഥമികലക്ഷണം, എന്റെ അഭിപ്രായത്തിൽ, ഒരേയിടത്തുതന്നെ ഉറച്ചുനില്ക്കാനും തന്നിൽത്തന്നെ തങ്ങിനില്ക്കാനുമുള്ള കഴിവാണ്‌. ശ്രദ്ധിക്കുക, പല എഴുത്തുകാരെയും പലതരം പുസ്തകങ്ങളും വായിക്കാനുള്ള കൗതുകം ഒന്നിലും ഉറച്ചുനില്ക്കാതെ ചടിച്ചാടിപ്പോകാനുള്ള പ്രവണതയിലേക്ക് നിങ്ങളെ നയിച്ചേക്കാം. കേമന്മാരായ കുറച്ചു ചിന്തകരിലേക്ക് സ്വയം ചുരുക്കുക, അവരുടെ കൃതികൾ ആവർത്തിച്ചുവായിക്കുക; എങ്കിൽ സ്വന്തം മനസ്സിൽ വേരിറക്കാൻ പ്രാപ്തമായ ആശയങ്ങൾ നിങ്ങൾക്കുരുത്തിരിഞ്ഞുകിട്ടും. എവിടെയുമുണ്ട് എന്നതിനർത്ഥം ഒരിടത്തുമില്ല എന്നുതന്നെ. ഒരാൾ സദാസമയവും അന്യദേശയാത്രയിലാണെങ്കിൽ ഒടുവിലയാൾക്ക് ഒരുപാടു പരിചയക്കാരുണ്ടാവും, സ്നേഹിതനെന്നു പറയാൻ ഒരാളും ഉണ്ടാവുകയുമില്ല. ഇതതേപടി സത്യമാണ്‌, ഏതെങ്കിലും ഒരെഴുത്തുകാരനുമായി ഗാഢപരിചയം വയ്ക്കാൻ നോക്കാതെ എല്ലാവരെയും പോയിക്കാണാൻ തിടുക്കം കാണിക്കുന്ന വായനക്കാരുടെ കാര്യത്തിലും. കഴിച്ചയുടനേ ആമാശയത്തിൽ നിന്നുപോകുന്ന ആഹാരം ഒരു ഗുണവും ചെയ്യുന്നില്ല, ശരീരത്തിലേക്ക് അതാഗീരണം ചെയ്യപ്പെടുന്നുമില്ല; മരുന്നുകൾ മാറ്റിമാറ്റിക്കൊണ്ടിരുന്നാൽ രോഗശാന്തിക്കു മറ്റൊരു തടസ്സവും വേണ്ട; ഇടയ്ക്കിടെ പറിച്ചുനടുന്ന മരത്തൈ പുഷ്ടിയോടെ വളരുകയില്ല. വഴി മാറ്റിക്കൊണ്ടിരുന്നാൽ എങ്ങുമെത്തില്ല. വായന പലതായാൽ മനസ്സു പതറും.

അപ്പോൾ, കയ്യിലുള്ളതെല്ലാം നിങ്ങൾക്കു വായിക്കാൻ കഴിയില്ലെന്നതിനാൽ വായിക്കാൻ കഴിയുന്നതു മാത്രം കയ്യിലുണ്ടായാൽ മതി. “എനിക്കു പക്ഷേ,” നിങ്ങൾ പറയുകയാണ്‌, “ആദ്യം ഒരു പുസ്തകം വായിച്ചുനോക്കണം, പിന്നെ വേറൊന്ന്.” ഞാൻ പറയട്ടെ, ഒന്നിലും തൃപ്തി വരാത്ത ഒരു നാവിന്‌ പല വിഭവങ്ങൾ രുചിച്ചുനോക്കാനുള്ള കൊതിയുടെ ലക്ഷണമാണത്; വിഭവങ്ങളുടെ എണ്ണവും വൈവിദ്ധ്യവും കൂടുമ്പോൾ ചെടിപ്പു കൂടുമെന്നല്ലാതെ ദേഹത്തിനു ഗുണം ചെയ്യില്ല. അതിനാൽ എപ്പോഴും പ്രാമാണികരായ എഴുത്തുകാരെ മാത്രം വായിക്കുക; ഒരു മാറ്റം വേണമെന്ന് അത്രയ്ക്കങ്ങു തോന്നുമ്പോൾ മുമ്പ് വായിച്ചിട്ടുള്ളവരിലേക്കു മടങ്ങിപ്പോവുക. ദാരിദ്ര്യത്തിനെതിരെ, മരണത്തിനെതിരെ പ്രതിരോധം തീർക്കുന്നതെന്തെങ്കിലും ദിവസേന ആർജ്ജിക്കുക; പല ചിന്തകളിലൂടെ പൊയ്ക്കഴിഞ്ഞാൽ അവയിൽ നിന്ന് ഒരു ചിന്ത തിരഞ്ഞെടുത്ത് ആ ദിവസം അതിനെക്കുറിച്ചുതന്നെ പരിചിന്തനം നടത്തുക. ഇതാണ്‌ എന്റെ ശീലം; വായിച്ചിട്ടുള്ള പലതിൽ നിന്ന് ചിലതു ഞാൻ എന്റേതാക്കുന്നു.

ഇന്നത്തെ ചിന്താവിഷയം ഞാൻ കണ്ടെടുത്തത് എപ്പിക്യൂറസ്സിൽ നിന്നാണ്‌;* ശത്രുപക്ഷത്തേക്കു പോകാൻ എനിക്കു മടിയൊന്നുമില്ല, വഞ്ചകനായിട്ടല്ല, ചാരനായി. അദ്ദേഹം പറയുന്നു: “ദാരിദ്ര്യത്തിൽ പരാതിയില്ലെങ്കിൽ അതും മാന്യമായ സമ്പാദ്യമാണ്‌.” തീർച്ചയായും, സംതൃപ്തിയുണ്ടെങ്കിൽ അതു ദാരിദ്ര്യം തന്നെയല്ല. തീരെയില്ലാത്തവനല്ല, കൊതി തീരാത്തവനാണ്‌ ദരിദ്രൻ. ഒരാൾ എത്രയൊക്കെ തന്റെ അലമാരയിൽ പൂട്ടിവയ്ക്കട്ടെ, തന്റെ പണ്ടകശാലയിൽ കൊണ്ടു നിറയ്ക്കട്ടെ, അയാളുടെ ആട്ടിൻ പറ്റങ്ങൾ എത്ര വലുതായിക്കോട്ടെ, എന്തു കാര്യം, തന്റെ അയല്ക്കാരന്റെ സ്വത്തിലാണ്‌ അയാളുടെ കണ്ണെങ്കിൽ, കിട്ടിക്കഴിഞ്ഞ നേട്ടങ്ങളിലല്ല, കിട്ടാനുള്ള നേട്ടങ്ങളിലാണ്‌ അയാളുടെ കണക്കുകൂട്ടലുകളെങ്കിൽ? ധനത്തിന്റെ സമുചിതമായ പരിധി എന്തെന്നാണോ നിങ്ങൾ ചോദിക്കുന്നത്? ഒന്നാമതായി, ആവശ്യത്തിനുള്ളത് ഉണ്ടായിരിക്കുക, രണ്ടാമതായി, ആവശ്യത്തിനു മാത്രം ഉണ്ടായിരിക്കുക.
*

from Seneca/Letters from a Stoic

*(ജീവിതത്തിൽ സംയമം ഉപദേശിക്കുന്ന സ്റ്റോയിക്ക് ചിന്തകന്‌ ജീവിതമാഘോഷിക്കുന്ന ഹെഡോണിസ്റ്റ് ശത്രുവാണല്ലോ!)

2020, നവംബർ 3, ചൊവ്വാഴ്ച

ബോദ്‌ലേർ - പുലർച്ചക്കൊരു മണിയ്ക്ക്

ഒടുവിൽ, ഒറ്റയ്ക്ക്‌! മടങ്ങാൻ വൈകിയ ചില വണ്ടികളുടെ തളർന്ന കടകടശബ്ദമല്ലാതെ മറ്റൊന്നും കേൾക്കാനില്ല. ഇനി കുറച്ചുനേരത്തേക്ക് ശാന്തതയല്ലെങ്കിൽ നിശ്ശബ്ദതയെങ്കിലും നമുക്കു പ്രതീക്ഷിക്കാം. ഒടുവിൽ! മനുഷ്യമുഖങ്ങളുടെ ദുർഭരണത്തിന്‌ അവസാനമായിരിക്കുന്നു; ഇനി എന്റെ വക ദുരിതങ്ങളേ എനിക്കനുഭവിക്കാനുള്ളു.

ഒടുവിൽ! ഇനിയെനിക്ക് ഇരുട്ടിന്റെ കുളിത്തൊട്ടിയിൽ കിടന്നൊന്നു തളർച്ച മാറ്റാമെന്നായിരിക്കുന്നു! എന്നാൽ അതിനു മുമ്പ് ഞാൻ വാതിലൊന്നു താഴിട്ടു പൂട്ടട്ടെ. താഴു വീഴുന്ന ആ ശബ്ദം എന്റെ ഏകാന്തതയുടെ കനം കൂട്ടുന്നപോലെയും പുറംലോകത്തു നിന്ന് എന്നെ വേർപെടുത്തുന്ന കന്മതിൽ ബലപ്പെടുത്തുന്നപോലെയുമാണ്‌ എനിക്കു തോന്നുന്നത്.

അസഹ്യമായ ജീവിതം! അസഹ്യമായ നഗരം! ഇന്നുണ്ടായ സംഭവങ്ങൾ എന്തൊക്കെയാണെന്ന് നമുക്കൊന്നു തിരിഞ്ഞുനോക്കാം: കുറേ സാഹിത്യകാരന്മാരെ കണ്ടു; അവരിൽ ഒരാൾക്ക് ഞാൻ റഷ്യയിലേക്ക് കരമാർഗ്ഗമുള്ള വഴി പറഞ്ഞുകൊടുക്കണമത്രെ (റഷ്യ ഏതോ ദ്വീപാണെന്നായിരിക്കും ആൾ കരുതിയിരിക്കുക.); ഒരു മാസികയുടെ  പത്രാധിപരുമായി ശ്വാസം വിടാതെനിന്നു തർക്കിച്ചു; എന്റെ ഓരോ തടസ്സവാദത്തിനും അയാളുടെ മറുപടി “ഞങ്ങൾക്കു മാന്യത നോക്കാതെ പറ്റില്ല” എന്നായിരുന്നു; അതിനർത്ഥം മറ്റു മാസികകൾ നടത്തുന്നത് തെമ്മാടികൾ ആണെന്നായിരിക്കുമല്ലോ; ഒരിരുപതു പേരുടെ അഭിവാദനങ്ങൾക്ക് പ്രത്യഭിവാദനം ചെയ്തു; അതിൽ പതിനഞ്ചുപേരും എനിക്കു കേട്ടുപരിചയം പോലുമില്ലാത്തവർ ആയിരുന്നു; അതേ അനുപാതത്തിൽത്തന്നെ ഹസ്തദാനങ്ങളും നടത്തി, അതും ഒരു കയ്യുറയുടെ കരുതൽ പോലുമില്ലാതെ; മഴ ചാറിയ നേരത്ത് സമയം കളയാൻ വേണ്ടി ഒരു നൃത്തക്കാരിയെ കാണാൻ പോയി; അവൾക്കു ഞാൻ “വീ-നിസ്സി”ന്റെ ഭാഗം അഭിനയിക്കാൻ ഒരു വേഷം ഡിസൈൻ ചെയ്തുകൊടുക്കണമത്രെ; കുറേനേരം ഒരു നാടകസംവിധായകന്റെ പിന്നാലെ തൂങ്ങിനടന്നു; എന്നെ ഒഴിവാക്കാൻ വേണ്ടി അയാൾ പറയുകയാണ്‌: “താൻ ഒന്ന് ‘ഇസെഡി’നെ പോയിക്കാണൂ; എന്റെ നാടകമെഴുത്തുകാരിൽ ഏറ്റവും മന്ദനും ഏറ്റവും മൂഢനും ഏറ്റവും പ്രശസ്തനും അയാളാണ്‌; അയാളോടൊട്ടിനടന്നാൽ തനിക്കെന്തെങ്കിലുമൊക്കെ ആകാം; അയാളെ കണ്ടിട്ടു വാ, എന്നിട്ടു നമുക്കു നോക്കാം;” ചെയ്തിട്ടേയില്ലാത്ത ചില കന്നത്തങ്ങൾ ചെയ്തതായി ഞാൻ വീരവാദം മുഴക്കി (എന്തിന്‌?); രസിച്ചുചെയ്ത വേറേ ചില മര്യാദകേടുകൾ ഒരു ഭീരുവിനെപ്പോലെ ഞാൻ നിഷേധിക്കുകയും ചെയ്തു- ഞെളിഞ്ഞുനിന്നുകൊണ്ടുള്ള വീമ്പു പറച്ചിൽ, മനുഷ്യാന്തസ്സിനെതിരെയുള്ള അപരാധം; ഒരു സുഹൃത്തിന്‌ നിഷ്‌പ്രയാസം ചെയ്തുകൊടുക്കാമായിരുന്ന ഒരു സഹായം ചെയ്യാൻ ഞാൻ മിനക്കെട്ടില്ല; അതേ സമയം ഒരൊന്നാന്തരം പോക്കിരിക്ക് ഒരു ശുപാർശക്കത്തുതന്നെ എഴുതിക്കൊടുക്കുകയും ചെയ്തു. ഹൊ, ഇത്രയൊക്കെപ്പോരേ!

സകലതും വെറുത്ത, എന്നെത്തന്നെ വെറുത്ത ഞാൻ ഈ രാത്രിയുടെ ഏകാന്തതയിലും നിശ്ശബ്ദതയിലും സ്വയമൊന്നു വീണ്ടെടുക്കട്ടെ, നഷ്ടമായ ആത്മാഭിമാനം അല്പമെങ്കിലും കണ്ടെടുക്കട്ടെ. ഞാൻ സ്നേഹിച്ചവരുടെ ആത്മാക്കളേ, ഞാൻ കവിതകളിൽ ആഘോഷിച്ചവരുടെ ആത്മാക്കളേ, എനിക്കു ബലം തരൂ, എന്നെ താങ്ങിനിർത്തൂ, ഈ ലോകത്തിന്റെ നുണകളിലും ദുഷിച്ച വായുവിലും നിന്നെന്നെ അകറ്റിനിർത്തൂ; ദൈവം തമ്പുരാനേ, മനോഹരമായ ചില വരികളെഴുതാനുള്ള അനുഗ്രഹം എനിക്കു തരേണമേ; മനുഷ്യർക്കിടയിൽ ഏറ്റവും താഴ്ന്നവനല്ല ഞാനെന്ന്, ഞാൻ വെറുക്കുന്നവരെക്കാൾ അധമനല്ല ഞാനെന്ന് അങ്ങനെ ഞാൻ എന്നെത്തന്നെ ബോദ്ധ്യപ്പെടുത്തട്ടെ.

*

ആൻ കാർസൺ - ഗദ്യകവിതകൾ

 ശരിപ്പെടുത്തൽ


കാഫ്ക തന്റെ വാച്ചിലെ സമയം എപ്പോഴും ഒന്നര മണിക്കൂർ കൂട്ടിവയ്ക്കാറുണ്ടായിരുന്നു. ഫെലിസ് അതെപ്പോഴും കൃത്യമാക്കിവയ്ക്കുകയും ചെയ്യും. എന്നാൽക്കൂടി അഞ്ചുകൊല്ലം അവർ വിവാഹത്തിന്റെ വക്കിലെത്തിയവരെപ്പോലെയായിരുന്നു. വിവാഹത്തിനനുകൂലമായും പ്രതികൂലവുമായുള്ള വാദങ്ങളുടെ ഒരു പട്ടിക കാഫ്ക തയ്യാറാക്കിയിരുന്നു; അതിൽ സ്വന്തം ജീവിതത്തിന്റെ പ്രഹരം ഒറ്റയ്ക്കു സഹിക്കാൻ കഴിയായ്കയും (അനുകൂലം) പത്തരയ്ക്ക് അച്ഛനമ്മമാരുടെ കിടക്കയിൽ അവരുടെ നിശാവസ്ത്രങ്ങളുടെ കാഴ്ചയും (പ്രതികൂലം) ഉൾപ്പെട്ടിരുന്നു. രക്തസ്രാവം അദ്ദേഹത്തെ രക്ഷിച്ചു. സംസാരിക്കരുതെന്ന് സാനിട്ടോറിയത്തിലെ ഡോക്ടർമാർ വിലക്കിയപ്പോൾ അദ്ദേഹം തറയിലെമ്പാടും കുപ്പിച്ചില്ലു പോലത്തെ വാചകങ്ങൾ ബാക്കിവച്ചു. അതിലൊന്ന് ഇങ്ങനെയായിരുന്നു: ഫെലിസിൽ കൂടിയ അളവിലുള്ള നഗ്നത ഇനിയും ബാക്കിയുണ്ട്.


(കാഫ്കയുടെ അവസാനത്തെ സാനിറ്റോറിയവാസത്തിൽ തനിക്കു പറയാനുള്ളത് കടലാസ്സുതുണ്ടുകളിൽ എഴുതിക്കാണിക്കുകയാണ്‌ അദ്ദേഹം ചെയ്തിരുന്നത്. ഗുളികയുടെ അംശങ്ങൾ കുപ്പിച്ചില്ലു പോലെ കഫത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നതിനെക്കുറിച്ച് അതിലൊന്നിൽ പറയുന്നുണ്ട്.)


പിന്നിലേക്കു നടക്കുന്നതിനെക്കുറിച്ച്


പിന്നിലേക്കു നടക്കരുതെന്ന് അമ്മ ഞങ്ങളെ വിലക്കിയിരുന്നു. മരിച്ചവരാണ്‌ അങ്ങനെ നടക്കുന്നത്, അമ്മ പറയും. അങ്ങനെയൊരാശയം അമ്മയ്ക്കെവിടുന്നു കിട്ടിയോ ആവോ? അതിനി വിവർത്തനത്തിലെ പിശകാണെന്നും വരാം. മരിച്ചവർ എന്തായാലും പിന്നിലേക്കല്ല നടക്കുന്നത്, അവർ നമ്മുടെ പിന്നിലാണു നടക്കുന്നത്. ശ്വാസകോശങ്ങളില്ലാത്തതിനാൽ അവർക്കു നമ്മളെ വിളിക്കാൻ പറ്റില്ല; എന്നാൽ നമ്മൾ തിരിഞ്ഞുനോക്കിയാൽ അതവർക്കു സന്തോഷമാവുകയും ചെയ്യും. സ്നേഹത്തിന്റെ ഇരകളാണവർ, അവരിൽ പലരും.

*

ആൻ കാർസൺ Anne Carson (ജനനം 1950) കനേഡിയൻ കവിയും എഴുത്തുകാരിയും. ക്ലാസ്സിക്കൽ ഗ്രീക്കിൽ നിന്നുള്ള വിവർത്തനങ്ങൾ (സാഫോ, യൂറിപ്പിഡീസ്) പ്രസിദ്ധമാണ്‌.



2020, നവംബർ 2, തിങ്കളാഴ്‌ച

ബോർഹസ് - കവികളെ ആർക്കാണാവശ്യം?


കവിയുടെ തൊഴിൽ, എഴുത്തുകാരന്റെ തൊഴിൽ, വിചിത്രമായതൊന്നാണ്‌. ചെസ്റ്റർട്ടൺ പറഞ്ഞിട്ടുണ്ടല്ലോ, “ഒന്നേ ആവശ്യമായിട്ടുള്ളു- എല്ലാം.” ഒരെഴുത്തുകാരന്റെ കാര്യത്തിൽ ഈ ‘എല്ലാം’ സർവ്വാശ്ളേഷിയായ ഒരു വാക്കിലും അധികമാണ്‌, അയാൾക്കത് അതിന്റെ അക്ഷരാർത്ഥം തന്നെയാണ്‌. മനുഷ്യാനുഭവങ്ങളിൽ ഏറ്റവും പ്രമുഖവും സാരവത്തുമായതിനെയാണ്‌ അതു സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന്‌, ഒരെഴുത്തുകാരന്‌ ഏകാന്തത വേണം, അയാൾക്കതിൽ തന്റെ ഓഹരി കിട്ടുന്നു; അയാൾക്കു സ്നേഹം വേണം, പങ്കു വച്ചതും അല്ലാത്തതുമായ സ്നേഹം അയാൾക്കു കിട്ടുന്നു. അയാൾക്കു സൗഹൃദം വേണം. ഈ പ്രപഞ്ചം തന്നെ അയാൾക്കു വേണം. എഴുത്തുകാരനാവുക എന്നാൽ, ഒരത്ഥത്തിൽ, ഒരു ദിവാസ്വപ്നജീവിയാവുക എന്നാണ്‌- ഒരുതരം ഇരട്ടജീവിതം ജീവിക്കുക എന്നാണ്‌.

ഞാൻ എന്റെ ആദ്യത്തെ പുസ്തകം Fervor de Buenos Aires പ്രസിദ്ധീകരിക്കുന്നത് അങ്ങ് 1923ലാണ്‌. അത് ബ്യൂണേഴ്സ് അയഴ്സിനെക്കുറിച്ചുള്ള ഒരു പ്രശസ്തികാവ്യമായിരുന്നില്ല; എന്റെ നഗരം എനിക്കെങ്ങനെ അനുഭൂതമാകുന്നു എന്നാവിഷ്കരിക്കാനാണ്‌ ഞാൻ അതിൽ ശ്രമിച്ചത്. പലതും ആവശ്യമായ ഒരു സന്ദർഭത്തിലാണ്‌ ഞാൻ എന്നെനിക്കറിയാമയിരുന്നു. സാഹിത്യാന്തരീക്ഷമുള്ള വീടായിരുന്നു എന്റേതെങ്കിലും - എന്റെ അച്ഛൻ എഴുത്തുകാരനായിരുന്നു- എനിക്കത്രയും പോരായിരുന്നു. അതിലുമധികമായിട്ടെന്തോ എനിക്കു വേണ്ടിയിരുന്നു; ഒടുവിൽ ഞാനതു കണ്ടെത്തുന്നത് സൗഹൃദങ്ങളിലും സാഹിത്യസല്ലാപങ്ങളിലുമായിരുന്നു.

ഒരു വലിയ യൂണിവേഴ്സിറ്റിയ്ക്ക് ഒരു യുവസാഹിത്യകാരനു നല്കാനുള്ളത് അതു തന്നെയാണ്‌- സംഭാഷണം, സംവാദം, യോജിക്കുക എന്ന വിദ്യ, അതിലും പ്രധാനമായി വിയോജിക്കുക എന്ന വിദ്യ. ഇതിൽ നിന്നെല്ലാം കൂടിയാകാം, ഒരു നിമിഷത്തിൽ ചെറുപ്പക്കാരനായ ആ എഴുത്തുകാരനു തോന്നുകയാണ്‌, തന്റെ മനോവികാരങ്ങളെ കവിതയാക്കാൻ തനിക്കിപ്പോൾ സാധ്യമാണെന്ന്. തീർച്ചയായും അയാൾ തുടങ്ങേണ്ടത് താനിഷ്ടപ്പെടുന്ന കവികളെ അനുകരിച്ചുകൊണ്ടാവണം. സ്വയം നഷ്ടപ്പെടുത്തിക്കൊണ്ട് താൻ താനാവുന്നതിന്റെ വഴിയാണത്- ഇരട്ടജീവിതമെന്ന വിചിത്രമായ വഴി; തനിക്കാവും വിധം യാഥാർത്ഥ്യത്തിൽ ജീവിക്കുമ്പോൾത്തന്നെ മറ്റേ യാഥാർത്ഥ്യത്തിൽ, താൻ സൃഷ്ടിച്ചെടുക്കേണ്ട യാഥാർത്ഥ്യത്തിൽ, തന്റെ സ്വപ്നങ്ങളുടെ യാഥാർത്ഥ്യത്തിൽ ജീവിക്കുക എന്ന വഴി.

ഇനിയും പേരില്ലാത്ത കവികളെ, ഇനിയും പേരില്ലാത്ത എഴുത്തുകാരെക്കുറിച്ചു നാമോർക്കുക; അവരെ ഒരുമിച്ചു കൊണ്ടുവരികയും ഒരുമിച്ചിരുത്തുകയും വേണം. ഭാവിയിലെ ആ ഉപകാരികളെ സഹായിക്കുക എന്നത് നമ്മുടെ കടമയാണ്‌; അവർ ഒടുവിൽ തങ്ങളെത്തന്നെ കണ്ടെത്തട്ടെ; ആ കണ്ടെത്തൽ തന്നെയാണ്‌ മഹത്തായ സാഹിത്യമാകുന്നതും. സാഹിത്യം വാക്കുകൾ കൊണ്ടുള്ള വെറും ചെപ്പടിവിദ്യയല്ല; പറയാതെ കിടക്കുന്നത്, വരികൾക്കിടയിലൂടെ വായിക്കാവുന്നത്- അതാണ്‌ കാര്യം. ആഴത്തിലുള്ള ആ ആന്തരാനുഭൂതി ഇല്ലെങ്കിൽ സാഹിത്യം വെറുമൊരു വിനോദം മാത്രമായിപ്പോകും; അത് അതു മാത്രമല്ലെന്ന് നമുക്കെല്ലാം അറിയുകയും ചെയ്യാം.

(ബോർഹസ് 1971ൽ കൊളംബിയ യൂണിവേഴ്സിറ്റിയിൽ ചെയ്ത പ്രസംഗത്തിൽ നിന്ന്)

2020, നവംബർ 1, ഞായറാഴ്‌ച

കീറ്റ്സ് - ഏകാകിയുടെ ആനന്ദങ്ങൾ

 നിങ്ങളുടെ സന്തോഷവും നിങ്ങളുടെ ശുപാർശയും ഇരിക്കെത്തന്നെ ഞാൻ ഒരിക്കലും വിവാഹം കഴിക്കില്ല എന്നാണെന്റെ പ്രതീക്ഷ. ഒരു യാത്രയുടേയോ ഒരു നടത്തയുടേയോ അന്ത്യത്തിൽ ഈ ഭൂമിയിലെ ഏറ്റവും സൗന്ദര്യമുള്ള മനുഷ്യജീവിയാണ്‌ എന്നെ കാത്തിരിക്കുന്നതെന്നായാലും; പരവതാനി പട്ടിന്റേതും ജാലകത്തിരശ്ശീലകൾ പ്രഭാതമേഘങ്ങളുടേതുമാണെന്നായാലും; കസേരകളും സോഫകളും അരയന്നങ്ങളുടെ ഇളംതൂവലുകൾ കൊണ്ടു നിറച്ചതായാലും; കഴിക്കാൻ മന്നായും കുടിക്കാൻ ഫ്രെഞ്ച് വീഞ്ഞിലും മുന്തിയതുമാണുള്ളതെന്നായാലും; ജനാല തുറക്കുന്നത് വിനാൻഡെർ തടാകത്തിലേക്കായാലും- എന്നാലും എന്റെ ഏകാന്തതയുടെ ഉദാത്തത പോലതു സുന്ദരമായിരിക്കില്ല. ഞാനിപ്പോൾ വർണ്ണിച്ചതിനു പകരം എന്നെ വരവേല്ക്കുന്നതു മറ്റൊരുദാത്തതയാണ്‌- ഹുങ്കാരം മുഴക്കുന്ന കാറ്റാണെന്റെ ഭാര്യ, ജാലകച്ചില്ലിലൂടെത്തെളിയുന്ന നക്ഷത്രങ്ങളാണെന്റെ കുഞ്ഞുങ്ങൾ. സർവ്വതിലുമടങ്ങിയ സൗന്ദര്യത്തെക്കുറിച്ചുള്ള എന്റെ പ്രബലമായ അമൂർത്തസങ്കല്പം അതിനെക്കാൾ ശകലിതവും നിസ്സാരവുമായ കുടുംബസുഖത്തെ അമർത്തിവയ്ക്കുന്നു-  ശാലീനയായ ഒരു ഭാര്യയും ഓമനകളായ കുഞ്ഞുങ്ങളും ആ സൗന്ദര്യത്തിന്റെ ഒരു ഭാഗമായിട്ടാണു ഞാൻ കാണുന്നത്. പക്ഷേ എന്റെ ഹൃദയം നിറയണമെങ്കിൽ ആ സൗന്ദര്യകണികകൾ ഒരായിരം എനിക്കു വേണം. എന്റെ ഭാവനാശക്തി ബലപ്പെടുന്നതിനോടൊപ്പം ഓരോ ദിവസവും എനിക്കു തോന്നുകയാണ്‌, ഈ ലോകത്തിൽ മാത്രമല്ല ഒരായിരം ലോകങ്ങളിലാണ്‌ ഞാൻ ജീവിക്കുന്നതെന്ന്. ഞാൻ ഒറ്റയ്ക്കാകേണ്ട താമസം, ഐതിഹാസികമഹത്വമുള്ള രൂപങ്ങൾ എനിക്കു ചുറ്റും നിലയുറപ്പിക്കുന്നു, ഒരു രാജാവിന്റെ അംഗരക്ഷകർക്കു തുല്യമായ ഒരു പദവിയോടെ അവ എന്റെ ആത്മാവിനെ സേവിക്കുന്നു...ഞാൻ ഇതു നിങ്ങൾക്കെഴുതുന്നത് ഏറ്റവും ഉന്നതമായ ആനന്ദങ്ങളുടെ വിഹിതം എനിക്കു കിട്ടാതെപോകുന്നില്ലെന്നും ഒറ്റയ്ക്കാണെങ്കിലും ഏകാകിയല്ല  ഞാനെന്നും നിങ്ങൾ അറിയാൻ വേണ്ടിയാണ്‌...


(1818 ഒക്ടോബറിൽ 23 വയസ്സുള്ള കീറ്റ്സ് സഹോദരൻ ജോർജ്ജിനും ഭാര്യ ജ്യോർജ്ജിനയ്ക്കും എഴുതിയ കത്തിൽ നിന്ന്)