2021, ജനുവരി 4, തിങ്കളാഴ്‌ച

അൽബേർ കമ്യു- പ്രിയപ്പെട്ട മൊസ്യേ ജെർമ്മെയ്ൻ

1957 നവംബർ 19

പ്രിയപ്പെട്ട മൊസ്യേ ജെർമ്മെയ്ൻ,

എനിക്കു ചുറ്റും ഇപ്പോഴുള്ള ഈ ബഹളം അല്പമൊന്നു ശമിക്കട്ടെ എന്നു കാത്തിരിക്കുകയായിരുന്നു ഞാൻ, ഉള്ളിന്റെയുള്ളിൽ നിന്ന് എനിക്കങ്ങയോടു സംസാരിക്കാൻ. വളരെ വലിയൊരു ബഹുമതി ഈയടുത്തകാലത്ത് എനിക്കു കിട്ടി; ഞാനത് തേടിപ്പോവുകയോ അതിനായി ആരെയെങ്കിലും സമീപിക്കുകയോ ചെയ്തിട്ടില്ല.

പക്ഷേ ആ വാർത്ത കേട്ടപ്പോൾ ഞാൻ ആദ്യം ഓർത്തത്, എന്റെ അമ്മ കഴിഞ്ഞാൽ, അങ്ങയെ ആയിരുന്നു. അങ്ങില്ലായിരുന്നുവെങ്കിൽ, അന്നത്തെ സാധുക്കുട്ടിയായ എനിക്കു നേർക്ക് അങ്ങു നീട്ടിയ വാത്സല്യപൂർണ്ണമായ കൈയ്യില്ലായിരുന്നുവെങ്കിൽ, അങ്ങയുടെ ശിക്ഷണവും മാതൃകയും ഇല്ലായിരുന്നുവെങ്കിൽ ഇതൊന്നും സംഭവിക്കുമായിരുന്നില്ല.

ഇത്തരം ബഹുമതികളെ ഞാൻ അത്രയധികം പ്രാധാന്യത്തോടെ കാണുന്നില്ല. പക്ഷേ, അങ്ങെനിക്കാരായിരുന്നുവെന്നും ഇപ്പോഴും ആരാണെന്നും അങ്ങയോടു പറയാൻ അതൊരു നിമിത്തമെങ്കിലും ആയല്ലോ; അങ്ങയുടെ പരിശ്രമങ്ങൾ, അങ്ങയുടെ പ്രവൃത്തി, അതിൽ അങ്ങയുടെ ആത്മസമർപ്പണം ഇവയെല്ലാം അങ്ങയുടെ കൊച്ചുവിദ്യാർത്ഥികളിൽ ഒരാളിൽ, ഇത്രകാലത്തിനു ശേഷവും അങ്ങയുടെ ശിഷ്യൻ തന്നെയായ ഒരാളിൽ, ഇപ്പോഴും ജീവിക്കുന്നു. നിറഞ്ഞ ഹൃദയത്തോടെ ഞാൻ അങ്ങയെ ആലിംഗനം ചെയ്യുന്നു.

അൽബേർ കമ്യു

(നൊബേൽ സമ്മാനം ലഭിച്ചതിനു ശേഷം കമ്യു തന്റെ അദ്ധ്യാപകനായിരുന്ന ലൂയിസ് ജെർമ്മെയ്നയച്ച കത്ത്. കമ്യുവിന്റെ കലുഷമായ ബാല്യകാലത്ത് അദ്ദേഹത്തിനു വഴികാട്ടിയായിരുന്നു ആ അദ്ധ്യാപകൻ.)


അഭിപ്രായങ്ങളൊന്നുമില്ല: