പബ്ലിക് പാർക്കുകളിലെ ചില നടപ്പാതകളെക്കുറിച്ച് വോവെനാർഗ് പറയുന്നുണ്ട്; ഭഗ്നമോഹങ്ങൾ, ഭാഗ്യദോഷികളായ കണ്ടുപിടുത്തക്കാർ, അലസിപ്പോയ വിജയങ്ങൾ, തകർന്ന ഹൃദയങ്ങൾ, സന്തുഷ്ടരുടേയും അലസരുടേയും ഉദ്ധതദൃഷ്ടികളിൽ പെടാൻ മടിക്കുന്ന, ഒരു കൊടുങ്കാറ്റിന്റെ അവസാനത്തെ നെടുവിർപ്പുകൾ ഇനിയും ഇരമ്പിയടങ്ങാത്ത, വിക്ഷുബ്ധവും കൊട്ടിയടച്ചതുമായ ആത്മാക്കൾ- ഇവരൊക്കെയാണ് അവിടങ്ങളിലെ പതിവുകാർ. ജീവിതത്തിന്റെ പ്രഹരമേറ്റു തളർന്നുപോയവരുടെ അഭയമാണ് നിഴലടഞ്ഞ ആ സങ്കേതങ്ങൾ.
ഇതിനൊക്കെപ്പുറമേ കവികളും ചിന്തകരും തങ്ങളുടെ അനുമാനങ്ങൾക്കായി വ്യഗ്രതയോടെ തിരിയുന്നതും അവിടേക്കുതന്നെ. അവർക്കു വേണ്ടത് അവിടെ സമൃദ്ധമായി വിളയുന്നുണ്ട്. അവർ കടക്കാനറയ്ക്കുന്ന ഒരിടമുണ്ടെങ്കിൽ അത്, ഞാൻ ഇപ്പോൾത്തന്നെ സൂചിപ്പിച്ച സമൃദ്ധിയുടെ ആഹ്ലാദം ഒന്നുമാത്രമാണ്. പൊള്ളയായ കോലാഹലത്തിന്റെ ആയിടത്ത് അവരെ ആകർഷിക്കുന്നതായി ഒന്നുമില്ല. നേരേ മറിച്ച്, ദുർബ്ബലവും തകർന്നതും ആതുരവും അനാഥവുമായ സർവ്വതിനോടും തടുക്കാനാവാത്ത ഒരാകർഷണമാണവർക്ക്. തന്നെയുമല്ല,
കണ്ടുപരിചയിച്ച കണ്ണുകൾക്ക് ഒരിക്കലും പിഴയ്ക്കില്ല. വലിഞ്ഞുമുറുകിയതോ അടിയറവു പറഞ്ഞതോ ആയ ചില മുഖലക്ഷണങ്ങളിൽ, കുഴിഞ്ഞതും ഒളി കെട്ടതുമായ ചില കണ്ണുകളിൽ, അല്ലെങ്കിൽ വിധിയുമായുള്ള മല്പിടുത്തത്തിന്റെ അന്തിവെളിച്ചം ഇനിയും കെടാത്ത ചില കണ്ണുകളിൽ, ചില നെറ്റിത്തടങ്ങളിൽ ചാലു കീറിയ ചുളിവുകളിൽ, പതുക്കെയോ വേയ്ക്കുന്നതോ ആയ ചില നടത്തകളിൽ എത്രയെങ്കിലും പുരാവൃത്തങ്ങൾ അവർ വായിച്ചെടുക്കുന്നു- വഞ്ചിക്കപ്പെട്ട പ്രണയങ്ങളുടെ, ദുർവ്യാഖ്യാനം ചെയ്യപ്പെട്ട ആത്മസമർപ്പണങ്ങളുടെ, പ്രതിഫലം ലഭിക്കാത്ത യത്നങ്ങളുടെ, ആരുമറിയാതെ എളിമയോടെ സഹിക്കുന്ന വിശപ്പിന്റെയും തണുപ്പിന്റെയും.
ആളൊഴിഞ്ഞ ബെഞ്ചുകളിൽ ഒറ്റയ്ക്കിരിക്കുന്ന വിധവകളെ നിങ്ങൾ ചിലപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ, പാവപ്പെട്ട വിധവകളെ? കറുത്ത വസ്ത്രം ധരിച്ചിട്ടായാലും അല്ലെങ്കിലും അവരെ തിരിച്ചറിയാൻ എളുപ്പമാണ്. തന്നെയുമല്ല, നിസ്വരുടെ ദുഃഖാചരണത്തിൽ എന്തോ ഒന്നിന്റെ കുറവു കാണാം, ഒരു പൊരുത്തക്കുറവ്; അതുകൊണ്ടുതന്നെ അത്രയ്ക്കതു ഹൃദയഭേദകവുമാണ്. അവർക്ക് തങ്ങളുടെ ദുഃഖത്തിലും ലുബ്ധിക്കേണ്ടിവരുന്നു. പണക്കാരുടെ ദുഃഖപ്രകടനം പൂർണ്ണത തികഞ്ഞതായിരിക്കുമല്ലോ.
ആരാണ് ഏറ്റവും ദു:ഖിതയും ഏറ്റവും ഹൃദയസ്പർശിയുമായ വിധവ, തന്റെ മനോരാജ്യങ്ങൾ പങ്കുവയ്ക്കാനാത്ത ഒരു ഒരു കൊച്ചുകുട്ടിയുടെ കൈ പിടിച്ചുനടക്കുന്നവളോ അതോ ആരും കൂട്ടിനില്ലാതെ ഒറ്റയ്ക്കു നടക്കുന്നവളോ? എനിക്കറിയില്ല...ഈ രണ്ടാമതു പറഞ്ഞ വിഭാഗത്തിൽ പെട്ട പ്രായമായ, പീഡിതയായ ഒരു സ്ത്രീയെ ഞാനൊരിക്കൽ മണിക്കൂറുകൾ പിന്തുടരാനിടയായി. പിഞ്ഞിത്തുടങ്ങിയ ഒരു ഷാളും ചുറ്റി, നട്ടെല്ലു വളയാതെ നടന്നുപോകുന്ന അവരെ ഉദ്ധതമായ ഒരു ആത്മസംയമനം ചൂഴ്ന്നുനിന്നിരുന്നു.
പരിപൂർണ്ണമായ ഏകാന്തത പ്രായം ചെന്ന ഒരവിവാഹിതയുടെ ശീലങ്ങൾക്ക് അവരെ അടിപ്പെടുത്തുകയായിരുന്നു എന്നു വ്യക്തം; അവരുടെ രീതികളിലെ ആ പുരുഷത്വസ്വഭാവമാവട്ടെ, ആ കാർക്കശ്യത്തിന് നിഗൂഢതയുടെ ഒരു തീക്ഷ്ണത പകരുന്നതുമായിരുന്നു. ഏതു ശോച്യമായ കഫേയിൽ നിന്ന് എങ്ങനെയാണവർ അവർ ആഹാരം കഴിക്കുന്നതെന്ന് എനിക്കു പറയാൻ പറ്റില്ല. ഒരിക്കൽ ഒരു പൊതുവായനശാലയിലേക്ക് ഞാനവരെ പിന്തുടർന്നുചെന്നു. അവർ പത്രങ്ങൾ മറിച്ചുമറിച്ചുനോക്കുന്നത് ഞാൻ ഏറെനേരം നോക്കിയിരുന്നു; തനിക്കത്രയ്ക്കു പ്രാധാന്യമുള്ള, വ്യക്തിപരമായ എന്തോ ആയിരിക്കണം ഒരിക്കൽ കണ്ണീരു പൊള്ളിച്ച ആ കണ്ണുകൾ കൊണ്ട് അവർ തേടിയത്.
ഒടുവിൽ വൈകുന്നേരമായപ്പോൾ അവർ എഴുന്നേറ്റ് ചേതോഹരമായ ഒരു ശരല്ക്കാലാകാശത്തിനു ചുവട്ടിൽ (ഇങ്ങനെയൊരാകാശത്തു നിന്നാണ് ഓർമ്മകളും ഖേദങ്ങളും തോരാതെ പൊഴിയുക), ആൾക്കൂട്ടത്തിൽ നിന്നൊഴിഞ്ഞ് ഒരു പാർക്കിന്റെ ഒരോരത്തു ചെന്നിരുന്നു, പാരീസുകാർക്ക് അത്രക്കിഷ്ടമായ പട്ടാളബാൻഡു കേൾക്കാൻ.
നിഷ്കളങ്കയായ ആ വൃദ്ധ (അല്ലെങ്കിൽ പവിത്രയായ ആ വൃദ്ധ) സ്വയം അനുവദിച്ചുകൊടുത്ത ഒരു ശീലക്കേടായിരിക്കണം അതെന്നതിൽ സംശയമില്ല; കൂട്ടില്ലാത്ത, സംസാരമില്ലാത്ത, സന്തോഷമില്ലാത്ത, വിശ്വസിക്കാൻ ഒരാളില്ലാത്ത മറ്റൊരു ദുർവ്വഹദിനത്തിനൊടുവിൽ (വർഷത്തിൽ മുന്നൂറ്ററുപത്തഞ്ചു ദിവസങ്ങൾ, അങ്ങനെ ദൈവമേ, എത്ര വർഷങ്ങളായിട്ടുണ്ടാവും!) അവർ അർഹിക്കുന്ന ഒരു സാന്ത്വനം.
മറ്റൊന്ന്.
ഒരു സംഗീതപരിപാടി നടക്കുന്ന ഹാളിന്റെ ഗേറ്റിനു പുറത്തു തിക്കിത്തിരക്കുന്ന നിസ്വരുടെ കൂട്ടത്തെ അത്ര സഹതാപത്തോടെയല്ലെങ്കിലും, നല്ല കൗതുകത്തോടെ ഒന്നു നോക്കിപ്പോകാതിരിക്കാൻ എനിക്കൊരിക്കലും കഴിയാറില്ല. ആഘോഷത്തിന്റെ, വിജയത്തിന്റെ, അല്ലെങ്കിൽ ജീവിതാനന്ദത്തിന്റെ ഗാനങ്ങൾ രാത്രിയിലേക്കു പകരുകയാണ് ഓർക്കെസ്ട്ര. മിന്നിത്തിളങ്ങുന്ന വസ്ത്രാഞ്ചലങ്ങൾ ഇഴയുന്നു; നോട്ടങ്ങൾ ഇടയുന്നു; ഒന്നും ചെയ്യാനില്ലാതെ മടുപ്പു പിടിച്ച അലസവർഗ്ഗം സംഗീതം ആസ്വദിക്കുകയാണെന്ന ഭാവേന കറങ്ങിനടക്കുന്നു. ഇവിടെ സമ്പത്തല്ലാതൊന്നുമില്ല, സന്തോഷമല്ലാതൊന്നുമില്ല; ജീവിച്ചിരിക്കുന്നതിന്റെ സുഖാലസ്യം പ്രസരിപ്പിക്കുന്നതോ പ്രചോദിപ്പിക്കുന്നതോ അല്ലാതൊന്നുമില്ല; അങ്ങനെയല്ലാതൊന്നുണ്ടെങ്കിൽ അത്, ഉള്ളിൽ കത്തിജ്ജ്വലിക്കുന്ന ആ ചൂളയും കണ്ടുകൊണ്ട്, കാറ്റിനൊപ്പം കാതിൽ വീഴുന്ന ഒരു സംഗീതശകലം സൗജന്യമായി ആസ്വദിച്ചുകൊണ്ട്, ഗേറ്റിനു പുറത്തു കൂട്ടം കൂടിനില്ക്കുന്ന ആൾക്കൂട്ടത്തിന്റെ കാഴ്ച്ച മാത്രം.
പണക്കാരുടെ ആഹ്ലാദങ്ങൾ പാവപ്പെട്ടവരുടെ കണ്ണുകളിൽ പ്രതിഫലിക്കുന്നതു കണ്ടുകൊണ്ടിരിക്കുക രസകരമാണ്. അന്നു പക്ഷേ, പണിക്കാരുടെ വേഷമോ പരുക്കൻ തുണിയോ ധരിച്ച ആ ജനക്കൂട്ടത്തിനിടയിലൂടെ കണ്ണോടിക്കവെ, ചുറ്റുമുള്ള ക്ഷുദ്രതയുമായി ഒട്ടും ചേരാത്ത കുലീനതയുള്ള ഒരാളെ ഞാൻ കണ്ടു.
നല്ല ഉയരമുള്ള, പ്രൗഢയായ ഒരു സ്ത്രീ; പോയ കാലത്തെ അഭിജാതസുന്ദരികളുടെ ശേഖരങ്ങളിൽ ഇന്നുവരെ കണ്ടതായി എനിക്കോർമ്മ വരാത്ത ഒരു കുലീനഭാവം അവരെ ചൂഴ്ന്നുനിന്നിരുന്നു. ഗുണവൈശിഷ്ട്യത്തിന്റെ പരിമളം അവരുടെയാ രൂപത്തിൽ നിന്നു പ്രസരിച്ചിരുന്നു. അവരുടെ ദുഃഖം നിറഞ്ഞ, ക്ഷീണിച്ച മുഖമാവട്ടെ, അവർ ധരിച്ചിരുന്ന വിലാപവേഷത്തിനു തീർത്തും ഇണങ്ങുന്നതായിരുന്നു. തനിക്കു ചുറ്റുമുള്ള, എന്നാൽ അവരുടെ കണ്ണുകളിൽ പെടാത്ത, ആ സാധാരണക്കാരുടെ ഇടയിൽ നിന്നുകൊണ്ട് അവരും ആ പ്രകാശലോകത്തെ വലിയ താല്പര്യത്തോടെ കാണുകയായിരുന്നു, പതുക്കെ തലയനക്കിക്കൊണ്ട് ആ സംഗീതം കേൾക്കുകയായിരുന്നു.
അന്യാദൃശമായ കാഴ്ച്ച! “തീർച്ചയായും,” ഞാൻ സ്വയം പറഞ്ഞു, “അവരുടെ ദാരിദ്ര്യം, അതിനി ദാരിദ്ര്യം തന്നെയാണെങ്കിൽ, എന്തിനാ ഹീനമായ മിതവ്യയത്തെ ആശ്രയിക്കണം? അവർക്കതിന്റെ ആവശ്യമില്ലെന്ന് ആ കുലീനമായ മുഖം തന്നെ വിളിച്ചുപറയുന്നുണ്ട്. എങ്കിൽ, താൻ അത്രയും വേറിട്ടു നില്ക്കുന്ന ഒരു ചുറ്റുപാടിൽ എന്തിനവർ ചെന്നു നില്ക്കണം?”
എന്നാൽ ജിജ്ഞാസ തടുക്കാനാവാതെ അവരുടെ അടുത്തുകൂടി കടന്നുപോയപ്പോൾ അതിനു കാരണം കണ്ടുപിടിക്കാനായി എന്നെനിക്കു തോന്നി. ഉയരം കൂടിയ ആ വിധവ അവരെപ്പോലെതന്നെ കറുത്ത വെഷം ധരിച്ച ഒരു കുട്ടിയെ കൈക്കു പിടിച്ചിരുന്നു; ഉള്ളിൽ കടക്കാനുള്ള ഫീസ് അത്രയധികമൊന്നും ആയിരുന്നില്ലെങ്കില്ക്കൂടി കുട്ടിയുടെ ഒരാവശ്യം നടത്താൻ, അതല്ലെങ്കിൽ ഒരാഡംബരം, ഒരു കളിപ്പാട്ടം, അതിനു വാങ്ങിച്ചുകൊടുക്കാൻ ആ പണം അവർ ലാഭിച്ചതായിരിക്കാം.
ഇനിയവർ സ്വന്തം ചിന്തകളിലും മനോരാജ്യങ്ങളിലും മുഴുകി വീട്ടിലേക്കു മടങ്ങും, ഒറ്റയ്ക്ക്, എന്നുമൊറ്റയ്ക്ക്; എന്തെന്നാൽ ബഹളക്കാരനും സ്വാർത്ഥിയും ക്ഷമയോ ശാന്തതയോ ഇല്ലാത്തവനുമാണ് കുട്ടി; വെറുമൊരു ജന്തുവിനെപ്പോലെ, ഒരു പൂച്ചയോ പട്ടിയോ പോലെ, ഏകാന്തശോകങ്ങൾക്കു കാതു കൊടുക്കാൻ അവനാവില്ല.
*
* വോവെനാർഗ് Luc de Clapiers, Marquis de Vauvenargues (1715-1747)- പ്രഭുവർഗ്ഗത്തിൽ ജനിച്ചുവെങ്കിലും ദരിദ്രനും ക്ഷയരോഗിയുമായി മരിച്ചു. നിരീക്ഷണങ്ങളും ചിന്തകളുമടങ്ങിയ അദ്ദേഹത്തിന്റെ കൃതികൾക്ക് ബോദ്‌ലേറുടെ കാലമായപ്പോൾ പുതിയൊരു ജനപ്രീതി കൈവന്നിരുന്നു.