2024, ഡിസംബർ 8, ഞായറാഴ്‌ച

ബെർത്തോൾട്ട് ബ്രെഹ്റ്റ് - ദിർഘകാലം നീണ്ടുനില്ക്കുന്നത്



ദീർഘകാലം നീണ്ടുനില്ക്കുന്ന കാര്യങ്ങൾ ചെയ്യാനുള്ള ആഗ്രഹം
എപ്പോഴും സ്വാഗതാർഹമാകണമെന്നില്ല.

ജനിക്കാനിരിക്കുന്നവരെ അഭിസംബോധന ചെയ്യുന്നവൻ
അവരുടെ ജനനത്തിനായി യാതൊന്നും ചെയ്യുന്നില്ല.
അവൻ പൊരുതുന്നില്ല, വിജയത്തിനായി കൊതിക്കുകയും ചെയ്യുന്നു.
അവൻ ഒരു ശത്രുവിനേയും കാണുന്നില്ല
വിസ്മൃതിയെ അല്ലാതെ.

എല്ലാ കാറ്റും എന്തിനെന്നും വീശണം?
ഒരു നല്ല പ്രയോഗം ശ്രദ്ധേയമാകുന്നത്
അതു നല്ലതായിരുന്ന സന്ദർഭം ആവർത്തിക്കും കാലത്തോളം മാത്രമാണ്‌.
പൂർണ്ണത തികഞ്ഞ മട്ടിൽ വന്നുചേരുന്ന ചില അനുഭവങ്ങൾ
മനുഷ്യരാശിയെ സമ്പുഷ്ടമാക്കും,
പുഷ്ടിയും പക്ഷേ, അമിതമാകാം.
അനുഭവങ്ങൾ മാത്രമല്ല,
അവയെ ഓർമ്മിച്ചെടുക്കുന്നതും നിങ്ങളെ വൃദ്ധനാക്കും.

അതിനാൽ, ദീർഘകാലം നീണ്ടുനില്ക്കുന്ന കാര്യങ്ങൾ ചെയ്യാനുള്ള ആഗ്രഹം
എപ്പോഴും സ്വാഗതാർഹമാകണമെന്നില്ല.



2024, ഡിസംബർ 1, ഞായറാഴ്‌ച

പെഡ്രോ സാലിനാസ്- സർവ്വനാമങ്ങളിൽ ജീവിക്കുന്നു നീ...

 


പെഡ്രോ സാലിനാസ് Pedro Salinas (1891-1951)- സ്പാനിഷ് കവിയും നാടകകൃത്തും. ലോർക്കയും ഹൊർഹെ ഗിയേനും ഉൾപ്പെട്ടിരുന്ന Generation of 1927 എന്ന ഗ്രൂപ്പിലെ പ്രമുഖനായ കവി. സ്പാനിഷ് ആഭ്യന്തരയുദ്ധത്തെത്തുടർന്ന് അമേരിക്കയിലേക്കു കുടിയേറി. Presagios (1923; “Omens”), Seguro azar (1929; “Certain Disaster”), La voz a ti debida (1934; My Voice Because of You, 1976), and Todo más claro y otros poemas (1949; “Everything Clearer and Other Poems”).തുടങ്ങിയവ പ്രധാന കവിതാസമാഹാരങ്ങള്‍.


പ്രണയകവിത

------------------------

നീയെന്നെ വിളിച്ചിരുന്നെങ്കിൽ,
അതെ, നീയെന്നെയൊന്നു വിളിച്ചിരുന്നെങ്കിൽ!

എല്ലാം വിട്ടെറിഞ്ഞു ഞാൻ വരുമായിരുന്നു,
എല്ലാമെല്ലാം ഞാൻ വലിച്ചെറിയുമായിരുന്നു:
വിലകൾ, കാറ്റലോഗുകൾ,
ഭൂപടങ്ങളിൽ കടലിന്റെ നീലപ്പാടുകൾ,
പകലുകളും അവയുടെ രാത്രികളും,
പഴയ കമ്പിസന്ദേശങ്ങളും
ഒരു പ്രണയവും.
നീ, എന്റെ പ്രണയമല്ലാത്തവളേ,
എന്നെ നീയൊന്നു വിളിച്ചിരുന്നുവെങ്കിൽ!

ഇപ്പോഴും നിന്റെ ശബ്ദത്തിനു കാതോർത്തു ഞാനിരിക്കുന്നു:
ദൂരദർശിനികളിൽ നിന്ന്,
നക്ഷത്രത്തിൽ നിന്ന്,
കണ്ണാടികളിലൂടെ, തുരങ്കങ്ങളിലൂടെ,
അധിവർഷങ്ങളിലൂടതു വരാം.
എവിടെ നിന്നും.
ഒരത്ഭുതത്തിൽ നിന്ന്, തീർച്ചയായും.
എന്തെന്നാൽ, നീയെന്നെ വിളിക്കുമെന്നാണെങ്കിൽ,
-നീയെന്നെ വിളിച്ചാൽ, നീയെന്നെ വിളിക്കുമെങ്കിൽ!-
അതൊരു ദിവ്യാത്ഭുതത്തിൽ നിന്നാവും,
ആരും തിരിച്ചറിയാത്ത,
ആരും കാണാത്തൊരത്ഭുതത്തിൽ നിന്ന്.

ഞാൻ ചുംബിക്കുന്ന ചുണ്ടുകളിൽ നിന്നല്ലേയല്ല,
“പോകരുത്” എന്നു യാചിക്കുന്ന സ്വരത്തിൽ നിന്നല്ലേയല്ല.
*

നിന്റെ ഹൃദയം...

-----------------
അത്ര തെളിഞ്ഞതും അത്ര തുറന്നതുമായിരുന്നു
നിന്റെ ഹൃദയം,
അതിനാൽത്തന്നെ
എനിക്കതു കടക്കരുതാത്തതുമായി.
ഞാൻ തേടിയതു കുറുക്കുവഴികളായിരുന്നു,
ചെങ്കുത്തായ കയറ്റങ്ങളും ഇടവഴികളുമായിരുന്നു...
നിന്നിലേക്കെത്താൻ പക്ഷേ,
വിശാലമായ പാതകളുണ്ടായിരുന്നു.
നിന്റെ ഹൃദയത്തിനു ചുറ്റും 
ഉയർന്ന കോട്ടമതിലുകൾ ഞാൻ സ്വപ്നം കണ്ടു;
നിന്റെ ഹൃദയത്തിനു പക്ഷേ,
കാവലില്ലായിരുന്നു,
വേലിയും ചുമരുമില്ലായിരുന്നു.
നിന്റെ ഹൃദയത്തിലേക്കു ഞാൻ തേടിയത്
ഒരിടുക്കുവഴിയായിരുന്നു,
അതു പക്ഷേ മലർക്കെത്തുറന്നതായിരുന്നു,
അതിനൊരു വാതിലുമുണ്ടായിരുന്നില്ല.
അതു തുടങ്ങുന്നതെവിടെ?
അതവസാനിക്കുന്നതെവിടെ?
നിന്റെ ഹൃദയത്തിന്റെ പടിവാതിൽക്കൽ
കാത്തുകാത്തു ഞാനിരുന്നു.
*

നീ എന്നെ വരിച്ചപ്പോൾ...

---------------------------
നീ എന്നെ വരിച്ചപ്പോൾ
പ്രണയം എന്നെ വരിച്ചു.
എല്ലാവരുമായിരുന്ന ഞാൻ,
ആരുമല്ലാതിരുന്ന ഞാൻ
അജ്ഞാതാവസ്ഥയിൽ നിന്നു പുറത്തുവന്നു.
അന്നേ വരെ
ലോകത്തിലെ മലനിരകളെക്കാൾ
എനിക്കുയരമുണ്ടായിരുന്നില്ല,
നാവികർ രേഖപ്പെടുത്തിയ കയങ്ങളെക്കാൾ
ഞാനാഴത്തിൽ പോയിരുന്നില്ല.
എന്റെ ആഹ്ളാദം വിഷണ്ണമായിരുന്നു,
ചുറ്റിപ്പിടിക്കാൻ ഒരു കൈത്തണ്ടയില്ലാത്ത,
ചാവി കൊടുക്കാത്ത,
നിലച്ചുപോയ വാച്ചുകൾ പോലെ.
പക്ഷേ നീ ‘നിങ്ങൾ’ എന്നെന്നെ വിളിച്ചപ്പോൾ,
അതെ, നീയെന്നെ ഒറ്റ തിരിച്ചു കണ്ടപ്പോൾ,
ഞാൻ നക്ഷത്രങ്ങളെക്കാൾ മേലെപ്പോയി,
പവിഴപ്പുറ്റുകളെക്കാൾ ആഴത്തിലാഴ്ന്നു,
നിന്റെ സത്തയിൽ, നിന്റെ ഹൃദയതാളത്തിൽ
ഞാൻ പമ്പരം കറങ്ങി.
നീ നിന്നെ എനിക്കു തന്നപ്പോൾ
എനിക്കെന്നെത്തന്നെ നീ തന്നു.
ഞാൻ ജീവിച്ചു. ഞാൻ ജീവിക്കുന്നു. എത്ര നാൾ?
നീ പിന്തിരിയുമെന്നെനിക്കറിയാം.
നീ പോയാൽ ഞാനും തിരിച്ചുപോകും,
ജലത്തിൽ, ഭാരത്തിൽ
തുള്ളിയും ഗ്രാമും വ്യത്യാസമില്ലാത്ത
ഒരു ബധിരലോകത്തേക്ക്.
എനിക്കു നീ നഷ്ടപ്പെട്ടാൽ
അന്യരെപ്പോലെ ഞാനും പലരിലൊരാളാകും.
എനിക്കെന്റെ പേരു നഷ്ടമാകും,
എന്റെ പ്രായവും എന്റെ ചേഷ്ടകളും
എല്ലാമെന്നിൽ നഷ്ടമാകും,
എന്നിൽ നിന്നു നഷ്ടമാകും.
ആ കൂറ്റൻ അസ്ഥിക്കൂമ്പാരത്തിലേക്കു
ഞാൻ മടങ്ങിപ്പോകും-
ഇനിയും മരിച്ചിട്ടില്ലാത്തവരുടെ,

ജീവിതത്തിൽ ഒന്നിനു വേണ്ടിയും മരിക്കാനില്ലാത്തവരുടെ.

*

ജീവിതം ജീവിക്കാൻ...

--------------------------------

ജീവിതം ജീവിക്കാനെനിക്കു വേണ്ട
ദ്വീപുകൾ, കൊട്ടാരങ്ങൾ, ഗോപുരങ്ങളും.
സർവ്വനാമങ്ങളിൽ ജീവിക്കുന്നതില്പരം
ആനന്ദമെന്തു കിട്ടാൻ!

നിന്റെ മേലുടുപ്പുകളൂരിമാറ്റുക,
ഊരിമാറ്റുക മുഖലക്ഷണങ്ങൾ,
നിന്റെ ഛായാചിത്രങ്ങളും.
മറ്റൊരാളായി വേഷമിട്ടവൾ,
എന്നെന്നും മറ്റൊന്നിന്റെ സന്തതി,
എനിക്കു വേണ്ടതാ നിന്നെയല്ല.
എനിക്കു വേണ്ടതു ശുദ്ധയെ, മുക്തയെ,
ഒതുങ്ങാത്തവളെ- നിന്നെ.
ഈ ലോകത്തെ ജനങ്ങളിൽ നിന്നു
നിന്നെ വിളിക്കുമ്പോളെനിക്കറിയാം-
നീ മാത്രമേ നീയാകൂ.
ആരാണു തന്നെ വിളിക്കുന്നതെന്ന്,
ആർക്കാണു തനിക്കായി നിന്നെ വേണ്ടതെന്നു
നീയെന്നോടു  ചോദിക്കുമ്പോൾ,
ഞാനപ്പോൾ പേരുകൾ കുഴിച്ചുമൂടും,
മേലെഴുത്തുകളും ചരിത്രവും കുഴിച്ചുമൂടും.
ജനിക്കും മുമ്പെനിക്കു മേൽ കൂന കൂട്ടിയതെല്ലാം
ഞാൻ തല്ലിപ്പൊട്ടിക്കും.
നഗ്നമായവയുടെ- കല്ലിന്റെ ലോകത്തിന്റെ-
നിത്യമായ അജ്ഞാതാവസ്ഥയിലേക്കു ഞാൻ മടങ്ങും.
പിന്നെ ഞാൻ നിന്നോടു പറയും:
“നിന്നെ ഞാൻ സ്നേഹിക്കുന്നു, ഞാൻ.”
*

മരുഭൂമി...

——————————-

മരുഭൂമി, ഒരു മരമോ മലയോ ഇല്ലാതെ,
ശൂന്യമായ ആകാശം, മേഘമോ കിളിയോ ഇല്ലാതെ;
അത്ര നിഷ്പന്ദം രണ്ടും, അത്രയേകാന്തം,
മുഖത്തോടു മുഖം ഭൂമിയും ആകാശവും,
മുഖത്തോടു മുഖം രണ്ടു കണ്ണാടികൾ,
ഇപ്പോൾ അകലെയില്ല, അടുത്തുമില്ല,
മുകളില്ല, താഴെയില്ല, കൂടുതലില്ല, കുറവുമില്ല,
പ്രപഞ്ചത്തിൽ
അളവുകളുടെ സുന്ദരസംഹാരം,
നിത്യതയുടെ സൂചന.
അപ്പോഴങ്ങതാ, ഒരുഴവുചാലിൽ നിന്നും
ഒരു കുരുവിക്കുഞ്ഞു പറന്നുപൊങ്ങുന്നു,
സർവ്വതുമപ്പോൾ മാറിമറിയുന്നു,
അതിന്റെ നിയതിക്കിണങ്ങും മട്ടാവാൻ.
ഇപ്പോൾ ഭൂമി പിന്നെയും താഴെയാവുന്നു,
ആകാശം ഉയരത്തിലാവുന്നു,
സമതലം വിപുലമാവുന്നു,
സഞ്ചാരിയതിലൊരു പൊട്ടുപോലെയും.
വിദൂരമേതാണെന്നിപ്പോളെനിക്കറിയാം:
സന്തോഷം, കാരുണ്യം, സമാധാനം, വിജയം.
സമീപസ്ഥമേതാണെന്നിപ്പോളെനിക്കറിയാം:
എന്റെ നെഞ്ചിനുള്ളിലെ ഹൃദയം.
*

ഏകാന്തതേ, ഏകാന്തതേ...

-------------------------------

ഏകാന്തതേ, ഏകാന്തതേ, എന്നെപ്പരിചരിച്ചു നീ നില്ക്കുന്നു,
നിന്റെ സ്വന്തം നോവിൽ നിന്നെന്നെ മുക്തനാക്കുന്നു!
ഒറ്റയ്ക്ക്, എനിക്കാഗ്രഹം ഒറ്റയ്ക്കാവാൻ:
എനിക്കരികിലിരുന്നൊരു സ്വരം സംസാരിച്ചാൽ,
ചുണ്ടുകൾ എന്റെ ചുണ്ടുകളിലൊരു ചുംബനമർപ്പിച്ചാൽ,
നാണത്തോടതിവേഗം നീയോടിമറയുന്നു.
അത്രമേൽ നിനക്കായി മാത്രം നിനക്കെന്നെ വേണമെന്നതിനാൽ,
നീയനുവദിക്കുന്നില്ല തെന്നലിന്റെ ലാളനകൾ,
അടുപ്പിൽ വെടിച്ചുകത്തുന്ന തീനാളങ്ങൾ.
ഒന്നുകിലവർ, അല്ലെങ്കിൽ നീ.
തെന്നലും തീയും നിശ്ശബ്ദമായാലേ,
ചുംബനങ്ങളും വാക്കുകളും നിശ്ശബ്ദമായാലേ,
എന്റെ സഹവാസം നീ വെടിയുന്നുള്ളു.
പിന്നെ സുന്ദരമായ അസത്യമെനിക്കായി വാറ്റിയെടുക്കുന്നു,
ഒറ്റയ്ക്കാവുന്നതിന്റെ മധുരസത്യങ്ങൾ.
*

തീരം

--------------------------

അങ്ങകലെയതു മെനയുന്ന 
വെളുവെളുത്ത പതയുടെ 
പേലവദലങ്ങളില്ലായിരുന്നുവെങ്കിൽ
ഞാനെങ്ങനെയറിയാൻ,
അതിന്റെ നെഞ്ചുയർന്നുതാഴുന്നതു 
ശ്വാസോച്ഛാസമെടുക്കാനാണെന്ന്,
അതിനു ജീവനുണ്ടെന്ന്,
ഏതോ ആന്തരശക്തിയതിനെ 
ത്വരിപ്പിക്കുകയാണെന്ന്,
ഈ ജൂലൈമാസത്തിലെ 
പ്രശാന്തനീലസമുദ്രത്തിനു കൊതി
ഈ ഭൂമിയാകെയാണെന്ന്?
*

നിന്റെ ചെയ്തികളിൽ നീ ജീവിക്കുന്നു...

----------------------------------------

നിന്റെ ചെയ്തികളിൽ നീ ജീവിക്കുന്നു.
നിന്റെ വിരൽത്തുമ്പുകൾ കൊണ്ടു നീ ലോകത്തെ സ്പർശിക്കുന്നു,
അതിൽ നിന്നു വലിച്ചെടുക്കുന്നു നീ, ഉദയങ്ങളെ,
വിജയങ്ങളെ, വർണ്ണങ്ങളെ, ആനന്ദങ്ങളെ.
അതാണു നിന്റെ സംഗീതം.
നീ വായിക്കുന്നതെന്തോ, അതാണു ജീവിതം.

നിന്റെ കണ്ണുകളിൽ നിന്ന്,
നിന്റെ ചുവടുകളെ നയിക്കുന്ന വെളിച്ചമുദിക്കുന്നത്
നിന്റെ കണ്ണുകളിൽ നിന്നു മാത്രം.
നീ പോകുന്നത് നീ കാണുന്നതിലൂടെ.
മറ്റൊന്നുമല്ല വഴി.

പതിനായിരം മൈലുകൾക്കപ്പുറത്തു നിന്ന്
ഒരു സംശയം നിന്നെ മാടിവിളിച്ചാലാകട്ടെ,
സർവ്വതുമുപേക്ഷിച്ചു നീ പായുന്നു,
അണിയങ്ങളിൽ, ചിറകുകളിൽ നീ ചാടിക്കയറുന്നു.
അടുത്ത നിമിഷം നീയവിടെ എത്തിക്കഴിഞ്ഞു.
ചുംബനങ്ങളാൽ, പല്ലുകളാൽ നീയതിനെ കടിച്ചുകീറുന്നു:
സംശയത്തിന്റേതായൊന്നും പിന്നെ ശേഷിക്കുന്നില്ല.
സംശയം നിനക്കുള്ളതല്ല.

എന്തെന്നാൽ നിഗൂഢതകളെ നീ 
അകം പുറം തിരിച്ചിരിക്കുന്നുവല്ലോ.
നിന്റെ പ്രഹേളികകൾ 
(നിനക്കവ മനസ്സിലാവുകയുമില്ല)
അത്രയും സുതാര്യവുമാണ്‌:
നീ കിടക്കുന്ന കടല്പൂഴി,
നിന്റെ വാച്ചിന്റെ സ്പന്ദനം,
എന്നും കാലത്തുണരുമ്പോൾ
നിന്റെ കണ്ണാടിയിൽ നിനക്കു മുഖാമുഖം വരുന്ന
അരുണനിറമായ മൃദുലമേനി,
അത് നിന്റേതാണ്‌.
പൊരുളു തിരിച്ചുകഴിഞ്ഞ പ്രഹേളികകൾ.

ഒരിക്കലല്ലാതെ നിനക്കു പിശകിയിട്ടുമില്ല:
ഒരു നിഴലിനോടു നിനക്കു ഭ്രമം തോന്നിയപ്പോൾ-
നിനക്കിഷ്ടം തോന്നിയ ഒന്നേയൊന്ന്.
അതൊരു നിഴലായി നിനക്കു തോന്നി.
നിനക്കതിനെ പുണരാൻ തോന്നി.
അതു ഞാനായിരുന്നു.
*

2024, നവംബർ 24, ഞായറാഴ്‌ച

സോളൊമൻ ഡി ലാ സെൽവ - വെടിയുണ്ട

 

എന്നെക്കൊല്ലുന്ന വെടിയുണ്ട
ആത്മാവുള്ളൊരു വെടിയുണ്ടയായിരിക്കും.
അതിന്റെയാത്മാവൊരു റോസാപ്പൂവിന്റെ ഗാനം പോലായിരിക്കും,
പൂക്കൾ പാടുമെന്നാണെങ്കിൽ;
അല്ലെങ്കിലൊരു പുഷ്യരാഗത്തിന്റെ
പരിമളം പോലായിരിക്കും,
രത്നങ്ങൾ വാസനിക്കുമെന്നാണെങ്കിൽ;
അല്ലെങ്കിൽ സംഗീതത്തിന്റെ ചർമ്മം പോലായിരിക്കും,
ഗാനങ്ങളുടെ നഗ്നതയെ തൊടാൻ നമ്മുടെ കൈകൾക്കാകുമെന്നാണെങ്കിൽ.
എന്റെ തലയിലാണതു വന്നുതറയ്ക്കുന്നതെങ്കിൽ
അതു പറയും: “നിന്റെ ചിന്തകൾക്കെന്താഴമുണ്ടെന്നു നോക്കുകയായിരുന്നു ഞാൻ.”
എന്റെ ഹൃദയത്തെയാണതു പിളർന്നുകയറുന്നതെങ്കിൽ
അതു പറയും: “എനിക്കെന്തു സ്നേഹമാണു നിന്നെയെന്നു പറയാൻ നോക്കുകയായിരുന്നു ഞാൻ.”

(Salomon de la Selva (1893-1959)- നിക്കരാഗ്വൻ കവിയും നോവലിസ്റ്റും തൊഴിലാളിനേതാവും സൈനികനും നയതന്ത്രജ്ഞനും)

2024, നവംബർ 20, ബുധനാഴ്‌ച

അന്റോനെല്ല അനെഡ്ഡ- വിവർത്തനത്തെക്കുറിച്ച്

 ചോദ്യം: വിവർത്തനം താങ്കൾക്കെന്താണ്‌?

അന്റോനെല്ല അനെഡ്ഡ: വായനയുടെ ഏറ്റവും ആഴമേറിയ രൂപമാണ്‌ വിവർത്തനം; ഒപ്പം ഏറ്റവും അപകടം പിടിച്ചതും; എന്നു പറഞ്ഞാൽ ഏറ്റവും വലിയ ഉത്തരവാദിത്തമാണത്. വിവർത്തനം എന്നു പറഞ്ഞാൽ മറ്റൊരു ഭാഷയിലെ വാക്കുകൾ എടുത്തുവയ്ക്കുക മാത്രമല്ല. ഒരു കവിതയിൽ സംസാരിക്കുന്ന ശബ്ദത്തിന്റെ ‘സ്വരവിശേഷം’ പിടിച്ചെടുക്കുന്നതാവണം വിവർത്തനം എന്ന് പോൾ ചെലാൻ പറയുന്നുണ്ട്. വിവർത്തനം മൂലകവിതയുടെ ‘ലോകം’ പകർന്നുതരുന്നതാവണം. ഒരായുസ്സിന്റെ പ്രവൃത്തിയാണതെന്നു വരാം- ഒരായുസ്സുതന്നെ മതിയായില്ലെന്നും വരാം. അതേ സമയം വിവർത്തനം ചെയ്യുക, സ്വന്തം വായനയെ വെളിപ്പെടുത്തുക എന്നത് ശരിയായതും ധീരവുമായ കൃത്യവുമാണ്‌. ക്ലാസ്സിക്കുകൾ പിന്നെയും വിവർത്തനം ചെയ്യുക എന്നത് ഓരോ തലമുറയ്ക്കും പറഞ്ഞിട്ടുള്ള ദൗത്യമാണ്‌. അതു വഴി പാഠങ്ങൾ പുനർജ്ജനിക്കുകയും വീണ്ടെടുക്കപ്പെടുകയും ചെയ്യുന്നു. വിവർത്തനം ചെയ്യുക എന്നു പറഞ്ഞാൽ ‘ചോദ്യം ചെയ്യുക’ എന്നാണെനിക്ക്. പാഠത്തെ പിന്നെയും ചോദ്യം ചെയ്യുകയാണത്. ജൂദായിസത്തിലെ മിദ്രാഷ് ആണത്. മിദ്രാഷ് പാഠത്തെ കീറിമുറിച്ച് ഉള്ളിലുള്ളതെല്ലാം പുറത്താക്കുന്നു, അതിനെ സമകാലികവും സമീപസ്ഥവും സജീവവുമാക്കുന്നു.
*
(Antonella Anedda- ഇറ്റാലിയൻ കവിയും വിവർത്തകയുമാണ്‌. 2020ലെ പാരീസ് റിവ്യു അഭിമുഖത്തിൽ നിന്ന്)
Midrash- ബൈബിൾ പാഠത്തിന്റെ സൂക്ഷ്മഭാഷ്യം.

2024, നവംബർ 19, ചൊവ്വാഴ്ച

വിറ്റോറിയോ സെരേനി - ആദ്യഭയം



ഏതു മൂലയുമിടവഴിയും
ഏതു നിമിഷവുമവനുചിതം,
രാവെന്നില്ലാതെ, പകലെന്നില്ലാതെ
പിന്നാലെ പതുങ്ങുകയാണൊരു കൊലയാളി.
വെടി വയ്ക്കൂ, വെടി വയ്ക്കെടോ ,
മുന്നിലോ, പിന്നിലോ, വശത്തോ -
അവന്റെയുന്നത്തിനു നിന്നുകൊടുത്തും കൊണ്ടു
ഞാൻ പറഞ്ഞു.
നമുക്കിപ്പണിയൊന്നു തീർപ്പാക്കാം.
അതു പറയുമ്പോൾ ഞാനറിയുന്നു,
ഞാൻ പറയുന്നതെന്നോടു തന്നെയെന്ന്.
ഒരു കാര്യവുമില്ല പക്ഷേ,
ഒരു കാര്യവുമില്ല.
നീതിക്കു മുന്നിലെന്നെ വരുത്താൻ
ഞാനായിട്ടെനിയ്ക്കാവുകയില്ല.


വിറ്റോറിയോ സെരേനി (1913-1983) - മൊന്തേലിനു ശേഷമുള്ള തലമുറയിലെ ഇറ്റാലിയൻ കവികളിൽ പ്രമുഖൻ.

2024, നവംബർ 18, തിങ്കളാഴ്‌ച

അഭിമുഖം- അരുന്ധതി സുബ്രഹ്മണ്യം/സീന ദേവകി

 



ഡോ. സീന ദേവകി:  അടുത്തിടെ എനിക്കൊരാൾ Wild Women എന്ന പുസ്തകം സമ്മാനമായി തന്നിരുന്നു. അസാധാരണമായ വായനാനുഭവം തരുന്ന ഒരസാധാരണപുസ്തകം. തലയ്ക്കൊരു തട്ടുകിട്ടിയ പ്രതീതിയിലാണ്‌ ഇപ്പോഴും ഞാൻ; അതുകൊണ്ടാവാം, അതിന്റെ പുതുമയും ഈർപ്പവും മായാതെ നില്ക്കുന്നത്. ഈ പുസ്തകത്തിലെ സ്ത്രീശബ്ദങ്ങൾ പല തലമുറകളിലും ദേശങ്ങളിലും ഭാഷകളിലും പാരമ്പര്യങ്ങളിലുമായി പടർന്നുകിടക്കുകയാണല്ലോ. അവയെ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യുമ്പോൾ ‘വിവർത്തനത്തിൽ നഷ്ടപ്പെട്ടുപോകുന്ന ഒന്നി’നെക്കുറിച്ചുള്ള ഉത്കണ്ഠ ഉണ്ടായിരുന്നോ?

അരുന്ധതി സുബ്രഹ്മണ്യം:  നന്ദി, സീന. ഈർപ്പത്തെക്കുറിച്ചുള്ള( എനിക്കത് ഒരു രചനയുടെ ഉൾപ്പൊരുത്തത്തിന്റെ അടയാളമാണത്) ആ ധാരണ ഏതോ വിധത്തിൽ മനസ്സിലേക്കു കടന്നുവല്ലോ.  

ഞാനിപ്പോൾ വിവർത്തനത്തിന്റെ പരിമിതികളെക്കുറിച്ച് ക്ഷമാപണമൊന്നും നടത്താറില്ല, അതുകൊണ്ടെന്തെങ്കിലും ഗുണമുണ്ടെങ്കിൽ അതിനെ ആഘോഷിക്കാറേയുള്ളു. പുസ്തകത്തിന്റെ മുഖവുരയിൽ ഞാൻ പറഞ്ഞിട്ടുള്ളപോലെ, വിവർത്തനം ഒരു ജാലകമാണ്‌. അതിലൂടെ പുതിയൊരു ചുറ്റുവട്ടത്തേക്ക് നിങ്ങൾക്കു കണ്ണോടിക്കാം. പ്രത്യേകിച്ചെന്തെങ്കിലുമൊരു കാഴ്ച അവിടെ നിങ്ങളെ ഉത്തേജിപ്പിക്കുന്നുണ്ടെങ്കിൽ ജനാല ചാടിക്കടന്ന് ആ ചുറ്റുവട്ടം ഒന്നുപോയിക്കാണുന്നതിന്‌ നിങ്ങൾക്കതൊരു പ്രേരണയാവുകയാണ്‌. വെറുമൊരു സന്ദർശകനായാല്പോരാ എന്നു നിങ്ങൾക്കു തോന്നിയെന്നുവരാം. അവിടെ സ്ഥിരതാമസമാക്കാൻ, ഒരു തദ്ദേശീയനാവാൻ നിങ്ങൾക്കു തോന്നിയെന്നും വരാം. ആ കവിയുടെ മൂലരചന വായിക്കാൻ സ്രോതഭാഷ പഠിക്കണമെന്ന ഉത്സാഹം നിങ്ങൾക്കുണ്ടായേക്കാം. ഇതൊക്കെയാണ്‌ ഒരു വിവർത്തനം മുന്നോട്ടുവയ്ക്കുന്ന ആകർഷണങ്ങൾ. ഒരു തുറന്ന ജനാല- അതിനി ചുമരു തുരന്നുണ്ടാക്കിയ ഒരു ദ്വാരമായാലും- ഉണ്ടാകുന്നതാണ്‌ ജനാലയേ ഇല്ലാത്തതിനെക്കാൾ എനിക്കിഷ്ടം.

കുറ്റമറ്റ വിവർത്തനം എന്നൊന്നില്ല, കുറ്റമറ്റ കവിത ഇല്ലാത്തതുപോലെ. മനുഷ്യാനുഭവത്തിന്റെ അവാച്യമായ സമൃദ്ധിയും ഗഹനതയും പകർന്നുകൊടുക്കാനുള്ള ഉറപ്പില്ലാത്തതെങ്കിലും ധീരമായ ശ്രമമാണ്‌ ഓരോ വാചകവും. നാമുച്ചരിക്കുന്ന ഓരോ വാക്യവും ഒരോർമ്മപ്പെടുത്തലാണ്‌, അനുഭവത്തെ വാക്കുകളായി വിവർത്തനം ചെയ്യുമ്പോൾ നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ. എന്നാല്ക്കൂടി അതിലൂടെ എന്തൊക്കെ നാം നേടുന്നുമില്ല!

ഒരു “സ്ത്രീ”യെ ഒരു “പുരുഷ”ന്റെ  വിപരീതമോ പൂരകമോ ആയി കാണുക എന്നതാണല്ലോ പരമ്പരാഗതമായ രീതി. എന്നാൽ ഈ പുസ്തകം വായനക്കാരനു നല്കുന്നത് സ്ത്രൈണശബ്ദങ്ങളുടെയും താല്പര്യങ്ങളുടേയും ഒരു വൈവിദ്ധ്യമാണ്‌. “സ്ത്രീ” എന്ന ആശയത്തെ നിങ്ങൾ എങ്ങനെയാണ്‌ കാണുന്നത്?

ഈ പുസ്തകത്തിൽ മിസ്റ്റിക്കുകളായ  അമ്പത്താറു സ്ത്രീകളുണ്ട്. അവർ എന്നെ മാനസികമായി ഉത്തേജിപ്പിക്കുന്നത് തികച്ചും വ്യത്യസ്തമായ ജീവിതങ്ങളെയാണ്‌ അവർ പ്രതിനിധീകരിക്കുന്നത് എന്നതുകൊണ്ടാണ്‌. ഈ പേജുകളിൽ സന്ന്യാസിനിമാരുണ്ട്, ഗൃഹസ്ഥകളുണ്ട്, തന്ത്രവിദ്യാനിപുണകളുണ്ട്, പരിവ്രാജികമാരുണ്ട്, ദേവദാസികളുമുണ്ട്. ആത്മീയയാത്രയ്ക്ക് ഒരേയൊരു വഴിയല്ല അവർ കാണിച്ചുതരുന്നത്.

വെറും ജീവശാസ്ത്രപരമായ സ്ത്രീത്വത്തെക്കാൾ കവിഞ്ഞതൊന്നിലേക്കാണ്‌ അവർ നമ്മെ ക്ഷണിക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. ആന്തരികമായ ഒരു യാത്രയുടെ ലക്ഷ്യം തിരഞ്ഞുപോവുകയാണ്‌, എത്തിച്ചേരുകയല്ല; തന്റേതാക്കൽ മാത്രമല്ല, ഒന്നാവൽ കൂടിയാണ്‌. ആത്മീയോപാസകയാണു നിങ്ങളെങ്കിൽ ‘ചെയ്തതു’കൊണ്ടുമാത്രമായില്ല, ‘ആയിത്തീരുക’കൂടി വേണമെന്ന് നിങ്ങൾക്കറിയാം. അങ്ങനെ, പ്രവൃത്തിയുടേയും ജാഗ്രത്തായ നിവൃത്തിയുടേയും വിചിത്രനൃത്തത്തിലൂടെ അവർ നിങ്ങളെ ക്ഷണിക്കുകയാണ്‌, സജീവമായ നിശ്ചേഷ്ടതയുടെ, ജാഗരൂകമായ നിഷ്പന്ദതയുടെ ഒരിടത്തേക്ക്. “ഗർഭപാത്രത്തിന്റെ ജ്ഞാനം” എന്നു വിളിക്കാവുന്നതൊന്നിന്റെ ലോജിക് ആണിത്.

അവതാരികയിൽ ഞാൻ പറയുന്നപോലെ, “ഒരിടത്തേക്കു കടന്നുകയറാതെ അതിനെ കൈക്കൊള്ളാനുള്ള ഒരു കഴിവ് ഇവിടെയുണ്ട്. അതുപോലെ, എന്തിനേയും എതിരായി കാണാതിരിക്കാനുള്ള, എല്ലാ ബഹുസ്വരതയേയും സംശയത്തോടെ നോക്കാതിരിക്കാനുള്ള, സ്വന്തം ഇടം പിടിച്ചുവയ്ക്കാതിരിക്കാനുള്ള സൗമനസ്യവും.” ഈ സന്ദിഗ്ധാവസ്ഥയിൽ  നാം കാണുന്നപോലെയല്ല ഒന്നും. വിപരീതങ്ങൾ ഒന്നു മറ്റൊന്നാകുന്നു, വ്യക്തിത്വങ്ങൾ അവ്യക്തമാകുന്നു, രൂപങ്ങൾ ഉരുകിച്ചേരുന്നു. നിങ്ങളെ ക്ഷണിച്ചുവരുത്തുന്ന ആ ഇടത്ത് രാത്രിയും പകലും തമ്മിൽ, മസ്തിഷ്കവും ഹൃദയവും തമ്മിൽ, പ്രകൃതിയും സംസ്കാരവും തമ്മിൽ, മനുഷ്യനും സ്ത്രീയും തമ്മിൽ, മാനുഷികവും ദിവ്യവും തമ്മിൽ എന്താണു ഭേദമെന്നു നിങ്ങൾക്കു നിശ്ചയമില്ലാതാവുകയാണ്‌.

ഈ കവിതകളുടെ മറ്റൊരു സവിശേഷലക്ഷണം പവിത്രമായതിനെ ഇന്ദ്രിയാതീതമായിട്ടല്ല, അന്തർലീനമായി കാണാൻ അതു നമ്മെ പ്രേരിപ്പിക്കുന്നു എന്നതാണ്‌. ഭൗതികാതീതമായത് നമ്മുടെ നിത്യസാധാരണമായ ദൈനന്ദിനജീവിതങ്ങളിൽ നിന്നു വേർപെട്ടിരിക്കുന്ന ഒന്നല്ല. അതിനാലാണ്‌ ജനാബായി എന്ന മറാത്താ മിസ്റ്റിക് ഇങ്ങനെ ഘോഷിക്കുന്നത്: “ഞാൻ ദൈവത്തെ കഴിക്കുന്നു, ഞാൻ ദൈവത്തെ കുടിക്കുന്നു, ഞാൻ ദൈവത്തിനു മേലുറങ്ങുന്നു.” പടചാര എന്ന ബുദ്ധഭിക്ഷുണി താൻ കാലു കഴുകിയ വെള്ളം താഴേക്കൊഴുകുന്നതു കാണുന്നു; പിന്നെ കുടിലിനുള്ളിലേക്കു കയറുന്ന അവർക്ക് വിളക്കിന്റെ തിരി താഴ്ത്തുമ്പോൾ ജ്ഞാനോദയം കിട്ടുകയാണ്‌. ഈ സ്ത്രീകൾ നമ്മെ ഓർമ്മിപ്പിക്കുന്നത് ആത്മസാക്ഷാല്ക്കാരമെന്നാൽ കീഴടക്കലല്ല, ജീവിതത്തിന്റെ താളങ്ങളുമായി ചേർന്നുപോവുകയാണ്‌, നിത്യസാധാരണതയുടെ അത്ഭുതസ്വഭാവത്തിൽ നിന്നു പഠിക്കുക എന്നാണെന്നു ഞാൻ വിശ്വസിക്കുന്നു. ഭൗതികമായതിനെ അവിശ്വസിക്കാതിരിക്കുക, അല്ലാതെ അതിനെ കണ്ടില്ലെന്നു നടിക്കുകയോ യുക്തി കൊണ്ട് അറുത്തുമാറ്റുകയോ അല്ല ചെയ്യേണ്ടത്; ആ കഴിവാണ്‌ ഈ കവിതകളെ വ്യതിരിക്തമാക്കുന്നത്.

Wild Women വഴി താങ്കൾ ശ്രമിച്ചത് ഒരു പുനഃസന്തുലനം കൊണ്ടുവരാനാണ്‌, ഇത്രകാലവും അരികിലേക്കു മാറ്റപ്പെട്ടിരുന്ന സ്ത്രീശബ്ദങ്ങളെ മുന്നിലേക്കു കൊണ്ടുവരാനാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ഈ കവി-യോഗിനികൾ എന്താണ്‌ കവിത എന്ന നിങ്ങളുടെ ധാരണയെ എങ്ങനെ ബാധിച്ചു എന്നു പറയാമോ? കവിത- നിങ്ങൾക്കതെന്താണ്‌? എന്താണ്‌ ഭക്തി?

മനോഹരവും വിഭിന്നവുമായ ചോദ്യങ്ങൾ! എവിടെ തുടങ്ങണമെന്ന് എനിക്കു മനസ്സിലാകുന്നില്ല.

ഭാഷാപരമായ ഒരുദ്ദീപനമായിരുന്നു കവിത എനിക്കെന്നും: സജീവവും പിടിച്ചുകുലുക്കുന്നതുമായ ഒരു രാസപ്രക്രിയ. അതുപോലെതന്നെ അടിയന്തിരമായ ഒരാത്മാവിഷ്കാരവുമായിരുന്നു എനിക്കത്. എന്നാൽ എന്റെ ആത്മീയയാത്ര കൂടുതൽ ബോധപൂർവ്വമാകാൻ തുടങ്ങിയപ്പോൾ എന്റെ കവിത പറയുന്നതിനെക്കാൾ കൂടുതലായി കേൾക്കുന്നതിനെക്കുറിച്ചായി. അല്ലെങ്കിൽ, മറ്റൊരു വിധത്തിൽ പറഞ്ഞാൽ, എന്റെ ജീവിതം കൂടുതൽ പ്രശാന്തമാകാൻ തുടങ്ങിയപ്പോൾ മൗനങ്ങളെ കൂടുതൽ വിശ്വസിക്കാൻ ഞാൻ ശീലിച്ചു. വിരാമങ്ങൾ എന്റെ കവിതകളിൽ കൂടുതൽ സജീവമായ ഭാഗമാകാൻ തുടങ്ങി. എന്റെ എഴുത്തുരീതിയിൽ മൗലികമായ ഒരു മാറ്റം അതു കൊണ്ടുവരികയും ചെയ്തു.

ഭക്തിയെ ചെറുപ്പത്തിൽ ഞാൻ കണ്ടിരുന്നത് അതിവൈകാരികമായ ഒരു മതബോധം എന്ന നിലയ്ക്കു മാത്രമായിരുന്നു. എന്നാൽ എന്റെ സ്വന്തം ആത്മീയയാത്ര തീവ്രമാകാൻ തുടങ്ങിയപ്പോൾ ഭക്തകവികളെ ഞാൻ ഒന്നുകൂടി വായിക്കാനെടുത്തു; എന്റെ അബദ്ധത്തെക്കുറിച്ച് ഞാൻ ബോധവതിയാവുകയും ചെയ്തു. എത്ര തീവ്രമായ അനാദരവു നിറഞ്ഞതും വികാരതീക്ഷ്ണവും ഐന്ദ്രിയവുമായ കവിതകളാണവ! അവയെ നിർജ്ജീവമോ മനം പുരട്ടും വിധം അതിഭാവുകത്വം നിറഞ്ഞതോ ആയി കാണാൻ എനിക്കെങ്ങനെ തോന്നി?

പില്ക്കാലത്തുള്ള എന്റെ രചനകൾ കൂടുതലും ഭക്തിയെ പുനർവിഭാവനം ചെയ്യാൻ വേണ്ടിയുള്ളതായിരുന്നു: സ്വയം തൃപ്തമായ ഒരു മനോഭാവത്തിന്റെ പ്രകാശനമായോ ഒരു കൂട്ടം മദ്ധ്യകാലസാമൂഹ്യപരിഷ്കർത്താക്കളുടെ പ്രതി-സംസ്കാരപ്രവൃത്തിയായിട്ടോ അല്ലാതെ ഒരാത്മബന്ധത്തിന്റെ ജീവൽശാസ്ത്രമായി, ഹൃദയത്തിന്റെ  ജ്ഞാനസാങ്കേതികതയായി അതിനെ അറിയുകയും ആ അറിവ് പങ്കുവയ്ക്കുകയും ചെയ്യുക.

ഈ സ്ത്രീകളാകട്ടെ, അഭിമാനിക്കാവുന്ന ഒരു പാരമ്പര്യമാണ്‌ എനിക്കു നല്കിയത്. മതത്തിന്റെ ബൃഹദാഖ്യാനങ്ങൾ അവരെ വിശുദ്ധകളെന്ന അലങ്കാരപദവിയിലേക്ക് അടിച്ചുപരത്തിയിരുന്നു. യുക്തിവാദികളുടെ ചരിത്രവായനകളാവട്ടെ, അവരെ പാടേ അവഗണിച്ചുകളയുകയും ചെയ്തു. അവരെ വെറും അനുയായികളോ ശിഷ്യരോ ആയി കാണാതെ പ്രചണ്ഡരായ വഴികാട്ടികളായി വീണ്ടെടുക്കുന്നത് ഉത്തേജകമായും പ്രയോജനപ്രദമായും ആശ്വാസദായകമായും എനിക്കു തോന്നി. മറ്റു ചില വായനക്കാർക്കും ഇതേ അനുഭവമാണുണ്ടായതെന്ന് ഞാൻ വിശ്വസിക്കുന്നു.

നമ്മുടെ കാലഘട്ടത്തിൽ മതപരമായ കവിത എഴുതുന്നത് എത്ര എളുപ്പമാണ്‌? രണ്ടും തമ്മിൽ ബന്ധമൊന്നുമില്ലെങ്കിലും ചോദിക്കട്ടെ, ശാസ്ത്രീയമായ ആശയങ്ങൾ മതപരമായ ഒരു സ്വരം വികസിപ്പിച്ചെടുക്കുന്നതിൽ എന്തുമാത്രം പങ്കു വഹിക്കുന്നുണ്ട്?

മതത്തെ അന്ധമായ ഒരു കൂട്ടം വിശ്വാസപ്രമാണങ്ങളായി മാത്രം കാണുകയാണെങ്കിൽ ഇപ്പറഞ്ഞ പരസ്പരബന്ധം തീർച്ചയായും ദുഷ്കരമായിരിക്കും. എന്നാൽ ഉള്ളിലേക്കുള്ള ഒരു പര്യവേക്ഷണമായിട്ടാണ്‌ അതിനെ കാണുന്നതെങ്കിൽ ഒരു പൊരുത്തക്കേടും തോന്നേണ്ടതുമില്ല. ഏറ്റവും നല്ല ഭക്തകവികൾ (ഞാൻ മനസ്സിലാക്കിയ പ്രകാരം, ഏറ്റവും വലിയ ശാസ്ത്രജ്ഞന്മാരും) തീർച്ചകളെക്കുറിച്ചു സംസാരിക്കുന്നില്ല. സാമ്പ്രദായികമായ ഒരു പദാവലി ഉപയോഗിക്കുന്നവർ പോലും -ഉദാഹരണത്തിന്‌, നാമരൂപങ്ങളുള്ള ദൈവങ്ങളെ സ്തുതിക്കുന്നവർ- കൂടുതൽ ഗഹനമായ സത്യങ്ങളിലേക്കുള്ള പടവുകളായിട്ടാണ്‌ അങ്ങനെ ചെയ്യുന്നത്. പ്രമാണാധിഷ്ഠിതമെന്നതിനെക്കാൾ അനുഭവവേദ്യമായതിലാണ്‌ അവർക്കു താല്പര്യം.

അതുകൊണ്ടാണ്‌ അവതാരികയിൽ ഞാൻ ഇങ്ങനെ എഴുതിയത്: “അവർ പറയുന്നതു കേൾക്കാൻ നിങ്ങൾ വിശ്വാസിയാകണമെന്നില്ല. അവർ നിങ്ങളുടെ ഹൃദയത്തെ സ്പർശിക്കാൻ നിങ്ങളവരുടെ ശിഷ്യരാകണമെന്നില്ല. അവരുടെ ആധികാരികത ഗ്രഹിക്കാൻ നിങ്ങൾ കവിയാകണമെന്നില്ല.“ ജീവിതത്തിന്റെ ഏറ്റവും ഗഹനമായ രഹസ്യങ്ങളുമായി നേരിട്ടു മല്ലുപിടിക്കുന്നതിന്റെ ചൂടും വെളിച്ചവും കിതപ്പുമാണ്‌ അവർ നമുക്കു സമർപ്പിക്കുന്നത്.

Wild Women എന്ന ഈ പുസ്തകം ഉണ്ടാകാനിടയായ സാഹചര്യം അറിയാൻ എനിക്കു ജിജ്ഞാസയുണ്ട്. അന്വേഷകർ, പോരാളികൾ, ദേവതകൾ എന്ന വിഭജനത്തെക്കുറിച്ചും ഒന്നു പറയാമോ?

ആ മൂന്നുവിധത്തിലുള്ള വിഭജനം വച്ചുതന്നെയാണ്‌ ഞാൻ ആ പുസ്തകത്തെ വിഭാവനം ചെയ്തിരുന്നത്. ഭക്തികവിതയെക്കുറിച്ചുള്ള എന്റെ ആദ്യത്തെ സമാഹാരം Eating God ചെയ്തുകൊണ്ടിരിക്കുമ്പോൾ സ്ത്രീശബ്ദത്തെക്കുറിച്ചുള്ള എന്റെ താല്പര്യം ഗാഢമായി. പിന്നീട് 2019ൽ, മുംബൈയിലെ നാഷണൽ സെന്റർ ഫോർ ദി പെർഫോമിംഗ് ആർട്സിൽ ”വൈൽഡ് വിമൻ“ എന്ന ഒരു ഫെസ്റ്റിവൽ കവിതയും സംഗീതവും ഉൾപ്പെടുത്തി ഞാൻ ക്യൂറേറ്റ് ചെയ്തിരുന്നു. ഇങ്ങനെയൊരു പുസ്തകം ഉണ്ടാവേണ്ടതിന്റെ ആവശ്യകത അന്നാണ്‌ എനിക്കു ബോദ്ധ്യമായത്. ആണ്ടാൾ, മീര തുടങ്ങിയ പ്രശസ്തരോടൊപ്പം ചരിത്രത്തിൽ രേഖപ്പെടുത്താതെപോയ അനേകം സ്ത്രീകളിൽ ചിലരെയെങ്കിലും ഉൾപ്പെടുത്തിയ ഒരു സമാഹാരം.

അതേസമയംതന്നെ പുരുഷന്മാരായ ചില ഭക്തകവികളെയും ഒഴിവാക്കണമെന്ന് എനിക്കു തോന്നിയതുമില്ല. ജയദേവൻ, വിദ്യാപതി, അന്നമാചാര്യ, കബീർ, ഷാ അബ്ദുൾ ലത്തീഫ് പോലെയുള്ളവർ നമുക്കു തന്ന ധൈര്യവും ബലവുമുള്ള നായികമാരെ എനിക്കെങ്ങനെ മറക്കാൻ പറ്റും?

ഒടുവിലായി, സ്ത്രീ അന്വേഷിക്കുന്നവൾ മാത്രമല്ല, ആ അന്വേഷണത്തിന്റെ ലക്ഷ്യം കൂടിയാണെന്ന് എനിക്കറിയാമായിരുന്നു. അതിനാൽ ദേവതകളെക്കുറിച്ചുള്ള കവിതകളെയും എനിക്ക് ഉൾപ്പെടുത്തണമായിരുന്നു. നമ്മുടെ സാംസ്കാരികപാരമ്പര്യത്തെ ഇന്നും പ്രചോദിപ്പിക്കുകയും സജീവമാക്കുകയും ചെയ്യുന്ന, സ്ഫോടകശക്തിയുള്ള ആദിരൂപങ്ങളാണവർ- സ്ത്രൈണോർജ്ജത്തിന്റെയും കരുത്തിന്റെയും പ്രകാശരൂപങ്ങൾ. എല്ലാ വൈവിദ്ധ്യങ്ങളോടെയും എനിക്കവരെ വേണമായിരുന്നു- ക്ലാസ്സിക്കൽ കവിതകളും നാടോടിക്കവിതകളും, ഭീതിദകളായ ദേവിമാരും സുന്ദരികളായ ദേവിമാരും, പുരുഷന്മാർ എഴുതിയ കവിതകളും സ്ത്രീകളെഴുതിയ കവിതകളും.

സുരക്ഷിതത്വത്തിനു വേണ്ടി തങ്ങളുടെ സ്വാതന്ത്ര്യം വച്ചുമാറാൻ വിസമ്മതിച്ച ധീരകളായ ഈ പൂർവ്വികരുടെ പ്രബലപാരമ്പര്യത്തെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കും ഈ സ്ത്രീകളെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സ്വന്തം ഭാഗധേയം തങ്ങൾതന്നെ രൂപപ്പെടുത്തുന്ന പോരാളിസ്ത്രീകൾ; ഈ ഗ്രഹത്തിന്‌ ഉപദേശവും പ്രചോദനവും അഭയവും കാരുണ്യവും പ്രത്യാശയും ഇന്നും നല്കിക്കൊണ്ടിരിക്കുന്ന ദേവതാഗണം.

നിങ്ങൾ കവിതാലോകത്തേക്കു പ്രവേശിക്കുമ്പോൾ അരവിന്ദ് കൃഷ്ണ മെഹ്‌രോത്ര, ദിലീപ് ചിത്രെ, അരുൺ കൊലാത്കർ, നിസിം എസെക്കിയെൽ, ഡോം മൊറെയ്സ് എന്നിങ്ങനെയുള്ളവർ രംഗത്തുണ്ടായിരുന്നല്ലോ. ബോംബേ കവികളുമായുള്ള നിങ്ങളുടെ ബന്ധം എങ്ങനെയായിരുന്നു?

ഞാൻ വളർന്ന മുംബൈ കവികളുടെ കാര്യത്തിൽ വളരെ സജീവമായ നഗരമായിരുന്നു. അതിനെക്കുറിച്ചു ഞാൻ ബോധവതിയായിരുന്നില്ല എന്നുമാത്രം. നിങ്ങൾ ചെറുപ്പമായിരിക്കുമ്പോൾ, കവി എന്ന നിലയിൽ നിങ്ങളുടെ സ്വരം കേൾപ്പിക്കാൻ നിങ്ങൾ ശ്രമിക്കുമ്പോൾ താൻ ഒറ്റയ്ക്കാണെന്ന ഒരു തോന്നൽ നിങ്ങൾക്കുണ്ടാകും. ഭാഗ്യത്തിന്‌ പൊയട്രി സർക്കിൾ എന്ന യുവകവികളുടെ ഒരു സംഘം എമ്പതുകളിലും തൊണ്ണൂറുകളിലും എനിക്കാവശ്യമായിരുന്ന ഒരു അഡ്ഡ (സങ്കേതം) ആയിരുന്നു. 

എന്റെ യാത്രയിൽ എന്നെ പ്രോത്സാഹിപ്പിച്ച മറ്റു പലരോടും എനിക്കു നന്ദിയുണ്ട്. നിസിം (എസെക്കിയെൽ) എനിക്കൊരു മാർഗ്ഗദർശിയായിരുന്നു. പില്ക്കാലത്ത് മറ്റു പല കവികളും- ഗീവ് (പട്ടേൽ), കേകി (ദാരുവാല), അദിൽ (ജൂസാവാല), ഇംതിയാസ് (ധാർക്കർ)- എന്റെ സുഹൃത്തുക്കളായി. എന്റെ ജീവിതത്തിൽ അവരുടെ സാന്നിദ്ധ്യത്തിന്‌ ഞാൻ അവരോടു കടപ്പെട്ടിരിക്കുന്നു.

അതേ സമയം, ഒരു കവിയാവുക എന്നാൽ ഒരു സംഘഗാനത്തിൽ തന്റെ സ്വരം കൂടി കേൾപ്പിക്കുക എന്നല്ല, സ്വന്തം സ്വരം വേറിട്ടു കേൾപ്പിക്കുക എന്നാണ്‌. നിങ്ങൾ സൂചിപ്പിച്ച കവികൾ എല്ലാം തന്നെ തങ്ങളുടേതായ വഴികളിലൂടെ യാത്ര ചെയ്യുന്ന കരുത്തരായ, വ്യതിരിക്തരായ വ്യക്തികളായിരുന്നു. അവരുടെ കൂട്ടായ സാന്നിദ്ധ്യം അതിസജീവമായ ഒരരങ്ങുമായിരുന്നു. എന്നാൽ ഒരു ക്ലബ്ബിലെ അംഗത്വത്തിനല്ല ഞാൻ നോക്കുന്നതെന്ന് എനിക്കെന്നും ബോദ്ധ്യമുണ്ടായിരുന്നു. തുടക്കക്കാരനായ കവി എന്ന നിലയിൽ നിങ്ങൾ ആദ്യം അബോധപൂർവ്വമായി അനുകരിക്കാൻ ശ്രമിക്കും, പിന്നെ പൊരുത്തപ്പെടാൻ നോക്കും. പിന്നെ നിങ്ങൾ കഴിയുന്നത്ര ‘വ്യത്യസ്ത’യാകാൻ ശ്രമിക്കും. ക്രമേണ, നിങ്ങളുടെ അഭ്യാസം ഉറയ്ക്കുന്ന മുറയ്ക്ക്, നിങ്ങൾ കൂടുതൽ കൂടുതലായി നിങ്ങളിലേക്കുതന്നെ വളരും, ഉൾപ്പെടുകയോ ഉൾപ്പെടാതിരിക്കുകയോ ചെയ്യുന്നതിൽ നിങ്ങൾ ഉദാസീനനാവുകയും ചെയ്യും. അപ്പോഴാണ്‌ നിങ്ങൾക്കു ബോദ്ധ്യമാവുക, ഒരേയൊരു വംശവൃക്ഷത്തിലെ മറ്റൊരു ചില്ല മാത്രമായേക്കാം താനെന്ന്!

അങ്ങനെ, മുംബൈയ്ക്കു പുറത്താണ്‌ ഞാൻ അധികവുമെങ്കിലും, എന്റെ ആത്മീയാന്വേഷണം കാരണം എന്റെ ജിവിതവും രചനയും മറ്റൊരു ദിശയിലേക്കു തിരിഞ്ഞുവെങ്കിലും ‘ബോംബേ കവി’ എന്ന വിശേഷണം എന്നെ പിരിയാതെ നില്ക്കുന്നു. അതങ്ങനെതന്നെയാണ്‌ വേണ്ടതെന്നുമാവാം. കവിയാകാൻ ഞാൻ പഠിച്ചതും പരിശീലിച്ചതും കവിയായി ഞാൻ എന്നെത്തന്നെ കണ്ടെത്തിയതും മുംബൈ എന്ന നഗരത്തിൽ വച്ചാണ്‌. എന്നെ മൗലികമായി രൂപപ്പെടുത്തിയത് ഈ നഗരമാണ്‌. 

“തങ്ങളെത്തന്നെ ഉടയാടയാക്കിയ പെണ്ണുങ്ങൾ” ആത്മീയയാത്രയിലേക്കിറങ്ങിയ നാലു സ്ത്രീകളുമായുള്ള സംഭാഷണങ്ങളാണല്ലോ. നിങ്ങളെയും ഞാൻ ഒരു ആത്മീയസഞ്ചാരിയായിട്ടാണു കാണുന്നത്; എനിക്കു നിങ്ങളുടെ ആ യാത്രയെക്കുറിച്ചു കേൾക്കാൻ കൗതുകവുമുണ്ട്.

ഇതല്പം കനത്ത ഒരു ചോദ്യമാണ്‌, സീന. ഭാവിയിൽ ഞാൻ ഇതിനെക്കുറിച്ച് ഒരു പുസ്തകം തന്നെ എഴുതിയെന്നു വരാം. തല്ക്കാലം ഞാൻ ഇത്രയും പറയാം: ഒരു കൂട്ടം ചോദ്യങ്ങളുമായാണ്‌ ആ പുസ്തകം തുടങ്ങിയത്: സ്ത്രീകളുടെ ആത്മീയാന്വേഷണം ആളുകൾ അവകാശപ്പെടുമ്പോലെ അത്ര ലിംഗനിരപേക്ഷമാണോ? എല്ലാ ആത്മീയപാരമ്പര്യങ്ങളും വിശ്വാസികളിൽ നിന്നാവശ്യപ്പെടുന്ന ആ ‘സമർപ്പണ’ത്തെ സ്ത്രീകൾ എങ്ങനെയാണു കാണുന്നത്? ആത്മാർപ്പണത്തെയും അടിമപ്പെടലിനെയും അവർ എങ്ങനെ തിരിച്ചറിയുന്നത്? ഭക്തയെ ചവിട്ടുമെത്തയിൽ നിന്നു മാറ്റിനിർത്തുന്നതെന്താണ്‌, ദേവതയെ സ്വേച്ഛാധിപതിയിൽ നിന്നും? ഗുരുശിഷ്യബന്ധത്തിൽ അധികരത്തിന്റെ പങ്ക് എത്രത്തോളമാണ്‌? അതിനൊക്കെപ്പുറമേ, ഈ അന്വേഷകരെല്ലാം ഒറ്റപ്പെടലിനെ, പൊതുസമൂഹത്തിനു തങ്ങളെ മനസ്സിലാക്കാൻ പറ്റാതെവരുന്നതിനെ, തൊട്ടറിയാവുന്ന ഒരു പ്രതിഫലമില്ലാത്തതിനെ എങ്ങനെയാണ്‌ നേരിടുക, സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേകിച്ചും പതിന്മടങ്ങാവുന്ന അനുഭവങ്ങളെ?

ഈ ചോദ്യങ്ങളിൽ ചിലതിലൂടെ എനിക്കു കടന്നുപോകേണ്ടിവന്നിരുന്നു. ദേശഭ്രഷ്ടയായി സ്വയം തോന്നിയ ഘട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ദിശാസൂചകങ്ങൾ ഒന്നുമില്ലാത്ത പ്രക്ഷുബ്ധഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ഈ അനുഭവങ്ങളിലൂടൊക്കെ കടന്നുപോയിട്ടുള്ള മറ്റന്വേഷകർ ഉണ്ടെന്നറിയുന്നത് എനിക്കൊരു തുണയാകുമായിരുന്നു. അവരിൽ നല്ലൊരു പങ്ക് സ്ത്രീകളാണെന്ന അറിവ് എന്നെ സഹായിക്കുമായിരുന്നു.

അങ്ങനെയാണ്‌ Wild Women ഉണ്ടായിവന്നത്. അങ്ങനെയാണ്‌ ‘തങ്ങളെത്തന്നെ ഉടയാടയാക്കിയ പെണ്ണുങ്ങൾ’ ഉണ്ടായത്. ഈ പുസ്തകങ്ങൾ, എനിക്ക്, നാം ഒറ്റയ്ക്കല്ല എന്നതിന്റെ ഓർമ്മപ്പെടുത്തലുകളാണ്‌. മറ്റു ചിലർ ഇതേ വഴിയിലൂടെ യാത്ര ചെയ്തിട്ടുണ്ട്; ഈ യാത്ര എങ്ങനെ ചെയ്യണമെന്നതിനു സഹായകമായി അവർ സൂചനകളും വഴിയടയാളങ്ങളും വിട്ടുപോയിട്ടുണ്ട്. അവരെ നമ്മുടെ പൂർവ്വഗാമികളും സഹയാത്രികരുമാക്കിയാൽ നമുക്കു നമ്മുടെ യാത്ര തുടരുകയും ചെയ്യാം, പണ്ടത്തെയത്രയും അന്ധാളിപ്പില്ലാതെ, ധൈര്യത്തോടെ, പ്രത്യാശയോടെ, നാം ഒറ്റയ്ക്കല്ലെന്ന ബോധത്തോടെ.

നിങ്ങൾ സ്വയം കാണുന്നത് ഒന്നാമതായി ഒരു കവിയായിട്ടും പിന്നെ ഒരു ഗദ്യമെഴുത്തുകാരിയുമായിട്ടാണെന്ന് ഞാൻ കരുതുന്നു. കവിതയെഴുതാനും ഗദ്യമെഴുതാനും രണ്ടുതരം വൈദഗ്ധ്യമാണല്ലോ വേണ്ടത്. ലളിതമാക്കിപ്പറഞ്ഞാൽ ആദ്യത്തേത് കൂടുതൽ ആലങ്കാരികവും രണ്ടാമത്തേത് കൂടുതൽ കൃത്യതയുള്ളതുമാണ്‌ എന്നു വേണമെങ്കിൽ പറയാം. രണ്ടും നിങ്ങൾ അനായാസമായി കൈകാര്യം ചെയ്യുന്നതു കാണുന്നു. സ്വന്തം എഴുത്തുരീതിയെക്കുറിച്ച് എന്തെങ്കിലുമൊന്നു പറയാമോ?

അതെ, കവിതയാണ്‌ പ്രഥമം. ഞാനതിനെ കാണുന്നത് അവനവനോടുള്ള ഹ്രസ്വവും തീക്ഷ്ണവുമായ ഒരു സന്ദേശമായിട്ടാണ്‌, പേജും ആകാശവും തമ്മിൽ, ഗുരുത്വവും ലാഘവവും തമ്മിൽ ഒരു തുടർക്കുറി. ഗദ്യം കൂടുതൽ തിരശ്ചീനമാണ്‌. അത് മനസ്സിലാക്കപ്പെടാനുള്ളതാണ്‌, സമഗ്രചിത്രം നല്കാനുള്ളതാണ്‌; നിങ്ങളുടെ നടത്തയിൽ അതു കൂടെ നടക്കുന്നു, നിങ്ങളോട് എടുത്തുചാടാൻ പറയുകയല്ല. 

രണ്ടും ഓരോ തരത്തിലുള്ള ആഭിചാരമാണ്‌. എന്നാൽ ഗദ്യമാണ്‌ പകൽവെളിച്ചത്തിന്റെ പ്രവൃത്തി. കവിത- ക്ലീഷേ ആണെങ്കിലും സത്യമാണ്‌- രാത്രിയുടേതും.

ഗദ്യം സ്വർണ്ണപ്പണി എന്നതിനെക്കാൾ മരപ്പണിയാണെന്നു വേണമെങ്കിൽ പറയാം. ഞാൻ മുമ്പെവിടെയോ പറഞ്ഞിട്ടുള്ളപോലെ, കവിതയുടെ പണിയായുധങ്ങൾ അറുക്കവാളും ചുറ്റികയും പവർ ഡ്രില്ലുമൊന്നുമല്ല! സൂക്ഷ്മോപകരണങ്ങളാണ്‌ അതിനു വേണ്ടത്. ഇതൊക്കെപ്പക്ഷേ, സാമാന്യവത്കരണങ്ങളാണ്‌. കവിതയിലും ഉരുക്കുണ്ട്; പുറമേ കാണുന്നപോലെ തൊട്ടാൽ പൊട്ടുന്നതാവണമെന്നില്ല അത്.

എഴുത്തിനിടെ കടമ്പകൾ കടക്കേണ്ടതായി വന്നിട്ടുണ്ടോ? ഉണ്ടെങ്കിൽ അവ എന്തൊക്കെയായിരുന്നു? എങ്ങനെയാണവ തരണം ചെയ്തത്?

തിരഞ്ഞെടുപ്പുകൾ എന്തായാലും വേണ്ടിവരും, സീന. അവ ആവർത്തിക്കുകയും ചെയ്യും. ചിലപ്പോൾ പണത്തിനും കലയ്ക്കുമിടയിൽ. ചിലപ്പോൾ ജീവിതത്തിനും കലയ്ക്കുമിടയിൽ. ചിലപ്പോൾ സാമൂഹികമായ കടമയ്ക്കും കലയ്ക്കുമിടയിൽ. ചിലപ്പോൾ അന്നേരത്തെ രാഷ്ട്രീയവിവേകത്തിനും കലയ്ക്കുമിടയിൽ. അല്ലെങ്കിൽ സാംസ്കാരികമായ ഫാഷനും കലയ്ക്കുമിടയിൽ. ചിലപ്പോഴൊക്കെ സ്വന്തം ഭീതി, ഏകാഗ്രതയില്ലായ്മ, ആലസ്യം ഇവയിലൊന്നിനും കലയ്ക്കുമിടയിൽ. ഇതിനൊക്കെയിടയിലൂടെ നാം പിന്നെയും പിന്നെയും തുഴഞ്ഞുപോകേണ്ടിവരും. പില്ക്കാലത്ത്, തിരിഞ്ഞുനോക്കുമ്പോഴാണ്‌ നിങ്ങൾക്കു ബോദ്ധ്യമാവുക, നിങ്ങളുടെ ഏറ്റവും ചെറിയ തിരഞ്ഞെടുപ്പു പോലും സുപ്രധാനമായിരുന്നുവെന്ന്. 

ജീവിതം ദുസ്സഹവും ദുരിതപൂർണ്ണവുമായിരുന്ന കാലങ്ങൾ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ എഴുത്ത് ദുഷ്കരവുമായിരുന്നു. ആത്മീയമായ ഊഷരത കാരണം എഴുത്തു നടക്കാതെവന്ന കാലങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ കവിതയെ സംബന്ധിച്ച നല്ല കാര്യം, നിങ്ങൾ എഴുതുന്നത് നിങ്ങൾക്കതു വേണ്ടതുകൊണ്ടാണ്‌ എന്നതാണ്‌, അല്ലാതെ ആരെങ്കിലും നിർബ്ബന്ധിക്കുന്നതുകൊണ്ടല്ല.  നിങ്ങളുടെ ആവശ്യങ്ങൾ നിങ്ങളുടെ സ്വന്തമാണ്‌.

ഭാഷയ്ക്കു ചുറ്റും കറങ്ങിനടക്കുമ്പോഴാണ്‌, വെറുതേ വാക്കുകളും തട്ടിക്കളിച്ചു നടക്കുമ്പോഴാണ്‌ എനിക്കു കൂടുതൽ ഊർജ്ജം തോന്നിയിട്ടുള്ളതെന്നു ഞാൻ സമ്മതിക്കുന്നു. അന്നേരങ്ങളിൽ കാലം എനിക്കു നിശ്ചലമായി നില്ക്കുകയാണ്‌. കൂടുതൽ ഞാനായിക്കൊണ്ടാണ്‌ അതിൽ നിന്നു ഞാൻ പുറത്തുവരിക. ആത്മവിസ്മൃതിയുടേയും സ്വയം വീണ്ടെടുക്കലിന്റെയും ആ ചൂളയിലേക്കു മടങ്ങാൻ ഒരു പ്രചോദനമാവുകയുമാണത്. സർഗ്ഗാത്മകമായ പ്രവൃത്തിയെ ഞാൻ കണുന്നത് അങ്ങനെയാണ്‌.

കവികളുടെ കൂട്ടത്തിൽ ആരാധനാപാത്രങ്ങളായി ചിലരെങ്കിലും ഉണ്ടാവുമെന്ന് എനിക്കുറപ്പാണ്‌. ആരൊക്കെയാണവർ, എന്തുകൊണ്ട് അവർ?

ആരാധനാപാത്രങ്ങൾ എന്നു പറയാനില്ലെങ്കിലും ഞാൻ അങ്ങേയറ്റം ഇഷ്ടപ്പെടുന്ന കവികൾ ഉണ്ട്- ബാഷോ മുതൽ റില്ക്കേ വരെ, കബീർ മുതൽ കീറ്റ്സ് വരെ, അന്ന അഹ്‌മത്തോവ മുതൽ ആഡ്രിയെൻ റിച്ച് വരെയുമുള്ളവർ, പിന്നെയും പലരും.

എനിക്കു വ്യക്തിപരമായി പരിചയമുള്ളവരിൽ നിസിം എസെക്കിയെൽ എനിക്കു വളരെ പ്രധാനപ്പെട്ട കവിയായിരുന്നു, എന്റെ മാർഗ്ഗദർശിയായിരുന്നു അദ്ദേഹം എന്നതു കാരണം. പ്രോത്സാഹനവും പക്ഷം പിടിക്കാത്ത ഫീഡ്ബായ്ക്കും അദ്ദേഹമെനിക്കു നല്കിയിട്ടുണ്ട്. എന്നാൽ എന്നെ നന്നാക്കാൻ വ്രതമെടുത്തു നടക്കുന്നയാളായിരുന്നില്ല അദ്ദേഹം; അതുപോലെ സ്വന്തം പ്രതിരൂപത്തിൽ എന്നെ വാർത്തെടുക്കാനും ശ്രമിച്ചിട്ടില്ല. നമുക്കു വഴി കാണിക്കാൻ വരുന്ന പലരും ഒടുവിൽ സ്വന്തം വഴിയ്ക്കു നമ്മെ ആട്ടിത്തെളിക്കുന്നവരായി മാറാറുണ്ടല്ലോ. അദ്ദേഹം അങ്ങനെയൊരാൾ ആയിരുന്നില്ല. പിന്നെ ജോൺ ബേൺസൈഡ് എന്ന, ഇക്കൊല്ലം മരിച്ച സ്കോട്ടിഷ് കവി. ഞങ്ങൾ തമ്മിൽ കാണുന്നത് 2003ലാണ്‌; അതില്പിന്നെ ഞങ്ങൾ നിരന്തരം ഇമെയ്‌ല് വഴി ബന്ധപ്പെട്ടിരുന്നു.  അകലെയിരുന്നുകൊണ്ട് എന്നെ പ്രചോദിപ്പിച്ച മ്യൂസ് ആയിരുന്നു അദ്ദേഹം; അദ്ദേഹത്തിന്റെ രചനകൾ എന്നെ ഓർമ്മിപ്പിച്ചത് കവിതയിൽ ഞാൻ സ്നേഹിക്കുന്ന, സംഗീതത്തിന്റെയും ധ്യാനാത്മകതയുടേയും ആ മിശ്രിതമായിരുന്നു. അദ്ദേഹത്തിന്റെ ഹൃദയവിശാലതയും അസാധാരണമായിരുന്നു. സാംസ്കാരികലോകം ദയാരഹിതവുമാവാം; അതിനാൽ അദ്ദേഹത്തിന്റെ ഊഷ്മളതയും പിന്തുണയും ഊർജ്ജദായകമായിരുന്നു; അതുപോലെതന്നെ, അദ്ദേഹത്തിന്റെ കവിതയുടെ ലിറിക്കൽ സൗന്ദര്യവും.

എ. കെ. രാമാനുജനും (കവിയും വിവർത്തകനും എന്ന നിലയിൽ) അരുൺ കൊലാത്കറും കാലം കൊണ്ട് എനിക്കു പ്രാധാന്യമുള്ളവരായി മാറിയതാണ്‌. അവർ ഒരിക്കലും എനിക്കകലെയല്ല; അവരുടെ പുസ്തകങ്ങൾ എപ്പോഴും എന്റെ കയ്യകലത്തുണ്ട്. കേകി ദാരുവാല മറ്റൊരു മുതിർന്ന സുഹൃത്തും സഖ്യകക്ഷിയുമാണ്‌; ഞങ്ങളുടെ കാവ്യരീതികൾ വ്യത്യസ്തമാണെങ്കിലും കവിതയിൽ ഞാനെന്താണോ ചെയ്യാൻ ശ്രമിക്കുന്നത്, അതിനെ എന്നും പ്രോത്സാഹിപ്പിച്ചിട്ടേയുള്ളു അദ്ദേഹം. 

പിന്നെ തീർച്ചയായും ഓരോ കാലത്തും ജീവിച്ചിരുന്ന മിസ്റ്റിക് കവികൾ- നമ്മാൾവാർ, തുക്കാറാം, കബീർ, ഹാഫിസ്, അക്ക മഹാദേവി, കാരൈക്കൽ അമ്മയാർ, ജനാബായ്, അങ്ങനെ എത്രയോ പേർ. എന്റെ ജീവിതത്തിൽ ചെറിയൊരു പ്രക്ഷുബ്ധതയുണ്ടായ കാലത്ത് പത്താം നൂറ്റാണ്ടിലെ നമ്മാൾവാരുടെ രാമാനുജൻ വിവർത്തനം വീണ്ടും വായിച്ചത് ഞാൻ ഓർക്കുന്നു. അപ്പോൾ ഞാനനുഭവിച്ച ആനന്ദാതിരേകവും ഓർക്കുന്നു. അത്രയും ഏകാകിയല്ല ഞാനെന്ന തോന്നൽ എനിക്കുണ്ടായത് ഞാനോർക്കുന്നു. എന്റെയൊപ്പം നടക്കാൻ മരിച്ചുപോയ ഒരു കൂട്ടം കവികളുണ്ടെന്ന അറിവുകൊണ്ടുതന്നെ ലോകമെനിക്കു സഹനീയമായി!

ഒരു സാങ്കല്പികചോദ്യം- ഒരു കവിയുമായി (മരിച്ചുപോയതോ ജീവിച്ചിരിക്കുന്നതോ) യാത്ര ചെയ്യാനുള്ള വരം കിട്ടിയാൽ ഏതു കവിയെയാണ്‌ തിരഞ്ഞെടുക്കുക, എന്തുകൊണ്ട്?

അവ്വയാർ. എട്ടാം നൂറ്റാണ്ടിലെ വൃദ്ധയായ ഈ തമിഴ് കവി എന്നെ വല്ലാതെ ആകർഷിക്കുന്നു. വ്യത്യസ്തമായ കാലങ്ങളിൽ വ്യത്യസ്തരായ അവ്വയാർമാരുണ്ട്. അതിനാൽ പല ശബ്ദങ്ങളുടെ ഒരു ചേരുവയാണവർ. ചിലപ്പോൾ അവർ പ്രതിനിധാനം ചെയ്യുന്നത് ഒരു മുത്തശ്ശിയുടെ നാട്ടറിവിനെയാണ്‌. ചിലപ്പോഴവർ ഒരവധൂതകവിയായിരിക്കും. ചിലപ്പോൾ ഒരു മിസ്റ്റിക്, ആത്മീയതയുടെ മറുകര കണ്ടവൾ. Wild Women-നു വേണ്ടി ഞാൻ അവരുടെ ചില കവിതകൾ വിവർത്തനം ചെയ്തിട്ടുണ്ട്. Love without a Story എന്ന എന്റെ അവസാനത്തെ പുസ്തകത്തിൽ അവരെക്കുറിച്ച് ഒരു കവിതാപരമ്പര തന്നെ ഞാൻ എഴുതി. എനിക്കവരോടുള്ള ഭ്രമം തീർന്നിട്ടില്ല എന്നാണെന്റെ തോന്നൽ.

“അയാളെപ്പോലെ എഴുതാൻ എനിക്കു കഴിഞ്ഞിരുന്നെങ്കിൽ” എന്നു തോന്നിയ ഒരു കവിയുണ്ടോ? വായിച്ചിട്ട്  “ഇതു ഞാനെഴുതിയതായിരുന്നെങ്കിൽ” എന്നു തോന്നിയ ഒരു കവിതയും?

ജോൺ ബേൺസൈഡിന്റെ Asylum Dance, The Light Trap എന്നിവ വായിച്ചിട്ട് അങ്ങനെ തോന്നിയിരുന്നതു ഞാൻ ഓർക്കുന്നു. കുറച്ചുകൂടി ചെറുപ്പത്തിൽ അരുൺ കോലാത്ക്കറിന്റെ “ജെജൂരി” വായിച്ചപ്പോഴും അങ്ങനെ സംഭവിച്ചിട്ടുണ്ട്. റൂമിയെ, നമ്മാൾവാരെയൊക്കെ വായിക്കുമ്പോൾ എനിക്കിപ്പോഴും അങ്ങനെ തോന്നാറുണ്ട്. എന്നാൽ ഏതനുഭവത്തിലേക്കാണോ അവർ കൈചൂണ്ടുന്നത്, അതിനോടാണ്‌ എന്റെ അസൂയയെന്നും വരാം.

എഴുതിത്തുടങ്ങിയ കവികൾക്കായി എന്തെങ്കിലും ഉപദേശം കൊടുക്കാനുണ്ടോ?

കണ്ടമാനം വായിക്കുക. ഗഹനമായി വായിക്കുക. വിശാലഹൃദയത്തോടെ വായിക്കുക. കവിതയെഴുത്തുപോലെതന്നെ പ്രധാനമാണ്‌ കവിതവായനയും. ശ്രദ്ധിച്ചുകേൾക്കുക. ആശ്ചര്യങ്ങൾക്കു തയ്യാറായിരിക്കുക. വാക്കുകൾ ലാഘവത്തോടെ ഉപയോഗിക്കരുത്. അവയെ ആസ്വദിക്കുക. ഇടവേളകളെടുക്കുക. എഴുതിത്തീർക്കാൻ തിടുക്കം കാണിക്കരുത്. 

കവിയായിരിക്കാൻ വ്യക്തിപരമായതെന്തെങ്കിലും ബലി കഴിക്കേണ്ടിവരുന്നുണ്ടോ?

വാക്കുകൾ അനായാസമായി കൈകാര്യം ചെയ്യാൻ കഴിയുന്നതുകൊണ്ടല്ല നിങ്ങൾ കവിത എഴുതുന്നത്. അതിന്‌ ഒരു ജീവിതം തന്നെ നിങ്ങൾ ഈടായിക്കൊടുക്കണം. ഭാഷയുമായി, അവനവനുമായി ഉള്ളിലേക്കിറങ്ങിയുള്ള, ബലം പിടിച്ചുള്ള ഒരിടപാടാണത്. പിന്നെ, എഴുത്തിനെ ആല്ക്കെമിയായിട്ടാണ്‌ നിങ്ങൾ എടുക്കുന്നതെങ്കിൽ എന്നെങ്കിലുമൊരിക്കൽ നിങ്ങളുടെ കൈ പൊള്ളാതെയും വയ്യ!

90കളിൽ ഞാൻ എഴുത്തിലേക്കു കടന്നുവരുമ്പോൾ കവിതയിൽ നിന്ന് പണമോ പ്രശസ്തിയോ കിട്ടാൻ പോകുന്നില്ലെന്ന് എനിക്കു വ്യക്തമായിരുന്നു. ലോകശ്രദ്ധ അക്കാലത്ത് ഇംഗ്ലീഷിലെഴുതുന്ന ഇന്ത്യൻ ഫിൿഷനിൽ ആയിരുന്നു, കവിതയിൽ ആയിരുന്നില്ല. കവിതയ്ക്കു പ്രസാധകർ വിരളം, റോയല്റ്റി ചെക്കും വിരളം. കവിതയ്ക്കു കൊടുക്കേണ്ടിവരുന്ന വില അദൃശ്യതയും ദാരിദ്ര്യവുമായിരുന്നു. ടൈംസ് ഓഫ് ഇൻഡ്യയിൽ വന്ന ഒരു ലേഖനവും ഞാൻ ഓർമ്മിക്കുന്നു: നോവലിസ്റ്റുകളെ അപേക്ഷിച്ച് കവികൾക്ക് ആയുസ്സു കുറവാണെന്ന് ഒരു സർവ്വേയിൽ തെളിഞ്ഞുവത്രെ! എങ്ങനെ നോക്കിയാലും ശരിക്കും ഭാഗ്യദോഷികളായിരുന്നു ഞങ്ങൾ, കവികൾ.

അതിനെന്താ, നിങ്ങൾ കവിതയെഴുതുന്നത് നിങ്ങൾക്കതെഴുതിയേ പറ്റൂ എന്നതുകൊണ്ടാണ്‌. തൊണ്ടയിലെ ആ കുരുക്കുമായി നിങ്ങൾക്കിനിയും മുന്നോട്ടു പോകാൻ കഴിയില്ല എന്നുവരുമ്പോഴാണ്‌. നാടകീയമായി തോന്നാമെങ്കിലും സത്യമാണത്. നിങ്ങൾക്കു കൊടുക്കേണ്ട വില ജീവിതമാണ്‌. അതിനു പ്രതിഫലവും ജീവിതമാണ്‌.

(2024 നവംബർ 11ൻ്റെ സമകാലികമലയാളം വാരികയിൽ വന്നത്)

2024, നവംബർ 13, ബുധനാഴ്‌ച

ഷുവാങ്ങ് ത്‌സു - ഷുവാങ്ങ് ത്‌സി-യിൽ നിന്ന്

 ക്രി.മു. നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്ന ചൈനീസ് തത്വചിന്തകനാണ്‌ ഷുവാങ്ങ് ത്‌സു (Zhuang Zhou, Chuang Tzu). അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്ന ഷുവാങ്ങ് ത്‌സി ദാവോയിസത്തിന്റെ രണ്ടടിസ്ഥാനഗ്രന്ഥങ്ങളിൽ ഒന്നാണ്‌; മറ്റേത് ദാവോ ദെ ചിങ്ങ്.



ജീവിതാസ്വാദനം ഒരു മിഥ്യാഭ്രമമല്ലെന്ന് എനിക്കെങ്ങനെ അറിയാം? മരണത്തെ വെറുക്കുമ്പോൾ കുട്ടിക്കാലത്തേ കൂട്ടം തെറ്റിപ്പോവുകയും പിന്നീട് വീട്ടിലേക്കുള്ള വഴി മറക്കുകയും ചെയ്തവരെപ്പോലെയാവുകയല്ല നാമെന്ന് നമുക്കെങ്ങനെ അറിയാം? ലീ എന്ന സ്ത്രീ എയ് എന്ന അതിർത്തിരക്ഷാസൈനികന്റെ മകളായിരുന്നു. ജിൻ രാജാവ് അവരെ തടവിലാക്കിക്കൊണ്ടുപോകുമ്പോൾ അവർ കരഞ്ഞു. അവരുടെ കണ്ണീരിൽ ഉടുവസ്ത്രങ്ങളാകെ മുങ്ങി. എന്നാൽ കൊട്ടാരത്തിലെത്തുകയും രാജാവിന്റെ കിടക്ക പങ്കിടുകയും അതിസ്വാദിഷ്ടമായ ആഹാരം കഴിക്കുകയും ചെയ്തുകഴിഞ്ഞപ്പോൾ താനൊഴുക്കിയ കണ്ണീരിനെച്ചൊല്ലി അവർക്കു കുറ്റബോധം തോന്നി. ജീവിതത്തിനോട് തങ്ങൾക്കു മുമ്പുണ്ടായിരുന്ന ആർത്തിയെ ഓർത്ത് മരിച്ചവർ ഖേദിക്കുന്നില്ലെന്ന് എനിക്കെങ്ങനെ അറിയാം? താൻ വീഞ്ഞു കുടിക്കുന്നതായി സ്വപ്നം കണ്ടയാൾ കാലത്തിരുന്നു കരഞ്ഞുവെന്നു വരാം; സ്വപ്നത്തിൽ കണ്ണീരൊഴുക്കിയ ഒരാൾ കാലത്തെഴുന്നേറ്റു വേട്ടയ്ക്കു പോയെന്നും വരാം. സ്വപ്നാവസ്ഥയിൽ നാം സ്വപ്നം കാണുകയാണെന്ന് നമുക്കറിയില്ല. നാം സ്വപ്നത്തെ വ്യാഖ്യാനിക്കുകയാണെന്നുവരെ നാം സ്വപ്നം കണ്ടുവെന്നും വരാം. അതൊരു സ്വപ്നമായിരുന്നുവെന്ന് ഉണർന്നുകഴിയുമ്പോഴാണ്‌ നാമറിയുക. വലിയ ഉണർച്ചയ്ക്കു ശേഷമാണു നമുക്കു ബോദ്ധ്യമാവുക, വലിയൊരു സ്വപ്നമായിരുന്നു ഇതെന്ന്. എന്നിട്ടും തങ്ങൾ ഉണർന്നിരിക്കുകയാണെന്ന്, ഭരണാധികാരികളും ഇടയന്മാരുമാണ്‌ തങ്ങളെന്ന് മൂഢാത്മാക്കൾ കരുതുന്നു. നിങ്ങളും കൺഫ്യൂഷ്യസും സ്വപ്നം കാണുകയാണ്‌; നിങ്ങൾ സ്വപ്നമാണെന്നു പറയുന്ന ഈ ഞാനും സ്വപ്നം തന്നെ. ഇതാണ്‌ എനിക്കു പറയാനുള്ള കഥ. വെറും അസംബന്ധമെന്ന് ആളുകൾ തള്ളിക്കളഞ്ഞേക്കാം; എന്നാൽ ഇത് വിശദീകരിക്കാൻ സമർത്ഥനായ ഒരു മഹാത്മാവ് പതിനായിരം തലമുറകൾക്കപ്പുറം ഉണ്ടായെന്നു വരാം, പ്രഭാതത്തിൽ നിന്ന് രാത്രിയിലേക്കു കടക്കുന്നതുവരെയുള്ള തീരെച്ചെറിയ ഇടവേളയ്ക്കു തുല്യമായ ഒരു കാലയളവിനപ്പുറം.

***

താനൊരു പൂമ്പാറ്റയായി തത്തിപ്പറന്നു നടക്കുന്നതായി ഷുവാങ്ങ് ത്‌സു ഒരിക്കൽ സ്വപ്നം കണ്ടു. തന്നിഷ്ടം പോലെ അങ്ങനെ പറന്നുനടക്കുക എന്തു രസമായിരുന്നു! താൻ ഷുവാങ്ങ് ത്‌സു ആണെന്ന് അയാൾക്കു ബോധമേ ഉണ്ടായില്ല. പെട്ടെന്ന് അയാളുടെ ഉറക്കം ഞെട്ടി, സ്വപ്നം മുറിഞ്ഞു, താൻ ഷുവാങ്ങ് ത്‌സു ആണല്ലോയെന്ന് അയാൾക്കു ബോധവും വന്നു. താനൊരു പൂമ്പാറ്റയായതായി ഷുവാങ്ങ് ത്‌സു സ്വപ്നം കാണുകയായിരുന്നോ അതോ, താൻ ഷുവാങ്ങ് ത്‌സു ആയതായി പൂമ്പാറ്റ സ്വപ്നം കാണുകയായിരുന്നോയെന്ന് അയാൾക്കു മനസ്സിലായില്ല. ഷുവാങ്ങ് ത്‌സുവിനും പൂമ്പാറ്റയ്ക്കുമിടയിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടായിരിക്കണം. വസ്തുക്കളുടെ രൂപാന്തരം എന്നു പറയുന്നത് ഇതിനെയാണ്‌.

***

മട്ടുപ്പാവിലിരുന്ന് പുസ്തകം വായിക്കുകയായിരുന്നു ഹുവാൻ പ്രഭു. താഴെ മുറ്റത്തിരുന്ന് വണ്ടിച്ചക്രം പണിയുകയായിരുന്ന മരപ്പണിക്കാരൻ പ്യാൻ പടി കയറിച്ചെന്ന് ഹുവാൻ പ്രഭുവിനോടു ചോദിച്ചു: “അവിടുന്നിപ്പോൾ വായിക്കുന്ന പുസ്തകത്തിൽ എന്താണെന്ന് അടിയനൊന്നു ചോദിച്ചോട്ടെ?”

“ജ്ഞാനികളുടെ വാക്കുകൾ,” പ്രഭു പറഞ്ഞു.

“ഈ ജ്ഞാനികൾ ഇപ്പോൾ ജീവിച്ചിരുപ്പുണ്ടോ?”

“അവർ എന്നേ മരിച്ചുകഴിഞ്ഞു.”

“അതിനർത്ഥം പണ്ടേ മരിച്ചുപോയവരുടെ അടിമട്ടാണ്‌ അവിടുന്നു വായിക്കുന്നത് എന്നാണ്‌, അല്ലേ?”

പ്രഭു ചൂടായി: “ഞാൻ വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ ഒരു മരപ്പണിക്കാരൻ ആളായെന്നോ? നീയിപ്പോൾ പറഞ്ഞത് എനിക്കു ബോദ്ധ്യമാകും വണ്ണം വിശദീകരിക്കുക. ഞാൻ നിന്നെ വെറുതേ വിടാം; ഇല്ലെങ്കിൽ മരണമാണു കിട്ടുക.”

മരപ്പണിക്കാരൻ പ്യാൻ പറഞ്ഞു: “ഞാൻ എല്ലാറ്റിനെയും കാണുന്നത് ഞാൻ ചെയ്യുന്ന പണിയുടെ കണ്ണിലൂടെയാണ്‌. ഒരു ചക്രം പണിയുമ്പോൾ ഉളി കൊണ്ടു ചെത്തുന്നത് വളരെപ്പതുക്കെയായാൽ ഉളി വിചാരിക്കുന്നിടത്തു നില്ക്കില്ല; ഞാൻ തിടുക്കം കാണിച്ചാൽ അത് തടിയിലുടക്കുകയും ചെത്തുന്നത് നേരാം വണ്ണമാകാതെ വരികയും ചെയ്യും. ഉളിയോടുന്നത് വളരെപ്പതുക്കെയോ വളരെ വേഗത്തിലോ അല്ലെങ്കിൽ എന്റെ കൈ പറയുന്നിടത്ത് അതു നില്ക്കും, എന്റെ ഹൃദയം കൊണ്ട് എനിക്കതിനെ നിയന്ത്രിക്കുകയും ചെയ്യാം. അതെങ്ങനെയാണെന്ന് വാക്കുകൾ കൊണ്ടു പറയാൻ എന്റെ നാവിനു ശേഷിയില്ല. അതിൽ എന്തോ ഉണ്ട്; അതെന്താണെന്ന് എനിക്കെന്റെ മകനെ പഠിപ്പിക്കാൻ പറ്റില്ല, എന്റെ മകന്‌ അതെന്നിൽ നിന്നു പഠിക്കാനും പറ്റില്ല. അങ്ങനെ ചക്രങ്ങൾ ചെത്തിച്ചെത്തി ഞാനിപ്പോൾ എഴുപതു വയസ്സുള്ള ഒരു കിഴവനായിരിക്കുന്നു. പകർന്നുകൊടുക്കാൻ കഴിയാത്ത ഒരു സമ്പാദ്യവും കൊണ്ടാണ്‌ പ്രാചീനർ ലോകം വിട്ടുപോയത്. അതിനാൽ അവിടുന്നു വായിക്കുന്നത് അവരുടെ അടിമട്ടാണെന്നും വരുന്നു.“

***

ഷുവാങ്ങ് ത്‌സുവിന്റെ മരണസമയം അടുത്തപ്പോൾ അദ്ദേഹത്തെ നല്ലൊരു ശവകുടീരത്തിൽ അടക്കാൻ ശിഷ്യന്മാർ ആഗ്രഹിച്ചു. ഷുവാങ്ങ് ത്‌സു പറഞ്ഞു: ”എന്റെ ശവപേടകത്തിന്റെ അകവും പുറവും മൂടികളായി ആകാശവും ഭൂമിയുമുണ്ട്. മുൻപിൻ ഫലകങ്ങളായി സൂര്യചന്ദ്രന്മാരുണ്ട്. കാഴ്ചദ്രവ്യങ്ങളായി പതിനായിരം വസ്തുക്കളുമുണ്ട്. വേറൊന്നും കൂട്ടിച്ചേർക്കാതെതന്നെ പര്യാപ്തമല്ലേ, എന്റെ ശവമടക്കിനുള്ള അനുസാരികൾ?“

”കാക്കകളും പരുന്തുകളും അങ്ങയെ കൊത്തിത്തിന്നുമെന്നു ഞങ്ങൾക്കു പേടിയുണ്ട്, ഗുരോ,“ ഒരു ശിഷ്യൻ പറഞ്ഞു.

”മണ്ണിനു മുകളിൽ കാക്കകൾക്കും പരുന്തുകൾക്കും ഞാൻ തീറ്റയാകും; മണ്ണിനടിയിൽ ഉറുമ്പുകൾക്കും. നിങ്ങൾ ഒരാളിൽ നിന്നു തട്ടിയെടുത്ത് മറ്റൊരാൾക്കു കൊടുക്കാൻ നോക്കുകയാണ്‌. പക്ഷഭേദം കാണിക്കണോ?“




2024, നവംബർ 5, ചൊവ്വാഴ്ച

പാബ്ലോ നെരൂദ- ഓർമ്മക്കുറിപ്പുകൾ

 ഇക്കാലത്ത് പാരീസിൽ ഒരു സമാധാനസമ്മേളനം നടക്കുന്നുണ്ടായിരുന്നു. അതിന്റെ അവസാനനിമിഷം, എന്റെ ഒരു കവിത വായിക്കാനായി മാത്രം, ഞാനവിടെ മുഖം കാണിച്ചു. അവിടെ കൂടിയിരുന്ന പ്രതിനിധികളെല്ലാം എന്നെ കരഘോഷത്തോടെ എതിരേല്ക്കുകയും എന്നെ വന്നു കെട്ടിപ്പിടിക്കുകയും ചെയ്തു. ഞാൻ മരിച്ചുപോയി എന്നാണ്‌ പലരും കരുതിയിരുന്നത്. ചിലിയൻ പോലീസിന്റെ നിതാന്തജാഗ്രതയെ വെട്ടിച്ച് ഞാനെങ്ങനെ അവിടെയെത്തി എന്നത് അവർക്കു ഭാവന ചെയ്യാൻ പോലും പറ്റിയില്ല.

അടുത്ത ദിവസം France-Presseയുടെ തലമുതിർന്ന ഒരു ലേഖകൻ ഹോട്ടലിൽ വന്ന് എന്നെ കണ്ടു. “താങ്കൾ പാരീസിലുണ്ടെന്ന് പത്രങ്ങളിൽ വാർത്ത വന്നപ്പോൾ,” അയാൾ പറഞ്ഞു,  “ചിലിയൻ സർക്കാർ അതപ്പാടെ നിഷേധിക്കുകയാണ്‌ ചെയ്തത്. ഇവിടെ വന്നത് താങ്കളുടെ അപരനാണത്രെ. പാബ്ളോ നെരൂദ ചിലിയിൽത്തന്നെയുണ്ട്, പോലീസ് അയാളുടെ പിന്നാലെയാണ്‌, മണിക്കൂറുകൾക്കുള്ളിൽത്തന്നെ അയാൾ അകത്താകും. ഞങ്ങൾ എന്തു മറുപടിയാണ്‌ കൊടുക്കേണ്ടത്?”

എനിക്കപ്പോൾ ഓർമ്മ വന്നത് ഷേക്സ്പിയറാണോ അതോ മറ്റാരെങ്കിലുമാണോ ആ നാടകങ്ങൾ എഴുതിയതെന്നതിനെക്കുറിച്ച് ഒരു പൊരിഞ്ഞ ചർച്ച നടക്കുന്നതിനിടയിൽ മാർക്ക് ട്വെയ്ൻ കേറിപ്പറഞ്ഞ ആ അഭിപ്രായമാണ്‌: “ആ നാടകങ്ങൾ ശരിക്കും എഴുതിയത് വില്ല്യം ഷേക്സ്പിയർ ആയിരുന്നില്ല, മറിച്ച്, അതേ ദിവസം, അതേ നേരത്തു ജനിച്ച, അതേ ദിവസം തന്നെ മരിച്ച, യാദൃച്ഛികമെന്നേ പറയേണ്ടൂ, വില്ല്യം ഷേക്സ്പിയർ എന്നു പേരുമുള്ള മറ്റൊരു ഇംഗ്ലീഷുകാരനാണ്‌!“

”അവരോടു പോയിപ്പറയൂ ഞാൻ പാബ്ലോ നെരൂദയല്ലെന്ന്,“ ഞാൻ ലേഖകനോടു പറഞ്ഞു, ”കവിതയെഴുതുകയും സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതുകയും ചെയ്യുന്ന,  പാബ്ലോ നെരൂദ എന്നുതന്നെ പേരുമുള്ള മറ്റൊരു ചിലിയനാണെന്ന്.“

*

റഫായെൽ ആൽബെർത്തി

-------------------------------


 കവിത സമാധാനത്തിൻ്റെ ഒരു പ്രവൃത്തിയാണ്. അപ്പമുണ്ടാക്കാൻ മാവു വേണമെന്നപോലെയാണ് ഒരു കവിയെ സൃഷ്ടിക്കുന്നത് സമാധാനമാണെന്നു പറയുന്നത്.

കവർച്ചക്കാർ, യുദ്ധക്കൊതിയന്മാർ, ചെന്നായ്ക്കൾ കവിയെ നായാടിപ്പിടിക്കുന്നു, അയാളെ ചുട്ടെരിക്കാൻ, കൊല്ലാൻ, അയാൾക്കു മേൽ തങ്ങളുടെ പല്ലുകളാഴ്ത്താൻ. ഇരുണ്ടതും വിഷണ്ണവുമായ ഒരു പാർക്കിൽ മരങ്ങൾക്കടിയിൽ വച്ച് ഒരുവൻ പുഷ്കിനെ മാരകമായി മുറിവേല്പിക്കുന്നു. പെറ്റോഫിയുടെ ചേതയനയറ്റ ഉടലിനെ യുദ്ധത്തിൻ്റെ ആഗ്നേയാശ്വങ്ങൾ ചവിട്ടിമെതിക്കുന്നു. യുദ്ധത്തിനെതിരെ പൊരുതിക്കൊണ്ട് ബൈറൺ ഗ്രീസിൽ കിടന്നു മരിച്ചു. സ്പാനിഷ് ഫാഷിസ്റ്റുകൾ സ്പെയിനിലെ യുദ്ധം തുടങ്ങിയത് അതിൻ്റെ ഏറ്റവും മഹാനായ കവിയെ വധിച്ചുകൊണ്ടാണ്.

റഫായെൽ ആൽബെർത്തി ഒരുതരത്തിൽ അതിജീവിച്ചവനാണ്. ഒരായിരം തവണ മരണം അയാളെ ഉന്നം വച്ചിരുന്നു. ഒരിക്കൽ ഗ്രനാഡയിൽ വച്ചും, ലോർക്കയെപ്പോലെ. മറ്റൊരിക്കൽ ബദാഹോയിൽ മരണം അയാളെയും കാത്തു നിന്നു. വെയിലിൽ കുളിച്ച സെവിയേയിൽ അവർ അയാളെത്തിരഞ്ഞുനടന്നു, കദീസിൽ, സ്വന്തം സ്ഥലമായ പോർട്ടൊ ദെ സാന്ത മരിയയിൽ അവർ അയാളെത്തിരഞ്ഞു, അയാളെ കൊല്ലാൻ, അയാളെ തൂക്കിക്കൊല്ലാൻ, അതുവഴി കവിതയ്ക്ക് മറ്റൊരു മാരകപ്രഹരമേല്പിക്കാൻ.

എന്നാൽ കവിത മരിച്ചില്ല, പൂച്ചയെപ്പോലെ ഒമ്പതു ജീവനുണ്ടായിരുന്നു അതിന്. അവരതിനെ പീഡിപ്പിക്കുന്നു, തെരുവുകളിലൂടെ വലിച്ചിഴയ്ക്കുന്നു, അതിനു മേൽ കാറിത്തുപ്പുകയും തങ്ങളുടെ വഷളൻ തമാശകൾക്കു വിഷയമാക്കുകയും ചെയ്യുന്നു, അവരതിനെ കഴുത്തു ഞെരിച്ചുകൊല്ലാൻ നോക്കുന്നു, നാട്ടിൽ നിന്നാട്ടിപ്പായിക്കുന്നു, തുറുങ്കിലേക്കെടുത്തെറിയുന്നു, അതിനു മേൽ വെടിയുണ്ടകൾ വർഷിക്കുന്നു, ; എന്നാൽ അതിനെയൊക്കെ അത് അതിജീവിക്കുന്നു, തെളിഞ്ഞ മുഖത്തോടെ, അരിമണി പോലെ തിളങ്ങുന്ന പുഞ്ചിരിയോടെ.

നീലഷർട്ടും ചുവന്ന ടൈയും ധരിച്ച് മാഡ്രിഡിലെ തെരുവുകളിലൂടെ നടന്നുപോകുന്ന ആൽബെർത്തിയെ എനിക്കറിയാം. പല കവികളും പിന്തുടരാൻ മടിക്കുന്ന ദുഷ്കരമായ ഒരു പാത തിരഞ്ഞെടുത്തുകൊണ്ട് ജനങ്ങൾക്കൊപ്പം പൊരുതുന്ന ആൽബെർത്തിയെ എനിക്കറിയാം. സ്പെയിനിൻ്റെ മരണമണി മുഴങ്ങിക്കഴിഞ്ഞിരുന്നില്ല; എന്നാൽ ആസന്നമാണതെന്ന് അയാൾക്കറിയാമായിരുന്നു. തെക്കൻ നാട്ടുകാരനാണയാൾ, പാടുന്ന കടലിനും പുഷ്യരാഗം പോലെ സ്വർണ്ണവർണ്ണമായ വീഞ്ഞു നിറച്ച നിലവറകൾക്കുമരികിൽ പിറന്നവൻ. അവിടെയാണയാളുടെ ഹൃദയം മുന്തിരിയിൽ നിന്നഗ്നിയും തിരയിൽ നിന്നു ഗാനവുമെടുത്തത്. എന്നും കവിയായിരുന്നു അയാൾ; എന്നാൽ അയാൾക്കുതന്നെ ആദ്യകാലത്തതറിയില്ലായിരുന്നു. പിന്നീട് സ്പെയിൻ അതറിഞ്ഞു, ഒടുവിൽ ലോകവും.

കസ്തീയയുടെ ഭാഷ അറിയാനും സംസാരിക്കാനും ഭാഗ്യം കിട്ടിയ ഞങ്ങളെപ്പോലുള്ളവർക്ക് സ്പാനിഷിൻ്റെ ഉജ്ജ്വലഗുണങ്ങളുടെയെല്ലാം മൂർത്തരൂപമായിരുന്നു റഫായെൽ ആൽബെർത്തി. അയാൾ ജന്മനാ കവിയാണെന്നു മാത്രമല്ല, രചനാനൈപുണ്യത്തിൽ ഒന്നാന്തരവുമാണ്. ദിവ്യാത്ഭുതമെന്നോണം മഞ്ഞുകാലത്തു വിടരുന്ന ഒരു പനിനീർപ്പൂവുപോലെ അയാളുടെ കവിതയിലുണ്ട്, ഗോങ്കൊറയുടെ മഞ്ഞിൻ്റെ ഒരലക്, ഹൊർഹെ മാൻറിക്കിൻ്റെ ഒരു വേര്, ഗാർസിലാസോയുടെ ഒരു പൂവിതൾ, ഗുസ്താവോ അഡോൾഫൊ ബെക്വറുടെ വിലാപത്തിൻ്റെ സൗരഭ്യം. അയാളുടെ സ്ഫടികപാനപാത്രത്തിൽ സ്പാനിഷ് കവിതയുടെ യഥാർത്ഥമായ സത്തുകളെല്ലാം ഒന്നുചേരുന്നു.

സ്പെയിനിൽ ഫാഷിസത്തെ തടഞ്ഞുനിർത്താൻ ശ്രമിച്ചവരുടെ പാതയിൽ അയാളുടെ ചെമ്പനിനീർപ്പൂവതിൻ്റെ ദീപ്തി വിതറി. വീരോചിതവും ദാരുണവുമായ ആ കഥ ലോകത്തിനറിയാം. ഐതിഹാസികമായ ഗീതകങ്ങൾ അയാളെഴുതി, ബാരക്കുകളിലും യുദ്ധമുന്നണിയിലും അയാളവ ചൊല്ലി; കവിതയുടെ ഒളിപ്പോരും യുദ്ധത്തിനെതിരെ കവിതയുടെ യുദ്ധവും അയാൾ കണ്ടുപിടിച്ചതാാണ്. അയാൾ കണ്ടുപിടിച്ചതാാണ്, പീരങ്കികളുടെ ഇടിമുഴക്കങ്ങൾക്കിടയിൽ ചിറകു വിടർത്തുന്ന പാട്ടുകൾ, പിൽക്കാലത്ത് ഈ ഭൂമിയാകെ പറന്നുനടന്ന പാട്ടുകൾ.

പൂർണ്ണത തികഞ്ഞ ഈ കവിയാണു കാണിച്ചുതന്നത്, ലോകത്തിനാകെ നിർണ്ണായകമായ ഒരു മുഹൂർത്തത്തിൽ കവിത എങ്ങനെയാണ് ഉപയോഗപ്രദമാകുന്നതെന്ന്. ഇക്കാര്യത്തിൽ മയക്കോവ്സ്ക്കിയ്ക്കു സദൃശനാണയാൾ. ഭൂരിപക്ഷത്തിനു പ്രയോജനപ്പെടുന്ന രീതിയിലുള്ള കവിതയുടെ ഈ പ്രയോഗം ആധാരമാക്കുന്നത് ബലത്തെ, ആർദ്രതയെ, ആനന്ദത്തെയാണ്, മനുഷ്യൻ്റെ നേർപ്രകൃതത്തെയാണ്. അതില്ലെങ്കിൽ കവിത ശബ്ദമുണ്ടാക്കുമെന്നേയുള്ളു, അതു പാടില്ല. ആൽബെർത്തിയുടെ കവിതകൾ ഒരിക്കലും പാടാതിരിക്കുന്നില്ല.

*

മിഗുവേൽ ഹെർണാണ്ടെഥിനെക്കുറിച്ച്

————————————————————————

മിഗുവേലിനെ മണ്ണിന്റെ ഒരു പരിവേഷം എപ്പോഴും ചൂഴ്ന്നുനിന്നിരുന്നു. ഒരു മൺകട്ട പോലെയായിരുന്നു അവന്റെ മുഖം, അല്ലെങ്കിൽ വേരുകൾക്കിടയിൽ നിന്ന് അപ്പോൾ പറിച്ചെടുത്ത, ഭൂഗർഭത്തിന്റെ പുതുമ മാറാത്ത ഒരു ഉരുളക്കിഴങ്ങ്. എന്റെ വീട്ടിലായിരുന്നു അവന്റെ ജീവിതവും എഴുത്തും. എന്റെ അമേരിക്കൻ കവിത, മറ്റു ചക്രവാളങ്ങൾക്കും സമതലങ്ങൾക്കുമൊപ്പം, അവനിൽ സ്വാധീനം ചെലുത്തുകയും മാറ്റം വരുത്തുകയും ചെയ്യുകയായിരുന്നു.

ജന്തുക്കളേയും കിളികളേയും കുറിച്ചുള്ള നാട്ടുകഥകൾ അവൻ എന്നോടു പറയാറുണ്ടായിരുന്നു. ചെത്തിമിനുക്കാത്ത രത്നം പോലെ പ്രകൃതിയിൽ നിന്നാവിർഭവിക്കുന്നതരം എഴുത്തുകാരനായിരുന്നു അവൻ; കാടിന്റെ പുതുമയും അദമ്യമായ ഒരോജസ്സും അവനിലുണ്ടായിരുന്നു. തള്ളയാടുറങ്ങുമ്പോൾ അതിന്റെ വയറ്റിൽ കാതു വച്ചു ശ്രദ്ധിക്കുന്നതിന്റെ രസത്തെക്കുറിച്ച് ഒരിക്കലവൻ എന്നോടു പറഞ്ഞിരുന്നു. അകിടിലേക്ക് പാലിന്റെ സഞ്ചാരം അവനു കേൾക്കാൻ പറ്റുമായിരുന്നു; ആ നിഗൂഢശബ്ദം ആ ആട്ടിടയക്കവിയ്ക്കു മാത്രമേ കേൾക്കാൻ പറ്റൂ എന്നും ഉണ്ടായിരിക്കാം.

മറ്റുചിലപ്പോൾ അവൻ രാപ്പാടിയുടെ പാട്ടിനെക്കുറിച്ചായിരിക്കും പറയുക.അവൻ ജനിച്ചുവളർന്ന കിഴക്കൻ സ്പെയിൻ നിറയെ പൂവിടുന്ന ഓറാഞ്ചുമരങ്ങളും രാപ്പാടികളുമായിരുന്നു. ആ പക്ഷി, ആ ഉദാത്തഗായകൻ, എന്റെ നാട്ടിൽ ഇല്ലാത്തതിനാൽ ആ കിറുക്കൻ മിഗുവേൽ എത്രയും വിശദവും സജീവവുമായി അതിനെ അനുകരിച്ച് എന്നെ കേൾപ്പിക്കും. തെരുവിലെ ഏതെങ്കിലും മരത്തിൽ പൊത്തിപ്പിടിച്ചു കയറിയിട്ട് അതിന്റെ ഏറ്റവും ഉയരത്തിലുള്ള കൊമ്പിലിരുന്ന് അവൻ തന്റെ നാട്ടിലെ കിളികളെപ്പോലെ ചൂളം കുത്തുകയോ ചിലയ്ക്കുകയോ ചെയ്യും.

അവനു തൊഴിലൊന്നും ഇല്ലാത്തതിനാൽ ഞാൻ അവനൊരു ജോലി തരപ്പെടുത്താൻ നോക്കി. സ്പെയിനിൽ ഒരു കവിയ്ക്കു ജോലി കിട്ടുക എന്നത് ദുഷ്കരമാണ്‌. ഒടുവിൽ ഒരു വിസ്കൌണ്ട് (ഇടപ്രഭു) വിദേശകാര്യവകുപ്പിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ, അവന്റെ കാര്യം നോക്കാമെന്നു സമ്മതിച്ചു. അദ്ദേഹം അവന്റെ കവിതകൾ വായിച്ചിട്ടുണ്ട്, ആ കവിതകൾ അദ്ദേഹത്തിന്‌ ഇഷ്ടപ്പെടുകയും ചെയ്തു. ഏതു ജോലിയാണ്‌ ഇഷ്ടമെന്ന് മിഗുവേൽ ഒന്നു സൂചിപ്പിക്കുകയേ വേണ്ടു, അതിൽ നിയമനം നല്കാമെന്ന് അദ്ദേഹം ഉറപ്പു തരികയും ചെയ്തു.

കാര്യം നേടിയ മട്ടിൽ ഞാൻ മിഗുവേലിനെ കണ്ടു പറഞ്ഞു: “മിഗുവേൽ ഹെർണാണ്ടെഥ്, ഒടുവിൽ നിന്റെ ഭാവി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. വിസ്കൌണ്ട് നിനക്കൊരു ജോലി തരാമെന്നു പറഞ്ഞിട്ടുണ്ട്. നീ ഉയർന്ന പദവിയിലുള്ള ഒരുദ്യോഗസ്ഥനാവും. ഏതു ജോലിയാണ്‌ നിനക്കു വേണ്ടതെന്നു പറയൂ; നിനക്കതുതന്നെ കിട്ടും.”

മിഗുവേൽ ഒന്നു ചിന്തയിൽ മുഴുകി. ആഴത്തിൽ ചാലു കീറിയ അവന്റെ മുഖം ഉത്കണ്ഠ കൊണ്ട് ഒന്നിരുണ്ടു. മണിക്കൂറുകൾ കഴിഞ്ഞു; ഒടുവിൽ ഉച്ച തിരിഞ്ഞിട്ടാണ്‌ അവൻ എനിക്കൊരു മറുപടി തന്നത്. തന്റെ അന്നേവരെയുള്ള എല്ലാ ജീവിതപ്രശ്നങ്ങൾക്കും പരിഹാരം കണ്ട ഒരാളുടെ വിടർന്ന മുഖത്തോടെ അവൻ പറഞ്ഞു: “മാഡ്രിഡിനടുത്ത് എവിടെയെങ്കിലും ഒരാട്ടിൻ പറ്റത്തെ നോക്കാനുള്ള ചുമതല വിസ്കൌണ്ട് എനിക്കു തരുമോ?”

മിഗുവേൽ ഹെർണാണ്ടെഥിന്റെ ഓർമ്മ  ഹൃദയത്തിൽ നിന്നു പറിച്ചെടുത്തു കളയാൻ എനിക്കു കഴിയില്ല. ലെവന്റിലെ രാപ്പാടികളുടെ പാട്ടുകൾ, ഇരുട്ടിനും ഓറഞ്ചുപൂക്കൾക്കുമിടയിലൂടെ ഉയർന്നുപൊങ്ങുന്ന ആ ശബ്ദഗോപുരങ്ങൾ, അവനൊരു വിട്ടുപിരിയാത്ത ബാധ പോലെയായിരുന്നു. അതവന്റെ ചോരയിലുണ്ടായിരുന്നു, ഭൗമവും വന്യവുമായ കവിതയിലുണ്ടായിരുന്നു. ആ കവിതയിൽ നിറങ്ങളൂം ഗന്ധങ്ങളും സ്പാനിഷ് ലെവന്റിന്റെ ശബ്ദങ്ങളും എല്ലാ പൊലിമയോടെയും ഒന്നുചേർന്നിരുന്നു, പ്രബലവും വീര്യവത്തുമായ ഒരു യുവത്വത്തിന്റെ എല്ലാ പ്രസരിപ്പോടെയും പരിമളത്തോടെയും.

അവന്റെ മുഖം സ്പെയിനിന്റെ മുഖമായിരുന്നു. വെളിച്ചം ചെത്തിയെടുത്ത, ഉഴുത പാടം പോലെ ചാലു കീറിയ ആ മുഖത്തിന്‌ അപ്പം പോലെയോ ഭൂമി പോലെയോ വൃത്താകൃതിയായിരുന്നു. കാറ്റു വരട്ടിയതും തോലു പോലായതുമായ അതിന്റെ പ്രതലത്തിൽ അവന്റെ എരികണ്ണുകൾ കരുത്തിന്റെയും ആർദ്രതയുടേയും രണ്ടു രശ്മികളായിരുന്നു. 

അവന്റെ വാക്കുകളിൽ നിന്ന്, ഒരു പുതിയ മഹിമ കൊണ്ട്, ഒരു കിരാതവെളിച്ചം കൊണ്ട്, പഴയ ചോരയെ നവജാതശിശുവാക്കുന്ന ദിവ്യാത്ഭുതം കൊണ്ടു രൂപം മാറിയ വാക്കുകളിൽ നിന്ന്  കവിതയുടെ തനിമൂലകങ്ങൾ പുറത്തുവരുന്നതു ഞാൻ കണ്ടു. ഞാൻ കവിയായിരുന്ന, നാടോടിക്കവിയായിരുന്ന ഇത്രയും കാലത്തെ അനുഭവം വച്ച് എനിക്കു പറയാം, അവനെപ്പോലെ കവിത ജീവനമായിരുന്ന ഒരാളെ, വാക്കുകളെ വൈദ്യുതിയുടെ അറിവാക്കിയിരുന്ന മറ്റൊരാളെ കാണാനുള്ള അവസരം ജീവിതം എനിക്കു തന്നിട്ടില്ല. 
*

കുപ്പിച്ചില്ലുകൾ


ഏറെക്കാലം പുറത്തായിരുന്നതിനു ശേഷം മൂന്നു ദിവസം മുമ്പ് ഞാൻ വാല്പറൈസോവിൽ മടങ്ങിയെത്തി. ചുമരിലെ വലിയ വിള്ളലുകൾ മുറിവുകൾ പോലെതന്നെയായിരുന്നു. മുറികളുടെ തറയാകെ ചില്ലുകഷണങ്ങൾ മനമിടിക്കുന്ന പരവതാനികൾ പോലെ മൂടിക്കിടന്നിരുന്നു. തറയിൽ വീണുകിടന്നിരുന്ന ക്ലോക്കുകൾ വിഷണ്ണമായ മുഖത്തോടെ ഭൂകമ്പം നടന്ന നേരം രേഖപ്പെടുത്തി. എത്ര മനോഹരമായ വസ്തുക്കളാണ്‌ മാറ്റിൽഡേയുടെ ചൂലിപ്പോൾ അടിച്ചുവാരുന്നത്; ഭൂമിയുടെ പ്രകമ്പനം വെറും ചവറാക്കിമാറ്റിയത് ദുർലഭമായ എന്തൊക്കെയാണ്‌!

ഞങ്ങൾക്കെല്ലാം വെടിപ്പാക്കേണ്ടിയിരുന്നു, എല്ലാം അതാതിന്റെ സ്ഥാനത്തേക്കാക്കേണ്ടിയിരുന്നു, എല്ലാം ഒന്നേയെന്നു തുടങ്ങേണ്ടിയിരുന്നു. ഈ അലങ്കോലത്തിനെല്ലാമിടയിൽ പേപ്പറു കണ്ടെത്തുക പ്രയാസമായിരുന്നു; അല്ല, മനസ്സിനെ ഒന്നു പിടിച്ചുനിർത്തിയിട്ടു വേണ്ടേ, എഴുതാനൊക്കെ ഒരുമ്പെടാൻ?

ഞാൻ അവസാനമായി ചെയ്തത് റോമിയോജൂലിയറ്റിന്റെ ഒരു വിവർത്തനമായിരുന്നു; പിന്നെ ഒരു പ്രാചീനവൃത്തത്തിലെഴുതിയ ദീർഘമായ ഒരു പ്രണയകവിതയും. ആ കവിത എഴുതിത്തീരാതെ ശേഷിച്ചു.

വേഗമാകട്ടെ, പ്രണയകവിതേ, കുപ്പിച്ചില്ലുകൾക്കിടയിൽ നിന്നെഴുന്നേറ്റാട്ടെ, പാടാനുള്ള കാലം വന്നുവല്ലോ.

ശരിതന്നെ, ലോകം സ്വയം യുദ്ധങ്ങൾ വേണ്ടെന്നു വയ്ക്കുന്നില്ല, സ്വന്തം ദേഹത്തു നിന്നു ചോര കഴുകിക്കളയുന്നില്ല, വെറുപ്പിൽ നിന്നതു മുക്തമാകുന്നുമില്ല. അതൊക്കെ ശരിതന്നെ.

അത്രതന്നെ ശരിയാണ്‌, നമ്മൾ ഇങ്ങനെയൊരു ബോദ്ധ്യത്തിലേക്കു നീങ്ങുകയാണെന്നത്: അതായത്, ലോകത്തിന്റെ കണ്ണാടിയിൽ ഹിംസ കയ്യാളുന്നവരുടെ മുഖം പ്രതിഫലിക്കുന്നുണ്ടെന്ന്, കാണാൻ തീരെ സുന്ദരമല്ല, അവർക്കു പോലും, ആ മുഖമെന്ന്.

ഞാനാകട്ടെ, സ്നേഹത്തിന്റെ സാദ്ധ്യതയിൽ വിശ്വാസമർപ്പിച്ചു മുന്നോട്ടു നീങ്ങുന്നു. എനിക്കു തീർച്ചയാണ്‌, മനുഷ്യജീവികൾക്കിടയിൽ പരസ്പരധാരണ സാദ്ധ്യമാണെന്ന്, എന്തൊക്കെ യാതനകൾക്കും ചോരയ്ക്കും കുപ്പിച്ചില്ലുകൾക്കുമിടയിലും അതു കൈവരിക്കാമെന്ന്.

*

വേരുകൾ


എന്റെ കവിതകൾ വിവർത്തനം ചെയ്യുകയായിരുന്ന എഹ്‌റെൻബെർഗ് എന്നെ ശകാരിച്ചു: “എന്തുമാത്രം വേരുകൾ! ഇത്രയധികം വേരുകൾ എങ്ങനെ വന്നു?”

ശരിയാണത്. അതിർത്തിദേശങ്ങൾ എന്റെ കവിതയിൽ അത്രയ്ക്കും വേരുകളാഴ്ത്തിയിരുന്നു; ആ വേരുകൾ പറിച്ചെടുക്കാൻ പിന്നവയ്ക്കു കഴിഞ്ഞിട്ടുമില്ല. എന്റെ ജീവിതം അതിലേക്കുതന്നെ മടങ്ങിയെത്തുന്ന ദീർഘമായൊരു തീർത്ഥാടനമായിരുന്നു; തെക്കൻ നാടുകളിലെ കാടുകളിലേക്ക്, എനിക്കു നഷ്ടമായ വനദേശത്തേക്ക് അതെപ്പോഴും മടങ്ങിപ്പൊയ്ക്കൊണ്ടിരിക്കുന്നു.

ഭീമവൃക്ഷങ്ങൾ ചിലനേരമവിടെ അവയുടെ എഴുന്നൂറുകൊല്ലത്തെ പ്രബലജീവിതത്തിന്റെ ഭാരം കൊണ്ടുതന്നെ നിലംപറ്റിയിരുന്നു; ചിലനേരം കൊടുങ്കാറ്റുകളവയെ കടപുഴക്കിയിരുന്നു, ചിലനേരം മഞ്ഞുവീഴ്ചയിലവ വാടിവീണു, അല്ലെങ്കിൽ കാട്ടുതീയവയെ ദഹിപ്പിച്ചു. അതികായരായ മരങ്ങൾ വനഹൃദയത്തിലലച്ചുവീഴുന്നതു ഞാൻ കേട്ടിട്ടുണ്ട്: അത്യാപായത്തിന്റെ അമർത്തിയ ഒച്ചയോടെ ഓക്കുമരം താഴെ വീഴുന്നു, തന്നെ സംസ്കരിക്കൂ എന്ന് മണ്ണിന്റെ വാതിലിൽ കൂറ്റൻകൈ കൊണ്ടാഞ്ഞിടിക്കുന്നപോലെ. 

വേരുകൾ പക്ഷേ, അരക്ഷിതരായി ശേഷിച്ചു; ശത്രുവായ കാലത്തിന്‌, ഈർപ്പത്തിന്‌, പൂപ്പലിന്‌, ഒന്നിനു പിന്നാലെ മറ്റൊരു നശീകരണത്തിനവ തുറന്നുകിടന്നു.

മുറിപ്പെട്ടതോ കത്തിക്കരിഞ്ഞതോ ആയ, മലർക്കെത്തുറന്ന ആ കൂറ്റൻകൈകളെക്കാൾ മനോഹരമായി മറ്റൊന്നില്ല. ഒരു കാട്ടുവഴിയിൽ വച്ചു കാണുമ്പോൾ അവ നമ്മോടു പറയുകയാണ്‌, മണ്ണിൽ മറഞ്ഞുപോയ ഒരു മരത്തിന്റെ രഹസ്യം, ഇലകൾക്കു പോഷണം നല്കിയ നിഗൂഢത, ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന സസ്യലോകത്തിന്റെ പേശീബലം. ദാരുണമായ, ഒതുക്കമില്ലാത്ത അവ പുതിയൊരു സൗന്ദര്യം നമുക്കു കാട്ടിത്തരുന്നു: മണ്ണിന്റെ ആഴങ്ങൾ വാർത്തെടുത്ത ശില്പങ്ങളാണവ: പ്രകൃതി മറച്ചുവയ്ച്ചിരിക്കുന്ന പ്രകൃഷ്ടരചനകൾ.

ഒരിക്കൽ, റഫായേൽ ആൽബർട്ടിയും ഞാനും കൂടി ഒസാർണോയ്ക്കടുത്ത് ഒരുമിച്ചുനടക്കുമ്പോൾ (ഞങ്ങൾക്കു ചുറ്റും വെള്ളച്ചാട്ടങ്ങളും കാട്ടുപൊന്തകളും കാടുകളുമായിരുന്നു) ഓരോ ചില്ലയും ഒന്നിനൊന്നു വ്യത്യസ്തമാണെന്ന് അയാൾ ചൂണ്ടിക്കാണിച്ചു; രീതികളിൽ അനന്തവൈവിദ്ധ്യത്തിനു മത്സരിക്കുകയാണിലകൾ എന്നു തോന്നിപ്പോവും. “മനോഹരമായ ഒരുദ്യാനത്തിനു വേണ്ടി ഒരു തോട്ടക്കാരൻ തിരഞ്ഞെടുത്തുവച്ചിരിക്കുകയാണവയെ എന്നു തോന്നും,” അയാൾ പറഞ്ഞു. വർഷങ്ങൾക്കു ശേഷം റോമിൽ വച്ച് റഫായേൽ ആ നടത്തവും നമ്മുടെ കാടുകളുടെ നിസർഗ്ഗവൈവിദ്ധ്യവും ഓർത്തെടുത്തിരുന്നു.

അന്നൊക്കെ അങ്ങനെയായിരുന്നു. ഇന്ന് അങ്ങനെയല്ലാതായിരിക്കുന്നു. കുട്ടിയും യുവാവുമായിരുന്നപ്പോൾ ബൊറോവയ്ക്കും കരാഹുവേയ്ക്കുമിടയിൽ, അല്ലെങ്കിൽ, കടലോരത്തെ കുന്നുകൾക്കിടയിൽ ടോൾട്ടെനു ചുറ്റുമായി അലഞ്ഞുനടന്നതു ചിന്തിക്കുമ്പോൾ എനിക്കു വിഷാദം തോന്നുന്നു. എന്തൊക്കെ കണ്ടുപിടിത്തങ്ങൾ! മഴ തോർന്ന നേരത്തെ ഇലവർങ്ങമരത്തിന്റെ മട്ടും മണവും, കാടിന്റെ എണ്ണമറ്റ മുഖങ്ങളിൽ നിന്നു തൂങ്ങിക്കിടക്കുന്ന ശൈവാലങ്ങളുടെ മഞ്ഞുതാടികൾ!

കൊഴിഞ്ഞ ഇലകൾ ഞാൻ വകഞ്ഞുമാറ്റി, ചിലതരം വണ്ടുകളുടെ മിന്നലൊളികൾ കാണാൻ. വേരുകൾക്കിടയിൽ ഒരു സൂക്ഷ്മനൃത്തം വയ്ക്കാൻ മഴവിൽനിറത്തിൽ വേഷമിടുന്ന പൊൻവണ്ട്!

പിന്നൊരിക്കൽ ഞാൻ അർജ്ജന്റീനയിലേക്കു പോകാൻ മലകൾക്കിടയിൽ അതികായരായ വൃക്ഷങ്ങളുടെ പച്ചക്കമാനങ്ങൾക്കടിയിലൂടെ സഞ്ചരിക്കുമ്പോൾ ഒരു തടസം ഞങ്ങൾക്കു മുന്നിൽ ഉയർന്നുവന്നു: അതിലൊന്നിന്റെ വേരുകൾ ഞങ്ങളുടെ കുതിരകളെക്കാളും പൊക്കത്തിൽ വഴിതടഞ്ഞു നില്ക്കുകയായിരുന്നു. കഠിനയത്നവും മഴുവും വേണ്ടിവന്നു ഞങ്ങൾക്കു വഴി തെളിയ്ക്കാൻ. കീഴ്മേൽ മറിഞ്ഞ ഭദ്രാസനപ്പള്ളികൾ പോലെയായിരുന്നു ആ വേരുകൾ: ഗാംഭീര്യം കൊണ്ടു നമ്മെ വികാരഭരിതരാക്കുന്ന അനാവൃതമഹത്വം.

*



2024, നവംബർ 3, ഞായറാഴ്‌ച

ഫ്രീഡ്രിക് നീച്ച - പുതിയ ജാഗ്രത


പുതിയ ജാഗ്രത

മറ്റുള്ളവരെ ശിക്ഷിക്കുന്നതിനെയും ശാസിക്കുന്നതിനെയും നന്നാക്കുന്നതിനെയും കുറിച്ചുള്ള അതിരു കവിഞ്ഞ ചിന്ത നമുക്കൊന്നു നിർത്താം! മറ്റൊരാളെ മാറ്റുക എന്നത് നമുക്ക് ദുസ്സാദ്ധ്യമായ ഒരു കാര്യമാണ്‌; ഇനി എന്നെങ്കിലും ഒരിക്കൽ നമുക്കതിനു കഴിഞ്ഞിട്ടുണ്ടെങ്കിൽ മറ്റൊന്നുകൂടി നമ്മുടെ ശ്രദ്ധയിൽ വരാതെ, നടന്നിട്ടുണ്ടാകും: അയാൾ വഴി നമ്മളും മാറിയിട്ടുണ്ടാവും. ‘വരാനുള്ളതിൽ’ നമ്മുടെ സ്വാധീനം അയാൾ നമ്മളിൽ ഉണ്ടാക്കുന്ന സ്വാധീനത്തിനു തുല്യവും അതിനെ കവിയുന്നതുമാക്കാൻ നോക്കുകയല്ലേ വേണ്ടത്? നേരിട്ടൊരു മല്പിടുത്തത്തിനു നാം പോകാതിരിക്കുക- കുറ്റപ്പെടുത്തലും ശിക്ഷിക്കലും നന്നാക്കാനുള്ള ശ്രമങ്ങളുമൊക്കെ ഫലത്തിൽ അതാണല്ലോ. അതിലും നല്ലത് നമുക്കെത്രത്തോളം ഉയരാമോ, അത്രയും ഉയരുക എന്നതാണ്‌. നാമെന്ന ഉദാഹരണത്തെ എത്രയും ഉജ്ജ്വലമായ ചായങ്ങളാൽ നമുക്കു നിറം പിടിപ്പിക്കുക. നമ്മുടെ ദീപ്തിക്കു മുന്നിൽ അവർ നിറം കെട്ടുപോകട്ടെ. അവർ കാരണം, മറ്റുള്ളവരെ ശിക്ഷിക്കുകയും അതൃപ്തി ഉള്ളിൽ കൊണ്ടുനടക്കുന്നവരും കാരണം നമ്മൾ ഇരുണ്ടുപോകാതിരിക്കട്ടെ. നാം അവരുടെ വഴിയിൽ നിന്നു മാറിനില്ക്കുക. നാം അകലേക്കു നോട്ടം മാറ്റുക.
*

എന്റെ നായ

എന്റെ വേദനയ്ക്ക് ഞാനൊരു പേരു നല്കിയിരിക്കുന്നു, ഞാനതിനെ “നായ” എന്നു വിളിക്കുന്നു. മറ്റേതു നായയേയും പോലെ അത്രയും വിശ്വസ്തവും അത്രയും അധികപ്രസംഗിയും അത്രയും നാണം കെട്ടതും അത്രയും വിനോദിപ്പിക്കുന്നതും അത്രയും മിടുക്കുള്ളതുമാണ്‌ ഇതും- എനിക്കതിനെ തെറി വിളിക്കാം, അതിന്റെ മേൽ എന്റെ വെറി തീർക്കാം, മറ്റുള്ളവർ അവരുടെ നായ്ക്കളിൽ, അവരുടെ വേലക്കാരിൽ, അവരുടെ ഭാര്യമാരിൽ ചെയ്യുന്നപോലെ.
*
(from The Gay Science)

2024, നവംബർ 2, ശനിയാഴ്‌ച

ഗിയാക്കോമോ ലെപ്പാർദി- ചിന്തകൾ

 വർത്തമാനകാലത്തെ സംഗതികളെ ഇകഴ്ത്താനും കഴിഞ്ഞുപോയവയെ പുകഴ്ത്താനും മനുഷ്യവർഗ്ഗത്തിനു പൊതുവേ ഒരു ശീലമുള്ളപോലെ, മിക്ക സഞ്ചാരികൾക്കും യാത്ര ചെയ്യുമ്പോൾ തങ്ങളുടെ ജന്മദേശത്തോടു വലിയ സ്നേഹമായിരിക്കും, യാത്രയിൽ തങ്ങൾ കാണുന്നതെന്തിനെക്കാളും നാട്ടിലുള്ളതിനെ ഒരുതരം രോഷത്തോടെ അവർ ഇഷ്ടപ്പെടുകയും ചെയ്യും. തിരിച്ചു നാട്ടിലെത്തിയാലാവട്ടെ, തങ്ങൾ പോയ സ്ഥലങ്ങളെക്കാളൊക്കെ മോശമായി അവർ അതിനെക്കാണും, അതേ രോഷത്തോടെതന്നെ.

*


ഏതു നാട്ടിൽ ചെന്നാലും മനുഷ്യവർഗ്ഗത്തിനും സമൂഹത്തിനും പൊതുവേയുള്ള ദോഷങ്ങളേയും തിന്മകളേയും തങ്ങളുടെ നാട്ടിനു മാത്രമുള്ളതായിട്ടായിരിക്കും ആ നാട്ടുകാർ കാണുക. ‘ഇവിടെ സ്ത്രീകൾ പൊങ്ങച്ചക്കാരികളും ചപലകളുമാണ്‌, അവർക്കു വായന തീരെയില്ല, വിദ്യാഭ്യാസവും കഷ്ടി. ഇവിടെ പൊതുജനത്തിന്‌ അന്യരുടെ കാര്യം അന്വേഷിക്കാനാണ്‌ കൗതുകം, വായ തോരാത്ത വർത്തമാനവും അപവാദപ്രചാരണവുമാണ്‌ അവരുടെ പണി. പണവും ശുപാർശയും വൃത്തികേടുമുണ്ടെങ്കിൽ ഇവിടെ എന്തും സാധിക്കാം. ഇവിടെ വാഴുന്നത് അസൂയയാണ്‌, സൗഹൃദങ്ങളിൽ ആത്മാർത്ഥത കാണാൻ കിട്ടില്ല,’ അങ്ങനെയങ്ങനെ. അതു കേട്ടാൽ തോന്നും, മറ്റിടങ്ങളിൽ അങ്ങനെയൊന്നുമല്ലെന്ന്. മനുഷ്യർ അനിവാര്യമായിത്തന്നെ യാതന അനുഭവിക്കുന്നവരാണ്‌; എന്നാൽ, തങ്ങൾ യാതന അനുഭവിക്കുന്നത് യാദൃച്ഛികമായിട്ടാണെന്നു വിശ്വസിക്കുന്നതിൽ നിർബ്ബന്ധബുദ്ധികളുമാണവർ.

*

ആളുകളുമായി അധികം സഹവാസമില്ലാത്ത ഒരാൾ മനുഷ്യവിദ്വേഷി ആകാനുള്ള സാദ്ധ്യത കുറവാണ്‌. ശരിക്കും മനുഷ്യവിദ്വേഷികളെ കാണാൻ പറ്റുന്നത് ഏകാന്തതയിലല്ല, ലോകത്തിനു നടുക്കാണ്‌. ആളുകളെ മനുഷ്യവിദ്വേഷികളാക്കുന്നത് തത്ത്വശാസ്ത്രമല്ല, പ്രായോഗികപരിചയമാണ്‌ എന്നതാണ്‌ അതിന്റെ കാരണം. മനുഷ്യവിദ്വേഷിയായ ഒരാൾ സമൂഹത്തിൽ  നിന്നു പിൻവാങ്ങിയാൽ ആ ഏകാന്തവാസത്തിൽ അയാൾക്ക് തന്റെ മനുഷ്യവിദ്വേഷം നഷ്ടപ്പെടുകയും ചെയ്യും.

*

ഒരു ദേശത്ത് പരമാർത്ഥത്തിലുള്ള നന്മകളുടെ ക്ഷയം എത്ര കൂടുതലാണോ, അത്ര കൂടുതലായിരിക്കും അവിടെ ഉണ്ടെന്നു തോന്നിക്കുന്ന നന്മകളുടെ വർദ്ധന എന്നു പലപ്പോഴും പറഞ്ഞുകേൾക്കാറുണ്ട്. സാഹിത്യവും അതേ വിധിയ്ക്കധീനമാണെന്നാണു തോന്നുന്നത്; കാരണം, നമ്മുടെ ഈ കാലത്ത്, ശൈലിയുടെ നന്മകളെക്കുറിച്ചുള്ള ഓർമ്മ (അതിന്റെ ഉപയോഗം എന്നു ഞാൻ പറയുന്നില്ല) എത്ര കുറയുന്നുവോ , അത്ര കൂടുതലായിരിക്കും, പ്രസിദ്ധീകരണങ്ങളുടെ പൊലിമ. ഒരു ദിവസത്തെ മാത്രം ആയുസ്സുള്ള പത്രങ്ങളും മറ്റു രാഷ്ട്രീയജല്പനങ്ങളും ഇന്നടിച്ചിറക്കുന്ന അതേ ഭംഗിയിൽ പണ്ട് ക്ലാസ്സിക്കുകൾ ഇറങ്ങിയിരുന്നില്ല. എഴുത്തിന്റെ കല ഇന്നാർക്കും അറിയാതായിരിക്കുന്നു, അതിന്റെ വില ആർക്കും മനസ്സിലാകാതെയുമായിരിക്കുന്നു. പുതിയ പുസ്തകങ്ങൾ തുറന്നുനോക്കുകയോ വായിച്ചുനോക്കുകയോ ചെയ്യുന്ന, മാന്യതയുള്ള ഏതൊരാൾക്കും ആ കടലാസ്സുതാളുകളുടെ പേരിലും തെളിഞ്ഞ അച്ചുകളുടെ പേരിലും സഹതാപം തോന്നാതെവയ്യ, എത്ര ജുഗുപ്സാവഹമായ വാക്കുകളെയും മിക്കപ്പോഴും അലസമായ ചിന്തകളേയുമാണ്‌ അവ പ്രതിനിധീകരിക്കുന്നതെന്നോർത്ത്.

*


2024, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

ഐസക് ബാഷെവിസ് സിംഗർ- എഴുത്തുകാരൻ്റെ പ്രമാണങ്ങൾ

 ചോദ്യം: പല എഴുത്തുകാർക്കും തുടക്കക്കാലത്ത് മറ്റെഴുത്തുകാർ ആരെങ്കിലും മാതൃകയായിട്ടുണ്ടാവുമല്ലോ?

ഐസക് ബാഷെവിസ് സിംഗർ: എനിക്കത് എന്റെ സഹോദരനായിരുന്നു, “അസ്കെനാസി സഹോദരന്മാർ” എഴുതിയ സി.ജെ.സിംഗർ. അതിലും നല്ല മാതൃക എനിക്കു കിട്ടാനില്ലായിരുന്നു. എന്റെ അച്ഛനമ്മമാരുമായുള്ള അദ്ദേഹത്തിന്റെ മല്പിടുത്തം ഞാൻ കണ്ടിട്ടുണ്ട്; അദ്ദേഹം എങ്ങനെയാണ്‌ എഴുത്തു തുടങ്ങുന്നതെന്നും എങ്ങനെയാണത് വികാസം പ്രാപിക്കുന്നതെന്നും പിന്നീടത് പ്രസിദ്ധീകരണത്തിലേക്കു വളരുന്നതെന്നും ഞാൻ കണ്ടിരുന്നു. അതിനാൽ സ്വാഭാവികമായും അദ്ദേഹമായിരുന്നു ഒരു സ്വാധീനം. അതു മാത്രമല്ല, ഞാൻ രചനകൾ പ്രസിദ്ധീകരിക്കുന്നതിനു മുമ്പുള്ള കാലത്ത് എഴുത്തിന്റെ കാര്യത്തിൽ പാലിക്കേണ്ട ഒരുപിടി നിയമങ്ങൾ അദ്ദേഹം എനിക്കു പറഞ്ഞുതന്നിരുന്നു; ഞാനത് പവിത്രമായി കരുതിപ്പോരുന്നു. ഇടയ്ക്കെപ്പോഴെങ്കിലും അതിൽ ഒന്ന് തെറ്റിക്കുന്നത് വലിയ അപരാധമാണെന്നൊന്നുമല്ല, എന്നാലും അവ ഓർമ്മയിലുണ്ടാവുന്നത് നല്ലതായിരിക്കും. അദ്ദേഹം പറഞ്ഞ പ്രമാണങ്ങളിൽ ഒന്ന് ഇതായിരുന്നു: വസ്തുതകൾ ഒരിക്കലും കാലഹരണപ്പെടുകയോ പഴകുകയോ ചെയ്യുന്നില്ല; എന്നാൽ അവയുടെ വ്യാഖ്യാനങ്ങൾക്ക് തീർച്ചയായും അങ്ങനെയൊരു ഗതി ഉണ്ടാകും. ഒരെഴുത്തുകാരൻ ആവശ്യത്തിലധികം വിശദീകരിക്കാൻ ശ്രമിക്കുമ്പോൾ, അയാൾ മനഃശാസ്ത്രപരമാവുമ്പോൾ, തുടങ്ങുന്നതിനു മുമ്പേ അയാൾ കാലഹരണപ്പെട്ടുകഴിഞ്ഞു. ഉദാഹരണത്തിന്‌ ഹോമർ ഗ്രീക്ക് തത്വശാസ്ത്രമോ അക്കാലത്തെ മനഃശാസ്ത്രമോ അനുസരിച്ച് തന്റെ കഥാപാത്രങ്ങളുടെ പ്രവൃത്തികളെ വിശദീകരിക്കാൻ ശ്രമിക്കുന്നത് ഒന്നു സങ്കല്പിച്ചുനോക്കൂ. ഒറ്റയാളും ഹോമറെ വായിക്കാൻ പോകുന്നില്ല! ഭാഗ്യത്തിന്‌ ഹോമർ ചെയ്തത് വസ്തുതകളും അവയുടെ ചിത്രീകരണങ്ങളും നല്കുക മാത്രമാണ്‌; അതുകാരണം ഇലിയഡും ഒഡീസിയും നമ്മുടെ കാലത്തും പുതുമയോടിരിക്കുന്നു. എല്ലാ എഴുത്തിന്റെ കാര്യത്തിലും ഇതു ശരിയാണെന്നും ഞാൻ വിശ്വസിക്കുന്നു. തന്റെ കഥാനായകന്റെ ഉദ്ദേശ്യങ്ങൾ മനഃശാസ്ത്രപരമായ ഒരു വീക്ഷണത്തിൽ നിന്നുകൊണ്ട് വിശദീകരിക്കാൻ എഴുത്തുകാരൻ ശ്രമിക്കുമ്പോൾ ആ നിമിഷം അയാൾ പരാജയപ്പെട്ടുകഴിഞ്ഞു. മനഃശാസ്ത്രനോവലുകൾക്കെതിരാണു ഞാനെന്ന് ഇതുകൊണ്ടർത്ഥമാക്കരുത്. അത് ഒന്നാന്തരമായി ചെയ്ത ചില മഹാരഥന്മാരുണ്ട്. എന്നാൽ അവരെ അനുകരിക്കുന്നത് ഒരെഴുത്തുകാരന്‌, വിശേഷിച്ചും ചെറുപ്പക്കാരനായ ഒരെഴുത്തുകാരന്‌, നല്ലതാണെന്ന് ഞാൻ കരുതുന്നില്ല. ദസ്തയെവ്സ്കി, ഉദാഹരണം. നോവൽ മനഃശാസ്ത്രപരമാകണം എന്ന സ്കൂളിന്റെ പ്രതിനിധിയാണോ അദ്ദേഹം; എനിക്കത്ര തീർച്ചയില്ല. അദ്ദേഹത്തിന്‌ കാടുകയറൽ വേണ്ടുവോളം ഉണ്ടായിരുന്നു, തനിക്കു പ്രത്യേകമായ രീതിയിൽ കാര്യങ്ങൾ വിശദീകരിക്കാൻ അദ്ദേഹം ശ്രമിക്കുകയും ചെയ്തിട്ടുണ്ട്; എന്നാൽ അദ്ദേഹത്തിന്റെ പോലും അടിസ്ഥാനബലം വസ്തുതകൾ നല്കുന്നതിലാണ്‌.
(1978ൽ നൊബേൽ സമ്മാനം ലഭിച്ച യിദ്ദിഷ് സാഹിത്യകാരൻ ഐസക് ബാഷെവിസ് സിംഗർ പാരീസ് റിവ്യു അഭിമുഖത്തിൽ പറഞ്ഞത്)

2024, ഒക്‌ടോബർ 30, ബുധനാഴ്‌ച

മിഗുവെൽ ഹെർണാണ്ടെഥ് - കവിതകൾ

 സ്പാനിഷ് കവിയും നാടകകൃത്തുമായ മിഗുവെൽ ഹെർണാണ്ടെഥ് 1910 ഒക്ടോബർ 30ന്‌ തെക്കൻ സ്പെയിനിലെ ഓരിഹ്വേല ടൗണിൽ ഒരു ദരിദ്രകുടുംബത്തിൽ ജനിച്ചു. ചെറുപ്പത്തിൽ ആട്ടിടയനായിരുന്ന ഹെർണാണ്ടെഥ് 1936ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുകയും സ്പാനിഷ് ആഭ്യന്തരയുദ്ധത്തിൽ പങ്കെടുക്കുകയും ചെയ്തു. നാഷണലിസ്റ്റുകൾ വധശിക്ഷയ്ക്കു വിധിച്ചുവെങ്കിലും രാഷ്ട്രാന്തരപ്രതിഷേധത്തെത്തുടർന്ന് അത് ജീവപര്യന്തമായി കുറച്ചു. മതിയായ ചികിത്സ കിട്ടാതെ 1942ൽ ജയിലിൽ വച്ചു മരിക്കുമ്പോൾ അദ്ദേഹത്തിന്‌ 31 വയസ്സായിരുന്നു. 

ഹെർണാണ്ടെഥിന്റെ കവിതയിൽ പ്രമേയമാകുന്നത് പ്രണയത്തിന്റെ ശോകവും യുദ്ധവും മരണവും സമൂഹത്തിലെ അനീതിയുമാണ്‌. ഗോങ്ങൊറയുടെ പുഷ്കലമായ ശൈലിയിൽ തുടങ്ങിയ ആ കവിത കാലം ചെല്ലുന്നതോടെ ലളിതവും വിഷാദമയവുമാകുന്നു.

ചാന്ദ്രവിദഗ്ധൻ (1933), അവസാനിക്കാത്ത മിന്നൽ (1936), അസാന്നിദ്ധ്യങ്ങളുടെ പുസ്തകം (1958) എന്നിവയാണ്‌ അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കവിതാസമാഹാരങ്ങൾ.


തോട്ടപ്പണിക്കാർ വഴിനടന്നുപോകുന്നു...

--------------------------------------------------

തോട്ടപ്പണിക്കാർ വഴിനടന്നുപോകുന്നു,
മടക്കത്തിന്റെ പാവനമുഹൂർത്തത്തിൽ;
അവരുടെ ചോര ചതഞ്ഞിരിക്കുന്നു,
ഹേമന്തത്തിന്റെ, വസന്തത്തിന്റെ, ഗ്രീഷ്മത്തിന്റെ ഭാരത്താൽ.

മനുഷ്യാതീതയത്നങ്ങൾ കഴിഞ്ഞവർ വരുന്നു,
അവർ പോകുന്നു, ഒരു ഗാനത്തിലേക്ക്, ഒരു ചുംബനത്തിലേക്ക്.
വായുവിൽ കുഴികുത്തി അവർ വിട്ടുപോകുന്നു,
പണിയായുധങ്ങളുടെ, കൈകളുടെ ഗന്ധത്തെ.

മറ്റൊരു വഴിയിലൂടെ ഞാൻ പോകുന്നു,
ഒരു ചുംബനത്തിലുമെത്താത്ത വഴിയിലൂടെ,
ദിശയറ്റലയുന്നൊരു വഴിയിലൂടെ.

പുഴക്കരെ, ഒറ്റയ്ക്കൊരു കാള നിൽക്കുന്നു,
ദാരുണവും ഭയന്നതുമായ മുഖത്തോടതു കരയുന്നു,
അതു മറക്കുന്നു, കാളയാണ്‌, വീര്യവാനാണു താനെന്ന്.
*

പ്രണയം നമുക്കിടയിലിറങ്ങിവന്നു...
-------------------------------------


പ്രണയം നമുക്കിടയിലിറങ്ങിവന്നു,
ഒരുനാളും പുണരാത്ത രണ്ടു പനകൾക്കിടയിൽ
ചന്ദ്രനെന്ന പോലെ.
കടൽപ്പെരുക്കത്തിന്റെ കൂജനം പോലെ
നമ്മുടെ രണ്ടുടലുകളുടെ ഗാഢമർമ്മരം,
തൊണ്ടകളിൽ പക്ഷേ, നമ്മുടെ ശബ്ദമമർന്നു,
ചുണ്ടുകൾ കല്ലുകളായി,
പിണയാനുള്ള ദാഹം നമ്മുടെ മാംസത്തെയിളക്കി,
എരിയുന്ന അസ്ഥികളെത്തിളക്കി,
എത്തിപ്പിടിയ്ക്കാനുള്ള കൈകളുടെ തൃഷ്ണയോ,
നമ്മുടെ കൈകളിൽത്തന്നെ മരിച്ചുവീണു.
നമുക്കിടയിലൂടെക്കടന്നുപോയി പ്രണയവും ചന്ദ്രനും,
ആർത്തിയോടവ വിഴുങ്ങി നമ്മുടെയൊറ്റയൊറ്റയുടലുകളെ.
ഇന്നന്യോന്യം തേടുന്ന രണ്ടു പ്രേതങ്ങൾ നാം,
അത്രയുമകലത്തു നിന്നന്യോന്യം കണ്ടെത്തുന്നു നാം.
***

മൂന്നു മുറിവുകളുമായി അവൻ വന്നു...
-------------------------------------


മൂന്നു മുറിവുകളുമായി അവൻ വന്നു:
ഒന്ന് പ്രണയത്തിന്റെ,
ഒന്ന് മരണത്തിന്റെ,
ഒന്ന് ജീവിതത്തിന്റെ.

മൂന്നു മുറിവുകളുമായി അവൻ വരുന്നു:
ഒന്ന് ജീവിതത്തിന്റെ,
ഒന്ന് പ്രണയത്തിന്റെ,
ഒന്ന് മരണത്തിന്റെ.

മൂന്നു മുറിവുകളുമായി ഞാനിരിക്കുന്നു:
ഒന്ന് ജീവിതത്തിന്റെ,
ഒന്ന് മരണത്തിന്റെ,
ഒന്ന് പ്രണയത്തിന്റെ.
***

ദാഹാർത്തൻ്റെ വിലാപഗാനം
---------------------------------


ഞാൻ മരുഭൂമിയിലെ മണൽത്തരി :
ദാഹത്തിന്റെ മരുഭൂമി.
എനിക്കു കുടിക്കരുതാത്ത മരുപ്പച്ച
നിന്റെ വദനം.

മരുഭൂമിയിലെ മണൽത്തരികൾക്കു
തുറന്നിട്ട മരുപ്പച്ച: വദനം.

വരണ്ടുണങ്ങിയ ഭൂമിയിൽ
ഒരു നീർത്തടം, നിന്റെയുടൽ,
അതു നിന്റെ,
ഒരിക്കലുമതാകില്ല, നമ്മുടെ.

ദാഹവും വെയിലും കൊണ്ടെരിഞ്ഞവനു
മൂടിയിട്ട കിണർ: ഉടൽ.
*

പകയുള്ളിൽ വച്ച കാറ്റിനിതെന്തു വേണം...

———————————————————————————-

പകയുള്ളിൽ വച്ച കാറ്റിനിതെന്തു വേണം,
എന്റെ കൈകളാൽ നിന്നെപ്പുതപ്പിക്കുമ്പോൾ
ചുരമോടിയിറങ്ങി വന്നതു
ജനാലകൾ തള്ളിത്തുറക്കാൻ?

നമ്മെത്തട്ടിയിടണമതിന്‌,
നിലത്തു വീഴ്ത്തണമതിന്‌.

നമ്മെത്തട്ടിയിട്ടതിൽപ്പിന്നെയും,
നാം നിലത്തു വീണതിൽപ്പിന്നെയും,
നമ്മുടെ ചോരകളിറങ്ങിയതിൽപ്പിന്നെയും
കാറ്റിതനുനിമിഷമാർത്തിപ്പെടുന്നതെന്തിനോ?

നമ്മെ വേർപിരിക്കണമതിന്‌.


അത്രയും നൈർമ്മല്യവും സാരള്യവുമായി നീ മരിക്കുന്നു...

അത്രയും നൈർമ്മല്യവും സാരള്യവുമായി നീ മരിക്കുന്നു,
അപരാധി ഞാൻ പ്രിയേ, അതിനു പഴി എനിക്കിരിക്കട്ടെ,
ചുംബനങ്ങൾ മോഷ്ടിക്കുക ശീലമാക്കിയവൻ,
നിന്റെ കവിളത്തെപ്പൂവിൽ നിന്നു മൊത്തിയല്ലോ ഞാൻ.

നിന്റെ കവിളത്തെപ്പൂവിൽ നിന്നു മൊത്തിയല്ലോ ഞാൻ,
ആ മഹിമയിൽപ്പിന്നെ, ആ അപരാധത്തിൽപ്പിന്നെ,
അത്രയും ശ്രദ്ധയോടെ നീ പരിപാലിച്ച നിന്റെ കവിൾ,
അതു കുഴിഞ്ഞു, അതു ദുഷിച്ചു, അതു വിളർത്തു.

ഇന്നും നിന്റെ കവിളിനെ വിടാതെ പിന്തുടരുന്നു
ആ അപരാധിച്ചുംബനത്തിന്റെ പ്രേതം,
പ്രകടമായി, കറുത്തതായി, കൂറ്റനായി.

നിനക്കുറക്കവും നഷ്ടമായി പ്രിയേ,
എന്റെ ചുണ്ടുകളെ തടുക്കാൻ ജാഗ്രതയോടിരിക്കെ,
അതു കുറുമ്പു കാട്ടാതെ കാവലിരിക്കെ.

(1936)


തണുത്തുറഞ്ഞൊരോറഞ്ചാണു നിന്റെ ഹൃദയം...

തണുത്തുറഞ്ഞൊരോറഞ്ചാണു നിന്റെ ഹൃദയം,
അതിനുള്ളിൽക്കടക്കില്ലൊരു വെളിച്ചവും;
സൗവർണ്ണം, സുഷിരമയം,എണ്ണ മിനുങ്ങുന്നതും;
കാണുന്നവർക്കപായം വാഗ്ദാനം ചെയ്യുന്ന പ്രതലം.

ജ്വരതപ്തമായൊരു മാതളമാണെന്റെ ഹൃദയം,
തുടുപ്പുകളുടെ സഞ്ചയവും പിളർന്നതൊലിയുമായി;
നിനക്കതർപ്പിച്ചേക്കാമതിന്റെ ലോലബീജങ്ങൾ,
പ്രണയവിവശമായൊരു ദുശ്ശാഠ്യത്തോടെ.

ഹാ, എത്രമേൽ പ്രാണഭേദകമായൊരനുഭവം,
നിന്റെ ഹൃദയം കടന്നുചെല്ലുമ്പോൾക്കാണുക,
ഭയാനകമായൊരു മഞ്ഞുവീഴ്ചയുടെ ശൈത്യം!

എന്റെ ശോകത്തിന്റെ വിളുമ്പുകളിൽ
ദാഹാർത്തമായൊരു തൂവാല തങ്ങിനിൽക്കുന്നു,
എന്റെ കണ്ണീരു കുടിച്ചുതീർക്കാമെന്ന മോഹത്തോടെ.

കരയാനും നോവാനുമായിപ്പിറന്നവനാണു ഞാൻ...

കരയാനും നോവാനുമായിപ്പിറന്നവനാണു ഞാൻ,
ഒരു കാളയെപ്പോലെ,
പൊള്ളുന്ന കമ്പി കൊണ്ടു പക്കുകളിൽ ചാപ്പ കുത്തിയവനാണു ഞാൻ,
ഒരു കാളയെപ്പോലെ,
ആണായതിനാൽ തുടയിടുക്കിൽ വൃഷണങ്ങൾ കൊണ്ടും.

ഹൃദയത്തിന്റെ വലുപ്പം കൊണ്ടെന്തും ചെറുതായിപ്പോയവനാണു ഞാൻ,
ഒരു കാളയെപ്പോലെ,
ഒരു മുഖത്തോ,ടൊരു ചുംബനത്തോടു പ്രണയത്തിലായ ഞാൻ,
നിന്റെ പ്രണയം പൊരുതിനേടുകയും വേണം ഞാൻ,
ഒരു കാളയെപ്പോലെ.

പ്രഹരമേറ്റു ചീർത്തവനാണു ഞാൻ, ഒരു മൂരിയെപ്പോലെ,
സ്വന്തം ഹൃദയരക്തത്തിൽ കുളിച്ചതാണെന്റെ നാവ്,
ഒരു കൊടുങ്കാറ്റിന്റെ പട്ടയണിഞ്ഞതാണെന്റെ കഴുത്ത്.

നിന്റെ പിന്നാലെ വരുന്നു, നിന്നെപ്പിരിയാതെ കൂടുന്നു ഞാൻ,
ഒരു കാളയെപ്പോലെ,
എന്റെ തൃഷ്ണയെ ഒരു വാൾമുനയ്ക്കിട്ടുകൊടുക്കുന്നു നീ,
ഒരു കാളയെപ്പോലെ ചതിയിൽപ്പെട്ടുപോകുന്നു ഞാൻ,
ഒരു കാളയെപ്പോലെ.

കവിതയെക്കുറിച്ചുള്ള ചിന്തകൾ

------------------------------


കവിത പ്രാസം കൊണ്ടുള്ള കളിയല്ല; ധൈര്യത്തിന്റെ കാര്യമാണത്. തുടക്കക്കാരനിൽ നിന്നത് പ്രാസം ആവശ്യപ്പെടുന്നു, തഴക്കം വന്നവനിൽ നിന്ന് നിശ്ചയദാർഢ്യവും.
*

വെറും ധൈഷണികമായ കവിതക്കളികൾ ഞാൻ വെറുക്കുന്നു. എനിക്കു വേണ്ടത് ചോരയുടെ ആവിഷ്കാരങ്ങളാണ്‌, ചിന്തിക്കുന്ന മഞ്ഞുകട്ട പോലുള്ള മനോഭാവം കൊണ്ട് സർവ്വതും തകർക്കുന്ന യുക്തിയുടെയല്ല.
*

ശുദ്ധമായ കലയെക്കുറിച്ചു കേട്ടുകേട്ട് എനിക്കു മടുത്തു. ബൈബിളിലെ ഒരടുക്കും ചിട്ടയുമില്ലാത്ത രീതിയാണ്‌ എനിക്കിഷ്ടം. നാടകീയസംഭവങ്ങളും അത്യാഹിതങ്ങളും ദൗർഭാഗ്യങ്ങളും തകിടം മറിഞ്ഞ ലോകങ്ങളും അതിൽ ഞാൻ കാണുന്നു; ആക്രോശങ്ങളും ചോരയുടെ സ്ഫോടനങ്ങളും അതിൽ ഞാൻ കേൾക്കുന്നു. ഒരു പോപ്ലാർ മരം കാണുമ്പോഴേക്കും ആനന്ദമൂർച്ഛയിലാഴുകയും നാല്‌ ചെറിയ വരികൾ തൊടുത്തുവിട്ടിട്ട് കവിതയിൽ കൈവരിക്കാനുള്ളതെല്ലാം അതോടെ നേടിക്കഴിഞ്ഞുവെന്നു ചിന്തിക്കുകയും ചെയ്യുന്ന ക്ഷുദ്രശബ്ദത്തെ ഞാൻ കണക്കിലെടുക്കുന്നേയില്ല.

പഞ്ചാരപ്പലഹാരമുണ്ടാക്കുന്ന കന്യാസ്ത്രീകളെപ്പോലെ ആകെ കോമളിമയും പഞ്ചാരത്തരി പുരണ്ട വിരൽത്തുമ്പുകളുമായി നടക്കുന്ന കവികളുടെ നാണം കുണുങ്ങലും സ്നേഹനാട്യവും പടിയ്ക്കു പുറത്തു നില്ക്കട്ടെ.
*

തന്റെ ജീവിതത്തിനും അതിലൂടെ തന്റെ കലയ്ക്കും ഒരു പരിഹാരം കണ്ടെത്തുന്നവനാണ്‌ ക്ലാസിക്കൽ കവി. റൊമാന്റിക്കാവട്ടെ, ഒന്നിനും പരിഹാരം കാണുന്നില്ല- സ്വന്തം ജീവിതത്തിനും സ്വന്തം കലയ്ക്കും.
*

കൂസലില്ലായ്മ ഒരു കാല്പനികദോഷമാണ്‌; അതിനർത്ഥം, ഏറ്റവും സ്വകാര്യമായ കാര്യങ്ങളെക്കുറിച്ച്, താൻ സ്നേഹിക്കുന്ന ചിലർക്കു മാത്രം അവകാശപ്പെട്ട സംഗതികളെക്കുറിച്ച് പറയുക എന്നാണ്‌. ദുഃഖങ്ങളും നിർഭാഗ്യങ്ങളും അമിതസ്വാതന്ത്ര്യത്തോടെ പ്രസിദ്ധമാക്കുന്നത് കവിയുടെ കാര്യത്തിൽ ദൂരക്കാഴ്ചയുടെ കുറവാണു കാണിക്കുന്നത്. തന്റെ മുന്നിൽ വരുന്ന ഒരു വസ്തുവിനേയും ബിംബത്തേയും അയാൾ ഒറ്റയ്ക്കു വിടുന്നില്ല.

ഈ ലോകത്ത് മനുഷ്യൻ ഒറ്റയാനാണ്‌; പൊതുവേ അവനത് അറിയുന്നില്ലെന്നേയുള്ളു. കവിയായ ഒരു മനുഷ്യന്‌, താൻ മനുഷ്യനാണെന്നതിനു പുറമേ, അനന്തമായ ഏകാന്തതയെക്കുറിച്ചും അറിയാം. ഏകാന്തതയുടെ പ്രചണ്ഡമായ കൊടുങ്കാറ്റുകൾ ആദിയിലേ അയാൾക്കായി മാറ്റിവച്ചിരിക്കുന്നു.
*

കവി മൂർച്ഛയിലായിരിക്കുമ്പോൾ മാലാഖയെപ്പോലെ സൃഷ്ടിക്കുന്നു, വിഷമസന്ധികളുടെ നിമിഷങ്ങളിൽ മനുഷ്യനെപ്പോലെയും.
*

ലോകത്താകെയുള്ള കവികളെക്കാളും എന്നെ സ്വാധീനിക്കുന്നത് എന്റെ മുറ്റത്തെ നാരകമരമാണ്‌.
*

ഒരു തരി അഴുക്കുമണ്ണിനടിയിൽ നിങ്ങളടങ്ങും, അത്രയും മഹത്വം ഭാവിക്കുന്നവനേ!
*

മാംസം സാവധാനം അഴിഞ്ഞുവീഴുന്നു, എല്ലുകൾ പൊടുന്നനേ പൊളിഞ്ഞുവീഴുന്നു.

2024, ഒക്‌ടോബർ 24, വ്യാഴാഴ്‌ച

ലൂയിസ് ഗ്ലിക്ക് - കവിതകൾ

 പുതുമഞ്ഞ്

----------------

ഭൂമി ഉറങ്ങാൻ പോവുകയാണ്‌, ഒരു കുഞ്ഞിനെപ്പോലെ,
അഥവാ, കഥയങ്ങനെ പോകുന്നു.

എനിക്കു ക്ഷീണമില്ലല്ലോ, അതു പറയുന്നു,
അമ്മ പറയുന്നു, നിനക്കു ക്ഷീണമില്ലായിരിക്കാം,
ഞാൻ പക്ഷേ വല്ലാതെ ക്ഷീണിച്ചു-

അവരുടെ മുഖത്തു നിങ്ങൾക്കതു കാണാം,
ആർക്കുമതു കാണാം.
അതിനാൽ, മഞ്ഞു പൊഴിഞ്ഞുതന്നെയാവണം,
ഉറക്കം വന്നുതന്നെയാവണം.
അമ്മയ്ക്കത്ര മടുത്തിരിക്കുന്നു ജീവിതമെന്നതിനാൽ,
അവർക്കു വേണം നിശ്ശബ്ദതയെന്നതിനാൽ
*

വിശുദ്ധർ

——————-

ഞങ്ങളുടെ കുടുംബത്തിൽ രണ്ടു വിശുദ്ധരുണ്ടായിരുന്നു,
എന്റെ അമ്മായിയും എന്റെ അമ്മൂമ്മയും.
അവരുടെ ജീവിതങ്ങൾ പക്ഷേ വ്യത്യസ്തമായിരുന്നു.

അമ്മൂമ്മയുടെ ജീവിതം പ്രശാന്തമായിരുന്നു, അന്ത്യം വരെയ്ക്കും.
അലയടങ്ങിയ ജലത്തിൽ നടക്കുന്നൊരാളെപ്പോലെയായിരുന്നു അവർ;
എന്തുകാരണം കൊണ്ടോ, കടലവരെ ദ്രോഹിച്ചിരുന്നില്ല.
അതേ പാതയിലൂടെ അമ്മായി പോയപ്പോൾ
തിരകളവരുടെ മേൽ പൊട്ടിച്ചിതറി,
തിരകളവരെ കടന്നാക്രമിച്ചു,
അങ്ങനെയത്രേ, തികച്ചുമാത്മീയമായൊരു പ്രകൃതത്തോട്
വിധിയുടെ ദേവതകൾ പ്രതികരിക്കുന്നതും.

എന്റെയമ്മൂമ്മ കരുതലുകാരിയായിരുന്നു, യാഥാസ്ഥിതികയായിരുന്നു:
അതുകൊണ്ടാണവർ ദുരിതങ്ങളിൽ നിന്നു രക്ഷപ്പെട്ടതും;
എന്റെ അമ്മായിക്കൊന്നിൽ നിന്നും രക്ഷ കിട്ടിയില്ല,
ഓരോ തവണ കടലിറങ്ങുമ്പോഴും
അവർ സ്നേഹിച്ചിരുന്നൊരാളെ അതെടുത്തിരുന്നു.

എന്നിട്ടും, എന്നിട്ടുമവർ കടലിനെ തിന്മയായിക്കണ്ടില്ല.
അവർക്കത് അതിന്റെ പ്രകൃതമായിരുന്നു:
കര തൊടുന്നിടത്തതു ഹിംസാത്മകം തന്നെയായി മാറണം.
*

നവലോകം
———————


ഞാൻ കണ്ടിടത്തോളം,
അമ്മയുടെ ജീവിതകാലമുടനീളം
അച്ഛനവരെ പിടിച്ചുകെട്ടിവച്ചിരിക്കുകയായിരുന്നു,
കാൽമുട്ടിൽ കെട്ടിവച്ച കറുത്തീയം പോലെ.

പ്രകൃതം കൊണ്ടു പ്രസരിപ്പുകാരിയായിരുന്നു,
എന്റെ അമ്മ;
അവർക്കു യാത്ര ചെയ്യണമെന്നുണ്ടായിരുന്നു,
നാടകം കാണാൻ പോകണമെന്നുണ്ടായിരുന്നു,
കാഴ്ചബംഗ്ലാവിൽ പോകണമായിരുന്നു.
അച്ഛനിഷ്ടം സോഫയിൽ മലർന്നുകിടക്കാനായിരുന്നു,
മുഖത്തു വിടർത്തിവച്ച ടൈംസ് പത്രവുമായി;
എങ്കിൽ, മരണം, അതു വന്നെത്തുമ്പോൾ,
ഗണ്യമായൊരു മാറ്റമായി തോന്നുകയില്ലല്ലോ.

ഒരുമിച്ചു കാര്യങ്ങൾ ചെയ്യാൻ കരാറു വച്ച
ഇതുപോലുള്ള ദമ്പതികളിൽ
ഉത്സാഹിയായ ആളായിരിക്കും എപ്പോഴും വഴങ്ങിക്കൊടുക്കുക.
കണ്ണു തുറന്നുവയ്ക്കാത്ത ഒരാളുമായി
നിങ്ങൾക്കു കാഴ്ചബംഗ്ലാവിൽ പോകാൻ പറ്റില്ലല്ലോ.

അച്ഛന്റെ മരണം അമ്മയെ സ്വതന്ത്രയാക്കുമെന്നു
ഞാൻ കരുതിയിരുന്നു.
ഒരർത്ഥത്തിൽ അതങ്ങനെയാവുകയും ചെയ്തു:
അമ്മയിപ്പോൾ യാത്ര പോകുന്നുണ്ട്,
മഹത്തായ കലാസൃഷ്ടികൾ നോക്കിനില്ക്കുന്നുണ്ട്.
അവർ പക്ഷേ ഒഴുകിനടക്കുകയാണ്‌.
പിടി വിട്ട നിമിഷം എങ്ങോട്ടെന്നറിയാതെ പാറുന്ന
കുട്ടികളുടെ ബലൂൺ പോലെ.
മാതൃപേടകവുമായി ബന്ധം നഷ്ടപ്പെട്ട
ബഹിരാകാശനാവികനെപ്പോലെ;
തനിക്കു ശേഷിച്ച ജീവിതമെന്നാൽ,
അതിനി എത്ര നേരത്തേക്കായാലും,
ഇതാണെന്നറിഞ്ഞുകൊണ്ട്
ബഹിരാകാശത്തൊഴുകിനടക്കുക.
ആ അർത്ഥത്തിൽ അമ്മ സ്വതന്ത്രയായിരുന്നു:
ഭൂമിയോടു ബന്ധമില്ലാതെ.
*

ഛായാചിത്രം
-----------------


ഒരു കുട്ടി ഒരുടലിന്റെ രൂപരേഖ വരയ്ക്കുന്നു.
തനിക്കാവുന്നതവൾ വരയ്ക്കുന്നു,
എന്നാലതാകെ വെണ്മയാണ്‌;
എന്താണവിടെയുള്ളതെന്നറിയാമെങ്കിലും
അതു നിറയ്ക്കാനവൾക്കു കഴിയുന്നില്ല.
തുണയറ്റ ആ രേഖയ്ക്കുള്ളിൽ
ജീവന്റെ കുറവുണ്ടെന്നവൾക്കറിയാം.
ഒരു പശ്ചാത്തലത്തിൽ നിന്നവൾ
മറ്റൊരു പശ്ചാത്തലം മുറിച്ചെടുത്തുന്നുവെന്നേയുള്ളു.
ഏതൊരു കുട്ടിയേയും പോലെ
അവൾ തന്റെ അമ്മയിലേക്കു തിരിയുന്നു.

അവൾ സൃഷ്ടിച്ച ശൂന്യതയ്ക്കുള്ളിൽ
നിങ്ങളൊരു ഹൃദയം വരച്ചുചേർക്കുകയും ചെയ്യുന്നു.
*

വിലാപം
---------------


നിങ്ങൾ മരിച്ചുകഴിഞ്ഞാൽ
എത്ര പെട്ടെന്നാണവർ,
ഒരുകാര്യത്തിലും ഒരിക്കലും തമ്മിൽ യോജിക്കാത്തവർ,
നിങ്ങളുടെ സ്വഭാവത്തിന്റെ കാര്യത്തിൽ യോജിപ്പിലെത്തുക.
ഒരേ സംഗീതം പരിശീലിക്കുന്ന ഒരുകൂട്ടം പാട്ടുകാരെപ്പോലെയാണവർ:
നിങ്ങൾ നീതിമാനായിരുന്നു, നിങ്ങൾ ദയാലുവായിരുന്നു,
നിങ്ങൾ ഭാഗ്യവാനായിരുന്നു.
സ്വരപ്പൊരുത്തമില്ല, എന്നാൽ അപസ്വരവുമില്ല.
അവർ അഭിനേതാക്കളല്ലെന്നു മാത്രം:
അവരൊഴുക്കുന്നത് ശരിക്കുള്ള കണ്ണീരുതന്നെ.

ഭാഗ്യത്തിന്‌ നിങ്ങൾ മരിച്ചുകഴിഞ്ഞു;
അല്ലെങ്കിൽ അറപ്പടക്കിവയ്ക്കാൻ പറ്റാതായേനെ നിങ്ങൾക്ക്.
എന്നാൽ, അതൊക്കെക്കഴിഞ്ഞ്,
വന്നവരൊന്നൊന്നായി കണ്ണും തുടച്ച് പുറത്തേക്കിറങ്ങുമ്പോൾ,
മാമൂലുകളുമായിക്കഴിഞ്ഞ ഒരു പകലിനു ശേഷം
സൂര്യന്റെ അതിശയവെളിച്ചം കാണുമ്പോൾ,
(സെപ്തംബറായിട്ടും, സായാഹ്നമായിട്ടും)-
ആളുകളുടെ കൂട്ടപ്പലായനം തുടങ്ങുമ്പോൾ,
അപ്പോഴാണ്‌ നിങ്ങൾക്കസൂയ തോന്നിത്തുടങ്ങുക.

നിങ്ങളുടെ കൂട്ടുകാർ, ജീവിച്ചിരിക്കുന്നവർ,
അവർ പരസ്പരം ആശ്ലേഷിക്കുന്നു,
സൂര്യൻ താഴ്ന്നിറങ്ങുമ്പോൾ,
സന്ധ്യനേരത്തെ ഇളംകാറ്റിൽ സ്ത്രീകളുടെ ഷാളുകളുലയുമ്പോൾ,
വഴിയോരത്തു നിന്നവർ പരദൂഷണം നടത്തുന്നു-
“ഭാഗ്യവാൻ” എന്നതിന്റെ അർത്ഥം ഇതാണ്‌, ഇതുതന്നെയാണ്‌:
വർത്തമാനകാലത്തുണ്ടായിരിക്കുക എന്നാണതിനർത്ഥം.
*

തനിസ്വരൂപം
-----------------


ഇരുണ്ട ജനാലച്ചില്ലിൽ 
ഇന്നു രാത്രിയിൽ ഞാനെന്നെത്തന്നെ കണ്ടു,
എന്റെയച്ഛന്റെ പ്രതിരൂപം തന്നെയായി,
അച്ഛന്റെ ജീവിതവും ഇതുപോലെയായിരുന്നു,
മറ്റെല്ലാമൊഴിവാക്കി, മരണചിന്ത മാത്രമായി;
ഒടുവിൽ ജീവിതാന്ത്യമെത്തിയപ്പോൾ
അതു കയ്യൊഴിയാനും എളുപ്പമായിരുന്നു,
അതിലൊന്നുമുണ്ടായിരുന്നില്ലല്ലോ.
അമ്മയുടെ ശബ്ദം പോലും അച്ഛന്റെ മനസ്സു മാറ്റിയില്ല,
അച്ഛനെ തിരിച്ചുവിളിച്ചില്ല,
അച്ഛന്റെ വിശ്വാസം ഇതായിരുന്നതിനാൽ:
മറ്റൊരു മനുഷ്യജീവിയെ സ്നേഹിക്കാൻ
നിങ്ങൾക്കു കഴിയാതായിക്കഴിഞ്ഞാൽ
ലോകത്തൊരു സ്ഥാനവും പിന്നെ നിങ്ങൾക്കില്ല.
*

ഒരു കീഴ്‌വഴക്കം
------------------


മറ്റെല്ലാ കുഞ്ഞുങ്ങളുടെ കാര്യത്തിലും ചെയ്തപോലെ
മരിച്ച കുഞ്ഞിനു വേണ്ടിയും 
എന്റെ അമ്മ എല്ലാം മുൻകൂട്ടി ചെയ്തുവച്ചിരുന്നു.

അലമാര നിറയെ പതുപതുത്ത ഉടുപ്പുകൾ.
ഭംഗിയായി മടക്കിവച്ച കുഞ്ഞുജാക്കറ്റുകൾ.
ഒരു കൈത്തലത്തിലൊതുങ്ങുമായിരുന്നു ഓരോന്നും.

അതേപോലവർ ഓർത്തോർത്തിരുന്നു,
ഏതു നാളായിരിക്കുമതിന്റെ പിറന്നാളെന്ന്.
ഓരോ നാളും കടന്നുപോകെ അവർക്കറിയാമായിരുന്നു,
ഏതൊരു സാധാരണദിവസവും ആഹ്ലാദത്തിന്റെ പ്രതീകമാകാമെന്ന്.

അമ്മയുടെ ജീവിതത്തെ മരണം സ്പർശിച്ചിട്ടില്ലെന്നതിനാൽ
അതല്ലാത്തതൊന്നിനെക്കുറിച്ചവർ മനോരാജ്യം കാണുകയായിരുന്നു,
ഒരു കുഞ്ഞു വരാനിരിക്കുമ്പോൾ നാം ചെയ്യുന്നപോലെ.
*

കുമ്പസാരം
-----------------


എനിക്കു പേടിയില്ലായിരുന്നു
-എന്നു പറഞ്ഞാൽ അതു ശരിയാവില്ല.
രോഗത്തെ, അപമാനത്തെ എനിക്കു പേടിയാണ്‌.
ആരെയും പോലെ എനിക്കും സ്വപ്നങ്ങളുണ്ട്.
എന്നാലിപ്പോൾ ഞാൻ പഠിച്ചിരിക്കുന്നു,
അവ ഒളിപ്പിച്ചുവയ്ക്കാൻ,
അവയുടെ സാഫല്യത്തിൽ നിന്നു സ്വയം രക്ഷിക്കാൻ:
ഏതു സന്തോഷവും വിധിയുടെ കോപം വിളിച്ചുവരുത്തും.
അവർ സഹോദരിമാരാണ്‌, ഉഗ്രകൾ.*
അവർക്കൊരു വികാരവുമറിയില്ല
-അസൂയയല്ലാതെ.
*

ലേബർ ഡേ
————————


അച്ഛൻ മരിച്ചിട്ടിന്ന് കൃത്യം ഒരുകൊല്ലമാവുന്നു.
കഴിഞ്ഞകൊല്ലം നല്ല ചൂടായിരുന്നു. 
സംസ്കാരസമയത്ത് ആളുകൾ കാലാവസ്ഥയെക്കുറിച്ചു പറയുകയായിരുന്നു.
സെപ്തംബറായിട്ടും എന്തു ചൂട്! 

ഇക്കൊല്ലം തണുപ്പാണ്‌.
ഇപ്പോൾ ഞങ്ങളേയുള്ളു, അടുത്ത കുടുംബക്കാർ മാത്രം.
പൂത്തടങ്ങളിൽ ഓടിന്റെ, ചെമ്പിന്റെ തുണ്ടുകൾ.

എന്റെ സഹോദരിയുടെ മകൾ 
മുൻവശത്തെ നടപ്പാതയിൽ സൈക്കിളോടിക്കുന്നു,
കഴിഞ്ഞകൊല്ലത്തെപ്പോലെ.
അവൾക്കു സമയം കളയണമെന്നേയുള്ളു.

ശേഷിച്ച ഞങ്ങൾക്കാകട്ടെ,
ഒരു ജീവിതകാലമെന്നാൽ ഒന്നുമില്ല.
ഒരു ദിവസം നിങ്ങൾ ഒരു പല്ലില്ലാത്ത സ്വർണ്ണമുടിക്കാരൻ കുട്ടി,
അടുത്ത ദിവസം ശ്വാസം കിട്ടാൻ കിതയ്ക്കുന്ന വൃദ്ധൻ.
ശരിക്കും അതൊന്നുമില്ല,
ഭൂമിയിൽ ഒരു നിമിഷം പോലുമില്ല.
ഒരു വാചകമല്ല, ഒരു ശ്വാസം, ഒരു യതി.
*
*അമേരിക്കയിൽ സെപ്തംബറിലെ ആദ്യത്തെ തിങ്കളാഴ്ചയാണ്‌ ലേബർ ഡേ.

*

മരീന
----------------


എന്റെ ഹൃദയം ഒരു കന്മതിലായിരുന്നു
ഏതു വിധേനയും നീയതു പൊളിച്ചകത്തുകയറി.

എന്റെ ഹൃദയം ഒരുദ്യാനത്തുരുത്തായിരുന്നു
നിനക്കതു ചവിട്ടിമെതിക്കാനുള്ളതായിരുന്നു.

നിനക്കു വേണ്ടിയിരുന്നതെന്റെ ഹൃദയമായിരുന്നില്ല;
നീയെന്റെ ഉടലിലേക്കു പോവുകയായിരുന്നു.

ഇതൊന്നും എന്റെ കുറ്റമായിരുന്നില്ല.
നീയെനിക്കെല്ലാമായിരുന്നു,
സൗന്ദര്യവും പണവും മാത്രമായിരുന്നില്ല.
കിടക്കയിൽ നാമൊരുമിച്ചപ്പോൾ
പൂച്ച മറ്റൊരു കിടപ്പുമുറിയിലേക്കു പോയി.

പിന്നെ, നീയെന്നെ മറന്നു.

ഉദ്യാനമതിലിനു ചുറ്റും
കല്ലുകൾ വിറകൊണ്ടതു
വെറുതെയായിരുന്നില്ല:

അവിടെയിപ്പോൾ ഒന്നുമില്ല,
ആളുകൾ പ്രകൃതി എന്നു വിളിക്കുന്ന വന്യത മാത്രം,
അവ്യവസ്ഥയുടെ കടന്നുകയറ്റം.

നീയെന്നെക്കൊണ്ടുപോയി,
എന്റെ സ്വഭാവത്തിലെ ദുഷ്ടത എനിക്കു കാണാവുന്നിടത്ത്,
അവിടെ നീയെന്നെ വിട്ടുപോവുകയും ചെയ്തു.

ശൂന്യമായ കിടപ്പുമുറിയിൽ
ഉപേക്ഷിക്കപ്പെട്ട പൂച്ചയുടെ രോദനം.

*

യുട്ടോപ്പിയ
---------------

ട്രെയിൻ വന്നുനില്ക്കുമ്പോൾ, സ്ത്രീ പറഞ്ഞു, നീ കയറിക്കോണം. എന്നാൽ ഞാനെങ്ങനെ അറിയാൻ, കുട്ടി ചോദിച്ചു, അതാണു ശരിയായ ട്രെയിനെന്ന്. അതായിരിക്കും ശരിയായ ട്രെയിൻ, സ്ത്രീ പറഞ്ഞു, കാരണം, അതാണ്‌ ശരിയായ സമയം. ഒരു ട്രെയിൻ സ്റ്റേഷനിലേക്കടുത്തുവന്നു; നരച്ച പുകമേഘങ്ങൾ പുകക്കുഴലിൽ നിന്നു പ്രവഹിച്ചു. എന്തു ഭയമാണെനിക്ക്, മുത്തശ്ശിക്കു കൊടുക്കാനുള്ള മഞ്ഞ ട്യൂലിപ്പുകൾ അടുക്കിപ്പിടിച്ചുകൊണ്ട് കുട്ടി ഓർക്കുന്നു. യാത്രയിലഴിയാതിരിക്കാൻ അവളുടെ മുടി മുറുക്കെപ്പിന്നിയിട്ടിരിക്കുന്നു.  പിന്നെ, പിന്നെയൊന്നും പറയാതെ, അവൾ ട്രെയിനിൽ കയറുന്നു; അതിൽ നിന്നൊരു ശബ്ദം പുറത്തേക്കു വരുന്നു, അവൾ സംസാരിക്കാറുള്ളൊരു ഭാഷയിലല്ല, ഒരു തേങ്ങൽ പോലെ, ഒരു കരച്ചിൽ പോലെയൊന്ന്.

*