ജീവിതത്തിലൂടെ താൻ കടന്നുപോയ പാതയിൽ റോബർട്ട് വാൾസർ അവശേഷിപ്പിച്ചുപോയത് മായ്ച്ചുകളയാവുന്നത്ര മങ്ങിയ പാടുകളാണ്. അദ്ദേഹത്തിന്റെ ലോകബന്ധങ്ങൾ ക്ഷണികമായിരുന്നു. എവിടെയും സ്ഥിരതാമസമാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല, ഉടമസ്ഥാവകാശം പറയാവുന്നതൊന്നും സമ്പാദിച്ചിട്ടുമില്ല. അദ്ദേഹത്തിനു വീടുണ്ടായിരുന്നില്ല, ഫർണ്ണീച്ചറെന്നു പറയാൻ ഒന്നുമുണ്ടായിരുന്നില്ല; വസ്ത്രങ്ങളുടെ കാര്യമാകട്ടെ, നല്ലതെന്നു പറയാവുന്ന ഒന്നും അത്ര തന്നെ നല്ലതല്ലാത്ത മറ്റൊന്നും മാത്രം. ഒരെഴുത്തുകാരനെന്ന നിലയിൽ ഒരാൾക്കു കൈവശം വേണ്ട ഉപകരണങ്ങൾ പോലും അദ്ദേഹത്തിന്റെ സ്വന്തമായിരുന്നില്ല. താനെഴുതുന്ന പുസ്തകങ്ങൾ പോലും അദ്ദേഹത്തിന്റേതായിരുന്നില്ല എന്നു ഞാൻ വിശ്വസിക്കുന്നു. വായിക്കുന്ന പുസ്തകങ്ങൾ മിക്കതും കടം വാങ്ങിയതായിരുന്നു. എഴുതുന്ന കടലാസ്സു പോലും ഒരിക്കലുപയോഗിച്ചതായിരുന്നു. ജീവിതകാലമുടനീളം ഭൗതികസമ്പാദ്യങ്ങൾ അദ്ദേഹത്തിനില്ലായിരുന്നു എന്നപോലെതന്നെ മറ്റു മനുഷ്യരിൽ നിന്ന് അകലത്തിലുമായിരുന്നു അദ്ദേഹം. തന്നോടേറ്റവും അടുത്ത സഹോദരങ്ങളിൽ നിന്നുപോലും- ചിത്രകാരനായ കാൾ, സുന്ദരിയായ സ്കൂൾ ടീച്ചർ ലിസ- അകന്നകന്നുപോവുകയായിരുന്നു അദ്ദേഹം. ഒടുവിൽ, മാർട്ടിൻ വാൾസർ പറഞ്ഞപോലെ, ഏകാകികളായ കവികളിൽ വച്ചേറ്റവും ബന്ധമുക്തനായ കവിയാവുകയായിരുന്നു റോബർട്ട് വാൾസർ.
അങ്ങനെയൊരാൾക്ക് ഒരു സ്ത്രീയുമായി എന്തെങ്കിലും ഇടപാടുണ്ടാവുക ഒരസാദ്ധ്യതയാണല്ലോ. മച്ചുമ്പുറത്തെ തന്റെ മുറിയുടെ തറയിൽ തുരന്നുണ്ടാക്കിയ ഓട്ടയിലൂടെ നിരീക്ഷണവിധേയരാക്കിയ താഴത്തെ ഹോട്ടലിലെ ജീവനക്കാരികൾ; ബേണിലെ വേലക്കാരികൾ; ദീർഘകാലം കത്തിടപാടു നടത്തിയ റെസി ബ്രെയ്റ്റ്ബാഹ്- ഇവരെല്ലാം, തന്റെ സാഹിത്യഭാവനയിൽ താനാരാധിച്ചിരുന്ന സ്ത്രീജനങ്ങളെപ്പോലെ, ഒരു വിദൂരതാരത്തിൽ നിന്നുള്ള ജീവികളായിരുന്നു.
വലിയ കുടുംബങ്ങൾ പൊതുനിയമമായിരുന്ന ഒരു കാലത്ത്- വാൾസറുടെ അച്ഛന് പതിനാലു സഹോദരങ്ങൾ ഉണ്ടായിരുന്നു- വാൾസർ സഹോദരങ്ങളിൽ ഒരാളുപോലും ഒരു ശിശുവിനെ ലോകത്തേക്കു കൊണ്ടുവന്നിട്ടില്ല; ഒരുമിച്ചുമരിച്ചുപോയെന്നുതന്നെ പറയാവുന്ന ആ തലമുറയിൽ സന്തത്യുത്പാദനത്തിന് ഒട്ടും സജ്ജനല്ലാതിരുന്നയാൾ റോബർട്ടും ആയിരുന്നു; ജീവിതകാലമുടനീളം അദ്ദേഹം തന്റെ ബ്രഹ്മചാരിത്വം സൂക്ഷിച്ചുവെന്നും പറയാം. അദ്ദേഹത്തിന്റെ മരണം- ആരോടും ഒന്നിനോടും ബന്ധമില്ലാത്ത ഒരാളുടെ, ഒരു സ്ഥാപനത്തിലെ ദീർഘമായ അജ്ഞാതവാസത്തിനു ശേഷം കൂടുതൽ അജ്ഞാതനായ ഒരാളുടെ മരണം- അയാളുടെ ജീവിതം പോലെതന്നെ ശ്രദ്ധിക്കപ്പെടാതെപോയേനെ. വാൾസർ ഇന്ന് വിസ്മൃതരായ എഴുത്തുകാരുടെ കൂട്ടത്തിലല്ലെങ്കിൽ അതിനു നാം പ്രധാനമായും കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തിനു വേണ്ടി നിലകൊണ്ട കാൾ സീലിഗ്ഗിനോടാണ്. വാൾസറുമൊത്തു നടത്തിയ യാത്രകളെക്കുറിച്ച് സീലിഗ്ഗിന്റെ വിവരണങ്ങൾ ഇല്ലാതെ, ഒരു ജീവചരിത്രത്തിനായുള്ള അദ്ദേഹത്തിന്റെ പ്രാരംഭജോലികളില്ലാതെ, തിരഞ്ഞെടുത്തു പ്രസിദ്ധീകരിച്ച രചനകളില്ലാതെ, വായിക്കാൻ പറ്റാത്ത ഗൂഢലിപിയിലെഴുതിയ പരശ്ശതം കടലാസ്സുതുണ്ടുകൾ ശേഖരിക്കാൻ നടത്തിയ യത്നങ്ങളില്ലാതെ വാൾസറുടെ പുനരധിവാസം സാദ്ധ്യമാകുമായിരുന്നില്ല, അദ്ദേഹത്തിന്റെ ഓർമ്മ ന്യായമായും മാഞ്ഞുപോവുകയും ചെയ്തേനെ.
എന്നാൽത്തന്നെ, മരണാനന്തരമുക്തിയില്പിന്നെ വാൾസർക്കു ചുറ്റും അടിഞ്ഞുകൂടിയ പ്രശസ്തി ബന്യാമിന്റെയോ കാഫ്കയുടെയോ പ്രശസ്തിയോടു താരതമ്യം ചെയ്യാവുന്നതല്ല. അന്നെന്നപോലെ ഇന്നും വാൾസർ അനന്യമായ ഒരു പ്രഹേളികയായിത്തന്നെ തുടരുന്നു. വായനക്കാർക്ക് തന്നെ വെളിപ്പെടുത്തിക്കൊടുക്കാൻ അദ്ദേഹത്തിനു പൊതുവേ വിസമ്മതമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതകഥയെക്കുറിച്ചു നമുക്കറിയാവുന്നതിൽ വിശദാംശങ്ങൾ അത്ര കുറവുമാണ്. നമുക്കറിയാം, അദ്ദേഹത്തിന്റെ ബാല്യത്തിൽ നിഴൽ വീഴ്ത്തിയിരുന്നു, അമ്മയുടെ വിഷാദരോഗവും അച്ഛന്റെ വർഷം തോറുമുള്ള വ്യാപാരപരാജയവുമെന്ന്; നടനാകാനുള്ള പരിശീലനത്തിന് അദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്ന്; ക്ലെർക്കായി ജോലിയെടുത്തിരുന്ന ഇടങ്ങളിലൊന്നും ദീർഘകാലം തങ്ങിനിന്നിരുന്നില്ലെന്ന്; 1905 മുതൽ 1913 വരെ അദ്ദേഹം ബർലിനിൽ ആയിരുന്നുവെന്നും. എഴുതുകയല്ലാതെ മറ്റെന്തെങ്കിലും -അക്കാലത്തത് അനായാസമായിരുന്നു അദ്ദേഹത്തിന്- അവിടെ അദ്ദേഹം ചെയ്തിരുന്നോയെന്ന് നമുക്കൊരു വിവരവുമില്ല.
ബാഹ്യസംഭവങ്ങൾ, ഒന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കം പോലുള്ളവ, അദ്ദേഹത്തെ ബാധിച്ചതേയില്ല എന്നു തോന്നുന്നു. തീർച്ചയുള്ള ഒരേയൊരു കാര്യം അദ്ദേഹം നിരന്തരമായി, കൂടിക്കൂടിവരുന്ന യത്നത്തോടെ, എഴുതിയിരുന്നു എന്നതു മാത്രമാണ്. തന്റെ രചനകൾക്ക് ആവശ്യക്കാർ കുറഞ്ഞുവരുമ്പോഴും ഒരുനാളൊഴിവില്ലാതെ അദ്ദേഹം എഴുതുകയാണ്, കൈ കഴച്ചുതുടങ്ങും വരെ, അല്ലെങ്കിൽ അതു കഴിഞ്ഞും എന്നു ഞാൻ സങ്കല്പിക്കുകയാണ്. ഇനി തുടരാൻ പറ്റില്ല എന്നാകുമ്പോൾ അദ്ദേഹത്തെ നാം കാണുന്നത് വൽദാവു ക്ലിനിക്കിൽ എന്തെങ്കിലും തോട്ടപ്പണി ചെയ്യുന്നതായോ തന്നോടുതന്നെ ബില്ല്യാർഡ്സ് കളിക്കുന്നതായിട്ടോ ആണ്; ഒടുവിൽ ഹെരിസാവുവിലെ മാനസികാശുപത്രിയിൽ അദ്ദേഹത്തെ നാം കാണുന്നു, അടുക്കളയിൽ പച്ചക്കറി വൃത്തിയാക്കുന്നതായി, ടിൻ ഫോയിലിന്റെ തുണ്ടുകൾ തരം തിരിക്കുന്നതായി, ഫ്രീഡ്രിക്ക് ഗെർസ്റ്റാക്കറുടെയോ ഷൂൾ വേണിന്റെയോ നോവൽ വായിച്ചുകൊണ്ടിരിക്കുന്നതായി, ചിലപ്പോഴൊക്കെ, റോബർട്ട് മാക്ലർ വിവരിക്കുന്നപോലെ, ഒരു മൂലയ്ക്കു പോയി അനക്കമറ്റു നില്ക്കുന്നതായും. അത്രയ്ക്കകന്നകന്നിട്ടാണ് വാൾസറുടെ ജീവിതത്തിൽ നിന്നുള്ള രംഗങ്ങൾ നമുക്കു കിട്ടിയിരിക്കുന്നതെന്നതിനാൽ ഒരു കഥയെന്നോ ജീവചരിത്രമെന്നോ അല്ല, ഒരൈതിഹ്യമെന്നേ അതിനെ പറയാനാവൂ എന്നെനിക്കു തോന്നുന്നു.
നിഴലുകളിൽ അത്രയും പിണഞ്ഞുകിടക്കുമ്പോൾത്തന്നെ ഓരോ താളും എത്രയും പ്രസന്നമായ വെളിച്ചം കൊണ്ടു പ്രകാശപ്പെടുത്തിയ ഒരെഴുത്തുകാരനെ എങ്ങനെ നാം മനസ്സിലാക്കണം, ശുദ്ധനൈരാശ്യത്തിൽ നിന്ന് നർമ്മം നിറഞ്ഞ കുറിപ്പുകൾ സൃഷ്ടിക്കുന്ന ഒരാളെ, മിക്കപ്പോഴുമെന്നോണം ഒരേ കാര്യം തന്നെ എഴുതുകയും അപ്പോഴും സ്വയം ആവർത്തിക്കാതിരിക്കുകയും ചെയ്യുന്ന ഒരാളെ, ഏറ്റവും ചെറിയ വിശദാംശങ്ങളിലേക്കു മുന കൂർപ്പിച്ചെടുക്കുന്ന സ്വന്തം ചിന്തകൾ തനിക്കുതന്നെ പിടികിട്ടാതെപോകുന്ന ഒരാളെ, മണ്ണിൽ ചുവടുറപ്പിച്ചുനില്ക്കുമ്പോൾത്തന്നെ എപ്പോഴും മേഘങ്ങൾക്കിടയിൽ നഷ്ടമനസ്സാകുന്ന ഒരാളെ, വായിച്ചു ചില മണിക്കൂറുകൾ കഴിയുമ്പോഴേക്കും രൂപങ്ങളും സംഭവങ്ങളും വസ്തുക്കളും നമുക്കോർമ്മ വരാത്ത രീതിയിൽ അലിഞ്ഞില്ലാതാവുന്ന മട്ടിലുള്ള ഗദ്യം എഴുതിയ ഒരാളെ? അതെന്തായിരുന്നു, വാൻഡ എന്നു പേരുള്ള ഒരു സ്ത്രീയോ അതോ ജോലി പഠിക്കാൻ വന്ന യുവാവോ, മിസ് എൽസയോ മിസ് ഈഡിത്തോ, കാര്യസ്ഥനോ വേലക്കാരനോ അതോ ദസ്തവേവ്സ്കിയുടെ ഇഡിയറ്റോ, തിയേറ്ററിലെ ഒരഗ്നിബാധയോ അതോ കരഘോഷമോ, സെംപാക്കിലെ യുദ്ധമോ കവിളത്തൊരടിയോ അതോ മുടിയനായ പുത്രന്റെ മടക്കമോ, ഒരു ശിലാകുംഭമോ ഒരു സൂട്ട്കേസോ ഒരു പോക്കറ്റ് വാച്ചോ അതോ ഒരു വെള്ളാരങ്കല്ലോ? അന്യാദൃശമായ ആ പുസ്തകങ്ങളിൽ എഴുതപ്പെട്ടിരിക്കുന്ന ഓരോന്നിനും -അവയുടെ രചയിതാവു തന്നെ പറഞ്ഞേക്കാവുന്നപോലെ- വായുവിൽ ലയിച്ചുചേരാനുള്ള ഒരു പ്രവണതയുണ്ട്. അത്രയും സാരവത്തായി ഒരു നിമിഷം മുമ്പു തോന്നിയ അതേ ഭാഗം പൊടുന്നനേ ഒട്ടും ശ്രദ്ധേയമല്ലാത്തതായി കാണപ്പെടാം.
XXX
വാൾസറുടെ ഗദ്യരചനകളിൽ ഭ്രമാത്മകഘടകങ്ങൾ ഏറുന്തോറും യഥാതഥമായ ഉള്ളടക്കം ചുരുങ്ങിച്ചുരുങ്ങിവരുന്നു- അഥവാ, യാഥാർത്ഥ്യം സ്വപ്നത്തിലെന്നപോലെ, അല്ലെങ്കിൽ സിനിമയിലെന്നപോലെ തടുത്താൽ നില്ക്കാതെ പിന്നിലേക്കു പാഞ്ഞുകൊണ്ടിരിക്കുന്നു. വാൾസറിൽ കാര്യങ്ങൾ തല്ക്ഷണം അലിഞ്ഞുപോവുകയും അവയുടെ സ്ഥാനം മറ്റുള്ളവ ഏറ്റെടുക്കുകയുമാണ്. അദ്ദേഹത്തിന്റെ രംഗങ്ങൾക്ക് ഒരിമവെട്ടലിന്റെ ദൈർഘ്യമേയുള്ളു, മനുഷ്യരൂപങ്ങൾക്കു പോലും എത്രയും ഹ്രസ്വമായ ആയുസ്സേയുള്ളു. ‘പെൻസിൽ മേഖല’യിൽ മാത്രം അധിവസിക്കുന്നുണ്ട് നൂറുകണക്കിനാളുകൾ- പാട്ടുകാരും നൃത്തക്കാരും, ട്രാജഡിക്കാരും കോമഡിക്കാരും, ബാർ മെയ്ഡുകളും സ്വകാര്യട്യൂട്ടർമാരും, പ്രിൻസിപ്പല്മാരും പിമ്പുകളും, നൂബിയക്കാരും മോസ്ക്കോക്കാരും, കൂലിപ്പണിക്കാരും കോടീശ്വരന്മാരും, റോക്ക അമ്മായിയും മോക്ക അമ്മായിയും, ഒട്ടനവധി കുട്ടിത്തരം വേഷങ്ങൾ വേറെയും. രംഗപ്രവേശം ചെയ്യുമ്പോൾ പ്രബലമായ ഒരു സാന്നിദ്ധ്യം തന്നെയാണവർ; എന്നാൽ ഒന്നു സൂക്ഷിച്ചുനോക്കാമെന്നു നാം കരുതുമ്പോഴേക്കും അവർ അപ്രത്യക്ഷരായിക്കഴിഞ്ഞു. ആദ്യകാലസിനിമകളിലെ അഭിനേതാക്കളെപ്പോലെ വിറകൊള്ളുന്ന, മിനുങ്ങുന്ന ഒരു പ്രകാശപരിവേഷം അവരെ വലയം ചെയ്യുകയും അവരുടെ ബാഹ്യരേഖകൾ തിരിച്ചറിയാൻ പറ്റാത്തതാക്കുകയും ചെയ്യുന്നുണ്ടെന്ന് എനിക്കു തോന്നാറുണ്ട്. വാൾസറുടെ ശകലിതകഥകളിലൂടെയും ഭ്രൂണപ്രായമായ നോവലുകളിലൂടെയും അവർ ചിറകടിച്ചു പറന്നുപോകുന്നു, സ്വപ്നത്തിൽ നാം കാണുന്നവർ രാത്രിയിൽ നമ്മുടെ തലയ്ക്കുള്ളിലൂടെ പറന്നുമറയുന്നപോലെ, നമ്മുടെ ഓർമ്മയിൽ രേഖപ്പെടാൻ നിന്നുതരാതെ, ഇനിയൊരിക്കലും കാണപ്പെടാതെ വന്നപോലെതന്നെ മടങ്ങുന്നവർ.
XXX
വാൾസറുടെ ഓരോ വാക്യത്തിന്റെയും ലക്ഷ്യം അതിനു മുമ്പത്തെ വാക്യത്തെ വായനക്കാരന്റെ ഓർമ്മയിൽ നിന്നു മായ്ച്ചുകളയുക എന്നാണെന്ന് ബന്യാമിൻ നിരീക്ഷിക്കുന്നുണ്ട്. Tannersനു ശേഷമുള്ള രചനകളിൽ തീർച്ചയായും അങ്ങനെയാണ്; ഓർമ്മയുടെ ചാൽ നേർത്തുനേർത്ത് ഒടുവിൽ വിസ്മൃതിയുടെ കടലിൽ മഞ്ഞുപോവുകയാണ്. അതിനാൽത്തന്നെ വല്ലപ്പോഴുമൊരിക്കൽ, ഏതെങ്കിലും സന്ദർഭത്തിൽ, വാൾസർ പേജിൽ നിന്നു കണ്ണുകളുയർത്തുകയും -ഒരുദാഹരണം പറഞ്ഞാൽ- വർഷങ്ങൾക്കു മുമ്പ് ബർലിനിലെ ഫ്രീഡ്രിക്ക്സ്ട്രാസ്സെയിൽ വച്ച് താനൊരു മഞ്ഞുകാറ്റിൽ പെട്ടതും അതിന്റെ ഓർമ്മ വർഷങ്ങൾക്കു ശേഷവും വിശദമായി തന്റെ ഓർമ്മയിലുള്ളതും വായനക്കാരനുമായി പങ്കിടുമ്പോൾ പ്രത്യേകിച്ചും അവിസ്മരണീയമാണത്, ഹൃദയസ്പർശിയും. വാൾസറുടെ ഉള്ളിലുള്ള വികാരങ്ങൾ മിക്കവാറും കരുതലോടെ ഒളിപ്പിക്കപ്പെട്ടവയാണ്; ഇനി പുറത്തേക്കു വന്നാൽത്തന്നെ പെട്ടെന്നുതന്നെ അവ പരിഹാസ്യതയുടെ ഛായയുള്ളതായി മാറുന്നു, അല്ലെങ്കിൽ അപ്രധാനമാകുന്നു. ബ്രെണ്ടാനോയെക്കുറിച്ചുള്ള സ്കെച്ചിൽ വാൾസർ ചോദിക്കുന്നു: “അത്ര മനോഹരമായ അത്രയധികം വൈകാരികാനുഭൂതികൾ ഉള്ള ഒരാൾക്ക് അതേ സമയം വീകാരഹീനനാവാൻ എങ്ങനെ കഴിയുന്നു?” അതിനുള്ള മറുപടി, ജീവിതത്തിൽ, യക്ഷിക്കഥകളിലെന്നപോലെ, ഭയവും ദാരിദ്ര്യവും കാരണം വികാരങ്ങൾ താങ്ങാൻ പാങ്ങില്ലാത്തവരുണ്ടാവാം എന്നാണ്; അതിനാലവർ, വാൾസർ തന്റെ ഏറ്റവും ഹൃദയസ്പർശിയായ ഒരു രചനയിൽ ചെയ്യുന്നപോലെ, സ്നേഹിക്കാനുള്ള തങ്ങലൂടെ മുരടിച്ച ശേഷി അചേതനവസ്തുക്കളിൽ പരീക്ഷിച്ചുനോക്കുകയുമാണ്- ചാരത്തിൽ, ഒരു സൂചിയിൽ, ഒരു പെൻസിലിൽ, അല്ലെങ്കിൽ ഒരു തീപ്പെട്ടിക്കോലിൽ. എന്നാൽ സമ്പൂർണ്ണമായ സാത്മീകരണത്തോടെയും സഹാനുഭൂതിയോടെയും വാൾസർ അവയ്ക്കു ജീവൻ കൊടുക്കുന്ന രീതി കാണുമ്പോൾ നമുക്കു വെളിപ്പെടുകയാണ്, വികാരങ്ങൾ ഏറ്റവുമാഴത്തിൽ സ്പർശിക്കുന്നത് തീർത്തും അഗണ്യമായ വസ്തുക്കളോട് അവയെ ബന്ധപ്പെടുത്തുമ്പോഴാണെന്ന്. വാൾസർ എഴുതുന്നു, "വിരസമെന്നു തോന്നാവുന്ന ഈ വിഷയത്തിലേക്ക് ഒന്നാഴത്തിലിറങ്ങിയാൽ ഒട്ടും വിരസമല്ലാത്ത പലതും അതിനെക്കുറിച്ചു പറയാനുണ്ടാവും. ഉദാഹരണത്തിന്, നിങ്ങൾ ചാരത്തിലേക്കൂതുകയാണെന്നിരിക്കട്ടെ, അതേ നിമിഷം നാലു ദിക്കിലേക്കും പറന്നുപോകാൻ അതൊരു വിസമ്മതവും കാണിക്കുന്നില്ല. ചാരം വിധേയത്വമാണ്, മൂല്യഹീനതയാണ്, അപ്രസക്തി തന്നെയാണ്, അതിനൊക്കെയുപരി, താൻ ഒന്നിനും കൊള്ളാത്തതാണെന്ന വിശ്വാസത്താൽ നിറഞ്ഞതുമാണത്. ചാരം പോലെ ഇത്രയും നിസ്സഹായവും ഇത്രയും ബലഹീനവും ഇത്രയും നികൃഷ്ടവുമാകാൻ കഴിയുമോ? അതത്ര എളുപ്പമല്ല. ഇത്രയും വഴങ്ങുന്നതാവാൻ, ഇത്രയും സഹനമുള്ളതാവാൻ മറ്റെന്തിനെങ്കിലുമാവുമോ? പറ്റില്ല. സ്വഭാവമെന്നു പറയാൻ അതിനൊന്നുമില്ല; ഉത്സാഹത്തള്ളിച്ചയിൽ നിന്ന് മനംമടുപ്പെത്ര ദൂരെയാണോ, അതിലും ദൂരത്താണ് ഏതുതരം തടിയിൽ നിന്നുമത്. ചാരമുള്ളിടത്ത് ഒന്നുംതന്നെയില്ല. ചാരത്തിൽ ചവിട്ടിനോക്കൂ, എന്തിലെങ്കിലും ചവിട്ടിയതായി നിങ്ങൾക്കു തോന്നുകതന്നെയില്ല..." ഈ ഭാഗത്തിന്റെ തീവ്രമായ കരുണരസം - ഇതിനോടടുത്തുവരുന്നതൊന്നും ഇരുപതാം നൂറ്റാണ്ടിലെ ജർമ്മൻ സാഹിത്യത്തിൽ ഇല്ല, കാഫ്കയിൽ പോലും- കിടക്കുന്നത് ഈ വസ്തുതയിലാണ്: ചാരത്തെയും സൂചിയേയും പെൻസിലിനേയും തീപ്പെട്ടിക്കോലിനേയും കുറിച്ച് ലാഘവത്തോടെയെന്ന മട്ടിൽ എഴുതിയ ഈ പ്രബന്ധത്തിൽ എഴുത്തുകാരൻ യഥാർത്ഥത്തിൽ എഴുതുന്നത് സ്വന്തം രക്തസാക്ഷിത്വത്തെക്കുറിച്ചാണ്. ഈ നാലു വസ്തുക്കളും തോന്നിയപോലെ ഒരുമിച്ചുവച്ചതല്ല, അവ എഴുത്തുകാരന്റെ പീഡനോപകരണങ്ങൾ തന്നെയാണ്, സ്വന്തം ചിതയൊരുക്കുന്നതിന് അയാൾക്കു വേണ്ട സാമഗ്രികളെങ്കിലുമാണ്, തന്നെയുമല്ല, ആ ചിത കെട്ടുകഴിഞ്ഞാൽ ബാക്കിയാകുന്നതും.
(സെബാൾഡിന്റെ Le Promeneur Solitaire: A Remembrance of Robert Walser എന്ന ലേഖനത്തിൽ നിന്ന്)