2026 ഫെബ്രുവരി 20, വെള്ളിയാഴ്‌ച

കാഫ്ക- അയാൾ

 

അയാൾ

അയാൾക്ക് രണ്ടു പ്രതിയോഗികളുണ്ട്: ഒന്നാമൻ അയാളെ പിന്നിൽ നിന്ന്, ഉല്പത്തിയിൽ നിന്നേ, ഉന്തിവിടുകയാണ്‌; രണ്ടാമനാവട്ടെ, അയാൾക്കു മുന്നിലുള്ള വഴി മുടക്കി നില്ക്കുകയുമാണ്‌. ഇരുവരുമായും അയാൾക്കു മല്ലിടേണ്ടിവരികയാണ്‌. ശരിക്കു പറഞ്ഞാൽ ഒന്നാമൻ രണ്ടാമനുമായുള്ള അയാളുടെ മല്പിടുത്തത്തിൽ അയാളെ സഹായിക്കുകയാണു ചെയ്യുന്നത്; എന്തെന്നാൽ അയാളെ മുന്നിലേക്കു തള്ളിവിടാനാണല്ലോ അയാൾ നോക്കുന്നത്; അതുപോലെ, രണ്ടാമനും ഒന്നാമനുമായുള്ള അയാളുടെ മത്സരത്തിൽ അയാളെ സഹായിക്കുന്നുണ്ട്; കാരണം, അയാളെ പിന്നിലേക്കാട്ടിയോടിക്കാനാണ്‌ അയാൾ ശ്രമിക്കുന്നത്. പക്ഷേ സൈദ്ധാന്തികതലത്തിലേ ഇപ്പറഞ്ഞതു ശരിയാകുന്നുള്ളു. കാരണം, രണ്ടു പ്രതിയോഗികൾ മാത്രമല്ലല്ലോ അവിടെയുള്ളത്, അയാളും അവിടെയുണ്ടല്ലോ. അയാളുടെ ഉള്ളിലിരുപ്പ് ശരിക്കും ആരു കണ്ടു? അതെന്തായാലും അയാൾ സ്വപ്നം കാണുന്നുണ്ട്, ഒരു കാലത്ത്,  ജാഗ്രത ഒന്നു തെറ്റിയ ഒരു നിമിഷത്തിൽ- അതേ വരെയുള്ള രാത്രികളിൽ വച്ചേറ്റവും ഇരുണ്ട ഒരു രാത്രി അതിനു വേണം എന്നും സമ്മതിക്കണം- ആ സമരരംഗത്തു നിന്ന് താൻ പുറത്തു ചാടുകയും അമ്മാതിരി ഒരു യുദ്ധത്തിന്റെ കാര്യത്തിൽ തനിക്കുള്ള പരിചയസമ്പന്നത പരിഗണിച്ച്, പരസ്പരം പോരടിക്കുന്ന ആ പ്രതിയോഗികളുടെ അമ്പയറായി തനിക്കു  സ്ഥാനക്കയറ്റം കിട്ടുമെന്നും.

(കാഫ്ക തന്റെ ഡയറികൾ മിലേനക്കു കൈമാറിയപ്പോൾ 1920ജനുവരി 6 മുതൽ ഫെബ്രുവരി 29 വരെയുള്ള പേജുകൾ കീറിയെടുത്തിരുന്നു. മാക്സ് ബ്രോഡ് എഡിറ്റ് ചെയ്ത കാഫ്കയുടെ കൃതികളിൽ അഞ്ചാം ഭാഗമായിട്ട്  ‘1920ലെ കുറിപ്പുകൾ’ 1946ൽ പ്രസിദ്ധീകരിച്ചു. എഡ്വിൻ മൂറും വില്ലാ മൂറും ചെയ്ത ഇംഗ്ലീഷ് പരിഭാഷയ്ക്ക് ഈ പാഠമാണ്‌ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ 1982-99ൽ പുറത്തുവന്ന കാഫ്കയുടെ കൃതികളുടെ ജർമ്മൻ ക്രിട്ടിക്കൽ എഡിഷനിൽ ഈ കുറിപ്പിലെ സ്വപ്നത്തിന്റെ കാര്യം കാണാനില്ല! ‘അയാളുടെ ഉള്ളിലിരുപ്പ് ശരിക്കും ആരു കണ്ടു?’ എന്ന വാക്യത്തോടെ അതു തീരുന്നു. അപ്പോൾ മാക്സ് ബ്രോഡിന്‌ ആ സ്വപ്നം എവിടെനിന്നു കിട്ടി? കാഫ്കയുടെ ഉള്ളിലിരുപ്പ് ആരു കണ്ടു!)

*

തിന്മ ചിലനേരങ്ങളിൽ നന്മയുടെ ചില ഭാവങ്ങൾ എടുത്തണിഞ്ഞുവെന്നു വരാം, ഇനിയഥവാ, നന്മയുടെ പൂർണ്ണരൂപത്തിൽത്തന്നെ പ്രത്യക്ഷപ്പെട്ടുവെന്നും വരാം. ഇതു തിരിച്ചറിയാൻ എനിക്കു കഴിയുന്നില്ലെങ്കിൽ ഞാൻ പരാജപ്പെട്ടു എന്നതു തീർച്ച; എന്തെന്നാൽ ഈ പ്രച്ഛന്നനന്മയായിരിക്കും സാക്ഷാൽ നന്മയെക്കാൾ പ്രലോഭനീയമായി എനിക്കനുഭവപ്പെടുക. ഇനി നേരേ മറിച്ച് മറയൊന്നുമില്ലാതെയാണ്‌ എനിക്കതു പ്രത്യക്ഷപ്പെടുന്നതെങ്കിലോ? ഒരു പറ്റം പിശാചുക്കൾ വേട്ടയിൽ കാടിളക്കുന്നവരെപ്പോലെ എന്നെ നന്മയിലേക്കോടിച്ചു കയറ്റുകയാണെങ്കിലോ? ഞാനെന്ന അറയ്ക്കുന്ന വസ്തു ഉടലുടനീളം കൂർത്ത മുനകളുടെ കുത്തേറ്റും, മുള്ളു കൊണ്ടും, ഉരുണ്ടും പിരണ്ടും നന്മയിലേക്കെത്തിപ്പെടുകയാണെങ്കിലോ? നന്മയുടെ നഖങ്ങൾ എന്റെ നേർക്കു നീണ്ടു വരികയാണെങ്കിലോ? എങ്കിൽ ഞാനൊരടി പിന്നിലേക്കു വയ്ക്കും, വിഷാദത്തോടെ തിന്മയിലേക്കു ഞാൻ പതിയെ പിൻവാങ്ങും; എന്റെ തീരുമാനത്തിനു കാത്ത് അതിത്രയും കാലമായി എന്റെ പിന്നാലെയുണ്ടായിരുന്നു.


from the blue octavo notebooks

കാളപ്പോരുകാരൻ

നമ്മുടെ ഭാവനയ്ക്കതീതമായ ചില കാരണങ്ങളാൽ ലോകത്തെ ഏറ്റവും മഹാനായ കാളപ്പോരുകാരൻ അങ്കത്തിനായി തിരഞ്ഞെടുക്കുന്നത് മാഡ്രിഡ്ജനത കേട്ടിട്ടുപോലുമില്ലാത്ത വിദൂരമായ ഒരു കൊച്ചുപട്ടണത്തിലെ ജീർണ്ണിച്ച ഏതോ കളിക്കളമാണെന്നു വരാം. നൂറ്റാണ്ടുകളായി അവഗണിയ്ക്കപ്പെട്ടുകിടന്ന ആ കളിക്കളത്തിന്റെ പുല്ലു കേറിവളർന്ന ഒരു ഭാഗത്ത് കുട്ടികൾ ഓടിക്കളിയ്ക്കുന്നു; കല്ലുകൾ പൊള്ളുന്ന മറ്റൊരിടത്ത് പാമ്പുകളും പല്ലികളും വെയിലു കായുകയും ചെയ്യുന്നു. ചുമരുകളുടെ മേലിഷ്ടികകൾ പണ്ടേ കടത്തിക്കൊണ്ടു പോയിരിക്കുന്നു; ചുറ്റുവട്ടത്തെ വീടുകൾക്കെല്ലാമുള്ള ഒരു കന്മട. ഇപ്പോഴാകട്ടെ കഷ്ടിച്ച് അഞ്ഞൂറു പേർക്കിരിക്കാവുന്ന ഒരു കൊച്ചുവട്ടളം മാത്രമാണത്. അതിനോടു ബന്ധപ്പെട്ടു മറ്റു കെട്ടിടങ്ങളൊന്നുമില്ല, അതിനുമുപരി ലായമെന്നതില്ല; അവിടേയ്ക്കു തീവണ്ടി എത്തിയിട്ടില്ലെന്നതാണ്‌ ഏറ്റവും മോശമായ കാര്യം. അടുത്ത സ്റ്റേഷനിലിറങ്ങി മൂന്നു മണിക്കൂർ കുതിരവണ്ടിയിലും, പിന്നെ ഒരേഴു മണിക്കൂർ കാൽനടയായും യാത്ര ചെയ്താലേ അവിടെ എത്തിപ്പെടുകയുള്ളു.


ഒരു ജീവിതം

നാറുന്നൊരു കൊടിച്ചിപ്പട്ടി, എണ്ണമറ്റ നായ്ക്കുട്ടികൾക്കു ജന്മം നല്കിയവൾ, അവിടവിടെ അളിഞ്ഞുതുടങ്ങിയവൾ, എന്നാൽ ബാല്യത്തിൽ എന്റെ എല്ലാമായിരുന്നവൾ, വിടാത്ത കൂറോടെ എന്റെ പിന്നാലെ വന്നിരുന്നവൾ,അടിച്ചോടിക്കാൻ മനസ്സു വരാതെ അടി വച്ചടിവച്ചു പിന്നാക്കം മാറുകയാണു ഞാനെന്നാൽക്കൂടി, മറിച്ചൊരു തീരുമാനം ഞാനെടുക്കുന്നില്ലെങ്കിൽ, ചുമരുകൾക്കിടയിലെ ഒരു മൂലയിലേക്ക്, ഇപ്പോഴേ എനിക്കു കണ്ണിൽ കാണാവുന്ന ഒരു മൂലയിലേക്ക്, അവളെന്നെ തള്ളിക്കയറ്റും; അവിടെ എന്റെ മേൽ, എന്റെയൊപ്പം, അവളാകെ അളിഞ്ഞുതീരും- എനിക്കിതൊരു ബഹുമതിയാണോ?- ചലമൊലിക്കുന്ന, പുഴുത്ത നാവ് എന്റെ കൈവെള്ളയിലും വച്ച്.

*

ഒരിക്കൽ ഒരിടത്ത് ഒരു തെമ്മാടിക്കൂട്ടമുണ്ടായിരുന്നു; അവർ തെമ്മാടികളായിരുന്നുവെന്നല്ല, സാധാരണ മനുഷ്യർ തന്നെയായിരുന്നു അവർ. എന്നും അവർ ഒരുമിച്ചേ നില്ക്കൂ. ഉദാഹരണത്തിന്‌ തങ്ങളിലൊരാൾ ഒരപരിചിതനെ, തങ്ങളുടെ കൂട്ടത്തിനു പുറത്തുള്ള ഒരാളെ എന്തെങ്കിലും തെമ്മാടിത്തം കാണിച്ച്- വീണ്ടും പറയട്ടെ, തെമ്മാടിത്തമൊന്നുമല്ല അത്, സാധാരണ നടക്കുന്ന പതിവുകാര്യം തന്നെ- അയാൾക്കൊരു മനപ്രയാസമുണ്ടാക്കുകയും, ചെയ്തവൻ പിന്നെ വന്ന് കൂട്ടത്തിനു മുന്നിൽ തന്റെ കുറ്റം ഏറ്റുപറയുകയാണെന്നുമിരിക്കട്ടെ, അവർ വിശദമായ അന്വേഷണം നടത്തുകയും, ശിക്ഷ വിധിക്കുകയും, പിഴയോ മാപ്പോ എന്താണെന്നു വച്ചാൽ അതീടാക്കുകയും ചെയ്യും. ഇതിൽ ആർക്കും മോശം വരാതെ അവർ നോക്കുന്നുണ്ട്; വ്യക്തികളുടെയും, കൂട്ടത്തിന്റെ ആകെക്കൂടിയുമുള്ള താത്പര്യങ്ങൾക്ക് ഹാനി വരാതെ സൂക്ഷിക്കുന്നുണ്ട്. കുറ്റം ഏറ്റുപറഞ്ഞവനെ അതേ വിധത്തിൽത്തന്നെയാണ്‌ അവർ കൈകാര്യം ചെയ്യുന്നതും:

‘എന്ത്? നിനക്കതു വലിയ മനപ്രയാസമായിരിക്കുന്നുവെന്നോ? നീ ചെയ്തതിൽ പ്രത്യേകിച്ചൊന്നുമില്ലല്ലോ; നിനക്കങ്ങനെയല്ലേ പ്രവർത്തിക്കാനാവൂ. മറ്റൊരു വിധമായിരുന്നു നിന്റെ പ്രവൃത്തിയെങ്കിൽ അതു ദുരൂഹമായേനെ. നിന്റെ മനസ്സൊന്നു കലങ്ങിയിരിക്കുകയാണ്‌, അത്രേയുള്ളു. ഒക്കെ മാറ്റിവച്ച് ഉഷാറാവെന്നേ.’ അങ്ങനെ അവർ എക്കാലവും ഒരുമിച്ചുതന്നെ നിന്നു; മരണശേഷവും അവർ കൂട്ടംപിരിഞ്ഞില്ല; അന്യോന്യം കൈകോർത്ത് ഒരു വലയമായിട്ടാണ്‌ അവർ സ്വർഗ്ഗത്തേക്കുയർന്നത്. അവർ പറന്നുയരുന്നതു കണ്ടിട്ട് എത്രയും നിർമ്മലമായ ശൈശവനിഷ്ക്കളങ്കതയുടെ ഒരു ദൃശ്യമെന്നേ പറയാനുള്ളു. പക്ഷേ സ്വർഗ്ഗത്തെ നേരിടുന്ന സകലതും അവയുടെ ഘടകങ്ങളായി വിഘടിക്കുമെന്നതിനാൽ അവർ തകർന്നുവീണു- വെറും ശിലാഖണ്ഡങ്ങൾ.

*

നിങ്ങൾക്കു ബോധമുണ്ടായിത്തുടങ്ങി എന്നതിന്റെ ആദ്യലക്ഷണമാണ്‌ മരിക്കാനുള്ള ആഗ്രഹം. ഈ ജീവിതം നിങ്ങൾക്കസഹ്യമായിത്തോന്നുന്നു, മറ്റൊന്നാകട്ടെ അപ്രാപ്യവും. മരിക്കാൻ നിങ്ങൾക്കിപ്പോൾ ഒരു നാണക്കേടും തോന്നുന്നില്ല; തന്നെ അടച്ചിരിക്കുന്ന മുറിയിൽ നിന്ന് (നിങ്ങൾക്കതിനെ വെറുപ്പാണ്‌) മറ്റൊരു മുറിയിലേക്ക് (കാലം കൊണ്ട് നിങ്ങൾ അതിനെയും വെറുക്കും) തന്നെ മാറ്റാൻ നിങ്ങൾ യാചിക്കുകയാണ്‌. അതിൽ പക്ഷേ, ഒരു പ്രത്യാശ ബാക്കി നില്ക്കുന്നുണ്ട്: നിങ്ങളെ മാറ്റുന്നതിനിടെ ഇടനാഴിയിൽ വച്ച്  നിങ്ങൾ യജമാനന്റെ കണ്ണിൽ പെട്ടുവെന്നു വരാം; തടവുകാരനെ നോക്കിയിട്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞുവെന്നു വരാം:“ ഈ മനുഷ്യനെ ഇനിയും തടവിലടയ്ക്കേണ്ട. അയാൾ എന്നോടൊപ്പം വരട്ടെ.”

 

(from the blue octavo notebooks)

ഈ ലോകത്തെ സ്വതന്ത്രനും സുരക്ഷിതനുമായ ഒരു പൗരനാണയാൾ, എന്തെന്നാൽ ഭൂമിയുടെ ഏതു കോണിലുമെത്താവുന്ന വിധം നീളമുള്ള , എന്നാൽ ഭൂമിയുടെ അതിരുകൾ വിട്ടുപോകാനുള്ള നീളമില്ലതാനും, ഒരു ചങ്ങല കൊണ്ടു ബന്ധിച്ചിരിക്കുകയാണയാളെ. അതേസമയം തന്നെ, സ്വർഗ്ഗത്തിലെ സ്വതന്ത്രനും സുരക്ഷിതനുമായ ഒരു പൗരനുമാണയാൾ, കാരണം മേല്പ്പറഞ്ഞ കണക്കിനുള്ള ഒരു സ്വർഗ്ഗീയച്ചങ്ങല കൊണ്ടും അയാളെ ബന്ധിച്ചിട്ടുണ്ടല്ലോ. അതു കാരണം ഭൂമിയിലേക്കിറങ്ങാൻ അയാൾക്കൊന്നു തോന്നിയാൽ സ്വർഗ്ഗത്തെ കോളറും ചങ്ങലയും അയാളുടെ കഴുത്തു ഞെരിക്കും; സ്വർഗ്ഗത്തേക്കുയരാൻ തോന്നിയാൽ ഭൂമിയിലെ ചങ്ങലയും വിടില്ല. എന്നാലുമെന്താ, സാധ്യതകളെല്ലാം അയാളുടേതാണല്ലോ, അതങ്ങനെ തന്നെയാണെന്ന് അയാൾക്കു ബോധവുമുണ്ട്. തുടക്കത്തില്‍ തന്നെ ചങ്ങലയ്ക്കിട്ട രീതിയിൽ എന്തെങ്കിലും പിശകുണ്ടായി എന്നു സമ്മതിക്കാനും അയാൾ ഒരുക്കമല്ല എന്നതാണു പരമാർഥം.

*

സ്വന്തം തീൻമേശയിൽ നിന്നു വീഴുന്ന ഉച്ഛിഷ്ടങ്ങൾ പെറുക്കിത്തിന്നുകയാണയാൾ; തന്മൂലം അല്പനേരത്തേക്കെങ്കിലും മറ്റുള്ളവരേക്കാൾ തൃപ്തനാണു താനെന്ന് അയാൾക്കു തോന്നലുമുണ്ടാവുന്നുണ്ട്. പക്ഷേ മേശപ്പുറത്തിരുന്നു കഴിക്കുന്ന രീതിയും അയാൾ മറന്നുപോകുന്നു. അത്നിനാൽപ്പിന്നെ ഉച്ഛിഷ്ടങ്ങളും ഇല്ലാതെയാകുന്നു.

*

അയാളുടെ ഇംഗിതത്തിനൊത്തുതന്നെ സകലതും അതാതിന്റെ കണക്കിനു നടക്കുകയും, നിർമ്മാണം പുരോഗമിക്കുകയും ചെയ്തു. ചെത്തിയെടുത്ത്, ഉറപ്പിക്കാൻ തയാറാക്കിവച്ചിരുന്ന മാർബിൾ ശിലകൾ വിദേശീയരായ പണിക്കാർ എടുത്തു കൊണ്ടു വന്നു. അയാളുടെ വിരലിന്റെ ചലനങ്ങൾക്കനുസരിച്ച് ശിലാഖണ്ഡങ്ങൾ ഉയരുകയും സ്ഥാനത്തു വീഴുകയും ചെയ്തു. മറ്റൊരു മന്ദിരവും ഈ ദേവാലയം പോലെ ഇത്ര വേഗത്തിൽ പണിതീർന്നിട്ടില്ല; അഥവാ, ദേവാലയങ്ങൾ ഏതുവിധം നിർമ്മിക്കണം എന്നതിനു നിദർശനമായിരുന്നു ഇതിന്റെ നിർമ്മിതി. പക്ഷേ ഒന്നുണ്ടായിരുന്നത്, ഓരോ ശിലാഖണ്ഡത്തിലും - ഏതു കന്മടയിൽ നിന്നാണോ അവ ചെത്തിയെടുത്തത്?- എന്തൊക്കെയോ കുത്തിക്കുറിക്കലുകൾ; ബുദ്ധിയുറയ്ക്കാത്ത കുട്ടികളുടെ കൈക്രിയകൾ പോലെ, നീരസപ്പെടുത്താനോ വികൃതമാക്കാനോ പൂർണ്ണമായും നശിപ്പിക്കാനോ ഉള്ള ഉദ്ദേശ്യത്തോടെ പ്രാകൃതരായ ഗിരിവാസികൾ കോറിയിട്ടപോലെ; അത്രയും മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ട് കല്ലിൽ വരഞ്ഞിട്ടിരിക്കുകയാണവയെ, ദേവാലയം മണ്ണടിഞ്ഞാലും അനന്തകാലം വായിക്കാൻ പറ്റണം അതെന്നപോലെ.
*

  

ഒടുവിൽ ഞങ്ങളുടെ സൈന്യം നഗരത്തിന്റെ തെക്കുഭാഗത്തുള്ള കവാടത്തിലൂടെ ഉള്ളിലേക്കിരച്ചുകയറി. ഞാനുൾപ്പെട്ട സേനാവിഭാഗം നഗരപ്രാന്തത്തിലുള്ള ഒരുദ്യാനത്തിൽ പാതി കരിഞ്ഞ ചെറിമരങ്ങൾക്കിടയിൽ ഉത്തരവും കാത്തുനില്ക്കുകയായിരുന്നു. പക്ഷേ തെക്കുഭാഗത്തെ കവാടത്തിൽ നിന്ന് കാഹളങ്ങളുടെ ഉച്ചസ്ഥായിയിലുള്ള ഘോഷം കേട്ടപ്പോൾ ഞങ്ങൾക്കു നിയന്ത്രണം വിട്ടു. കൈയിൽ കിട്ടിയ ആയുധങ്ങളുമെടുത്ത്, ചിട്ടയെന്നതില്ലാതെ, കൂട്ടുകാരന്റെ തോളത്തു കൈയുമിട്ട്, “കാഹിരാ, കാഹിരാ,” എന്ന പോർവിളിയും മുഴക്കി ചതുപ്പുനിലത്തിലൂടെ ഞങ്ങൾ നഗരത്തിനു നേർക്കു നീങ്ങി. തെക്കുഭാഗത്തെ കവാടത്തിൽ ആകെ ഞങ്ങൾ കണ്ടത് ശവങ്ങളും, നിലത്തുരുണ്ടുകൂടി സർവതിന്റെയും കാഴ്ച മറയ്ക്കുന്ന മഞ്ഞപ്പുകയും മാത്രമായിരുന്നു. ഞങ്ങൾക്കു പക്ഷേ വെറും പിന്നണിസൈന്യമായാൽപ്പോരാ; അതേവരെ യുദ്ധത്തിന്റെ കെടുതികളിൽ നിന്നു രക്ഷപ്പെട്ടുനിന്ന ഇടത്തെരുവുകളിലേക്ക് ഞങ്ങൾ തിരിഞ്ഞു. ആദ്യം കണ്ട വീടിന്റെ വാതിൽ എന്റെ മഴുവിന്റെ വെട്ടേറ്റ് ചിന്നിച്ചിതറി. അത്ര ആവേശത്തോടെയാണു ഹാളിലേക്കു തള്ളിക്കയറിയതെന്നതിനാൽ ആദ്യമാദ്യം ഒന്നും തിരിയാതെ തമ്മിൽത്തമ്മിൽ വട്ടം ചുറ്റുകയായിരുന്നു ഞങ്ങൾ. നീണ്ടൊഴിഞ്ഞൊരിടനാഴിക്കുള്ളിൽ നിന്ന് ഒരു വൃദ്ധൻ ഞങ്ങളുടെ നേർക്കു വന്നു. അസാമാന്യനായ ഒരു കിഴവൻ- അയാൾക്കു ചിറകുകളുണ്ടായിരുന്നു. വീതിയേറിയ, വിരിഞ്ഞ ചിറകുകൾ; അവയുടെ അറ്റങ്ങൾക്ക് അയാളെക്കാൾ ഉയരമുണ്ട്. “ഇയാൾക്കു ചിറകുണ്ട്,” ഞാൻ എന്റെ ചങ്ങാതിമാരോടു വിളിച്ചുപറഞ്ഞു; മുന്നിലുണ്ടായിരുന്ന ഞങ്ങൾ കുറച്ചുപേർ ആവുന്നിടത്തോളം പിന്നിലേക്കു മാറി; കാരണം പിന്നിൽ നിന്നവർ മുന്നിലേക്കു തള്ളുകയായിരുന്നല്ലോ. “ നിങ്ങൾക്കാശ്ചര്യം തോന്നുന്നുണ്ടാവും,” കിഴവൻ പറഞ്ഞു. “ഞങ്ങൾ എല്ലാവർക്കും ചിറകുണ്ട്. അതുകൊണ്ടു പക്ഷേ ഞങ്ങൾക്കു പ്രയോജനമുണ്ടായില്ല; പറിച്ചുകളയാൻ പറ്റിയിരുന്നെങ്കിൽ ഞങ്ങൾ അതു ചെയ്തേനെ.” “ നിങ്ങളെന്തുകൊണ്ടു പറന്നുപോയില്ല?” ഞാൻ ചോദിച്ചു. “ഞങ്ങളുടെ നഗരം വിട്ടു പറന്നുപോകാനോ? വീടുപേക്ഷിക്കാനോ? പിതൃക്കളെയും പരദൈവങ്ങളെയും വിട്ടുപോകാനോ?”

 *

അരുമപ്പാമ്പേ, എന്തിനാണു നീ ഇത്ര ദൂരെപ്പോയിക്കിടക്കുന്നത്, അടുത്തുവരൂ, ഇനിയുമടുത്തുവരൂ, മതി, അത്ര മതി, അവിടെക്കിടക്കൂ. നിനക്കുമില്ലല്ലോ അതിരുകളെന്നു പറയാനൊന്നും. അതിരുകളെ മതിക്കാത്തവനാണു നീയെങ്കിൽ എങ്ങിനെ ഞാൻ നിന്റെ മേൽ കോയ്മ നേടും? കഠിനമായി പണിയെടുക്കേണ്ടിവരും അതിന്‌. നിന്നോടു ചുരുണ്ടുകിടക്കാൻ പറഞ്ഞുകൊണ്ട് ഞാൻ തുടങ്ങട്ടെ. ചുരുണ്ടുകിടന്നാട്ടെ, ഞാൻ പറയുകയാണ്‌, നീ നിവർന്നുകിടക്കുകയും ചെയ്യുന്നു. ഞാൻ പറയുന്നതു നിനക്കു മനസ്സിലാവുന്നില്ലേ? ഞാൻ പറയുന്നതു നിനക്കു മനസ്സിലാവുന്നില്ല. പക്ഷേ ഞാൻ പറഞ്ഞതു വളരെ വ്യക്തമായിരുന്നല്ലോ: ചുരുണ്ടു കിടക്കൂ! ഇല്ല, നിനക്കതു പിടി കിട്ടിയിട്ടില്ല. അതെങ്ങനെയെന്ന് ഈ വടി കൊണ്ട് ഞാൻ നിനക്കു കാണിച്ചുതരാം. ആദ്യമായി നീ വലിയൊരു വൃത്തം ചമയ്ക്കണം, പിന്നെ അതിനുള്ളിൽ അതിനോടു ചേർന്നുതന്നെ രണ്ടാമതൊന്ന്, അങ്ങനെപോകട്ടെ. ഒടുവിൽ നിന്റെ കുഞ്ഞുതല അപ്പോഴും എടുത്തുപിടിച്ചിരിക്കുകയാണെങ്കിൽ ഞാനന്റെ മകുടിയിൽ വായിക്കുന്ന ഈണത്തിനൊപ്പിച്ച് അതു പതിയെ താഴ്ത്തിക്കൊണ്ടുവരൂ; ഞാൻ നിർത്തുമ്പോൾ നീയുമടങ്ങും, നിന്റെ തല ഏറ്റവുമുള്ളിലെ വൃത്തത്തിലുമായിരിക്കും.

 *

എന്റെ രണ്ടു കൈകൾ തമ്മിൽ ഒരു മൽപ്പിടുത്തം തുടങ്ങി. അവർ ഞാൻ വായിച്ചുകൊണ്ടിരുന്ന പുസ്തകം വലിച്ചടച്ചിട്ട് തങ്ങൾക്കൊരു തടസ്സമാകാതിരിക്കാൻ വേണ്ടി അതു തള്ളിമാറ്റി. എനിക്കൊരു സലാം തന്നിട്ട് എന്നെ അവർ റഫറിയായും നിയമിച്ചു. അടുത്ത നിമിഷം വിരലുകൾ തമ്മിൽ കോർത്തുകഴിഞ്ഞു അവർ; ആരാണു കൂടുതൽ ഞെരുക്കുന്നതെന്നതിനനുസരിച്ച് മേശയുടെ ഇടത്തേക്കും വലത്തേക്കും പായുകയാണവർ. കണ്ണെടുക്കാതെ അവരെത്തന്നെ നോക്കിയിരിക്കുകയാണു ഞാൻ. എന്റെ കൈകളാണിവരെങ്കിൽ എന്റെ മാധ്യസ്ഥവും നിഷ്പക്ഷമായിരിക്കണമല്ലോ. അതല്ലെങ്കിൽ തെറ്റായൊരു തീരുമാനത്തിന്റെ വ്യഥകൾ പേറേണ്ടിവരും ഞാൻ. പക്ഷേ അത്ര എളുപ്പമുള്ളതല്ല എന്റെ കർത്തവ്യം. കൈപ്പടങ്ങൾക്കിടയിലെ ഇരുട്ടത്ത് പലതരം പിടുത്തങ്ങൾ നടക്കുമെന്നതിനാൽ അതൊന്നും എന്റെ ശ്രദ്ധയിൽപ്പെടാതെ പോകരുത്; ഞാൻ അതിനാൽ മേശപ്പുറത്തു താടിയുറപ്പിച്ചുവച്ചിരിക്കുകയാണ്‌; ഇനിമേൽ യാതൊന്നും എന്റെ കണ്ണിൽപ്പെടാതെ പോകില്ല. ഇക്കാലമത്രയും വലതുകൈയിനോട് പ്രത്യേകിച്ചൊരു മമത ഞാൻ കാണിച്ചിരുന്നു; എന്നുവച്ച് ഇടതുകൈയിനോട് എനിക്കെന്തെങ്കിലും വിദ്വേഷമുണ്ടായിരുന്നുവെന്നല്ല. ഇടതുകൈ ഒരു സൂചന നൽകിയാൽ മതിയായിരുന്നു, ഹിതാനുവർത്തിയും നീതിമാനുമായ ഞാൻ ആ ദുഷ്ചെയ്തിക്ക് അപ്പോഴേ വിരാമമിട്ടേനേ. അതു പക്ഷേ പരാതി പറയാൻ വന്നതേയില്ല; അതെന്നിൽ നിന്നു തൂങ്ങിക്കിടക്കുകയേ ചെയ്തുള്ളു; ഉദാഹരണത്തിന്‌ തെരുവിൽ വച്ച് എന്റെ വലതുകൈ തൊപ്പിയുയർത്തുമ്പോൾ എന്റെ തുടമേൽ കാതരമായി തപ്പിത്തടയുകയാവും ഇടതുകൈ. ഇപ്പോൾ ഈ നടക്കുന്ന യുദ്ധത്തിനു യുക്തമായ ഒരു സന്നാഹം കൂട്ടലായിരുന്നില്ലല്ലോ അത്. ഇനിയെത്രനേരമെന്റെ ഇടതുകൈത്തണ്ടേ, ശക്തനായ ഈ വലതുകൈയുടെ ഊറ്റത്തെ ചെറുത്തുനില്ക്കും നീ? മറ്റഞ്ചു വിരലുകളുടെ കൂട്ടിപ്പിടുത്തത്തിൽ തളർന്നുപോകില്ലേ സ്ത്രൈണമായ നിന്റെ വിരൽ? ഇതൊരു മൽപ്പിടുത്തമാണെന്നും എനിക്കിപ്പോൾ തോന്നുന്നില്ല; ഇടതുകൈയുടെ സ്വാഭാവികാന്ത്യമാണു നടക്കാൻ പോകുന്നത്. മേശയുടെ ഇടതറ്റത്തേക്കു തള്ളിമാറ്റിക്കഴിഞ്ഞിരിക്കുന്നു അതിനെ; ഒരെഞ്ചിന്റെ പിസ്റ്റൺ പോലെ അതിനെ തുടരെത്തുടരെ പ്രഹരിക്കുകയാണ്‌ വലതുകൈ. ഈ യാതന കണ്മുന്നിൽ കാണേണ്ടിവന്ന എനിക്ക്, ഇവർ എന്റെതന്നെ കൈകളാണെന്നും, ഒന്നു കുടഞ്ഞാൽ അവരെ തമ്മിൽ പിരിക്കാമെന്നതേയുള്ളുവെന്നും, അങ്ങനെ ഈ തമ്മിലടിയ്ക്കും കഷ്ടപ്പാടിനും അറുതി വരുത്താവുന്നതേയുള്ളുവെന്നുമുള്ള ഒരു ചിന്ത മനസ്സിൽ വന്നില്ലായിരുന്നുവെങ്കിൽ- സമയത്തുതകുന്നൊരാശയം എനിക്കപ്പോൾ തോന്നിയില്ലായിരുന്നുവെങ്കിൽ, മണിബന്ധത്തിൽ വച്ചു പൊട്ടിത്തകർന്ന ഇടതുകൈ മേശയ്ക്കു താഴെപ്പോയി വീണേനേ; താൻ വിജയിയായി എന്ന അറിവിനാൽ ലക്കു കെട്ട വലതുകൈ ദത്തശ്രദ്ധമായി നോക്കിയിരിക്കുന്ന എന്റെ മുഖത്തേക്ക് അഞ്ചു തലയുള്ള സെർബറസിനെപ്പോലെ ചാടിവീഴുകയും ചെയ്തേനെ. അതിനു പകരം പക്ഷേ, ഒരാൾക്കു മേൽ മറ്റൊരാളായി കിടക്കുകയാണ്‌ ഇരുവരുമിപ്പോൾ; വലതുകൈ ഇടതുകൈയുടെ പുറം തലോടുകയാണ്‌; നീതിമാനല്ലാത്ത റഫറി ഞാനോ, അതിനെ അഭിനന്ദിച്ചു തലയാട്ടുകയും.

*

സെർബറസ്- ഗ്രീക്കുപുരാണത്തിലെ അഞ്ചു തലകളുള്ള വേട്ടനായ; പാതാളത്തിന്റെ കവാടം കാക്കുന്നു.



(from the Blue Octavo Notebooks)

1. കടുവ


ഒരിക്കൽ ഒരു കടുവയെ വിശ്രുതനായ മൃഗപരിശീലകൻ ബഴ്സന്റെ അടുക്കലെത്തിച്ചു; അതിനെ മെരുക്കാനാവുമോയെന്ന കാര്യത്തിൽ അയാളുടെ അഭിപ്രായമറിയണം. കടുവയെ ഇട്ടിരുന്ന ചെറിയ കൂട്‌ ഒരു ഹാളിന്റെ അളവിലുള്ള പരിശീലനക്കൂട്ടിലേക്ക്‌ തള്ളിക്കേറ്റി; നഗരത്തിനു വളരെ അകലെയായിട്ടുള്ള ഒരു കൂടാരത്തിലായിരുന്നു അത്‌. സഹായികൾ പിൻവാങ്ങി; ഒരു മൃഗവുമായുള്ള തന്റെ ആദ്യത്തെ കൂടിക്കാഴ്ചയിൽ തന്നോടൊപ്പം ആരുമുണ്ടാകരുതെന്ന് അദ്ദേഹത്തിനു നിർബ്ബന്ധമായിരുന്നു. കടുവ ശാന്തനായി കിടന്നതേയുള്ളു: അൽപം മുമ്പാണല്ലോ അതിനു വയറു നിറയെ ഭക്ഷണം കൊടുത്തത്‌. അതു ചെറുതായിട്ടൊന്നു കോട്ടുവായിട്ടു, പുതിയ ചുറ്റുപാടുകൾ മടുപ്പോടെ ഒന്നു വീക്ഷിച്ചു, എന്നിട്ടുപിന്നെ ഉറക്കത്തിലേക്കു വീഴുകയും ചെയ്തു.


2. ചക്രവർത്തി


ചക്രവർത്തി ദേവവംശത്തിൽത്തന്നെയാണോ പിറന്നതെന്ന് ഒരാൾക്കു സംശയം തോന്നി; ചക്രവർത്തിയാണ്‌ നമ്മുടെയൊക്കെ പരമാധികാരി എന്നതിൽ അയാൾക്കു സംശയമേയില്ല, ചക്രവർത്തിയുടെ ദൈവികമായ ദൗത്യത്തിലും അയാൾക്കു സംശയമേതുമില്ല (അതയാൾക്കു ബോധ്യമാണ്‌), അദ്ദേഹത്തിന്റെ ദിവ്യോത്പത്തിയിലേ അയാൾക്കു സംശയമുണ്ടായുള്ളു. അതു, സ്വാഭാവികമായും,വലിയ പ്രകമ്പനങ്ങൾക്കു കാരണമായതുമില്ല; കടൽപ്പത ഒരു മണൽത്തരിയെ കരയിലേക്കെറ്റിച്ചുവിടുമ്പോൾ നിതാന്തമായ തിരപ്പെരുക്കത്തിൽ അതൊരിടപെടലാവുന്നതേയില്ല, മറിച്ച്‌, ആ കാരണത്തിൽ നിന്നാണ്‌ അതുണ്ടാവുന്നതും.


3. തടവറ


'ഞാനെങ്ങനെ ഇവിടെയെത്തി?' ഞാൻ അതിശയിച്ചു. അത്ര ചെറുതല്ലാത്ത ഒരു ഹാളായിരുന്നു അത്‌, ഇലക്ട്രിക്‌ ബൾബിന്റെ മൃദുവായ വെളിച്ചം ഉള്ളിൽ; ചുമരോരം ചേർന്ന് നടന്നുപോവുകയാണു ഞാൻ. വാതിലുകൾ പലതുണ്ടായിരുന്നുവെങ്കിലും അതിൽ ഒന്നു തുറന്നാൽ നിങ്ങൾ ചെന്നു നിൽക്കുന്നത്‌ ഇരുണ്ട്‌, മിനുസ്സമായ ഒരു പാറയ്ക്കു മുന്നിലായിരിക്കും; വാതിലിന്‌ ഒരു കൈയകലത്തു മാത്രമാണതു നിൽക്കുന്നത്‌; കുത്തനേ മുകളിലേക്കും ഇരുവശങ്ങളിലേക്കും അവസാനമില്ലാത്തപോലെ നീണ്ടുനീണ്ടുപോവുകയുമാണത്‌. ഒരു വാതിൽ വഴി മാത്രം അടുത്തൊരു മുറിയിലേക്കു കടക്കാം; അൽപ്പം കൂടി പ്രതീക്ഷയ്ക്കു വകയുണ്ടവിടെ, അതേസമയം മറ്റു വാതിലുകൾക്കു പിന്നിലുള്ളവ പോലെത്തന്നെ നിങ്ങളെ സംഭ്രാന്തനാക്കുകയും ചെയ്യുമത്‌. രാജകീയമായ ഒരറയിലേക്കാണു നിങ്ങൾ നോക്കുന്നത്‌; നിറങ്ങളിൽ ചുവപ്പിനും സ്വർണ്ണത്തിനുമാണവിടെ പ്രാമുഖ്യം; മച്ചോളമുയർന്ന നിലക്കണ്ണാടികൾ, ചില്ലിന്റെ കൂറ്റനൊരു തുക്കുവിളക്ക്‌.

എനിക്കിനി മടങ്ങിപ്പോകേണ്ടതില്ല, മലർക്കെത്തുറക്കുകയാണറ, ഞാൻ കടക്കുന്നു, ഞാനെന്റെ ദേഹത്തെ തൊട്ടറിയുന്നു.


4. ദൂതന്മാർ


അവരുടെ ഇഷ്ടത്തിന്‌ അവർക്കു രാജാക്കന്മാരോ, രാജാക്കന്മാരുടെ ദൂതന്മാരോ ആകാമായിരുന്നു. കുട്ടികളുടെ സ്വഭാവമാണല്ലോ, എല്ലാവർക്കും ദൂതന്മാരായാൽ മതി. അങ്ങനെയിപ്പോൾ ദൂതന്മാർ മാത്രമേയുള്ളു; കഥയില്ലാത്ത സന്ദേശങ്ങൾ അന്യോന്യം വിളിച്ചുപറഞ്ഞ്‌(രാജാക്കന്മാരില്ലല്ലോ)ലോകം മുഴുവൻ പാഞ്ഞുനടക്കുകയാണവർ. തങ്ങളുടെ ഈ നശിച്ച ജീവിതം ഒന്നവസാനിപ്പിക്കാൻ അവർക്കു വല്ലാത്ത ആഗ്രഹമുണ്ട്‌; പക്ഷേ ഒരു ദൗത്യമേറ്റവരായതിനാൽ അതിനവർക്കു ധൈര്യവുമില്ല.

അവസാനത്തെ അപേക്ഷ

പ്രിയപ്പെട്ട മാക്സ്,

എന്റെ അവസാനത്തെ അപേക്ഷ: ഡയറിയായോ, കൈയെഴുത്തുപ്രതിയായോ, കത്തുകളായോ (എന്റെയും അന്യരുടേതും), കുറിപ്പുകളായോ, മറ്റെന്തുമായോ ഞാൻ വിട്ടുപോകുന്നതെന്തും (എന്റെ ബുക്ക് ഷെല്ഫിലോ, അലമാരയിലോ, വീട്ടിലെയും ഓഫീസിലെയും മേശകളിലോ, എന്തെങ്കിലുമൊന്നു കിടന്നേക്കാവുന്നതോ, നിന്റെ കണ്ണിൽപ്പെടുന്നതോ ആയ ഏതിടത്തുമാകട്ടെ)വായിച്ചുനോക്കാതെ കത്തിച്ചുകളയുക; ഒപ്പം നിന്റെയോ അന്യരുടെയോ കൈവശമുണ്ടായേക്കാവുന്നതായ എല്ലാ കൃതികളും കുറിപ്പുകളും; മറ്റുള്ളവരോട് ഞാൻ പറയുന്നതായി പറയൂ. നിന്നെ ഏല്പിക്കാൻ ഇഷ്ടമില്ലെങ്കിൽ അവ സ്വയം കത്തിച്ചുകളയാമെന്നൊരു വാഗ്ദാനമെങ്കിലും അവർ തരണം.


(കാഫ്കയുടെ മരണശേഷം  അദ്ദേഹത്തിന്റെ മേശയിൽ നിന്നു കണ്ടെടുത്തതാണ്‌ ഈ കത്ത്. ഇതിനും മുമ്പെഴുതിയ മറ്റൊരു കത്ത് പിന്നീടു കണ്ടെടുത്തിരുന്നു. അതിങ്ങനെ):


പ്രിയപ്പെട്ട മാക്സ്,

ഇത്തവണ ഞാൻ സുഖപ്പെടുമെന്നു തോന്നുന്നില്ല. ഒരു മാസം ദീർഘിച്ച ശ്വാസകോശജ്വരത്തിനു ശേഷം ന്യുമോണിയയ്ക്കു സാദ്ധ്യത ഏറെയാണ്‌; ഇങ്ങനെ എഴുതിവച്ചതുകൊണ്ടൊന്നും അതിനെ തടുക്കാനുമാവില്ല, അതിലെന്തോ ശക്തിയുണ്ടെങ്കിൽത്തന്നെ.

അങ്ങനെയൊരു സാദ്ധ്യത വച്ചുകൊണ്ട് ഞാനെഴുതിയതായിട്ടുള്ള സർവതിന്റെയും കാര്യത്തിൽ എന്റെ അവസാനത്തെ ഒസ്യത്ത് ഇതാ:


എന്റെ കൃതികളിൽ നിലനിർത്തേണ്ടവ ഇവ മാത്രമാണ്‌: വിധിന്യായം, സ്റ്റോക്കർ, രൂപാന്തരം, പീനൽകോളണി, ഗ്രാമത്തിലെ ഡോക്ടർ, പിന്നെ നിരാഹാരയജ്ഞക്കാരൻ എന്ന കഥയും. (‘ധ്യാന’ത്തിന്റെ ശേഷിച്ച കോപ്പികൾ കിടന്നോട്ടെ. അവയെ പൾപ്പാക്കുന്ന ബുദ്ധിമുട്ടേറ്റെടുക്കാൻ ഞാനാരെയും നിർബ്ബന്ധിക്കുകയില്ല; പക്ഷേ അതിലുള്ളതൊന്നും ഇനി അച്ചടിയ്ക്കരുത്.) ആ അഞ്ചു പുസ്തകങ്ങളും ചെറുകഥയും നിലനില്ക്കട്ടെയെന്നു ഞാൻ പറയുമ്പോൾ, അവ വീണ്ടും അച്ചടിയ്ക്കാനും ഭാവിതലമുറയ്ക്കു കൈമാറാനും എനിയ്ക്കാഗ്രഹമുണ്ടെന്നല്ല അർത്ഥമാക്കേണ്ടത്. നേരേ മറിച്ച്, അവ കണ്ണിൽപ്പെടാത്ത വിധം മറഞ്ഞുപോയാൽ അതാവും എന്നെ ഏറ്റവുമധികം സന്തോഷിപ്പിക്കുക. അവ നിലനില്ക്കുന്നുവെന്നതിനാൽ മാത്രം, അവ സൂക്ഷിക്കാൻ ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അതിനെ ഞാൻ വിലക്കുന്നില്ല.


പക്ഷേ എന്റേതായി ശേഷിക്കുന്ന മറ്റെന്തും (മാസികകളിലോ, കത്തുകളിലോ, കൈയെഴുത്തുപ്രതികളിലോ), ഒന്നുമൊഴിവാക്കാതെ സകലതും, കണ്ടെത്താവുന്നതോ, മേൽവിലാസക്കാരിൽ നിന്ന് (മിക്കവരെയും നിനക്കറിയാവുന്നതാണല്ലോ; പ്രധാനമായും അവ  -ന്റെ കൈവശമാണ്‌; എന്തുവന്നാലും രണ്ടു നോട്ടുബുക്കുകളുടെ കാര്യം മറക്കരുത്) ചോദിച്ചുവാങ്ങാവുന്നതോ ആയ സകലതും, ഒന്നൊഴിയാതെ, കഴിയുമെങ്കിൽ വായിച്ചുനോക്കാതെ, ( നീ വായിച്ചുനോക്കുന്നതിനെ ഞാൻ പൂർണ്ണമായി തടയില്ല, പക്ഷേ, അങ്ങനെ ചെയ്യാതിരിക്കുന്നതാണ്‌ എനിക്കിഷ്ടം; എന്തുവന്നാലും മറ്റൊരാൾ അതു കാണുകയേ അരുത്) ഇതു സകലതും ഒന്നൊഴിയാതെ കത്തിച്ചുകളയേണ്ടതാകുന്നു; കഴിയുന്നത്രവേഗം വേണമതെന്നും ഞാൻ അപേക്ഷിക്കുന്നു.


അവസാനവാക്കുകൾ

മരിക്കുന്നതിനു മുമ്പുള്ള രണ്ടു മാസം കാഫ്ക ഓസ്ട്രിയയിലെ കീർലിങ്ങിൽ ഒരു സാനിട്ടോറിയത്തിൽ ചികിത്സയിലായിരുന്നു. ക്ഷയരോഗം ശ്വാസനാളത്തെ കീഴടക്കിക്കഴിഞ്ഞിരുന്നു. സംസാരിക്കരുതെന്ന് ഡോക്ടർമാർ വിലക്കിയതിനാൽ കടലാസുതുണ്ടുകളിൽ എഴുതിക്കൊടുത്താണ്‌ അദ്ദേഹം മറ്റുള്ളവരുമായി ആശയവിനിമയം നടത്തിയിരുന്നത്. ഇവയിൽ ഭൂരിഭാഗവും അവസാനം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഡോറ ഡയമന്റ്, റോബർട്ട് ക്ളോപ്സ്റ്റോക്ക്, നഴ്സുമാർ ഇവർക്കുള്ളതായിരുന്നു.സ്വന്തം ശാരീരികാവശ്യങ്ങളായിരുന്നു മിക്കതുമെങ്കിലും ചിലതൊക്കെ മരണാസന്നനായ ഒരെഴുത്തുകാരന്റെ ലോകനിരീക്ഷണങ്ങളുമായിരുന്നു.

-എന്നെ കൊല്ലൂ, അല്ലെങ്കിൽ നീയൊരു കൊലയാളിയാണ്‌.
(തനിക്കു മോർഫിൻ കുത്തിവയ്ക്കാൻ വിസമ്മതിച്ച ക്ളോപ്സ്റ്റോക്കിനോട്)

-എന്റെ ശ്വാസനാളം ഇത്ര വേദനിക്കുന്നത് മണിക്കൂറുകളായി ഞാനതിനെ ഉപയോഗപ്പെടുത്താത്തതു കൊണ്ടാണോ?

-അല്പം വെള്ളം; ഈ ഗുളികയുടെ കഷണങ്ങൾ കുപ്പിച്ചില്ലുകൾ പോലെ കഫത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നു.

-ഒരുകാലത്ത് ഒരു കവിളു നിറയെ വെള്ളം കുടിച്ചിറക്കാൻ എനിക്കു കഴിയുമായിരുന്നുവെന്നോർക്കുമ്പോൾ.

-ആ ലൈലാക്കുകളെ വെയിലത്തേക്കു നീക്കിവയ്ക്കൂ.

-മുറിയിൽ ഒരു കിളി വന്നിരുന്നു.

-എത്ര കൊല്ലമാണു നിങ്ങളിതു സഹിക്കുക? എത്ര കൊല്ലമാണു നിങ്ങൾ ഇതു സഹിക്കുന്നതു ഞാൻ സഹിക്കുക?

- ഞാൻ ഇപ്പോൾ കഴിക്കുന്ന ഭക്ഷണം ദേഹത്തിനു സ്വയം സുഖപ്പെടുത്താൻ വേണ്ടത്ര അളവിലല്ലെന്നതു സത്യമാണെങ്കിൽ (അതു ശരിയാവാനാണു സാദ്ധ്യത)ഇനി ഒന്നും പ്രതീക്ഷിക്കാനില്ല, ദിവ്യാത്ഭുതങ്ങളല്ലാതെ.

-ലൈലാക്കുകളെ നോക്കൂ, രാവിലത്തെക്കാൾ പുതുമയോടെ.

-ആരാണു ഫോൺ ചെയ്തത്? മാക്സ് ആകാൻ വഴിയുണ്ടോ?

-അതു കാരണമല്ലേ നമുക്കു തുമ്പികളെ ഇഷ്ടം.

- ഞാൻ ഇന്നൊരല്പം ഐസ് ക്രീം കഴിച്ചാലോ?

-ആ കൈ ഒരു നിമിഷം എന്റെ നെറ്റിയിൽ വയ്ക്കൂ, എനിക്കൊരു ധൈര്യത്തിനായി.

-സഹായമതാ പോകുന്നു, സഹായിക്കാതെ.
(ഡോക്ടർ വന്നുപോയപ്പോൾ)


അഭിപ്രായങ്ങളൊന്നുമില്ല: