ധർമ്മോപദേശം
തുടക്കം മുതലേ ആ ബലപരീക്ഷണം തുല്യശക്തികൾ തമ്മിലായിരുന്നില്ല: സാത്താൻ ആകാശത്തെ ഒരു മഹാപ്രഭു, ഇയ്യോബ് വെറുമൊരു മനുഷ്യജീവിയും. അതെന്തുതന്നെയായാലും മത്സരം ന്യായരഹിതവുമായിരുന്നു. എല്ലാ സ്വത്തും നഷ്ടപ്പെട്ട, പുത്രന്മാരുടേയും പുത്രിമാരുടേയും വിയോഗം കാണേണ്ടിവന്ന, മേലാകെ അറയ്കുന്ന വ്രണങ്ങൾ ബാധിച്ച ഇയ്യോബിന് അതൊരു മത്സരമായിരുന്നുവെന്നുപോലും അറിയില്ലായിരുന്നു.
പരാതിപ്പെടൽ അധികമായപ്പോൾ റഫറി അയാളുടെ വായടച്ചുകളഞ്ഞു. ആ തീരുമാനം അംഗീകരിച്ചുകൊണ്ട് നിശ്ശബ്ദനായി അയാൾ തൻ്റെ പ്രതിയോഗിയെ പരാജിതനാക്കി, താനങ്ങനെ ചെയ്തിരിക്കുന്നുവെന്നറിയാതെ. അങ്ങനെ അയാൾക്കയാളുടെ സമ്പത്ത് തിരികെക്കിട്ടി, പുത്രന്മാരും പുത്രിമാരും - പുതിയവർ തന്നെ- അയാൾക്കു നല്കപ്പെട്ടു, ആദ്യസന്തതികളെക്കുറിച്ചുള്ള അയാളുടെ ദുഃഖം എടുത്തുമാറ്റപ്പെടുകയും ചെയ്തു.
ഈ പകരം വീട്ടലാണ് ഏറ്റവും ഭയങ്കരമെന്ന് നമുക്കു വേണമെങ്കിൽ ഭാവന ചെയ്യാം. ഇയ്യോബിന്റെ അജ്ഞതയാണ് ഏറ്റവും ഭയങ്കരമെന്നും നമുക്കു ഭാവന ചെയ്യാം: ആരെയാണു താൻ തോല്പിച്ചതെന്നോ താൻ ജയിച്ചുവെന്നുപോലുമോ അയാൾക്കറിയില്ലല്ലോ. എന്നാൽ ഏറ്റവും ഭയങ്കരമായ സംഗതി ഇതൊന്നുമല്ല എന്നതാണു വാസ്തവം: ഇയ്യോബ് എന്നൊരാൾ ഉണ്ടായിരുന്നതേയില്ല, അയാൾ വെറുമൊരു ദൃഷ്ടാന്തകഥ മാത്രമായിരുന്നു.
*
വാർത്തകൾ
കടപ്പുറത്തു പിന്നെ പുതിയ കാര്യങ്ങളെന്തൊക്കെ?
ഒരു കടല്പാമ്പിഴഞ്ഞുപോയ വളഞ്ഞുപുളഞ്ഞ പാത.
ഒരൊഴിഞ്ഞ ശംഖിൽ സന്ന്യാസിഞണ്ടിനു കിട്ടിയ പാർപ്പിടം:
മരിച്ചവരുടെ വീട്ടിൽ ജീവിതം സുഖമായിരിക്കുമല്ലോ.
ഒരു കനത്ത ബൂട്ട്.
ഒരു മൺകൂനയുടെ നേർക്ക് ജീവനാശത്തിന്റെ തിടുക്കം പിടിച്ച കാല്പാടുകൾ.
കടപ്പുറത്തു പിന്നെ പുതിയ കാര്യങ്ങളെന്തൊക്കെ?
പൊന്തിനടക്കുന്ന ഭീമാകാരമായ ഒരു ചിപ്പി പൊട്ടിത്തുറക്കുന്നു:
നുരഞ്ഞും പതഞ്ഞും വീനസ് പിറവി കൊള്ളുന്നു,
ഹാ, വിസ്മയിപ്പിക്കുന്ന ഉടൽ.
അലക്സാണ്ടറുടെ പ്രബലമായ കപ്പല്പട എല്ലാ പായകളും നീർത്തി
ലോകം കീഴടക്കാനായി കടന്നുപോകുന്നു.
ഒരു ടാങ്ക് പോയ പാടുകൾ
ഒരു ഡൈനസോറിന്റെ തണ്ടെല്ലായി മാറുന്നു.
ഒരു എഫ്-15 ടേക്കോഫ് ചെയ്യുന്നു,
കാലഹരണപ്പെടുന്നു,
ഇല്ലാതാകുന്നു.
കടപ്പുറത്തു പിന്നെ പുതിയ കാര്യങ്ങളെന്തൊക്കെ?
ഒരു കടല്പാമ്പിഴഞ്ഞുപോയ വളഞ്ഞുപുളഞ്ഞ പാത.
*
ആത്മകഥ
ആദ്യത്തെ അടിയ്ക്കു തന്നെ ഞാൻ മരിച്ചു,
പാടത്തെ കല്കൂട്ടങ്ങൾക്കിടയിൽ എന്നെ മറവു ചെയ്യുകയും ചെയ്തു.
എന്നെ എന്തു ചെയ്യണമെന്ന്
മലങ്കാക്ക എന്റെ അച്ഛനമ്മമാരെ പഠിപ്പിച്ചിരുന്നു.
എന്റെ കുടുംബം പ്രശസ്തമാണെങ്കിൽ
ചെറുതല്ലാത്തൊരു വിഹിതം അതിലെനിക്കുമുണ്ട്.
എന്റെ സഹോദരൻ കൊലപാതകം കണ്ടുപിടിച്ചു,
എന്റെ അച്ഛനമ്മമാർ ദുഃഖം കണ്ടുപിടിച്ചു,
ഞാൻ മൗനം കണ്ടുപിടിച്ചു.
പരക്കെ അറിയപ്പെടുന്ന ആ സംഭവങ്ങൾ പിന്നീടുണ്ടായി.
ഞങ്ങളുടെ കണ്ടുപിടുത്തങ്ങൾ കുറ തീർക്കപ്പെട്ടു.
ഒന്ന് മറ്റൊന്നിലേക്കു നയിച്ചു, ഉത്തരവുകൾ നല്കപ്പെട്ടു.
സ്വന്തം വഴിയ്ക്കു കൊല നടത്തിയവരുണ്ടായിരുന്നു,
സ്വന്തം വഴിയ്ക്കു ദുഃഖിച്ചവരുമുണ്ടായിരുന്നു.
പേരുകൾ ഞാൻ പരാമർശിക്കുകയില്ല,
വായനക്കാരന്റെ വികാരം കണക്കിലെടുക്കണമല്ലോ;
വിശദാംശങ്ങൾ ആദ്യമൊക്കെ ഞെട്ടിപ്പിക്കുമെങ്കിലും
പിന്നീടു വല്ലാതെ മുഷിപ്പുണ്ടാക്കും:
ഒരിക്കൽ മരിക്കാം, രണ്ടാമതും ഏഴാമതു വേണമെങ്കിലും മരിക്കാം,
എന്നാലൊരായിരം തവണ മരിക്കാൻ നിങ്ങൾക്കാവില്ല.
എനിക്കു കഴിയും.
ഭൂഗർഭത്തിലെ എന്റെ അറകൾ എവിടെയുമെത്തും.
കായേൻ ഭൂമുഖത്തു പെരുകാൻ തുടങ്ങിയപ്പോൾ
ഞാൻ ഭൂമിയുടെ ഉദരത്തിൽ പെരുകാൻ തുടങ്ങി,
എന്റെ ബലം അവന്റേതിനെക്കാൾ വലുതായിരുന്നു.
അവന്റെ സൈന്യഗണങ്ങൾ അവനെ വെടിഞ്ഞ് എന്റെ ഭാഗം ചേരുന്നു,
അതുപോലും പ്രതികാരത്തിന്റെ പകുതിയേ ആവുന്നുള്ളു.
(നാസികാലത്തെ ജൂതവംശഹത്യകൾ മനസ്സിൽ വച്ചുകൊണ്ടു വായിക്കുക.)
ഛായാചിത്രം
—————————
കൊച്ചുകുട്ടി അടങ്ങിയിരിക്കുന്നതേയില്ല,അവന്റെ മുഖത്തിന്റെ വടിവെനിക്കുപിടിതരികയുമില്ല.ഞാൻ ഒരു വര വരയ്ക്കുമ്പോഴേക്കുംഅവന്റെ ചുളിവുകൾ പെരുകുന്നു,ബ്രഷ് മുക്കുമ്പോൾഅവന്റെ ചുണ്ടുകൾ ചുരുളുന്നു,മുടി വെളുക്കുന്നു,അവന്റെ തൊലി, നിറം നീലയായി,എല്ലുകളിൽ നിന്നൂരിപ്പോരുന്നു.അവൻ പൊയ്ക്കഴിഞ്ഞു.വൃദ്ധൻ പൊയ്ക്കഴിഞ്ഞു.ഞാനോ,ഞനെവിടെപ്പോകാൻ?*
ഹേമന്താരംഭം, ലോങ്ങ് ഐലന്റ്
-----------------------------------------
ഒരു പിഞ്ഞാണക്കടയിൽ നേരം വൈകിയുണർന്ന കാളയെപ്പോലന്ധാളിച്ചുംകൊണ്ട്
തിളങ്ങുന്ന ഈ കാട്ടിനുള്ളിൽ നിശ്ചേഷ്ടനായി ഞാൻ നില്ക്കുന്നു,
രാത്രിയിൽ രൂപപ്പെട്ട നേർത്ത മഞ്ഞുപാളിയിൽ
ഉറപ്പിച്ചു ചവിട്ടാതെ ശ്രദ്ധിച്ചുകൊണ്ട്.
ഈ പ്രഭാതം പക്ഷേ, വേറെയും വിസ്മയങ്ങൾ കാത്തുവച്ചിരിക്കുന്നു:
ഒരന്യനായ എനിക്കു തോന്നുന്നു, ഞാൻ വീട്ടിലെത്തിയിരിക്കുന്നുവെന്ന്,
വിദൂരവനങ്ങളിൽ ഞാൻ കണ്ടുമറന്ന ജ്ഞാനിയായ ആ മുയൽ
ഇവിടെ, ഒരു വെള്ളപ്പൊന്തയിലിരുന്നുകൊണ്ടെന്നെ മാടിവിളിക്കുന്നുവെന്ന്,
“വരൂ, പേടിക്കേണ്ട, ഇതൊരു കഠിനഹേമന്തം,
കാട്ടിലൂടെ നിങ്ങൾക്കു നടക്കാം, സന്തോഷത്തോടെ, ശാന്തിയോടെ,
നിങ്ങളൊന്നിനേയും ശല്യപ്പെടുത്താൻ പോകുന്നില്ല,
നിങ്ങളൊരു പാടുപോലും ശേഷിപ്പിക്കാനും പോകുന്നില്ല.”
*
സംഭാഷണം
------------------------
നാലുപേർ പൈന്മരത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു. ഒരാളതിനെ ജനുസ്സ്, സ്പീഷിസ്, ഇനം എന്നിങ്ങനെ നിർവ്വചിച്ചു. ഒരാൾ തടിവ്യവസായത്തിൽ അതിന്റെ ദോഷവശങ്ങൾ കണക്കുകൂട്ടി. ഒരാൾ പൈന്മരത്തെക്കുറിച്ച് പല ഭാഷകളിലുള്ള കവിതകൾ ഉദ്ധരിച്ചു. ഒരാൾ വേരൂന്നി, ചില്ലകൾ വിരിച്ച്, മർമ്മരമുതിർക്കുകയും ചെയ്തു.
*
ഓട്ടക്കലാകാരൻ
---------------------------
ഹ്രസ്വദൂര ഓട്ടക്കാരന്റെ
ഏകാന്തത.
മദ്ധ്യബിന്ദു എത്തുന്നതു വരെയേ
അയാൾക്കു ശ്വാസം കിട്ടുന്നുള്ളു.
കാല്പാടുകൾ മാത്രം
വിശ്വസ്തതയോടയാളെ പിന്തുടരുന്നു.
ഓടൂ! രണ്ടു മത്സരാർത്ഥികളേയുള്ളു:
വലതുകാലും ഇടതുകാലും.
അതിനാൽ വിജയിയുമില്ല, പരാജിതനുമില്ല.
അയാൾക്കു വേണമെങ്കിൽ ഒന്നിരിക്കാം,
വിശ്രമിക്കാം, വീട്ടിൽ പോകാം, അതുമല്ല,
ഓടുകയാണെങ്കിൽ അതിനും വിരോധമില്ല.
*
ചാരുകസേരകൾ
---------------------
ഏറ്റവും പതുക്കെ നടക്കുന്ന ജന്തുക്കളാണ്
ഹോട്ടൽ ലോബികളുടെ മൂലകളിൽ കാത്തുകിടക്കുന്ന
മൃദുവായ തുകലുകൊണ്ടുള്ള വമ്പൻ ചാരുകസേരകൾ.
ചട്ടിയിൽ വളരുന്ന ഫിലോഡെൻഡ്രോണുകളുടെ തണലത്ത്
അവ പലമടങ്ങാവുന്നു.
ആനകളെക്കാളും പതുക്കെ ജീവിക്കുന്നതിൽ തൃപ്തരാണെങ്കിലും
എപ്പോഴവയെക്കണ്ടാലും
അന്തമറ്റ ഏതോ രഹസ്യയാത്രയ്ക്കിറങ്ങാൻ പോവുകയാണെന്നപോലെ.
*
യഥാർത്ഥജീവിതത്തിൽ നിന്നൊരു കഥ
-------------------------------------------------
പാദത്തിനു വയസ്സാവുകയാണ്.
ഒരുപാടൊക്കെ അവൾ അനുഭവിച്ചിരിക്കുന്നു,
ഒരുപാടവൾ കടന്നുപോയിരുന്നു:
ഉറപ്പില്ലാതെയുള്ള ആ ചുവടുവയ്പുകൾ-
ഒന്നുമില്ലായ്മയുടെ മൈലുകൾക്കിടയിൽ
അവിടെയുമിവിടെയും ഒരു ചുവടു മാത്രമാണ് ശരിയായത്.
വേണ്ടതിലേറെ അവളനുഭവിച്ചു.
മിതമായ ഒരത്ഭുതത്തിനാണ് അവൾ പ്രാർത്ഥിക്കുന്നത്,
ഒരു നാടകീയതയുമില്ലാതെ:
വെള്ളത്തിനു മീതെ നടക്കുകയല്ല,
തീക്കുണ്ഡത്തിലേക്കു ചാടുകയല്ല,
ഒതുങ്ങിയ ഒരു വാടകമുറി മാത്രം,
വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു പങ്കാളി മാത്രം,
സ്ഥിരമായ ഒരു വരുമാനവും അയാൾക്കുണ്ടാകണം.
ആശാഭംഗങ്ങളെത്രയോ അവൾക്കുണ്ടായിരിക്കുന്നു.
സിമന്റുതറ,
വേനല്ക്കാലത്തു തന്നെ സന്തുഷ്ടയാക്കിയിട്ട്
മഞ്ഞുകാലത്ത് തന്നോടു തണുപ്പനും അന്യനുമായി
വഴുതിപ്പോയ സൂര്യൻ.
രോമം കൊണ്ടുള്ള പരവതാനി,
താഷ്കന്റിൽ നിന്നുള്ള പുതിയൊരു കുടിയേറ്റക്കാരൻ,
അവളെ രസിപ്പിക്കാറുണ്ടായിരുന്നു,
ഒന്നിക്കിളിപ്പെടുത്താറുണ്ടായിരുന്നു,
എന്നാലവൾ കടന്നുപോയ ഉടനേ
അയാളവളെ മറന്നുകളയുകയും ചെയ്തു.
പേടിക്കാനില്ല!
പാദമൊടുവിൽ മദ്ധ്യവയസ്കനായ ഒരു സോക്സിനെ കണ്ടുമുട്ടുന്നു,
നരച്ചു സുന്ദരനായ ഒരാൾ,
വസ്ത്രങ്ങളുടെ ദേശത്തു നിന്നൊരു പരിചയസമ്പന്നൻ.
കണ്ടാലും, കണ്ടാലും,
അയാളവൾക്കു സമൃദ്ധമായി ഊഷ്മളത നല്കുന്നു,
അവളെ ഇറുകെപ്പുണരുന്നു,
അയാളൊരു ഗാനശകലം അവൾക്കായി പാടുകയും ചെയ്യുന്നു:
“നീയെന്നിലാകെ നിറയുന്നു,
നിന്നെ ഞാൻ നിന്നെപ്പോലെ കൈക്കൊള്ളുന്നു.
നിന്റെ ഉണങ്ങിച്ചുരുണ്ട പെരുവിരൽ മുതൽ
നിന്റെ മുറിപ്പെട്ട മടമ്പു വരെ
നിനക്കു നന്നായി ചേരുന്നവൻ ഞാൻ, പ്രിയേ, പാദമേ.
വൈകാതെ നമുക്കു നല്ലൊരു പാദുകം കണ്ടെത്താം,
നാമിരുവർക്കും പാകത്തിനുള്ളതൊന്ന്,
പിന്നോരോ രാത്രിയിലും നാം താമസം മാറ്റും,
നമ്മുടെ രണ്ടാം വീട്ടിലേക്ക്,
സുഖപ്രദമായൊരു വള്ളിച്ചെരുപ്പിലേക്ക്.
*
ഒരു പുതിയ കാമുകൻ
—————————————
നീയെന്നെ പെറുക്കിയെടുക്കുന്നു, ആർക്കോ കളഞ്ഞുപോയ ഒരു നാണയം,
പെരുവിരലിനും ചൂണ്ടുവിരലിനുമിടയിൽ വച്ചെന്നെ തിരുമ്മുന്നു,
പുത്തനാവാൻ ഞാൻ ശ്രമിക്കുന്നു, ഒന്നു തിളങ്ങാൻ പോലും.
എന്റെ മൂല്യമെത്രയാണെന്നു നീ നോക്കുന്നു,
എന്നിൽ പതിച്ചിരിക്കുന്ന മുഖമേതാണെന്നു പരിശോധിക്കുന്നു.
അപൂർവ്വമാണതെന്നു ഞാൻ നടിക്കുന്നു, ഒരു രാജമുദ്ര തന്നെ.
നിനക്കു തൃപ്തിയായിട്ടില്ല. സംശയാലുവായ കാതു ചരിച്ച്
നീയെന്നെ തട്ടിനോക്കുന്നു, കാതോർക്കുന്നു.
എന്റെ ഏറ്റവും നിർമ്മലമായ, പിഴവറ്റ ഒച്ചയിൽ ഞാൻ മുഴങ്ങുന്നു.
ഒടുവിലായി പരിചയസമ്പന്നയായ ഒരു പണമിടപാടുകാരിയെപ്പോലെ
നീയെന്നെ കടിച്ചുനോക്കുന്നു: ഞാൻ ഞണുങ്ങിയെന്നുവരാം,
ഈ കൃത്രിമസ്വർണ്ണക്കഷണം.
പക്ഷേ, കാഠിന്യമുണ്ടെനിക്ക്, പരീക്ഷണം ഞാൻ ജയിക്കുന്നു.
സ്വർണ്ണമല്ലെങ്കില്ക്കൂടി സാമാന്യം നല്ല ഒരു കൂട്ടുലോഹം.
ഉറപ്പു വന്ന നിനക്ക് ഇനിയെന്നെ ചെലവാക്കാം, നിന്റെ ഇഷ്ടം പോലെ.
*
സ്വാതന്ത്ര്യയന്ത്രം
----------------------
സൈബിരിയൻ ഹിമക്കുറുക്കന്റെ കൂട്ടിൽ
(വിശിഷ്ടനായ ഒരു തടവുകാരനാണത്)
ഒരു സ്വാതന്ത്ര്യയന്ത്രം സ്ഥാപിച്ചിട്ടുണ്ട്.
ചെണ്ടയുടെ ആകൃതിയിൽ 30 ഇഞ്ചു നീളമുള്ള ഇരുമ്പുചക്രമാണത്,
12 ഇഞ്ച് വീതിയുള്ള ഒരു റിമ്മും അതിനുണ്ട്;
റിമ്മിൽ ചവിട്ടാനുള്ള കുറ്റികളുണ്ട്,
ചക്രത്തിന്റെ അച്ചുതണ്ട് ഭിത്തിയിൽ ഉറപ്പിച്ചിരിക്കുന്നു.
സൈബീരിയൻ കുറുക്കനു മടുപ്പു തോന്നുമ്പോൾ
അവൻ അതിൽ ചാടിക്കയറി ഓടാൻ തുടങ്ങുന്നു.
സ്വാതന്ത്ര്യയന്ത്രം അവന്റെ നാനൂറു കാലുകൾക്കായി
ഒരതിവേഗപ്പാത നിവർത്തിയിടുന്നു,
കൊതി പൂണ്ട അവന്റെ ഉടലിനു ചുവട്ടിൽ
കാറ്റുപോലെ നീങ്ങുന്ന ആ കാലുകൾക്ക്
അത്യുത്തരദേശത്തേക്കവനെ മടക്കിക്കൊണ്ടുപോകാൻ.
ആഴ്ചയിലൊരിക്കൽ അവരതിൽ എണ്ണയിടുന്നുണ്ട്.
*
കഥ
-----
ഒരു ദിവസം പ്രായമുള്ള ഒരു പച്ചത്തുള്ളനെക്കുറിച്ച്
ഞാനൊരിക്കൽ ഒരു കഥ വായിച്ചിരുന്നു,
ആ പച്ചസാഹസികനെ ഒരു ദിവസം സന്ധ്യക്ക്
ഒരു വവ്വാൽ അകത്താക്കുകയായിരുന്നു.
ഇതു കഴിഞ്ഞയുടനേ ജ്ഞാനിയായ കിഴവൻ കൂമൻ
ചെറുതായൊരു സാന്ത്വനപ്രഭാഷണം നടത്തുകയും ചെയ്തു:
ഉപജീവനത്തിനുള്ള അവകാശം വവ്വാലുകൾക്കുമുള്ളതാണല്ലോ,
പച്ചത്തുള്ളന്മാർ എത്രയെങ്കിലും ബാക്കിയുണ്ടുതാനും.
ഇതിനു തൊട്ടു പിറകേയുണ്ടായിരുന്നു അവസാനം:
ഒരൊഴിഞ്ഞ താൾ.
അതില്പിന്നെ നാല്പതുകൊല്ലം കഴിഞ്ഞിരിക്കുന്നു.
ആ ഒഴിഞ്ഞ താളിനു മുകളിൽ ഇപ്പോഴും കുനിഞ്ഞിരിക്കുന്ന എനിക്ക്
പുസ്തകം അടച്ചുവയ്ക്കാനുള്ള കരുത്തില്ല.
*
ഇരുകാലി
------------
തികച്ചും വിചിത്രമായ ഒരു ജീവിയാണ് ഇരുകാലി:
ശരീരം കൊണ്ട് മറ്റിരപിടിയൻ മൃഗങ്ങളുമായി
ബന്ധമുണ്ടവനെങ്കിലും
അവൻ മാത്രമേ മൃഗങ്ങളെ പാചകം ചെയ്യുന്നുള്ളു,
അവയിൽ ഉപ്പും മുളകും വിതറുന്നുള്ളു,
അവൻ മാത്രമേ മൃഗങ്ങളെക്കൊണ്ടു സ്വയം മറയ്ക്കുന്നുള്ളു,
മൃഗങ്ങളെക്കൊണ്ടു ചെരുപ്പിടുന്നുള്ളു,
അവൻ മാത്രമേ ലോകത്തു താനൊരന്യനാണെന്നു കരുതുന്നുള്ളു,
വിധിക്കെതിരെ പ്രതിഷേധിക്കുന്നുള്ളു,
അവൻ മാത്രമേ ചിരിക്കുന്നുള്ളു,
അതിലൊക്കെ വിചിത്രമായി,
സ്വേച്ഛ പോലെ ഒരു മോട്ടോർ സൈക്കിളിൽ ഓടിച്ചുപോകുന്നുമുള്ളു.
അവനു നാലു കൈകാലുകളുണ്ട്,
രണ്ടു ചെവികളും
ഒരുനൂറു ഹൃദയങ്ങളും.
*
Dan Pagis (1930-1986)- റുമേനിയയിലെ ബുക്കോവിനയിൽ ജനിച്ച ഡാൻ പാഗീസ് കുട്ടിയായിരിക്കുമ്പോൾ യുക്രെയ്നിലെ ഒരു കോൺസെൻട്രേഷൻ ക്യാമ്പിൽ തടവിലായിരുന്നു. 1944ൽ അവിടെ നിന്നു രക്ഷപ്പെട്ട് 1946ൽ ഇസ്രയേലിലേക്കു കുടിയേറി .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ