ഈ ലോകത്തു നാം വന്നുജനിക്കുന്നത് വലിയവലിയ ആശകളോടെയായിരിക്കും.
ഒരു ചക്രവർത്തിയുടെ പദവി തീർച്ചയായും പറഞ്ഞറിയിക്കാൻ പറ്റാത്തവിധം ഉന്നതം തന്നെ. അദ്ദേഹത്തിന്റെ ഏറ്റവുമകന്ന പിൻഗാമികൾ പോലും നമ്മളിൽ ഭക്ത്യാദരങ്ങളുണർത്താൻ പോന്നവരാണ്: വെറും മനുഷ്യബീജത്തിൽ നിന്നുണ്ടായവരല്ലല്ലോ അവർ.
എന്തിനു പറയുന്നു, രാജപ്രതിനിധിയും അംഗരക്ഷകരെ വയ്ക്കാൻ അവകാശമുള്ള ഇടപ്രഭുക്കന്മാർ പോലും നമ്മുടെ അസൂയാപാത്രങ്ങളാവുന്നു. അവരുടെ പുത്രന്മാരും പേരക്കുട്ടികളും, ലോകത്തേക്കിറങ്ങി വന്നവരാണവരെങ്കിലും, നമ്മളിൽ മതിപ്പുളവാക്കുന്നു. അതിലും താഴ്ന്നവർ, സ്വന്തം പദവിയിൽ മികയ്ക്കുന്നവരാണെങ്കിലും, വലിയ ഭാവത്തിൽ തങ്ങൾ എന്തോ പ്രത്യേകതരമാണെന്നു ഭാവിച്ചു നടക്കുന്നവർ, അവരെ ആരും വലിയ കാര്യമാക്കാറില്ല.
ഒരു ബുദ്ധഭിക്ഷുവിനെപ്പോലെ ഇത്രയും കുറഞ്ഞ അളവിൽ അസൂയാപാത്രമാകാൻ പറ്റിയ മറ്റൊരാളുണ്ടാവില്ല. സെയ് ഷോനഗൊൺ എഴുതിയിട്ടുണ്ട്, ആളുകൾ തങ്ങളെ കണക്കാക്കുന്നത് വരണ്ട തടിക്കഷണങ്ങൾ പോലെയാണെന്ന്; അത് തീർത്തും ശരിയാണെന്നും ആ ഭിക്ഷുണി പറയുന്നു. അധികാരമുള്ളവർ എടുത്തുവീശുന്ന പ്രതാപം ആരെയാണ് വീഴ്ത്തിക്കളയാത്തത്! പേരും പണവും ഒരു ബുദ്ധഭിക്ഷുവിന് വ്യധികൾ പോലെയാണെന്നും അയാൾ ബുദ്ധന്റെ ഉപദേശം തെറ്റി നടക്കരുതെന്നും ഒരു മഹാത്മാവ്, സോഗ ആണെന്നു തോന്നുന്നു, പറഞ്ഞിട്ടുണ്ട്. എന്നാലും സമർപ്പിതനായ ഒരു ഏകാന്തവാസിയിൽ ആദരണീയമായ പലതുമുണ്ടെന്നാണ് എന്റെ വിശ്വാസം.
കാഴ്ചയിലും പെരുമാറ്റത്തിലും ആകർഷണീയത പുലർത്തുക എന്നത് പ്രധാനമാണ്. കാതിനിമ്പം തരുന്ന രീതിയിലും വശ്യമായും സംസാരിക്കുകയും എന്നാൽ അമിതഭാഷണത്തിലേക്കു വഴുതിവീഴാതിരിക്കുകയും ചെയ്യുന്ന ഒരാളുമൊത്തു സമയം കഴിക്കുമ്പോൾ നമുക്കു ക്ഷീണം തോന്നുന്നതേയില്ല. കേമനെന്നു നാം കരുതിയിരുന്ന ഒരാൾ ഇടപഴകിക്കഴിയുമ്പോൾ അത്രയൊന്നുമില്ലെന്നു വരുന്നതുപോലെ മോശമായി ഒന്നും സംഭവിക്കാനുമില്ല. പദവിയും ശരീരസൗന്ദര്യവുമൊക്കെ ജന്മനാ കിട്ടുന്നതാണെന്നതു ശരിതന്നെ; അതേസമയം നിരന്തരപ്രയത്നം കൊണ്ടു മിനുക്കിയെടുക്കാവുന്ന ഒരാൾ എല്ലാവരുടെയും ഉള്ളിലുണ്ടെന്നതും തീർച്ചയാണ്. സുന്ദരനും സൽസ്വഭാവിയുമായ ഒരാൾ ശിക്ഷണത്തിന്റെ കുറവു കാരണം താണ പടിയിലുള്ളവരോടു ചേർന്നുനടക്കുകയും അധഃപതിക്കുകയും ചെയ്യുന്നത് എത്ര ദയനീയമാണ്.
ഒരാൾ പാരമ്പര്യസാഹിത്യത്തിൽ നിഷ്ണാതനാവുകയും ചൈനീസിലും ജാപ്പനീസിലും കവിതയെഴുതുകയും സംഗീതം അഭ്യസിക്കുകയും ചെയ്യേണ്ടതാവശ്യമാണ്; കൊട്ടാരമര്യാദകളും കീഴ്‌വഴക്കങ്ങളും പരിചിതമായിരിക്കണം അയാൾക്ക്. അയാളുടെ കൈപ്പട ഒഴുക്കുള്ളതായിരിക്കണം, വിരുന്നുകളിൽ ഗാനങ്ങളാലപിക്കുമ്പോൾ തെറ്റാതെ താളം പിടിക്കാൻ അയാൾക്കറിയണം, മദ്യം വച്ചുനീട്ടുമ്പോൾ നിരസിക്കുന്ന മട്ടു കാണിച്ചിട്ട് അതു വാങ്ങിക്കുടിക്കാനും അയാൾക്കു കഴിയണം.
2
ഭാഗ്യക്കേടു വന്നുപെട്ട ഒരാൾ ഓടിപ്പോയി ബുദ്ധഭിക്ഷു ആകരുത്. അയാൾ തന്റെ വീട്ടുപടി അടച്ച്, ആരെയും ശല്യപ്പെടുത്താതെ ഏകാന്തജീവിതം നയിക്കുകയാണു വേണ്ടത്, കടന്നുപോകുന്ന ഓരോ ദിവസത്തിൽ നിന്നും യാതൊന്നും പ്രതീക്ഷിക്കാതെ.
അക്കിമോട്ടോയുടെ ഇങ്ങനെ ആഗ്രഹം പ്രകടിപ്പിച്ചതായി പറഞ്ഞുകേൾക്കുന്നു: “ഒരപരാധവും ചെയ്യാത്ത പ്രവാസത്തിൽ ചന്ദ്രനെയും നോക്കി ഇരിക്കുക.” ശരിയാണത്.
*
3
അദാഷിനോ ശവമാടങ്ങളിലെ മഞ്ഞുതുള്ളി പോലെയോ ടോരിബെ ശ്മശാനത്തിലെ പുക പോലെയോ മാഞ്ഞുപോകാതെ നമ്മുടെ ജീവിതം ചിരന്തനമായിരുന്നെങ്കിൽ ലോകത്തിന്റെ മൂല്യം എത്ര ഇടിയുമായിരുന്നു! ലോകത്തിന്റെ നശ്വരപ്രകൃതിയാണ് അതിനെ ആകർഷകമാക്കുന്നതും.
ജീവികളിൽ വച്ച് ആയുർദൈർഘ്യം കൂടുതലുള്ളത് മനുഷ്യനാണ്. ഈയാംപാറ്റയ്ക്ക് ഒരു സായാഹ്നത്തെ ആയുസ്സേയുള്ളു; വേനല്ക്കാലത്തെ ചീവീട് വസന്തമോ ശരലക്കാലമോ അറിയുന്നില്ല. ഒരേയൊരു വർഷത്തേക്കെങ്കിലും ജീവിതം പൂർണ്ണമായി ആസ്വദിക്കുക എന്നത് എത്ര വലിയ ഒരാഡംബരമാണ്! ജീവിതം കടന്നുപോകുന്നുവല്ലോ എന്ന് നിരന്തരം ഖേദിച്ചിരിക്കാനാണെങ്കിൽ ഒരായിരം ദീർഘവർഷങ്ങൾ പോലും ഒരു രാത്രിയിലെ സ്വപ്നം പോലെ കടന്നുപോകും.
വികൃതമായ ഒരു വാർദ്ധക്യത്തിൽ എത്തിച്ചേരാനാണെങ്കിൽ എന്തിനു ജീവിതത്തിൽ അള്ളിപ്പിടിക്കുന്നു? എത്ര ദീർഘമാണോ ജീവിതം, അത്രയും വലുതായിരിക്കും നാണക്കേടിൽ നിങ്ങളുടെ വിഹിതം. നാല്പതിനുള്ളിൽ മരിക്കുകയാണ് അഭികാമ്യം. ആ പ്രായം കഴിഞ്ഞാൽ സ്വന്തം വൈരൂപ്യത്തെക്കുറിച്ച് ഒരു നാണക്കേടുമില്ലാതെ അന്യരുമായി ഇടകലരാൻ നിങ്ങൾക്കു തോന്നും; മക്കളേയും പേരക്കുട്ടികളേയും വേണ്ടതിലധികം കൊഞ്ചിക്കാനും അവർ ജീവിതത്തിൽ മുന്നേറുന്നതു കണ്ടാനന്ദിക്കാനുമുള്ള അനാവശ്യമായ മോഹം നിങ്ങൾക്കുണ്ടാകും; അത്രയും കാലം ജീവിച്ചിരിക്കാൻ തനിക്കർഹതയുണ്ടെന്ന വിചാരം നിങ്ങൾക്കുണ്ടാകും. ഈ ലോകത്തെ സംഗതികൾക്കായുള്ള നിങ്ങളുടെ അത്യാർത്തി കൂടുതലാകും; ഒടുവിൽ ജീവിതത്തിന്റെ ദുരന്തഭാവം നിങ്ങളെ സപ്ര്ശിക്കാതെയുമാകും.
*
4
കാമവികാരം പോലെ മനുഷ്യഹൃദയത്തെ വ്യതിചലിപ്പിക്കുന്ന മറ്റൊന്നില്ല. എത്ര മൂഢമാണ് മനുഷ്യഹൃദയം!
പരിമളം, ഉദാഹരണത്തിന്, എത്രയും ക്ഷണികമായ ഒരു സംഗതിയാണെന്ന് നമുക്കറിയാം; എന്നാൽ ഒരു സ്ത്രീയുടെ ഉടുവസ്ത്രത്തിൽ നിന്നു വീശുന്ന നേർത്ത സുഗന്ധം ആരെയാണ് ഉത്തേജിപ്പിക്കാത്തത്, തുണിയിൽ പൂശിയ ഒരു ലേപനത്തിന്റെ ഒരു നിമിഷത്തേക്കുള്ള പ്രഭാവമാണതെന്ന് എത്രതന്നെ നമുക്കു വ്യക്തമാണെങ്കിലും!
കുമേ എന്ന അത്ഭുതസിദ്ധികളുള്ള പുരോഹിതന്റെ കാര്യം തന്നെ ഒന്നാലോചിച്ചുനോക്കൂ. ആകാശത്തു പറക്കാൻ കൂടി കഴിവുള്ള ഒരാളായിരുന്നു അദ്ദേഹം. അങ്ങനെയൊരിക്കൽ ആകാശസഞ്ചാരം ചെയ്യുന്നതിനിടയിൽ താഴേക്കു നോക്കിയ കുമേ കണ്ടത് പുഴക്കരയിൽ സുന്ദരിയായ ഒരു സ്ത്രീ അലക്കിക്കൊണ്ടിരിക്കുന്നതാണ്. അവളുടെ വെളുത്തുരുണ്ട കാൽവണ്ണകളിൽ കണ്ണുടക്കിയ ഉടനേ സിദ്ധികളെല്ലാം നഷ്ടപ്പെട്ട് അദ്ദേഹം നിലം പതിക്കുകയായിരുന്നു. എനിക്കിതു വിശ്വസിക്കാൻ തോന്നുന്നു- എന്തായാലും ഒരു സ്ത്രീയുടെ സുന്ദരവും മാംസളവും തുടുത്തതുമായ കയ്യോ കാലോ ഏതെങ്കിലും കൃത്രിമപ്രലോഭനത്തിൽ നിന്നു തീർത്തും വ്യത്യസ്തമായ ഒന്നാണല്ലോ.
*
5
സ്ത്രീയുടെ സുന്ദരമായ മുടിക്കെട്ട് പുരുഷന്റെ നോട്ടത്തെ ആകർഷിക്കും. എന്നാൽ അവൾ ഏതു തരക്കാരിയാണെന്നും എന്താണവളുടെ സ്വഭാവപ്രകൃതിയെന്നും ഒരു തട്ടിയ്ക്കു പിന്നിൽ നിന്ന് അവൾ സംസാരിക്കുന്നതു കേട്ടാൽത്തന്നെ നമുക്കു മനസ്സിലാവുകയും ചെയ്യും. ഒരു സ്ത്രീയെ മനഃപൂർവ്വമല്ലാതെ ഒന്നു കാണുന്നതുപോലും പുരുഷന്റെ ഹൃദയത്തെ വ്യതിചലിപ്പിക്കാൻ പോന്നതാണ്. ഒരുവൾ ശരിക്കുറങ്ങുന്നില്ലെങ്കിൽ, സ്വസുഖം നോക്കാതെ എത്രയെങ്കിലും വൈഷ്യമ്യങ്ങൾ അനുഭവിക്കാൻ ഒരുക്കമാണവെളെങ്കിൽ അതിനർത്ഥം അവളുടെ മനസ്സിപ്പോൾ പ്രണയത്തിലാണ് എന്നായിരിക്കും.
അതെ, പ്രണയത്തിന്റെ വേരുകൾ നമുക്കുള്ളിലേക്ക് ആഴത്തിലോടിയിരിക്കുന്നു. നമ്മുടെ ഇന്ദ്രിയങ്ങളെ വിലോഭിപ്പിക്കാനായി പലതും പലതുമുണ്ട്; എന്നാൽ അവയിൽ നിന്നൊക്കെ അകലം പാലിക്കാനും നമുക്കു കഴിയും. പക്ഷേ ഇതൊന്നു മാത്രം ആരുമൊഴിവില്ലാതെല്ലാവരെയും, യുവാക്കളേയും വൃദ്ധരേയും, ബുദ്ധിമാന്മാരെയും മൂഢന്മാരെയും ബാധ പോലെ പിടികൂടുന്നതായി കാണപ്പെടുന്നു.
അങ്ങനെയാണ്, ഒരു സ്ത്രീയുടെ മുടിനാരു കൊണ്ട് മദയാനയെ തളയ്ക്കാമെന്നും ഒരുവളുടെ പാദുകത്തിന്റെ തടി കൊണ്ടുണ്ടാക്കിയ ഓടക്കുഴലിന്റെ നാദം കേട്ടാൽ ശരല്ക്കാലത്തെ കലമാൻ ഓടിയെത്തുമെന്നുമുള്ള കഥകളുണ്ടായത്.
ആ കെണിയിൽ പെടാതിരിക്കാനുള്ള വിവേകവും ജാഗ്രതയും ശിക്ഷണത്തിലൂടെ നാം ആർജ്ജിക്കണം.
*
6
പത്താം മാസത്തിലൊരുദിവസം കുറുസുനോയ്ക്കുമപ്പുറത്തുള്ള മലവാരത്തെ ഒരു വിദൂരഗ്രാമത്തിൽ താമസിക്കുന്ന ഒരാളെ കാണാൻ ഞാൻ പോയി. പായലു മൂടിയ പാതയിലൂടെ കഷ്ടപ്പെട്ടു നടന്ന് ഒടുവിൽ അദ്ദേഹം താമസിക്കുന്ന ഒറ്റപ്പെട്ട കുടിലിൽ ഞാൻ എത്തിച്ചേർന്നു. പഴുക്കിലകൾ അട്ടിയിട്ടു കിടക്കുന്നതിനിടയിലെവിടെയോ ഒരു മുളംകുഴലിൽ നിന്നു വെള്ളം തുള്ളിയിറ്റുന്നതല്ലാതെ ഒരു ശബ്ദവും അവിടെങ്ങും കേൾക്കാനില്ലായിരുന്നു. പൂജത്തട്ടിലെ പൂപ്പാത്രത്തിൽ ഇട്ടുവച്ചിരുന്ന ചില പൂക്കളും ഇലകളും മാത്രം ഒരു സൂചന തന്നിരുന്നു, ഏതോ മനുഷ്യജീവിയുടെ സാന്നിദ്ധ്യമുണ്ട് അവിടെയെന്ന്.
വ്യാമുഗ്ധനായിപ്പോയ ഞാൻ എന്നോടുതന്നെ പറഞ്ഞു: “ഇങ്ങനെയും ജീവിക്കാം!” എന്നാൽ എന്റെയാ മനോഭാവത്തെ അല്പമൊന്നുലച്ചുകളഞ്ഞു, തോട്ടത്തിന്റെ അങ്ങേയറ്റത്തായിക്കണ്ട വലിയൊരു നാരകമരം; ഫലഭാരത്താൽ കൊമ്പുകൾ താഴ്ന്നുപോയ ആ വൃക്ഷത്തെ കനത്തൊരു മരവേലി കെട്ടി നന്നായി സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ആ മരം അവിടെ ഇല്ലായിരുന്നെങ്കിൽ! ഞാൻ ചിന്തിച്ചുപോയി.
*
7
ഒരു വിളക്കിൻചുവട്ടിൽ, മുന്നിൽ നിവർത്തിവച്ച ഒരു പുസ്തകവുമായി ഒറ്റയ്ക്കിരിക്കുക, തനിക്കു നേരിട്ടറിവില്ലാത്ത ഭൂതകാലത്തിൽ നിന്നൊരു മനുഷ്യജീവിയുമായി സംവദിക്കുക- അവാച്യമായ മനശ്ശാന്തി നല്കുന്നതാണത്.
*
8
വീട് വെറുമൊരു വഴിയമ്പലം മാത്രമാണെന്നതു ശരിയാണെങ്കിലും അതിൽ താമസിക്കുന്നയാളിന്റെ ഉന്നതമായ അഭിരുചിക്കനുസരിച്ച് അതൊരുക്കിവയ്ക്കുന്നത് സന്തോഷം നല്കുന്ന കാര്യം തന്നെയല്ലേ?
നിലാവിന്റെ മനോരഞ്ജകത്വം പോലും എത്ര വർദ്ധിക്കുന്നു, സംസ്കാരസമ്പന്നനായ ഒരാൾ പ്രശാന്തലാളിത്യത്തോടെ പാർക്കുന്ന ഒരു വീട്ടിനുള്ളിലേക്കതിരിച്ചിറങ്ങുമ്പോൾ! മോടിയോ പകിട്ടോ കാണിക്കുന്ന ഒന്നും അവിടെയില്ലെന്നതു ശരിതന്നെ; എന്നാൽ മരങ്ങളിടതൂർന്നുവളരുന്ന തോട്ടം കാലത്തിന്റെ സ്മരണയുണർത്തുന്നതാണ്, പ്രകൃത്യാ വളരാൻ വിട്ടിരിക്കുന്ന ഉദ്യാനം മൃദുലവികാരങ്ങളുടെ സൂചന വഹിക്കുന്നു, വരാന്തയും ചുറ്റുവേലിയും കലാബോധത്തോടെ ചെയ്തിരിക്കുന്നു, വീട്ടിനുള്ളിലാകട്ടെ, പ്രത്യേകിച്ചൊരു ക്രമവുമില്ലാതെ വച്ചിരിക്കുന്ന സാധനങ്ങൾക്ക് സ്വസ്ഥവും പഴയ കാലത്തിന്റേതുമായ ഒരു മട്ടും. എത്ര ഉന്നതമായ ഒരഭിരുചിയുടെ ആവിഷ്കാരമാണിതൊക്കെ.
എത്ര വിരൂപവും മനസ്സിടിക്കുന്നതുമായ കാഴ്ചയാണ് പണിക്കാരുടെ ഒരു പട മിനക്കെട്ടിരുന്ന് തേച്ചുമിനുക്കിയെടുത്ത ഒരു മാളിക! നാടനും വിദേശിയുമായ വില പിടിച്ച അപൂർവ്വവസ്തുക്കളുടെ ഉദ്ധതമായ പ്രദർശനശാലയാണവിടെ. ചെടികളെപ്പോലും അവയുടെ പാട്ടിനു വളരാൻ വിടാതെ കത്രിച്ചും മുരടിപ്പിച്ചും നിർത്തിയിരിക്കുന്നു. അങ്ങനെയൊരിടത്ത് എത്രനാളാണൊരാൾ ജീവിക്കുക? അതു കാണുമ്പോൾത്തന്നെ നമുക്കു തോന്നിപ്പോകും, ഒരു നിമിഷം കൊണ്ടു പുകയായിപ്പോകാനുള്ളതാണിതൊക്കെയെന്ന്.
അതെ, ഒരു വീടു കണ്ടാൽ അതിൽ താമസിക്കുന്നയാളെക്കുറിച്ചു വേണ്ടതെല്ലാം അതു പറഞ്ഞുതരും.
ഫ്യൂജിവാര സനേസദ വീട്ടിന്റെ മേല്ക്കൂരയ്ക്കു മുകളിലായി തലങ്ങും വിലങ്ങും കയറു കെട്ടിയിരുന്നു; പരുന്തുകളവിടെ ചേക്കയിരിക്കാതിരിക്കാൻ വേണ്ടിയായിരുന്നു ആ ഏർപ്പാട്. “വീട്ടിനു മുകളിൽ പരുന്തിരിക്കുന്നതുകൊണ്ട് നിങ്ങൾക്കെന്തു ചേതം വരാൻ? എന്തു മനുഷ്യനാണിത്!” കവിയും സന്ന്യാസിയുമായ സെയ്‌ഗ്യോ അത്ഭുതപ്പെടുകയുണ്ടായി. അയനോക്കോജി രാജകുമാരന്റെ ഭവനത്തിനു മുകളിൽ കയറു കെട്ടിയിരിക്കുന്നതു കണ്ടപ്പോഴാണ് ഇക്കഥ എനിക്കോർമ്മവന്നത്. എന്നാൽ തന്റെ കുളത്തിലെ തവളകളെ കൊത്തിക്കൊണ്ടുപോകന്ന കാക്കകൾക്ക് തന്റെ മേല്ക്കൂര താവളമാകാതിരിക്കാനാണ് അങ്ങനെ ചെയ്യുന്നതെന്ന് പിന്നീട് ആരോ പറഞ്ഞു ഞാനറിഞ്ഞു. എനിക്കപ്പോൾ രാജകുമാരനോട് വല്ലാത്ത ആദരവു തോന്നി. സനേസദയ്ക്കും അങ്ങനെയൊരു വിചാരമുണ്ടായിരുന്നോ എന്ന് ആരറിഞ്ഞു?
9
ഏകാന്തജീവിയായ ഒരു ഭിക്ഷു ഒരിക്കൽ ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായി: “എന്നെ ഈ ലോകത്തോടു തളച്ചിടുന്ന സർവ്വതിനേയും ഞാൻ കൈവിട്ടുകളഞ്ഞിരിക്കുന്നു; എന്നാൽ നീലാകാശത്തിന്റെ സൗന്ദര്യമൊന്നുമാത്രം ഇപ്പോഴുമെന്നെ വിടാതെ പിന്തുടരുന്നു.” അദ്ദേഹത്തിന് അങ്ങനെ തോന്നിയതിന്റെ കാരണം എനിക്കു മനസ്സിലാകും.
*
10
തുല്യമനഃസ്ഥിതിയുള്ള ഒരാളുമായി ഈ ലോകത്തിന്റെ അസ്ഥിരവും തമാശ തോന്നിക്കുന്നതുമായ രീതികളെക്കുറിച്ച് തുറന്നു ചർച്ച ചെയ്യുന്നത് എത്ര ഉന്മേഷപ്രദമായ ഒരു കാര്യമാണ്! എന്നാൽ അങ്ങനെയൊരാളിനെ കണ്ടുകിട്ടുക ദുഷ്കരമാണെന്നതിനാൽ മറ്റേയാൾ പറയുന്നതെന്തായാലും അതിനോടു കഴിയുന്നത്ര യോജിക്കാൻ ശ്രമിച്ചുകൊണ്ടും ഉള്ളിൽ ഏകാകിയായും നിങ്ങൾക്കിരിക്കേണ്ടിവരികയാണ്.
ഇരുവർക്കും താല്പര്യമുള്ള വിഷയത്തെക്കുറിച്ച്പരസ്പരം യോജിച്ചുകൊണ്ടു സംസാരിക്കുന്നതിൽ ഒരുതരം ആനന്ദമില്ലാതെയില്ല; എന്നാലും നിങ്ങളുടേതിൽ നിന്നല്പം വ്യത്യസ്തമായ ഒരു നിലപാടാണ് അയാളെടുക്കുന്നതെങ്കിൽ അതാണു കൂടുതൽ നല്ലത്. “ഇല്ല, ഞാനതിനോടു യോജിക്കുന്നില്ല,” മത്സരിക്കുമ്പോലെ നിങ്ങളന്യോന്യം പറയണം, എന്നിട്ടു വാദപ്രതിവാദത്തിലൂടെ ഒരു തീരുമാനത്തിലെത്തുകയും വേണം. ഇത്തരം സജീവസംവാദങ്ങൾ അലസവേളകൾ ഹൃദ്യമാക്കാൻ പറ്റിയ വഴിയാണ്. എന്നാൽ മിക്കവരും തങ്ങളിൽ നിന്നു വ്യത്യസ്തമായതിൽ അതൃപ്തി കാണിക്കുന്നവരായിരിക്കും. ചർവ്വിതചർവ്വണങ്ങൾ തട്ടിവിടുന്നവരെ കുറേനേരമൊക്കെ സഹിക്കാമെങ്കിലും നമ്മുടെ മനസ്സിനു ചേർന്ന സ്നേഹിതന്മാരാകുന്നില്ലവർ; വ്യർത്ഥതാബോധത്തിലേക്കു വീണുപോവുകയാണു നാം അവരുടെ സാന്നിദ്ധ്യത്തിൽ.
*
11
ഒരു യാത്രയ്ക്കിറങ്ങുന്നത്, അതിനി ഏതു ദിക്കിലേക്കായാലും, പെട്ടെന്നു നിങ്ങളെ ചുറ്റുമുള്ള സർവ്വതിനോടും ശ്രദ്ധാലുവാക്കുകയാണ്.
നാട്ടുമ്പുറങ്ങിലൂടെ അലഞ്ഞുനടക്കുമ്പോൾ നിങ്ങളുടെ താല്പര്യമുണർത്തുന്ന പല പുതിയ കാര്യങ്ങളുമുണ്ടാവും. നാട്ടിലെ വിശേഷങ്ങളറിയാൻ കത്തെഴുതുന്നതും ഇന്നയിന്ന കാര്യങ്ങൾ കാണാൻ മറക്കരുതെന്ന് സ്നേഹിതന്മാരെ ഓർമ്മപ്പെടുത്തുന്നതും സന്തോഷമുള്ളതുതന്നെ.
അങ്ങനെയുള്ള സ്ഥലങ്ങളിൽ കാണുന്നതെന്തിനോടും ശ്രദ്ധാലുവാകുകയാണു നിങ്ങൾ. താൻ ഒപ്പം കൊണ്ടുവന്ന സാധനങ്ങളുടെ വിശിഷ്ടഗുണങ്ങൾ കൂടി അപ്പോഴാണ് നിങ്ങൾ ശ്രദ്ധിക്കുക. മറ്റൊരാളുടെ കലാപരമായ സിദ്ധികളോ സൗന്ദര്യമോ പതിവിലുമേറെ നിങ്ങളെ ആനന്ദിപ്പിക്കുകയും ചെയ്യും.
ദേവാലയങ്ങളുടെ പ്രശാന്തമായ അന്തരീക്ഷത്തിലേക്കു പിൻവാങ്ങുന്നതും നല്ലതുതന്നെ.
*
12
കഴിയുന്നത്ര ലളിതമായി ജീവിക്കുന്നതും ധനവും ആഡംബരവും വർജ്ജിക്കുന്നതും പ്രശസ്തിക്കും ഭാഗ്യത്തിനും പിന്നാലെ പായാതിരിക്കുന്നതും ഏറ്റവും ഉത്കൃഷ്ടമായ കാര്യമാണ്. ജ്ഞാനി ധനികനും കൂടിയാകുന്നത് വിരളമായിരിക്കും.
ചൈനയിൽ ക്‌സു യു എന്നുപേരുള്ള ഒരാളുണ്ടായിരുന്നു. അയാൾക്കു സ്വന്തമായി ഒന്നുമുണ്ടായിരുന്നില്ല; കൈക്കുമ്പിളിലാണ് വെള്ളം കുടിക്കുന്നതുതന്നെ. ഇതുകണ്ട ആരോ ഒരാൾ വെള്ളമൊഴിച്ചു കുടിക്കാൻ അയാൾക്കൊരു ചുരയ്ക്കാത്തൊണ്ടു കൊടുത്തു. ആവശ്യം കഴിഞ്ഞ് അയാൾ അതു മരക്കൊമ്പിൽ തൂക്കിയിടും. എന്നാൽ കാറ്റു വീശുമ്പോൾ അതൊരു ശബ്ദമുണ്ടാക്കുന്നത് ഒരു ദിവസം അയാൾ കേട്ടു; ആ ശബ്ദം അസഹ്യമായി തോന്നിയതിനാൽ അയാൾ അതെടുത്തു ദൂരെയെറിഞ്ഞു; പഴയപോലെ അയാൾ കൈക്കുമ്പിളിൽ വെള്ളം കുടിക്കുന്നതു തുടരുകയും ചെയ്തു.
സുൻ ചെൻ തണുപ്പുകാലത്തുപോലും പുതയ്ക്കാനൊന്നുമില്ലാതെയാണ് കിടന്നുറങ്ങുക. കുറേ വയ്ക്കോലെടുത്തു വിരിച്ച് രാത്രിയിൽ അതിൽ കിടന്നുറങ്ങും, കാലത്ത് അതു വാരിമാറ്റി സൂക്ഷിച്ചുവയ്ക്കുകയും ചെയ്യും.
ചൈനക്കാർ വരുംതലമുറകൾക്കു വേണ്ടി ഇങ്ങനെയുള്ള കഥകൾ എഴുതിസൂക്ഷിച്ചത് അത്രയും ആദരണീയമായി അവർക്കതു തോന്നിയതുകൊണ്ടാണ്. നമ്മുടെ നാട്ടിൽ അതൊന്നും ആരും കാര്യമായി ഗണിക്കുന്നതേയില്ല.
*
13
കാലമേതുമാവട്ടെ, ചന്ദ്രനെ നോക്കിയിരിക്കുക സാന്ത്വനമേകുന്ന കാര്യമാണ്. ചന്ദ്രനെപ്പോലെ ഹൃദയഹാരിയായ ഒരു കാഴ്ച വേറേയില്ലെന്ന് ഒരാൾ പ്രഖ്യാപിച്ചപ്പോൾ മറ്റൊരാൾ ഉടക്കിയത്രേ, അതിലും ഹൃദയാപഹാരിയാണ് പുൽത്തണ്ടിൽ പറ്റിയിരിക്കുന്ന മഞ്ഞുതുള്ളി എന്ന വാദവുമായി! ഇത്രയും തർക്കിക്കേണ്ടതുണ്ടോ? അതാതിന്റെ കാലത്ത് മനുഷ്യന്റെ വികാരങ്ങളെ സ്പർശിക്കാത്തതായി എന്താണുള്ളത്? ചന്ദ്രന്റെയും പൂക്കളുടേയും കാര്യം പറയേണ്ടതില്ല; കാറ്റിനു പോലും ഹൃദയത്തെ പിടിച്ചുലയ്ക്കാൻ കഴിയും. പാറക്കൂട്ടങ്ങളിൽ വീണുചിതറുന്ന തെളിഞ്ഞ ചോലയുടെ ദൃശ്യം മനോഹരമായ ഒരു ചിത്രമാണ്, ഏതു കാലമായാലും.
ഒരു ചൈനീസ് കവിയുടെ ഈ കവിത എന്റെ മനസ്സിനെ വല്ലാതെ സ്പർശിച്ചു:
യുവാനെന്നും ഹ്സിയാങ്ങെന്നും പേരുള്ള പുഴകൾ
പൂർവ്വാഭിമുഖമൊഴുകിക്കൊണ്ടേയിരിക്കുന്നു, രാവും പകലും;
ഒരു നൊടി പോലുമവയ്ക്കു തിരിഞ്ഞുനില്ക്കാനാവില്ല,
കരയിലിരുന്നു വിലപിക്കുന്നൊരാൾക്കായി.
അരുവികൾക്കും കുന്നുകൾക്കുമിടയിൽ അലഞ്ഞുനടക്കുകയും കിളികളേയും മീനുകളേയും നോക്കിനില്ക്കുകയുമാണ് തന്റെ ജീവിതാനന്ദങ്ങളെന്ന് ഹ്സി കാങ്ങ് എഴുതിയിട്ടുണ്ടല്ലോ. മനുഷ്യരുടെ ലോകത്തു നിന്നു നിന്നങ്ങകലെ, നറുംപുല്ലും തെളിവെള്ളവുമുള്ള ഒരിടത്ത് ഏകാകിയായി അലയുന്നതിനെക്കാൾ ഹൃദയാനന്ദം നല്കാൻ മറ്റേതൊന്നിനാകും?
*
14
ഏതു കാര്യമെടുത്താലും നഷ്ടബോധത്തോടെ പഴയ കാലത്തേക്ക് തിരിഞ്ഞുനോക്കാനാണു തോന്നുക. ഓരോ നാളു ചെല്ലുന്തോറും പ്രാകൃതമായിവരികയാണ് പുതിയ കാലത്തിന്റെ രീതികൾ. മരം കൊണ്ടുള്ള വീട്ടുപകരണങ്ങളിൽ പണ്ടത്തേതു തന്നെയാണ് ഏറ്റവും മനോഹരം. അക്ഷരങ്ങളുടെ വടിവിലാവട്ടെ, പണ്ടുകാലത്തെ ഒരു പാഴ്ക്കടലാസ്സുപോലും അമൂല്യമത്രെ.
ദൈനന്ദിനഭാഷയുടെ കാര്യവും പരിതാപകരമാണ്. ‘വിളക്കിന്റെ നാളമുയർത്തൂ’ എന്നു പറഞ്ഞിരുന്നതിപ്പോൾ ‘വിളക്കു കത്തിയ്ക്കൂ’ എന്നായിരിക്കുന്നു. ‘സൂത്രവചനത്തിനായുള്ള രാജകീയസഭാമണ്ഡപം’ വെറും ‘രാജകീയപ്രസംഗമണ്ഡപം’ ആയിരിക്കുന്നു.
*
15
ഏകാന്തധ്യാനത്തിൽ മുഴുകിയിരിക്കെ പൊയ്പോയ സകലതിനേയുമോർത്തുള്ള നഷ്ടബോധം താങ്ങാൻ എനിക്കു കഴിയാറില്ല.
എല്ലാവരും ഉറക്കമായിക്കഴിഞ്ഞു. രാത്രിയുടെ നീണ്ട നാഴികകൾ തരണം ചെയ്യാനായി അതുമിതുമൊക്കെ അടുക്കിപ്പെറുക്കിവയ്ക്കുകയാണു നിങ്ങൾ. ഇനി സൂക്ഷിച്ചുവയ്ക്കേണ്ടതില്ലാത്ത കടലാസുകൾ മാറ്റിവയ്ക്കുന്നതിനിടയിൽ ഇന്നില്ലാത്ത ഒരാളുടെ കൈപ്പട, അല്ലെങ്കിൽ ഒരു രേഖാചിത്രം നിങ്ങളുടെ കണ്ണിൽ തടയുന്നു, പൊടുന്നനേ നിങ്ങൾ ആ നിമിഷത്തിനുള്ളിലാവുകയും ചെയ്യുന്നു. ഇപ്പോൾ ജീവിച്ചിരുപ്പുള്ള ഒരാൾ പണ്ടെഴുതിയ ഒരു കത്താണതെങ്കിലും ഏതു കൊല്ലം, ഏതവസരത്തിലാണ് അതെഴുതിയതെന്നാലോചിച്ച് നിങ്ങൾ സ്വയം മറക്കുകയും ചെയ്യുന്നു.
നിങ്ങൾ ഉപയോഗിച്ചിരുന്ന വസ്തുക്കളും ഇതേപോലെ നിർവ്വികാരവും മാറ്റമില്ലാതെയും വരാനുള്ള വർഷങ്ങളിൽ ഈ ലോകത്തുണ്ടാവുമെന്നോർക്കുന്നത് നിങ്ങളെ എത്ര വിഷാദത്തിലാഴ്ത്തുന്നു!
*
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ