എനിക്കു പത്തു വയസ്സുണ്ടായിരുന്നപ്പോഴത്തെ ഒരു ഞായറാഴ്ച ദിവസം ഞാനോർക്കുന്നു; കിളികൾ പാടുന്നതു കേൾക്കാൻ കാട്ടിൽ പോകാമെന്നും പറഞ്ഞ് അന്നുച്ച തിരിഞ്ഞ് ഡാഡി എന്നെ വിളിച്ചു. അമ്മയോടു യാത്ര പറഞ്ഞ് ഞങ്ങൾ വീട്ടിൽ നിന്നിറങ്ങി; അത്താഴം ശരിയാക്കാനുള്ളതുകൊണ്ട് അമ്മയ്ക്കു വരാൻ പറ്റില്ല. ഇളംചൂടുള്ള തെളിഞ്ഞ വെയിലത്ത് പ്രസരിപ്പോടെ ഞങ്ങൾ നടന്നു. ഈ കിളികളുടെ പാട്ടൊക്കെ ഞങ്ങൾക്കെന്തോ വലിയ പുതുമയോ പ്രത്യേകതയോ ആയിരുന്നുവെന്നല്ല; ഞങ്ങൾ, ഡാഡിയും ഞാനും, അതു വലിയ ഗൗരവമായി എടുത്തില്ല. കാടും അതിലെ ജീവികളുമൊക്കെ ഞങ്ങൾക്കു പരിചയമില്ലാത്തതല്ല. ഞായറാഴ്ച ഉച്ച തിരിഞ്ഞ സമയമാണ്, ഡാഡിക്കു ജോലിക്കും പോകേണ്ട; എന്നാല്പിന്നെ ഒന്നു നടന്നുവരാം എന്നു കരുതി എന്നു മാത്രം. ഞങ്ങൾ റയിൽ പാളം വഴി നടന്നു; മറ്റുള്ളവർക്ക് അതു വഴി പ്രവേശനം ഇല്ല; എന്നാൽ ഡാഡി റയിൽവേയിൽ ജോലിക്കാരനായതുകൊണ്ട് അതിനവകാശമുണ്ട്. അങ്ങനെ വളഞ്ഞു ചുറ്റിപ്പോകാതെ ഞങ്ങൾക്കു നേരേ കാട്ടിലേക്കു കടക്കാൻ പറ്റി. അപ്പോഴാണ് ഒരു കിളി പാടുന്നത്; വൈകിയില്ല, മറ്റു കിളികളുടെ പാട്ടുകളും കേട്ടുതുടങ്ങി. ചില്ലകളിലും പൊന്തകളിലുമിരുന്ന് അവ പാടുകയായിരുന്നു: കുരുവികൾ, പുള്ളുകൾ, ചിലപ്പന്മാർ; കാട്ടിലേക്കു കടക്കുന്തോറും പലപല ജീവികളുടെ കരച്ചിലും പാട്ടുകളും കാതിൽ വന്നു വീണുകൊണ്ടിരുന്നു. നിലം പറ്റി വളരുന്ന പുല്ക്കൊടികൾ; ബർച്ചുമരങ്ങൾ തളിരിലകളണിഞ്ഞിരുന്നു; പൈനുകളിൽ പച്ചനിറത്തിൽ ഇളംകൂമ്പുകൾ പൊടിച്ചിരുന്നു. എവിടെയും സുഖകരമായ ഒരു ഗന്ധവും പരന്നിരുന്നു. വെയിലു വീഴുമ്പോൾ പായലു പിടിച്ച നിലത്തു നിന്ന് നേർത്ത ആവി പൊങ്ങി. എവിടെയും ജീവിതവും അതിന്‍റെ ഒച്ചകളുമാണ്; വണ്ടുകൾ പറന്നുനടക്കുന്നു; ഈർപ്പമുള്ളിടങ്ങളിൽ ഈച്ചകൾ പൊതിഞ്ഞിരിക്കുന്നു.കിളികൾ പൊന്തകളിൽ നിന്ന് ശരം പോലെ പറന്നുവന്ന് അവയെ കൊക്കിലാക്കി പിന്നെയും മറഞ്ഞിരിക്കുന്നു. പെട്ടെന്ന് ഒരു ട്രെയിൻ കുതിച്ചുവന്നു; ഞങ്ങൾ തിട്ടയിലേക്കിറങ്ങി നിന്നു. ഡാഡി ഡ്രൈവറെ നോക്കി കൈ വീശിക്കാണിച്ചു; അയാൾ തിരിച്ചു കൈ വീശി. എല്ലാം ചലിക്കുന്നപോലെ തോന്നി. വെയിലത്തു താറുമൊലിപ്പിച്ചു കിടക്കുന്ന സ്ലീപ്പറുകൾക്കു മുകളിലൂടെ നടക്കുമ്പോൾ കരിയോയിലിന്‍റെയും ബദാം പൂക്കളുടെയും താറിന്‍റെയുമൊക്കെക്കൂടി ഒരു സമ്മിശ്രഗന്ധം എവിടെയും നിറഞ്ഞുനിന്നു. പാറക്കല്ലുകളിലൂടെ നടന്നു ചെരിപ്പു തേയിക്കാതിരിക്കാനായി സ്ലീപ്പറുകളിൽ ചവിട്ടിയാണ് ഞങ്ങൾ നടന്നത്. പാളങ്ങൾ വെയിലത്തു വെട്ടിത്തിളങ്ങി. ഇരുവശവുമുള്ള ടെലിഫോൺ തൂണുകളുടെ മൂളൽ കടന്നുപോകുമ്പോൾ ഞങ്ങളുടെ കാതുകളിൽ വീണുകൊണ്ടിരുന്നു. അതെ! സുന്ദരമായ ദിവസം! ആകാശം കണ്ണാടി പോലെ തെളിഞ്ഞു കിടന്നിരുന്നു. ഒരു മേഘം പോലും കാണാനുണ്ടായിരുന്നില്ല; ഇതു പോലുള്ള ദിവസങ്ങളിൽ അതുണ്ടാവുകയേയില്ല, അങ്ങനെയാണ് ഡാഡി പറഞ്ഞത്. അല്പദൂരം കൂടി നടന്നപ്പോൾ പാതയുടെ വലത്തായി ഒരു ഓട്ട്സ് പാടമുള്ളിടത്തെത്തി; ഞങ്ങൾക്കറിയാവുന്ന ഒരാളാണ് അവിടെ കൃഷി ചെയ്തിരുന്നത്. ഓട്ട്സ് നന്നായി തഴച്ചു വളർന്നിരുന്നു; ഡാഡി പോലും വലിയ തൃപ്തിയോടെയാണ് അതു നോക്കിനിന്നത്. പട്ടണത്തിൽ വളർന്നതു കാരണം ഇമ്മാതിരി കാര്യങ്ങളിലൊന്നും എനിക്കു വലിയ പിടിയില്ല. പിന്നെ ഞങ്ങൾ ഒരു ചോലയ്ക്കു മുകളിലുള്ള പാലത്തിലെത്തി; മിക്കപ്പോഴും അത് വരണ്ടു കിടക്കാറാണുള്ളതെങ്കിലും ഇപ്പോൾ അത് നിറഞ്ഞൊഴുകുകയാണ്. സ്ലീപ്പറുകൾക്കിടയിലൂടെ താഴേക്കു വീഴരുതെന്നതിനായി ഞങ്ങൾ കൈ കോർത്തുപിടിച്ചു നടന്നു. അവിടെ നിന്ന് റയിൽവേ ഗേറ്റ് കീപ്പറുടെ താമസസ്ഥലത്തേക്ക് അധികദൂരമില്ല. അതാകെ പച്ചപ്പിൽ മുങ്ങിയിരിക്കുകയാണ്. വീടിനോടു ചേർന്ന് ആപ്പിൾ മരങ്ങളും നെല്ലികളും. വിശേഷമറിയാനായി ഞങ്ങൾ കയറിച്ചെന്നു; അവർ ഞങ്ങൾക്ക് കുടിക്കാൻ പാലു തന്നു. അടിമുടി പൂത്തുനില്ക്കുന്ന ഫലവൃക്ഷങ്ങളും പന്നികളേയും കോഴികളേയുമൊക്കെക്കണ്ട് ഞങ്ങൾ പിന്നെയും നടന്നു. പുഴയുടെ കരയിലേക്കാണ് ഞങ്ങൾ നടക്കുന്നത്; കാരണം മറ്റെവിടെയും ഇതുപോലെ മനോഹരമല്ല. പുഴയുടെ കാര്യത്തിൽ ഞങ്ങൾക്കു പ്രത്യേകിച്ചൊരു മമതയും ഉണ്ടായിരുന്നു; കുറച്ചുകൂടി മേലോട്ടു പോയാലുള്ള ഡാഡിയുടെ കുടുംബവീടിനരികിലൂടാണല്ലോ അതൊഴുകിവരുന്നത്. അവിടെ വരെ എത്താതെ ഞങ്ങൾ സാധാരണ മടങ്ങാറില്ല; കുറേക്കൂടി നടന്നപ്പോൾ ഞങ്ങൾ അവിടെ എത്തിച്ചേർന്നു. അടുത്ത സ്റ്റേഷനിലേക്ക് വലിയ ദൂരമില്ല; എന്നാലും ഞങ്ങൾ അങ്ങോട്ടു പോയില്ല. ഡാഡി സിഗ്നലുകൾ ശരിയല്ലേയെന്ന് നോക്കി ഉറപ്പു വരുത്തി. ഡാഡി അങ്ങനെയാണ്, ഒരു കാര്യവും വിട്ടുകളയില്ല. ഞങ്ങൾ പുഴക്കരെ നടത്ത നിർത്തി. അന്തിവെയിലിൽ പരന്നൊഴുകുകയാണത്. ഇരുകരകളിലും ഇല തിങ്ങിയ മരങ്ങൾ തെളിഞ്ഞ ജലത്തിൽ മുഖം നോക്കി നിന്നിരുന്നു. എല്ലാമെത്ര ദീപ്തവും നൂതനവുമായിരുന്നു! മുകളിലെ തടാകങ്ങളിൽ നിന്ന് ഒരിളംതെന്നൽ വീശിവന്നു. വരമ്പു പിടിച്ച് ഞങ്ങൾ അല്പദൂരം താഴേക്കു നടന്നു. ചൂണ്ടയിടാൻ പറ്റിയ ഇടങ്ങൾ ഡാഡി എനിക്കു കാണിച്ചുതന്നു. കുട്ടിയായിരിക്കുമ്പോൾ മീൻ കൊത്തുന്നതും നോക്കി ഡാഡി ആ പാറകളിൽ ഇരിക്കാറുണ്ടായിർന്നത്രെ. പലപ്പോഴും ഒരു മീൻ പോലും ചൂണ്ടയിൽ കൊത്തുകയില്ല; എന്നാലും നേരം കളയാൻ പറ്റിയ സംഗതിയായിരുന്നു അത്. ഇപ്പോൾ ഡാഡിക്കു തീരെ സമയമില്ല. കുറച്ചു നേരം ഞങ്ങൾ പുഴക്കരയിലിരുന്നു കളിച്ചു; ഒഴുക്കെടുത്തുകൊണ്ടു പോകാനായി ഞങ്ങൾ കോർക്കുകഷണങ്ങൾ വലിച്ചെറിഞ്ഞു, ആർക്കാണ് ഏറ്റവും ദൂരത്തേക്കെറിയാൻ പറ്റുന്നതെന്നറിയാനായി കല്ലുകൾ വലിച്ചെറിഞ്ഞു. പ്രകൃതം കൊണ്ടേ ഉല്ലാസപ്രിയരാണ് ഞങ്ങൾ, ഡാഡിയും ഞാനും. അല്പം കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് ചെറിയൊരു തളർച്ച തോന്നി. ഇനി കളി മതിയാക്കാമെന്നു വച്ച് ഞങ്ങൾ മടക്കയാത്ര തുടങ്ങി.
അപ്പോഴേക്കും ഇരുട്ടായിത്തുടങ്ങി. കാടുകൾക്കു മാറ്റം വന്നു. നല്ല ഇരുട്ടെന്നു പറയാനില്ലെങ്കിലും മിക്കവാറും ഇരുട്ടായിക്കഴിഞ്ഞു. ഞങ്ങൾ വേഗം നടന്നു. അമ്മയ്ക്കിപ്പോൾ ഉത്കണ്ഠയായിത്തുടങ്ങിയിരിക്കും. ഒന്നുമില്ലെങ്കിലും എന്തെങ്കിലും സംഭവിക്കുമെന്ന പേടിയാണ് അമ്മയ്ക്കെപ്പോഴും. ഇന്ന് വളരെ നല്ലൊരു ദിവസമായിരുന്നു. എല്ലാം വേണ്ടപോലെ നടന്നു; ഞങ്ങൾക്കു വളരെ തൃപ്തിയുമായി. ഇരുട്ട് കൂടിക്കൂടി വരികയായിരുന്നു; മരങ്ങൾ വിചിത്രരൂപങ്ങൾ പോലെ തോന്നിത്തുടങ്ങി. അവ ഞങ്ങളുടെ കാലൊച്ചകൾ കാതോർത്തു നില്ക്കുകയാണ്; ഞങ്ങൾ ആരെന്ന് അവയ്ക്കറിയില്ലെന്ന പോലെ. ഒരു മരത്തിനടിയിൽ ഒരു മിന്നാമിനുങ്ങിനെ കണ്ടു. ഇരുട്ടത്തു കിടന്നുകൊണ്ട് ഞങ്ങളെ തുറിച്ചുനോക്കുകയാണത്. ഞാൻ ഡാഡിയുടെ കൈയിൽ മുറുകെപ്പിടിച്ചു; പക്ഷേ ഡാഡി ആ വിചിത്രവെളിച്ചം ശ്രദ്ധിച്ചതായി തോന്നിയില്ല; അദ്ദേഹം നേരേ നടന്നുപോയി. ചോലയ്ക്കു മുകളിലുള്ള പാലമെത്തിയപ്പോൾ നല്ല ഇരുട്ടായിക്കഴിഞ്ഞിരുന്നു. അടിയിൽ അത് ഇരച്ചൊഴുകുന്നതു കണ്ടാൽ ഞങ്ങളെ അതിനു വിഴുങ്ങണമെന്നു തോന്നിപ്പോകും. സ്ലീപ്പറുകളിൽ ശ്രദ്ധിച്ചു കാലു വച്ചുകൊണ്ട് ഞങ്ങൾ മുന്നോട്ടു നടന്നു; വീഴാതിരിക്കാനായി ഞങ്ങൾ കൈയിൽ പിടിച്ചിരുന്നു. ഡാഡി എന്നെ എടുത്ത് അപ്പുറത്തു കടത്തുമെന്നായിരുന്നു ഞാൻ കരുതിയത്; പക്ഷേ ഡാഡി അതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ഞാൻ അദ്ദേഹത്തെപ്പോലെയാകണമെന്ന് ഡാഡി കരുതിക്കാണും. ഞങ്ങൾ മുന്നോട്ടു നടന്നു. ആ ഇരുട്ടത്ത് ഒന്നും മിണ്ടാതെ, ഒരേ താളത്തിൽ കാലെടുത്തുവച്ച്, ശാന്തനായി ഡാഡി നടന്നു. ഡാഡിയുടെ മനസ്സിൽ എനിക്കറിയാത്ത ചിന്തകളായിരിക്കാം. ഇത്രയും പ്രേതതുല്യമായ ഒരന്തരീക്ഷത്തിൽ ഇത്രയും പ്രശാന്തത സൂക്ഷിക്കാൻ അദ്ദേഹത്തിനെങ്ങനെ കഴിയുന്നുവെന്ന് എനിക്കു മനസ്സിലായില്ല. ഞാൻ പേടിയോടെ ചുറ്റും നോക്കി. എവിടെയും ഇരുട്ടല്ലാതെ മറ്റൊന്നുമില്ല. അമർത്തി ശ്വാസമെടുക്കാൻ കൂടി എനിക്കു ധൈര്യം വന്നില്ല; കാരണം, അപ്പോൾ ഇരുട്ട് നിങ്ങളിലേക്കു വരികയാണ്, അതപകടവുമാണ്, ഞാൻ മനസ്സിൽ പറഞ്ഞു. ഞാൻ ഇപ്പോൾ മരിക്കും. മനസ്സിൽ അങ്ങനെ ഒരു ചിന്ത വന്നത് ഞാൻ വ്യക്തമായി ഓർക്കുന്നു. തിട്ട നല്ല ഉയരത്തിലായിരുന്നു. കറുത്ത രാത്രിയിൽ അതലിഞ്ഞുചേർന്നു. ടെലിഫോൺ തൂണുകൾ പ്രേതങ്ങളെപ്പോലെ മാനത്തേക്കുയർന്നു നിന്നിരുന്നു; അങ്ങു മണ്ണിനടിയിൽ ആരോ സംസാരിക്കുകയാണെന്നപോലെ താഴ്ന്ന സ്ഥായിയിൽ അവ മുരണ്ടുകൊണ്ടിരുന്നു. എത്ര പേടിപ്പെടുത്തുന്നതായിരുന്നു എല്ലാം! ഒന്നും യഥാർത്ഥമല്ലെന്നും ഇതൊന്നും പ്രകൃതിയിലുള്ളതല്ലെന്നും എല്ലാം ഒരു നിഗൂഢതയാണെന്നും തോന്നി. ഞാൻ ഡാഡിയോട് ഒന്നുകൂടി പറ്റിച്ചേർന്നുകൊണ്ട് അടക്കത്തിൽ പറഞ്ഞു: “ഇരുട്ടാകുമ്പോൾ ഇത്രയും പേടി തോന്നുന്നതെന്താ, ഡാഡീ?”
“ ഇല്ല മോനേ, അത്ര പേടിക്കാനൊന്നുമില്ല,” എന്നു പറഞ്ഞുകൊണ്ട് ഡാഡി എന്‍റെ കൈയിൽ പിടിച്ചു.
“ഇല്ല, ഡാഡീ, അങ്ങനെയാണ്.”
“അല്ല, അങ്ങനെ ചിന്തിക്കരുത്. ദൈവം എന്നൊരാളുണ്ടെന്ന് നമുക്കറിയില്ലേ?”
ഒറ്റപ്പെട്ട പോലെ, എല്ലാവരുമെന്നെ കൈവിട്ടപോലെ എനിക്കു തോന്നി. എനിക്കു മാത്രമാണ് പേടി തോന്നുന്നതെന്നത്, ഡാഡിക്കു പേടി ഇല്ലെന്നത് എനിക്കു വിചിത്രമായി തോന്നി. ഒരേ പോലെയല്ല ഞങ്ങളുടെ ചിന്തകളെന്നത് എനിക്കു വിചിത്രമായി തോന്നി. ഡാഡി പറഞ്ഞത് എന്നെ സഹായിച്ചില്ലെന്നത്, എന്‍റെ പേടി മാറ്റാൻ അതുതകിയില്ലെന്നത് അതിലും വിചിത്രമായി തോന്നി. ദൈവത്തെക്കുറിച്ചു പറഞ്ഞതു പോലും എന്നെ സഹായിച്ചില്ല. ദൈവം പോലും പേടിപ്പെടുത്തുന്നതായി എനിക്കു തോന്നി. ഈ ഇരുട്ടത്ത് അവൻ എവിടെയുമുണ്ടെന്നത്, ആ മരങ്ങൾക്കടിയിൽ, മുരളുന്ന തൂണുകൾക്കുള്ളിൽ (മുരളുന്നത് അവൻ തന്നെയായിരിക്കണം) അവനുണ്ടെന്ന ചിന്ത തന്നെ പേടിപ്പെടുത്തുന്നതായിരുന്നു. എവിടെയുമുള്ള അവനെ കാണാനും പറ്റില്ല.
മനസ്സിൽ അവനവന്‍റെ ചിന്തകളുമായി ഞങ്ങൾ നിശ്ശബ്ദരായി നടന്നു. എല്ലാ ഇരുട്ടും കൂടി എന്‍റെ ഹൃദയത്തിനുള്ളിലേക്കു ഞെരുങ്ങിക്കടന്നപോലെ എന്‍റെ നെഞ്ചു വിങ്ങി.
അപ്പോഴാണ്, ഞങ്ങൾ ഒരു വളവിലെത്തിയപ്പോഴാണ്, പിന്നിൽ പെട്ടെന്നൊരിരമ്പം ഞങ്ങൾ കേൾക്കുന്നത്. ഞങ്ങൾ ചിന്തകളിൽ നിന്നു ഞെട്ടിയുണർന്നു. ഡാഡി എന്നെ തിട്ടയിൽ നിന്നു വലിച്ചിറക്കി പൂണ്ടടക്കം പിടിച്ചുകൊണ്ടു നിന്നു; ഒരു ട്രെയിൻ ഇരമ്പിക്കുതിച്ചുപോയി: ഒരു കറുത്തിരുണ്ട തീവണ്ടി. ഒരു കോച്ചിലും വെളിച്ചമുണ്ടായിരുന്നില്ല; എവിടേക്കാണതു പാഞ്ഞുപോകുന്നത്? ഇതേതു വണ്ടിയായിരിക്കും? ഇത് വണ്ടിയുള്ള നേരവുമല്ല! ഭീതിയോടെ ഞങ്ങൾ നോക്കിനിന്നു. കൂറ്റൻ ആവിയെഞ്ചിന്‍റെ അലറുന്ന ചൂളയിലേക്ക് അവർ കല്ക്കരി കോരിയിട്ടുകൊണ്ടിരുന്നു; തീപ്പൊരികൾ ഇരുട്ടിലേക്കു പാറിവീണുകൊണ്ടിരുന്നു. പേടിപ്പെടുത്തുന്ന ദൃശ്യം. എരിതീയുടെ വെളിച്ചത്തിൽ വിളറിയും ചലനമറ്റും ഡ്രൈവർ നില്ക്കുന്നുണ്ടായിരുന്നു; അയാളുടെ മുഖം കല്ലിച്ച പോലിരുന്നു. ഡാഡിക്ക് അയാളെ കണ്ടിട്ടു മനസ്സിലായില്ല- ഡാഡിക്ക് അയാളെ അറിയില്ല. നേരേ മുന്നിലേക്കു തുറിച്ചു നോക്കിക്കൊണ്ട് അയാൾ നിന്നു, ഇരുട്ടിലേക്ക്, അന്ത്യമെന്നതില്ലാത്ത ഇരുട്ടിലേക്ക് പാഞ്ഞുപോവുക എന്നതാണു തന്‍റെ ഉന്നമെന്നപോലെ.
ഞെട്ടി വിറച്ചും കിതച്ചും കൊണ്ട് ആ ഭീഷണദൃശ്യം നോക്കി ഞാൻ നിന്നു. ഇരുട്ടതിനെ വിഴുങ്ങിക്കഴിഞ്ഞു. ഡാഡി എന്നെ പാളത്തിലേക്കു പിടിച്ചുകയറ്റി; ഞങ്ങൾ ധൃതിയിൽ വീട്ടിലേക്കു നടന്നു. അദ്ദേഹം പറഞ്ഞു, “അതേതു വണ്ടിയാണെന്ന് എനിക്കു മനസ്സിലാകുന്നേയില്ല! ആ ഡ്രൈവറേയും പരിചയമില്ല.” പിന്നെ ഡാഡി ഒന്നും മിണ്ടിയില്ല.
പക്ഷേ എന്‍റെ ഉടലാകെ വിറയ്ക്കുകയായിരുന്നു. അതെനിക്കുള്ളതായിരുന്നു, എന്‍റെ പേർക്കുള്ളതായിരുന്നു. അതിന്‍റെ പൊരുളെന്തെന്ന് ഞാൻ ഊഹിച്ചു: എന്നെ കാത്തിരിക്കുന്ന ഭീതിയാണത്, എനിക്കജ്ഞാതമായതെല്ലാമാണത്; എന്‍റെ ഡാഡിക്കറിയാത്തതെല്ലാമാണത്; അതിൽ നിന്നെന്നെ രക്ഷിക്കാൻ ഡാഡിക്കു കഴിയുകയുമില്ല. അതാണെനിക്കു പറഞ്ഞിരിക്കുന്ന ലോകം, എനിക്കു പറഞ്ഞിരിക്കുന്ന ജീവിതം; എല്ലാം സുരക്ഷിതവും സുനിശ്ചിതവുമായിരുന്ന ഡാഡിയുടെ ലോകവും ജീവിതവും പോലെയല്ല. അത് യഥാർത്ഥലോകമായിരുന്നില്ല, യഥാർത്ഥജീവിതവുമായിരുന്നില്ല; അന്ത്യമെന്നതില്ലാത്ത ഒരന്ധകാരത്തിലേക്ക് എരിഞ്ഞും കൊണ്ടതു പാഞ്ഞുപോയിരുന്നു എന്നു മാത്രം.
Par Lagerkvist (1891-1974) സ്വീഡിഷ് കവിയും നോവലിസ്റ്റും നാടകകൃത്തും; 1951ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. യാഥാർത്ഥ്യത്തിന്റെ അതിഥി(1925) എന്ന ആത്മകഥയാണ് ഏറ്റവും പ്രശസ്തമായ കൃതി. കുള്ളൻ (1944), ബറാബസ് (1950) എന്നിവ നോവലുകൾ
മലയാളനാട് വെബ് മാഗസിന്റെ 2017 ജൂണ്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്