2017, ഡിസംബർ 28, വ്യാഴാഴ്‌ച

ബ്രഷ്റ്റ് - അമേരിക്കൻ കവിതകൾ (1941-1947)




1933ൽ നാസികളുടെ ജർമ്മനി വിട്ടു പലായനം ചെയ്ത ബ്രഷ്റ്റ് സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ അഭയം തേടി. 1941ൽ അദ്ദേഹം അമേരിക്കയിലെത്തി. ബ്രഷ്റ്റിന്റെ അമേരിക്കൻ ജീവിതം പരസ്പരമുള്ള അവിശ്വാസത്തിന്റെ ആറുകൊല്ലം നീണ്ട കഥയായിരുന്നു. അദ്ദേഹം താമസിച്ചിരുന്ന ഹോളിവുഡ്ഡോ അദ്ദേഹം നിരന്തരസന്ദർശകനായിരുന്ന ബ്രോഡ്‌വേയോ അദ്ദേഹത്തിന്റെ പ്രതിഭ തിരിച്ചറിഞ്ഞില്ല; മാർക്സിസം അസ്ഥിയിൽ പിടിച്ച ബ്രഷ്റ്റാവട്ടെ, മനുഷ്യരുടെ പരസ്പരബന്ധങ്ങളെ മാത്രമല്ല, അവരുടെ പാർപ്പിടങ്ങളെ, പണിയായുധങ്ങളെ, ഭൂപ്രകൃതിയെത്തന്നെ ജുഗുപ്ത്സാവഹവും വില കെട്ടതുമാക്കുന്ന രാക്ഷസീയതയായിട്ടാണ്‌ മുതലാളിത്തത്തെ കണ്ടത്. ബ്രഷ്റ്റിനെ വരുതിയിൽ കൊണ്ടുവരാൻ അമേരിക്കൻ പ്രലോഭനങ്ങൾക്കു കഴിഞ്ഞില്ല, അമേരിക്കയ്ക്കു മേൽ വിജയം നേടാൻ അദ്ദേഹത്തിനും കഴിഞ്ഞില്ല. ഹോളിവുഡ്ഡിലെയും ബ്രോഡ്‌വേയിലേയും പരാജയങ്ങൾ ഒരുകണക്കിന്‌ നന്നായി എന്നു വേണം പറയാൻ; അങ്ങനെയല്ലെങ്കിൽ “കാക്കേഷ്യൻ ചോക്കുവൃത്തം” പോലുള്ള നാടകങ്ങളും മനോഹരമായ കുറേ കവിതകളും അദ്ദേഹം എഴുതുമായിരുന്നില്ല.


നരകത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ


നരകത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ, ഞാനൊരിക്കൽ കേട്ടതാണ്‌,
എന്റെ സഹോദരൻ ഷെല്ലിയ്ക്കു തോന്നിയത്രെ,
ലണ്ടൻ നഗരത്തോടൊരുപാടു സാദൃശ്യമുള്ളതാണതെന്ന്.
ഞാൻ, ലണ്ടനിലല്ല, ലൊസ് ആൻജലൊസിൽ ജീവിക്കുന്നവൻ,
നരകത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ കാണുന്നത്
അതിനതിലും സാദൃശ്യം ലൊസ് ആൻജൊലസിനോടാണെന്നാണ്‌.

നരകത്തിലുമുണ്ട്,അതിലെനിക്കു സംശയമൊന്നുമില്ല,
ഇതുപോലത്തെ ആഡംബരോദ്യാനങ്ങൾ,
അവയിൽ മരങ്ങളുടെ വലിപ്പത്തിൽ പൂക്കൾ,
വളരെ വിലയുള്ള വെള്ളം കൊണ്ടു നനച്ചുകൊടുത്തില്ലെങ്കിൽ
മടിക്കാതെ കൊഴിയുന്നവ.
പിന്നെ പഴച്ചന്തകൾ, കൂന കൂട്ടിയ പഴങ്ങളുമായി,
എന്നാലവയ്ക്കു മണവും രുചിയുമില്ലതാനും.
പിന്നെയുമുണ്ട്, കാറുകളുടെ നീണ്ട നിരകൾ,
സ്വന്തം നിഴലുകളെക്കാൾ ഭാരം കുറഞ്ഞ,
മൂഢചിന്തകളെക്കാൾ വേഗതയേറിയ മിന്നുന്ന വാഹനങ്ങൾ,
അവയിൽ കാണാം ചുവന്നുതുടുത്ത മനുഷ്യരെ,
എങ്ങു നിന്നുമല്ലാതെ വരുന്നവർ,
എങ്ങോട്ടുമല്ലാതെ പോകുന്നവർ.
പിന്നെ വീടുകൾ, സന്തുഷ്ടർക്കു വേണ്ടി പണിതത്,
അതിനാൽ ആൾപ്പാർപ്പുണ്ടായാലും ഒഴിഞ്ഞവ.
നരകത്തിലെ വീടുകളും അസുന്ദരമെന്നു പറയാനില്ല.
പക്ഷേ തെരുവിലേക്കെറിയപ്പെടാമെന്ന ഭീതി
ചേരികളിലെ താമസക്കാരെയെന്നപോലെ
ബംഗ്ളാവുകളിൽ താമസിക്കുന്നവരെയും വല്ലാതെ വേട്ടയാടുന്നു .

(ഷെല്ലിയുടെ 'Peter Bell the Third' എന്ന കവിതയുടെ മൂന്നാം ഭാഗത്ത് ‘Hell is a city much like London...’എന്നൊരു വരിയുണ്ട്.)


ചതുപ്പ്


നിത്യവും ഞാൻ കടന്നുപോകുന്ന വഴിക്കരികിലെ ചതുപ്പിൽ
നിസ്സഹായരായി മുങ്ങിത്താഴുന്ന പല സ്നേഹിതന്മാരെയും ഞാൻ കണ്ടു;
കൂട്ടത്തിൽ ഞാനേറ്റവുമധികം സ്നേഹിക്കുന്നവനെയും.

ഒരു പ്രഭാതം പോരുമായിരുന്നില്ല
ഒരു മുങ്ങിത്താഴൽ പൂർണ്ണമാവാൻ.
പലപ്പോഴും അതിനാഴ്ചകളെടുത്തു;
അതതിനെ ഇനിയും ഭയാനകവുമാക്കി.
ഇതിനകം എത്രയോ പേരെ വിഴുങ്ങിക്കഴിഞ്ഞ ആ ചതുപ്പിനെക്കുറിച്ച്
ഞങ്ങൾ നടത്തിയ ദീർഘസംഭാഷണങ്ങൾ ഞാനോർത്തു.

നിസ്സഹായനായി ഞാൻ അവനെ കണ്ടുനിന്നു,
കൊഴുത്തുതിളങ്ങുന്ന മിനുങ്ങുന്ന ചെളിയിൽ
അട്ടകളെക്കൊണ്ടു മൂടി അവൻ ചാരിക്കിടക്കുന്നു:
മുങ്ങിത്താഴുന്ന മുഖത്ത്
നിർവൃതിയുടെ
ബീഭത്സമായ മന്ദഹാസം.


ഹോളിവുഡ്


അന്നന്നത്തെ അപ്പത്തിനായി
ഞാനെന്നും ചന്തയിൽ പോകും.
അവിടെ നുണകൾ വാങ്ങാനാളുകളുണ്ട്.
പ്രതീക്ഷയോടെ ഞാൻ സ്ഥാനം പിടിക്കുന്നു,
വില്പനക്കാരുടെ നിരയിൽ.

(ബ്രഷ്റ്റ് അന്ന് ഹോളിവുഡ്ഡിൽ തന്റെ തിരക്കഥകൾ വില്ക്കാനുള്ള ശ്രമത്തിലായിരുന്നു.)


 
തോട്ടം നനയ്ക്കലിനെക്കുറിച്ച്

ഹാ, തോട്ടത്തിൽ വെള്ളം തളിക്കൽ,
പച്ചപ്പിനു പുതുജീവൻ നൽകൽ!
ദാഹാർത്തരായ മരങ്ങൾക്കു നീരു വീഴ്ത്തൽ.
അവയ്ക്കു വേണ്ടതിലധികം കൊടുക്കൂ.
ചെടികളെയും മറക്കരുതേ,
കായ്കളില്ലാത്തവയേയും,
വരണ്ടുണങ്ങി നേരേ നിൽക്കാനാവത്തവയേയും.
പൂച്ചെടികൾക്കിടെ വളരുന്ന കളകളെ അവഗണിക്കരുതേ.
അവയ്ക്കും ദാഹമുണ്ട്.
പച്ചപ്പുല്ലിനോ കരിഞ്ഞ പുല്ലിനോ മാത്രം നനയ്ക്കുകയുമരുത്.
പുറത്തു കാണുന്ന മണ്ണിനും നിങ്ങൾ വെള്ളം കൊടുക്കണം.


 
ചായ തിളയ്ക്കുന്ന നേരം കൊണ്ട് പത്രം നോക്കുമ്പോൾ

അതികാലത്തു ഞാന്‍ പത്രമെടുത്തുവായിക്കുന്നു
ചരിത്രം കുറിയ്ക്കുന്ന പദ്ധതികളാണതിൽ,
മാർപ്പാപ്പയുടെ, രാജാക്കന്മാരുടെ, ബാങ്കർമാരുടെ,
എണ്ണമുതലാളിലാരുടെ വക. 
മറ്റേക്കണ്ണു കൊണ്ടു ഞാൻ 
ചായക്കു വെള്ളം വച്ച പാത്രം നോക്കുന്നു
അതില്‍ ആവി പൊങ്ങുന്നു, തിള വരുന്നു, പിന്നെയതു തെളിയുന്നു,
തിളച്ചുതൂവുന്ന വെള്ളം തീ കെടുത്തുന്നു.


കാലിഫോർണിയായിലെ ശരല്ക്കാലം


എന്റെ തോട്ടത്തിൽ നിത്യഹരിതവൃക്ഷങ്ങളേയുള്ളു.
ശരല്ക്കാലം കാണണമെന്നു തോന്നുമ്പോൾ
കാറുമെടുത്തു ഞാൻ കുന്നുമ്പുറത്തുള്ള ചങ്ങാതിയുടെ
ഗ്രാമീണവസതിയിലേക്കു പോകും.
അഞ്ചു മിനുട്ടവിടെ നിന്നാലെനിക്കു കാണാം,
ഒരു മരത്തിനതിന്റെ ഇലച്ചാർത്തു നഷ്ടപ്പെടുന്നതും
ഇലകൾക്കതിന്റെ മരം നഷ്ടപ്പെടുന്നതും.

II
റോഡിലൂടെ കാറ്റടിച്ചുപായിക്കുന്ന
വലിയൊരു പഴുക്കില കണ്ടപ്പോൾ ഞാനോർത്തു,
എത്ര പ്രയാസമായിരിക്കും
ആ ഇലയുടെ ഭാവിഗതി ഗണിക്കുകയെന്ന്.


ദുഷ്ടതയുടെ മുഖാവരണം


എന്റെ വീട്ടുചുമരിൽ
ഒരു ജാപ്പനീസ് ശില്പം തൂക്കിയിട്ടിട്ടുണ്ട്:
ഒരു ദുഷ്ടപ്പിശാചിന്റെ മുഖാവരണം;
അതിന്റെ നെറ്റിയിലെ പിടഞ്ഞ ഞരമ്പുകൾ കാണുമ്പോൾ
എനിയ്ക്കു സഹതാപം തോന്നിപ്പോകുന്നു:
എത്ര യത്നിക്കേണ്ടിവരുന്നു,
ദുഷ്ടനാവാൻ!


ഒരു ജർമ്മൻ മാതാവു പാടിയത്

എന്റെ മകനേ, ഞാൻ നിനക്കു സമ്മാനം തന്നതായിരുന്നു,
ആ തിളങ്ങുന്ന ബൂട്ടുകളും തവിട്ടുകുപ്പായവും.
ഇന്നെനിക്കറിയുന്നതന്നെനിക്കറിയുമായിരുന്നെങ്കിൽ
ഞാനൊരു മരത്തിൽ കെട്ടിത്തൂങ്ങിച്ചത്തേനെ.

എന്റെ മകനേ, ഹിറ്റ്ലർസല്യൂട്ടു ചെയ്യാനന്നാദ്യമായി
നീ കൈ പൊക്കുന്നതു കണ്ടപ്പോൾ
അന്നെനിക്കറിയുമായിരുന്നില്ല
ആ സല്യൂട്ടു ചെയ്ത കൈകൾ ജീർണ്ണിച്ചുവീഴുമെന്ന്.

എന്റെ മകനേ, നിന്റെ ശബ്ദം പറയുന്നതു ഞാൻ കേൾക്കുന്നു:
വീരന്മാരുടെ വർഗ്ഗത്തെക്കുറിച്ചതു പറയുന്നു.
എനിക്കറിയുമായിരുന്നില്ല, ഞാനൂഹിച്ചില്ല, ഞാൻ കണ്ടതുമില്ല,
നീ ജോലി ചെയ്യുന്നതവരുടെ പീഡനമുറികളിലെന്ന്.

എന്റെ മകനേ, ഹിറ്റ്ലറുടെ വിജയഘോഷയാത്രയിൽ
നീ മാർച്ചു ചെയ്തു പോകുന്നതു കണ്ടപ്പോൾ
എനിക്കറിയുമായിരുന്നില്ല, ഇനിയൊരിക്കലും മടങ്ങിവരില്ല,
മാർച്ചു ചെയ്തു പോകുന്നവനെന്ന്..

എന്റെ മകനേ, നീയന്നെന്നോടു പറഞ്ഞു,
സ്വന്തം കാലിൽ നിൽക്കാൻ പോവുകയാണു നമ്മുടെ നാടെന്ന്.
എനിക്കറിയുമായിരുന്നില്ല, സ്വന്തം കാലിൽ നിൽക്കാൻ പോകുന്നത്
ചാരവും ചോരക്കറ പുരണ്ട കല്ലുകളും മാത്രമാണെന്ന്.

നീ നിന്റെ തവിട്ടുകുപ്പായം ധരിക്കുന്നതു ഞാൻ കണ്ടു;
ഞാനന്നതൊച്ചയെടുത്തു വിലക്കേണ്ടതായിരുന്നു.
ഇന്നെനിക്കറിയുന്നതന്നെനിക്കറിയുമായിരുന്നില്ല പക്ഷേ:
അതു നിന്റെ ശവക്കച്ചയാണെന്ന്.

തവിട്ടുകുപ്പായക്കാർ (Brown Shirts)- നാസി പാർട്ടിയുടെ അർദ്ധസൈനികവിഭാഗം. ഹിറ്റലറുടെ ഉയർച്ചയിൽ വലിയ പങ്കു വഹിച്ചു.


ദൈവങ്ങളുടെ രൂപാന്തരം


പണ്ടുകാലത്തെ പാഷണ്ഡദേവന്മാർ- ഇതൊരു രഹസ്യമാണേ-
അവരായിരുന്നു ഒന്നാമത്തെ പരിവർത്തിതക്രിസ്ത്യാനികൾ.
ആളുകൾക്കെല്ലാം മുമ്പേ നിറം വിളർത്ത കരുവേലത്തോപ്പുകളിലൂടവർ ചുവടു വച്ചു,
കുടുംബപ്രാർത്ഥനകളുരുവിട്ടു, കുരിശു വരച്ചു.

മദ്ധ്യകാലഘട്ടമുടനീളം അന്യമനസ്കരെന്നപോലവർ നില്പു പിടിച്ചു,
ഏകദൈവത്തിന്നാലയത്തിന്റെ കല്പഴുതുകളിൽ,
ദേവന്മാരെപ്പോലുള്ള രൂപങ്ങൾ വേണ്ടിയിരുന്നിടങ്ങളിൽ.

അതും കഴിഞ്ഞു ഫ്രഞ്ചുവിപ്ളവത്തിന്റെ കാലത്ത്
അവരായിരുന്നു ആദ്യം തന്നെ ശുദ്ധയുക്തിയുടെ സ്വർണ്ണമുഖംമൂടിയെടുത്തണിഞ്ഞവർ,
പിന്നെ പ്രബലമായ പരികല്പനകളായി അവർ ചവിട്ടിനടന്നു,
ആ ചോരകുടിയന്മാർ, ചിന്തകളുടെ കഴുത്തു ഞെരിച്ചവർ,
പണിയെടുക്കുന്ന ജനത്തിന്റെ കുനിഞ്ഞ മുതുകുകളിലൂടെ.


നാട്ടിലേക്കുള്ള മടക്കം


എന്റെ ജന്മനഗരം,
എങ്ങനെയാണു ഞാനവളെ കണ്ടുപിടിക്കുക?
ബോംബർ പറ്റങ്ങൾക്കു പിന്നാലെ
ഞാനെന്റെ നാട്ടിലേക്കു വരുന്നു.
എവിടെ, എവിടെയാണവൾ?
പുകയുടെ വന്മലകളുയരുമവിടെ.
എരിയുന്ന തീയ്ക്കു നടുവിൽ കാണുന്ന
ആ സാധനമാണവൾ.

എന്റെ ജന്മനഗരം,
എങ്ങനെയാണവൾ എന്നെ എതിരേല്ക്കുക?
എനിക്കു മുമ്പേ ബോംബറുകൾ പറക്കുന്നു.
മാരകങ്ങളായ ബോംബറുകൾ എന്റെ വരവറിയിക്കുന്നു.
നിന്റെ മകനു മുമ്പേ അഗ്നിപ്രളയങ്ങളെത്തുന്നു.


ഞാൻ, അതിജീവിച്ചവൻ



എനിക്കറിയാതെയല്ല,
അത്രയധികം സ്നേഹിതന്മാരെ
ഞാൻ അതിജീവിച്ചുവെങ്കിൽ
അതു ഭാഗ്യം കൊണ്ടു മാത്രമാണെന്ന്.
ഇന്നലെപ്പക്ഷേ, ഒരു സ്വപ്നത്തിൽ
എന്നെക്കുറിച്ചിങ്ങനെ പറയുന്നതു ഞാൻ കേട്ടു:
“അർഹതയുള്ളവന്റെ അതിജീവനം!”
ഞാൻ എന്നെത്തന്നെ വെറുത്തു.

മാറ്റമില്ലാതൊന്നുമില്ല.



മാറ്റമില്ലാതൊന്നുമില്ല.
അന്ത്യശ്വാസം വലിക്കുന്ന നേരത്തും
നിങ്ങൾക്കൊരു പുതിയ തുടക്കം കുറിക്കാവുന്നതേയുള്ളു.
പക്ഷേ സംഭവിച്ചതു സംഭവിച്ചു കഴിഞ്ഞു.
കള്ളിലൊഴിച്ച വെള്ളം
ഇനി ഊറ്റിക്കളയാനും പറ്റില്ല.

സംഭവിച്ചതു സംഭവിച്ചു കഴിഞ്ഞു.
കള്ളിലൊഴിച്ച വെള്ളം
ഇനി ഊറ്റിക്കളയാനും പറ്റില്ല.
പക്ഷേ മാറ്റമില്ലാതൊന്നുമില്ല.
അന്ത്യശ്വാസം വലിക്കുന്ന നേരത്തും
നിങ്ങൾക്കൊരു പുതിയ തുടക്കം കുറിക്കാവുന്നതേയുള്ളു.


കരുത്തനായ ഒരു രാജ്യതന്ത്രജ്ഞൻ സുഖമില്ലാതെ കിടപ്പിലായെന്നറിഞ്ഞപ്പോൾ


അനുപേക്ഷണീയനായ വ്യക്തിയുടെ  നെറ്റി ചുളിയുമ്പോൾ
രണ്ടു സാമ്രാജ്യങ്ങൾ കിടുങ്ങി വിറയ്ക്കുന്നു.
അനുപേക്ഷണീയനായ വ്യക്തി മരിക്കുമ്പോൾ
കുഞ്ഞിനു പാലു കിട്ടാത്ത അമ്മയെപ്പോലെ
ലോകം നാലുപാടും നോക്കുന്നു.
തന്റെ മരണം കഴിഞ്ഞൊരാഴ്ചയ്ക്കു ശേഷം
അനുപേക്ഷണീയനായ വ്യക്തി മടങ്ങിവന്നുവെന്നിരിക്കട്ടെ,
രാജ്യമാകമാനം തിരഞ്ഞാലും കൊടുക്കാനുണ്ടാവില്ല,
ഒരു കൂലിപ്പണിക്കാരനായിട്ടെങ്കിലും അങ്ങേർക്കൊരു ജോലി.


ഹംസഗാനം


അവസാനത്തെ ലിഖിതം ഇങ്ങനെയാവട്ടെ
(ആരും വായിക്കാനില്ലാത്ത തകർന്ന ആ ഫലകം):

ഭൂമി പൊട്ടിപ്പിളരാൻ പോവുകയാണ്‌.
അത് വളർത്തിയവർ തന്നെ അതിനെ നശിപ്പിക്കും.

ഒരുമിച്ചു ജീവിക്കാനുള്ള ഉപായമായി
ഞങ്ങൾ മുതലാളിത്തം ആലോചിച്ചു കണ്ടുപിടിച്ചു.
ഭൗതികശാസ്ത്രത്തിന്റെ കാര്യം ആലോചിക്കുമ്പോൾ
വേറേ ചിലതു കൂടി ഞങ്ങൾ കണ്ടുപിടിച്ചു:
ഒരുമിച്ചു മരിക്കാനുള്ള ഒരുപായം.


എമ്മിന് ഒരു ചരമലിഖിതം


സ്രാവുകളിൽ നിന്നു ഞാൻ വഴുതിമാറി,
കടുവകളെ ഞാൻ നേരിട്ടുകൊന്നു,
എന്നെ തിന്നുതീർത്തത്
മൂട്ടകളായിരുന്നു.

(1936ൽ ആത്മഹത്യ ചെയ്ത മയക്കോവ്സ്കിയെക്കുറിച്ചെഴുതിയത്. ആ ആത്മഹത്യയിലേക്കു നയിച്ച കാരണങ്ങൾ ഇനിയും വ്യക്തമായിട്ടില്ലെങ്കിലും അതിലൊന്ന് ‘പ്രോലിറ്റേറിയൻ സാഹിത്യകാരന്മാർ’ എന്ന കീടജന്മങ്ങളുടെ നിരന്തരവിമർശനമായിരുന്നിരിക്കാം. ‘മൂട്ട’ എന്ന പേരിൽ മയക്കോവ്സ്കി ഒരു സറ്റയറിക്കൽ നാടകവും എഴുതിയിരുന്നു.)




2017, ഡിസംബർ 27, ബുധനാഴ്‌ച

ബ്രഷ്റ്റ്– കവിതകൾ (1920-1925)

Bertolt-Brecht

എന്റെ അമ്മയ്ക്ക്

അമ്മയുടെ കാലം കഴിഞ്ഞപ്പോൾ
അവരെ മണ്ണിലിറക്കിക്കിടത്തി;
അവർക്കു മേൽ പൂക്കൾ വിടർന്നുനിന്നിരുന്നു,
പൂമ്പാറ്റകൾ പാറിനടന്നിരുന്നു...
മണ്ണൊന്നമരാനുള്ള ഭാരം പോലും
അവർക്കുണ്ടായിരുന്നില്ല:
എത്ര വേദന വേണ്ടിവന്നിരിക്കണം,
അത്രയും ഭാരം കുറയാൻ!


ആത്മഹത്യയെക്കുറിച്ച് ഒരു കത്ത്


തന്നെത്താൻ കൊല്ലുകയെന്നത്
വളരെ നിസ്സാരമായ ഒരു സംഗതിയത്രെ.
തുണി തിരുമ്പാൻ വരുന്ന സ്ത്രീയോട്
നിങ്ങൾക്കതിനെക്കുറിച്ചു തമാശ പറയാം.
അതിന്റെ നല്ലതും ചീത്തയുമായ വശങ്ങളെക്കുറിച്ച്
ഒരു സ്നേഹിതനുമായി ചർച്ച ചെയ്യാം.
ഒരു ദുരന്തബോധം പക്ഷേ, ഒഴിവാക്കേണ്ടതു തന്നെ,
അതിനി എത്ര ആകർഷകമായി തോന്നിയാലും.
അതൊരു വിശ്വാസപ്രമാണമാക്കണമെന്നുമില്ല.
പിന്നെ, സ്വയം വിശ്വസിപ്പിക്കാൻ നടത്തുന്ന
ചില പതിവുവാദങ്ങളുണ്ടല്ലോ:
എന്നും കിടക്കവിരി മാറ്റി തനിക്കു മടുത്തു എന്നോ,
തന്റെ ഭാര്യ തന്നെ വഞ്ചിച്ചു എന്നുമൊക്കെ-
അതിൽ കുറച്ചുകൂടി കാര്യമുണ്ടെന്നു സമ്മതിക്കാം.
(അങ്ങനെയൊക്കെ നടക്കുമോയെന്നത്ഭുതപ്പെടുന്ന മാന്യജീവികൾ
അതിനെക്കുറിച്ചു രസം പിടിച്ചു സംസാരിച്ചുവെന്നുവരാം.)
അതെന്തുമാവട്ടെ,
തന്നെത്താൻ വിലകൂട്ടിക്കണ്ടു
എന്നൊരു ധാരണ പരക്കാതെ നോക്കുകതന്നെ വേണം.


ഷിപ്ക്കാ ചുരത്തിലെ പനിനീർപ്പൂക്കൾ


എന്റെ ബാല്യത്തിൽ നിന്നൊരു ഞായറാഴ്ച എനിക്കോർമ്മ വരുന്നു,
മസൃണമായ താഴ്ന്ന സ്ഥായിയിൽ അച്ഛൻ ഞങ്ങൾക്കായി പാടിയിരുന്നു,
നിറഞ്ഞ ഗ്ളാസ്സുകൾക്കും ഒഴിഞ്ഞ ഗ്ളാസ്സുകൾക്കുമിടയിലൊരു ഗാനം,
‘ഷിപ്ക്കാ ചുരത്തിലെ പനിനീർപ്പൂക്കൾ’ എന്നൊരു ഗാനം.

ഞായറാഴ്ചകൾ കറങ്ങിത്തിരിഞ്ഞു പിന്നെയും വന്നു,
പിന്നെയുമച്ഛൻ ഞങ്ങൾക്കായിപ്പാടി, മസൃണമായ താഴ്ന്ന സ്ഥായിയിൽ,
അദ്ദേഹം പാടിയതു ലൈലാക്കുകളെക്കുറിച്ചല്ല, ലില്ലികളെക്കുറിച്ചുമല്ല,
ഷിപ്ക്കാ ചുരത്തിലെ പനിനീർപ്പൂക്കളെപ്പറ്റി.

ഞങ്ങളുടെ കൺപോളകളിൽ ഉറക്കം കനത്തു തൂങ്ങുമ്പോൾ,
അച്ഛന്റെ കൺപീലികൾ മഞ്ഞു വീണ പുൽനാമ്പുകൾ പോലെയാവും,
ഞങ്ങൾക്കായൊടുവിൽ പാടിത്തീർത്ത ഗാനത്താൽ,
‘ഷിപ്ക്കാ ചുരത്തിലെ പനിനീർപ്പൂക്കൾ’ എന്ന ഗാനത്താൽ.


പച്ച എന്ന മരത്തോട് പ്രഭാതത്തിൽ പറഞ്ഞത്


1
പച്ചേ, നിന്നോടു ഞാൻ ക്ഷമ ചോദിക്കട്ടെ.
കൊടുങ്കാറ്റിന്റെ ഒച്ചപ്പാടു കാരണം
ഇന്നലെ രാത്രിയിൽ ഞാൻ ഉറങ്ങിയതേയില്ല.
പുറത്തേക്കെത്തിനോക്കുമ്പോൾ നീ നിന്നാടുന്നതു ഞാൻ കണ്ടു,
മത്തു പിടിച്ചൊരു കുരങ്ങനെപ്പോലെ.
ഞാനതിനെക്കുറിച്ചെന്തോ പറയുകയും ചെയ്തു.

2
ഇന്നിതാ, ഇല കൊഴിഞ്ഞ നിന്റെ കൊമ്പുകളിൽ
സൂര്യൻ തിളങ്ങുന്നു.
ബാക്കിയായ ചില കണ്ണീർത്തുള്ളികൾ
നീ കുടഞ്ഞുകളയുന്നുമുണ്ട് പച്ചേ.
ഇന്നു നിനക്കു പക്ഷേ നിന്റെ വിലയെന്തെന്നറിയാം.
കഴുകന്മാർ നിന്റെ മേൽ കണ്ണു വച്ചിരുന്നു.
ഇന്നിപ്പോഴെനിക്കു മനസ്സിലാവുന്നു:
ഈ പ്രഭാതത്തിൽ നീ നടു നീർത്തി നിൽക്കുന്നുവെങ്കിൽ
അതു നിന്റെ മെയ് വഴക്കം കൊണ്ടു തന്നെ.

3
നിന്റെ ഈ വിജയം കാരണം ഇന്നെന്റെ അഭിപ്രായം ഇങ്ങനെ:
കെട്ടിടങ്ങൾക്കിടയിൽ ഞെരുങ്ങിക്കൊണ്ടെങ്കിലും
ഈ വിധം വളർന്നുനിൽക്കാൻ കഴിഞ്ഞെങ്കിൽ
അതൊരു ചെറിയ കാര്യമല്ലതന്നെ, പച്ചേ,
അതും ഇത്രയുമുയരത്തിൽ,
പോയ രാത്രിയിലെന്നപോലെ
കൊടുങ്കാറ്റു പിടിച്ചുലയ്ക്കുന്നത്ര ഉയരത്തിൽ.


2017, ഡിസംബർ 25, തിങ്കളാഴ്‌ച

അബെ കോബോ - ചുവന്ന കൊക്കൂൺ




അബെ കോബോ Abe Kobo (1924-1993)- വ്യക്തിയുടെ ഒറ്റപ്പെടൽ വിഭ്രാമകമായ സന്ദർഭങ്ങളിലൂടെ വരച്ചിട്ട ജാപ്പനീസ് നോവലിസ്റ്റും നാടകകൃത്തും.

ജനിച്ചത് ജപ്പാനിൽ ആണെങ്കിലും പതിനേഴു വയസ്സു വരെ വളർന്നത് മഞ്ചൂറിയയിൽ ആണ്‌. അവിടെ മെഡിക്കൽ കോളേജിൽ പ്രൊഫസ്സറായിരുന്നു അച്ഛൻ. പഠിക്കുമ്പോൾ ഗണിതത്തിലെന്നപോലെ കീടങ്ങളെ ശേഖരിക്കുന്നതിലും വലിയ താല്പര്യമായിരുന്നു. 1941ൽ ജപ്പാനിലേക്കു പോയി. വൈദ്യപഠനത്തിനു ചേർന്നുവെങ്കിലും പൂർത്തിയാക്കാതെ 1945ൽ മഞ്ചൂറിയയിലേക്കു മടങ്ങി. 1946ൽ ജപ്പാനിലേക്കു നാടു കടത്തപ്പെട്ടു. ഒരിക്കലും പ്രാക്റ്റീസ് ചെയ്യരുതെന്ന ഉപാധിയിൽ 1948ൽ മെഡിസിൻ ഡിഗ്രി എടുത്തു. എന്നാൽ ഇക്കാലമായപ്പോഴേക്കും അദ്ദേഹത്തിന്റെ സാഹിത്യാഭിമുഖ്യം പുറത്തുവന്നു കഴിഞ്ഞിരുന്നു. 1947ൽ Mumei Shishu (അജ്ഞാതന്റെ കവിതകൾ) സ്വന്തം ചെലവിൽ അച്ചടിച്ചു പ്രസിദ്ധീകരിച്ചു. അടുത്ത കൊല്ലം Owarishi michi no shirube ni  (തെരുവിനറ്റത്തെ വഴിയടയാളം) എന്ന നോവലും. 1951ൽ Kabe(ഭിത്തി) എന്ന ചെറുനോവലിന്‌ വിഖ്യാതമായ ‘അകുതഗാവ’ സമ്മാനം കിട്ടയ്തോടെ എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹം സ്ഥാനമുറപ്പിച്ചു.

1950 മുതൽ അദ്ദേഹം ജാപ്പനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായിരുന്നു. എന്നാൽ 1956ൽ നടത്തിയ ഒരു കിഴക്കൻ യൂറോപ്യൻ സന്ദർശനവും 1958ലെ റഷ്യയുടെ ഹംഗേറിയൻ അധിനിവേശവും അദ്ദേഹത്തെ നിരാശനാക്കി. പാർട്ടിയിൽ നിന്നു പുറത്തുപോരാൻ അപേക്ഷിച്ചുവെങ്കിലും അത് നിരസിക്കപ്പെട്ടു. ഒടുവിൽ 1962ൽ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. അതേ വർഷം തന്നെയാണ്‌ അദ്ദേഹത്തിന്റെ Suna no onna ( മണല്ക്കൂനകൾക്കിടയിലെ സ്ത്രീ) എന്ന അതിപ്രശസ്തമായ നോവൽ പുറത്തുവരുന്നതും. ഈ നോവൽ 1964ൽ അതേ പേരിൽത്തന്നെ സിനിമയുമായി.

1973ൽ അദ്ദേഹം അബെ കോബോ സ്റ്റുഡിയോ എന്ന നാടകസംഘം രൂപീകരിച്ചു. വർഷം ഒന്നും രണ്ടും നാടകങ്ങൾ എഴുതുകയും അവ താൻ തന്നെ സംവിധാനം ചെയ്യുകയും ചെയ്തു. അതിൽ ഏറ്റവും പേരു കേട്ടത് Tomodachi (കൂട്ടുകാർ) എന്ന 1967ലെ നാടകമാണ്‌.

ആധുനികനഗരജീവിതത്തിന്റെ കെണിയിൽ വീണവരാണ്‌ കോബോയുടെ കഥാപാത്രങ്ങൾ. പലപ്പോഴും അവർക്കു വഴി തെറ്റുന്നു, തങ്ങളുടെ സ്വത്വം നഷ്ടപ്പെടുന്നു, തങ്ങളെ വിധിവശരാക്കിയ വിഭ്രാമകസംഭവങ്ങളെ ഇഴ പേർത്തെടുക്കാനുള്ള ശ്രമത്തിൽ അവർ പരാജിതരുമാകുന്നു. ജാപ്പനീസ് കാഫ്ക എന്നാണ്‌ അദ്ദേഹം അറിയപ്പെടുന്നത്. ഒരു കഥയിൽ കഥാപാത്രം ഒരു ചെടിയായി രൂപം മാറുന്നു. മറ്റൊരു കഥയിൽ നിത്യജീവിതത്തിൽ താൻ അനുഭവിക്കാത്ത സ്വാതന്ത്ര്യം കണ്ടെത്താനായി ഒരാൾ ഒരു പെട്ടിക്കുള്ളിലേക്ക് ജീവിതം മാറ്റുന്നു. ‘ചുവന്ന കൊക്കൂൺ’ എന്ന ഈ കഥയിൽ ഒരാൾ തന്റെ ഷൂസിൽ നിന്നു തെറിച്ചുനിന്ന ഒരു ചരടിൽ പിടിച്ചു വലിക്കുമ്പോൾ ഒരു നൂല്ക്കഴി പോലെ അയാൾ തന്നെ അഴിഞ്ഞില്ലാതാവുകയാണ്‌.


സൂര്യൻ അസ്തമിക്കാൻ തുടങ്ങുകയാണ്‌. ആളുകൾ ചേക്കയേറാൻ വീടുകളിലേക്കു പായുന്ന നേരം; പക്ഷേ എനിക്കു ചേക്കയേറാൻ ഒരിടവുമില്ല. വീടുകൾക്കിടയിലെ ഇടുങ്ങിയ വിടവിലൂടെ ഞാൻ സാവധാനം നടത്തം തുടരുകയാണ്‌. തെരുവുകൾക്കിരുപുറവുമായി എത്രയോ വീടുകൾ നിരന്നു നില്പുണ്ടെങ്കിലും എനിക്കായി ഒരു വീടില്ലാത്തതെന്തുകൊണ്ടാണ്‌? ഒരു നൂറാമത്തെ തവണ ആ ചോദ്യം ഞാൻ മനസ്സിൽ ആവർത്തിച്ചു.

ചിലപ്പോൾ ഒരു ടെലിഫോൺ പോസ്റ്റിനു മുന്നിൽ നിന്നു മൂത്രമൊഴിക്കുമ്പോൾ അതിൽ നിന്ന് ഒരു ചരടുകഷണം തൂങ്ങിക്കിടക്കുന്നത് ഞാൻ കാണാറുണ്ട്; അതിൽ കെട്ടിത്തൂങ്ങാൻ അപ്പോൾ തോന്നിപ്പോകും. ആ ചരട് ഏറുകണ്ണിട്ട് എന്റെ കഴുത്തിലേക്കു നോക്കി പറയുകയാണ്‌: “നമുക്കു വിശ്രമിക്കാം, സഹോദരാ.” അതെ, എനിക്കും വിശ്രമിക്കണമെന്നുണ്ട്. പക്ഷേ പറ്റുന്നില്ല. ഞാൻ ആ ചരടിന്റെ സഹോദരനല്ല, എന്നു മാത്രമല്ല, എനിക്കു വീടില്ലാത്തതിന്‌ അതൊരു പരിഹാരമാവുകയുമില്ല.

എല്ലാ ദിവസവും രാത്രിയെത്തും. രാത്രിയായാൽ വിശ്രമിക്കുകയും വേണം. വീടുകൾ കയറിക്കിടന്ന് വിശ്രമിക്കാനുള്ളതാണ്‌. അങ്ങനെയാണെങ്കിൽ എന്റെ പേരിലും ഒരു വീടുണ്ടാവണമല്ലോ, അല്ലേ?

പെട്ടെന്ന് എനിക്കൊരു വെളിപാടുണ്ടായി. ഇങ്ങനെയല്ല ഞാൻ ചിന്തിക്കേണ്ടത്. എനിക്കു വീടില്ല എന്നല്ല, എന്റെ വീട് ഞാൻ മറന്നുപോയി എന്നാവാം. അതെ, അതാണു ശരിയെന്നു വരാം. ഉദാഹരണത്തിന്‌ ഒരു വീടിനു മുന്നിലൂടെ കടന്നുപോകുമ്പോൾ എനിക്കു തോന്നുകയാണ്‌: ഇതു തന്നെയാവില്ലേ, എന്റെ വീട്? മറ്റു വീടുകളുമായി താരതമ്യം ചെയ്യുമ്പോൾ അങ്ങനെയൊരു സാദ്ധ്യത സൂചിപ്പിക്കുന്നതായി ഒന്നും കാണാനില്ലെന്നതു സത്യം തന്നെ; അതുപിന്നെ എല്ലാ വീടിന്റെ കാര്യത്തിലും അങ്ങനെയാണല്ലോ. ഇതെന്റ വീടാണ്‌ എന്ന സാദ്ധ്യതയെ നിരാകരിക്കുന്ന ഒരു തെളിവെന്ന് അതിനെ പറയാനില്ല. എനിക്കു ധൈര്യം വരികയാണ്‌. എന്തായാലും വാതിലിൽ മുട്ടുക തന്നെ.

എനിക്കു ഭാഗ്യമുണ്ടായിരുന്നു. പുഞ്ചിരിക്കുന്ന ഒരു സ്ത്രീമുഖം പാതി തുറന്ന ജനാലയിലൂടെ പുറത്തേക്കു നോക്കുന്നു. കണ്ടിട്ട് മനുഷ്യപ്പറ്റുള്ളതാണെന്നു തോന്നുന്നുണ്ട്. എന്റെ ഹൃദയത്തിനരികിലൂടെ പ്രതീക്ഷയുടെ ഒരു കാറ്റ് വീശിപ്പോയി. എന്റെ ഹൃദയം ഒരു കൊടിക്കൂറയായി ചുരുളഴിഞ്ഞു പാറുകയായി. അതീവമാന്യതയോടെ ഞാൻ ചോദിച്ചു:

“ഇതെന്റെ വീടല്ലെന്നുണ്ടോ?”

സ്ത്രീയുടെ മുഖം പെട്ടെന്നു കല്ലിച്ചു. “എന്ത്? നിങ്ങളാരാ?”

വിശദീകരിക്കാൻ തുടങ്ങിയെങ്കിലും പെട്ടെന്ന് എനിക്കതിനു കഴിയാതായി. എന്താണു വിശദീകരിക്കേണ്ടതെന്ന് എനിക്കറിയുന്നില്ല. ഞാൻ ആരെന്നുള്ളതല്ല ഇവിടെ വിഷയമെന്ന് എങ്ങനെയാണ്‌ ഞാനവരെ പറഞ്ഞുമനസ്സിലാക്കുക? ആശ കെട്ടവന്റെ ഒരു സാഹസികതയോടെ ഞാൻ പറഞ്ഞു:

“ആയിക്കോട്ടെ, ഇതെന്റെ വീടല്ല എന്നാണു നിങ്ങൾ പറയുന്നതെങ്കിൽ ദയവു ചെയ്ത് അതൊന്നു തെളിയിച്ചാൽ നന്നായിരുന്നു.”

“എന്റെ ദൈവമേ...”സ്ത്രീയുടെ മുഖം പരിഭ്രാന്തമാവുകയാണ്‌. അതു കണ്ടിട്ട് എനിക്കു ദേഷ്യം വന്നു.

“നിങ്ങളുടെ കൈയിൽ തെളിവൊന്നും ഇല്ലെന്നാണെങ്കിൽ ഇതെന്റേതാണെന്നു പറയാൻ എനിക്കവകാശമുണ്ട്.”

“പക്ഷേ ഇതെന്റെ വീടാണ്‌.”

“അതുകൊണ്ടെന്തു കാര്യം? ഇത് നിങ്ങളുടേതാണെന്നു നിങ്ങൾ പറയുന്നതുകൊണ്ടു മാത്രം ഇതെന്റേതല്ല എന്നു വരുന്നില്ല.”

അതിനു മറുപടി പറയുന്നതിനു പകരം ആ സ്ത്രീ തന്റെ മുഖമൊരു ചുമരാക്കുകയും ജനാല കൊട്ടിയടക്കുകയുമാണ്‌. അതാണൊരു സ്ത്രീയുടെ ചിരിക്കുന്ന മുഖത്തിന്റെ യഥാർത്ഥരൂപം. എന്തെങ്കിലുമൊന്ന് ഏതെങ്കിലുമൊരാളുടേതാണെങ്കിൽ അതു പിന്നെ എന്റേതല്ല എന്നതിനു പിന്നിലെ എനിക്കു പിടികിട്ടാത്ത യുക്തി എനിക്കെന്നും വെളിപ്പെടുത്തിത്തന്നിട്ടുള്ളത് ഈ രൂപമാറ്റങ്ങളാണ്‌.

പക്ഷേ, സർവ്വതും മറ്റാരുടേതെങ്കിലുമാവുന്നതും എനിക്കായിട്ടൊന്നുമില്ലെന്നും വരുന്നതുമെങ്ങനെ? ഇനി, എന്റേതല്ലെങ്കിൽത്തന്നെ ആരുടേതുമല്ലാത്തതായി എന്തെങ്കിലുമൊന്നുണ്ടാവേണ്ടതല്ലേ?

ചിലനേരത്ത് എനിക്കു മതിഭ്രമങ്ങൾ ഉണ്ടാകുന്നു. കെട്ടിടനിർമ്മാണം നടക്കുന്ന സ്ഥലങ്ങളിലെ വലിയ കോൺക്രീറ്റ് പൈപ്പുകൾ കാണുമ്പോൾ എനിക്കവ സ്വന്തം വീടാണെന്നു തോന്നുകയാണ്‌. പക്ഷേ അവയും മറ്റാരുടെയോ സ്വന്തമായിക്കഴിഞ്ഞു. അവ മറ്റാരുടെയോ ആണെന്നതിനാൽ എന്റെ ആഗ്രഹങ്ങളോ എന്റെ താല്പര്യങ്ങളോ പരിഗണിക്കാതെ അവ കണ്ണിൽ നിന്നു മറയുന്നു. അല്ലെങ്കിൽ എന്റെ വീടല്ലാത്ത മറ്റെന്തോ ആകുന്നു.

എങ്കില്പിന്നെ പാർക്ക് ബഞ്ചുകളെക്കുറിച്ചെന്തു പറയുന്നു? അതു നല്ല കാര്യമായേനേ, അവ ശരിക്കും എന്റെ വീടായിരുന്നെങ്കിൽ, അയാൾ ലാത്തിയും കൊണ്ടുവന്ന് എന്നെ അടിച്ചോടിച്ചില്ലായിരുന്നുവെങ്കിൽ. അവ എല്ലാവരുടേതുമാണ്‌, ആരുടെയെങ്കിലുമല്ല എന്നത് ശരിയാണ്‌. പക്ഷേ അയാൾ പറയുന്നു:

“ഹേയ്, എഴുന്നേല്ക്കവിടുന്ന്. ഈ ബഞ്ച് എല്ലാവർക്കും അവകാശപ്പെട്ടതാണ്‌, ഒരാൾക്കു മാത്രമുള്ളതല്ല, എന്തായാലും തനിക്കുള്ളതല്ല. എഴുന്നേല്ക്ക്, എന്നിട്ട് നേരേ നടന്നോ. അതിഷ്ടമില്ലെങ്കിൽ പോലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ രാത്രി കഴിക്കാം. അവിടെയല്ലാതെ എവിടെയെങ്കിലും നടത്തം നിർത്തിയാൽ താൻ നിയമം ലംഘിക്കുകയാവും, മനസ്സിലായല്ലോ?”

അലയുന്ന ജൂതൻ- ഞാൻ അതാണോ?

സൂര്യൻ അസ്തമിക്കുകയാണ്‌. ഞാൻ നടക്കുകയാണ്‌.

ഒരു വീട്...അപ്രത്യക്ഷമാവാത്ത, മറ്റൊന്നായി മാറാത്ത, മണ്ണിൽ ഉറച്ചുനില്ക്കുന്ന, ഇളകാത്ത വീടുകൾ. അവയ്ക്കിടയിൽ മാറിക്കൊണ്ടിരിക്കുന്ന, എന്നും ഒരേ മുഖമല്ലാത്ത ഒരു വിടവ്...തെരുവ്. മഴദിവസങ്ങളിൽ ചായത്തിൽ മുക്കിയ ബ്രഷ് പോലെയാണത്, മഞ്ഞുള്ളപ്പോൾ ഒരു ടയറിന്റെ ചാലിനത്ര വീതി മാത്രം, കാറ്റു വീശുമ്പോൾ ഒരു കൺവേയർ ബല്റ്റ് പോലെ ഒഴുകുകയാണത്. ഞാൻ നടത്തം തുടരുകയാണ്‌. എനിക്കൊരു വീടില്ലാത്തതെന്തുകൊണ്ടാണെന്ന് എനിക്കു മനസ്സിലാകുന്നില്ല, അതു കാരണം എനിക്കു കെട്ടിത്തൂങ്ങിച്ചാവാനും പറ്റുന്നില്ല.

ഹേയ്, ആരാണെന്നെ നെരിയാണിയിൽ പിടിച്ചു നിർത്തുന്നത്? തൂങ്ങിച്ചാവാനുള്ള കയറാണെങ്കിൽ അത്രയും ആവേശം വേണ്ട, അത്ര തിടുക്കവും വേണ്ട. പക്ഷേ ഇതതല്ല. ഒട്ടുന്ന ഒരു പട്ടുനൂലാണത്. ഞാൻ അതിൽ പിടിച്ചു വലിക്കുമ്പോൾ ഷൂസിന്റെ മേല്ഭാഗത്തു നിന്ന് അത് അഴിഞ്ഞഴിഞ്ഞുവരികയാണ്‌. ആ ഒട്ടുന്ന നൂൽ നീണ്ടുനീണ്ടുവരുന്നു. പേടിപ്പെടുത്തുന്നതാണത്. ജിജ്ഞാസ കാരണം ഞാനതിൽ പിടിച്ചുവലിച്ചുകൊണ്ടിരുന്നു. പിന്നെയുണ്ടായത് കൂടുതൽ വിചിത്രമായതൊന്നാണ്‌. ഞാൻ പതുക്കെ കുനിഞ്ഞുപോവുകയാണ്‌. തറനിരപ്പിനു ലംബമായി നിവർന്നുനില്ക്കാൻ എനിക്കു പറ്റുന്നില്ല. ഭൂമിയുടെ അച്ചുതണ്ട് പിന്നെയും ചരിഞ്ഞോ അതോ, ഗുരുത്വാകർഷണത്തിന്റെ ദിശ തിരിഞ്ഞോ?

എന്തോ വീണ ശബ്ദം. എന്റെ ഷൂസ് ഊരി തറയിൽ വീണതാണ്‌. എന്താണ്‌ സംഭവിക്കുന്നതെന്ന് എനിക്കു മനസ്സിലാകുന്നു. ഭൂമിയുടെ അച്ചുതണ്ട് ചരിഞ്ഞതല്ല, എന്റെ ഒരു കാലിനു നീളം കുറഞ്ഞതാണ്‌. ഞാൻ ചരടിൽ പിടിച്ചു വലിക്കുമ്പോൾ എന്റെ കാലിനു നീളം കുറഞ്ഞുകുറഞ്ഞു വരികയാണ്‌. ഒരു ദ്രവിച്ച ജാക്കറ്റിന്റെ കൈ പിന്നലഴിഞ്ഞുവരുന്നതുപോലെ എന്റെ കാൽ അഴിഞ്ഞുവരികയാണ്‌. പടവലങ്ങയുടെ നാരു പോലത്തെ ആ ചരടാണ്‌ എന്റെ ജീർണ്ണിക്കുന്ന കാല്‌.

ഒരടി കൂടി വയ്ക്കാൻ എനിക്കു പറ്റുന്നില്ല. എന്തു ചെയ്യണമെന്ന് എനിക്കറിയുന്നില്ല. ഞാൻ നില്ക്കുകയാണ്‌. പട്ടുചരടായി മാറിയ എന്റെ കാലിന്‌ എന്റെ കൈയിനുള്ളിൽ അനക്കം വയ്ക്കുന്നു. അത് കൈയിൽ നിന്ന് സാവധാനം പുറത്തേക്കിഴഞ്ഞിറങ്ങുന്നു. അതിന്റെ തുമ്പ് എന്റെ കൈയുടെ സഹായമില്ലാതെ തന്നെ പുറത്തുവന്ന് ഒരു പാമ്പിനെപ്പോലെ എന്നെ ചുറ്റാൻ തുടങ്ങുന്നു. എന്റെ ഇടതുകാൽ അഴിഞ്ഞുതീർന്നപ്പോൾ വലതുകാൽ അഴിയുകയായി. അല്പനേരം കഴിഞ്ഞപ്പോൾ ഒരു സഞ്ചിയെന്നപോലെ അതെന്നെ ചുറ്റിക്കഴിഞ്ഞു. അതുകൊണ്ടും നിന്നില്ല; ഇടുപ്പിൽ നിന്ന് നെഞ്ചിലേക്ക്, നെഞ്ചിൽ നിന്ന് തോളുകളിലേക്ക് ഞാൻ നൂലായി അഴിയുന്നു, അഴിയുന്ന നൂൽ സഞ്ചിയുടെ ഉള്ളു നെയ്യുന്നു. ഒടുവിൽ ഞാൻ ഇല്ലാതാവുന്നു.

പിന്നെ ശേഷിച്ചത് പൊള്ളയായ ഒരു കൊക്കൂൺ.

ഹാവൂ, ഇനിയെനിക്ക് ഒന്നു വിശ്രമിക്കാമെന്നായിരിക്കുന്നു. അസ്തമയസൂര്യൻ കൊക്കൂണിൽ ചെഞ്ചായം പൂശുന്നു. ഇതെന്തായാലും എന്റെ വീടു തന്നെ, ആരുമെന്നെ ഇതിൽ നിന്നിറക്കിവിടാൻ പോകുന്നില്ല. എനിക്കൊരു വീടുണ്ടായി, പക്ഷേ അതിൽ താമസിക്കാൻ ഒരു ‘ഞാൻ’ ഇല്ല എന്നതു മാത്രമാണ്‌ പ്രശ്നം.

കൊക്കൂണിനുള്ളിൽ കാലം നിലച്ചിരിക്കുന്നു. പുറത്ത് ഇരുട്ടായി, പക്ഷേ കൊക്കൂണിനുള്ളിൽ എന്നും സന്ധ്യയാണ്‌. ഉള്ളിൽ നിന്നു പ്രസരിക്കുന്ന ഒരു ദീപ്തിയിൽ അസ്തമയവർണ്ണങ്ങളാർന്ന് അത് തുടുക്കുന്നു. ശ്രദ്ധേയമായ ആ പ്രത്യേകത ആ പോലീസുകാരന്റെ നിശിതദൃഷ്ടിയിൽ പെടാതെപോയില്ല. ഒരു റെയിൽവേ ക്രോസ്സിംഗിന്റെ പാളങ്ങൾക്കിടയിൽ ഞാനെന്ന കൊക്കൂൺ കിടക്കുന്നത് അയാൾ കണ്ടു. ആദ്യം അയാൾക്ക് ദേഷ്യമാണു വന്നത്; പിന്നയാൾ മനസ്സു മാറ്റി തനിക്കു കിട്ടിയ ആ വിചിത്രമായ സാധനം തന്റെ പോക്കറ്റിൽ എടുത്തിട്ടു. കുറച്ചു നേരം അതിനുള്ളിൽ കിടന്നു മറിഞ്ഞതിനു ശേഷം അയാളുടെ മകന്റെ കളിപ്പാട്ടപ്പെട്ടിയിലേക്ക് എനിക്കു സ്ഥാനമാറ്റം കിട്ടി.


http://www.independent.co.uk/news/people/obituary-kobo-abe-1480301.html

മലയാളനാട് വെബ് മാസികയുടെ ഡിസംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്

2017, ഡിസംബർ 23, ശനിയാഴ്‌ച

മറിൻ സൊറെസ്ക്കു - ഒരു പച്ചത്തൂവാല കൊണ്ട്



റുമേനിയൻ കവിയും നാടകകൃത്തും വിവർത്തകനുമായ മറിൻ സൊറെസ്ക്കു Marin Sorescu (1936-1996) ഒരു സാധാരണ കർഷകകുടുംബത്തിൽ ജനിച്ചു. യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോൾത്തന്നെ ആദ്യത്തെ കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. 1964ൽ പ്രസിദ്ധീകരിച്ച Singur printre poeţi (കവികൾക്കിടയിൽ ഏകനായി) എന്ന സമാഹാരത്തോടെയാണ്‌ നിരൂപകശ്രദ്ധ നേടുന്നത്. വളരെ പെട്ടെന്നു തന്നെ അദ്ദേഹം റുമേനിയയിലെ ഏറ്റവും ജനപ്രിയനായ കവിയായി മാറി. അദ്ദേഹത്തിന്റെ കവിതാവായനകൾ നടന്നിരുന്നത്  ഫുട്ബാൾ സ്റ്റേഡിയങ്ങളിലാണെന്ന് പറയപ്പെടുന്നു. 1968ൽ പ്രസിദ്ധീകരിച്ച Jona (യോന) അദ്ദേഹത്തിന്റെ മാസ്റ്റർപീസ് നാടകമാണ്‌. തിമിംഗലം വിഴുങ്ങിയ യോനയുടെ അതിനുള്ളിലെ അനുഭവങ്ങളാണ്‌ നാടകത്തിന്റെ പ്രമേയം. ചിത്രകാരനും കൂടിയായ സൊറെസ്ക്കു 1993 മുതൽ 95 വരെ റുമേനിയയുടെ സാംസ്കാരികവകുപ്പുമന്ത്രിയുമായിരുന്നു. ഹെപ്പാറ്റിറ്റിസ് രോഗത്തിനു ചികിത്സയിലായിരുന്ന അദ്ദേഹം 1996ൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. സൂക്ഷ്മഹാസ്യത്തിന്റെ മേമ്പൊടി വിതറിയ അനലംകൃതമായ ഒരു ശൈലിയാണ്‌ സൊറെസ്ക്കുവിന്റെ കവിതയുടെ മുഖമുദ്ര.
  


1. രാവിലെ


സൂര്യ, നിന്റെ പത കൊണ്ടു ഞങ്ങൾ കുളിക്കുന്നു,
ആകാശമെന്ന  ഷെല്ഫിൽ
ഞങ്ങൾക്കായെടുത്തുവച്ച
ആദിയ്ക്കുമാദിയിലെ സോപ്പു നീ.
നിന്റെ നേർക്കു ഞങ്ങൾ കൈയെത്തിക്കുന്നു,
വെളിച്ചം കൊണ്ടു ഞങ്ങൾ ഉരച്ചുകഴുകുന്നു,
സന്തോഷാധിക്യം കൊണ്ടെല്ലുകൾ നോവും വരെ.

ഹാ, ഈ ഭൂമിയിലെ പ്രഭാതങ്ങൾ നല്കുന്ന
ആനന്ദം!
ഹോസ്റ്റലിലെ കുളിമുറിയിൽ
സ്കൂൾകുട്ടികൾ കവിളിൽ വെള്ളം കൊണ്ട്
അന്യോന്യം തുപ്പി നനയ്ക്കുംപോലെ.

പക്ഷേ നല്ല തോർത്തുകൾ
എവിടെക്കിട്ടുമെന്നു ഞങ്ങൾക്കിനിയുമറിയില്ല-
അതിനാൽ ഞങ്ങളിപ്പോഴും മുഖം തുടയ്ക്കുന്നത്
മരണം കൊണ്ടു തന്നെ.

(1965)


2. ഒരു പച്ചത്തൂവാല കൊണ്ട്


ഒരു പച്ചത്തൂവാല കൊണ്ടു ഞാൻ
മരങ്ങളുടെ കണ്ണു കെട്ടി;
എന്നെക്കണ്ടുപിടിക്കാൻ
പിന്നെ ഞാനവരോടു പറഞ്ഞു.
പൊട്ടിച്ചിരി കൊണ്ടിലകളുലച്ചും കൊണ്ടതാ,
മരങ്ങളെന്നെ കണ്ടുപിടിച്ചുവല്ലോ.

ഒരു മേഘത്തൂവാല കൊണ്ടു ഞാൻ
കുഞ്ഞിക്കിളികളുടെ കണ്ണു കെട്ടി,
എന്നെക്കണ്ടുപിടിക്കാൻ
കിളികളോടു ഞാൻ പറഞ്ഞു.
ഒരു പാട്ടു കൊണ്ടതാ,
കിളികളെന്നെ കണ്ടുപിടിക്കുകയും ചെയ്തു.

ഒരു പുഞ്ചിരി കൊണ്ടു ഞാൻ
എന്റെ ശോകത്തിന്റെ കണ്ണു കെട്ടി,
അടുത്ത നാളൊരു പ്രണയം കൊണ്ടതെന്നെ കണ്ടുപിടിച്ചുവല്ലോ.

എന്റെ രാത്രികൾ കൊണ്ടു ഞാൻ
സൂര്യന്റെ കണ്ണു കെട്ടി,
ഇനിയെന്നെ കണ്ടുപിടിക്കൂയെന്നു ഞാൻ സൂര്യനോടു പറഞ്ഞു.

താനെവിടെയുണ്ടെന്നെനിക്കറിയാം, സൂര്യൻ പറഞ്ഞു,
അതാ, ആ നേരത്തിനു തൊട്ടപ്പുറം.
ഇനിയൊളിച്ചിരിക്കാൻ നോക്കേണ്ടെന്നേ.

ഇനിയൊളിച്ചിരിക്കാൻ നോക്കേണ്ടെന്നേ,
അവരെല്ലാം എന്നോടു പറഞ്ഞു,
ഞാൻ കണ്ണു കെട്ടാൻ നോക്കിയ ഹൃദയവേദനകളും
അതു തന്നെയെന്നോടു പറഞ്ഞു.

(1965)


3. പലായനം


ഒരു നാൾ
എന്റെ മേശയ്ക്കു മുന്നിൽ നിന്നു ഞാനെഴുന്നേൽക്കും
സാവധാനം ഞാൻ നടന്നകലും
എന്റെ വാക്കുകളിൽ നിന്ന്,
നിന്നിൽ നിന്ന്
സർവതിൽ നിന്നും.

ചക്രവാളത്തിൽ ഞാനൊരു പർവതം കാണും
ഞാനതിനു നേർക്കു നടക്കും
നടന്നുനടന്നതെന്റെ പിന്നിലാവും.

പിന്നെ ഞാനൊരു മേഘത്തിനു പിന്നാലെ പോവും
മേഘവുമെന്റെ പിന്നിലാവും.

പിന്നെ സൂര്യനെന്റെ പിന്നിലാവും
പിന്നെ നക്ഷത്രങ്ങൾ
പിന്നെ പ്രപഞ്ചമാകെയും...

(1965)


4. ചിത്രകാരന്റെ സ്വന്തം ചിത്രം


ചെരുപ്പുകൾ ഞാൻ
വഴിയിലുപേക്ഷിച്ചു.
കാലുറകളാവട്ടെ,
തലപ്പോളമുയരത്തിൽ
മരങ്ങൾക്കു മേലിട്ടു.
കുപ്പായം കൊണ്ടു
കാറ്റിനെ പുതപ്പിച്ചു.
പഴയൊരു തൊപ്പിയുള്ളത്
ആ വഴിക്കാദ്യം വന്ന
മേഘത്തിന്റെ തലയിലും വച്ചു.

പിന്നെ ഞാൻ
മരണത്തിലേക്കൊരു ചുവടു
പിന്നാക്കം വച്ചു,
എങ്ങനെയുണ്ട് ഞാനെന്നു നോക്കാൻ.

അത്രയ്ക്കു താദാത്മ്യമായിരുന്നു
ഞാനും എന്റെ ചിത്രവും തമ്മിൽ.

ആളുകൾ സ്വമേധയാ തന്നെ
-ഒപ്പു വയ്ക്കാൻ ഞാൻ മറന്നുപോയിരുന്നു-
ഒരു കല്ലിന്മേൽ
എന്റെ പേരെഴുതിവയ്ക്കുകയും ചെയ്തു

(1965)


5. ചെസ്സ്‌


ഞാൻ ഒരു വെളുത്ത ദിവസം നീക്കുന്നു
അവൻ ഒരു കറുത്ത ദിവസം നീക്കുന്നു.

ഞാൻ ഒരു സ്വപ്നവും കൊണ്ടു മുന്നോട്ടു കുതിക്കുന്നു,
അവനതിനെ പൊരുതി വീഴ്ത്തുന്നു.

അവനെന്റെ ശ്വാസകോശങ്ങളെ ആക്രമിക്കുന്നു,
ഒരു കൊല്ലം മുഴുവൻ ഞാൻ ആശുപത്രിയിൽ കിടന്നു കണക്കു കൂട്ടി,
ഒന്നാന്തരമൊരു നീക്കത്തിലൂടെ
ഞാനൊരു കറുത്ത ദിവസം നേടുന്നു.

അവനൊരു ദൌർഭാഗ്യം നീക്കുന്നു,
ക്യാൻസർ കൊണ്ടെന്നെ  ഭീഷണിപ്പെടുത്തുന്നു
(തല്ക്കാലമതു കോണോടു കോണാണു നീങ്ങുന്നത്)
എന്നാല്‍ ഒരു പുസ്തകമെടുത്തു ഞാന്‍ ചെറുക്കുമ്പോള്‍
അവന്‍ പിന്നോട്ടടിക്കുന്നു.

വേറേ ചില കരുക്കളും ഞാന്‍ നേടിക്കഴിഞ്ഞു,
പക്ഷേ, നോക്കൂ, എന്റെ പാതിജീവിതം മാഞ്ഞുകഴിഞ്ഞു.

-ഇപ്പോൾ ഞാൻ ചെക്കു പറഞ്ഞാൽ
തന്റെ ശുഭപ്രതീക്ഷ വീഴും,
അവൻ പറയുകയാണ്‌.
-ഞാനതു കാര്യമാക്കുന്നില്ല, ഞാൻ തമാശ പറഞ്ഞു,
വികാരങ്ങൾ കൊണ്ടു  ഞാൻ തന്നെ തടുക്കും.

എനിക്കു പിന്നിൽ എന്റെ ഭാര്യ, എന്റെ കുട്ടികൾ,
സൂര്യൻ, ചന്ദ്രൻ, മറ്റു കാണികൾ
എന്റെ ഓരോ നീക്കത്തിലും അവർ വിറകൊള്ളുകയാണ്‌.

ഞാൻ ഒരു സിഗററ്റിനു തീ കൊളുത്തി
കളി തുടരുന്നു.

(1965)


6. ചക്രം


ഒരു ചക്രത്തിനുള്ളിലാണ്‌
എന്റെ ജീവിതം,
മരങ്ങൾ എന്നെ ബോദ്ധ്യപ്പെടുത്തിയ
ഒരു വസ്തുത;
എപ്പോൾ ജനാലയിലൂടെ പുറത്തേക്കു നോക്കിയാലും
അവയുടെ ഇലകൾ
ഇപ്പോൾ മുകളിലാണെങ്കിൽ
പിന്നെ താഴെയായിരിക്കും.

കിളികളും എന്നെ ബോദ്ധ്യപ്പെടുത്തിയത്.
അവ പറക്കുന്നത്
തെക്കോട്ടൊരു ചിറകു കൊണ്ട്,
വടക്കോട്ടു മറ്റേച്ചിറകു കൊണ്ടും.

സൂര്യനും എന്നെ ബോദ്ധ്യപ്പെടുത്തിയത്.
ഇന്നതുദിച്ചത്
എന്റെ ഇടതു കണ്ണിലാണെങ്കിൽ
നാളെ വലതുകണ്ണിലായിരിക്കും.

ഞാൻ തന്നെയും എന്നെ ബോദ്ധ്യപ്പെടുത്തിയത്.
ഇന്ന് ഞാൻ ഇവിടെയുണ്ട്,
നാളെ ഞാൻ പൊയ്ക്കഴിഞ്ഞു.
(1965)


7. ഷേക്സ്പിയർ


ഏഴുനാളെടുത്തു ഷേക്സ്പിയർ ലോകം സൃഷ്ടിച്ചു.
ഒന്നാം നാള്‍ അദ്ദേഹം ആകാശവും മലകളും ആത്മാവിന്റെ ഗര്‍ത്തങ്ങളും  സൃഷ്ടിച്ചു.
രണ്ടാം നാള്‍ അദ്ദേഹം പുഴകളും കടലുകളും മഹാസമുദ്രങ്ങളും മറ്റു വികാരങ്ങളും  സൃഷ്ടിച്ചു,
അവയദ്ദേഹം പിന്നെ വീതിച്ചുകൊടുത്തു
ഹാംലറ്റിന്‌, ജൂലിയസ് സീസർക്ക്, ആന്റണിക്ക്, ക്ളിയോപാട്രയ്ക്ക്, ഒഫീലിയയ്ക്ക്,
ഒഥല്ലോയ്ക്കും മറ്റുള്ളവർക്കും.
അവരവയെ പരിചയിക്കട്ടെ,
അവരും അവരുടെ സന്തതിപരമ്പരകളും,
കാലമുള്ള കാലത്തോളം.

മൂന്നാം നാളദ്ദേഹം മനുഷ്യരെയെല്ലാം വിളിച്ചുകൂട്ടി,
രുചികളോരോന്നവരെ പഠിപ്പിച്ചു,
സ്നേഹത്തിന്റെ, പ്രണയത്തിന്റെ, നൈരാശ്യത്തിന്റെ രുചികൾ,
അസൂയയുടെ, കീർത്തിയുടെ രുചികൾ,
അങ്ങനെയങ്ങനെ രുചികൾ ഒന്നില്ലാതെല്ലാം.
ചില കഥാപാത്രങ്ങൾ വന്നപ്പോൾ വൈകി,
സ്രഷ്ടാവ് അവരുടെ തോളത്തു കരുണയോടെ തട്ടി,
ഇനിയൊന്നും ബാക്കിയില്ലെന്നുള്ള വിവരം പറഞ്ഞു,
വിമർശകരാവാനും തന്റെ സൃഷ്ടികളെ ഖണ്ഡിക്കാനും
അവരെ നിയോഗിച്ചു.

ചിരിയ്ക്കുള്ളതായിരുന്നു നാലുമഞ്ചും നാളുകൾ.
വിദൂഷകന്മാർ തലകുത്തി മറിയട്ടെയെന്നദ്ദേഹം പറഞ്ഞു,
രാജാക്കന്മാർ, ചക്രവർത്തിമാർ
അതുമാതിരി ദുരിതക്കാർക്കൊരുല്ലാസമായിക്കോട്ടെയെന്നദ്ദേഹം കരുതി.
ഭരണപരമായ ചില പ്രശ്ങ്ങൾക്കു പരിഹാരം കണ്ടതാറാം നാളിൽ:
ഒരു കൊടുംകാറ്റിനെ രംഗത്തവതരിപ്പിച്ചതും,
വൈക്കോൽക്കിരീടമണിയേണ്ടുന്ന വിധം ലിയർ രാജാവിനെ പഠിപ്പിച്ചതുമന്ന്.

ലോകസൃഷ്ടി കഴിഞ്ഞു ബാക്കി ചിലതു ശേഷിച്ചിരുന്നു,
അതു വച്ചദ്ദേഹം റിച്ചാർഡ് മൂന്നാമനെ സൃഷ്ടിച്ചു.
ഇനിച്ചെയ്യാനെന്തു ശേഷിക്കുന്നുവെന്നേഴാം നാളദ്ദേഹമൊന്നു നോക്കി.
അപ്പോഴേക്കും ലോകമാകെ നാടകക്കമ്പനിക്കാരുടെ നോട്ടീസു കൊണ്ടു നിറഞ്ഞിരുന്നു.
അത്രയും കഠിനാദ്ധ്വാനം ചെയ്ത സ്ഥിതിയ്ക്കു
താനുമൊരു കളി കാണുന്നതിൽ തെറ്റില്ലെന്നദ്ദേഹം കരുതി.
എന്നാൽ, ക്ഷീണമത്ര കലശലായിരുന്നതിനാൽ,
അതിനു മുമ്പദ്ദേഹം മരണത്തിലൊന്നു മയങ്ങാനും  പോയി.

(1965)


8. കടൽക്കക്ക


ഒരു കടൽക്കക്കയ്ക്കുള്ളിൽ ഞാനൊളിച്ചു,
എന്നാലേതിലെന്നതു ഞാൻ മറന്നുപോയി.

ഇന്നു ഞാൻ നിത്യവും കടലിൽ മുങ്ങിത്തപ്പുന്നു,
എന്നെ കണ്ടെത്താൻ
വിരലു കൊണ്ടു കടലരിക്കുന്നു
ഒരു കൂറ്റൻ മത്സ്യം എന്നെ വിഴുങ്ങിയെന്ന്
ചിലനേരം എനിക്കു തോന്നുന്നു.
അതെന്നെ മുഴുവനായി വിഴുങ്ങിയെന്നുറപ്പു വരുത്താൻ
അതിനെ ഞാനെവിടെയും തേടി നടക്കുന്നു.

കടൽത്തട്ടു കണ്ടു ഞാനങ്ങോട്ടടുക്കുന്നു,
എന്നാലെല്ലാം ഒരേ പോലായ
കോടിക്കണക്കിനു കക്കകൾ കാണുമ്പോൾ
എനിക്കറപ്പും തോന്നുന്നു.
അതിൽ ഒന്നാണു ഞാൻ.
ഏതെന്നെനിക്കറിയാമായിരുന്നെങ്കിൽ!

എത്ര തവണയാണ്‌
അതില്ലൊന്നു നേരേ കൈയിലെടുത്തു ഞാൻ പറഞ്ഞത്:
ഇതു ഞാൻ തന്നെ.
വെട്ടിത്തുറക്കുമ്പോഴാണറിയുന്നത്,
അതു പൊള്ളയാണെന്ന്.

(1965)


9. നിതാന്തചലനം


നമ്മുടെ ആദർശങ്ങൾക്കും
അവയുടെ സാഫല്യത്തിനുമിടയിൽ
എന്നുമുണ്ടാവുമൊരു വൻവീഴ്ച,
ഏതു ജലപാതത്തിനുമുയരത്തിൽ.
നമുക്കതു യുക്തിപരമായി
പ്രയോജനപ്പെടുത്താവുന്നതേയുള്ളു:
അവിടെയൊരു ജലവൈദ്യുതപദ്ധതി പണിയുക,
ഒരു സിഗററ്റ് കൊളുത്താനുള്ള ഊർജ്ജമേ
അതിൽ നിന്നുത്പാദിക്കാനാവൂ
എങ്കില്ക്കൂടി
അതുതന്നെ വലിയൊരു കാര്യമായി;
പുക വിട്ടുകൊണ്ടിരിക്കുമ്പോൾ
അതിലും വലിയ ആദർശങ്ങൾ
നമുക്കു ഭാവന ചെയ്യാമല്ലോ.

(1968)


10. ഡോൺ ജൂവാൻ


ഏറെക്കാലം കഷ്ടപ്പെട്ടതിൽപ്പിന്നെ
ഒരു പ്രണയത്തിന്റെ മഹത്കൃതി രചിക്കാനായപ്പോൾ
മറ്റൊരു സ്ത്രീയുടെ ഹൃദയത്തിൽ
ഞാനതു വൃത്തിയുള്ള കൈപ്പടയിൽ പകർത്തിവച്ചു.

പുരുഷന്മാരെക്കാളെണ്ണം കൂട്ടി
സ്ത്രീകളെ സൃഷ്ടിച്ച പ്രകൃതി ബുദ്ധിമതി തന്നെ,
നമ്മുടെ യത്നങ്ങള്‍ മിനുക്കിയെടുക്കാൻ
നമുക്കവസരം കിട്ടുകയാണല്ലൊ,
എത്രയെങ്കിലും കരടുപകർപ്പുകളുപയോഗപ്പെടുത്തി.


11. ഡോൺ ജൂവാൻ (ടൺ കണക്കിനു ലിപ്സ്റ്റിക്ക് അയാൾ അകത്താക്കിയതിൽപ്പിന്നെ...)


ടൺ കണക്കിനു ലിപ്സ്റ്റിക്ക് അയാളകത്താക്കിയതിൽപ്പിന്നെ
തങ്ങളുടെ പാവനപ്രതീക്ഷകൾ വഞ്ചിക്കപ്പെട്ടതറിഞ്ഞ സ്ത്രീകൾ
ഡോൺ ജൂവാനോടു പ്രതികാരം ചെയ്യാൻ ഒരു വഴി കണ്ടെത്തി.

ഓരോ പ്രഭാതത്തിലും
കണ്ണാടിയ്ക്കു മുന്നിൽ നിന്നു പുരികമെഴുതുമ്പോൾ
അവർ ചുണ്ടുകളിൽ എലിവിഷം പുരട്ടി,
മുടിയിൽ, വെളുത്ത ചുമലുകളിൽ, കണ്ണുകളിൽ, ചിന്തകളിൽ,
മാറിടങ്ങളിൽ
അവർ എലിവിഷം തേച്ചു,
പിന്നെയവർ അയാളെ കാത്തിരുന്നു.

മട്ടുപ്പാവുകളിൽ അവർ തങ്ങളെ കാട്ടിനിൽക്കുന്നു,
പാർക്കുകളിൽ അവർ അയാളെ തിരയുന്നു,
ഡോൺ ജൂവാൻ പക്ഷേ മുന്നറിവു കിട്ടിയിട്ടെന്നപോലെ
വായനശാലയിലെ പുസ്തകപ്പുഴുവായിരിക്കുന്നു.

അയാൾക്കിഷ്ടം അപൂർവഗ്രന്ഥങ്ങള്‍
പേപ്പർബായ്ക്കുപറ്റങ്ങള്‍;
ചർമ്മത്തിൽപ്പൊതിഞ്ഞതൊന്നും അയാൾക്കു വേണ്ട.
അന്തപ്പുരങ്ങളിലെ പരിമളങ്ങളല്ല,
പഴയ പുസ്തകങ്ങളിലെ പൊടിയാണ്‌
പരിഷ്കൃതമായിട്ടയാൾക്കു തോന്നുന്നത്.,

അങ്ങനെ സ്ത്രീകൾ അയാളെയും കാത്തുകാത്തിരിക്കുന്നു.
അഞ്ചിന്ദ്രിയങ്ങളിലും വിഷം പുരട്ടി അവർ കാത്തിരിക്കുന്നു.
തന്റെ പുതിയ കമ്പത്തിൽ നിന്നു
ഡോൺ ജൂവാനൊന്നു കണ്ണുയർത്തി നോക്കിയിരുന്നുവെങ്കിൽ
വായനശാലയുടെ ജനാലയിലൂടെ ഓരോ നാളുമയാൾക്കു കാണാമായിരുന്നു
സ്നേഹമുള്ള മറ്റൊരു ഭർത്താവിന്റെ സംസ്കാരകർമ്മം:
കടമയുടെ യുദ്ധമുന്നണിയിൽ
തന്റെ ഭാര്യയെ ചുംബിച്ചുനിൽക്കുമ്പോൾ
സ്വപക്ഷത്തു നിന്നബദ്ധത്തിൽ വെടി പൊട്ടി
മരിച്ചുപോയതാണയാൾ.


12. അഭിനേതാക്കൾ


എത്ര തന്മയത്വത്തോടെയാണ്‌ ഇവർ അഭിനയിക്കുന്നതെന്നു നോക്കൂ!
നമ്മുടെ ജീവിതങ്ങൾ നമുക്കായി ജീവിക്കാൻ
നമ്മെക്കാളെത്ര നന്നായിട്ടിവർക്കറിയാം!

ഇത്ര തികവുറ്റ ഒരു ചുംബനം ഞാൻ കണ്ടിട്ടേയില്ല,
വികാരങ്ങൾക്കു തെളിച്ചം വന്നുതുടങ്ങുന്ന മൂന്നാമങ്കത്തിൽ
ഈ അഭിനേതാക്കൾ ചെയ്യുമ്പോലെ.

എണ്ണയും പൊടിയും പുരണ്ട്,
യഥാർത്ഥത്തിലുള്ളതെന്നു തോന്നിക്കുന്ന തൊപ്പികളും വച്ച്,
വിശ്വാസം വന്നുപോകുന്ന വിധത്തിൽ പ്രവൃത്തികളും ചെയ്ത്,
കാല്ചുവട്ടിൽ ചുരുൾ നിവരുന്ന പരവതാനികൾ പോലത്തെ സംഭാഷണങ്ങളുമായി

അവർ പ്രവേശിക്കുകയും നിഷ്ക്രമിക്കുകയും ചെയ്യുന്നു.

അരങ്ങിൽ അവരുടെ മരണം എത്ര സ്വാഭാവികം.
അതു വച്ചു നോക്കുമ്പോൾ എത്ര കൃത്രിമമാണെന്നു തോന്നിപ്പോവുന്നു,
ആ ശവക്കുഴികളിൽ കിടക്കുന്നവർ,
യഥാർത്ഥത്തിൽ മരിച്ചവർ,
ഒരു ദുരന്തനാടകത്തിലെ കഥാപാത്രങ്ങളാവാൻ നിത്യമായി വിധിക്കപ്പെട്ടവർ,
അവരുടെ മരണങ്ങൾ.

ഒരേയൊരു ജീവിതത്തിൽ തളഞ്ഞുകിടക്കുന്ന നമുക്കോ,
നമുക്കത്ര പോലും ജീവനില്ല!
ആ ഒരു ജീവിതം പോലും ജീവിക്കാനുള്ള സാമർത്ഥ്യം നമുക്കില്ല.
നമ്മുടെ സംഭാഷണങ്ങൾ അനവസരത്തിലായിപ്പോകുന്നു,
അല്ലെങ്കിൽ വർഷങ്ങളോളം നാം വായ തുറക്കാതിരിക്കുന്നു.
അഭിനയത്തിൽ മിതത്വമില്ല, സൌന്ദര്യബോധമില്ല.
കൈകൾ എങ്ങനെ പിടിക്കണമെന്നുപോലും നമുക്കറിയുന്നുമില്ല.


13. പുകയില


നിത്യതയ്ക്കു ദൈർഘ്യം കൂടുതലാണെന്നു
മരിച്ചവർക്കു തോന്നുന്നുവെങ്കിൽ
അവർക്കു പുകവലി വിലക്കിയിരിക്കുന്നു
എന്നതാണു കാരണം.

ജീവിച്ചിരിക്കുന്ന മനുഷ്യരായ നാം
പുകയൂതിവിടുന്നു,
ഒരാൾ മറ്റൊരാളിൽ നിന്നു
തീ ചോദിച്ചു വാങ്ങുന്നു,
നാസകളിലൂടെ നന്ദി വമിപ്പിക്കുന്നു.

നിങ്ങൾ ജനിക്കുമ്പോൾ ഒരു സിഗററ്റ്,
സ്കൂളിൽ പോകുമ്പോൾ മറ്റൊന്ന്,
നിങ്ങളുടെ കല്യാണത്തിനു വേറൊന്ന്;
മഴ പെയ്യുന്ന കാരണത്താൽ ഒരു സിഗററ്റ്,
മഴ പെയ്യുന്നില്ലെന്നതിനാൽ
മറ്റൊന്ന്...

നിങ്ങൾ ശ്രദ്ധിക്കുന്ന പോലുമില്ല,
എത്ര കുറഞ്ഞ നേരം കൊണ്ടാണ്‌
വില കുറഞ്ഞ പുകയിലയിലൂടെ
ഒരായുസ്സിന്റെ കർമ്മം
നിങ്ങൾ ഊതിക്കളഞ്ഞതെന്ന്.

(1968)


14. പരിഭാഷ


ഒരു മൃതഭാഷയിൽ
പരീക്ഷയ്ക്കിരിക്കുകയായിരുന്നു ഞാൻ;
മനുഷ്യനിൽ നിന്ന്
മനുഷ്യക്കുരങ്ങിലേക്ക്
എനിക്കെന്നെ പരിഭാഷപ്പെടുത്തേണ്ടിയിരുന്നു.

ഞാൻ പരിഭ്രമമൊന്നും കാണിച്ചില്ല:
ആദ്യം ഞാൻ പരിഭാഷപ്പെടുത്തിയത്
ഒരു വനഭാഗമായിരുന്നു.

പക്ഷേ എന്നിലേക്കടുക്കുന്തോറും
പരിഭാഷ ദുഷ്കരമായി വരികയായിരുന്നു.
അല്പം പരിശ്രമിച്ചിട്ടെങ്കിലും പക്ഷേ,
കാൽനഖങ്ങൾക്കും കാലിലെ രോമങ്ങൾക്കും
തൃപ്തികരമായ തത്തുല്യങ്ങൾ എനിക്കു കണ്ടെടുക്കാനായി.

കാൽമുട്ടുകളെത്തിയപ്പോഴേക്കും
എനിക്കു വിക്കലു തുടങ്ങി.
ഹൃദയമടുക്കാറായപ്പോൾ എനിക്കു കൈവിറയായി,
വെളിച്ചം കടലാസ്സിൽ തൂവി വീഴുകയും ചെയ്തു.

എന്നാൽക്കൂടി മുടിയും താടിയും കൊണ്ട്
ഞാനതിന്റെ കോട്ടം തീർക്കാൻ നോക്കി;
ആത്മാവിലെത്തിയപ്പോൾ
എന്റെ പരാജയം പൂർണ്ണവുമായി.

(1972)


15. ഒരേയൊരു ജീവിതം കൊണ്ട്


ദിവസമെന്ന പിഞ്ഞാണം

ഇരുകൈകളും കൊണ്ടെടുക്കുക,
പിന്നെ വരിവരിയായി
ഈ കൌണ്ടറിനു മുന്നിലൂടെ കടന്നുപോവുക.

ഏവർക്കും തികയുന്നത്ര
സൂര്യനുണ്ട്, ആകാശമുണ്ട്,
വേണ്ടത്ര ചന്ദ്രനുമുണ്ട്.

മണ്ണിൽ നിന്നു പരിമളമുദ്ഗമിക്കുന്നു
ഭാഗ്യത്തിന്റെ, ആഹ്ളാദത്തിന്റെ, കീർത്തിയുടെ;
നിങ്ങളുടെ നാസകളെ അതിക്കിളിപ്പെടുത്തുന്നു,
നിങ്ങളെ അതു പ്രലോഭിപ്പിക്കുന്നു.

അതിനാൽ ലോഭമെന്നതു വേണ്ട.
നിങ്ങളുടെ ഹിതപ്പടി ജീവിക്കുക,
അത്ര തുച്ഛമാണു വിലകൾ.

ഒരുദാഹരണം പറഞ്ഞാൽ
ഒരേയൊരു ജീവിതം കൊണ്ടു
നിങ്ങൾക്കു നേടാം,
ഏറ്റവും സുന്ദരിയായ സ്ത്രീയെ,
ഒപ്പമൊരു ബിസ്കറ്റും.


16. മഴ പെയ്യാൻ പോവുകയാണ്‌


മഴ പെയ്യാൻ പോവുകയാണ്‌,
ഒരു പൊടിമേഘം പോലും കാണാനില്ലാത്ത
ആകാശത്തേക്കു നോക്കി കോട്ടുവായിട്ടുകൊണ്ട്
ദൈവം തന്നെത്താൻ പറയുന്നു.
ഈ നാല്പതു പകലും നാല്പതു രാത്രിയും
വാതം എനിക്കു സ്വൈര്യം തന്നിട്ടില്ല.
അതെ, ഒരു കനത്ത മഴയുടെ വരവുണ്ട്.

നോഹാ, നോഹയില്ലേ, അവിടെ?

ഈ വേലിക്കലേക്കൊന്നു വരൂ,
എനിക്കു തന്നോടു ചിലതു പറയാനുണ്ട്.

(1973)


17. മണൽഘടികാരം

ഞാനൊഴിയുകയോ
അതോ നിറയുകയോ?

പൂഴിയുടെ അതേ ഒഴുക്കു തന്നെ,
തിരിച്ചും മറിച്ചും പിടിച്ചാലും.


18. സ്വന്തം പേരു പരിചയമാവുന്നതിനെക്കുറിച്ച്


നിങ്ങൾ നടക്കാൻ പഠിച്ചതില്പിന്നെ,
വസ്തുക്കളെ ഇന്നതിന്നതെന്നു പറയാൻ പഠിച്ചതില്പിന്നെ,
കുട്ടി എന്ന നിലയ്ക്കുള്ള നിങ്ങളുടെ ആദ്യത്തെ ഉത്കണ്ഠ
സ്വന്തം പേരു പരിചയമാവുക എന്നതാണ്‌.
എന്താത്?
അവർ നിങ്ങളോടു ചോദിച്ചുകൊണ്ടേയിരിക്കും.
നിങ്ങൾ പതറുന്നു, വിക്കുന്നു,
ഒഴുക്കോടൊരു മറുപടി പറയാൻ തുടങ്ങിക്കഴിഞ്ഞാല്പിന്നെ
നിങ്ങൾക്ക് സ്വന്തം പേര്‌ ഒരു പ്രശ്നമല്ലാതാവുന്നു.

നിങ്ങൾ സ്വന്തം പേരു മറന്നുതുടങ്ങിയാൽ
അതു ഗൌരവത്തിലെടുക്കേണ്ടതു തന്നെ.
എന്നു വച്ചു നിരാശനാവുകയും വേണ്ട,
ഒരിടവേളയ്ക്കു തുടക്കമാവുകയായി.

നിങ്ങളുടെ മരണം കഴിഞ്ഞയുടനെ,
കണ്ണുകളുടെ മൂടൽ മാറുമ്പോൾ,
നിത്യാന്ധകാരത്തിൽ
നിങ്ങൾക്കു കണ്ണു പറ്റിത്തുടങ്ങുമ്പോൾ,
നിങ്ങളുടെ ഒന്നാമത്തെ ഉത്കണ്ഠ
(നിങ്ങൾ പണ്ടേ മറന്നത്,
നിങ്ങളോടൊപ്പം കുഴിയിലിട്ടു മൂടിയത്)
സ്വന്തം പേരു പരിചയമാവുക എന്നതാണ്‌.
നിങ്ങളുടെ പേരു പലതുമാവാം,
-അതെന്തുമാവാം-
സൂര്യകാന്തി, ജമന്തി, ചെറി,
കരിങ്കിളി, കുരുവി, മാടപ്രാവ്,
ഡെയ്സി, തെന്നൽ-
അല്ലെങ്കിലിതെല്ലാമാവാം.
തനിക്കു പിടി കിട്ടി എന്നമട്ടിൽ
നിങ്ങളൊന്നു തലയനക്കിയാൽ
ഒക്കെശ്ശരിയായി:
ഒന്നു ഞണുങ്ങിയതെങ്കിലും
ഗോളാകൃതിയായ ഭൂമി
നക്ഷത്രങ്ങൾക്കിടയിൽ
ഒരു പമ്പരം പോലെ കിടന്നുകറങ്ങിയെന്നും വരാം.

(1991)


19. സെനെക്ക


സൂര്യൻ അസ്തമിക്കുമ്പോൾ, അവർ എന്നോടു പറഞ്ഞു,
ഞാൻ എന്റെ സിരകൾ മുറിക്കണം.
ഇപ്പോൾ ഉച്ചയായിട്ടേയുള്ളു,
ജീവിക്കാൻ കുറച്ചു മണിക്കൂറുകൾ കൂടി ബാക്കിയുണ്ട്.

ലൂക്കല്ലസ്സിനൊരു കത്തെഴുതിയാലോ?
അതിനു മനസ്സു വരുന്നില്ല.
സർക്കസ്സിനു പോയാലോ?
ഇനി കളികളുടെ ആവശ്യമില്ല, അപ്പത്തിന്റെയും.
തത്ത്വശാസ്ത്രത്തിന്റെ ഭാവി പ്രവചിച്ചാലോ?

ഒരു മണിക്കൂർ കൂടി കടന്നുപോകുന്നു.
നാലു മണിക്കൂർ അങ്ങനെതന്നെ കിടക്കുന്നു.
കുളിമുറിയിൽ വെള്ളം ചൂടായിക്കിടപ്പുണ്ട്.
ഒരു കോട്ടുവായിട്ടുകൊണ്ട്
ജനാലയിലൂടെ ഞാൻ പുറത്തേക്കു നോക്കുന്നു,
ഇനി താഴുകയില്ലാത്ത സൂര്യന്റെ ഗതി പിന്തുടരുന്നു,
അവാച്യമായൊരു വൈരസ്യം ഞാൻ അനുഭവിക്കുന്നു.
(1972)


20. വിളക്കേ

വിളക്കേ,
വെളിച്ചത്തിന്റെ ദാതാവേ,
പകൽ നിന്നെ കെടുത്തിയല്ലോ;
ഇപ്പോഴൊരു മന്ദനെപ്പോലെ,
ഒരു വാത്തിനെപ്പോലെ നീയിരിക്കുന്നു,
പകൽനേരത്തെത്ര തിളക്കമറ്റതാണു നീ.
പൂച്ചകളുടെ മിന്നാമിന്നിക്കണ്ണുകളെക്കാൾ
മങ്ങിയതാണു നീ.
എന്നാലും എനിക്കു നിന്നോടിഷ്ടക്കുറവില്ല.


21. തലയിലെഴുത്ത്

പോയ രാത്രിയിൽ വാങ്ങി
ഞാൻ ഫ്രീസറിൽ വച്ച പിടക്കോഴി
ജീവൻ വയ്ക്കുകയും
ലോകത്തെ ഏറ്റവും വലിയ മുട്ടയിടുകയും
നൊബേൽ സമ്മാനത്തിനർഹമാവുകയുമുണ്ടായി.

ആ അത്ഭുതമുട്ട
പല കൈകൾ മറിയുകയും
അധികം ആഴ്ച്ചകൾ കഴിയും മുമ്പേ
ലോകമാകെച്ചുറ്റുകയും
365 ദിവസം കൊണ്ട്
സൂര്യനെ ഒന്നു വലം വയ്ക്കുകയും ചെയ്തു.

മൂല്യശോഷണം വരാത്ത കറൻസിയിൽ,
എണ്ണിയാലൊടുങ്ങാത്ത പണത്തിനു തുല്യമായ അളവിൽ
വട്ടിക്കണക്കിനാണവൾക്കു ധാന്യമണികൾ കിട്ടിയതെങ്കിലും
അവൾക്കതൊന്നു കൊറിയ്ക്കാൻ പോലുമായില്ല,

എന്തെന്നാൽ,
എത്ര ക്ഷണങ്ങളാണവൾ സ്വീകരിക്കേണ്ടിവന്നത്,
എത്ര പ്രഭാഷണങ്ങൾ ചെയ്യേണ്ടിവന്നു,
എത്ര അഭിമുഖങ്ങൾക്കിരിക്കേണ്ടിവന്നു,
എത്ര ഫോട്ടോകൾക്കു നിന്നുകൊടുക്കേണ്ടിവന്നു.

ഫോട്ടോയിൽ
അവൾക്കരികിൽ
ഞാനുമുണ്ടായിരിക്കണമെന്ന്
പത്രക്കാർ പലപ്പോഴും നിർബ്ബന്ധിക്കാറുണ്ടായിരുന്നു.

അങ്ങനെ,
ഒരായുസ്സു മുഴുവൻ കലയെ ഉപാസിച്ചതിൽ പിന്നെ,
ഞാനും പൊടുന്നനേ പ്രശസ്തനായിരിക്കുന്നു,
ഒരു കോഴിവളർത്തുകാരനായി.


22. സ്വർഗ്ഗത്തിലേക്കുള്ള കോണി


എന്റെ കട്ടിലിനു തൊട്ടുമുകളിലായി
ഒരെട്ടുകാലി നെയ്ത പട്ടുനൂൽ
മച്ചിൽ നിന്നു തൂങ്ങിക്കിടക്കുന്നു.

അതിറങ്ങിയിറങ്ങി വരുന്നത്
ഓരോ നാളും ഞാൻ നോക്കിക്കിടക്കുന്നു.
ഞാൻ ഓർക്കുകയാണ്‌,
‘സ്വർഗ്ഗം എനിക്കൊരേണി വച്ചുതരുന്നു.
മുകളിൽ നിന്നതെന്നിലേക്കെത്തുന്നു.’

ബലം കെട്ടുപോയി ഞാനെങ്കിലും,
പണ്ടത്തേതിന്റെ ഒരു നിഴൽ മാത്രമാണെങ്കിലും,
എന്റെ ഭാരം താങ്ങാൻ
അതിനാവില്ല എന്നെനിക്കു തോന്നുന്നു.

എന്റെ ആത്മാവേ, ശ്രദ്ധിച്ചുപോകണേ,
പതുക്കെ, പതുക്കെ.



23. ഈ ആശുപത്രിയിലേക്കു കയറേണ്ടത് ഞാൻ തന്നെയാവണമെന്നു വന്നതെങ്ങനെ...’

----------------------------------------------------------------------------------------

ഈ ആശുപത്രിയിലേക്കു കയറേണ്ടത് ഞാൻ തന്നെയാവണമെന്നു വന്നതെങ്ങനെ?
ഈ നിമിഷം ഈ വഴി കടന്നുപോകുന്ന ആ മനുഷ്യന്‌
തന്റെ വഴിക്കു പോകാമെന്നു വന്നതെങ്ങനെ?

എന്തുകൊണ്ടാണയാൾ ഗേറ്റും കഴിഞ്ഞലസമായി നടന്നുപോകുന്നത്?
എന്തുകൊണ്ടിത്രയുമാളുകളിൽ ഞാൻ തന്നെ ഇതിനുള്ളിലേക്കു കടക്കണം?
എന്തുകൊണ്ടയാളല്ല, എന്തുകൊണ്ടു മറ്റൊരാളല്ല?
എന്തുകൊണ്ട് ഞാൻ?

ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ.

(1996 ഒക്ടോബർ 10)
*


24. നീലക്കടലിന്റെ ദൂതൻ
----------------------


‘ഞാനിതാ നിന്റെ കോശങ്ങളിൽ നിന്നു ജലത്തെ തിരിച്ചുവിളിക്കുന്നു,’
കടലൊരു ദൂതൻ വശം
എനിക്കു സന്ദേശമയക്കുന്നു.
‘എനിക്കിന്ധനത്തിന്റെ ആവശ്യമുണ്ട്
(മഞ്ഞുകാലം വരികയല്ലേ?)

കുറേ നേരമായി കാർമ്മേഘങ്ങളെനിക്കു മേൽ
തങ്ങിനിന്നതെന്തിനെന്നെനിക്കിപ്പോൾ മനസ്സിലാകുന്നു.
എന്റെ വലിയൊരംശം അവയ്ക്കുള്ളിലുണ്ട്,
എനിക്കു വിട പറഞ്ഞുകൊണ്ട്.

(1996 നവംബർ 9)
*

25. വിലാപഗീതം
--------------


കണ്ണുകളിലെ വെളിച്ചം മങ്ങിക്കഴിഞ്ഞു,
ചുണ്ടിനറ്റത്തെ പുഞ്ചിരി തവിഞ്ഞുകഴിഞ്ഞു.
പകലു പക്ഷേ, ഇനിയുമിരുണ്ടിട്ടില്ല,
ചിരിച്ചാഹ്ളാദിച്ചും കൊണ്ട്
ആളുകൾ തെരുവുകളിലൂടെ കടന്നുപോകുന്നു.

കാര്യങ്ങളീവിധമാവണമെന്നുണ്ടായതെത്ര നന്നായി,
ഒരാളും ശ്രദ്ധിക്കാനില്ലാത്തപ്പോൾ വേണം
ഞാൻ കൂട്ടം വിട്ടു മറയാനെന്നത്.
കാര്യമുള്ള കാര്യമല്ലാതെ
ഈ ലോകത്തു യാതൊന്നും നടക്കുന്നില്ല,
അതും അങ്ങേയറ്റത്തെ ഉദാസീനതയ്ക്കു നടുവിലും.

(1996 നവംബർ 30)

*

26. കുറ്റബോധം
------------


എനിക്കു കുറ്റബോധം തോന്നുന്നു
ഞാനെന്തോ തെറ്റു ചെയ്തപോലെ.

എന്നെക്കാത്തിരിക്കുന്ന
ആ മഹത്തായ കുമ്പസാരത്തിൽ
ഞാനിങ്ങനെ പറയും:

ദൈവമേ,
അങ്ങയുടെ സൃഷ്ടികൾക്കിടയിൽ 
ഞാൻ ജീവിച്ചു.
അതു തെറ്റായിരുന്നോ?
*

27. യാത്രയ്ക്കിറങ്ങൽ
----------------


ചുമരിനു നേർക്ക്
ഞാൻ തിരിഞ്ഞുകിടക്കുന്നു,
കണ്ണീരൊഴുക്കുന്ന എന്റെ കൂട്ടുകാരോടു
ഞാൻ പറയുന്നു,
ഞാൻ ഇപ്പൊത്തന്നെ വരാമെന്നേ.
*


28. ‘എനിക്കു നമ്മുടെ നായ്ക്കളെ ഓർമ്മ വരുന്നു...’
---------------------------------------------

പ്രായാധിക്യത്തിൽ 
മരണനേരമടുക്കുമ്പോൾ
എനിക്കു നമ്മുടെ നായ്ക്കളെയാണ്‌
ഓർമ്മ വരുന്നത്.

ചായ്പ്പിനടിയിൽ,
ചോളക്കൂടിനടിയിൽ
ആരും കാണാതെ അവ കിടക്കും.
നിങ്ങളവയ്ക്ക് 
ആഹാരവും വെള്ളവും കൊണ്ടുകൊടുക്കുന്നു.
സാവധാനമവ കൺപോളകൾ തുറക്കും,
അവ നോക്കും,
നിങ്ങളുടെ നേർക്കവ കണ്ണുയർത്തും,
പിന്നെ വീണ്ടും കണ്ണുമടച്ചു കിടക്കും.
നിങ്ങൾക്കു നന്ദി പറയാൻ
അവയൊന്നു വാലാട്ടുകപോലുമില്ല.

ഭയാനകമാണ്‌
ആലയിലേക്കുള്ള മടക്കം,

മനുഷ്യനായാലും മൃഗമായാലും.


(1996 ഡിസംബർ 7)

(സൊറെസ്ക്കു ആശുപത്രിയിൽ കിടക്കുമ്പോൾ എഴുതിയത്; അദ്ദേഹം 1996 ഡിസംബർ 6നു മരിച്ചു.)


In the Morning

We wash with your lather, o sun,
Our essential soap,
Set within reach
On the sky's shelf.
We keep stretching our arms to you,
And we scrub ourselves so vigorously with light
Our bones ache with happiness.

Oh, what glad sport on earth
Every morning!
Like a boarding school washroom,
When children fill their mouths with water
And squirt it at each other.

For the present, though, we don't know where to find
The plush towels-
So we dry our faces
With death.

Translators: Adam J Sorkin, Lidia Vianu

With a Green Scarf

With a green scarf I blindfolded the eyes of the trees and asked them to catch me. At once the trees caught me, their leaves shaking with laughter. I blindfolded the birds with a scarf of clouds and asked them to catch me. The birds caught me with a song. Then with a smile I blindfolded my sorrow and the day after it caught me with a love. I blindfolded the sun with my nights and asked the sun to catch me. I know where you are, the sun said, just behind that time. Don’t bother to hide any longer.

Portrait of the Artist


I left my shoes
to the road.
As for my trousers, I slipped them over
the trees, right up to the leaves.
My jacket I wrapped
round the wind's shoulders.
I put my old hat
on the first cloud
that came my way.
Then I stepped back
into death
to observe myself.
My self-portrait
was a faithful one.
The resemblance was so close
that quite spontaneously people --
I had forgotten to sign it --
inscribed my name
on a stone.


Chess

I move a white day,
He moves a black day.

I put forward a dream,
He captures it in battle.

He attacks my lungs,
I consider it for a year in hospital,
I pull a magnificent combination
And I win a black day from him.

He moves a curse
And threatens me with cancer
(which is currently advancing in the shape of a cross),
However, I counteract with a book
And I force him to pull back.

I win several more pieces from him
But, look! Half of my life
Has been cleared out to the edge.

– I will check you and you will lose your optimism,
He tells me.

– It’s okay, I jest easily,
I will castle my feelings.

Behind me the wife, the kids,
The sun, the moon and other onlookers
Shiver with every move I make.

I light a cigarette
And I keep on playing.

Shakespeare
(translated by Michael Hamburger)


Shakespeare created the world in seven days.
On the first day he made the sky and the mountains
and the ravines of the soul.
On the second day he made the rivers, the seas, the
oceans as well as the other feelings
and gave them to Hamlet, to Julius Caesar, to Cleopatra, Ophelia, Othello and others,
to reign over them with their children and later descendants
for ever and ever.
On the third day he summoned the whole of humanity
to teach them the diverse tastes:
the taste of happiness, that of love, the taste of despair,
of jealousy, fame etc.,
till there were none left to distribute.
But then a few people came who were late.
Sorry for them, the creator patted their heads
and informed them there was nothing left for them save to become
literary critics and debunk his work.
The fourth and fifth days he reserved for laughter,
gave the clowns a free hand,
allowed them to turn somersaults
and so provided amusement for kings and emperors
and other unfortunate persons.
On the sixth day he dealt with administrative problems:
he set up a storm
and taught King Lear
how to wear a crown of straw.
There was some waste matter, too, from creation, and
out of this he made Richard III.
On the seventh day he made sure that nothing was left undone.
Already theatre managers had plastered the whole world with their playbills, and
Shakespeare thought that after so much hard work
he deserved to see a performance;
but meanwhile, because he felt so excessively drowsy,
he lay down to take forty winks of death.

The Sea Shell


Translated by Michael Hamburger

I have hidden inside a sea shell

but forgotten in which.

Now daily I dive,

filtering the sea through my fingers,

to find myself.

Sometimes I think

a giant fish has swallowed me.

Looking for it everywhere I want to make sure

it will get me completely.

The sea-bed attracts me, and

I’m repelled by millions

of sea shells that all look alike.

Help, I am one of them.

If only I knew, which.

How often I’ve gone straight up

to one of them, saying: That’s me.

Only, when I prised it open

it was empty.

Perpetuum Mobile


Translated by Michael Hamburger

Between people’s

ideals

and their realization

there is always

a greater drop

than in the highest

of waterfalls.

This potential gradient

can be exploited

rationally,

if we build a sort of

power station above it.

The energy it supplies,

even if we use it only

to light our cigarettes,

is something

anyway;

for while one is smoking

one can very seriously

think up

ideals even crazier.

Actors

How naturally spontaneous -the actors!
With sleeves rolled up,
How much better they know how to live our lives for us!
Never have I seen a more perfect kiss
Than the actors' in the third act,
When the passions start
To make themselves clear.
Stained with oil,
In authentic caps,
True-to-life in their perfectly plausible jobs,
They enter and exit with speeches
That unfurl like carpets under their feet.
Their death on stage is so genuine
That, next to its perfection,
Those in the graveyards,
The truly dead,
Made up for tragedy, once and for all time,
Seem stagy and unstill!
Whereas we, so stiff within our single span,
We don't so much as know how to come alive!
We speak our lines at the wrong time or keep silent for years on end,
Histrionic and unaesthetic,
And we haven't a clue where the hell to keep our hands.

With only one life

Hold with both hands
The tray of every day
And pass in turn
Along this counter.

There is enough sun
For everybody.
There is enough sky,
And there is moon enough.

The earth gives off the smell
Of luck, of happiness, of glory,
Which tickles your nostrils
Temptingly.

So don’t be miserly,
Live after your heart.
The prices are derisory.

For instance, with only one life
You can acquire
The most beautiful woman,
Plus a biscuit.

[Trans. Joana Russell-Gebbett and D.J. Enright]



2017, ഡിസംബർ 21, വ്യാഴാഴ്‌ച

ഒലാവ് എച്ച്. ഹോഗ് - ഡയറിക്കുറിപ്പുകൾ




ഒരു നല്ല ചങ്ങാതിയോട്

നിനക്ക് ഒരു ലോകമാകെ മുന്നിൽ തുറന്നുകിടക്കുന്നു. അത് നിനക്കുള്ളതാണ്‌. ദൈവത്തിന്റെ ഹരിതഭൂമി. എനിക്ക് ഒരു ഷീറ്റ് വെള്ളക്കടലാസ്സേ ഉള്ളു. അവിടെയാണു ഞാൻ ജീവിക്കുക. അവിടെയാണു ഞാൻ സ്നേഹിക്കുകയും വെറുക്കുകയും എഴുതുകയും ചെയ്യുക. ഞാൻ എന്റെ കോട്ടകൾ പണിയുന്നതും സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതും അവിടെയാണ്‌.
(1944)

ആ ദിവസം

അധികം വന്ന മനുഷ്യജീവികൾ ഭൂമി വിട്ടുപോകാൻ തയാറെടുക്കേണ്ട ദിവസം അകലെയല്ല എന്നു വരാം. തേനീച്ചക്കൂട്ടിൽ ഈച്ചകളുടെ എണ്ണം പെരുകുമ്പോഴെന്നപോലെ. എവിടെയാണവ പുതിയ കൂടു വയ്ക്കുക എന്നു പറയാൻ എളുപ്പമല്ല; എന്തായാലും ജീവിതയോഗ്യമായ സാഹചര്യം മറ്റെവിടെയെങ്കിലും ഉണ്ടാകും എന്നതിൽ സംശയിക്കാനില്ല. നമുക്ക് ചിറകുണ്ടായാൽ മതി.
(1946)

എന്റെ സ്വഭാവം

പ്രായം ചെന്ന ഒരു സ്ത്രീ പറയുകയായിരുന്നു: “അന്യരെക്കുറിച്ചു ഞാൻ ദുഷിച്ചു പറയുമ്പോൾ അവരുടെ സ്വഭാവമല്ല പുറത്തു വരുന്നത്, എന്റെ തന്നെ സ്വഭാവമാണ്‌.”
(1947)

നോക്കുകുത്തി

ഇത്തവണത്തെ വിളവെടുപ്പുകാലം ദുഷ്കരമായിരുന്നു. കിളിയാട്ടാൻ രാവിലെ അഞ്ചു മണിയ്ക്ക് എഴുന്നേല്ക്കേണ്ടിവന്നു. ഇന്നലെ ഒരു നോക്കുകുത്തി നാട്ടിവച്ചു. അതു പക്ഷേ, വളരെ പഴകിയതാണ്‌. ഞാൻ എന്റെ തന്നെ നോക്കുകുത്തി ആകേണ്ടിവരും.
(1956)

നമുക്കു സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തം ഇതാണ്‌: നമുക്കുള്ളിലെ ആ രഹസ്യമുറിയിൽ കടക്കാൻ പറ്റാതെ വരിക. അങ്ങനെ സംഭവിക്കാവുന്നതേയുള്ളു. വാതിൽ അടഞ്ഞുകിടക്കുകയായിരിക്കും. അല്ലെങ്കിൽ നമ്മുടെ ബാഹ്യജീവിതത്തിൽ അത്രയും മുഴുകിപ്പോകയാൽ ആ മുറിയുടെ കാര്യം നാം മറന്നുപോവുന്നതാവാം. അതുമല്ലെങ്കിൽ അതിനുള്ളിലാകെ ഇരുളടഞ്ഞതും മലിനവുമാണെന്നും വരാം. എങ്കിൽ നമ്മുടെ പിഴയാണത്, പുതുമയുള്ളതെന്തെങ്കിലും അവിടെ ചെയ്യാൻ നമുക്കായില്ല എന്നത്, ഒരിക്കൽ നമ്മെ വശീകരിച്ച ആ മാന്ത്രികലോകത്തെ ആവാഹിച്ചുവരുത്താൻ നമുക്കു കഴിയുന്നില്ല എന്നത്.
(1957)

ഒരു കാക്ക പോലും സ്വർണ്ണച്ചിറകുകളുള്ള ഒരു സൂര്യപ്പക്ഷിയാകുന്നു, ആഹ്ലാദം നിറഞ്ഞ സൂര്യവെളിച്ചത്തിനു നേർക്കതു പറക്കുമ്പോൾ.
(1958)

ഒരു ദിശാസൂചിയില്ലാതെ

പലരും ഭൂമിയിൽ ചുറ്റിത്തിരിയുന്നുണ്ട്, സ്വർഗ്ഗത്തും നരകത്തിലും നടക്കുന്നുണ്ട്. അവരുടെ കൈയിൽ ഒരു ദിശാസൂചിയുണ്ടോ? അതാണു ചോദ്യം.
(1958)

ഈ ലോകത്ത് ചില നേരുകളേയുള്ളു, അവ ലളിതവുമാണ്‌. അവ തിരഞ്ഞ് നിങ്ങൾ മുകളിലും താഴെയുമൊന്നും പോകേണ്ട. ഇക്കണ്ട പുസ്തകങ്ങളെല്ലാം വായിക്കുകയും വേണ്ട.

അന്യരെ ഉദ്ബുദ്ധരാക്കാൻ നടക്കുന്ന ഇത്രയധികം ആളുകളില്ലായിരുന്നെങ്കിൽ ലോകം എത്ര നല്ലൊരിടമായേനെ. തങ്ങൾക്കല്ലാതെ മറ്റാർക്കും ദൈവം വിവേകം പോകട്ടെ, കണ്ണും കാതും പോലും കൊടുത്തിട്ടില്ല എന്നാണ്‌ അവരുടെ വിചാരം. എനിക്കു സദ്ബുദ്ധി നല്കാനും എനിക്കു വഴി കാണിച്ചു തരാനും എന്റെ ജീവിതത്തിൽ ഇടപെടുന്നവരെക്കൊണ്ട് എനിക്കു ദോഷമേ പറ്റിയിട്ടുള്ളു. മനുഷ്യരെ വെറുതേ വിട്ടുകൂടേ!

നമ്മുടെ ശാപം ഇതാണ്‌: ലോകം നമുക്ക് സ്വർണ്ണം തന്നെ തരുമെന്നറിയാതെ നാമതിനോട് വെള്ളി വേണമെന്നു പറയുന്നു!
(1959)

കീർക്കെഗോറിന്റെ ഈ വാക്കുകൾ അവിവാഹിതർക്കു സാന്ത്വനമാകേണ്ടതാണ്‌: “സ്വന്തം ഭാര്യയിലൂടെ കവിയായ ആരെക്കുറിച്ചെങ്കിലും നിങ്ങൾ കേട്ടിട്ടുണ്ടോ?”
(1960)

ഓർമ്മകൾ
--------------------

ഞാൻ ശരിക്കും ഒരാദ്ധ്യാത്മികജീവിതം നയിച്ച ആ വർഷങ്ങളിൽ രോഗിയെന്നു മുദ്ര കുത്തി അവരെന്നെ പൂട്ടിയിട്ടു. തികച്ചും നാലുകൊല്ലം. എന്താണു സംഭവിക്കുന്നതെന്നറിയാൻ ചിലപ്പോഴൊക്കെ രാത്രിയിൽ ഉറങ്ങാതിരുന്നത് ഞാ​‍ാർക്കുന്നു. ആശ്ചര്യപ്പെടുത്തുന്ന സംഗതികൾക്ക് അന്നു ഞാൻ സാക്ഷിയായി! രാത്രിയാകെ ശബ്ദങ്ങളും സൂചനകളും നിറഞ്ഞിരുന്നു. ആത്മാവുകളുടെ മേഖലയിൽ വലിയൊരു സംഭാഷണം നടക്കുന്നുണ്ടായിരുന്നു. ഭൂവാസികളുടെ മേഖലയിൽ മാത്രമല്ല, മറ്റു മണ്ഡലങ്ങളിലും. ജീവിച്ചിരിക്കുന്നവരും മരിച്ചവരും തമ്മിൽ അവിടെ വലിയ വ്യത്യാസമുള്ളതായി തോന്നിയില്ല. ആ ആശ്ചര്യസംഗതികൾക്കു കാതുകൊടുക്കാൻ പണ്ടേ പഠിക്കാതിരുന്നത് എത്ര ബുദ്ധിമോശമായിപ്പോയി എന്നു ഞാൻ പലപ്പോഴുമോർത്തു. ഉറങ്ങുകയാണ്‌ പകരം ഞാൻ ചെയ്തത്; മറ്റുള്ളവരും അതുതന്നെയാണ്‌ ചെയ്യുന്നതെന്നും ഞാൻ വിശ്വസിച്ചു. ആളുകളെക്കുറിച്ച് എത്ര കുറച്ചേ എനിക്കറിയാവൂ എന്ന് ഒടുവിൽ എനിക്കു മനസ്സിലായിത്തുടങ്ങിയിരിക്കുന്നു. ചിലർ- നിങ്ങൾ വിചാരിക്കുന്നതിലുമധികം പേർ- അതിനു ശ്രദ്ധ കൊടുക്കുന്നുണ്ടായിരുന്നിരിക്കണം, അതും കുട്ടികളായിരുന്നപ്പോൾത്തന്നെ; ഇന്നവർ ആത്മാവുകളുടെ ആ മണ്ഡലത്തിൽ വലിയവരായിട്ടുണ്ടെന്നും വരാം; - അവർക്കതു നിത്യപരിചിതമാണെന്നും ആ സംഭാഷണത്തിൽ പങ്കു കൊള്ളുന്നുണ്ടെന്നും തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെന്നും കാര്യങ്ങൾ യഥാർത്ഥത്തിൽ നിർവ്വഹിക്കുന്നവർ അതിനു ശ്രദ്ധ കൊടുക്കുന്നുണ്ടെന്നും വരാം. അതിനു പരിശീലനം വേണ്ടതാണെന്നും എനിക്കു വ്യക്തമായി. എഴുതിവച്ചത് മൂഢമായ അസംബന്ധമാണെന്ന് എനിക്കു മനസ്സിലായി; ലോകത്തെന്തൊക്കെ നടക്കുന്നുവെന്ന് വ്യക്തമായ ധാരണയില്ലാത്ത, ആത്ദ്ധ്യാമികജീവിതമെന്തെന്നു മനസ്സിലാകാത്ത ഉറക്കംതൂങ്ങികളായിരുന്നു എന്നെപ്പോലുള്ളവർ. കവികൾ, ഹെൻറിക് വെർഗ്ലാൻഡും റോബർട്ട് ബ്രൗണിങ്ങും പോലും, വെറും നിഴലുകളായിരുന്നു. നിറം കെട്ട നിഴലുകൾ. അവരുടെ ജല്പനങ്ങൾക്കു വിഷയമായ കാര്യങ്ങളെക്കാൾ എത്രയോ സുന്ദരമായ സംഗതികളാണ്‌ ഞാനിപ്പോൾ കാണുന്നതും കേൾക്കുന്നതും. ഹാ, കവികൾ വെറും നിഴലുകളായിരുന്നു, അക്കാലങ്ങളിൽ ഞാൻ ചിന്തിച്ചു; അതുമിതും ചെയ്ത്, എഴുതി, രാത്രിയിൽ ഉറങ്ങി, അന്ധരും ബധിരരുമായി ഈ ലോകത്തിലൂടെ കടന്നുപോകുന്ന സരളബുദ്ധികൾ. നിരക്ഷര പോലുമായ ഒരു പാവം സ്ത്രീയ്ക്ക് ഏതു കവിയെക്കാളും തലപ്പൊക്കത്തിൽ നില്ക്കാൻ കഴിയും; രാത്രിയിൽ, അതെ, പകൽനേരത്തു പോലും, ആകാശത്തു മാറ്റൊലിക്കുന്ന സംജ്ഞകൾക്കും ശബ്ദങ്ങൾക്കും കാതു കൊടുക്കാനും അവയെ വ്യാഖ്യാനിക്കാനും അവൾ പഠിക്കണമെന്നേയുള്ളു.

ഇതിനെക്കുറിച്ച് ഇനി ഞാൻ എഴുതുന്നില്ല. എന്റെ യൗവ്വനത്തിലെ ദുശ്ശീലങ്ങൾക്കു പിന്നെയും ഞാൻ അടിമായിക്കഴിഞ്ഞു. രാത്രിയിൽ ഞാൻ ഉറങ്ങുകയാണ്‌; ഞാനിപ്പോൾ ആത്മാക്കൾക്കു കാതു കൊടുക്കാറില്ല. പകരം പണ്ടേപ്പോലെ പുസ്തകങ്ങളിൽ ജ്ഞാനത്തിനു തിരയുകയാണ്‌. പുസ്തകങ്ങൾ! എന്റെ അച്ഛൻ എത്ര അവജ്ഞയോടെയാണ്‌ അവയെ കണ്ടിരുന്നതെന്ന് ഞാൻ ഓർക്കുന്നു. നാളതുവരെ ഒരു പുസ്തകം പോലും വായിച്ചിട്ടില്ലെങ്കിലും എത്രയൊക്കെ അദ്ദേഹത്തിനറിയാമായിരുന്നു എന്നു ചിന്തിക്കുമ്പോൾ എനിക്കത്ഭുതം തോന്നുന്നു.
*
നിങ്ങളുടെ തകർന്ന പ്രതീക്ഷകൾ ശോകമായി മാറിയാലേ പാലം തുറക്കുന്നുള്ളു- ദൈനന്ദിനജീവിതത്തിൽ നിന്ന് നിങ്ങളെ മറുകരയിലെത്തിക്കുന്ന ആ പാലം.
(1965)

നിങ്ങൾ കെട്ടിപ്പൊക്കുകയാണ്‌, മലയില്ല, പൂഴിയിലല്ല, വെറും വായുവിൽ, ഭാവിയിലെവിടെയോ. ഒടുവിൽ പടുകിഴവൻ ആകുമ്പോഴാണു നിങ്ങൾക്കു ബോദ്ധ്യമാവുക, യാതൊന്നും യാഥാർത്ഥ്യമാകാൻ പോകുന്നില്ലെന്ന്. അപ്പോൾ നിങ്ങൾ നിങ്ങളുടെ നോട്ടവും ചിന്തയും ഭൂതകാലത്തിലേക്കു തിരിക്കുന്നു, എന്നിട്ട് അവിടെ കെട്ടിപ്പൊക്കാൻ തുടങ്ങുന്നു. അതാണ്‌ ജീവിതം.
(1975)

പഴയ കടലാസ്സുകൾ മറിച്ചുനോക്കുന്നത് ഉണക്കിലകൾ ഇളക്കിനോക്കുന്നതു പോലെയാണ്‌. ഒരു ലാർവയോ ഒരു കൊക്കൂൺ തന്നെയോ നിങ്ങൾക്കു കിട്ടിയെന്നു വരാം- അതിൽ നിന്നു പുറത്തു വരുന്നത് ഏതു പൂമ്പാറ്റയാണെന്ന് നിങ്ങൾ അറിയാനും പോകുന്നില്ല.
(1983)




2017, ഡിസംബർ 17, ഞായറാഴ്‌ച

കലയും സാഹിത്യവും- ഒലാവ് എച്ച്. ഹോഗിന്റെ ഡയറിക്കുറിപ്പുകൾ




നോർവീജിയൻ കവിയും വിവർത്തകനുമായ ഒലാവ് എച്ച്. ഹോഗ് (1908-1994)പതിനഞ്ചാം വയസ്സു മുതൽ അവസാനവർഷങ്ങൾ വരെ ഡയറി എഴുതിയിരുന്നു. മരണശേഷം പ്രസിദ്ധീകരിക്കുമ്പോൾ അത് അയ്യായിരം പേജ് ഉണ്ടായിരുന്നു. ഗോസ്സിപ്പുകൾക്കും കുമ്പസാരങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കുമായി നിങ്ങൾ അത് വായിക്കണമെന്നില്ല. തന്റെ വ്യക്തിപരവും സാഹിത്യപരവുമായ പരിണാമം, തന്റെ ദൈനന്ദിനജീവിതത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ, തന്റെ മനോനിലകൾ, വൈകാരികമായ വെല്ലുവിളികൾ ഇതൊക്കെയാണ്‌ അതിലുള്ളത്.



രൂപം

നിങ്ങൾക്കവർ വീഞ്ഞ് വച്ചുനീട്ടിയാൽ വാങ്ങി അല്പം രുചിക്കുക. ഗ്ലാസ്സിന്റെ രൂപം, അത് ഉരുണ്ടതാണോ ആറു വശമുള്ളതാണോ എന്നതൊന്നും കാര്യമുള്ളതല്ല. അതേ സമയം മനോഹരമായ ഒരു ഗ്ലാസ്സ് സുഖാനുഭൂതിയുടെ അളവ് കൂട്ടുകയും ചെയ്യും.
(1948)
 

എമിലി ഡിക്കിൻസൺ

മറ്റുള്ളവർക്കു വേണ്ടിയാണ്‌ നിങ്ങൾ എഴുതുന്നതെങ്കിൽ നിങ്ങളുടെ രചനകൾ എത്ര പെട്ടെന്നാണ്‌ അതിസാധാരണമായിപ്പോവുക. എമിലി ഡിക്കിൻസൺ തനിക്കു വേണ്ടി എഴുതി, അതിൽ വിജയിക്കുകയും ചെയ്തു. താനെഴുതിയത് മറ്റുള്ളവരെ കാണിച്ചു കിട്ടുന്ന പൊള്ളയായ സന്തോഷം അവർക്കാവശ്യമുണ്ടായിരുന്നില്ല. തന്റെ സമകാലീനർക്കു വേണ്ടിയാണ്‌ അവർ എഴുതിയിരുന്നതെങ്കിൽ അവരുടെ കൃതികൾ ഈ മട്ടാവുമായിരുന്നില്ല. മഹിമയേറിയ എമിലി! കവികളിൽ മഹതി!
(1948)


നിങ്ങളുടെ കീശകൾ കാലിയാക്കുക, അതിലുള്ളത് എല്ലാവരുമായി പങ്കു വയ്ക്കുക- നിരൂപകൻ പറയുന്നു. ഇല്ല, എല്ലാം അതിനുള്ളതല്ല. ഏതു മനുഷ്യജീവിക്കും സ്വന്തമായ രഹസ്യമുണ്ട്, നിഗൂഢതയുണ്ട്, ആ നിഗൂഢത അയാൾക്ക് തന്റെ ശവക്കുഴിയിലേക്കു കൊണ്ടുപോകാനുള്ളതുമാണ്‌. എഴുത്തുകാരനും മനുഷ്യനാണ്‌; അതിനാൽ അയാൾ സകലതും പങ്കു വയ്ക്കാനും പാടില്ല. കലയുടെ അൾത്താരയിൽ നിങ്ങൾക്കു പലതും നിവേദിക്കാം, എന്നാൽ ഒന്നൊഴിയാതെ എല്ലാം എന്നില്ല. നിങ്ങൾ തുറക്കരുതാത്ത ഒരു വാതിലുണ്ട്.
(1951)

ആഭിചാരം

കവിയാകണം എന്നാണു നിങ്ങളുടെ ലക്ഷ്യമെങ്കിൽ നിങ്ങൾ ആഭിചാരം ശീലിക്കണം; എന്നു പറഞ്ഞാൽ, വാക്കുകളെ അവയുടെ യുക്തിപരമായ അർത്ഥം മാത്രം കണക്കാക്കാതെ അവയുടെ ശബ്ദവും നിഗൂഢതയും  കൊണ്ടു കൂടി പ്രയോഗിക്കാൻ നിങ്ങൾ പഠിക്കണം. ദുർമ്മന്ത്രവാദം, എന്നു നിങ്ങൾ പറഞ്ഞേക്കാം; അങ്ങനെയാണെന്നു വരാം, പക്ഷേ അത് വലിയൊരു കലയാണ്‌. നിങ്ങൾ അതിൽ വൈദഗ്ധ്യം നേടണം.
(1951)

കവി തന്റെ വായനക്കാരിലല്ല, ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്; അയാളുടെ കണ്ണുകൾ നമുക്കറിയരുതാത്ത ഒരു ലക്ഷ്യത്തിലായിരിക്കണം. എന്റെ നേർക്കു വരികയാണയാൾ എന്നെനിക്കു തോന്നിയാലും അയാൾ അയാളുടെ വഴിക്കാണു പോകേണ്ടത്. ഇതുകൊണ്ട് ഞാൻ അർത്ഥമാക്കുന്നത് കവി തന്റെ വാക്കുകൾ എന്തു ഫലമാണ്‌ ജനിപ്പിക്കാൻ പോകുന്നത് എന്നതിൽ ശ്രദ്ധിക്കാൻ പാടില്ല എന്നാണ്‌; അയാൾ തന്റെ ദൗത്യത്തിൽ മാത്രം ശ്രദ്ധയൂന്നുക, കളിയിൽ മുഴുകിയ കുട്ടിയെപ്പോലെ.
(1951)


കവിത കളിയുമാണ്‌

സുന്ദരമായതെന്തെങ്കിലും സൃഷ്ടിക്കുക എന്നത്, അതിനി ഒരു ചെറിയ ചെപ്പോ കടഞ്ഞെടുത്ത ഒരു കിളിയോ ആകട്ടെ, സുന്ദരമായ ഒരു കാര്യമാണ്‌. മനോഹരമായ ഒരു കവിത എഴുതുക എന്നതും മനോഹരമായ ഒരു സംഗതിയാണ്‌, അത് വ്യക്തിപരമാകണമെന്നുമില്ല. നിങ്ങൾക്കു പുറത്തു നിന്നുകൊണ്ട് നിങ്ങൾക്കതെഴുതാം, വിഷയം മനുഷ്യൻ ആകണമെന്നേയുള്ളു. നിങ്ങൾക്ക് കണ്ണു കാണില്ലെന്നതോ നിങ്ങൾക്കു മുടന്തുണ്ടെന്നതോ നിങ്ങളുടെ കവിതയുടെ കാര്യത്തിൽ പ്രസക്തമല്ല. വായനക്കാരനെ ആനന്ദിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള  ഒരു കലാസൃഷ്ടിക്കൊരുങ്ങുമ്പോൾ നിങ്ങൾ വ്യക്തിപരതയെ അതിജീവിക്കണം, നിങ്ങളുടെ സ്വകാര്യദുഃഖങ്ങൾ നിങ്ങളിൽത്തന്നെ വയ്ക്കണം.
(1951)

ഒരു ചൈനീസ് കഥ

മരത്തിൽ കൊത്തുപണി ചെയ്യുന്ന ഒരാളെക്കുറിച്ച്  മൂവായിരം കൊല്ലം പഴക്കമുള്ള ഒരു ചൈനീസ് കഥയുണ്ട്:
ഈ കൊത്തുപണിക്കാരൻ മനോഹരമായ ഒരു ദാരുശില്പമുണ്ടാക്കി; അതു കണ്ടവരെല്ലാം വിസ്മയിച്ചുപോയി. അയാളുടെ യജമാനനായ ഹ്സീ രാജാവ് ചോദിച്ചു: “എന്താ തന്റെ രഹസ്യം?” അയാൾ പറഞ്ഞു: “ഞാൻ വെറുമൊരു കൈവേലക്കാരനാണങ്ങുന്നേ; ഒരു രഹസ്യവും എനിക്കില്ല. പിന്നെ, ഇങ്ങനെയൊരു കാര്യം നടന്നു: അങ്ങ് ചെയ്യാൻ ആജ്ഞാപിച്ച ഈ ശില്പത്തെക്കുറിച്ചു മനസ്സിൽ കണക്കുകൂട്ടലുകൾ നടത്തുമ്പോൾ ഞാൻ വളരെ ഗർവ്വിഷ്ഠനായിരുന്നു; ആ അഹന്ത മറികടക്കാൻ ഞാൻ രണ്ടു ദിവസം അദ്ധ്വാനിച്ചു. അങ്ങനെ മനസ്സ് വൃത്തിയായെന്നു കരുതുമ്പോഴാണ്‌ മറ്റൊരു കൊത്തുപണിക്കാരനോട് എനിക്കസൂയയാണെന്നു ഞാൻ കണ്ടെത്തുന്നത്. ആ അസൂയ ഇല്ലാതാക്കാൻ രണ്ടു ദിവസം ഞാൻ ശ്രമപ്പെട്ടു. പ്രശസ്തിക്കു വേണ്ടി ഞാൻ ദാഹിക്കുന്നുണ്ടെന്ന് പിന്നീടു ഞാൻ അറിഞ്ഞു; ആ തരം ചിന്തകൾ ഇല്ലാതാക്കാൻ പിന്നെയും രണ്ടു ദിവസമെടുത്തു. എനിക്കു കിട്ടാൻ പോകുന്ന നേട്ടത്തെയും വിജയത്തെയും കുറിച്ചായി പിന്നെ എന്റെ ചിന്ത; നാലു ദിവസം ശ്രമിച്ചിട്ടാണ്‌ മനസ്സിൽ നിന്ന് അതു പോയിക്കിട്ടിയത്. അങ്ങനെ ഒടുവിൽ പറഞ്ഞിരിക്കുന്ന ജോലിയിൽ നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കുന്ന സകലതും അപ്രത്യക്ഷമായി. പിന്നെ ഞാൻ കാട്ടിൽ പോയി; എനിക്കാവശ്യമുള്ള മരം എന്റെ കണ്മുന്നിൽ വന്നു. ഞാനത് വെട്ടിവീഴ്ത്തി പണി തുടങ്ങുകയും ചെയ്തു. അങ്ങ് കണ്മുന്നിൽ കാണുന്ന ഈ സൃഷ്ടി, ദേവകൾ ചെയ്തതെന്ന് അങ്ങു വിചാരിക്കുന്ന ഈ ശില്പം, അങ്ങനെ ഉണ്ടായതാണ്‌.“
(1951)

പൊന്മുട്ടയിടുന്ന താറാവ്

എന്നും ഓരോ പൊന്മുട്ടയിടുന്ന താറാവിനെക്കുറിച്ച് ഈസോപ്പ് ഭാര്യയോടു പറഞ്ഞു. എന്നാൽ ഭാര്യയുടെ ചിന്ത പോയത് താറാവിനെ കൊന്നാൽ പൊന്മുട്ടയെല്ലാം ഒരുമിച്ചു കിട്ടുമല്ലോ എന്നായിരുന്നു. അതവർ നടപ്പാക്കുകയും ചെയ്തു. പക്ഷേ ഈ താറാവിന്റെ വയറും മറ്റു താറാവുകളുടേതു പോലെ തന്നെയായിരുന്നു. പല കവികളുടെ കാര്യവും ഇതു തന്നെ. ഇടയ്ക്കൊരു കവിതയെഴുതുന്നതുകൊണ്ടു തൃപ്തിപ്പെടാതെ തങ്ങളെ ഒരുമിച്ചു തുറന്നുകാണിക്കാൻ അവർ ശ്രമിക്കുന്നു. എന്നു പറഞ്ഞാൽ, തങ്ങളുടെ ഉള്ളിൽ എന്താണെന്നറിയാൻ അവർ തങ്ങളെത്തന്നെ കശാപ്പു ചെയ്യുന്നു.
(1951)

നല്ല കവിതകൾ

ഒരു നല്ല കവിത കടലാസ്സിൽ പ്രകാശം പരത്തിനില്ക്കും. നിങ്ങൾ പുസ്തകം വായിച്ചടച്ച് അലമാരയിൽ വച്ചിട്ടേറെ നേരം കഴിഞ്ഞും ഏകാന്തമായ അന്ധകാരത്തിൽ അതിന്റെ തിളക്കം കാണാം
.
വാൻ ഗോഗ്

അടുത്ത കാലത്ത് കലയെക്കുറിച്ച് കുറേയധികം ഞാൻ വായിച്ചു; എന്നാൽ വാൻ ഗോഗ് അനുജൻ തിയോക്കെഴുതിയ കത്തുകൾ പോലെ മറ്റൊന്നും എന്നെ പിടിച്ചുലച്ചിട്ടില്ല. ഈ മനുഷ്യന്റെ എളിമയും പ്രചോദനവും തന്നിൽ ആഴത്തിലിറങ്ങിയ വിശ്വാസത്തിൽ നിന്നുണ്ടായതായിരുന്നു; വെറുതേയല്ല, അയാളുടെ വായന ബൈബിൾ ആയത്. കലയിൽ വാൻ ഗോഗിനെക്കാൾ വിവരമുള്ളവർ വേറെയുമുണ്ടായിരുന്നു, എന്നാൽ യഥാർത്ഥമായതിൽ, സാരമായതിൽ മനസ്സർപ്പിക്കുക എന്നതായിരുന്നു അയാളുടെ രഹസ്യം; മരണം വരെയും അതിൽ നിന്നയാൾ വ്യതിചലിച്ചതുമില്ല. അയാളുടെ ആർജ്ജവത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന് ഇതിൽ നിന്നാണു നമുക്കു ബോദ്ധ്യമാവുക.
(1952)

വെർമീർ

ഞാൻ എന്നെങ്കിലും മറ്റൊരു രാജ്യം സന്ദർശിക്കുകയാണെങ്കിൽ അത് ഹോളണ്ട് ആയിരിക്കുമെന്നു തോന്നുന്നു. വെർമീറിനെ കാണാൻ. ഇറ്റലിയിലേയും ഫ്രാൻസിലേയും പ്രഭുവർഗ്ഗത്തിനു വേണ്ടി വരയ്ക്കപ്പെട്ട പൊള്ളയായ ചിത്രകലയിൽ നിന്നു വളരെ വ്യത്യസ്തമാണത്. വെർമീർ ഒരു യഥാർത്ഥ കലാകാരനാണ്‌.
(1952)

വായന അധികമായാൽ

അമിതവായന ആത്മാവിനെ ശ്വാസം മുട്ടിക്കും. അമിതമായ വളപ്രയോഗം വിളകളുടെ വേരുകളെ ശ്വാസം മുട്ടിക്കുമെന്നപോലെ തന്നെ.
(1956)

ഒരു പുതിയ പേജ്

ഒരു പുതിയ പേജ്. തുറന്നതും സ്വതന്ത്രവും, നിങ്ങൾക്കതിൽ ഓടിച്ചാടി നടക്കാം. കുട്ടിയായിരിക്കുമ്പോൾ കാട്ടിനുള്ളിൽ പായലു പിടിച്ച ഒരു വെളിയിടം കണ്ടെത്തുന്ന പോലെയാണത്; പതുപതുത്ത ആ പായൽവിരിപ്പിൽ നിങ്ങൾക്കു തലകുത്തി മറിയാം, കിടന്നുരുളാം.
(1956)

രണ്ടു തരം കവികൾ

ചീത്തക്കവി വല പൊട്ടിച്ചുകളയുന്നതേയുള്ളു; നല്ല കവി വല മുഴുവനാക്കി ഇരയെ കാത്തിരിക്കുന്നു.
(1956)

വിദേശകവിത

ഒരന്യഭാഷയിലെ കവിത വായിക്കുന്നത് എപ്പോഴും ആനന്ദപ്രദമാണ്‌. അന്യവും വൈദേശികവുമായത് എപ്പോഴും നമ്മെ വശീകരിക്കും. ഒരന്യഭാഷ സ്വന്തം ഭാഷ പോലെ ഒരിക്കലും നമുക്കു വ്യക്തമായിരിക്കില്ല, അത്ര ഉപയോഗിച്ചുപഴകിയതുമാവില്ല. സകലതും, ഏറ്റവും സാധാരണമായ കാര്യം പോലും നമുക്കു പുതുമയായി തോന്നും.
(1956)

മൂന്നു തരം കവിതകൾ

മൂന്നു തരം കവിതകളുണ്ട്:
1. ഈ വശത്തെ കവിതകൾ, സാധാരണ കണ്ണുകൾ കൊണ്ടു കാണുന്നത്.
2. അതിരിലെ കവിതകൾ, മറുവശത്തു നിന്നുള്ള വെളിച്ചം അരിച്ചിറങ്ങി മറ്റു ചിലതായി നമുക്കനുഭവപ്പെടുന്നത്.
3. മറുവശത്തെ കവിതകൾ. എഴുതപ്പെട്ടിട്ടുണ്ടെങ്കിൽത്തന്നെ വളരെ അപൂർവ്വമായത്.
(1957)

പട്ടുനൂൽവല

കവി തന്റെ പട്ടുനൂൽവല നെയ്യുന്നു,
സുന്ദരവും മോഹകവുമായ
സ്വപ്നപുഷ്പങ്ങൾ നെയ്യുന്നു,
വായനക്കാരനെ ആകർഷിച്ചു വരുത്തുന്നു-
എന്നിട്ടയാള്‍
തന്റെ വല കാത്തുകൊണ്ട്

ഒളിച്ചിരിക്കുന്നു,
ഇര പിടിക്കാനായി

(1957)

എന്താണ്‌ കവിത?- അതാർക്കുമറിയില്ല. അതാണ്‌ നല്ലത്; അതറിയാത്തിടത്തോളം കാലം ആളുകൾ അതിൽ നിന്നു മാറിപ്പോവുകയുമില്ല- അവർ അതിനെക്കുറിച്ചാലോചിച്ചുകൊണ്ടേയിരിക്കും. കവിത എങ്ങനെയിരിക്കണം?

അതാർക്കുമറിയില്ല. അതാണ്‌ നല്ലത്. അപ്പോഴാണ്‌ നാം എഴുതിക്കൊണ്ടേയിരിക്കുക, അതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടേയിരിക്കുക.

ഒരു കവിത സൃഷ്ടിക്കുക എന്നത് അസാദ്ധ്യമായ കാര്യങ്ങളിൽ പെട്ടതാണ്‌. ദൈവത്തിനസാദ്ധ്യമായത്. ചില കാര്യങ്ങൾ അങ്ങനെയാണ്‌. അതങ്ങനെ ആയിരിക്കുകയും വേണം. അതങ്ങനെ ആയിരിക്കുന്നിടത്തോളം കാലം ആളുകൾ കവിതയെഴുതാൻ ശ്രമിച്ചുകൊണ്ടുമിരിക്കും.

ഒരാൾക്കെന്താണോ കവിത, അതായിരിക്കുകയേയില്ല മറ്റൊരാൾക്ക്.

എന്റെ കവിതകൾ

എന്റെ കവിതകൾ സാധാരണമാണ്‌. നിറം കെട്ടത്, ഭാരം കൂടിയത്. അതായത് വില്യം ബ്ളേക്ക് പറയുന്ന തരം “കാവ്യപ്രതിഭ”യൊന്നും അതിലില്ലെന്ന്. അദ്ദേഹത്തിന്റെ കവിതകൾ ജീവനും വെളിച്ചവും നിറഞ്ഞതായിരുന്നു, അനായാസമായിരുന്നു. ഞാനിപ്പോഴും അസ്തിവാരത്തിനു കല്ലു നിരത്തുന്നതേയുള്ളു, അടിയിൽ നിന്നു മുകളിലേക്കു കെട്ടിവരുന്നതേയുള്ളു. മുകളിൽ വരാൻ പോകുന്ന വീടിനെക്കുറിച്ച് എനിക്കു സ്വപ്നം കാണാനേ കഴിയൂ.
(1957)

ഇളംകാറ്റു വീശുന്ന ഒരു വേനൽപ്പകൽ പോലെ, നിഴലടച്ച ഒരു കാടു പോലെ, സൗമ്യനിശ്വാസമുതിർക്കുന്ന കടൽ പോലെയുള്ള കവിതകളുണ്ട്. അതേ സമയം ശരല്ക്കാലവെളിച്ചത്തിൽ പുല്ക്കൊടി പോലെ വിലോലമായതും  ഒരു പർവ്വതം പോലെ ഇരുണ്ടതും അടഞ്ഞതും നിശ്ശബ്ദവുമായ കവിതകളുമുണ്ട്. എനിക്കു കൂടുതലിഷ്ടം രണ്ടാമതു പറഞ്ഞതാണ്‌.
(1959)

ക്ലാസ്സിക്

ഒരു ക്ലാസ്സിക് കൃതി ദുഷ്‌പ്രാപ്യമല്ല. ഒന്നാന്തരം വീഞ്ഞു പോലെയാണത്, മൂത്തതും തെളിഞ്ഞതും.
(1960)

കുറച്ചു മാത്രം എഴുതുന്നയാളിന്റെ പെൻസിൽ മുന കൂർത്തതായിരിക്കും.
ഒരു നല്ല കവിയുടെ വാക്കുകളും വരികളും താളവും നിശ്ചയിക്കുന്നത് വ്യാകരണത്തിന്റെയോ കാവ്യശാസ്ത്രത്തിന്റെയോ നിയമങ്ങളായിരിക്കില്ല, അയാളുടെ ഹൃദയസ്പന്ദനമായിരിക്കും.
(1960)

റില്ക്കെ

റില്ക്കേയിൽ എല്ലാം പഴയതാണ്‌, പഴയ മണ്ണ്‌, പഴയ സന്ന്യാസാശ്രമങ്ങളും പള്ളികളും, പഴയ മുന്തിരിത്തോപ്പുകളും പനിനീർപ്പൂന്തോപ്പുകളും, പഴയ ഉദ്യാനങ്ങളും കോട്ടകളും; ജര പിടിച്ചതും ജീർണ്ണിച്ചതുമാണെല്ലാം. അദ്ദേഹത്തിന്റെ ജഡിലമായ ചിന്തയുടെ വഴികളിലൂടെ പോകാനുള്ള സമയവും ക്ഷമയും നിങ്ങൾക്കുണ്ടെങ്കിൽ ആയിക്കോളൂ.
(1960)


  ഒരു കവിതയെഴുതാതെ
ദിവസം തുടങ്ങാനോ?
പ്രാർത്ഥിക്കാത്തവനാണെന്നതിനാൽ
അതെങ്കിലും ഞാൻ ചെയ്യണം.

എഴുതാൻ ഒരു വിഷയത്തെക്കുറിച്ചു
ഞാൻ ആലോചിച്ചു;
ഒരു വസന്തകാലപ്രഭാതത്തിൽ
എന്റെ വീടിനു പുറത്തിരിക്കുന്ന
ഒരു മുയലിനെ എനിക്കോർമ്മ വന്നു.

ഞാനിതു പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്:
നിങ്ങൾ വല്ലാതെ വേദനിച്ചിരിക്കുമ്പോഴാണ്‌
ഒട്ടും ശ്രമപ്പെടാതെ ഗാനങ്ങളൊഴുകുക.

അമ്പ് എന്തു കാണുന്നു?
ഉന്നം.

മുഷ്ടി സ്പോഞ്ചു പോലെ
ശോകം നിങ്ങളുടെ ഹൃദയത്തെ പിഴിയുന്നു.
എത്ര ഉന്മേഷം നല്കുന്നതും
അനായാസവുമായിരുന്നു
അതെന്നോർത്തുനോക്കുക!

(1972)

പ്രണയകവിതകളുടെ സമാഹാരം

നോർവീജിയൻ ബുക്ക് ക്ലബ്ബിൽ നിന്ന് ഒരു കത്ത്. തങ്ങൾ പ്രസിദ്ധീകരിക്കാൻ പോകുന്ന ഒരു സമാഹാരം എഡിറ്റ് ചെയ്യാൻ എന്നെ ക്ഷണിച്ചിരിക്കുന്നു. പ്രണയത്തെക്കുറിച്ചുള്ള കവിതകൾ! പ്രണയം! തീർച്ചയായും ഞാൻ അതിനെക്കുറിച്ചു കേട്ടിട്ടുണ്ട്, ചിലതു വായിച്ചിട്ടുണ്ട്, ചിലപ്പോഴൊക്കെ അതിന്റെ ജ്വരം അറിഞ്ഞിട്ടുമുണ്ട്. എന്നാൽ അതിന്റെ ആഴങ്ങളിലുള്ള രഹസ്യങ്ങൾ അനുഭവിച്ചിട്ടുണ്ടെന്ന് എനിക്കവകാശപ്പെടാൻ കഴിയില്ല. അങ്ങനെയൊരു സമാഹാരത്തിന്റെ എഡിറ്റർ അത് അറിഞ്ഞിരിക്കുകയും വേണം. അതിനാൽ ആ ക്ഷണം ഞാൻ നിരസിച്ചു.
(1972)

ചൈനീസ് കവിത

ചൈനീസ് കവിതയുടെ രഹസ്യം: ചൈനക്കാർ കവിത സൃഷ്ടിക്കുന്നത് തങ്ങളുടെ മനസ്സിൽ നിന്നല്ല. ജീവിതത്തിലെ ചെറുതും വലുതുമായ സംഭവങ്ങളെക്കുറിച്ചാണ്‌ അവർ കവിതയെഴുതിയത്. വാങ്ങ്-വെയ്യുടെ കവിതകളുടെ തലക്കെട്ടുകൾ തന്നെ നോക്കൂ!
(1975)

ഒരു കവിത രൂപമെടുക്കുന്നു
ഉണക്കപ്പുല്ലിൽ കത്തിപ്പിടിക്കുന്ന ചെറുനാളം പോലെ ആദ്യമൊക്കെ നിസ്സഹായമായും അണഞ്ഞും കത്തിയും പിന്നെപ്പിന്നെ ബലം കയറിയും ചീറിയും വളർന്നും സകലതും വിഴുങ്ങിയും ഒരു ചണ്ഡവാതമായിപ്പാഞ്ഞും ഒരു ബലമായി, മുന്നിൽ വരുന്നതെന്തിനേയും വിഴുങ്ങുന്നൊരു ശക്തിയായി…
(1976)

താളമെന്ന പുഴ

താളം ഒരു പുഴയാണ്‌.
നിങ്ങൾക്കതിൽ തോണിയിറക്കി ഒഴുക്കിനൊത്തൊഴുകാം, അത് നിങ്ങളെ കൊണ്ടുപൊയ്ക്കോളും.
ഓരോ പുതിയ താളവും വേറിട്ടൊരു പുഴയാണ്‌. അതിനൊത്ത തോണി നിങ്ങൾക്കു വേണം.
വ്യവസ്ഥാപിതവൃത്തങ്ങളിൽ നിങ്ങൾ സുരക്ഷിതനാനെന്നു പറയുന്നത് അതുകൊണ്ടാണ്‌.
താളമുണ്ടായിരിക്കുന്നിടത്തോളം വൃത്തമുക്തമായി കവിതയെഴുതുന്നതിൽ തെറ്റില്ല.
താളമില്ലാതെ കവിതയെഴുതുന്നത് നീരു വറ്റിയ പുഴയിൽ തോണിയിറക്കുന്ന പോലെയാണ്‌.
(1976)

എന്തുകൊണ്ട്?

എന്തുകൊണ്ടാണ്‌ ലീ ബോയ്ക്കു കിട്ടിയ പ്രശസ്തി ബോ-ജൂയിക്കു കിട്ടാതെ പോയത്? എന്തുകൊണ്ടാണ്‌ അദ്ദേഹത്തിന്റെ കവിതകൾ അധികമാരും വിവർത്തനം ചെയ്യാത്തത്? അതിനു കാരണം മദ്യത്തെക്കുറിച്ചും സ്ത്രീകളെക്കുറിച്ചും അതിഭൗതികവിഷയങ്ങളെക്കുറിച്ചും കാര്യമായിട്ടൊന്നും അദ്ദേഹം എഴുതിയിട്ടില്ല എന്നതാണെന്നു ഞാൻ കരുതുന്നു. യൂറോപ്പിൽ നമ്മൾ ദീർഘകാലമായി വിശ്വസിക്കുന്നത് വലിയ കവിയായി പരിഗണിക്കപ്പെടാൻ അങ്ങനെ എഴുതണമെന്നാണല്ലോ. അനീതികളെക്കുറിച്ചും നിത്യജീവിതസന്ദർഭങ്ങളെക്കുറിച്ചും എഴുതുന്നതുകൊണ്ടു കാര്യമില്ല.
(1982)

ഹൈക്കുവോ ടങ്കയോ*?

മൂന്നു വരി വളരെക്കുറഞ്ഞുപോയി.
അഞ്ചെങ്കിലും വേണം.
എങ്കിൽ എല്ലാറ്റിനുമുള്ള ഇടമുണ്ട്:
ജീവിതത്തിന്‌, ദുഃഖത്തിന്‌, മരണത്തിന്‌.
(1983)

*അഞ്ചു വരിയുള്ളതും ഹൈക്കുവിനു മുമ്പുള്ളതുമായ ജാപ്പനീസ് കവിതാരൂപം

നിങ്ങൾ നടക്കണം

ഇരുന്നെഴുതിയാൽ കവിത വരില്ല. അത് പണ്ടേ അറിവുള്ളതാണ്‌. എഴുതുമ്പോൾ ബ്യോൺസൺ അങ്ങോട്ടുമിങ്ങോട്ടും നടക്കുമായിരുന്നു. മലകയറ്റം ആശയങ്ങൾ കിട്ടാൻ നല്ലൊരു വഴിയായി ഒലാവ് വിന്യെ പറയുന്നുണ്ട്. നടന്നുകൊണ്ടാണ്‌ മാൻഡെല്ഷ്ടം മനസ്സിൽ കവിത രൂപപ്പെടുത്തിയിരുന്നതെന്ന് അദ്ദേഹത്തിന്റെ ഭാര്യ സാക്ഷ്യപ്പെടുത്തുന്നു. ഗ്രീക്ക് ദാർശനികൾ നടന്നുകൊണ്ടാണ്‌ ചിന്തിച്ചിരുന്നതെന്ന് നമുക്കറിയാം. “എത്ര ചെരുപ്പുകൾ തേഞ്ഞുപോയിട്ടാണ്‌ ദാന്തേ ഡിവൈൻ കോമഡി എഴുതിയത്?” മാൻഡെല്ഷ്ടം ചോദിക്കുന്നു.