മാർക്കസ് ഓറേലിയസ് Marcus Aurelius (121-180)- 161 മുതൽ 180 വരെ റോമൻ ചക്രവർത്തിയായിരുന്നു. അദ്ദേഹത്തിന്റെ പ്രശസ്തമായ കുറിപ്പുകളാണ് Ta eis heauton (Meditations). സ്റ്റോയിക് ചിന്ത അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഈ നിരീക്ഷണങ്ങൾ തനിക്കുതന്നെ ഒരു തെളിച്ചം കിട്ടുന്നതിനു വേണ്ടിയാണ് അദ്ദേഹം എഴുതിവച്ചത്.
*
“മനസ്സമാധാനം വേണമെങ്കിൽ,” ഡിമോക്രിറ്റസ് ഉപദേശിക്കുന്നു “കഴിയുന്നത്ര കുറച്ചു ചെയ്യുക.” കുറച്ചുകൂടി നല്ലത് ഇതല്ലേ: അത്യാവശ്യമുള്ളതു മാത്രം ചെയ്യുക, അതും ഒരു സാമൂഹ്യജീവിയുടെ യുക്തി എന്തു ചെയ്യണമെന്നും എങ്ങനെ ചെയ്യണമെന്നും നിർദ്ദേശിക്കുമ്പോലെ. കുറച്ചു കാര്യങ്ങൾ നന്നായി ചെയ്യുന്നതിന്റെ സംതൃപ്തിയാണ് അതുകൊണ്ടുണ്ടാവുക. നാം പറയുന്നതും ചെയ്യുന്നതും അധികവും അനാവശ്യമാണ്; ആവശ്യമില്ലാത്തത് വേണ്ടെന്നു വയ്ക്കൂ, അത്രയും സമയം നിങ്ങൾക്കു ലഭിക്കുന്നു, അത്രയും യത്നം നിങ്ങൾക്കു കുറയുന്നു. അതിനാൽ ഏതു കാര്യം വരുമ്പോഴും സ്വയം ചോദ്യം ചെയ്യുക: “ഇത് അനാവശ്യമാണോ?” അനാവശ്യമായ പ്രവൃത്തിയുടെ കാര്യത്തിൽ മാത്രമല്ല, അന്യാവശ്യമായ ചിന്തയുടെ കാര്യത്തിലും ഇതു ബാധകമാണ്.
(IV 24)
പുരികം വളച്ചുകുത്തി രോഗികളെ നിരീക്ഷിച്ചിരുന്ന എത്ര വൈദ്യന്മാരാണ് മരിച്ചുപോയതെന്നോർക്കുക: മറ്റുള്ളവരുടെ മരണം പ്രവചിച്ചിരുന്ന ജ്യോത്സ്യന്മാർ എത്രയായിരുന്നു; മരണത്തെയോ അമരത്വത്തെയോ സംബന്ധിച്ച് അന്തമില്ലാത്ത ചർച്ചകൾ നടത്തിയിരുന്ന എത്ര തത്ത്വചിന്തകന്മാർ; ആയിരക്കണക്കിനാളുകളെ അരിഞ്ഞുതള്ളിയ സൈന്യാധിപന്മാർ; മരണമില്ലാത്ത ദേവന്മാരാണു തങ്ങളെന്നപോലെ അന്യമനുഷ്യർക്കു മേൽ ഭീഷണമായ ഒരൗദ്ധത്യത്തോടെ അധികാരമെടുത്തുപയോഗിച്ച സ്വേച്ഛാധിപതികൾ. അതുപോലെതന്നെ ‘മരണ’ത്തിനു കീഴടങ്ങിയ നഗരങ്ങളുടെ കാര്യം ഓർക്കുക- ഹെലിസ്, പോമ്പൈ, ഹെർക്യുലേനിയം, എണ്ണമറ്റ എത്ര നഗരങ്ങൾ. പിന്നീട്, ഓരോരുത്തരായി നിങ്ങൾക്കു പരിചയമുള്ളവരെ ഓർത്തെടുക്കുക: തന്റെ സ്നേഹിതന്റെ ശവസംസ്കാരത്തിനു പോയി മടങ്ങുന്നവഴി മരണപ്പെട്ട ഒരാൾ, അയാളെ കുഴിച്ചിടുന്ന മൂന്നാമതൊരാൾ- അതും എത്രയും ഹ്രസ്വമായ ഒരു കാലയളവിനുള്ളിൽ. ഇതിൽ നിന്നെല്ലാം നാമെന്തു നിഗമനത്തിലാണെത്തേണ്ടത്? ക്ഷണികവും ക്ഷുദ്രവുമാണ് മനുഷ്യജീവിതം എന്നുതന്നെ. ഇന്നലെ ഒരു തുള്ളി ശുക്ലം, നാളെ ഒരു പിടി ചാരം. അതിനാൽ കാലത്തിന്റെ ഈ സൂക്ഷ്മകണികയിലൂടെ നാം കടന്നുപോകുന്നത് പ്രകൃതിയുടെ താളത്തിനൊത്തായിരിക്കട്ടെ; അതില്പിന്നെ നാം ഈ ലോകം വിട്ടുപോവുകയും ചെയ്യുക, മൂപ്പെത്തിയ ഒരൊലീവിൻകായ വീഴുന്നപോലെ, തന്നെപ്പോറ്റിയ മണ്ണിനൊരാശംസയുമായി, തന്നെപ്പെറ്റ മരത്തിനൊരു നന്ദിയുമായി.
(IV-48)
പകലിന്റെ തുടക്കത്തിൽ കിടക്ക വിട്ടെഴുന്നേല്ക്കാൻ മടിയായിക്കിടക്കെ ഈ ചിന്ത മനസ്സിലേക്കു കൊണ്ടുവരൂ: “ഒരു മനുഷ്യന്റെ ജോലി ചെയ്യാനാണ് ഞാൻ എഴുന്നേല്ക്കുന്നത്. എന്തിനായിട്ടാണോ ഞാൻ ജനിച്ചത്, എന്തുദ്ദേശ്യത്തിനാണോ എന്നെ ഈ ലോകത്തേക്കു കൊണ്ടുവന്നത്, അതു ചെയ്യാനായി ഇറങ്ങിപ്പുറപ്പെടുമ്പോൾ എനിക്കെന്തിനു നീരസം തോന്നണം? അതോ, വിരിപ്പുകൾക്കുള്ളിൽ മൂടിപ്പുതച്ച്, ചൂടും പറ്റിക്കിടക്കാനാണോ എന്നെ സൃഷ്ടിച്ചത്?“ ”പക്ഷേ ഇതല്ലേ കൂടുതൽ സുഖപ്രദം!“ അപ്പോൾ നിങ്ങൾ ജനിച്ചത് സുഖാസ്വാദനത്തിനായിട്ടാണോ, അല്ലാതെ, പ്രവൃത്തിക്കായിട്ടല്ല? ചെടികളെ, കിളികളെ, ഉറുമ്പുകളെ, ചിലന്തികളെ, തേനീച്ചകളെ നിങ്ങൾ കാണുന്നില്ലേ, അവയെല്ലാം തങ്ങൾക്കു പറഞ്ഞിട്ടുള്ള പ്രവൃത്തി ചെയ്യുകയാണ്, ഈ ലോകത്തെ ക്രമത്തിലാക്കാൻ തങ്ങളുടേതായ വഴിയിലൂടെ സഹായിക്കുകയാണ്. അപ്പോഴാണ് ഒരു മനുഷ്യനു പറഞ്ഞ കർമ്മം ചെയ്യാൻ നിങ്ങൾ മടി കാണിക്കുന്നത്, നിങ്ങളുടെ പ്രകൃതിക്കനുസരിച്ചുള്ള പ്രവൃത്തി ചെയ്യാൻ നിങ്ങൾ തിടുക്കപ്പെടാത്തത്. ”അതു ശരിതന്നെ, എന്നാലും കുറച്ചു വിശ്രമവും വേണ്ടേ?“ തീർച്ചയായും വേണം, വേണ്ടെന്നു ഞാൻ പറയുന്നില്ല. പക്ഷേ തീറ്റയ്ക്കും കുടിക്കുമെന്നപോലെ വിശ്രമത്തിനും പ്രകൃതി ഒരു പരിധി വച്ചിട്ടുണ്ട്; ആ പരിധി കടക്കാനാണ്, തനിക്കാവശ്യമുള്ളതിനുമപ്പുറത്തേക്കു പോകാനാണ് നിങ്ങൾ നോക്കുന്നത്. പ്രവൃത്തിയുടെ കാര്യം വരുമ്പോൾ പരിധി വിടാൻ നിങ്ങൾ ഒരുക്കവുമല്ല, അതിൽ തന്റെ കഴിവിലും താഴെ നില്ക്കാനേ നിങ്ങൾ നോക്കുന്നുള്ളു!
നിങ്ങൾക്ക് നിങ്ങളോട് ശരിക്കും സ്നേഹമില്ല എന്നതാണു വസ്തുത; അങ്ങമെയായിരുന്നെങ്കിൽ സ്വന്തം പ്രകൃതിയേയും അതിന്റെ ഉദ്ദേശ്യത്തെയും നിങ്ങൾ മാനിക്കുമായിരുന്നു. സ്വന്തം തൊഴിലിനെ സ്നേഹിക്കുന്ന കൈവേലക്കാർ കുളിക്കാതെയും കഴിക്കാതെയും പോലുമാണ് തങ്ങളുടെ ജോലിയിൽ മുഴുകുന്നത്. എന്നാൽ ഒരു കൊല്ലൻ ലോഹപ്പണിയിലും നർത്തകൻ നൃത്തത്തിലും പിശുക്കൻ പണത്തിലും പൊങ്ങച്ചക്കാരൻ ഒരു നിമിഷത്തെ യശസ്സിലും കാണിക്കുന്ന പരിഗണന നിങ്ങൾ സ്വന്തം പ്രകൃതിയോടു കാണിക്കുന്നില്ല. തങ്ങൾ തിരഞ്ഞെടുത്ത ഉദ്യമങ്ങളിൽ ഉത്സാഹത്തോടെ മനസ്സർപ്പിക്കുമ്പോൾ ആ മനുഷ്യർ ഉറക്കവും ഭക്ഷണവും വേണ്ടെന്നുവയ്ക്കുന്നു. സമൂഹത്തിനുപകാരപ്പെടുന്ന കാര്യം ചെയ്യുന്നത് വില കുറഞ്ഞ പ്രവൃത്തിയായിട്ടാണോ നിങ്ങളുടെ കണ്ണുകൾ കാണുന്നത്, അത്രയും ആത്മാർപ്പണം അതർഹിക്കുന്നില്ലെന്നാണോ?
(V-1)
താഴെക്കിടന്നു ഞാൻ അന്ത്യവിശ്രമം കൊള്ളുന്ന നിമിഷം വരെയും ഈ പ്രകൃതിയുടെ വഴികളിലൂടെ എന്റെ യാത്ര തുടരും; ദിനവും ഞാൻ ശ്വാസമെടുത്തിരുന്ന ആ വായുവിലേക്കെന്റെ അവസാനനിശ്വാസമയച്ച്, എന്റെ അച്ഛനു ബീജവും അമ്മയ്ക്കു ചോരയും പോറ്റമ്മയ്ക്കു പാലും നല്കിയ ഈ മണ്ണിൽ കിടന്ന്- ഇത്രയും കാലമായി ഒരു നാളും മുട്ടില്ലാതെ എനിക്കു കഴിക്കാനും കുടിക്കാനും നല്കിയ ഈ മണ്ണിൽ, എങ്ങനെയൊക്കെ ഞാൻ അപമാനിച്ചിട്ടും ഇന്നുമെന്റെ കാലടികളെ താങ്ങുന്ന ഈ മണ്ണിൽ.
(V-4)
കൈയിടുക്കുകൾ നാറുന്ന, വായനാറ്റമുള്ള ഒരാളെക്കണ്ടാൽ നിങ്ങൾക്കു കോപം വരുന്നുണ്ടോ? ആ കോപം കൊണ്ടു നിങ്ങൾക്കെന്തു പ്രയോജനമുണ്ടാവാൻ? അയാൾക്കുള്ളത് ദുഷിച്ച വായയാണ്, അയാൾക്കുള്ളത് ദുഷിച്ച കൈയിടുക്കുകളാണ്; ദുർഗന്ധങ്ങൾക്കും അവയുടെ ഉറവിടങ്ങൾക്കും തമ്മിൽ അനിവാര്യമായ ഒരു ബന്ധവുമുണ്ട്. “എന്നാൽ ആ ജന്തുവിനു ബുദ്ധി കൊടുത്തിട്ടുള്ളതല്ലേ,” നിങ്ങൾ ചോദിക്കുകയാണ്, “ഒന്നു ചിന്തിച്ചാൽ അയാൾക്കു മനസ്സിലാക്കാവുന്നതല്ലേയുള്ളു, ആളുകളെ അയാളിൽ നിന്നകറ്റുന്നതെന്തെന്ന്?” അതൊക്കെ ശരിതന്നെ; അതേസമയം നിങ്ങളും അതേബുദ്ധി കൊണ്ടനുഗൃഹീതനല്ലേ? ആ ബുദ്ധി കൊണ്ട് നിങ്ങൾക്കയാളുടെ ബുദ്ധിയെ സ്വാധീനിച്ചുകൂടേ? ചൂണ്ടിക്കാണിക്കുക, ഉപദേശിക്കുക. അയാൾ അതു മനസ്സിരുത്തി കേൾക്കുന്നുണ്ടെങ്കിൽ നിങ്ങൾ അയാളെ സുഖപ്പെടുത്തിക്കഴിഞ്ഞു, നിങ്ങൾക്കു പിന്നെ വികാരം കൊള്ളേണ്ട കാര്യവുമില്ല; വികാരം കൊള്ളലൊക്കെ നാടകനടന്മാർക്കും വേശ്യകൾക്കും വിട്ടുകൊടുക്കുക.
(V-28)
ഇന്നേരം വരെയും നിങ്ങളുടെ പെരുമാറ്റം എങ്ങനെയായിരുന്നു, ദേവന്മാരോട്, അച്ഛനമ്മമാരോട്, സഹോദരങ്ങളോട്, ഭാര്യയോട്, കുട്ടികളോട്, മേലാളന്മാരോട്, അദ്ധ്യാപകരോട്, കൂട്ടുകാരോട്, ബന്ധുക്കളോട്, വേലക്കാരോട്? ഇന്നേരം വരെയും അവരുമായുള്ള ബന്ധങ്ങളിൽ കവി പറഞ്ഞ ആ “ഒരാളോടും കടുപ്പിച്ചുപറയാതെ, ഒരാളോടും കടുപ്പം ചെയ്യാതെ!” എന്ന പ്രമാണമാണോ നിങ്ങൾ അനുവർത്തിച്ചിരുന്നത്? എന്തൊക്കെ നിങ്ങൾ അനുഭവിച്ചുവെന്നും എന്തൊക്കെ നിങ്ങൾ സഹിച്ചുവെന്നും ഒന്നോർത്തുനോക്കുക; നിങ്ങളുടെ ജീവിതകഥയ്ക്കു പര്യവസാനമായെന്നും നിങ്ങളുടെ കർമ്മകാണ്ഡം കഴിഞ്ഞുവെന്നും ചിന്തിക്കുക; എന്തൊക്കെ സുന്ദരദൃശ്യങ്ങൾ നിങ്ങൾ കണ്ടുവെന്നും എത്ര സുഖദുഃഖങ്ങൾ നിങ്ങൾ കാര്യമാക്കാതെവിട്ടുവെന്നും എത്ര ബഹുമതികൾ അവജ്ഞയോടെ തള്ളിക്കളഞ്ഞുവെന്നും അനർഹരോടെത്ര പരിഗണന കാണിച്ചുവെന്നും ആലോചിച്ചുനോക്കുക.
(V-31)
അധികം വൈകില്ല, നിങ്ങൾ വെറും ചാരമോ നിറം കെട്ട എല്ലുകളോ ആയി മാറും; ഒരു പേരു മാത്രമാകും, അതുപോലുമായില്ലെന്നും വരാം; ഇനി പേരാണെങ്കിൽത്തന്നെ ഒരൊച്ചയും അതിന്റെ മാറ്റൊലിയും മാത്രം. ജീവിതത്തിൽ നാം വില മതിക്കുന്നതെല്ലാം വെറും പൊള്ളയും ജീർണ്ണവും നിസ്സാരവുമാണ്. അന്യോന്യം കടി കൂടുന്ന നായ്ക്കുട്ടികളെപ്പോലെയാണു മനുഷ്യർ, അല്ലെങ്കിൽ ഒരു നിമിഷം ആർത്തുചിരിക്കുകയും തൊട്ടടുത്ത നിമിഷം പൊട്ടിക്കരയുകയും ചെയ്യുന്ന വഴക്കാളിക്കുട്ടികൾ. വിശ്വാസം, കുലീനത, നീതി, സത്യം എന്നതൊക്കെ ‘വിശാലമായ ലോകത്തു നിന്ന് ഒളിമ്പസിലേക്ക്’ പലായനം ചെയ്തിരിക്കുന്നു.
എങ്കിൽ നിങ്ങളെ പിന്നെയും ഇവിടെ പിടിച്ചുനിർത്തുന്ന സംഗതി എന്താണ്? ഇന്ദ്രിയവിഷയങ്ങൾ സ്ഥിരസ്വഭാവമില്ലാത്തവയും ക്ഷണികവുമാണ്, ഇന്ദ്രിയങ്ങൾ മങ്ങലു പറ്റിയതും വഴി തെറ്റാവുന്നതുമാണ്, ആത്മാവു പോലും രക്തത്തിൽ നിന്നു പൊങ്ങുന്ന വെറുമൊരു ബാഷ്പബിന്ദു മാത്രം. ഇങ്ങനെയായിരിക്കെ ലോകത്തു നിന്നു കിട്ടുന്ന യശസ്സും പാഴല്ലേ? അപ്പോൾപ്പിന്നെ? വരുന്നതെന്തായാലും, ഉന്മൂലനാശമോ അവസ്ഥാഭേദമോ എന്തായാലും, അതിനായി പ്രശാന്തമനസ്കനായി കാത്തിരിക്കുക. ആ നിമിഷമെത്തും വരെ നാം എന്തു ചെയ്യണം? ദേവന്മാരെ പൂജിക്കുകയും സ്തുതിക്കുകയും ചെയ്യുക, മനുഷ്യർക്കു നന്മ ചെയ്യുക, ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുക. പിന്നെ ഇതോർമ്മവയ്ക്കുകയും ചെയ്യുക, നിങ്ങളുടെ എളിയ ഉടലിന്റെയും നേർത്ത പ്രാണന്റെയും പരിധിയ്ക്കുള്ളിലുള്ളതൊന്നും നിങ്ങളുടേതല്ല, നിങ്ങളുടെ വരുതിയിലുമല്ല.
(V-33)
അന്യരുടെ വിഷമങ്ങൾ കണ്ടപാടെ മുന്നാലോചനയില്ലാതെ എടുത്തുചാടരുത്. നിങ്ങളുടെ കഴിവിന്റെ തോതിലും അവർ അർഹിക്കുന്ന തോതിലും അവരെ സഹായിക്കുക, നിങ്ങളെ സംബന്ധിച്ചിടത്തോളം ഒരു ബന്ധവുമില്ലാത്തതാണ് അവരുടെ വീഴ്ചയെങ്കില്പോലും. എന്നാൽ ആ വീഴ്ചയിൽ അവർക്കു ശരിക്കും മുറിവു പറ്റി എന്നപോലെ കാണരുത്; അത് ശരിയായ രീതിയല്ല. അങ്ങനെയുള്ള സന്ദർഭങ്ങളിൽ തന്റെ വളർത്തുമകളോട് അവളുടെ പമ്പരം തനിക്കു തരാൻ അപേക്ഷിച്ച ആ വൃദ്ധനെപ്പോലെയാവുക; അത് വെറുമൊരു പമ്പരമാണെന്നറിഞ്ഞുകൊണ്ടുതന്നെയാണ് അയാൾ അതാവശ്യപ്പെട്ടത്.*
പ്രസംഗവേദിയിൽ കയറിനിന്നു വിളിച്ചുകൂവുമ്പോൾ, എന്റെ സ്നേഹിതാ, അതിനൊന്നും ഒരു വിലയുമില്ലെന്ന് നിങ്ങൾ ഓർക്കാറില്ലേ? “അതൊക്കെ അറിയാം; എന്നാൽ ആളുകൾ ഇതെല്ലാം വലിയ കാര്യമായിട്ടാണു വച്ചിരിക്കുന്നത്.“ അവരുടെ മൂഢത പങ്കു വയ്ക്കാൻ ഇതൊരു ന്യായമാണോ?
(V 36)
ഈ ലോകം ഒന്നുകിൽ പലതരം ചേരലുകളുടേയും പിരിവുകളുടേയും തോന്നിയപാടുള്ള മിശ്രണമാണ്; അല്ലെങ്കിൽ ക്രമവും ചേർച്ചയും ദൈവഹിതവുമാണ്. ആദ്യത്തേതാണെങ്കിൽ, ഉദ്ദേശ്യരഹിതവും അനിയതവുമായ അങ്ങനെയൊരവ്യവസ്ഥയിൽ കാലം കഴിക്കാൻ ഞാനെന്തിനാഗ്രഹിക്കണം? മണ്ണിലേക്കുള്ള അനിവാര്യമായ മടക്കം ഏതു പ്രകാരത്തിലായിരിക്കണമെന്നതിനെക്കുറിച്ചല്ലാതെ മറ്റെന്തിനെക്കുറിച്ചു ഞാൻ ചിന്താകുലനാവണം? ഞാൻ എന്തുതന്നെ ചെയ്താലും ഇന്നല്ലെങ്കിൽ നാളെ എന്റെയുടൽ മൂലഭൂതങ്ങളായി വിഘടിച്ചുപോകുമെന്നതുറപ്പായിരിക്കെ ഞാനെന്തിനെന്റെ തല പുണ്ണാക്കണം? ഇനി അങ്ങനെയല്ല, രണ്ടാമത്തേതാണു ശരിയെങ്കിൽ ഞാനതിനെ ആരാധിക്കുന്നു, മനഃസ്ഥൈര്യത്തോടെ ഞാൻ നില്ക്കുന്നു, നിയന്താവായ ആ ശക്തിയിൽ ഞാൻ വിശ്വാസമർപ്പിക്കുന്നു.
* കുട്ടിയ്ക്ക് അവളുടെ പമ്പരം വലിയൊരു നിധിയാണ്; എന്നാൽ അത് നിസ്സാരമായ ഒരു കളിപ്പാട്ടമാണെന്നറിഞ്ഞുകൊണ്ടാണ് വൃദ്ധൻ അവളുടെ കളിയിൽ കൂടുന്നത്.
(VI-10)
പൊരിച്ച മാംസവും അതുപോലെ രുചികരമായ മറ്റു ഭക്ഷണപാനീയങ്ങളും മുന്നിലിരിക്കുമ്പോൾ നിങ്ങൾ ഇങ്ങനെ ചിന്തിക്കുകയാണെന്നിരിക്കട്ടെ: ഒരു മീനിന്റെ ചത്ത ശരീരമാണിത്, ഒരു പക്ഷിയുടേയോ പന്നിയുടേയോ ചത്ത ശരീരമാണിത്; ഈ ഫലേർണിയൻ വൈൻ മുന്തിരിപ്പഴങ്ങളുടെ വെറും ചാറാണ്; ഞാനിട്ടിരിക്കുന്ന ചുവന്ന കരയുള്ള ഈ വസ്ത്രം കക്കയുടെ ചോരയിൽ മുക്കിയെടുത്ത ആട്ടിൻരോമമാണ്! ലൈംഗികവേഴ്ചയാവട്ടെ, രണ്ടവയവങ്ങൾ പരസ്പരം ഉരുമ്മുന്നതും ഒരു ദ്രാവകത്തിന്റെ സ്ഖലനവും. ഈവിധമുള്ള ചിന്തകൾ നിങ്ങളെ സംഗതികളുടെ അടിത്തട്ടിലേക്കു നയിക്കുന്നു, അവയുടെ യഥാർത്ഥപ്രകൃതിയെന്താണെന്ന് തുറന്നുകാട്ടുകയും ചെയ്യുന്നു. ഈ പ്രക്രിയ നിങ്ങൾ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും പ്രയുക്തമാക്കുകയും വേണം. യാതൊന്നും സംശയിക്കാനില്ലെന്ന മട്ടിൽ നിങ്ങളുടെ മുന്നിൽ വരുന്ന കാര്യത്തെ അതിനെ പൊതിഞ്ഞിരിക്കുന്ന ആവരണങ്ങളഴിച്ചു നഗ്നമാക്കുക, അതിന്റെ ക്ഷുദ്രത നേരിട്ടുകാണുക, അതിനെ അഭിജാതമാക്കുന്ന വാചാടോപത്തിന്റെ മേലങ്കി പറിച്ചുകളയുക. യുക്തിയെ വശീകരിക്കാൻ ഏറ്റവും പാടവമുള്ളത് മിത്ഥ്യാഭിമാനത്തിനാണ്; താൻ ചെയ്യുന്ന പ്രവൃത്തി സ്തുത്യർഹമാണെന്നു നിങ്ങൾക്കു തോന്നലുണ്ടാവുമ്പോൾ നിങ്ങൾ ആ പ്രലോഭനത്തിനു കീഴടങ്ങിക്കഴിഞ്ഞു.
(VI-13)
ഉണ്ടായിവരുന്നതിന്റെ തിടുക്കത്തിലാണ് ചിലത്, ഇല്ലാതാവുന്ന തിടുക്കത്തിൽ മറ്റുചിലതും; ഒരു വസ്തു അസ്തിത്വത്തിലേക്കെത്തുന്ന പ്രക്രിയയുടെ മദ്ധ്യത്തായിരിക്കുമ്പോൾത്തന്നെ അതിന്റെ ഒരംശം ഇല്ലാതായിക്കഴിയുന്നു. പ്രവാഹവും പരിവർത്തനവും പ്രപഞ്ചത്തെ നിരന്തരം പുതുക്കിപ്പണിയുന്നു, കാലത്തിന്റെ തടുക്കരുതാത്ത മുന്നോട്ടുപാച്ചിൽ നിത്യതയെ എന്നും നിത്യയൗവ്വനത്തോടെ വയ്ക്കുമ്പോലെ. അങ്ങനെ പാഞ്ഞുപോകുന്നൊരു പുഴയിൽ കാലുറയ്ക്കാതെ നില്ക്കെ തനിയ്ക്കു ചുറ്റും ഒഴുകിപ്പോകുന്ന പലതിൽ ഏതൊന്നിനെയാണ് മനുഷ്യൻ പിടിച്ചുവയ്ക്കുക? പറന്നുപോകുന്ന ഒരു കുഞ്ഞിക്കുരുവിയോടു മമത തോന്നുന്നതുപോലെയാണത്- കണ്ണടച്ചുതുറക്കുമ്പോഴേക്കും അതു പൊയ്ക്കഴിഞ്ഞു. വായുവിൽ നിന്നൊരു ശ്വാസമെടുക്കൽ എന്നേ മനുഷ്യജീവിതത്തെക്കുറിച്ചു പറയാനുള്ളു. ഓരോ നിമിഷവും നാം ചെയ്യുന്നതുപോലെ ഒരു ശ്വാസമെടുത്ത് അതു നിശ്വസിക്കുന്നതും, ഇന്നലെ നിങ്ങൾ ജനിച്ച നിമിഷം കിട്ടിയ ശ്വസിക്കാനുള്ള ശക്തി ഇനിയൊരുനാൾ അതെവിടെനിന്നു കിട്ടിയോ അവിടെയ്ക്കു മടക്കിക്കൊടുക്കുന്നതും തമ്മിൽ വലിയ വ്യത്യാസവുമില്ല.
(VI 15)
നാമെല്ലാവരും ഒരേ ലക്ഷ്യം കൈവരിക്കാൻ പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്; നമ്മളിൽ ചിലർ ആ ലക്ഷ്യത്തെക്കുറിച്ചുള്ള ബോധത്തോടെ, കുറച്ചുപേർ അങ്ങനെയല്ലാതെയും- ഹെറാക്ലിറ്റസല്ലേ പറഞ്ഞത്, ഉറങ്ങിക്കിടക്കുന്നവർ പോലും ഈ ലോകത്തിന്റെ നിർമ്മാണപ്രക്രിയയിൽ പങ്കാളികളാണെന്ന്? ഒരാൾ ഒരു രീതിയിൽ അതിൽ ഭാഗഭാക്കാകുന്നു, വേറൊരാൾ വേറൊരു രീതിയിലും; എന്തിനേയും എതിർക്കാനും വിമർശിക്കാനും ഒരുമ്പെട്ടിറങ്ങിയ ഒരു ദോഷൈകദൃക്കുണ്ടല്ലോ; അയാളെക്കൊണ്ടുപോലും ലോകത്തിനുപയോഗമുണ്ട്. അപ്പോൾ താൻ ഏതു വിഭാഗത്തിൽ ചേരണമെന്നു തീരുമാനിക്കാനുള്ള ഉത്തരവാദിത്വം നിങ്ങളുടേതാണ്. എന്തായാലും സർവ്വനിയന്താവായ അവൻ നിങ്ങളെയും പ്രയോജനപ്പെടുത്തുമെന്നും തന്റെ വിപുലമായ തൊഴില്പടയിൽ നിങ്ങൾക്കും ഒരു സ്ഥാനം അനുവദിക്കുമെന്നതും തീച്ചയാണ്. ഒരു കാര്യമേ നിങ്ങൾ ശ്രദ്ധിക്കേണ്ടതുള്ളു: നിങ്ങൾക്കു കിട്ടുന്നത് ക്രൈസിപ്പസ് പറഞ്ഞ, അരങ്ങിലെ വിദൂഷകന്റെ ദയനീയവേഷമായിരിക്കരുത്.
(VI 42)
ചുണക്കുറവു തോന്നുന്ന സന്ദർഭങ്ങളിൽ തനിക്കു ചുറ്റുമുള്ള കൂട്ടുകാരുടെ നല്ല ഗുണങ്ങൾ മനസ്സിൽ കാണുക- ഈയാളുടെ ഉത്സാഹം, അയാളുടെ മാന്യത, മറ്റേയാളുടെ മഹാമനസ്കത അങ്ങനെയങ്ങനെ. വിഷണ്ണതയ്ക്കുള്ള കൈകണ്ട മരുന്നാണ്, നമുക്കു ചുറ്റുമുള്ളവരുടെ സ്വഭാവങ്ങളിൽ സദ്ഗുണങ്ങൾ തെളിഞ്ഞുനില്ക്കുന്നതു കാണുക- അതെത്രയധികം പേരിലുണ്ടോ, അത്രയും നല്ലതുമാണ്. അതിനാൽ അങ്ങനെയുള്ളവർ എപ്പോഴും ചുറ്റിലുമുണ്ടാവാൻ ശ്രദ്ധിക്കുക.
(VI 48)
തനിക്കിത്ര കിലോയേ ഭാരമുള്ളൂ, നൂറ്റമ്പതു കിലോയൊന്നുമില്ല എന്നു നിങ്ങൾ പരാതി പറയാൻ പോകുമോ, ഇല്ലല്ലോ? എങ്കിൽ തന്റെ ആയുസ്സ് ഇത്ര കൊല്ലമേയുള്ളു, അതിലധികമില്ല എന്നതിൽ നിങ്ങൾക്കെന്തിനു വിരോധം തോന്നണം? തനിക്കളന്നുകിട്ടിയിരിക്കുന്ന ഭൗതികപദാർത്ഥത്തിന്റെ കാര്യത്തിൽ തൃപ്തനാണു നിങ്ങളെന്നതുപോലെ തനിക്കളന്നുകിട്ടിയിരിക്കുന്ന കാലത്തിന്റെ കാര്യത്തിലും നിങ്ങൾ തൃപ്തനാവുക.
(VI 49)
പ്രേരണയിലൂടെ മനുഷ്യരെ മാറ്റാൻ നോക്കുക; എന്നാൽ ന്യായം നിങ്ങളുടെ ഭാഗത്തായിട്ടും അവർ ഇളകുന്നില്ലെന്നാണെങ്കിൽ അവരുടെ പ്രതിരോധത്തിനെതിരെ നിങ്ങൾക്കു പ്രവർത്തിക്കാം. ഇനി ചിലർ കായികമായിത്തന്നെ നിങ്ങളെ ചെറുക്കാൻ വന്നാൽ അടവു മാറ്റുക; മനസ്സു മടുക്കാതെ അതംഗീകരിക്കുക, ആ തടസ്സത്തെ മറ്റൊരു നന്മയ്ക്കുള്ള അവസരമായി കാണുക. താൻ വിജയിക്കും എന്നുറപ്പിച്ചുകൊണ്ടല്ല നിങ്ങൾ ഇറങ്ങിപ്പുറപ്പെട്ടതെന്നോർക്കുക; അസാദ്ധ്യമായതിലായിരുന്നില്ല നിങ്ങളുടെ കണ്ണ്. പിന്നെ? ആ ശ്രമം നടത്തിനോക്കുക എന്നതിൽ മാത്രം. അതിൽ നിങ്ങൾ വിജയിച്ചല്ലോ; അപ്പോൾ തന്റെ ജീവിതലക്ഷ്യം നിങ്ങൾ കൈവരിച്ചുകഴിഞ്ഞു.
(VI-50)
എന്താണ് ദുഷ്ടത? അതു നിങ്ങൾ എത്രയോ തവണ കണ്ടുകഴിഞ്ഞ ഒരു കാര്യമാണ്. അതുപോലെ മറ്റെന്തു സംഭവിച്ചാലും ഇങ്ങനെയൊരു ചിന്ത നിങ്ങളുടെ മനസ്സിലുണ്ടാവട്ടെ: “ഇതു ഞാൻ പണ്ടേ കണ്ടുകഴിഞ്ഞു.” എങ്ങോട്ടു നോക്കിയാലും ഒരേ കാര്യങ്ങളാണു നിങ്ങൾ കാണുക: പ്രാചീനവും ആധുനികവും സമകാലികവുമായ ചരിത്രത്തിന്റെ താളുകൾ നിറയെ അവയാണ്; ഇന്നത്തെ നമ്മുടെ നഗരങ്ങളും വീടുകളും നിറയെ അവയാണ്. പുതിയതായിട്ടൊന്നുമില്ല. എല്ലാം പരിചിതമാണ്, അല്പായുസ്സുമാണ്.
(VII 1)
എങ്ങനെയാണു നിങ്ങളുടെ ജീവിതപ്രമാണങ്ങൾക്കു ജീവൻ നഷ്ടപ്പെടുക, അവയ്ക്കു കാരണമായ ചിന്തകൾ കെട്ടുപോയാലല്ലാതെ? ആ ചിന്തകൾ അണയാതെ ആളിക്കത്തിക്കുക എന്നത് നിങ്ങൾക്കു കഴിയാത്ത കാര്യവുമല്ല. “എന്തിനെക്കുറിച്ചും ഒരഭിപ്രായം രൂപീകരിക്കാനുള്ള കഴിവ് എനിക്കുണ്ട്. അങ്ങനെയിരിക്കെ എന്തിനു ഞാൻ മനസ്സു ക്ലേശിപ്പിക്കണം? എന്റെ മനസ്സിനു പുറത്തുള്ള കാര്യങ്ങളെക്കുറിച്ചാണെങ്കിൽ, അവ എന്റെ മനസ്സിനെ ബാധിക്കുന്ന കാര്യങ്ങളേയല്ല.” ഇതു മനസ്സിലായിക്കഴിഞ്ഞാൽ നിങ്ങൾ നിവർന്നു നിന്നുകഴിഞ്ഞു. പുതിയൊരു ജീവിതം നിങ്ങളുടെ കൈപ്പിടിയിൽ വന്നുകഴിഞ്ഞു. മുമ്പ് നിങ്ങൾ കാര്യങ്ങളെ എങ്ങനെയാണോ കണ്ടിരുന്നത്, അതുപോലെ പിന്നെയും കണ്ടുതുടങ്ങുക. അതാണ് നിങ്ങളുടെ ജീവിതത്തിന്റെ പുനരാരംഭം.
(VII 2)
ഒരു ഘോഷയാത്രയുടെ പുറംമോടി; അരങ്ങിലെ നാടകങ്ങൾ; ആട്ടിൻപറ്റങ്ങൾ, കാലിക്കൂട്ടങ്ങൾ; കുന്തക്കാരുടെ തിക്കിത്തിരക്ക്; നായ്ക്കുട്ടികൾക്കിടയിലേക്കെറിഞ്ഞുകൊടുത്ത ഒരെല്ലിൻകഷണം; മീൻകുളത്തിലിട്ട ഒരപ്പക്കഷണം; ഭാരം പേറി ഉഴയ്ക്കുന്ന ഉറുമ്പുകൾ; വിരണ്ടോടുന്ന എലികൾ; ചരടിനറ്റത്തെ പാവകൾ- അതാണ് ജീവിതം. ഇതിനൊക്കെയിടയിൽ സ്വന്തമായ നിലപാടെടുത്തു നിങ്ങൾ നില്ക്കണം, സമനില തെറ്റാതെ, അസഹിഷ്ണുവാകാതെ. ഒരു മനുഷ്യനെ വിലമതിക്കുന്നത് അയാൾ എന്തിനെ വിലമതിക്കുന്നു എന്നതു വച്ചായിരിക്കും എന്നു മറക്കുകയും വേണ്ട.
(VII 3)
ആരെ മുന്നിൽ കാണുമ്പോഴും നിങ്ങൾ ഈ ചോദ്യം നിങ്ങളോടുതന്നെ ചോദിക്കുക: “ജീവിതത്തിലെ നന്മതിന്മകളെക്കുറിച്ച്, സുഖദുഃഖങ്ങളെയും അവയുടെ കാരണങ്ങളെയും കുറിച്ച്, പ്രസിദ്ധിയേയും അപഖ്യാതിയേയും കുറിച്ച്, ജീവിതത്തെയും മരണത്തെയും കുറിച്ച് ഈ മനുഷ്യന്റെ വിശ്വാസപ്രമാണങ്ങൾ എന്താണ്?” അപ്പോൾ അയാളുടെ പ്രവൃത്തികളിൽ എനിക്ക് അത്ഭുതമോ അമ്പരപ്പോ തോന്നേണ്ടിവരില്ല, അങ്ങനെയല്ലാതെ പ്രവർത്തിക്കാൻ അയാൾക്കു കഴിയില്ല എന്നെനിക്കോർക്കുകയും ചെയ്യാം.
(VIII-14)
പാന്തിയാസോ പെർഗാമസോ ഇപ്പോഴും വേറുസ്സിന്റെ കുഴിമാടത്തിനരികിൽ ഇരിക്കുകയാണോ? ചബ്രിയാസോ ഡയോട്ടിമസ്സോ ഹാഡ്രിയാന്റെയും? അസംബന്ധം! ഇനി അങ്ങനെയാണെങ്കിൽത്തന്നെ മരിച്ചുകിടക്കുന്നവർ അതറിയുന്നുണ്ടോ? അറിയുന്നുണ്ടെങ്കിൽ അവർക്കതിഷ്ടപ്പെടുന്നുണ്ടോ? അവർക്കതിഷ്ടപ്പെടുന്നുണ്ടെങ്കിൽ ഈ വിലപിച്ചിരിക്കുന്നവർ എന്നെന്നേക്കുമായി ജീവിച്ചിരിക്കുമോ? ആദ്യം പ്രായമാവുക - വൃദ്ധനും വൃദ്ധയുമാവുക-, പിന്നെ മരിക്കുക എന്ന വിധി അവർക്കും പറഞ്ഞിട്ടുള്ളതല്ലേ? അവരും മരിച്ചുപോയാൽ അവർ ആരെച്ചൊല്ലി വിലപിച്ചുവോ, ആ മരിച്ചവർ പിന്നെന്തു ചെയ്യും? ഒരെല്ലിൻകൂട്ടിലെ അഴുകലും നാറ്റവും മാത്രമാണിതെല്ലാം.
(VIII 37)
നിങ്ങളുടെ മനസ്സിൽ ആദ്യം പതിയുന്നതെന്താണോ, അതിനപ്പുറത്തേക്കു പോകരുത്. ഇന്നയാൾ നിങ്ങളെക്കുറിച്ചു മോശമായി സംസാരിക്കുന്നു എന്നു നിങ്ങൾക്കു വിവരം കിട്ടുന്നു. അത്രയേയുള്ളു; അയാൾ നിങ്ങളെ അപായപ്പെടുത്താൻ ശ്രമിക്കുന്നു എന്ന് അതിനർത്ഥമില്ല. എന്റെ കുഞ്ഞിനു സുഖമില്ല എന്നു ഞാൻ കാണുന്നുണ്ട്. അതാണു ഞാൻ കാണുന്നത്; അവന്റെ ജീവൻ അപകടത്തിലാണ് എന്നല്ല. അതിനാൽ എപ്പോഴും മനസ്സിൽ ആദ്യം പതിയുന്നതു മാത്രം ശ്രദ്ധിക്കുക; നിങ്ങളുടെ വക നിഗമനങ്ങൾ അതിനോടു കൂട്ടിച്ചേർക്കാതിരിക്കുക. എന്തെങ്കിലും കൂട്ടിച്ചേർക്കണമെന്നാണെങ്കിൽ, അതിതാവട്ടെ: ഈ ലോകത്തു സംഭവിക്കുന്നതെന്തിനേയും ഭരിക്കുന്ന ആ മഹത്തായ ക്രമത്തെക്കുറിച്ചുള്ള തിരിച്ചറിവ്.
(VIII 49)
വെള്ളരിയ്ക്ക കയ്ക്കുന്നുവെന്നോ? ദൂരെക്കളയുക. നടക്കുന്ന വഴിയുടെ നടുക്ക് മുൾച്ചെടി കണ്ടുവെന്നോ? അതിനെ ചുറ്റിവളഞ്ഞുപോവുക. അത്രയേ ചെയ്യേണ്ടു; അല്ലാതെ, ‘ഈ സാധനങ്ങളൊക്കെ ലോകത്തെന്തിനു വന്നു?’ എന്നു ചോദിക്കാൻ നില്ക്കരുത്. അങ്ങനെയൊരു ചോദ്യം കേട്ടാൽ പ്രകൃതിയെക്കുറിച്ചറിയാവുന്ന ഒരാൾ ചിരിക്കുകയേയുള്ളു, ഒരു മരപ്പണിക്കാരന്റെയോ തുകല്പണിക്കാരന്റെയോ കടയിൽ മരത്തിന്റെ ചീവലുകളും തോലിന്റെ തുണ്ടങ്ങളും കണ്ടിട്ട് നിങ്ങൾ വഴക്കിടാൻ ചെന്നാൽ അവർക്കു ചിരി വരും എന്നപോലെതന്നെ. അവർക്കു തങ്ങളുടെ ചവറുകൾ കൊണ്ടിടാൻ ഒരിടമെങ്കിലുമുണ്ട്. എന്നാൽ പ്രകൃതിക്ക് തനിക്കു പുറത്ത് അങ്ങനെയൊരിടം പോലുമില്ല. അതിലാണതിന്റെ കർമ്മകുശലത കിടക്കുന്നത്: അത് സ്വയം പരിധികൾ നിശ്ചയിക്കുകയും അതിനുള്ളിൽ നിന്നുകൊണ്ട് തന്നിൽ ജീർണ്ണിക്കുകയും വൃദ്ധമാവുകയും നിരുപയോഗമാവുകയും ചെയ്യുന്നതെന്തിനേയും പരിവർത്തിപ്പിക്കുകയും പിന്നെ അതിൽ നിന്നുതന്നെ പുതിയതൊന്നിനെ സൃഷ്ടിക്കുകയും ചെയ്യുന്നു. അങ്ങനെ തനിക്കു പുറത്തുനിന്ന് അതിനൊരു വസ്തുവിന്റെയും ആവശ്യം വരുന്നില്ല, തന്റെ ചവറുകൾ കൊണ്ടുതള്ളാൻ പുറത്തൊരിടം വേണമെന്നുമില്ല. സ്വയംപര്യാപ്തമാണത്, തന്റെ ഇടവും തന്റെ വസ്തുക്കളും തന്റെ വൈദഗ്ധ്യവും കൊണ്ട്.
(VIII-50)
പ്രപഞ്ചത്തിന്റെ പ്രകൃതിയെക്കുറിച്ചു വിവരമില്ലാത്ത ഒരാൾക്ക് താൻ എവിടെയാണെന്നറിയാൻ കഴിയില്ല; അതിന്റെ ഉദ്ദേശ്യത്തെക്കുറിച്ചറിയാത്ത ഒരാൾക്ക് താനാരാണെന്നോ പ്രപഞ്ചമെന്താണെന്നോ അറിയാൻ കഴിയില്ല. ഇതിലേതെങ്കിലുമൊന്ന് അയാൾക്കു മറഞ്ഞുകിടക്കുകയാണെങ്കിൽ താനെന്തിനു ജീവിക്കുന്നുവെന്നുതന്നെ പറയാൻ അയാൾക്കു കഴിയുകയുമില്ല. അങ്ങനെയെങ്കിൽ തങ്ങൾ എവിടെയാണെന്നോ തങ്ങൾ ആരാണെന്നോ അറിയാത്ത ഒരാൾക്കൂട്ടത്തിന്റെ കൈയ്യടിക്കു കൊതിക്കുകയോ അതിനെ വെറുക്കുകയോ ചെയ്യുന്ന ഒരാളെക്കുറിച്ച് നിങ്ങൾ എന്തു കരുതുന്നു?
(VIII 52)
മണിക്കൂറിൽ മൂന്നു തവണ സ്വന്തം തലയിലടിച്ചു സ്വയം ശപിക്കുന്ന ഒരാൾ നിങ്ങളെക്കുറിച്ചു നല്ലതു പറയുന്നതു കേൾക്കാൻ നിങ്ങൾക്കാഗ്രഹമുണ്ടോ? സ്വയം സന്തോഷിപ്പിക്കാത്ത ഒരാളെ സന്തോഷിപ്പിക്കാൻ നിങ്ങൾക്കാഗ്രഹമുണ്ടോ? താനെന്തു ചെയ്താലും അതെല്ലാം പിഴച്ചുപോകുന്നു എന്നു ഖേദിക്കുന്ന ഒരാൾക്കെങ്ങനെയാണ് സ്വയം സന്തോഷിപ്പിക്കാനാവുക?
(VIII 53)
തന്നെ ചൂഴ്ന്നുനില്ക്കുന്ന വായുവിൽ നിന്നാണ് നിങ്ങൾ ശ്വാസമെടുക്കുന്നത് എന്നപോലെതന്നെ നിങ്ങളെ ചൂഴ്ന്നുനില്ക്കുന്ന പ്രപഞ്ചമനസ്സിൽ നിന്നാവട്ടെ നിങ്ങൾ ചിന്തകളെടുക്കുന്നതും. വായു പോലെതന്നെ സർവ്വവ്യാപിയാണ് മനശ്ശക്തിയും: ശ്വാസമെടുക്കാൻ കഴിവുള്ളവന് വായു എന്നപോലെ ചിന്തിക്കാൻ കഴിവുള്ളവനു വലിച്ചെടുക്കാനായി അതെവിടെയുമുണ്ട്.
(VIII 54)
മനുഷ്യരാശിക്കു പൊതുവായുള്ള ദുഷ്ടത ലോകത്തിനു ഹാനികരമാകുന്നില്ല. ഒരു വ്യക്തിയുടെ ദുഷ്ടത അതിനിരയായ ആൾക്കു ഹാനികരമാവുകയില്ല; ആ ദ്രോഹം ചെയ്തയാൾക്കാണ് അതു ഹാനികരമാകുന്നത്. തനിക്കു വേണമെങ്കിൽ അപ്പോൾത്തന്നെ അതിൽ നിന്നു മുക്തനാവാനുള്ള സ്വാതന്ത്ര്യവും അയാൾക്കുണ്ട്.
(VIII 55)
എന്റെ അയല്ക്കാരൻ എന്തു ചിന്തിക്കുന്നു, എന്തു തീരുമാനിക്കുന്നു എന്നത് എന്റെ വിഷയമല്ല, അയാളുടെ ശ്വാസവും അയാളുടെ ഉടലും എന്റെ വിഷയമല്ലാത്തപോലെതന്നെ. സമ്മതിച്ചു, അന്യോന്യം ഉപകാരപ്പെടാൻ വേണ്ടിയാണ് നാം ജനിച്ചത്; എന്നാല്ക്കൂടി ഓരോ വ്യക്തിയുടെ ആത്മാവിനും അതിനു പരമാധികാരമുള്ള അവകാശങ്ങളുമുണ്ട്. അതല്ലെങ്കിൽ എന്റെ അയല്ക്കാരന്റെ ദുഷ്ടത എനിക്കു ദ്രോഹമാകും. എന്റെ സന്തോഷം നശിപ്പിക്കാൻ മറ്റൊരാൾക്കു കഴിയുമെന്ന് ദൈവം നിശ്ചയിച്ചിട്ടില്ല.
(VIII 56)
ബോധവും വിവേകവുമുള്ള ഒരു മനുഷ്യൻ ഈ ലോകത്തിന്റെ കാപട്യവും ഇരട്ടത്താപ്പും പൊങ്ങച്ചവും ധാരാളിത്തവുമൊന്നും രുചിച്ചുനോക്കാൻകൂടി നില്ക്കാതെ ഇവിടം വിട്ടുപോയേനേ. അതിനു കഴിയാതെപോയ സ്ഥിതിയ്ക്ക് ഇനി ചെയ്യാവുന്ന നല്ല നടപടി അന്ത്യശ്വാസം വലിക്കുന്നതിനു മുമ്പ് ആ വക സംഗതികളോട് ഒരു വിരക്തി തോന്നുക എന്നതാണ്. അതോ ഈ ദുഷ്ടതകളൊക്കെ ആസ്വദിച്ച് ഇവിടെത്തന്നെ കഴിയാനാണോ നിങ്ങളുടെ തീരുമാനം? ഈ മഹാമാരിയിൽ നിന്നോടിപ്പോകാൻ അനുഭവം ഇനിയും നിങ്ങളെ പഠിപ്പിച്ചില്ലേ? എന്തെന്നാൽ മനസ്സിന്റെ ദൂഷണം നമ്മുടെ ചുറ്റുപാടിനെ ബാധിക്കുന്ന ദൂഷണത്തെക്കാൾ കൊടിയ മഹാമാരിയാണ്. ഒന്ന് ജീവികളായ നമ്മുടെ ജീവിതത്തെയാണു ബാധിക്കുന്നതെങ്കിൽ മറ്റേത് മനുഷ്യജീവികളായ നമ്മുടെ മനുഷ്യത്വത്തെയാണ് ബാധിക്കുന്നത്.
(IX-2)
മരണത്തെ വെറുക്കരുത്; അതിന്റെ വരവിൽ സന്തോഷിക്കുക; എന്തെന്നാൽ പ്രകൃതിയുടെ ഇച്ഛകളിൽ പെടുന്നതാണതും. കൗമാരവും വാർദ്ധക്യവും പോലെ, വളർച്ചയും മുതിർച്ചയും പോലെ, പല്ലിന്റെയും താടിമീശയുടേയും നരച്ച മുടിയുടേയും തുടക്കം പോലെ, ഗർഭധാരണവും പ്രസവവും പോലെ ജീവിതത്തിന്റെ ഋതുക്കൾക്കൊപ്പമെത്തുന്ന മറ്റേതു പ്രാകൃതികപ്രക്രിയകൾ പോലെയേയുള്ളു, നമ്മുടെ നിശ്ശേഷവിഘടനവും. അതുകൊണ്ടുതന്നെ ചിന്താശീലനായ ഒരു മനുഷ്യൻ ഒരിക്കലും മരണത്തെ നിസ്സാരമായോ അക്ഷമയോടെയോ അവജ്ഞയോടെയോ കാണരുത്; പ്രകൃതിയുടെ മറ്റൊരു പ്രക്രിയ പോലെ അയാൾ അതിനെ കാത്തിരിക്കും. നിങ്ങളുടെ ഭാര്യയുടെ ഉദരത്തിൽ നിന്ന് കുഞ്ഞ് പുറത്തുവരുന്നതു കാത്തിരിക്കുന്നപോലെ നിങ്ങളുടെ കുഞ്ഞാത്മാവ് അതിന്റെ ഉറയിൽ നിന്നു പുറത്തുകടക്കുന്ന മുഹൂർത്തത്തിനായി കാത്തിരിക്കുക.
ഇനി ഇതിനേക്കാൾ ലളിതമായ ഒരു സാന്ത്വനമാണ് നിങ്ങളുടെ ഹൃദയത്തിനു വേണ്ടതെങ്കിൽ അതിതാണ്: ഏതുതരം സാഹചര്യങ്ങളാണ് നിങ്ങൾ വിട്ടുപോകുന്നതെന്നും ഏതൊക്കെ വ്യക്തികളുമായിട്ടാണ് നിങ്ങൾക്കിനി ഇടപെടേണ്ടതില്ലാത്തതെന്നും ഒന്നു ചിന്തിച്ചുനോക്കുക. എന്നുവച്ച് നിങ്ങൾ അതിനെയോ അവരെയോ നിന്ദ്യമായി കാണണമെന്നുമല്ല; നിങ്ങൾ അവരോട് മാന്യമായിത്തന്നെ പെരുമാറുക; എന്നാൽ, നിങ്ങളുടെ ജീവിതപ്രമാണങ്ങളുമായി പുലബന്ധം പോലുമില്ലാത്തവരിൽ നിന്നാണ് നിങ്ങൾ വേർപിരിയുന്നതെന്നു മറക്കാതെയുമിരിക്കുക. ഇനി, ജീവിതത്തോടു നിങ്ങളെ തളച്ചിടാൻ എന്തെങ്കിലുമൊന്നുണ്ടെങ്കിൽ അതിതായിരിക്കും: സമാനഹൃദയരുമായുള്ള സംസർഗ്ഗം. എന്നാൽ എത്ര പൊരുത്തമില്ലാത്തവരുമായിട്ടാണ് തനിക്കു ജീവിതം കഴിച്ചുകൂട്ടേണ്ടതെന്നാലോചിച്ചുനോക്കുമ്പോൾ നിങ്ങൾ തീർച്ചയായും നിലവിളിക്കും: “എത്രയും പെട്ടെന്നും വന്നാലും മരണമേ, അല്ലെങ്കിൽ ഞാൻ തന്നെയും എന്നെ മറന്നാലോ!”
(IX-3)
ഒരല്പനേരം കൂടി കഴിഞ്ഞാൽ നിങ്ങളുടെ കണ്മുന്നിലുള്ളതെല്ലാം ഇല്ലാതെയാകും; ആ ഇല്ലാതാകൽ കണ്ടുനില്ക്കുന്നവരും വൈകാതെ ഇല്ലാതെയാകും. അങ്ങനെയെങ്കിൽ എന്തു വ്യത്യാസമിരിക്കുന്നു, പ്രായം മുറ്റി മരിച്ച മുത്തശ്ശനും തൊട്ടിലിൽ കിടന്നു മരിച്ച കൈക്കുഞ്ഞും തമ്മിൽ?
(IX 33)
ആ മനുഷ്യരെ നയിക്കുന്ന ചോദനകൾ ഏതെന്നു നിരീക്ഷിക്കൂ; കൈവരിക്കാൻ അവർ യത്നിക്കുന്ന ലക്ഷ്യങ്ങൾ; കാര്യങ്ങളെ ഇഷ്ടപ്പെടാനും വിലയിരുത്താനും അവരെടുക്കുന്ന കാരണങ്ങൾ. ചുരുക്കിപ്പറഞ്ഞാൽ അവരുടെ ആത്മാവുകളെ നഗ്നരായി കണ്ടുനോക്കൂ. എന്നിട്ടും അവർ സങ്കല്പിക്കുന്നു, തങ്ങളുടെ പുകഴ്ത്തലുകൾക്കും കുറ്റപ്പെടുത്തലുകൾക്കും ആളുകളെ തുണയ്ക്കാനും നോവിക്കാനുമുള്ള കഴിവുണ്ടെന്ന്. എന്തൊരൗദ്ധത്യം!
(IX 34)
നഷ്ടം മാറ്റമല്ലാതൊന്നുമല്ല, അത് പ്രകൃതിക്കു പ്രിയവുമാണ്. ലോകാരംഭം മുതലേ കാര്യങ്ങൾ നടന്നുപോന്നത് അവൾ അനുശാസിക്കുന്ന രീതിയിലാണ്; ഈ നടപ്പുകാലത്തും അങ്ങനെയാണ്, ഇനി വരാനുള്ള കാലത്തും, ലോകാവസാനം വരെയും, അങ്ങനെതന്നെയായിരിക്കും. അങ്ങനെയെങ്കിൽ നിങ്ങൾക്കെങ്ങനെ പറയാനാകും, നടന്നതെല്ലാം പിഴച്ചുപോയെന്ന്, ഇനിയും അങ്ങനെയായിരിക്കുമെന്ന്; അതൊക്കെ നേരെയാക്കാൻ ദേവന്മാർ കൂട്ടിയാൽ കൂടില്ലെന്ന്; നിത്യദുരിതത്തിന്റെ പിടിയിൽ പെട്ടുകിടക്കാനാണ് ലോകത്തിന്റെ വിധിയെന്ന്?
(IX 35)
നാം എന്താണോ, അതെല്ലാം ജീർണ്ണിക്കാനുള്ളതാണ്. വെള്ളം, പൊടി, എല്ലുകൾ, നാറ്റം. നമുക്കമൂല്യമായ വെണ്ണക്കല്ലുകൾ ഭൂമിയിലെ ഒരു കല്ലിപ്പു മാത്രമാണ്; സ്വർണ്ണവും വെള്ളിയും വെറും അടിമട്ടുകൾ; നമ്മൾ ഉടുത്തിരിക്കുന്നത് ജന്തുക്കളുടെ തോലും രോമവും; അതിനു കടുംചുവപ്പു നല്കുന്നത് മീനിന്റെ ചോര. അങ്ങനെ, അങ്ങനെയാണെല്ലാം. നമ്മുടെ ജീവിതങ്ങളെ സചേതനമാക്കുന്ന പ്രാണനും അതേവിധം- ഒന്നിൽ നിന്നു മറ്റൊന്നിലേക്കതു കടന്നുപോകുന്നു.
(IX 36)
ചിലരുടെ ചങ്കൂറ്റം കണ്ടിട്ട് നിങ്ങൾക്കു നീരസം തോന്നിയെന്നിരിക്കട്ടെ, പെട്ടെന്നുതന്നെ സ്വയം ചോദിക്കുക: ”ചങ്കൂറ്റമുള്ളവർ ഇല്ലാതെ ലോകത്തിനു നിലനില്പുണ്ടോ?“ ഇല്ല എന്നാണുത്തരം. അതുപോലെതന്നെയാണ് മറ്റു സാദ്ധ്യതകളുടെ കാര്യത്തിലും. ലോകത്തിന്റെ നിലനില്പിനനിവാര്യമായ ചങ്കൂറ്റമുള്ളവരിൽ ഒരാണയാളും. തെമ്മാടിത്തം, വഞ്ചന, ഇതുപോലെ ദുഷ്ടതയുടെ നാനാരൂപങ്ങൾ ഏതെങ്കിലുമുള്ള ഒരാളെ നേരിടേണ്ടിവരുമ്പോൾ മനസ്സിൽ ഈ ചിന്ത ഉണ്ടായിരിക്കട്ടെ. അത്തരം ആളുകളും ലോകത്തു വേണ്ടതാണെന്ന തിരിച്ചറിവ് അങ്ങനെയുള്ള ഒരാളോട് അല്പംകൂടി സഹാനുഭൂതിയോടെ പെരുമാറാൻ നിങ്ങളെ സഹായിക്കും. ഒരു പ്രത്യേകതരം ദുഷ്ടതയെ നേരിടാൻ പ്രകൃതി നമുക്കു നല്കിയിരിക്കുന്ന പ്രത്യേകതരം നന്മയെക്കുറിച്ചോർക്കുന്നതും നല്ലതാണ്. ക്രൂരതയ്ക്കുള്ള പ്രതിവിഷമാണ് സൗമ്യത; അതുപോലെ എല്ലാ രോഗങ്ങൾക്കുമുണ്ട് മറുമരുന്ന്. സാമാന്യമായി പറഞ്ഞാൽ വഴി തെറ്റിയ ഒരാളെ ശരിയായ വഴിയിലേക്കു നയിക്കാൻ നിങ്ങൾക്കു കഴിയും; വഴി പിഴച്ചുപോയ ഒരാളെ തന്റെ ലക്ഷ്യം പിഴച്ചുപോയ ഒരാളായി കണ്ടാൽ മതി.
അതുപോലെ, നിങ്ങൾക്കെന്തു ചേതം പറ്റി എന്നുകൂടി ഓർക്കുക. നിങ്ങളുടെ കോപത്തിനിരയായ ഒരാൾക്കും നിങ്ങളുടെ മനസ്സിനെ ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല; നിങ്ങളുടെ മനസ്സിനെ ബാധിക്കാത്തതൊന്നു നിങ്ങളെ ബാധിക്കാനും പോകുന്നില്ല.
പ്രാകൃതൻ പ്രാകൃതമായി പെരുമാറുന്നതിൽ അത്ഭുതപ്പെടാൻ എന്തിരിക്കുന്നു? ഒന്നോർത്തുനോക്കൂ, അയാൾ അങ്ങനെയേ ചെയ്യൂ എന്ന് മുൻകൂട്ടി കാണാഞ്ഞത് സ്വന്തം തെറ്റാണെന്നല്ലേ നിങ്ങൾക്കു തോന്നൂ. ഇങ്ങനെയൊരാളിൽ നിന്ന് എന്തു പ്രതീക്ഷിക്കാം എന്നു കണക്കുകൂട്ടാൻ വേണ്ട യുക്തി നിങ്ങൾക്കുണ്ടായിരുന്നു; അതു നിങ്ങൾ പ്രയോഗിച്ചില്ല; എന്നിട്ടിപ്പോൾ അയാൾ തെറ്റു ചെയ്തു എന്നതിൽ നിങ്ങൾക്ക് അത്ഭുതവും തോന്നുന്നു!
ഒരാൾ നന്ദികേടോ വഞ്ചനയോ ചെയ്താൽ ആദ്യം നിങ്ങൾ ചെയ്യേണ്ടത് സ്വന്തം ഉള്ളിലേക്കു നോക്കുകയാണ്. അയാൾ നന്ദികേടേ കാണിക്കൂ എന്നറിഞ്ഞുകൊണ്ടുതന്നെ ഒരാളെ സഹായിക്കാൻ പോയാൽ, തിരിച്ചൊന്നും പ്രതീക്ഷിച്ചുകൊണ്ടല്ലാതെ ഒരാളോടു കരുണ കാണിച്ചാൽ അതിന്റെ എല്ലാ തെറ്റുകുറ്റങ്ങൾക്കും ഉത്തരവാദി നിങ്ങൾ തന്നെ. ഒരാൾക്കൊരുപകാരം ചെയ്തുകഴിഞ്ഞാൽ പിന്നെ നിങ്ങൾക്കെന്തു വേണം? നിങ്ങളുടെ സ്വഭാവത്തിനു പൊരുത്തപ്പെടുന്ന ഒരു കാര്യം ചെയ്തു എന്നതുകൊണ്ടായില്ലേ- അതിനിനി ഒരു വില കൂടി വയ്ക്കണോ? കാണുന്നതിന് കണ്ണുകളും നടക്കുന്നതിനു കാലുകളും തിരിച്ചെന്തെങ്കിലും ചോദിക്കുന്നപോലെയാണത്. അവ ഉണ്ടായിരിക്കുന്നത് അവയ്ക്കു പറഞ്ഞിരിക്കുന്നത് നടപ്പാക്കാൻ വേണ്ടിയാണ്; അതുപോലെ മനുഷ്യൻ ലോകത്തുള്ളത് നല്ല കാര്യങ്ങൾ ചെയ്യാൻ വേണ്ടിയാണ്. ഒരാൾ പൊതുനന്മയ്ക്കുതകുന്നതെന്തെങ്കിലും ചെയ്തുകഴിഞ്ഞാൽ, അയാളെക്കൊണ്ട് എന്താണോ ഉദ്ദേശിച്ചിരിക്കുന്നത്, അതയാൾ നിറവേറ്റിക്കഴിഞ്ഞു; അതോടെ അയാൾക്കു കിട്ടേണ്ടതു കിട്ടുകയും ചെയ്തു.
(IX-42)
യഥാർത്ഥമായ ജീവിതതത്ത്വങ്ങൾ മായാത്ത വിധം ഒരിക്കൽ മനസ്സിൽ പതിഞ്ഞുകഴിഞ്ഞാൽ പിന്നെ നിങ്ങളെ ഭയത്തിന്റെയും വേദനയുടേയും നിഷ്ഫലത ഓർമ്മപ്പെടുത്താൻ എത്ര ചെറുതെങ്കിലുമായ ഒരുദ്ധരണി മതിയാകും; ഉദാഹരണത്തിന്,
കാറ്റൊന്നു നിശ്വസിച്ചാൽ പൊഴിയുന്ന ഇലകൾ പോലെ,
മനുഷ്യന്റെ സന്തതികളുമതുപോലെ...
നിങ്ങളുടെ പ്രിയപ്പെട്ട കുട്ടികളും ‘ഇലകൾ’ മാത്രമാണ്. ‘ഇലകൾ’ തന്നെയാണ്, നിങ്ങൾക്കു മേൽ പ്രശസ്തികൾ വാരിയെറിയുന്ന ഉച്ചത്തിലുള്ള ആ ശബ്ദങ്ങൾ, നിങ്ങളുടെ പ്രതിയോഗികളുടെ ശാപവാക്കുകൾ, അടക്കം പറച്ചിലുകളും പരിഹാസവും; അതുപോലെ ‘ഇലക’ളാണ്, ഭാവികാലത്തേക്കായി നിങ്ങളുടെ പേരും പെരുമയും ഏറ്റുവാങ്ങുന്നവരും. ഇവയെല്ലാം, കവി പറഞ്ഞപോലെ, ‘വസന്തകാലത്തു പുഷ്പിക്കുന്നവ’യാണ്; അപ്പോഴാണ് കാറ്റവ തല്ലിക്കൊഴിക്കുന്നതും അവയുടെ സ്ഥാനത്ത് പുതിയ തളിരിലകൾ തളിർക്കുന്നതും. എന്തിന്റെയും ഏതിന്റെയും പൊതുമുദ്രയാണ് നശ്വരത; എന്നാൽ എല്ലാം നിത്യമാണെന്നപോലെ നിങ്ങൾ ചിലതിന്റെ പിന്നാലെപോകുന്നു, ചിലതിൽ നിന്നൊഴിഞ്ഞുമാറുന്നു. അല്പനേരം കഴിഞ്ഞാൽ നിങ്ങളുടെ കണ്ണുകളും അടയും, നിങ്ങളെ കുഴിച്ചിടാൻ കൊണ്ടുപോകുന്നയാളെച്ചൊല്ലി വൈകാതെ വിലാപമുയരുകയും ചെയ്യും.
(X-34)
ആരോഗ്യമുള്ള കണ്ണ് കാണാനുള്ളതിനെയെല്ലാം നോക്കണം; ‘എനിക്കു പച്ചനിറത്തിലുള്ളതു മാത്രം കണ്ടാൽ മതി’ എന്നു ശഠിക്കരുത്- അതൊരു രോഗലക്ഷണമാണ്. അതുപോലെ ആരോഗ്യമുള്ള കാതും മൂക്കും എല്ലാതരം ശബ്ദങ്ങൾക്കും ഗന്ധങ്ങൾക്കും നേരേ തുറന്നിരിക്കണം; ആരോഗ്യമുള്ള ഒരാമാശയം ഏതുതരം ആഹാരവും ഉൾക്കൊള്ളാൻ തയാറായിരിക്കണം, തിരികല്ല് അതിലേക്കിടുന്നുതെന്തും പൊടിച്ചുകൊടുക്കുന്നപോലെ. അതുപോലെതന്നെ ആരോഗ്യമുള്ള ഒരു മനസ്സ് എന്തും നേരിടാൻ ഒരുങ്ങിയിരിക്കണം; ‘എന്റെ കുട്ടികൾക്കൊന്നും പറ്റരുതേ,’ ‘ഞാൻ ചെയ്യുന്നതെന്തിനേയും ലോകം പുകഴ്ത്തണം’ എന്നു വാശി പിടിക്കുന്ന ഒരു മനസ്സ് പച്ചപ്പിനു മാത്രം കൊതിക്കുന്ന കണ്ണു പോലെയാണ്, പതുപതുത്തതു മാത്രം കൊതിക്കുന്ന പല്ലു പോലെയാണ്.
(X 35)
ഹേ മനുഷ്യാ, ഈ മഹാനഗരത്തിലെ പൗരനായി ഏറെക്കാലം നിങ്ങൾ ജീവിച്ചു. ആ ജിവിതകാലം അഞ്ചോ അമ്പതോ ആണെന്നതിൽ എന്തു കാര്യമിരിക്കുന്നു? നഗരനിയമങ്ങൾ എല്ലാവർക്കും ഒരേപോലെ ബാധകമാണ്. അങ്ങനെയിരിക്കെ നഗരത്തിൽ നിന്നു നിങ്ങളെ പറഞ്ഞുവിടുന്നതിൽ പരിഭവിക്കാനോ ഖേദിക്കാനോ എന്തിരിക്കുന്നു? നിങ്ങളെ പുറത്താക്കുന്നത് ഒരു സ്വേച്ഛാധിപതിയോ നേരുകേടുകാരനായ ഒരു ന്യായാധിപതിയോ അല്ല, നിങ്ങളെ ഇവിടെയ്ക്കു കൊണ്ടുവന്ന അതേ പ്രകൃതി തന്നെ. നാടകത്തിൽ അഭിനയിക്കാൻ ഒരു ഹാസ്യനടനെ ഏർപ്പാടാക്കുന്ന സംവിധായകൻ അരങ്ങിൽ നിന്നയാളെ പറഞ്ഞുവിടുന്നതുപോലെയേയുള്ളു ഇതും. “നാടകത്തിലെ അഞ്ചങ്കങ്ങളിൽ മൂന്നെണ്ണമേ കഴിഞ്ഞിട്ടുള്ളു.” “അതു ശരിതന്നെ; എന്നാൽ ജീവിതത്തിൽ മൂന്നായാലും നാടകം പൂർണ്ണമായി.” നിങ്ങളുടെ ജീവിതം ഏതു ബിന്ദുവിൽ വച്ചു പൂർണ്ണമാകുന്നു എന്നു നിർണ്ണയിക്കുന്നത് ആദ്യം നിങ്ങളുടെ സൃഷ്ടിക്കും ഇപ്പോൾ നിങ്ങളുടെ വിഘടനത്തിനും കാരണമായ ഒരേയാൾ തന്നെ. രണ്ടിലും നിങ്ങൾക്കൊരുപങ്കും അവകാശപ്പെടാനില്ല. അതിനാൽ, അതൃപ്തനാവാതെ പിരിഞ്ഞുപോവുക, നിങ്ങളെ പിരിച്ചയക്കുന്നവനും അതൃപ്തനല്ലതന്നെ!
(XII-36)
എപ്പോഴും ഹെറാക്ലിറ്റസിനെ ഓർക്കുക: "മണ്ണിന്റെ മരണം വെള്ളമാണ്, വെള്ളത്തിന്റെ മരണം വായുവാണ്, വായുവിന്റെ മരണം അഗ്നിയാണ്; ഇതേ ക്രമത്തിൽ പിന്നെ തിരിച്ചും." സ്വന്തം വീട്ടിലേക്കുള്ള വഴി മറന്നു പോയ ആളെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുള്ളതും ഓർക്കുക. പിന്നെ, അദ്ദേഹം ഇങ്ങനെ പറഞ്ഞിരിക്കുന്നതും: തങ്ങളുടെ നിത്യസഹചാരിയായ യുക്തിയുമായി മനുഷ്യർ ഒരിക്കലും ചേർന്നു പോകാറില്ലെന്ന്; ദൈനന്ദിനാനുഭവങ്ങൾ തന്നെ അവരെ അമ്പരപ്പിക്കുകയാണെന്ന്; ഉറക്കത്തിലായവരെപ്പോലെ നാം പറയുകയോ പെരുമാറുകയോ ചെയ്യരുതെന്ന്; അച്ഛനമ്മമാർ പറയുന്നതെന്തും സമ്മതിച്ചു കൊടുക്കുന്ന കുട്ടികളെപ്പോലെയാകരുത് നാമെന്ന് .
*
അലഞ്ഞുനടക്കൽ മതിയാക്കൂ. സ്വന്തം കുത്തിക്കുറിക്കലുകളും പണ്ടത്തെ ഗ്രീക്കുകാരെയും റോമാക്കാരെയും കുറിച്ചു നിങ്ങളെഴുതിയ ചരിത്രങ്ങളും അവരുടെ സാഹിത്യത്തിൽ നിന്നു പകർത്തിവച്ചതുമൊന്നും ഈ വാർദ്ധക്യകാലത്തു നിങ്ങൾ വായിക്കാൻ പോകുന്നില്ല. അതിനാൽ അന്ത്യത്തിനായി തിടുക്കപ്പെടൂ; വ്യർത്ഥമോഹങ്ങൾ വലിച്ചെറിയൂ;
നിങ്ങൾക്കു നിങ്ങളെക്കുറിച്ചെന്തെങ്കിലും വിചാരമുണ്ടെങ്കിൽ, ഒരവസരം തുറന്നുകിടക്കുന്ന സ്ഥിതിയ്ക്ക്, സ്വയം രക്ഷപ്പെടുത്താൻ നോക്കൂ.