പ്രാർത്ഥന
ഒരത്ഭുതത്തിനായി ഞാൻ ദാഹിക്കുന്നു, ക്രിസ്തുവേ, എന്റെ നാഥനേ!
ഇപ്പോൾ, ഇപ്പോൾ, സൂര്യനുദിക്കും മുമ്പേതന്നെ!
ജീവിതമൊരു പുസ്തകം പോലെനിക്കു മുന്നിൽ കിടക്കുമ്പോൾ
ഞാൻ മരിക്കട്ടെ, ഞാനിവിടം വിട്ടുപോകട്ടെ.
നീ നീതിമാൻ. ഇല്ല, നീയിങ്ങനെ കടുപ്പിച്ചു പറയില്ല:
“ക്ഷമിക്കൂ. ഇനിയും നിന്റെ നേരമെത്തിയിട്ടില്ല.”
ഇതിനകം നീയെനിക്കെത്രയൊക്കെ തന്നിട്ടില്ല!
എല്ലാ വഴികളിലുമൊരുമിച്ചുനടക്കാൻ ഞാൻ ദാഹിച്ചു!
ഒരു ജിപ്സിഹൃദയത്തോടെ ഞാൻ കൊതിക്കുന്നു:
കട്ടും കവർന്നും പാട്ടും പാടിയെനിക്കു നടക്കണം,
പിയാനോ കേൾക്കുമ്പോഴെൻ്റെ ഹൃദയമാർദ്രമാകണം,
ആമസോണിനെപ്പോലെ പടനിലത്തിലേക്കെടുത്തു ചാടണം;
ഇരുണ്ട മേടയിലിരുന്നു നക്ഷത്രങ്ങളുടെ രഹസ്യം വായിക്കണം,
നിഴൽ വീണ പാതകളിൽ കുഞ്ഞുങ്ങൾക്കു വഴി കാണിക്കണം...
ഇന്നലെകളെ എനിക്കൊരു പഴംകഥയാക്കണം,
ഓരോ നാളുമെനിക്കു ഭ്രാന്തെടുത്തു നടക്കണം!
ഞാൻ സ്നേഹിക്കുന്നു, കുരിശിനെ, പട്ടിനെ, മാർച്ചട്ടയെ
ഒരു നിമിഷത്തേക്കു മിന്നിമറയുന്ന എന്റെ ആത്മാവിനെ...
യക്ഷിക്കഥ പോലെ സുന്ദരമായ ഒരു ബാല്യം നീയെനിക്കു തന്നു;
ഇനി ഞാൻ മരിക്കട്ടെ- ഈ പതിനേഴാമത്തെ വയസ്സിൽ!
(1909 സെപ്തംബർ 26)
വളർന്നുവരുന്ന പെൺകുട്ടിയോട്
ജനാലയ്ക്കു പുറത്തു പിന്നെയും
മഞ്ഞു വീണു തിളങ്ങുന്ന ദേവതാരം...
നിന്റെയീ കളിത്തൊട്ടിൽ, എന്റെ ചങ്ങാതീ,
എന്തിനു നീയതും കവിഞ്ഞു വളരുന്നു?
മഞ്ഞലകുകൾ പറക്കുന്നു, എന്തിലും ചെന്നു പറ്റുന്നു,
കണ്ടുനിൽക്കുമ്പോൾത്തന്നെയതലിഞ്ഞും പോകുന്നു...
അതിനാലെന്തിന്, മൂഢയായ കുട്ടീ,
നീയതും കവിഞ്ഞു വളരുന്നു?
കാലത്തിന്റെ ഭാരമതിൽ അമര്ന്നിരുന്നില്ല,
അതിൽ കിടന്നുറങ്ങുക സുഖകരവുമായിരുന്നു,
നിന്റെ കണ്ണുകൾക്കിപ്പോൾ നീലിമയേറിയിരിക്കുന്നു,
നിന്റെ മുടിയിഴകൾക്കു പൊൻനിറവുമായിരിക്കുന്നു...
നിന്റെ നോട്ടത്തിൽ വിപുലലോകം തിളങ്ങുന്നു,
നിനക്കെന്നാലതിൽ നിന്നെന്താനന്ദം കിട്ടാൻ?
എന്തിന്, എന്തിനെന്റെ പ്രിയപ്പെട്ട പെൺകുട്ടീ,
നിന്റെ കളിത്തൊട്ടിൽ കവിഞ്ഞു നീ വളരുന്നു?
യാദൃച്ഛികദർശനം
നഗരത്തിനു മേൽ മൂടല്മഞ്ഞുയരുന്നു,
അകലെ തീവണ്ടികളലസമായി നീങ്ങുന്നു.
ഒരു ജനാലയ്ക്കലതാ, മിന്നായം പോലെ,
കൗമാരം വിടാത്തൊരു മുഖം, ഒരു പൂവിതൾ പോലെ.
കണ്ണിമകളിലൊരു നിഴൽ വീണുകിടക്കുന്നു.
ശിരോമകുടം പോലെ കുറുനിരകൾ.
ഒരു നിലവിളി വന്നതു ഞാനമർത്തി...
ആ ക്ഷണികനേരത്തിനുള്ളിൽ ഞാനറിഞ്ഞു,
മരിച്ചവരെയുണർത്തും നമ്മുടെ രോദനങ്ങളെന്ന്.
ഇരുണ്ട ജനാലയ്ക്കലെ ആ പെൺകുട്ടി,
-മുഷിഞ്ഞ സ്റ്റേഷനിലെ മായക്കാഴ്ച-
എന്റെ സ്വപ്നങ്ങളുടെ താഴ്വരയിൽ
പലപ്പോഴും ഞാനവളെക്കണ്ടിരിക്കുന്നു.
എന്നാലവളെന്തേ വിഷാദവതിയാവാൻ?
ആ നിഴൽരൂപം തേടുന്നതെന്താവാം?
സ്വർഗ്ഗത്തുമവൾക്കു സുഖം കിട്ടുന്നില്ലെന്നോ?
(1913)എനിക്കു നിന്നോടൊപ്പം ജീവിക്കണം...
...എനിക്കു നിന്നോടൊപ്പം ജീവിക്കണം,
ഒരു കൊച്ചുഗ്രാമത്തിൽ,
ഒരിക്കലും മായാത്ത അന്തിവെളിച്ചത്തിനുള്ളിൽ,
ഒരിക്കലുമടങ്ങാത്ത മണിനാദങ്ങൾക്കിടയിൽ.
ഒരു ഗ്രാമസത്രത്തിൽ-
പുരാതനമായൊരു ഘടികാരത്തിന്റെ
നേർത്ത മണിനാദം-
കാലം തുള്ളിയിറ്റുന്നപോലെ.
പിന്നെ ചിലപ്പോൾ, ചില സന്ധ്യകളിൽ,
ഏതോ മച്ചുമ്പുറത്തെ മുറിയിൽ നിന്നും
ഒരു പുല്ലാങ്കുഴൽ,
ജനാലയ്ക്കൽ പുല്ലാങ്കുഴൽ വായിക്കുന്നവനും.
ജനാലപ്പടികളിൽ കൂറ്റൻ ട്യൂലിപ്പുകൾ.
നിനക്കെന്നെ സ്നേഹമല്ലെന്നുമാവാം.
മുറിയ്ക്കു നടുവിൽ ഓടു കൊണ്ടുള്ള വലിയൊരു സ്റ്റൌ,
ഓടുകളോരോന്നിലും ചിത്രങ്ങൾ-
ഒരു ഹൃദയം, ഒരു പായവഞ്ചി, ഒരു പനിനീർപ്പൂവ്.
മുറിയ്ക്കാകെയുള്ള ജനാലയ്ക്കു പുറത്ത്
മഞ്ഞ്, മഞ്ഞ്, പുതമഞ്ഞ്.
നീ കിടക്കുകയാവും:
ആ കിടപ്പിന്റെ പടുതി എനിക്കിഷ്ടവുമാണ്-
അലസനായി, ഉദാസീനനായി, നിർമ്മമനായി.
ഇടയ്ക്കൊന്നോ രണ്ടോ തവണ
തീപ്പെട്ടിയുരയ്ക്കുന്ന പരുഷശബ്ദം.
സിഗരറ്റ് കത്തുന്നു, പിന്നെ അണയുന്നു,
അതിനറ്റത്തേറെനേരം നിന്നു വിറയ്ക്കുന്നു,
നരച്ച മുരടു പോലെ- ചാരം.
അതു തട്ടിക്കളയാൻ പോലും നിനക്കു മടിയാകുന്നു-
പിന്നെ എറ്റിയെറിഞ്ഞ ഒരു സിഗററ്റ്
തീയിൽ ചെന്നുവീഴുന്നു.
ഞാൻ ചിന്തിക്കുന്നില്ല, വാദിക്കുന്നില്ല, പരാതിപ്പെടുന്നില്ല,ഞാനുറങ്ങുന്നുമില്ല.എനിക്കാഗ്രഹമില്ല സൂര്യനായി, ചന്ദ്രനായി, കടലിനായി,കടലിൽ കപ്പലിനായി.
ഈ ചുമരുകൾക്കുള്ളിലെ ഊഷ്മളത ഞാനറിയുന്നില്ല,
പുറത്തു പുല്ലിന്റെ പച്ചപ്പുമറിയുന്നില്ല.
ഞാനത്രമേൽ കാത്തിരുന്നൊരുപഹാരം
ഇതാ വന്നുചേർന്നുവെന്നാശിക്കുന്നില്ല.
പ്രഭാതവും ട്രാമിന്റെ മണിനാദവും
മുമ്പെന്നപോലെന്നെ ആഹ്ളാദിപ്പിക്കുന്നില്ല.
കാലമോർമ്മയില്ലാതെ ഞാൻ ജീവിക്കുന്നു,
നൂറ്റാണ്ടും തീയതിയുമെനിക്കോർമ്മയില്ല.
ഞാൻ- അറ്റുപോകാറായ കമ്പക്കയറിൽനൃത്തംവയ്ക്കുന്നവൾ.ഞാൻ - മറ്റേതോ നിഴലിന്റെ നിഴൽ;ഞാൻ - ഉറക്കത്തിലിറങ്ങിനടക്കുന്നവൾ,രണ്ടിരുണ്ട ചന്ദ്രന്മാർക്കു ചോടെ.(1914 ജൂലൈ 13 )
വേർപിരിയാനുള്ള ഈ ജിപ്സിവികാരം...
വേർപിരിയാനുള്ള ഈ ജിപ്സിവികാരം!
കണ്ടുമുട്ടിയതും അകന്നുപോകാനുള്ള തിടുക്കം!
ഇരുകൈകളിൽ ശിരസ്സും താങ്ങി
രാത്രിയിലേക്കു നോക്കിയിരിക്കെ ഞാനോർക്കുന്നു:
നമ്മുടെ കത്തുകൾ മറിച്ചുനോക്കുന്നൊരാൾക്കും പിടികിട്ടില്ല,
അന്യോന്യമെത്ര വഞ്ചന കാണിച്ചു നാമെന്ന്,
എന്നു പറഞ്ഞാൽ,
ആത്മവഞ്ചന തെല്ലുമില്ലായിരുന്നു നമുക്കെന്ന്.
(1915)
സത്യമെനിക്കറിയാം...
സത്യമെനിക്കറിയാം- മറ്റു സത്യങ്ങളൊക്കെ മറന്നേക്കൂ!
ഭൂമിയിലാരുമിനി തമ്മിൽത്തമ്മിൽ പൊരുതുകയും വേണ്ട.
ഇതാ, സന്ധ്യയായി, ഇതാ, രാത്രി തന്നെയായിരിക്കുന്നു.
നിങ്ങളെന്തു പറയുന്നു - കവികളേ, കാമുകരേ, പടനായകരേ?
കാറ്റടങ്ങിയിരിക്കുന്നു, മണ്ണിൽ മഞ്ഞു വീണീറനായിരിക്കുന്നു,
ആകാശത്തു നക്ഷത്രങ്ങളുടെ ചണ്ഡവാതവും ശമിക്കും.
വൈകാതെ നാമോരോരുത്തരും മണ്ണിനടിയിലുറക്കമാവും,
അതിനു മുകളിലായിരിക്കെ അന്യോന്യമുറക്കം കെടുത്തിയ നാം.
(1915 ഒക്റ്റോബർ 3)
മറഞ്ഞുകിടക്കുന്നൊരു നിധി പോലെ...
മറഞ്ഞുകിടക്കുന്നൊരു നിധി പോലെന്തിനെയോ,
ആരെയോ ഓർത്തും കൊണ്ടു നടന്നുപോകുമ്പോൾ
ഓരോ ചുവടു വയ്ക്കുംതോറുമോരോരോ പോപ്പിപ്പൂവായി,
പൂക്കളുടെ തല നുള്ളിയെടുത്തു - ഞാനന്നലസമായി.
ഇനിയൊരു നാൾ ഗ്രീഷ്മത്തിന്റെ ഊഷരനിശ്വാസത്തിൽ
വിതച്ച പാടത്തിന്റെ വരമ്പിലൂടെ ഞാൻ നടക്കുമ്പോൾ
എന്തോ ഓർത്തും കൊണ്ടു മരണമതുവഴി നടന്നുവരും,
ഒരു പൂവിന്റെ തലയതു നുള്ളിയെടുക്കും- എന്റെ!
രാത്രിയിൽ ആരുറങ്ങുന്നു? ആരുമുറങ്ങുന്നില്ല.
ഒരു കുഞ്ഞ് തൊട്ടിലിൽ കിടന്നു കാറിക്കരയുന്നു.
ഒരു വൃദ്ധൻ തന്റെ മരണത്തിനുമേൽ അടയിരിക്കുന്നു,
ഒരു യുവാവ് കാമുകിയുമായി സംസാരിച്ചിരിക്കുന്നു,
അവളുടെ ചുണ്ടിലേക്കു നിശ്വസിക്കുന്നു,
അവളുടെ കണ്ണുകളിലേക്കുറ്റുനോക്കുന്നു.
ഉറങ്ങിപ്പോയാൽ- പിന്നെ നാമുണരുമെന്നാരു കണ്ടു?
നമുക്കു നേരമുണ്ട്, നമുക്കു നേരമുണ്ട്,
ഉറങ്ങാൻ വേണ്ടത്ര നേരം നമുക്കുണ്ട്.
വീട്ടിൽ നിന്നു വീട്ടിലേക്കു കാവല്ക്കാരൻ നടക്കുന്നു,
തീക്ഷ്ണദൃഷ്ടിയുമായി, ചുവന്ന റാന്തലുമായി.
അയാൾ വന്നു വാതിലിൽ മുട്ടുമ്പോൾ
തലയിണയ്ക്കു മേലതിന്റെ കടകടപ്പു ചിതറുന്നു.
ഉറങ്ങരുത്! പിടിച്ചിരിക്കൂ! ജാഗ്രത!
ഇല്ലെങ്കിൽ- നിത്യനിദ്ര!
ഇല്ലെങ്കിൽ- നിത്യഗേഹം!
എവിടെ നിന്നാണിത്രയുമാർദ്രത?
(ഒസീപ് മാൻഡൽഷ്ടമ്മിന്)എവിടെ നിന്നാണിത്രയുമാർദ്രത?
ഞാനാദ്യം തഴുകിയ ചുരുൾമുടിയിതല്ല,
നിന്റേതിലുമിരുണ്ട ചുണ്ടുകളിൽ
പണ്ടു ഞാൻ ചുംബിച്ചുമിരിക്കുന്നു.
നക്ഷത്രങ്ങളുദിച്ചസ്തമിക്കുമ്പോൾ
(എവിടെ നിന്നാണിത്രയുമാർദ്രത?)
മറ്റു കണ്ണുകളെന്നിലേക്കടുത്തിരുന്നു,
എന്നിൽ നിന്നവയകന്നുപോയിരുന്നു.
നീ പാടിയ പോലാരും പാടിക്കേട്ടില്ല,
(എവിടെ നിന്നാണിത്രയുമാർദ്രത?)
രാത്രിയിലിരുട്ടിൽ നിന്റെ മാറിൽ
തല ചായ്ച്ചു ഞാൻ കിടക്കുമ്പോൾ.
എവിടെ നിന്നാണിത്രയുമാർദ്രത?
ഞാനിതുകൊണ്ടെന്തു ചെയ്യാൻ,
എനിക്കപരിചിതനായ ഗായകാ?
നിന്റേതെത്ര നീണ്ട കൺപീലികൾ!
ഒന്നുകിൽ പ്രഭാതത്തിൽ, അല്ലെങ്കിലസ്തമയത്തിൽ ഞാൻ മരിക്കും;
ഇതിലേതാണെന്റേതെന്നു കല്പനയിൽ നിന്നറിയുന്നുമില്ല.
ഹാ, രണ്ടു തവണയണയാനെന്റെ വിളക്കിനു ഭാഗ്യമുണ്ടായെങ്കിൽ!
പുലരുന്ന വെളിച്ചത്തിലൊരിക്കൽ, പിന്നെയതു കെടുമ്പോൾ!
നൃത്തച്ചുവടുകൾ വച്ചു സ്വർഗ്ഗപുത്രി കടന്നുപോകുന്നു:
മടിത്തട്ടിൽ പൂക്കളുമായി! ഒരിതളു പോലും ചതയാതെ!
ഒന്നുകിൽ പ്രഭാതത്തിൽ, അല്ലെങ്കിലസ്തമയത്തിൽ ഞാൻ മരിക്കും!
എന്റെ മാടപ്രാവിനു പിന്നാലെ രാപ്പുള്ളിനെ അയക്കരുതേ, ദൈവമേ!
ചുംബിക്കാത്ത കുരിശ്ശിനെ സൌമ്യമായി ഞാൻ തള്ളിമാറ്റും,
കരുണയുറ്റ മാനത്തു ഞാനന്ത്യോപചാരങ്ങൾ തേടും:
അവിടെ വെളിച്ചം വിടരുമ്പോൾ എന്നിലൊരു പുഞ്ചിരി വിടരും:
പ്രാണൻ കുറുകുമ്പോഴും ഞാനതുതന്നെയായിരിക്കും - കവി !
നരകം നമുക്കു കിട്ടാതെപോകില്ല
നരകം നമുക്കു കിട്ടാതെപോകില്ല,
വികാരവതികളായ എന്റെ സോദരിമാരേ,
നരകത്തിലെ കട്ടിക്കീലു നാമൂറ്റിക്കുടിക്കും-
ഓരോ ഞരമ്പു കൊണ്ടും ദൈവത്തെപ്പുകഴ്ത്തിയ നാം.
ഒരു തൊട്ടിലിനു മേൽ കുനിഞ്ഞുനിന്നാട്ടാൻ,
രാത്രിയിൽ നൂൽ നൂല്ക്കാൻ നേരം കിട്ടാതെപോയ നാം-
നിലയുറയ്ക്കാത്തൊരു തോണിയിൽ നാം യാത്രയാകുന്നു,
ഉടലു മറയ്ക്കാൻ തുള വീണ മേലങ്കിയുമായി.
ഓരോ നാളും പുലരുമ്പോൾ നാമുണർന്നിരുന്നു,
എത്രയും നേർത്ത ചീനപ്പട്ടുകൾ വാരിച്ചുറ്റിയിരുന്നു,
ഏതോ കൊള്ളക്കാരന്റെ മടയിലെ തീക്കുണ്ഡത്തിനു ചുറ്റും
സ്വർഗ്ഗീയഗാനങ്ങൾ പാടി നാം നൃത്തം വച്ചിരുന്നു.
ശ്രദ്ധയില്ലാത്ത തുന്നല്ക്കാരികളായിരുന്നു നാം,
(നമ്മുടെ തുന്നലുകളപ്പാടെ വിട്ടുപോന്നിരുന്നു!)
എന്നാൽ നർത്തകിമാരായിരുന്നു, പാട്ടുകാരികളായിരുന്നു നാം;
ഒരു ലോകത്തിനാകെ നാം റാണിമാരായിരുന്നു!
ചിലനേരം നാണം മറയ്ക്കാൻ കീറത്തുണികൾ,
ചിലനേരം മുടിക്കെട്ടിൽ നക്ഷത്രകിരീടങ്ങൾ;
തുറുങ്കിലും വിരുന്നിലുമൊരുപോലെ നാം തിമിർത്തു,
സ്വർഗ്ഗം നാമവിടെ മാറ്റക്കച്ചവടത്തിനു വച്ചു,
താരാവൃതരാത്രികളിലെ നടപ്പാതകളിൽ,
പറുദീസയിലെ ആപ്പിൾത്തോപ്പുകളിൽ...
സുമനസ്സുകളായ സ്ത്രീകളേ, എന്റെ പ്രിയസോദരിമാരേ,
നമുക്കൊരിക്കലും കിട്ടാതെപോകില്ല- നരകം!
ഉറക്കമില്ലാത്ത രാത്രിക്കു ശേഷം
ഉറക്കമില്ലാത്ത രാത്രിക്കു ശേഷം നിങ്ങളുടെ ഉടൽ തളരുന്നു,
പ്രിയപ്പെട്ടതെങ്കിലും ഇപ്പോഴതു നിങ്ങളുടേതല്ല, ആരുടേതുമല്ല;
ആളുകളെ നോക്കി നിങ്ങൾ മന്ദഹസിക്കുന്നു- മാലാഖയെപ്പോലെ.
ആലസ്യത്തിലായ സിരകളിൽ പക്ഷേ, അമ്പുകൾ തേങ്ങുന്നു.
ഉറക്കമില്ലാത്ത രാത്രിക്കു ശേഷം നിങ്ങളുടെ കൈകൾ തളരുന്നു,
ശത്രുവിനോടും മിത്രത്തോടും നിങ്ങൾക്കൊരേയുദാസീനത.
ആകസ്മികശബ്ദങ്ങളിൽ ഒരു മഴവില്ലു വിരിയുമ്പോലെ,
തണുപ്പിൽ പൊടുന്നനേ ഫ്ളോറൻസ് മണക്കുമ്പോലെ.
നിങ്ങളുടെ ചുണ്ടുകളിൽ ഒരു നേർത്ത വെളിച്ചം പടരുന്നു,
കുഴിഞ്ഞ കണ്ണുകൾക്കരികിൽ സ്വർണ്ണനിഴലുകൾ വീഴുന്നു;
ആ ഇരുണ്ട രാത്രിയിലും പക്ഷേ, നിങ്ങളുടെ മുഖം തിളങ്ങുന്നു,
ഒന്നുമാത്രമതിലേറെയിരുളുന്നു- നിങ്ങളുടെ കണ്ണുകൾ.
ഉറക്കമില്ലാതെ
മൃദുവായ്, മൃദുവായ്, നേർത്തതായ്, നേർത്തതായ്,
പൈന്മരങ്ങളിലൊരു സീല്ക്കാരം:
സ്വപ്നത്തിൽ ഞാൻ കണ്ട ബാലനവൻ,
കണ്ണുകൾ നീലിച്ചവൻ.
ചുവന്ന പൈന്മരങ്ങളിൽ നിന്നു
ചുടുകറയിറ്റുന്നതങ്ങനെ,
ഈ സുന്ദരരാവിലെന്റെ ഹൃദയത്തിലൂടെ
ഒരറുക്കവാൾ കയറിയിറങ്ങുന്നതുമങ്ങനെ.
എന്റെ ജനാലയ്ക്കൽ മഴ മുട്ടിവിളിക്കുന്നു...
എന്റെ ജനാലയ്ക്കൽ മഴ മുട്ടിവിളിക്കുന്നു,
പണിക്കാരൻ കത്തി രാകുന്നതു കേൾക്കുന്നു.
ഞാനൊരിക്കലൊരു തെരുവുഗായികയായിരുന്നു,
നീയൊരു പ്രഭുവിന്റെ മകനുമായിരുന്നു.
എന്റെ കാലദോഷത്തെക്കുറിച്ചു ഞാൻ പാടി,
പൊന്നു പൂശിയ കൈവരിയിൽ ചാഞ്ഞുനിന്നു
നീയെനിക്കു തന്നതു റൂബിളല്ല, കോപ്പെക്കുമല്ല,
നീയുപഹാരം തന്നതൊരു മന്ദഹാസം.
ആ കിഴവൻ, നിന്റെ പിതാവതു കണ്ടുപിടിച്ചു:
നാണയങ്ങളയാൾ തട്ടിയെറിഞ്ഞു,
അ തേവിടിശ്ശിയെ മുറ്റത്തു നിന്നാട്ടിയോടിക്കൂ:
വേലക്കാരനയാൾ കല്പന കൊടുത്തു.
അന്നു രാത്രിയിൽ മത്തടിച്ചു ഞാൻ കിടന്നു!
ആ നിർവൃതിയുടെ ലോകത്തു പക്ഷേ,
ഞാനൊരു പ്രഭുവിന്റെ പുത്രിയായിരുന്നു,
നീയൊരു തെരുവുഗായകനുമായിരുന്നു.
*
നിനക്കു നന്ദി, തമ്പുരാനേ,
കടലിന്, കരയ്ക്ക്,
ഉടലിന്റെ വശ്യതകൾക്ക്,
മരണമില്ലാത്ത ആത്മാവിനും,
ചോരയിലഗ്നിയ്ക്ക്,
ഉന്മേഷമേകുന്ന ജലത്തിന്.
എന്റെ നന്ദി സ്വീകരിയ്ക്കൂ, പ്രണയത്തിന്,
മാറിവരുന്ന ഋതുക്കൾക്കും.
*
എന്റെ കണ്ണുകളിലൊരു തുള്ളിയിറ്റുവീണു,
പൊള്ളുന്ന കണ്ണീർത്തുള്ളിയെന്നപോലെ.
അങ്ങു മുകളിൽ, സ്വർഗ്ഗത്തിൽ,
ആരോയെന്നെച്ചൊല്ലി കരയുകയാവണം.