(എദ്വാദ് മാനെയ്ക്ക്)
“മിഥ്യാബോധങ്ങൾ,” എന്റെ സ്നേഹിതൻ എന്നോടു പറഞ്ഞു, “മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ പോലെ, അല്ലെങ്കിൽ മനുഷ്യരും വസ്തുക്കളും തമ്മിലുള്ള ബന്ധങ്ങൾ പോലെ അത്ര എണ്ണമറ്റതാവാം. ആ മിഥ്യാബോധം മായുമ്പോൾ, എന്നു പറഞ്ഞാൽ, ഒരു വ്യക്തിയോ വസ്തുതയോ നമുക്കു വെളിയിൽ യഥാർത്ഥത്തിൽ എങ്ങനെയാണെന്നു കാണുമ്പോൾ സങ്കീർണ്ണവും വിചിത്രവുമായ ഒരു വികാരത്തിനു നാം വിധേയരായിപ്പോകുന്നു; അതിൽ പാതി മറഞ്ഞുപോയ ആ മായാരൂപത്തെ ചൊല്ലിയുള്ള നഷ്ടബോധമാണ്, പാതി ആ പുതുമയെ, ശരിക്കുള്ള യാഥാർത്ഥ്യത്തെ കണ്ടതിന്റെ ഹിതകരമായ ആശ്ചര്യവും. അതീവസ്പഷ്ടവും സാധാരണവും എന്നും ഒന്നായതും ദുർവ്യാഖ്യാനങ്ങൾക്കിടനല്കാത്തതുമായ ഒരു പ്രതിഭാസമുണ്ടെങ്കിൽ അത് മാതൃസ്നേഹം മാത്രമാണ്. മാതൃസ്നേഹമില്ലാത്ത ഒരമ്മയെ സങ്കല്പിക്കുന്നത് ചൂടില്ലാത്ത വെളിച്ചത്തെ സങ്കല്പിക്കുന്നതുപോലെ അത്ര ദുഷ്കരമാണ്; അങ്ങനെയെങ്കിൽ തന്റെ കുഞ്ഞിനോടു ബന്ധപ്പെട്ട് ഒരമ്മയിൽ നിന്നു വരുന്ന എല്ലാ പ്രവൃത്തികളും വാക്കുകളും മാതൃസ്നേഹത്തിൽ ആരോപിക്കുന്നത് തികച്ചും ന്യായമല്ലേ? എന്നാലും ഈ കൊച്ചുകഥയൊന്നു കേട്ടുനോക്കൂ; ഏറ്റവും സ്വാഭാവികമായ ആ മിഥ്യാബോധം എന്റെ മനസ്സിനെ കുഴക്കിയതിന്റെ കഥയാണിത്.
”ചിത്രരചന എന്റെ തൊഴിലായ സ്ഥിതിയ്ക്ക് വഴിയിൽ കാണുന്ന മുഖങ്ങളേയും അവയുടെ ലക്ഷണങ്ങളേയും ഞാൻ സൂക്ഷ്മമായി നോക്കിപ്പഠിക്കാറുണ്ട്; മറ്റുള്ളവരെ അപേക്ഷിച്ച് ഞങ്ങളുടെ കണ്ണുകളിൽ ജീവിതത്തെ കൂടുതൽ സജീവവും സാർത്ഥകവുമാക്കുന്ന ഈയൊരു ശേഷിയുടെ പേരിൽ ഞങ്ങൾ ചിത്രകാരന്മാർക്കു കിട്ടുന്ന ആനന്ദം എന്തുമാത്രമാണെന്നറിയാമോ? നഗരത്തിൽ തിരക്കൊഴിഞ്ഞ ഭാഗത്ത് ഞാൻ താമസിക്കുന്ന സ്ഥലത്ത് (അവിടെ ഇപ്പോഴും വീടുകൾക്കിടയിൽ വിശാലമായ പുല്പറമ്പുകളുണ്ട്) ഞാൻ പലപ്പോഴും ഒരു ബാലനെ ശ്രദ്ധിക്കാറുണ്ടായിരുന്നു; മറ്റെന്തിലുമപരി പെട്ടെന്നെന്റെ ശ്രദ്ധ ആകർഷിച്ചത് അവന്റെ തീക്ഷ്ണവും കുസൃതി നിറഞ്ഞതുമായ മുഖമാണ്. പല തവണ അവനെ ഞാൻ ഒരു മോഡലായി ഉപയോഗപ്പെടുത്തിയിരുന്നു; ചിലപ്പോൾ ഒരു ജിപ്സിപ്പയ്യനായി, ചിലപ്പോൾ ഒരു മാലാഖയായി, അല്ലെങ്കിൽ ഒരു ക്യൂപ്പിഡായി ഞാൻ അവനെ രൂപാന്തരപ്പെടുത്തി. നാടോടികളുടെ വയലിനും മുൾക്കിരീടവും കുരിശിൽ തറച്ച ആണികളും ഇറോസ്സിന്റെ ശലാകയും ഞാൻ അവനെക്കൊണ്ടു ചുമപ്പിച്ചു. ഒടുവിൽ ആ പയ്യന്റെ കുറുമ്പുകളിൽ അത്രയ്ക്കാകൃഷ്ടനായിപ്പോയ ഞാൻ ഒരു ദിവസം സാധുക്കളായ അവന്റെ അച്ഛനോടും അമ്മയോടും അവനെ എനിക്കു വിട്ടുതരാൻ അപേക്ഷിച്ചു; അവനുടുക്കാൻ നല്ല വസ്ത്രങ്ങൾ കൊടുക്കാമെന്നും ചെറിയൊരു തുക അവനു നല്കാമെന്നും എന്റെ ബ്രഷുകൾ വൃത്തിയാക്കുക, എന്റെ കൈയാളായി നില്ക്കുക എന്നതല്ലാതെ ഭാരിച്ച പണികളൊന്നും അവനെക്കൊണ്ടു ചെയ്യിക്കുകയില്ലെന്നും ഞാൻ അവർക്ക് ഉറപ്പു കൊടുക്കുകയും ചെയ്തു. ഒന്നുരച്ചു കഴുകിയെടുത്തപ്പോൾ അവൻ സുന്ദരനായി; അച്ഛനമ്മമാരോടൊപ്പം ചെറ്റക്കുടിലിൽ കഴിഞ്ഞതു വച്ചു നോക്കുമ്പോൾ എന്റെ കൂടെയുള്ള താമസം അവനു സ്വർഗ്ഗസമാനമായി തോന്നിക്കാണണം. എന്നാൽ ഒരു കാര്യം പറയാതിരിക്കാൻ വയ്യ; അവൻ ചിലപ്പോഴൊക്കെ തന്റെ പ്രായത്തിനു നിരക്കാത്ത ഒരു വിഷാദഭാവം കാണിച്ചിരുന്നു; മാത്രമല്ല, പഞ്ചസാരയോടും മദ്യത്തോടും വല്ലാത്തൊരാർത്തിയും അവൻ പ്രകടിപ്പിച്ചു. എന്തിനു പറയുന്നു, എത്ര തവണ വിലക്കിയിട്ടും പിന്നെയും അവൻ അങ്ങനെയൊരു കളവു നടത്തിയപ്പോൾ തിരിച്ചു വീട്ടിലേക്കയക്കുമെന്നു പറഞ്ഞ് അവനെ ഭീഷണിപ്പെടുത്തി. എന്നിട്ടു ഞാൻ പുറത്തു പോയി; പലവിധ തിരക്കുകൾ കാരണം ദിവസങ്ങൾ കഴിഞ്ഞാണ് ഞാൻ പിന്നെ വീട്ടിലെത്തുന്നത്.
“മടങ്ങിയെത്തുമ്പോൾ ഞാൻ ആദ്യം കാണുന്ന കാഴ്ച്ച എന്റെയാ കുസൃതിക്കാരനായ ആ ജീവിതപങ്കാളി സ്റ്റോർ മുറിയുടെ കഴുക്കോലിൽ തൂങ്ങിനില്ക്കുന്നതാണെന്നു വരുമ്പോൾ എനിക്കുണ്ടായ ഭീതിയും ഞെട്ടലും സങ്കല്പിക്കാവുന്നതാണല്ലോ! അവന്റെ കാലുകൾ നിലത്തു മിക്കവാറും തൊട്ട നിലയിലായിരുന്നു; അവൻ കാലു കൊണ്ടു തട്ടിമാറ്റിയതാണെന്നു വ്യക്തമായ ഒരു കസേര തൊട്ടടുത്തു മറിഞ്ഞുകിടപ്പുണ്ട്; തല വലിഞ്ഞുപിടഞ്ഞ് ഒരു ചുമലിലേക്കു വീണുകിടക്കുന്നു; അവന്റെ വീർത്ത മുഖവും പേടിപ്പിക്കുന്ന വിധം തറച്ചുനോക്കുന്ന കണ്ണുകളും കണ്ടപ്പോൾ അവന് അപ്പോഴും ജീവനുണ്ടെന്ന് ആദ്യമെനിക്കു തോന്നിപ്പോയി. അവനെ താഴെയിറക്കുക നിങ്ങൾ വിചാരിക്കുന്നത്ര എളുപ്പമായിരുന്നില്ല. അവന്റെ ദേഹം തണുത്തുമരവിച്ചുകഴിഞ്ഞിരുന്നു; അവനെ കയറു മുറിച്ചു തറയിലേക്കിടുന്നതിൽ എനിക്കെന്തോ ഒരറപ്പു തോന്നുകയും ചെയ്തു. ഒരു കൈ വച്ച് അവന്റെ ഭാരം മൊത്തം താങ്ങിപ്പിടിച്ചുകൊണ്ട് മറ്റേക്കൈ കൊണ്ട് ഞാൻ കയറു മുറിച്ചു. പക്ഷേ അതോടെ എല്ലാം കഴിഞ്ഞില്ല; ആ പിശാച് കെട്ടിത്തൂങ്ങാൻ ഉപയോഗിച്ചത് നേർത്ത, കട്ടിയുള്ള ഒരു ചരടാണ്; അതവന്റെ കഴുത്തിലെ മാംസത്തിൽ ആഴ്ന്നിറങ്ങിയിരിക്കുകയായിരുന്നു; അവന്റെ കഴുത്ത് സ്വതന്ത്രമാക്കണമെങ്കിൽ വീർത്തുപൊന്തിയ മാംസപാളികൾക്കിടയിലൂടെ ഒരു ചെറിയ കത്രിക കടത്തി മുറിക്കേണ്ടിവരും.
“ഞാൻ സഹായത്തിനു വേണ്ടി ഉറക്കെ വിളിച്ചിരുന്നുവെന്ന കാര്യം ആദ്യം പറയാൻ വിട്ടുപോയി; പക്ഷേ ഒരയല്ക്കാരനും എന്റെ സഹായത്തിനെത്തിയില്ല; അക്കാര്യത്തിൽ അവർ തൂങ്ങിച്ചത്ത ഒരാളുടെ കാര്യത്തിൽ ഇടപെടാതിരിക്കുക എന്ന സംസ്കാരസമ്പന്നരായ മനുഷ്യരുടെ സമ്പ്രദായത്തോട് (അതിന്റെ കാരണമൊന്നും എനിക്കറിയില്ല) നീതി പുലർത്തുകതന്നെ ചെയ്തു. ഒടുവിൽ ഒരു ഡോക്ടർ വന്ന് കുട്ടി മരിച്ചിട്ട് കുറേ മണിക്കൂറുകൾ കഴിഞ്ഞതായി സാക്ഷ്യപ്പെടുത്തുകയും ചെയ്തു. പിന്നീട്, അടക്കാൻ വേണ്ടി അവന്റെ വസ്ത്രങ്ങൾ ഊരിമാറ്റാൻ നോക്കുമ്പോൾ ജഡം അത്രയ്ക്കു മരവിച്ചുപോയതിനാൽ അവന്റെ കൈകാലുകൾ നിവർക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ച്, ഒടുവിൽ തുണികൾ കീറിമുറിച്ചെടുക്കുകയായിരുന്നു.
“സ്വാഭാവികമായും പോലീസിൽ വിവരം അറിയിക്കണമല്ലോ; ഇൻസ്പെക്ടർ ഏറുകണ്ണിട്ട് എന്നെയെന്നു നോക്കിയിട്ടു പറഞ്ഞു: ‘ഇതിലെന്തോ ദുരൂഹതയുണ്ടല്ലോ.’- കുറ്റവാളിയെന്നോ നിരപരാധിയെന്നോ നോക്കാതെ ആരിലും ഭയം ജനിപ്പിക്കാനുള്ള കട്ട പിടിച്ച ആഗ്രഹവും ആ തൊഴിലിന്റെ ശീലവുമായിരുന്നു അതിന്റെ പിന്നിലെന്നതിൽ സംശയമില്ല.
”പരമപ്രധാനമായ ഒരു കർത്തവ്യം അവശേഷിച്ചു: അവന്റെ അച്ഛനമ്മമാരെ വിവരം അറിയിക്കുക; അതോർത്തപ്പോൾത്തന്നെ എന്റെ മനസ്സ് കിടിലം കൊണ്ടുപോയി. എന്റെ കാലുകൾ നടക്കാൻ മടിച്ചു. ഒടുവിൽ എങ്ങനെയോ ഞാൻ ധൈര്യം സംഭരിച്ചു. പക്ഷേ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അമ്മ നിർവ്വികാരയായി നിന്നു; ഒരിറ്റു കണ്ണീരു പോലും അവരുടെ കണ്ണിൽ പൊടിഞ്ഞില്ല. ആ വിചിത്രമായ പെരുമാറ്റത്തിന്റെ കാരണം അവർ അനുഭവിക്കുന്ന കൊടുംശോകത്തിൽ ഞാൻ ആരോപിച്ചു; ഏറ്റവും കടുത്ത ദുഃഖങ്ങൾ നിശ്ശബ്ദമായിരിക്കും എന്ന ചൊല്ലാണ് എനിക്കോർമ്മ വന്നത്. അച്ഛന്റെ കാര്യമാവട്ടെ, ബുദ്ധി മരവിച്ചപോലെയോ ചിന്തയിലാണ്ടപോലെയോ അയാൾ പറഞ്ഞതിതാണ്: ‘ഇങ്ങനെയായത് ഒരുവിധത്തിൽ നന്നായി; എന്തായാലും അവൻ ഗുണം പിടിക്കുമായിരുന്നില്ല!’
“ഈ സമയമായപ്പോഴേക്കും ജഡം എന്റെ കട്ടിലിൽ ഇറക്കിക്കിടത്തിയിരുന്നു; ഞാൻ ഒരു വേലക്കാരന്റെ സഹായത്തോടെ അവസാനത്തെ ഒരുക്കങ്ങൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ അവന്റെ അമ്മ എന്റെ സ്റ്റുഡിയോയിലേക്കു കയറിവന്നു. തന്റെ മകന്റെ ശരീരം ഒന്നു കാണണമെന്ന് അവർ പറഞ്ഞു. തന്റെ ദൗർഭാഗ്യത്തിൽ വ്യാപരിക്കുന്നതിൽ നിന്ന് അവരെ തടുക്കാനോ അന്തിമവും വിഷാദപൂർണ്ണവുമായ ആ സമാശ്വാസം അവർക്കു വിലക്കാനോ സത്യം പറഞ്ഞാൽ എനിക്കു മനസ്സു വന്നില്ല. തന്റെ കുഞ്ഞ് തൂങ്ങിച്ചത്ത ഇടം കാട്ടിക്കൊടുക്കണമെന്നായി പിന്നെ അവരുടെ അപേക്ഷ. ‘അയ്യോ, അതു വേണ്ട, മദാം,’ ഞാൻ പറഞ്ഞു, ‘നിങ്ങൾക്കതു താങ്ങാൻ പറ്റില്ല.’ പക്ഷേ എന്റെ കണ്ണുകൾ ഞാനറിയാതെതന്നെ ആ നശിച്ച മുറിയുടെ കഴുക്കോലിലേക്കു നീങ്ങി; ആണി അതിൽത്തന്നെയുണ്ടെന്നും ചരടിന്റെ ഒരു നീണ്ട കഷണം അതിൽ അപ്പോഴും തൂങ്ങിക്കിടപ്പുണ്ടെന്നും അറപ്പും ഭീതിയും ചേർന്ന ഒരു സമ്മിശ്രവികാരത്തോടെ ഞാൻ ശ്രദ്ധിച്ചു. ഞാൻ അങ്ങോട്ടു കുതിച്ചുചെന്ന് ആ ദുരന്തത്തിന്റെ അവസാനശേഷിപ്പുകൾ പറിച്ചെടുത്ത് ജനാലയിലൂടെ പുറത്തേക്കെറിയാൻ നോക്കുമ്പോൾ ആ സാധുസ്ത്രീ എന്റെ കൈക്കു കടന്നുപിടിച്ച് തടുക്കാൻ പറ്റാത്ത ഒരു സ്വരത്തിൽ ഇങ്ങനെ പറഞ്ഞു: ‘മോസ്യേ, അതെനിക്കു തരണേ! ഞാൻ യാചിക്കുകയാണ്!’ ദുഃഖം കൊണ്ടു നിരാശാതപ്തയായ ആ സ്ത്രീ തന്റെ മകൻ മരിക്കാനുപയോഗിച്ച വസ്തുവിനോടു കാണിക്കുന്ന മമതയായി ഞാൻ അതിനെ വ്യാഖാനിച്ചു; ഭീതിദവും പ്രിയപ്പെട്ടതുമായ ഒരു ശേഷിപ്പായി അതു സൂക്ഷിക്കാൻ അവർക്കാഗ്രഹമുണ്ടാവാം. അവർ ആ ആണിയും ചരടും എന്റെ കയ്യിൽ നിന്നു തട്ടിപ്പറിച്ചെടുത്തു.
“ഒടുവിൽ, ഒടുവിൽ, എല്ലാമൊന്നു കഴിഞ്ഞുകിട്ടി. എന്റെ തൊഴിലിലേക്കു തിരിച്ചുപോവുക എന്നതേ എനിക്കിനി ചെയ്യാൻ ബാക്കിയുള്ളു; എന്റെ തലച്ചോറിന്റെ മടക്കുകളിൽ നിന്നപ്പോഴും ഒഴിഞ്ഞുപോകാതെ, വലിയ കണ്ണുകൾ കൊണ്ടു തുറിച്ചുനോക്കി എന്നെ തളർത്തുന്ന ആ കൊച്ചുജഡത്തെ ഉച്ചാടനം ചെയ്യണമെങ്കിൽ പണ്ടത്തേക്കാൾ ഊർജ്ജസ്വലമായി ഞാൻ പണിയെടുക്കണം. അടുത്ത ദിവസം പക്ഷേ, ഒരു കൂട്ടം കത്തുകൾ എന്റെ പേർക്കു വന്നു: ചിലത് ഞാൻ താമസിക്കുന്ന കെട്ടിടത്തിലെ മറ്റു താമസക്കാരിൽ നിന്ന്, ചിലത് അടുത്ത വീടുകളിൽ നിന്ന്; താഴത്തെ നിലയിൽ നിന്നൊന്ന്, രണ്ടാമത്തെ നിലയിൽ നിന്നു മറ്റൊന്ന്,. ഇനിയൊന്ന് മൂന്നാമത്തെ നിലയിൽ നിന്ന്... അപേക്ഷയുടെ വ്യഗ്രതയെ പരിഹാസത്തിൽ ഒളിപ്പിച്ചുകൊണ്ട് തമാശരൂപത്തിലായിരുന്നു ചിലത്; ഒരു മടിയുമില്ലാതെ നേരിട്ടങ്ങു കാര്യം പറയുന്നതും അക്ഷരത്തെറ്റു നിറഞ്ഞതമായിരുന്നു മറ്റു ചിലത്; എല്ലാ കത്തുകളുടേയും ഉള്ളടക്കം പക്ഷേ, ഒന്നായിരുന്നു: മാരകമായ ആ ഭാഗ്യച്ചരടിന്റെ ഒരു തുണ്ട് തങ്ങൾക്കും വേണം. കത്തയച്ചവരിൽ പുരുഷന്മാരെക്കാൾ സ്ത്രീകളായിരുന്നു കൂടുതൽ എന്നും പറയട്ടെ; സമൂഹത്തിന്റെ താണ പടിയിൽ നില്ക്കുന്നവരായിരുന്നില്ല എല്ലാവരും എന്നു ഞാൻ പറയുന്നതും നിങ്ങൾ വിശ്വസിക്കണം. കത്തുകൾ ഞാൻ സൂക്ഷിച്ചുവച്ചു.
”അപ്പോഴാണ് പെട്ടെന്ന് എന്റെ തലയ്ക്കുള്ളിൽ ഒരു വെളിച്ചം വീശിയത്; ആ അമ്മ എന്റെ കയ്യിൽ നിന്നു ചരടു തട്ടിപ്പറിക്കാൻ വ്യഗ്രത കാട്ടിയതെന്തിനെന്നും എന്തു തരം കച്ചവടം നടത്തിയിട്ടാണ് അവർ സമാശ്വാസം കണ്ടെത്താൻ പോകുന്നതെന്നും എനിക്കപ്പോൾ മനസ്സിലായി.“
(ഒരു യഥാർത്ഥസംഭവത്തെ ആധാരമാക്കിയിട്ടുള്ളതാണ് ഈ കഥ. ചിത്രകാരനായ മാനെ അലക്സാണ്ടർ എന്നൊരു കുട്ടിയെ കൂടെ താമസിപ്പിച്ചിരുന്നു; ചെറിപ്പൂക്കളുമായി നിൽക്കുന്ന കുട്ടി എന്ന ചിത്രത്തിനു മോഡലായതും അവനാണ്; അവൻ മാനേയുടെ സ്റ്റുഡിയോവിൽ വച്ച് തൂങ്ങിച്ചാവുകയും ചെയ്തു..)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ