2021, ഓഗസ്റ്റ് 24, ചൊവ്വാഴ്ച

ബോദ്‌ലേർ - തിന്മയുടെ പൂക്കൾ: ആമുഖങ്ങൾ

 II

ഈ പുസ്തകം എഴുതിയിരിക്കുന്നത് എന്റെ ഭാര്യമാർക്കോ പെണ്മക്കൾക്കോ എന്റെ സഹോദരിമാർക്കോ വേണ്ടിയല്ല; എന്റെ അയല്ക്കാരുടെ ഭാര്യർക്കോ പെണ്മക്കൾക്കോ സഹോദരിമാർക്കോ വേണ്ടിയുമല്ല. നല്ല പ്രവൃത്തികളെ സുന്ദരമായ ഭാഷയുമായി കൂട്ടിക്കുഴയ്ക്കുന്നവർക്ക് ഞാനതു വിട്ടുകൊടുത്തിരിക്കുന്നു. 

ഉത്കൃഷ്ടമായ ശൈലിയുടെ ആരാധകൻ സാമാന്യജനത്തിന്റെ വെറുപ്പിനു സ്വയം നിന്നുകൊടുക്കുകയാണെന്ന് എനിക്കറിയാം; എന്നാൽ ഈ കാലഘട്ടത്തിന്റെ പടുഭാഷ ഉപയോഗിക്കാൻ, അല്ലെങ്കിൽ നന്മയെ ഭാഷയുമായി കൂട്ടിക്കുഴയ്ക്കാൻ മനുഷ്യവർഗ്ഗത്തോടുള്ള ബഹുമാനമോ കപടവിനയമോ ഗൂഢാലോചനയോ സാർവ്വത്രികവോട്ടവകാശമോ ഒന്നും എന്റെ കാര്യത്തിൽ ഒരിക്കലും സമർത്ഥമാകില്ലതന്നെ.

കവിതാദേശത്തിന്റെ കൂടുതൽ പുഷ്പസമൃദ്ധമായ മേഖലകൾ വിശ്രുതരായ ചില കവികൾ പണ്ടേ വീതിച്ചെടുത്തുകഴിഞ്ഞിട്ടുണ്ടല്ലോ. തിന്മയിൽ നിന്നു സൗന്ദര്യം പിഴിഞ്ഞെടുക്കുക എന്നത് രസകരവും കൂടുതൽ ഹൃദ്യവുമായി എനിക്കു തോന്നുന്നു; കാരണം കൂടുതൽ ദുഷ്കരമായ ദൗത്യമാണല്ലോ അത്. അടിസ്ഥാനപരമായി നിരുപയോഗവും തീർത്തും നിഷ്കളങ്കവുമായ ഈ പുസ്തകം ഞാൻ എഴുതിയത് എന്റെതന്നെ മാനസികോല്ലാസത്തിനും ദുഷ്കരമായതു ചെയ്യാനുള്ള എന്റെ ആവേശത്തെ തൃപ്തിപ്പെടുത്താനും മാത്രമാണ്‌.

ഈ കവിതകൾ ഉപദ്രവം ചെയ്തേക്കുമെന്ന് ചിലർ എന്നോടു പറഞ്ഞിരുന്നു; അതിലെനിക്ക് ആഹ്ലാദം തോന്നിയില്ല;  ഗുണം ചെയ്തേക്കുമെന്ന് വേറേ ചില സജ്ജനങ്ങളും പറഞ്ഞു; അതിലെനിക്കു ഖേദം തോന്നിയതുമില്ല. ആദ്യത്തെ കൂട്ടരുടെ പേടിയും രണ്ടാമത്തവരുടെ പ്രതീക്ഷയും എന്നെ ഒരേപോലെ അത്ഭുതപ്പെടുത്തുകയാണു ചെയ്തത്; സാഹിത്യത്തെക്കുറിച്ചുള്ള ക്ളാസ്സിക്കൽ സങ്കല്പങ്ങളെ ഈ കാലഘട്ടം മറന്നുകഴിഞ്ഞുവെന്നതിന്‌ മറ്റൊരു തെളിവായിട്ടാണ്‌ ഞാനതെടുക്കുന്നത്.

പേരുകേട്ട ചില പണ്ഡിതമ്മന്ന്യന്മാർ മനുഷ്യന്റെ സ്വാഭാവികമൂഢതയ്ക്കു വളം വച്ചു കൊടുത്തിട്ടുണ്ടെങ്കിലും എന്റെ രാജ്യം ‘പുരോഗതി’യുടെ പാതയിലൂടെ ഇത്രവേഗത്തിൽ സഞ്ചരിക്കുമെന്ന് ഞാൻ വിശ്വസിക്കരുതായിരുന്നു. ഒരാത്മീയമനുഷ്യന്റെ അവജ്ഞയെ ഹിംസാത്മകമായ വികാരമാക്കുന്നിടത്തോളം ലോകത്തിന്റെ മ്ളേച്ഛത കട്ടപിടിച്ചുപോയിരിക്കുന്നു. എന്നാൽ വിഷത്തിനു പോലും കടന്നുചെല്ലാൻ പറ്റാത്ത രീതിയിൽ അത്രയ്ക്കു തൊലിക്കട്ടിയുള്ള ചില സന്തുഷ്ടാത്മാക്കളുമുണ്ട്.

അസംഖ്യമായ വിമർശനങ്ങൾക്കു മറുപടി നല്കാനും അതേ സമയം ആധുനികപ്രബുദ്ധത തീരെ അസ്പഷ്ടമാക്കിക്കളഞ്ഞ തീർത്തും ലളിതമായ ചില പ്രശ്നങ്ങൾക്കു വിശദീകരണം നല്കാനുമാണ്‌ ഞാൻ ആദ്യം ഉദ്ദേശിച്ചത്. അതായത്, എന്താണ്‌ കവിത? എന്താണതിന്റെ ലക്ഷ്യം? നന്മയും സൗന്ദര്യവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച്; തിന്മയിലെ സൗന്ദര്യത്തെക്കുറിച്ച്; ഏകതാനതയ്ക്കും സമമിതിക്കും ആകസ്മികതയ്ക്കുമുള്ള മനുഷ്യന്റെ അനശ്വരദാഹത്തെ താളവും പ്രാസവും തൃപ്തിപ്പെടുത്തുന്നതെങ്ങനെ എന്നതിനെക്കുറിച്ച്; ശൈലിയെ വിഷയത്തിനനുരൂപമാക്കുന്നതിനെക്കുറിച്ച്; പ്രചോദനം എന്ന പൊങ്ങച്ചത്തെയും അപകടത്തെയും കുറിച്ച്... എന്നാൽ ഇന്നു കാലത്ത് ചില പത്രങ്ങൾ വായിക്കുക എന്ന എടുത്തുചാട്ടത്തിന്‌ ഞാൻ വശംവദനായിപ്പോയി. അതോടെ ഇരുപതന്തരീക്ഷങ്ങളുടെ ഭാരമുള്ള ഒരു ജാഡ്യം എന്റെ മേൽ വന്നുപതിക്കുകയും ആരെയെങ്കിലും എന്തിനെക്കുറിച്ചെങ്കിലും പറഞ്ഞുബോദ്ധ്യപ്പെടുത്തുക എന്നതിലെ ഭയാനകമായ നിരർത്ഥകത എനിക്കഭിമുഖീകരിക്കേണ്ടിവരികയും ആ ഉദ്യമത്തിൽ നിന്ന് ഞാൻ പിന്മാറുകയും ചെയ്തു. അറിയാവുന്നവർക്ക് ഞാൻ എന്താണു പറയുന്നതെന്ന് ഊഹിക്കാൻ കഴിയും; മനസ്സിലാകാത്തവർക്കോ മനസ്സിലാക്കില്ലെന്നു വ്രതമെടുത്തവർക്കോ മുന്നിൽ വിശദീകരണങ്ങൾ കൂന കൂട്ടിയിട്ടു കാര്യവുമില്ല.

III

മനസ്സിലാക്കപ്പെടാതിരിക്കുന്നതിൽ, അല്ലെങ്കിൽ വളരെക്കുറച്ചുമാത്രം മനസ്സിലാക്കപ്പെടുന്നതിൽ എന്തെങ്കിലും മഹത്വമുണ്ടെങ്കിൽ ഈയൊരു ചെറിയ പുസ്തകത്തിലൂടെ ഒറ്റയടിക്ക് എനിക്കതു നേടാനും അതിനർഹനാകാനും കഴിഞ്ഞു എന്ന് വീരവാദമല്ലാതെ എനിക്കു പറയാം. പല പ്രസാധകർക്കും മുന്നിൽ സമർപ്പിക്കപ്പെടുകയും അവർ അറപ്പോടെ നിരസിക്കുകയും തീർത്തും വിചിത്രമായ ഒരു തെറ്റിദ്ധാരണയുടെ ഫലമായി 1857ൽ വിചാരണ ചെയ്യപ്പെടുകയും വെട്ടിമുറിച്ചു വികലമാക്കപ്പെടുകയും പിന്നെ കുറേ വർഷങ്ങളിലെ മൗനത്തിനിടയിൽ സാവധാനം ജീവൻ വീണ്ടെടുക്കുകയും പുതിയ പൊടിപ്പുകൾ വളരുകയും ബലപ്പെടുകയും  എന്റെ താല്പര്യക്കുറവൊന്നുകൊണ്ട് പിന്നെയും അപ്രത്യക്ഷമാവുകയും ചെയ്തതിനു ശേഷം ‘ആധുനികകാലത്തിന്റെ കാവ്യദേവത’യുടെ ഈ അവയവപ്പൊരുത്തമില്ലാത്ത സന്തതി പ്രചണ്ഡമായ ചില മിനുക്കലുകളുടെ ഫലമായ ഒരു നവോല്ലാസത്തോടെ മൂന്നാമതൊരിക്കൽക്കൂടി മൂഢതയുടെ സൂര്യനെ അഭിമുഖീകരിക്കാൻ ധൈര്യപ്പെടുകയാണ്‌.

ഇത് എന്റെ തെറ്റല്ല, പൊതുജനത്തിന്റെ അനിഷ്ടത്തെ നേരിടാനും മാത്രം തനിക്കു കരുത്തുണ്ടെന്നു സ്വയം കരുതുന്ന നിർബ്ബന്ധബുദ്ധിക്കാരനായ ഒരു പ്രസാധകന്റേതാണ്‌.  ‘തന്റെ ജീവിതകാലം മുഴുവൻ ഈ പുസ്തകം ഒരു കളങ്കമായിരിക്കും,’ എന്ന് എന്റെ ഒരു സ്നേഹിതൻ, ഒരു വലിയ കവി, തുടക്കത്തിൽത്തന്നെ പ്രവചിച്ചിരുന്നു. ഞാൻ ഇതുവരെ നേരിട്ട അനർത്ഥങ്ങളെല്ലാം ആ പ്രവചനത്തെ സാധൂകരിക്കുന്നതായിരുന്നു എന്നതും ശരിയാണ്‌. എന്നാൽ വിദ്വേഷം ആസ്വദിക്കുകയും അവജ്ഞയിൽ മതിപ്പു കാണുകയും ചെയ്യുന്ന സ്വഭാവക്കാരനാണു ഞാൻ. മൂഢതയോട് പൈശാചികമെന്നു പറയാവുന്ന  തീവ്രാഭിമുഖ്യമുള്ളതിനാൽ അപവാദക്കാരുടെ തെറ്റിദ്ധരിപ്പിക്കലുകളിൽ എനിക്കൊരു പ്രത്യേകസന്തോഷം തോന്നാറുണ്ട്.  കടലാസ്സു പോലെ നിർമ്മലനും ജലം പോലെ സമചിത്തനും കൂദാശ കൈക്കൊള്ളുന്ന സ്ത്രീയെപ്പോലെ ദൈവഭക്തനും ഒരു ബലിയാടിനെപ്പോലെ നിർദ്ദോഷിയുമായതിനാൽ ഒരു തെമ്മാടിയായി, കുടിയനായി, നാസ്തികനായി, കൊലപാതകിയായി ധരിക്കപ്പെടുന്നതിൽ എനിക്കു വലിയ മുഷിച്ചിലൊന്നും തോന്നുകയില്ല. ഈ പുസ്തകം എന്തുകൊണ്ടാണ്‌, എങ്ങനെയാണ്‌ ഞാൻ എഴുതിയതെന്നും എന്തായിരുന്നു എന്റെ ലക്ഷ്യവും മാർഗ്ഗവുമെന്നും പ്ലാനും രീതിയുമെന്നും വിശദീകരിച്ചാൽ അത് എനിക്കും അയാൾക്കും എന്തെങ്കിലും ഉപകാരം ചെയ്തേക്കുമെന്ന് എന്റെ പ്രസാധകൻ നിർബ്ബന്ധിക്കുന്നു. ഗഹനമായ വചോവിലാസം ഇഷ്ടപ്പെടുന്ന മനസ്സുകൾക്കു അങ്ങനെയൊരു വിമർശനാത്മകസംരംഭത്തിൽ താല്പര്യം തോന്നിയെന്നുവരാം. അങ്ങനെയുള്ളവർക്കായി പിന്നീടൊരിക്കൽ ഞാൻ എഴുതാം, പത്തു കോപ്പി അച്ചടിക്കുകയും ചെയ്യാം. എന്നാൽ രണ്ടാമതൊന്നാലോചിക്കുമ്പോൾ ഇതുമായി എന്തെങ്കിലും ബന്ധമുള്ളവരുടെ കാര്യത്തിൽ അതു തീർത്തും അനാവശ്യമായ ഒരുദ്യമമാണെന്നു വരില്ലേ? കാരണം, അവർക്കെല്ലാം ഇപ്പോഴേ അറിയുന്നതാണത്, അല്ലെങ്കിൽ അനുമാനിക്കാവുന്നതാണ്‌; ശേഷിച്ചവർക്ക് അതൊരിക്കലും മനസ്സിലാവുകയുമില്ല. ഒരു കലാവസ്തുവിനെ സാമാന്യജനത്തിനു വിശദീകരിച്ചുകൊടുക്കാൻ ശ്രമിക്കുന്നത് പരിഹാസ്യമാവുമെന്ന വല്ലാത്തൊരു പേടി എനിക്കുണ്ട്; ഞാൻ അതു വഴി എല്ലാ ഫ്രഞ്ചുകാരെയും ഒരുത്തരവിലൂടെ ഒറ്റയടിക്ക് ധനികരും നന്മ നിറഞ്ഞവരുമാക്കാൻ മോഹിക്കുന്ന ആ ഉട്ടോപ്യന്മാരെപ്പോലെയാകില്ലേ എന്നു ഞാൻ പേടിക്കണം. അതിനെക്കാളൊക്കെ പ്രധാനപ്പെട്ട, നല്ല കാരണം അതെന്റെ മനസ്സിനെ ശല്യപ്പെടുത്തും, എന്നെ ബോറടിപ്പിക്കും എന്നതാണ്‌. ആൾക്കൂട്ടത്തെ, സദസ്സിനെ നമ്മൾ അണിയറയിലേക്കോ വേഷവിധാനങ്ങളെക്കുറിച്ചും രംഗസംവിധാനത്തെക്കുറിച്ചും ചർച്ച ചെയ്യുന്ന വർക്ക്ഷോപ്പുകളിലേക്കോ ക്ഷണിക്കാറുണ്ടോ? നടിമാരുടെ ഡ്രസ്സിങ്ങ് റൂമിലേക്ക്? നമ്മുടെ രംഗസജ്ജീകരണങ്ങൾക്കു പിന്നിലെ മെക്കാനിസം പൊതുജനത്തിന്‌ (ഇന്ന് അത്യുത്സാഹം കാണിക്കുകയും നാളെ ഉദാസീനരാവുകയും ചെയ്യുന്നവർ) നാം കാണിച്ചുകൊടുക്കാറുണ്ടോ? റിഹേഴ്സൽ സമയത്തു നടത്തുന്ന തിരുത്തലുകളേയും മനോധർമ്മപ്രയോഗങ്ങളേയും കുറിച്ച് നാമവർക്കു വിശദീകരിച്ചുകൊടുക്കാറുണ്ടോ? ഏതനുപാതത്തിലാണ്‌ സഹജവാസനയും ആത്മാർത്ഥതയും സൂത്രപ്പണിയും കൃത്രിമങ്ങളുമായി കൂട്ടിച്ചേർത്ത് ഒടുവിൽ കൃതി എന്ന മിശ്രണം തയ്യാറാക്കുന്നതെന്നതെന്ന് നാമവർക്കു വെളിപ്പെടുത്താറുണ്ടോ? സകല പഴന്തുണികളും മുഖം മിനുക്കുന്ന ചായങ്ങളും കപ്പികളും തുടലുകളും തിരുത്തലുകളും കുത്തിക്കുറിച്ച പ്രൂഫുകളും, ചുരുക്കത്തിൽ കല എന്ന അഭയസങ്കേതത്തിനു പിന്നിലുള്ള എല്ലാ ഘോരതകളും, നാം വിളിച്ചുകാട്ടിക്കൊടുക്കാറുണ്ടോ? 

അതിനി എന്തായാലും ഇന്നത്തെ എന്റെ മൂഡ് അങ്ങനെയല്ല. വിശദീകരിക്കാനോ അമ്പരപ്പിക്കാനോ രസിപ്പിക്കാനോ അല്ലെങ്കിൽ പറഞ്ഞു വിശ്വസിപ്പിക്കാനോ ഒരാഗ്രഹവും എനിക്കില്ല. പരിപൂർണ്ണവിശ്രമവും തുടർച്ചയായ രാത്രിയുറക്കവുമാണ്‌ ഞാൻ ആശിക്കുന്നത്. വീഞ്ഞിന്റെയും കറുപ്പിന്റെയും ഉന്മത്താനന്ദങ്ങളെക്കുറിച്ചു ഞാൻ വാഴ്ത്തിപ്പാടിയിട്ടുണ്ടെങ്കിലും ഞാൻ ദാഹിക്കുന്നത് ഭൂമിയിൽ അറിയപ്പെടാത്ത ഒരു പാനീയത്തിനാണ്‌; സ്വർഗ്ഗത്തെ രസായനശാസ്ത്രത്തിനുപോലും എനിക്കെത്തിച്ചുതരാൻ കഴിയാത്തതൊന്ന്; ചേതനയോ മരണമോ ഉത്തേജനമോ നിർമ്മൂലനമോ ഉള്ളിലടക്കാത്ത ഒരു പാനീയം. ഒന്നുമറിയാതിരിക്കുക, ഒന്നും പഠിപ്പിക്കാതിരിക്കുക, ഒന്നും ഇച്ഛിക്കാതിരിക്കുക, ഒന്നും തോന്നാതിരിക്കുക, ഉറങ്ങുക, പിന്നെയുമുറങ്ങുക, ഇന്ന് ഇതുമാത്രമാണ്‌ എന്റെ ആഗ്രഹം. അധമവും വെറുപ്പു തോന്നിക്കുന്നതുമായ ഒരാഗ്രഹം, എന്നാൽ ആത്മാർത്ഥവുമാണത്...

*

(തിന്മയുടെ പൂക്കൾക്ക് ബോദ്‌ലേർ എഴുതാൻ ഉദ്ദേശിച്ച ആമുഖത്തിന്റെ മൂന്നു ഡ്രാഫ്റ്റുകളിൽ നിന്ന്)


അഭിപ്രായങ്ങളൊന്നുമില്ല: