2021, ഓഗസ്റ്റ് 27, വെള്ളിയാഴ്‌ച

ബോദ്‌ലേർ - പ്രയാണം

(മാക്സിം ദു കോമിന്‌)


I

ഭൂപടങ്ങളും തപാൽമുദ്രകളും തലയ്ക്കു പിടിച്ച കുട്ടിക്ക് പ്രപഞ്ചം അവന്റെ വിപുലമായ വിശപ്പിനു തുല്യം തന്നെ. വിളക്കിന്റെ വെളിച്ചത്തിൽ ലോകമെത്ര വിശാലം! ഓർമ്മയുടെ കണ്ണുകളിൽ ലോകമെത്ര പരിമിതം!

ഒരു പ്രഭാതത്തിൽ നാം യാത്രയാകുന്നു, തലയ്ക്കുള്ളിൽ അഗ്നിയുമായി, ഹൃദയം നിറയെ വിദ്വേഷവും ശമനം വരാത്ത തൃഷ്ണകളുമായി, തിരകളുടെ താളത്തിനൊത്തും നമ്മുടെ അനന്തതയെ കടലിന്റെ പരിമിതിയിൽ താരാട്ടിനു വിട്ടും.

ചിലർ അപമാനിതമായ ഒരു ജന്മദേശം വിട്ടു പായുന്നതിൽ സന്തുഷ്ടർ; ചിലർ സ്വന്തം ബാല്യത്തിന്റെ ഘോരതകളിൽ നിന്നു രക്ഷപ്പെടുന്നവർ; ചുരുക്കം ചിലർ ഏതോ സ്ത്രീയുടെ കണ്ണുകളിൽ, അപായപ്പെടുത്തുന്ന പരിമളമുള്ള ഒരു സർസിയുടെ നിഷ്ഠുരശാസനത്തിൽ ജീവിതം തുലച്ച ജ്യോതിഷികൾ. 

മൃഗങ്ങളായി മാറ്റപ്പെടുന്നതൊഴിവാക്കാനായി സ്ഥലരാശി മോന്തി, വെളിച്ചം മോന്തി, ആഗ്നേയാകാശം മോന്തി അവർ ഉന്മത്തരാകുന്നു; കാരുന്ന മഞ്ഞും കരിക്കുന്ന വെയിലും ചുംബനത്തിന്റെ തിണർപ്പുകൾ ക്രമേണ മായ്ച്ചുകളയുന്നു.

എന്നാൽ യഥാർത്ഥസഞ്ചാരികൾ യാത്ര പോകാനായി മാത്രം യാത്ര പോകുന്നവരാണ്‌; ബലൂണുകൾ പോലെ ഭാരം കുറഞ്ഞ ഹൃദയങ്ങളുമായി, തങ്ങളുടെ വിധിയിൽ നിന്നൊരിക്കലും വ്യതിചലിക്കാതെ, എന്തിനെന്നറിയാതെ അവർ പറയുന്നു: ‘നമുക്കു പോകാം!’

തൃഷ്ണകൾക്കു മേഘങ്ങളുടെ രൂപമുള്ളവരാണവർ, പട്ടാളത്തിലാദ്യമായിച്ചേർന്നവൻ പീരങ്കി സ്വപ്നം കാണുന്നപോലെ പരിധിയറ്റ ആനന്ദങ്ങൾ, മാറിമാറിവരുന്ന അപരിചിതാനന്ദങ്ങൾ, മനുഷ്യമനസ്സിനിയും പേരിടാത്ത ആനന്ദങ്ങൾ സ്വപ്നം കാണുന്നവർ.


II

ഭീകരം! കുതിക്കുന്ന പന്തുപോലെയും ചുറ്റുന്ന പമ്പരവും പോലെയാണു നാം; ഉറക്കത്തിൽ പോലും ജിജ്ഞാസ നമ്മെ പീഡിപ്പിക്കുന്നു, സൂര്യന്മാരെ ചാട്ട ചുഴറ്റിപ്പായിക്കുന്ന ക്രൂരനായൊരു മാലാഖയെപ്പോലെ നമ്മെ കറക്കിവിടുന്നു. 

ഉന്നം മാറിമാറിപ്പോകുന്ന വിചിത്രമായ കളി- ഒരിടത്തുമല്ലാത്തതിനാൽ അതെവിടെയുമാകാം! പ്രതീക്ഷ തളരാത്ത മനുഷ്യൻ ഭ്രാന്തനെപ്പോലെ ഓടിയോടി വിശ്രമം തേടുന്നു!

തന്റെ ഇക്കേരിയ തേടുന്ന പായക്കപ്പൽ പോലെയാണ്‌ നമ്മുടെ ആത്മാവ്. കപ്പൽത്തട്ടിൽ നിന്നൊരു ശബ്ദം വിളിച്ചുപറയുന്നു: ‘കണ്ണു തുറന്നുവയ്ക്കൂ!’ പാമരത്തിനു മുകളിൽ നിന്നു മറ്റൊരു ശബ്ദവും ഭ്രാന്തമായി ഉത്സാഹിപ്പിക്കുന്നു: ‘പ്രണയം...ആനന്ദം...മഹത്വം!’ നരകം! അതൊരു പാറക്കെട്ടാണ്‌!

കാഴ്ചയിലേക്കു വരുന്ന ഓരോ തുരുത്തിനേയും വിധി വാഗ്ദാനം ചെയ്ത എൽഡൊറാഡൊ ആയി കാവലാൾ കരുതുന്നു; അപ്പോഴേക്കും മദിരോത്സവത്തിനു തയ്യാറെടുക്കുന്ന ഭാവന പുലരിവെളിച്ചത്തിൽ കാണുന്നതൊരു പാറക്കെട്ടു മാത്രം.

സ്വപ്നദേശങ്ങളെ സ്നേഹിക്കുന്ന ഈ പാവത്താൻ! എവിടെയും അമേരിക്കകൾ കാണുന്ന ഇയാളെ ചങ്ങലയ്ക്കിടണോ, കടലിലെടുത്തെറിയണോ, യാഥാർത്ഥ്യത്തെ പിന്നെയും കയ്പുറ്റതാക്കുന്ന ഈ സ്വപ്നജീവിയെ?

ചെളിക്കുണ്ടിൽ കിടന്ന് ഉജ്ജ്വലസ്വർഗ്ഗങ്ങൾ സ്വപ്നം കാണുന്ന തെണ്ടിയെപ്പോലെയാണയാൾ; ഒരു മെഴുകുതിരിവെട്ടം തിളക്കുന്ന ഏതു ചെറ്റപ്പുരയിലും അയാളൊരു കപ്പുവ ദർശിക്കുന്നു.


III

ആശ്ചര്യപ്പെടുത്തുന്ന സഞ്ചാരികളേ, കടൽ പോലാഴമേറിയ നിങ്ങളുടെ കണ്ണുകളിൽ ഞങ്ങൾ വായിക്കുന്നതെത്ര ഉജ്ജ്വലമായ കഥകൾ! സമ്പന്നമായ ഓർമ്മകളുടെ നിധിപേടകങ്ങൾ തുറക്കൂ, നക്ഷത്രങ്ങളും വായുവും കൊണ്ടു പണിത രത്നാഭരണങ്ങൾ ഞങ്ങൾക്കു കാണിച്ചുതരൂ! 

ആവിയില്ലാതെ, കാറ്റുപായകളില്ലാതെ ഞങ്ങൾക്കു യാത്ര ചെയ്യണം! തടവറകളുടെ മടുപ്പിൽ നിന്നു നിങ്ങൾ ഞങ്ങളെ മോചിപ്പിക്കില്ലേ, കാൻവാസുകൾ പോലെ വലിച്ചുകെട്ടിയ ഞങ്ങളുടെ മനസ്സുകളിലേക്ക് ചക്രവാളം പശ്ചാത്തലമായ നിങ്ങളുടെ ഓർമ്മകൾ പ്രക്ഷേപിച്ചുകൊണ്ട്!

പറയൂ, നിങ്ങൾ കണ്ടതെന്തായിരുന്നു?


IV

‘നക്ഷത്രങ്ങളും തിരമാലകളും ഞങ്ങൾ കണ്ടു; മണല്പരപ്പുകളും ഞങ്ങൾ കണ്ടു. ആഘാതങ്ങളും അപ്രതീക്ഷിതമായ ദുരന്തങ്ങളും പലതുണ്ടായിട്ടും ഇവിടെന്നപോലെ അവിടെയും പലപ്പോഴും ഞങ്ങൾ മടുപ്പറിഞ്ഞിരുന്നു. 

’വയലറ്റുനിറമായ കടലിൽ സൂര്യന്റെ പ്രതാപം, അസ്തമയപ്രഭയിൽ നഗരങ്ങളുടെ പ്രതാപം- മോഹകവർണ്ണങ്ങൾ നിറഞ്ഞ ആകാശത്തേക്കെടുത്തുചാടാൻ അവ ഞങ്ങളുടെ ഹൃദയങ്ങളിൽ ഒരശാന്തതൃഷ്ണയ്ക്കു തിരി കൊളുത്തി.

അതിസമ്പന്നമായ നഗരങ്ങൾക്കും അതിസുന്ദരമായ ഭൂദൃശ്യങ്ങൾക്കുമായില്ല, യാദൃച്ഛികത മേഘങ്ങളിൽ നിന്നു രൂപപ്പെടുത്തുന്നവയോടുള്ള നിഗൂഢാകർഷണത്തിനു കിട നില്ക്കാൻ. തൃഷ്ണ ഞങ്ങളുടെ സ്വസ്ഥത കെടുത്തുകയായിരുന്നു.

‘-ആസ്വാദനം തൃഷ്ണ വളർത്തുന്നു. തൃഷ്ണേ, ആനന്ദം വളക്കൂറു നല്കുന്ന വൃദ്ധവൃക്ഷമേ, നിന്റെ പട്ട കല്ലിക്കുമ്പോൾ നിന്റെ ചില്ലകൾക്ക് സൂര്യനെ അടുത്തുകാണാൻ മോഹം!

നീയെന്നും വളർന്നുകൊണ്ടേയിരിക്കുമോ, സൈപ്രസിനെക്കാളും മുരത്ത നെടിയ മരമേ?- എന്നാലും നിങ്ങളുടെ ദാഹം തീരാത്ത ചിത്രശേഖരത്തിനായി ചില ചിത്രങ്ങൾ ശ്രദ്ധയോടെ ഞങ്ങൾ വരച്ചുവച്ചിരിക്കുന്നു, അകലെ നിന്നു വരുന്നതെന്തും സുന്ദരമെന്നു കരുതുന്ന എന്റെ സഹജീവികളേ!

’ആനമുഖമുള്ള വിഗ്രഹങ്ങൾക്കു മുന്നിൽ ഞങ്ങൾ നമസ്കരിച്ചു; രത്നങ്ങൾ പതിച്ച സിംഹാസനങ്ങൾ; തങ്ങൾ പാപ്പരായി എന്നു നിങ്ങളുടെ ബാങ്കുടമകൾ സ്വപ്നം കാണുന്നത്ര ഐശ്വര്യമുള്ള യക്ഷിക്കഥകളിലേതുപോലത്തെ കൊട്ടാരങ്ങൾ;

‘കണ്ണുകളെ ലഹരി പിടിപ്പിക്കുന്ന വേഷങ്ങൾ; പല്ലിലും നഖത്തിലും ചായമിട്ട സ്ത്രീകൾ, സർപ്പങ്ങൾ ഓമനിക്കുന്ന വിദഗ്ധരായ ഇന്ദ്രജാലക്കാർ.’


V

പിന്നെ, പിന്നെ? പിന്നെന്ത്?


VI

ശിശുസഹജമായ മനസ്സുകളേ! 

സുപ്രധാനമായതു ഞങ്ങൾ മറന്നില്ല; അസ്തിത്വമെന്ന ഗോവണിയുടെ താഴെ നിന്നു മുകളറ്റം വരെ നാശമില്ലാത്ത പാപത്തിന്റെ പ്രദർശനം ഞങ്ങൾ കണ്ടു, തേടിനടക്കാതെതന്നെ: സ്ത്രീ, നികൃഷ്ടയായ അടിമ, ഉദ്ധതയും മൂഢയും, ചിരിക്കാതെ സ്വയം ചമയിക്കുന്നവൾ, അറപ്പില്ലാതെ സ്വയം സ്നേഹിക്കുന്നവൾ; പുരുഷൻ, ദുരാഗ്രഹിയായ സ്വേച്ഛാധിപതി, ആഭാസൻ, ഹൃദയം കല്ലിച്ചവൻ, ആർത്തി തീരാത്തവൻ, അടിമയുടെ അടിമ, ഓടയിലേക്കു തുറന്ന ഓവുചാൽ.

‘സ്വന്തം ജോലി രസിച്ചുചെയ്യുന്ന ആരാച്ചാർ, വിങ്ങിക്കരയുന്ന രക്തസാക്ഷി, ചോര കൊണ്ടു താളിച്ചതും വാസനപ്പെടുത്തിയതുമായ മേളകൾ; ഏകാധിപതികളെ ക്ഷയിപ്പിക്കുന്ന അധികാരവിഷം; മൃതപ്രായമാക്കുന്ന ചാട്ടവാറിനോടു പ്രണയത്തിലായ ആളുകൾ.

’വിശദാംശങ്ങളിൽ നമ്മുടെ മതങ്ങൾ പോലെ തന്നെയായ മതങ്ങൾ, സ്വർഗ്ഗത്തിലേക്കാരോഹണം ചെയ്യുന്ന മതങ്ങൾ; തൂവൽമെത്തയിൽ മലർന്നുകിടക്കുന്ന സുഖാസക്തനെപ്പോലെ ആണികളിലും കുതിരരോമങ്ങളിലും സുഖം തേടുന്ന വിശുദ്ധന്മാർ.

‘ചിലയ്ക്കുന്ന മനുഷ്യവർഗ്ഗം, സ്വന്തം പ്രതിഭ തലയ്ക്കു പിടിച്ചും എന്നുമെന്നപോലെ ഭ്രാന്തു പിടിച്ചും പ്രാണവേദനയുടെ രോഷത്തോടെ ദൈവത്തിനോടലറുന്നു, “എന്റെ പങ്കാളീ, എന്റെ ഉടയോനേ, നീ നശിച്ചുപോകട്ടെ!”

’അത്രയും ബുദ്ധി മന്ദിക്കാത്തവർ, സ്മൃതിനാശത്തിന്റെ ധീരകാമുകർ, വിധി തടുത്തുകൂട്ടിയ പറ്റം വിട്ടോടിപ്പോകുന്നവർ, അവർ കറുപ്പുസത്തിന്റെ വൈപുല്യത്തിൽ അഭയം തേടുന്നു!- ഇതാണ്‌ ഈ ഭൂഗോളത്തിലെവിടെനിന്നും എന്നുമെത്തുന്ന വാർത്തകൾ.‘


VII

ഇതാണ്‌ യാത്രയിൽ നിന്നു കിട്ടുന്ന കയ്ക്കുന്ന ജ്ഞാനം! ആവർത്തനവിരസവും ചെറുതുമായ ലോകം ഇന്നും ഇന്നലെയും നാളെയും എന്നും നമ്മെ നമ്മുടെതന്നെ പ്രതിബിംബം കാട്ടിത്തരുന്നു: മടുപ്പിന്റെ മരുഭൂമിയിൽ ഭീതിയുടെ മരുപ്പച്ച!

നാം ഇവിടം വിട്ടു പോകണോ? ഇവിടെത്തന്നെ നില്ക്കണോ? നിങ്ങൾക്കു നില്ക്കാൻ കഴിയുമെങ്കിൽ നില്ക്കുക, പോകണമെന്നാണെങ്കിൽ പോവുക. ജാഗരൂകനായ ആ മാരകശത്രുവിനെ കബളിപ്പിക്കാനായി ഒരാൾ ഓടുന്നു, മറ്റൊരാൾ ഒളിക്കുന്നു! 

എന്നാൽ കഷ്ടം! ഓടിക്കൊണ്ടേയിരിക്കുന്നവരുണ്ട്, അലയുന്ന ജൂതനെപ്പോലെ, അപ്പോസ്തലന്മാരെപ്പോലെയുള്ളവർ; യാതൊന്നും, ഒരു വാഹനവും ഒരു കപ്പലും അവനെറിയുന്ന വലയിൽ നിന്നവരെ രക്ഷിക്കില്ല. എന്നാൽ വേറേ ചിലരുണ്ട്, സ്വന്തം കളിത്തൊട്ടിൽ വിട്ടിറങ്ങാതെ അവനെ കൊല്ലാനറിയുന്നവർ. 

ഒടുവിൽ നമ്മുടെ നെഞ്ചത്തവന്റെ കാലടി പതിക്കുമ്പോൾ, അപ്പോൾ പ്രതീക്ഷയോടെ നമുക്കാക്രോശിക്കാം: “മുന്നോട്ട്!” പുറംകടലിൽ കണ്ണു നട്ടും കാറ്റത്തു മുടി പാറിച്ചും ഒരിക്കൽ നാം ചൈനയിലേക്കു യാത്രയായതുപോലെ, ഇരുളിന്റെ കടലിലേക്കു നാം യാത്ര തിരിക്കും, ഒരു യുവനാവികന്റെ നെഞ്ചുപിടപ്പോടെ.

 വശ്യവും മാരകവുമായ ആ ശബ്ദങ്ങൾ നിങ്ങൾ കേൾക്കുന്നില്ലേ? അവർ പാടുന്നു: ’ഇതുവഴിയേ! വാസനിക്കുന്ന താമര തിന്നാൻ മോഹിക്കുന്നവരേ. നിങ്ങളുടെ ഹൃദയം കൊതിക്കുന്ന അതിശയക്കനികൾ പറിച്ചുകൂട്ടിയിരിക്കുന്നതിവിടെ. വരൂ, ഈ നിത്യാപരാഹ്നത്തിന്റെ വിചിത്രമാധുര്യത്തിൽ ഉന്മത്തരാകൂ.‘

ആ പ്രേതത്തെ പരിചിതസ്വരം കൊണ്ടു നാം തിരിച്ചറിയുന്നു; നമ്മുടെ പൈലഡീസുമാർ അവിടെ നിന്നു നമ്മുടെ നേർക്കു കൈ നീട്ടുന്നു. ’നിങ്ങളുടെ ഹൃദയത്തിനുന്മേഷമേകാൻ നിങ്ങളുടെ ഇലക്ട്രയുടെ നേർക്കു നീന്തിവരൂ!‘ പണ്ടൊരിക്കൽ നാം കാൽമുട്ടുകൾ ചുംബിച്ചവൾ പറയുന്നു.


VIII

മരണമേ, വൃദ്ധനായ കപ്പിത്താനേ, നേരമായി! നമുക്കു നങ്കൂരമെടുക്കുക! മരണമേ, ഈ ദേശം ഞങ്ങൾക്കു മടുപ്പായി, നമുക്കു യാത്ര പുറപ്പെടുക! ആകാശവും കടലും മഷി പോലെ കറുത്തതാണെങ്കിലും ഞങ്ങളുടെ ഹൃദയങ്ങൾ വെളിച്ചം നിറഞ്ഞതാണെന്നു നിനക്കറിയുന്നതാണല്ലോ. 

നിന്റെ വിഷം പകർന്നൊഴിക്കൂ, അതു ഞങ്ങൾക്കു നവോന്മേഷം പകരട്ടെ! കൊടുംഗർത്തത്തിന്റെ കയങ്ങളിലേക്ക്, അതു സ്വർഗ്ഗമോ നകരമോ ആവട്ടെ, ഞങ്ങൾക്കെടുത്തുചാടണം; അത്രയ്ക്കുഗ്രമാണ്‌ ഞങ്ങളുടെ തലയ്ക്കുള്ളിലാളിക്കത്തുന്ന അഗ്നി. പുതിയതെന്തെങ്കിലും കണ്ടെത്താനായി അജ്ഞാതത്തിന്റെ ഗഹനതയിലേക്ക്!’

*

*മാക്സിം ദു കോം (Maxime du Camp)- ‘യാത്രികൻ’ എന്ന പേരിൽ പുരോഗതിയെ വാഴ്ത്തുന്ന ഒരു കവിതയെഴുതിയ സ്നേഹിതകവി. 

*സർസി (Circe)- ഹോമറുടെ ഒഡീസിയിൽ പുരുഷന്മാരെ പന്നികളാക്കി മാറ്റിയിരുന്ന മന്ത്രവാദിനി

*ഇക്കേരിയ -(Icaria)- ഗ്രീക്ക് പുരാണത്തിൽ ഇക്കാരസ് ആകാശത്തു നിന്ന് കടലിൽ പതിച്ച ഭാഗത്തുള്ള ദ്വീപ്. ഉട്ടോപ്പിയ എന്നർത്ഥം. 

*എൽ ഡൊറാഡോ (El Dorado)- ഇതിഹാസപ്രസിദ്ധമായ സ്വർണ്ണനഗരം.

*കപ്പുവ (Capua)- വിശാലമായ പാതകൾക്കു പേരു കേട്ട പ്രാചീനറോമൻ നഗരം.

*അലയുന്ന ജൂതൻ (The Wandering Jew)- കുരിശേറിയ ക്രിസ്തുവിനെ കളിയാക്കിയതിനാൽ അന്ത്യവിധിയുടെ നാളു വരെയും ലോകമലയാൻ വിധിക്കപ്പെട്ട ജൂതൻ. പതിമൂന്നാം നൂറ്റാണ്ടിൽ പ്രചാരം വന്ന ഒരു മിത്ത്.

*താമര തിന്നാൻ...- ഒഡീസിയിൽ താമരതീനികളുടെ ദേശത്തെത്തിപ്പെടുന്ന യുളീസസ്സിന്റെ ചില നാവികർക്ക് പിന്നെ യാത്ര തുടരാനുള്ള ആഗ്രഹം നഷ്ടപ്പെടുന്നുണ്ട്.

*പൈലഡീസ് (Pylades)- ഗ്രീക്ക് പുരാണത്തിൽ ഒറെസ്റ്റെസിന്റെ സ്നേഹിതൻ; വിശ്വസ്തസൗഹൃദത്തിന്റെ പ്രതീകം.

ഇലെക്ട്ര (Electra)- ഒറെസ്റ്റെസിന്റെ വിശ്വസ്തയായ സഹോദരി



അഭിപ്രായങ്ങളൊന്നുമില്ല: