2021, ഓഗസ്റ്റ് 9, തിങ്കളാഴ്‌ച

ബോദ്‌ലേർ - അപ്പോലോനീ സബാത്തിയേക്ക്

 1857 ആഗസ്റ്റ് 18


പ്രിയപ്പെട്ട മദാം,

എനിക്കു നിങ്ങളെ മറക്കാൻ പറ്റുമെന്ന് ഒരു നിമിഷം പോലും നിങ്ങൾ സംശയിച്ചിട്ടില്ലല്ലോ, അല്ലേ? പുസ്തകം പുറത്തുവന്ന നിമിഷം തന്നെ നിങ്ങൾക്കു വേണ്ടി ഒരു സ്പെഷ്യൽ കോപ്പി ഞാൻ മാറ്റിവച്ചിരുന്നു; അതിന്റെ പുറംചട്ട താൻ അർഹിക്കുന്നതല്ല എന്നു നിങ്ങൾക്കു തോന്നുന്നുണ്ടെങ്കിൽ അതിന്റെ പഴി എനിക്കല്ല, ബൈന്റർക്കാണു പോകേണ്ടത്; കുറച്ചുകൂടി നല്ലതൊന്നു വേണമെന്ന് ഞാനയാളോടു പറഞ്ഞതായിരുന്നു.

എന്റെ പ്രിയപ്പെട്ട ദേവതയ്ക്കു വേണ്ടി എഴുതിയ രണ്ടു കവിതകളിലും (Tout entiere, A celle qui est trop gaie) മറ്റു പലതിനുമൊപ്പം ആ തെമ്മാടികൾ (ഞാനുദ്ദേശിക്കുന്നത് ജഡ്ജിമാർ, വക്കീലന്മാർ തുടങ്ങിയവരെയാണ്‌) കുറ്റം കണ്ടെത്തുകയുണ്ടായി. രണ്ടാമതു പറഞ്ഞതാവട്ടെ, ആ പുസ്തകത്തിലെ ഏറ്റവും നല്ല കവിതയായി ബഹുമാന്യനായ സാന്ത്-ബേവ് വാഴ്ത്തിയതുമാണ്‌. 

എന്റെ ശരിക്കുള്ള കൈപ്പടയിൽ ഇതാദ്യമായിട്ടാണ്‌ ഞാൻ നിങ്ങൾക്കെഴുതുന്നത്. ഈ വ്യവഹാരവും കത്തുകളും കൊണ്ടു തിരക്കു പിടിക്കേണ്ടിവന്നില്ലായിരുന്നെങ്കിൽ (വിചാരണ മറ്റേന്നാളാണ്‌) എന്റെ ഭാഗത്തു നിന്നുണ്ടായ ബാലിശമായ പൊട്ടത്തരങ്ങൾക്ക് നിങ്ങളോടു ക്ഷമ ചോദിക്കാനുള്ള അവസരമായി ഞാൻ ഇതുപയോഗപ്പെടുത്തുമായിരുന്നു. അതെന്തുമാകട്ടെ, ആവശ്യത്തിനു പ്രതികാരം നിങ്ങൾ ചെയ്തുകഴിഞ്ഞില്ലേ, നിങ്ങളുടെ അനിയത്തിയെക്കൊണ്ടു പ്രത്യേകിച്ചും? ആളൊരു ഭയങ്കരി തന്നെ! ഒരു ദിവസം നമ്മളെ ഒരുമിച്ചു കണ്ടപ്പോൾ എന്നെ നോക്കി പൊട്ടിച്ചിരിച്ചുകൊണ്ട് അവൾ പറഞ്ഞതു കേട്ടപ്പോൾ എന്റെ ചോരയോട്ടം നിലച്ചുപോയി: “എന്റെ ചേച്ചിയോട് ഇപ്പോഴും നിങ്ങൾക്കു പ്രേമമാണോ, ഇപ്പോഴും നിങ്ങൾ അതുപോലുള്ള ഗംഭീരൻ കത്തുകൾ അയക്കാറുണ്ടോ?”  അന്നെനിക്കു ബോദ്ധ്യമായി, ഒന്നാമത്, ഒളിക്കാൻ തോന്നിയപ്പോൾ ഞാനതു ചെയ്തത് വേണ്ട വിധത്തിലല്ലെന്ന്; രണ്ടാമത്, നിങ്ങളുടെ സുന്ദരമായ മുഖം അത്ര ദയാമയമായിരുന്നില്ല അപ്പോഴെന്ന്. വഷളന്മാർ “പ്രേമിക്കും,” കവികൾ പക്ഷേ, “വിഗ്രഹാരാധകർ” ആണ്‌; നിത്യസത്യങ്ങൾ ഗ്രഹിക്കാനുള്ള മാനസികഘടനയല്ല നിങ്ങളുടെ അനിയത്തിക്കുള്ളതെന്നും എനിക്കു തോന്നുന്നു.

അതിനാൽ, നിങ്ങൾക്കു തമാശയായി തോന്നാം എന്നുണ്ടെങ്കിലും, ആ അരക്കിറുക്കുകാരിക്ക് രസമായി തോന്നിയ എന്റെ പ്രതിജ്ഞകൾ ഞാൻ ഒന്നുകൂടി ആവർത്തിക്കട്ടെ. ദിവാസ്വപ്നവും സഹതാപവും ബഹുമാനവും അതിന്റെകൂടെ വളരെ ഗൗരവത്തോടെ ചെയ്ത ഒരായിരം ബാലിശമായ പ്രവൃത്തികളും ചേർന്നാൽ ഇതിലധികം കൃത്യമായി നിർവ്വചിക്കാൻ പറ്റാത്ത, ആത്മാർത്ഥമായതൊന്നിന്റെ ഭാഗികമായ ഒരു ധാരണ നിങ്ങൾക്കു കിട്ടും. 

നിങ്ങളെ മറക്കുക എന്നത് എന്റെ ശേഷിക്കുമപ്പുറത്താണ്‌. തനിക്കു പ്രിയപ്പെട്ട ഒരു രൂപത്തിൽ കണ്ണു നട്ടുകൊണ്ട് ആയുസ്സു മുഴുവൻ കഴിച്ചുകൂട്ടിയ കവികളെക്കുറിച്ചു പറഞ്ഞുകേട്ടിട്ടുണ്ട്. വിശ്വസ്തത പ്രതിഭയുടെ ഒരടയാളമാണെന്നുതന്നെ ഞാൻ ഉറച്ചുവിശ്വസിക്കുന്നു. ഞാൻ സ്വപ്നം കാണുകയും മനസ്സിൽ കൊണ്ടുനടക്കുകയും ചെയ്യുന്ന ഒരു രൂപം മാത്രമല്ല നിങ്ങൾ- നിങ്ങൾ എന്റെ അന്ധവിശ്വാസമാണ്‌. വിഡ്ഢിത്തമായിട്ടെന്തെങ്കിലും ചെയ്യുമ്പോൾ ഞാൻ സ്വയം ചോദിക്കാറുണ്ട്: “ദൈവമേ, അവൾ ഇതറിഞ്ഞാൽ എന്തു കരുതും?” നല്ലതെന്തെന്തെങ്കിലും ചെയ്താൽ ഞാൻ സ്വയം പറയും: “എന്നെ ആത്മീയമായി അവളിലേക്കു കൂടുതൽ അടുപ്പിക്കുന്നതാണത്!”

നിങ്ങളെ കാണുക എന്ന സന്തോഷം എനിക്കുണ്ടായ ഒടുവിലത്തെ ആ അവസരം! നിങ്ങളുടെ കണ്ണിൽ പെടാതിരിക്കാൻ ഞാൻ എന്തുമാത്രം ശ്രദ്ധിച്ചിരുന്നെന്നോ! ഞാൻ സ്വയം പറഞ്ഞു: “ഈ വണ്ടി അവൾക്കു വേണ്ടിയാണ്‌ കാത്തുകിടക്കുന്നതെങ്കിൽ ഞാൻ മറ്റൊരു വഴിയിലൂടെ പോകുന്നതാവും നല്ലത്.” അപ്പോഴാണ്‌, എന്നെ വശീകൃതനാക്കുകയും എന്നെ ചീന്തിയെറിയുകയും ചെയ്യുന്ന ആ അരുമസ്വരത്തിൽ “ഗുഡ് ഈവനിംഗ്!” യാത്രയിലുടനീളം നിങ്ങളുടെ സ്വരത്തിൽ “ഗുഡ് ഈവനിംഗ്” എന്നാവർത്തിച്ചുകൊണ്ട് ഞാൻ അവിടെനിന്നു പോയി. 

എന്റെ ജഡ്ജിമാരെ പോയ വ്യാഴാഴ്ച്ച ഞാൻ കണ്ടിരുന്നു. അവർക്കു സൗന്ദര്യമില്ല എന്നല്ല ഞാൻ പറയുക. അറപ്പു തോന്നുന്ന വിധം വിരൂപികളാണവർ; അവരുടെ ആത്മാവുകൾ ആ മുഖങ്ങൾ പോലെതന്നെയാവണം. ഫ്ലാബേറിന്‌ തന്റെ പക്ഷത്ത് ചക്രവർത്തിനി ഉണ്ടായിരുന്നു. എന്നെ പിന്തുണയ്ക്കാൻ ഒരു സ്ത്രീയുമില്ല. നിങ്ങളുടെ ബന്ധങ്ങളും എനിക്കു പിടുത്തം കിട്ടാത്ത മാർഗ്ഗങ്ങളും ഉപയോഗിച്ച് അവരുടെ ആ കട്ടിത്തലയോടുകൾക്കുള്ളിലേക്ക് വിവേകപൂർണ്ണമായ ഒരു ചിന്ത കടത്തിവിടാൻ നിങ്ങൾക്കു കഴിഞ്ഞേക്കുമെന്ന ഒരു വിചിത്രമായ ചിന്ത കുറച്ചു ദിവസം മുമ്പ് എനിക്കുണ്ടായി.

മറ്റേന്നാൾ, വ്യാഴാഴ്ച്ച, കാലത്താണ്‌ വാദം തുടങ്ങുന്നത്. ആ സത്വങ്ങളുടെ പേരുകൾ ഇങ്ങനെയാണ്‌:

പ്രസിഡന്റ്: ദ്യുപാട്ടി

സ്റ്റേറ്റ് അഡ്വൊക്കേറ്റ്: പിനാ (അപകടകാരി)

ജഡ്ജിമാർ: ഡെലേവോ, ദ് പൊന്റൊൺ ഡമിക്കോ, നക്കാർട്ട്

ആറാം കോടതി.

ഈ നിസ്സാരകാര്യങ്ങളെല്ലാം ഒരു വശത്തേക്കെനിക്കു മാറ്റിവയ്ക്കണം. ഒരാൾ നിങ്ങളെക്കുറിച്ചു ചിന്തിക്കുന്നുണ്ടെന്നും അയാളുടെ ചിന്തകൾ ഒരുവിധത്തിലും നിസ്സാരമല്ലെന്നും നിങ്ങളുടെ വിദ്വേഷം നിറഞ്ഞ ഉല്ലാസപ്രകൃതത്തോട് അയാൾക്കു ചെറുതായൊരു വിരോധമുണ്ടെന്നും ഓർക്കുക. 

ഞാൻ പറഞ്ഞ രഹസ്യങ്ങളൊന്നും വെളിയിലേക്കു പോകരുതെന്ന് ആത്മാർത്ഥതയോടെ അപേക്ഷിക്കുന്നു. നിങ്ങൾ എന്റെ കൂട്ടാളിയാണ്‌, എന്റെ രഹസ്യമാണ്‌. ഇത്രകാലം എന്റെ ചോദ്യങ്ങൾക്ക് ഞാൻ തന്നെ ഉത്തരം നല്കിയിരുന്ന ഈ അടുപ്പമാണ്‌ അനൗപചാരികമായ സ്വരത്തിൽ നിങ്ങൾക്കെഴുതാൻ എന്നെ ധൈര്യവാനാക്കിയത്.

വിട, പ്രിയപ്പെട്ട ലേഡീ, എത്രയുമാരാധനയോടെ ഞാൻ നിങ്ങളുടെ കൈകളിൽ ചുംബിക്കുന്നു.

പിൻകുറിപ്പ്: പേജ് 84നും 105നുമിടയിലുള്ള കവിതകളെല്ലാം നിങ്ങൾക്കുള്ളതാണ്‌.


അഭിപ്രായങ്ങളൊന്നുമില്ല: