2021, ഓഗസ്റ്റ് 10, ചൊവ്വാഴ്ച

ബോദ്‌ലേർ - അമ്മയ്ക്ക്

1851 ആഗസ്റ്റ് 30

...ഞാൻ വളരെ ഉത്കണ്ഠാകുലനും വളരെ വിഷാദവാനുമാണ്‌. തീരെ ബലം കെട്ട ഒരു ജീവിയാണ്‌ മനുഷ്യൻ എന്നു സമ്മതിക്കണം; കാരണം, നന്മയിൽ ശീലത്തിന്‌ വലിയൊരു പങ്കാണല്ലോ ഉള്ളത്. 

ജോലി പുനരാരംഭിക്കുന്നതിൽ അവിശ്വസനീയമായ ബുദ്ധിമുട്ടുകളാണ്‌ എനിക്കുണ്ടായത്. ശരിക്കു പറഞ്ഞാൽ ആ ‘പുനഃ’ വെട്ടിക്കളയണമെന്ന് എനിക്കു തോന്നുന്നു; കാരണം, ഞാൻ തുടങ്ങിയിട്ടുതന്നെയില്ലല്ലോ! എത്ര വിചിത്രമാണിത്! യുവാവായ ബൽസാക്ക് എഴുതിയതു ചിലത് കുറച്ചു നാൾ മുമ്പ് എന്റെ കയ്യിൽ കിട്ടിയിരുന്നു. ജീനിയസ്സായ ഈ മനുഷ്യൻ ചെറുപ്പത്തിലെഴുതിയത് എത്ര വിലക്ഷണവും ബാലിശവും ബുദ്ധിഹീനവുമായിരുന്നെന്ന് നമുക്കു സങ്കല്പിക്കാൻതന്നെ പറ്റില്ല. എന്നിട്ടും വിപുലമായ ഭാവനയും ചേതനയും സ്വരൂപിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. പക്ഷേ അദ്ദേഹം എപ്പോഴും ജോലി ചെയ്യുകയായിരുന്നു! പ്രയത്നത്തിലൂടെ പണം മാത്രമല്ല, തർക്കമറ്റ പാടവം കൂടി കൈവരിക്കാമെന്നത് എത്ര ആശ്വാസജനകമാണ്‌! എന്നാൽ മുപ്പതായപ്പോഴേക്കും ബൽസാക്ക് നിരന്തരപ്രയത്നം എന്ന ശീലം സ്വന്തമാക്കിയിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു; എന്നാൽ ഇന്നാൾ വരെ എനിക്കദ്ദേഹവുമായി പൊതുവായിട്ടുള്ളത് കടങ്ങളും ബാക്കിയായ പദ്ധതികളും മാത്രം.

എനിക്കു ശരിക്കും ഒരു സന്തോഷവുമില്ല. അടുത്ത മാസം ഞാൻ അയക്കുന്ന സുപ്രധാനമായ ഒരു കൃതി സന്തോഷത്തോടെ, അല്ലെങ്കിൽ ഒരമ്മയുടെ കണ്ണുകളോടെ, അമ്മയ്ക്കു വായിക്കാം. പക്ഷേ ആകെക്കൂടി അതൊരു ശോച്യമായ എഴുത്താണ്‌. അത്ഭുതപ്പെടുത്തുന്ന ചില പേജുകൾ തീർച്ചയായും അതിൽ കണ്ടെത്താം; പിന്നെയുള്ളതൊക്കെ ഒരു കെട്ട് വൈരുദ്ധ്യങ്ങളും ആത്മഗതങ്ങളും മാത്രമാണ്‌. വ്യുല്പത്തിയുടെ കാര്യമാകട്ടെ, അതിന്റെ ഒരു പ്രതീതി ഉണ്ടെന്നു മാത്രം. പിന്നെ? പിന്നെന്താണ്‌ എനിക്കു കാണിച്ചുതരാനുള്ളത്? കവിതകളുടെ ഒരു സമാഹാരമോ? കുറച്ചു കൊല്ലം മുമ്പാണെങ്കിൽ ഒരാൾക്കു പേരെടുക്കാൻ അതു മതിയാവുമായിരുന്നു എന്നെനിക്കറിയാം. സകല പിശാചുക്കളെക്കൊണ്ടും ഒച്ചയെടുപ്പിക്കാൻ അതിനു കഴിഞ്ഞേനെ. എന്നാലിപ്പോൾ അവസ്ഥയും സാഹചര്യവുമൊക്കെ മാറിക്കഴിഞ്ഞു...ഞാൻ ഒരുപാടു ചിന്തിച്ചുകൂട്ടുന്നുവെന്ന്, സത്യസന്ധമോ ലളിതമോ ആയതെന്തെങ്കിലും സൃഷ്ടിക്കാൻ കഴിയാത്ത രീതിയിൽ അത്രയധികം ഞാൻ വായിച്ചുകൂട്ടി എന്ന് എനിക്കു ചിലപ്പോൾ തോന്നാറുണ്ട്. ഒരുപാടറിവെനിക്കുണ്ട്, എന്നാൽ മുഷിഞ്ഞുപണിയെടുക്കൽ എനിക്കു പറഞ്ഞതല്ല. എന്തായാലും, ഒരുപക്ഷേ ഒരാഴ്ചയ്ക്കുള്ളിൽ, ഞാൻ ആത്മവിശ്വാസവും ഭാവനയും നിറഞ്ഞവനായെന്നുവരാം. ഇതെഴുതിക്കൊണ്ടിരിക്കെ ഞാൻ ചിന്തിക്കുകയാണ്‌, ഒരു കാരണവശാലും ഇതെല്ലാം ഞാനൊരു സുഹൃത്തിനോടു കുമ്പസാരിക്കാൻ പോകുന്നില്ല.



1862 ആഗസ്റ്റ് 11. ഞായറാഴ്ച

എന്റേതുപോലെ ഇത്ര തുണ്ടം തുണ്ടമായിപ്പോയ ഒരു ജീവിതത്തിന്‌ അധികം ഉദാഹരണങ്ങളുണ്ടാവില്ല എന്നാണെന്റെ വിശ്വാസം; അതെനിക്ക് ഒട്ടും സന്തോഷം നല്കുന്നില്ല എന്നതാണ്‌  തീർച്ചയായും കൗതുകരം. എനിക്കെന്നോടു തന്നെയുള്ള, എന്റെ ഹതാശയോടുള്ള, എന്റെ സ്വപ്നങ്ങളോടുള്ള അസാധാരണമായ മല്ലപിടുത്തങ്ങളെക്കുറിച്ച് അമ്മയോടു പറയാൻ എനിക്കാഗ്രഹമില്ല (അതിനെനിക്കു സമയവുമില്ല). അതുപോലെ എനിക്കു താല്പര്യമുള്ള ഒരേയൊരു ജീവി അമ്മ മാത്രമാണെന്ന് ഒരു നൂറാമത്തെ തവണ ആവർത്തിക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ അങ്ങനെ പറഞ്ഞതിനാൽ അമ്മ അതു വിശ്വസിക്കണമെന്നും എനിക്കു തോന്നുന്നു. ഗൗരവത്തോടെ തീരുമാനമെടുക്കേണ്ട ഒരു പ്രതിസന്ധിയിലാണ്‌, ഒരു ഘട്ടത്തിലാണു ഞാനെന്ന് എനിക്കൊരു തോന്നൽ വന്നിരിക്കുന്നു; എന്നു പറഞ്ഞാൽ ഞാൻ ഇതേവരെ ചെയ്തതിനെല്ലാം നേർവിരുദ്ധമായ രീതിയിൽ പ്രവർത്തിക്കുക; കീർത്തിയെ മാത്രം സ്നേഹിക്കുക; നിരന്തരമായ പ്രയത്നത്തിൽ, പ്രതിഫലത്തെക്കുറിച്ചുള്ള പ്രതീക്ഷ പോലുമില്ലാതെ, ഏർപ്പെടുക; ആനന്ദത്തിന്റെ സകല രൂപങ്ങളേയും അടിച്ചമർത്തുക; മഹത്വത്തിന്റെ ഒന്നാന്തരം ദൃഷ്ടാന്തമായി മാറുക. ഒടുവിലായി, ചെറിയൊരു സമ്പാദ്യം സ്വരൂപിക്കാൻ കൂടി ശ്രമിക്കുക. പണത്തെ സ്നേഹിക്കുന്നവരെ ഞാൻ വെറുക്കുന്നു; എന്നാൽ എന്റെ വാർദ്ധക്യത്തിൽ ദാസ്യവും ദാരിദ്ര്യവും സഹിക്കേണ്ടിവരുന്നതിനെ ഞാൻ അങ്ങേയറ്റം പേടിക്കുകയും ചെയ്യുന്നു.

31ന്‌, 1ന്‌, 2ന്‌, അല്ലെങ്കിൽ 3ന്‌ ഞാൻ എത്തും, എന്നുപറഞ്ഞാൽ വീട്ടിലെത്തും. മാസാവസാനമാകുമ്പോഴേക്കും മനുഷ്യമുഖങ്ങളുടെ ബീഭത്സതയിൽ നിന്നോടിയൊളിക്കാൻ എനിക്കു പറ്റുമെന്നു ഞാൻ കരുതുന്നു. പാരീസ് സമൂഹം എന്തുമാത്രം തരം താണിരിക്കുന്നുവെന്നു പറഞ്ഞാൽ അമ്മയ്ക്കു വിശ്വാസം വരില്ല. പണ്ടെനിക്കറിവുള്ള വശ്യവും ദയാർദ്രവുമായ ആ ലോകമല്ല ഇന്നത്; ചിത്രകാരന്മാർക്കൊന്നുമറിയില്ല, എഴുത്തുകാർക്കൊന്നുമറിയില്ല, അക്ഷരത്തെറ്റു കൂടാതെ എഴുതാൻ പോലുമറിയില്ല. ഞാനൊരു കിഴവനാണ്‌, മമ്മിയാണ്‌, മറ്റുവരെപ്പോലെ അത്ര അജ്ഞനല്ല ഞാനെന്നതിനാൽ എല്ലാവരും എന്നെ വെറുക്കുകയും ചെയ്യുന്നു. എന്തൊരു ജീർണ്ണത! ഫ്ലോബേർ,      സാന്ത് ബേവ് (Sainte-Beuve, d'Aurevilly ഇവരല്ലാതെ ആരോടും ഒത്തുപോകാൻ എനിക്കു കഴിയുന്നില്ല; ചിത്രകലയെക്കുറിച്ചു ഞാൻ പറയുന്നത് തിയോഫിൽ ഗോതിയേക്കല്ലാതെ ആർക്കും മനസ്സിലാകുന്നില്ല. എനിക്ക്, ഞാൻ ആവർത്തിക്കുന്നു, ജീവിതത്തോടു വെറുപ്പും പേടിയുമാണ്‌; മനുഷ്യമുഖത്തു നിന്ന്, എന്തിലുമുപരി പാരീസിലെ മുഖങ്ങളിൽ നിന്ന്, എനിക്കോടിപ്പോകണം.

les Miserables തീർച്ചയായും കിട്ടിക്കാണുമല്ലോ. അവജ്ഞ പോലും അർഹിക്കാത്തതും മൂഢവുമാണ്‌ ആ പുസ്തകം. അതിന്റെ കാര്യത്തിൽ നുണ പറയാനുള്ള വലിയൊരു കഴിവ് ഞാൻ കാണിച്ചു. എന്റെ ലേഖനത്തിനുള്ള നന്ദിയായി തീർത്തും പരിഹാസ്യമായ ഒരു കത്ത് അദ്ദേഹം എനിക്കെഴുതി. മഹാനായ ഒരാൾ വിഡ്ഢിയുമാകാമെന്നതിന്‌ അതു തെളിവാണ്‌.



 1865 ജനുവരി 1, ഞായറാഴ്ച

എന്റെ പ്രിയപ്പെട്ട അമ്മേ,

എനിക്കമ്മയെക്കുറിച്ചോർക്കാനും ഇത്രയും കൊല്ലങ്ങളായി ഞാൻ എന്റെ മേൽ കൂട്ടിവച്ച കടമകളേയും ചുമതലകളേയും കുറിച്ചോർക്കാനും ഈ ദിവസത്തിന്റെ, ഒരു കൊല്ലത്തെ ദിവസങ്ങളിൽ വച്ചേറ്റവും വ്യസനകരമായ ഈ ദിവസത്തിന്റെ ഗൗരവം എനിക്കാവശ്യമില്ല. എന്റെ ഒന്നാമത്തെ കടമ, വാസ്തവത്തിൽ ഒരേയൊരു കടമ, അമ്മയെ സന്തോഷവതിയാക്കുക എന്നതാണ്‌. ഞാൻ നിരന്തരം അതുതന്നെ ആലോചിച്ചിരിക്കുന്നു. അതു സഫലമാക്കുക എന്നത് എന്നെങ്കിലും എന്നെക്കൊണ്ടാകുമോ?

ദൈവം ആ സാദ്ധ്യത പെട്ടെന്നൊരിക്കൽ എന്നിൽ നിന്നെടുത്തു മാറ്റിയാലോ എന്ന് ചിലപ്പോൾ ഒരു നടുക്കത്തോടെ ഞാൻ ചിന്തിച്ചുപോകാറുണ്ട്. ആദ്യം തന്നെ ഞാൻ വാക്കു തരട്ടെ, ഇക്കൊല്ലം സഹായത്തിനുള്ള ഒരാവശ്യവും അമ്മ എന്നിൽ നിന്നു സഹിക്കേണ്ടിവരില്ല. എന്തൊക്കെ പരാധീനതകളാണ്‌ ഞാൻ അമ്മയുടെ മേൽ കെട്ടിയേല്പിച്ചിരിക്കുന്നതെന്നോർക്കുമ്പോൾ എന്റെ മുഖം ചുവന്നുപോകുന്നു. കുറച്ചു പണം തിരിച്ചുതരാൻ പോലും ഇക്കൊല്ലം ഞാൻ നോക്കുന്നുണ്ട്. ഈ പുതുവർഷത്തിന്റെ ഒരു ദിവസം പോലും ജോലിയെടുക്കാതെ കടന്നുപോകില്ല എന്നും ഞാൻ വാക്കുതരുന്നു. തീർച്ചയായും ഒടുവിൽ പ്രതിഫലം വന്നുതന്നെയാവണം.

എന്റെ മനസ്സു നിറയെ ഇരുണ്ട ചിന്തകളാണ്‌. ഒരു തടസ്സവുമില്ലാതെ ഓരോ ദിവസവും സ്വന്തം ജോലി ചെയ്യുക എന്നത് എത്ര ദുഷ്കരമാണ്‌! എത്ര ബുദ്ധിമുട്ടാണ്‌, ഒരു പുസ്തകം മനസ്സിൽ രൂപപ്പെടുത്താൻ മാത്രമല്ല, മടുപ്പില്ലാതെ അതെഴുതാൻ, ഓരോ ദിവസത്തേക്കും വേണ്ട ധൈര്യം സംഭരിക്കാൻ! ഇത്രയും കാലമായി എന്റെ മനസ്സിലുള്ളതെല്ലാറ്റിനും കൂടി ശുഷ്കാന്തിയോടെ ജോലി ചെയ്താൽ പതിനഞ്ചു മാസത്തിലധികം വേണ്ട എന്നു ഞാൻ കണക്കാക്കിയിട്ടുണ്ട്. എത്ര തവണ ഞാൻ എന്നോടുതന്നെ പറഞ്ഞിരിക്കുന്നു, ‘എന്റെ ആത്മവിശ്വാസക്കുറവ്, മോശം കാലാവസ്ഥ, എന്റെ പേടികൾ, എന്റെ കടക്കാർ, എന്റെ ഏകാന്തതയുടെ മടുപ്പ് ഇതെല്ലാമിരിക്കെത്തന്നെ ധൈര്യം സംഭരിക്കൂ! നിനക്കതിനുള്ള പ്രതിഫലം കിട്ടും!’ എത്ര തവണയാണ്‌ ദൈവമെനിക്ക് പതിനഞ്ചു മാസങ്ങൾ മുമ്പേറു തന്നത്; എന്നിട്ടെത്ര തവണയാണ്‌, ഇപ്പോൾപ്പോലും, എന്റെ പദ്ധതികൾക്ക് ഞാൻ മുടക്കം വരുത്തിയത്. ശരിയാക്കേണ്ടതൊക്കെ ശരിയാക്കാനുള്ള സമയം (അതിനുള്ള ധൈര്യം എനിക്കുണ്ടെങ്കിൽ) എനിക്കു കിട്ടുമോ? അഞ്ചോ ആറോ കൊല്ലം എനിക്കു മുന്നിലുണ്ടെന്നെങ്കിലും എനിക്കുറപ്പുണ്ടായിരുന്നെങ്കിൽ! എന്നാൽ ആർക്കാണതിനെക്കുറിച്ചുറപ്പു പറയാൻ പറ്റുക? ഇപ്പോൾ എന്നെ ബാധിച്ചിരിക്കുന്ന ചിന്ത അതാണ്‌; മരണത്തെക്കുറിച്ചുള്ള ചിന്ത; അതിന്റെ കൂടെയുള്ളത് വെറും പേടിയല്ല, കാരണം, അത്രധികം അനുഭവിച്ചതിനാലും അത്രയധികം ശിക്ഷ കിട്ടിയതിനാലും കുറേയധികം ഇളവിനു ഞാനർഹനാണ്‌; മരണം എനിക്കു സഹിക്കാൻ പറ്റാത്തത് എന്റെ മനസ്സിലുള്ള പദ്ധതികളെയൊക്കെ അത് നിശ്ശേഷം നശിപ്പിക്കും എന്നുതുകൊണ്ടാണ്‌, ഈ ലോകത്ത് എനിക്കു ചെയ്യാനുള്ളതിന്റെ മൂന്നിലൊന്നുപോലും ഞാൻ ചെയ്തുകഴിഞ്ഞിട്ടില്ല എന്നതുകൊണ്ടാണ്‌.

കയ്യിൽ പണമൊന്നുമില്ലാതെ പാരീസിൽ ജീവിക്കാൻ, ആറേഴു ദിവസത്തേക്കെങ്കിലും പാരീസിൽ (എന്റെ നരകത്തിൽ) ഒന്നിറങ്ങാൻ പോലും എനിക്കെന്തു പേടിയാണെന്ന് അമ്മ ഊഹിച്ചിട്ടുണ്ടാകും. ചില കടക്കാരുടെ കാര്യത്തിലെങ്കിലും വ്യക്തമായ ഒരുറപ്പു കൊടുക്കേണ്ടിവരും. മതിപ്പോടെയല്ലാതെ എനിക്കു ഫ്രാൻസിലേക്കു മടങ്ങേണ്ട. ശ്രദ്ധ പതറിക്കുന്നതെന്തിനേയും ഒഴിവാക്കാൻ പ്രവാസം എന്നെ പഠിപ്പിച്ചുകഴിഞ്ഞു. തടസ്സമില്ലാതെ ജോലി ചെയ്യുന്നതിനാവശ്യമായ ഊർജ്ജമാണ്‌ എനിക്കില്ലാത്തത്. അതുണ്ടായിക്കഴിഞ്ഞാൽ ആത്മാഭിമാനവും മനസ്സമാധാനവും എനിക്കു കിട്ടും.

അക്കാര്യത്തിൽ എനിക്കു ശുഭപ്രതീക്ഷയുമുണ്ട്. എന്റെ സാഹിത്യസംബന്ധമായ കാര്യങ്ങൾ നോക്കാൻ പാരീസിൽ ഒരാളെ ഞാൻ  ഏർപ്പെടുത്തിക്കഴിഞ്ഞു; ആ വിഷയത്തിൽ ചില നല്ല വാർത്തകൾ അധികം വൈകാതെ എനിക്കമ്മയോടു പറയാനുണ്ടാകും; ആളുകൾ എന്നെ ശ്രദ്ധിച്ചുതുടങ്ങിയിട്ടുണ്ട് എന്നാണെന്റെ വിശ്വാസം.

പ്രസിദ്ധീകരിക്കാൻ തയാറാക്കിയിട്ടുള്ളവയുടെ വിശദാംശങ്ങൾ അമ്മയ്ക്കറിയാമല്ലോ; ഹാ, എത്ര പതുക്കെയാണെല്ലാം!

1. Historires grotesques et seriesus. (പുതുവർഷത്തിന്റെ കോലാഹലം കഴിഞ്ഞാൽ അതു പുറത്തുവരും. മൈക്കൽ ഒരു കോപ്പി അയച്ചുതരും.)
2. Fleurs du mal (വിപുലീകരിച്ചത്)
3. Spleen de Paris 
4. Paradis Artificielles
5. Mes Contemporains
6. Pauvre Belgique

(അവസാനം പറഞ്ഞ മൂന്നിന്റെ കാര്യത്തിലാണ്‌ പാരീസിൽ നിന്നുള്ള മറുപടിക്ക് ഞാൻ ഉത്കണ്ഠയോടെ കാത്തിരിക്കുന്നത്.)

നോവെല്ല പരമ്പരയുടേയും Mon cœur mis à nu  (മലർക്കെത്തുറന്ന ഹൃദയം)വിന്റെയും കാര്യമാണെങ്കിൽ, അമ്മയുടെ ഒപ്പമായിരിക്കുമ്പോൾ ഞാനതെഴുതും. മാതൃസ്നേഹത്തിന്റെ മഹനീയദിനങ്ങളായിരിക്കും അവ. അകാലവാർദ്ധക്യത്തിന്റെ ദിനങ്ങളായിരിക്കില്ല അവയെന്നു ഞാൻ ആശിക്കട്ടെ!

അമ്മയുടെ ആരോഗ്യത്തെക്കുറിച്ച് വിശദമായി എഴുതാൻ ഞാൻ യാചിക്കുന്നു. ജലദോഷം? കാലുകളിലേയും മുതുകത്തേയും ബലക്ഷയത്തെക്കുറിച്ച് കഴിഞ്ഞ കത്തുകളിൽ എഴുതിയിരുന്നല്ലോ, അതെന്താണ്‌?

എനിക്കെല്ലാം വിശദമായി അറിയണം. ഇതാദ്യമായിട്ടാണ്‌ അമ്മയ്ക്ക് ഇങ്ങനെയൊന്നു വരുന്നതെന്നു തോന്നുന്നു; കാരണം, ഇതിനെക്കുറിച്ച് മുമ്പെഴുതിയിട്ടേയില്ലല്ലോ. എയ്മി* ഇപ്പോഴും നന്നായി നോക്കുന്നുണ്ടല്ലോ, അല്ലേ?

സ്വന്തം അമ്മയെ അല്ലാതെ മറ്റാരെയും സ്നേഹിക്കാത്ത ഒരു കുഞ്ഞിന്റെ അടക്കവയ്യാത്ത വികാരത്തോടെ ഞാൻ അമ്മയെ കെട്ടിപ്പിടിക്കുന്നു.

അമ്മയ്ക്കിഷ്ടപ്പെടുന്ന ഒന്നുരണ്ടു ചെറിയ സാധനങ്ങൾ ഞാൻ കൊണ്ടുവരാം.

ചാൾസ്

*എയ്മേ (Aimee)- മദാം ഓപിക്കിന്റെ പരിചാരിക


അഭിപ്രായങ്ങളൊന്നുമില്ല: