വീട്ടിനുള്ളിൽ
വസ്തുക്കൾ വീണുടയുന്നു,
അദൃശ്യമായൊരു സംഹാരം
മിനക്കെട്ടു തള്ളിയിടുമ്പോലെ:
അതെന്റെ കൈകളല്ല,
നിങ്ങളുടെ കൈകളല്ല.
മുരത്ത നഖങ്ങളുമായി
ഭൂമി കുലുക്കിനടക്കുന്ന
പെൺകുട്ടികളല്ല,
ഭൂഗോളത്തിന്റെ ഭ്രമണമല്ല:
ആരുമല്ല, ഒന്നുമല്ല,
വേനലല്ല,
ചേടിനിറത്തിൽ ഉച്ചയല്ല,
ഭൂമിക്കു മേലിരുട്ടല്ല,
മൂക്കല്ല, കൈമുട്ടല്ല,
വിടരുന്ന ജഘനമല്ല,
കണംകയ്യോ
വീശിവന്ന കാറ്റോ അല്ല:
പിഞ്ഞാണമുടഞ്ഞു,
വിളക്കു വീണു,
പൂപ്പാത്രങ്ങളൊന്നൊന്നായി
പൊട്ടിത്തകർന്നു;
ഒക്ടോബർ നടുവിൽ
ചോരച്ചുവപ്പു കവിഞ്ഞൊഴുകിയ
ആ പൂപ്പാത്രം,
വയലറ്റുപൂക്കൾ
കൊണ്ടതാകെത്തളർന്നു;
ശൂന്യമായിക്കാത്തിരുന്ന
മറ്റൊന്നോ,
മഞ്ഞുകാലമുടനീളം
ഉരുണ്ടുരുണ്ടൊടുവിൽ
ഒരു പൂപ്പാത്രപ്പൊടിയായി,
ഒരുടഞ്ഞ ഓർമ്മ,
ഒരു തിളങ്ങുന്ന ധൂളി.
ആ ഘടികാരം,
നമ്മുടെ ജീവിതങ്ങൾക്കു നാവ്,
നമ്മുടെ ആഴ്ച്ചകളെ,
ഒന്നൊന്നായി എത്രയോ മണിക്കൂറുകളെ,
തേനിനോട്, മൗനത്തിനോട്,
എത്രയോ പിറവികളോട്,
എണ്ണമറ്റ ദുരിതങ്ങളോടു
കൊരുത്തെടുത്ത
ആ രഹസ്യച്ചരട്,
ആ ഘടികാരവും
മുഖമടിച്ചുവീണു,
അതിന്റെ നേർത്ത
നീലിച്ച കുടൽമാല
ഉടഞ്ഞ ചില്ലുകൾക്കിടയിൽ
കിടന്നുതുടിച്ചു,
അതിന്റെ ദീർഘഹൃദയം
ചുരുളഴിഞ്ഞു.
ജീവിതം
ചില്ലുകൾ കാരുന്നു,
ഉടുതുണിയെ കീറത്തുണിയാക്കുന്നു,
രൂപങ്ങളെ ഉടയ്ക്കുന്നു,
കാലത്തിൽ ശേഷിക്കുന്നതോ,
ഒരു തുരുത്തു പോലെ,
പെരുംകടലിൽ കപ്പൽ പോലെ,
നശ്വരം,
ഭംഗുരമായ അപായങ്ങളാൽ,
അദമ്യമായ ജലത്താൽ, ഭീഷണികളാൽ,
വലയിതം.
സകലതും നമുക്കൊരു
ചാക്കിൽ കെട്ടിയെടുക്കുക,
ഘടികാരങ്ങൾ, പിഞ്ഞാണങ്ങൾ,
തണുപ്പത്തു വിണ്ട കപ്പുകൾ,
നമ്മുടെ നിധികളെല്ലാം
കടലിനു കൊടുക്കുക:
ഒരേയൊരു സംഹാരത്തിൽ,
പുഴയൊച്ചപ്പെടുമ്പോലെ
നമ്മുടെ സമ്പാദ്യങ്ങൾ തകരട്ടെ,
കഠിനവും ദീർഘവുമായ ഏറ്റിറക്കങ്ങളാൽ
കടൽ പിന്നഴിച്ചുപണിയട്ടെ,
നിരുപയോഗമായ അത്രയും വസ്തുക്കളെ,
ആരുമുടയ്ക്കാതെതന്നെ
ഉടഞ്ഞുപോകുന്നവയെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ