ഒരനുഭവം
ഇതൊരുപക്ഷേ മനുഷ്യനും മൃഗത്തിനും പരിചയമുള്ള ഏറ്റവും പ്രധാനപ്പെട്ട അനുഭവങ്ങളിൽ ഒന്നായിരിക്കാം. മറ്റൊരാളുടെ സഹായം തേടേണ്ടിവരിക, ഹൃദയവിശാലതയിൽ നിന്നും പരസ്പരം മനസ്സിലാക്കലിൽ നിന്നും ആ സഹായം സ്വീകരിക്കുക. നിശ്ശബ്ദമായ ഒരപേക്ഷ നടത്താനും അതു കേൾക്കപ്പെടാനും മാത്രമായി ഒരു ജന്മമെടുക്കുന്നതിലും അതിന്റേതായ ഒരു മൂല്യമുണ്ടെന്നു വരാം. ഞാനും സഹായത്തിനായി യാചിച്ചിരുന്നു. എനിക്കതു കിട്ടുകയും ചെയ്തിരുന്നു.
ഉടലിൽ ഒരമ്പു തറച്ച, അടുക്കാൻ പേടിക്കേണ്ട ഒരു കടുവയാണു ഞാനെന്ന് എനിക്കന്നു തോന്നിയിരുന്നു; ആ കഠോരമായ വേദന തന്നിലേല്പിച്ചതാരെന്നു കണ്ടുപിടിക്കാനായി, പേടിച്ചരണ്ടുനില്ക്കുന്ന കാണികളെ വട്ടം ചുറ്റി നോക്കുന്ന കടുവ. മുറിവു പറ്റിയ ഒരു മൃഗം ഒരു ശിശുവിനേക്കാൾ അപകടകാരിയല്ലെന്ന് ഒടുവിൽ ഒരാൾക്കു ബോധമുണ്ടാകുന്നു. ധൈര്യത്തോടെ കടുവയെ സമീപിച്ച് ആ അപരിചിതൻ ശ്രദ്ധയോടെ അമ്പൂരിയെടുക്കുന്നു.
കടുവയോ? മനുഷ്യരുടേയും മൃഗങ്ങളുടേയും നന്ദിപ്രകടനങ്ങൾക്കതീതമാണ് ചില സംഗതികൾ. അങ്ങനെ ഞാൻ, ആ കടുവ, പല വട്ടം എന്റെ നല്ല സമരിയാക്കാരനു മുന്നിൽ സാവധാനം വലം വച്ചു; പിന്നെ നിന്നിട്ട് കാല്പാദങ്ങൾ നക്കിത്തുടച്ചു; ഒടുവിൽ, വാക്കുകൾ അപ്രധാനമാണെന്നതിനാൽ, മൗനത്തിലേക്കു പിൻവാങ്ങുകയും ചെയ്തു.
കലഹം
അധികമായാൽ സ്നേഹവും ഫലമില്ലാത്തതാകുന്നു: അതിനെ പിന്നെ എന്തെങ്കിലും ഉപയോഗത്തിനു കൊള്ളിക്കാൻ പറ്റാതാകുന്നു, അത്രയും സ്നേഹം താങ്ങാൻ സ്നേഹിക്കപ്പെടുന്നയാളിനും കഴിയാതാകുന്നു. സ്നേഹത്തിലും നാം സ്വബോധം കൈവിടരുതെന്നും സംയമനം പാലിക്കണമെന്നും ബോദ്ധ്യമായപ്പോൾ ഒരു കുഞ്ഞിനെപ്പോലെ ഞാൻ കുഴങ്ങിപ്പോയി. നമ്മുടെ വൈകാരികജീവിതത്തിനും, കഷ്ടമേ, ബൂർഷ്വാസ്വഭാവമാണ്!
ഭീതി
വെളിച്ചം അവന്റെ കണ്ണിനു താങ്ങാൻ പറ്റാത്ത വിധത്തിൽ തീക്ഷ്ണമായിരുന്നു. പിന്നെയാണ് ആരോ തന്നെ പെട്ടെന്നു പിടിച്ചുവലിക്കുന്നപോലെ അവനു തോന്നിയത്; അവനെ തൊട്ടിലിൽ കൊണ്ടുകിടത്തിയതാണത്; അതുപക്ഷേ, അവനെങ്ങനെ അറിയാൻ? തനിക്കു മേൽ കുനിഞ്ഞുനില്ക്കുന്ന ആ മുഖങ്ങളോടുള്ള ഭീതി മാത്രമേ അവനറിയുന്നുള്ളു. ഒന്നിനെക്കുറിച്ചും അവനറിവില്ല. അവനു തോന്നിയപോലെ അനങ്ങാനും പറ്റുന്നില്ല. ശബ്ദങ്ങൾ ഇടിമുഴക്കം പോലെ തോന്നിച്ചു- ശ്രുതിമധുരമായ ഒന്നൊഴികെ; അതെന്തു സാന്ത്വനമായിരുന്നു! പക്ഷേ അവനെ പിന്നെയും ഒതുക്കിക്കിടത്താൻ നോക്കുകയായിരുന്നു അവർ; അവനു പേടി വന്നുതുടങ്ങി. തൊട്ടിലിന്റെ അഴികൾക്കിടയിലൂടെ അവൻ അലറിക്കരഞ്ഞു. പില്ക്കാലത്തു നീലയെന്നു തിരിച്ചറിഞ്ഞ നിറങ്ങൾ അവൻ കണ്ടു. അവനു കരച്ചിൽ വരുത്തിയ, സ്വാസ്ഥ്യം കെടുത്തുന്ന, ഒരു നീല. പിന്നെ, ഭീകരമായ ആ വയറ്റുവേദനയെക്കുറിച്ചുള്ള പേടി. അവർ അവന്റെ വായ പൊളിച്ച് തൊണ്ടയിലേക്കൊഴിച്ചുകൊടുക്കുന്ന അരോചകമായ ഒരു ദ്രാവകം അവൻ കുടിച്ചിറക്കണം. ശ്രുതിമധുരമായ ആ ശബ്ദമാണ് മരുന്നൊഴിച്ചുകൊടുക്കുന്നതെങ്കിൽ അവനതു കുറച്ചുകൂടി സഹിക്കാൻ പറ്റുമെന്നു തോന്നിയിരുന്നു. അങ്ങനെയുള്ള അവസരങ്ങളിൽ അവൻ അലറിക്കരഞ്ഞിരുന്നില്ല. അവൻ ജനിച്ചിട്ടധികകാലമായിട്ടില്ല എന്നതേ നല്ലതായി പറയാനുള്ളു. അവന്റെ പ്രായം അഞ്ചു ദിവസമാണ്.
അല്പം കൂടി പ്രായമായപ്പോൾ, എന്താണെന്നു മനസ്സിലായെങ്കിലും, അവർ ഇങ്ങനെ പറയുന്നത് അവനു കേൾക്കാമായിരുന്നു: “ഇപ്പോൾ അവനെക്കൊണ്ടു ശല്യമൊന്നുമില്ല; ആദ്യമൊക്കെ എന്തൊരു കരച്ചിലും അലർച്ചയുമായിരുന്നു. ദൈവം സഹായിച്ച് ഇപ്പോൾ അവനെ നോക്കാൻ വളരെ എളുപ്പമാണ്.” അല്ലല്ല, അതത്ര എളുപ്പമായിരുന്നില്ല. അതൊരിക്കലും എളുപ്പമാവുകയുമില്ല. ജനനം രണ്ടേകാന്തജീവികളായി വിഭജിക്കപ്പെടുന്ന ഒരു ജീവിയുടെ മരണമാണ്. മരണം വരെ നിലനില്ക്കാൻ പോകുന്ന തന്റെ നിഗൂഢഭീതിയോടു പൊരുത്തപ്പെടാൻ അവൻ ശീലിച്ചതുകൊണ്ട് അതിപ്പോൾ എളുപ്പമാണെന്നു തോന്നുന്നുവെന്നു മാത്രം. ഭൂമിയിൽ ജീവിക്കുകയും സ്വർഗ്ഗത്തിനായി ദാഹിക്കുകയും ചെയ്യുന്നതിന്റെ ഭീതി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ