ഒരു നടപ്പാലത്തിനു മേൽ
സ്വന്തം മനോവികാരങ്ങളുടെ പേരിൽ നാണക്കേടു തോന്നുന്നവരുമായി ഇടപെടേണ്ടിവരുമ്പോൾ യാഥാർത്ഥ്യം മറച്ചുവച്ചു നമുക്കു പെരുമാറേണ്ടിവരും; ആർദ്രതയുടേയോ ഉത്സാഹത്തിന്റെയോ ആനന്ദത്തിന്റെയോ ഒരു നിമിഷത്തിൽ ആരെങ്കിലും അവരെ കണ്ടുപോയാൽ അയാൾ തങ്ങളുടെ രഹസ്യങ്ങൾ കണ്ടുപിടിച്ചു എന്ന മട്ടിൽ അവർക്കയാളോടു കഠിനമായ വിദ്വേഷമാണു തോന്നുക. അങ്ങനെയുള്ള സന്ദർഭങ്ങളിൽ അവരെയൊന്നു തണുപ്പിക്കാൻ നിങ്ങൾക്കാഗ്രഹമുണ്ടെങ്കിൽ അവർക്കു ചിരി വരുന്നതെന്തെങ്കിലും പറയുക, അല്ലെങ്കിൽ തണുത്തതും കളിമട്ടിലുള്ളതുമായ എന്തെങ്കിലും പരിഹാസം വിളമ്പുക; അപ്പോൾ അവരുടെയുള്ളിൽ പതഞ്ഞുയർന്നത് തണുത്തുറയുകയും അവർ വീണ്ടും തങ്ങൾക്കു മേൽ നിയന്ത്രണമേറ്റെടുക്കുകയും ചെയ്യും. ഇതുപക്ഷേ, കഥ പറയും മുമ്പേ ഗുണപാഠം നല്കിയതുപോലായി.
നാം തമ്മിൽ അത്രയ്ക്കടുപ്പമുണ്ടായിരുന്ന ഒരു കാലം നമ്മുടെ ജീവിതത്തിലുണ്ടായിരുന്നു; നമ്മുടെ സൗഹൃദത്തെയും സാഹോദര്യത്തെയും തടസ്സപ്പെടുത്താൻ യാതൊന്നുമില്ലാത്ത മട്ടായിരുന്നു. ഒരു ചെറിയ നടപ്പാലം മാത്രമാണ് നമ്മെ വേർതിരിക്കാനുണ്ടായിരുന്നത്. നീ അതിലേക്കു കാലെടുത്തുവയ്ക്കാൻ തുടങ്ങുന്നതിനു തൊട്ടുമുമ്പ് ഞാൻ നിന്നോടു ചോദിച്ചു: “ആ നടപ്പാലം കടന്ന് എന്റെയടുത്തേക്കു വരാൻ നിനക്കാഗ്രഹമുണ്ടോ?” അപ്പോൾ പെട്ടെന്ന് നിന്റെ ആഗ്രഹമെല്ലാം പൊയ്പ്പോയി; ഞാൻ എടുത്തെടുത്തു ചോദിച്ചിട്ടും നീ മിണ്ടാതെ നിന്നതേയുള്ളു. അതില്പിന്നെ മലകളും കുതിച്ചൊഴുകുന്ന പുഴകളും അകറ്റുകയും വേർതിരിക്കുകയും ചെയ്യുന്നതെന്തും നമുക്കിടയിൽ വന്നുവീണു; അടുക്കാൻ ആഗ്രഹമുണ്ടായാലും നമുക്കതിനു കഴിയില്ലെന്നുമായി! ഇപ്പോൾ പക്ഷേ, ആ ചെറിയ നടപ്പാലത്തെക്കുറിച്ചോർക്കുമ്പോൾ നിനക്കു വാക്കുകൾ കിട്ടുന്നില്ല, അന്നതെന്തുപറ്റി എന്നോർത്ത് നീയൊന്നു തേങ്ങിപ്പോവുകയും ചെയ്യുന്നു.
തെരുവുകളുടെ, ആവശ്യങ്ങളുടെ, ഒച്ചകളുടെ ഈ കലാപത്തിനു നടുവിൽ ജീവിക്കുമ്പോൾ വിഷാദം നിറഞ്ഞ ഒരു സന്തോഷം എന്നിൽ നിറയുന്നു: എന്തുമാത്രം സുഖാസ്വാദനവും അക്ഷമയും തൃഷ്ണയുമാണ്, എന്തുമാത്രം ജീവിതദാഹവും ജീവിതലഹരിയുമാണ് ഓരോ നിമിഷവും കാഴ്ച്ചയിലേക്കു വരുന്നത്! എന്നാൽ ഒച്ചയുണ്ടാക്കുന്ന, ജീവിക്കുന്ന, ജീവിതദാഹം നിറഞ്ഞ ഈ മനുഷ്യർക്കു മേൽ അധികം വൈകാതെ നിശ്ശബ്ദത വന്നിറങ്ങാൻ പോവുകയാണ്! ഓരോ ആൾക്കു പിന്നിലും അയാളുടെ നിഴൽ നില്ക്കുന്നതു നോക്കൂ, അയാളുടെ ഇരുണ്ട സഹയാത്രികൻ! കുടിയേറ്റക്കാരേയും കൊണ്ടു പോകുന്ന ഒരു കപ്പൽ തുറമുഖം വിടുന്നതിനു തൊട്ടു മുമ്പുള്ള നിമിഷം പോലെയാണത്: പണ്ടേതു നേരത്തേക്കാളുമേറെയായി അവർക്കന്യോന്യം കാര്യങ്ങൾ പറയാനുണ്ട്, സമയം വൈകിക്കഴിഞ്ഞിരിക്കുന്നു, ആ ഒച്ചപ്പാടിനെല്ലാം പിന്നിൽ സമുദ്രവും അതിന്റെ ഊഷരമൗനവും അക്ഷമയോടെ കാത്തുകിടക്കുകയാണ്- അത്ര ആർത്തിയോടെ, തന്റെ ഇരയെക്കുറിച്ചത്ര തീർച്ചയോടെ! എല്ലാവരും, ഒരാളൊഴിയാതെല്ലാവരും കരുതുന്നു, തൊട്ടുമുമ്പു കഴിഞ്ഞത് കാര്യമായിട്ടൊന്നുമില്ലെന്ന്, ഒന്നുംതന്നെ ഇല്ലെന്ന്; ആസന്നഭാവിയാണ് എല്ലാമെന്ന്; ഈ തിടുക്കത്തിന്റെ, ഈ കോലാഹലത്തിന്റെ, അന്യോന്യം കടത്തിവെട്ടാനും കൂവിയിരുത്താനുമുള്ള ഈ ഒച്ചവയ്ക്കലിന്റെ കാരണം അതാണ്! ആ ഭാവിയിൽ താനാവണം മുമ്പൻ എന്നാണെല്ലാവർക്കും- അതേ സമയം അവിടെ എല്ലാവർക്കും പൊതുവായും തീർച്ചയായും ഉള്ളതാവട്ടെ, മരണവും മരണത്തിന്റെ നിശ്ചേഷ്ടതയും മാത്രം! എന്നാൽ ആ ഒരേയൊരു തീർച്ചയും പൊതുഘടകവും മനുഷ്യർക്കു മേൽ ഒരു പ്രഭാവവും ചെലുത്തുന്നില്ലെന്നതും മരണമെന്ന കൂട്ടായ്മയിലെ ഒരംഗമാണു താൻ എന്ന ചിന്തയേ അവരുടെ മനസ്സിൽ കടന്നുവരുന്നില്ല എന്നതും എത്ര വിചിത്രമായ കാര്യമാണ്! മരണത്തെക്കുറിച്ചുള്ള ചിന്ത തന്നെ മനുഷ്യർ ഒഴിവാക്കുന്നു എന്നത് എന്നെ സന്തോഷിപ്പിക്കുന്നു! ജീവിതത്തെക്കുറിച്ചുള്ള ചിന്ത അതിലും നൂറിരട്ടി അവർക്കാകർഷകമായിത്തോന്നാൻ എന്തെങ്കിലും ചെയ്യണമെന്ന് എനിക്കാഗ്രഹവുമുണ്ട്.
*
എന്നെങ്കിലും ഒരു പകലോ രാത്രിയിലോ, നിങ്ങൾ തന്റെ ഏറ്റവും ഏകാന്തമായ ഏകാന്തതയിലായിരിക്കുമ്പോൾ ഒരു ഭൂതം അതിൽ നുഴഞ്ഞുകയറുകയും നിങ്ങളോട് ഇങ്ങനെ പറയുകയും ചെയ്തുവെന്നിരിക്കട്ടെ: “നിങ്ങൾ ഇപ്പോൾ ജിവിക്കുകയും ഇതേവരെ ജീവിച്ചതുമായ ഈ ജീവിതം ഒരു തവണ കൂടി, എണ്ണമറ്റ തവണ കൂടി നിങ്ങൾക്കു ജീവിക്കേണ്ടിവരും; അതിൽ പുതിയതായി ഒന്നുമുണ്ടാവില്ല; നിങ്ങളുടെ ജീവിതത്തിലെ ഓരോ സുഖവും ദുഃഖവും ഓരോ ചിന്തയും നെടുവീർപ്പും പറയാൻ പറ്റാത്തത്ര ചെറുതും വലുതുമായ ഓരോ കാര്യവും നിങ്ങളിലേക്കു മടങ്ങിവരും, അതേ പിന്തുടർച്ചാക്രമത്തിൽ- ഈ എട്ടുകാലിയും മരങ്ങൾക്കിടയിലെ ഈ നിലാവും ഈ നിമിഷവും ഈ ഞാനും പോലും. അസ്ത്വിത്വത്തിന്റെ നിത്യമായ മണൽഘടികാരം പിന്നെയും പിന്നെയും തിരിച്ചും മറിച്ചും വയ്ക്കപ്പെട്ടുകൊണ്ടേയിരിക്കും, ഒപ്പം, ഒരു മണൽത്തരിയായ നിങ്ങളും!“
അങ്ങനെ പറയുന്ന ആ ഭൂതത്തിനു മുന്നിൽ പല്ലും കടിച്ചുപിടിച്ചുകൊണ്ടു നിങ്ങൾ ചാടിവീഴില്ലേ, അവനെ ശപിക്കില്ലേ? അതോ, ഇങ്ങനെ അവനു മറുപടി പറയാൻ തോന്നുന്ന ഒരാശ്ചര്യനിമിഷം നിങ്ങൾക്കുണ്ടായിട്ടുണ്ടോ: ”അങ്ങൊരു ദൈവമാണ്, ഇത്രയും ദിവ്യമായ ഒരു സംഗതി ഞാൻ ഇതിനു മുമ്പു കേട്ടിട്ടില്ല.“ ഈ ചിന്ത നിങ്ങളെ കടന്നുപിടിച്ചാൽ അതു നിങ്ങളെ അടിമുടി മാറ്റും, നിങ്ങളെയത് ഞെരിച്ചമർത്താനും മതി. ഓരോ കാര്യത്തെക്കുറിച്ചും ”ഇതു ഞാൻ ഒരു തവണ കൂടിയും എണ്ണമറ്റ തവണ കൂടിയും ആഗ്രഹിക്കുന്നുണ്ടോ?“ എന്ന ചോദ്യം നിങ്ങളുടെ ഏതു പ്രവൃത്തിയുടെ മേലും എത്രയും വലിയ ഭാരത്തോടെ വീണുകിടക്കും. അഥവാ, നിങ്ങളോടും നിങ്ങളുടെ ജീവിതത്തിനോടും എത്ര അനുകൂലമായ ഒരു മനോഭാവം നിങ്ങൾക്കുണ്ടായിരിക്കണം, അങ്ങനെയൊരു നിരന്തരാവർത്തനത്തിന് എത്രയും ഉത്കടമായി നിങ്ങൾ ആഗ്രഹിക്കണമെങ്കിൽ?
*
(from The Gay Science)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ