2021, ഓഗസ്റ്റ് 21, ശനിയാഴ്‌ച

നെരൂദ - ആപ്പിളിനൊരു വാഴ്ത്ത്


ആപ്പിളേ,
എന്റെ സ്തുതിയ്ക്കു
വിഷയം നീ.
എനിയ്ക്കു കൊതി
നിന്റെ പേരു കൊണ്ടെന്റെ
വായ നിറയ്ക്കാൻ.
എനിയ്ക്കു മോഹം
നിന്നെയൊന്നായിത്തിന്നാൻ.
പറുദീസയിൽ നി-
ന്നിപ്പോഴിറുന്നു വീണ പോലെയാ-
ണെപ്പോഴും നീ:
പ്രഭാതത്തിന്റെ
തുടുത്ത കവിൾ പോലെ
നിറഞ്ഞും തികഞ്ഞും.
എത്ര വിലക്ഷണം
മറ്റു പഴങ്ങൾ:
കുലകുത്തിയ
മുന്തിരികൾ,
മിണ്ടാട്ടമില്ലാത്ത
മാമ്പഴങ്ങൾ,
എല്ലു തെഴുത്ത
പ്ളം പഴങ്ങൾ,
അമുങ്ങിയ
അത്തിപ്പഴങ്ങൾ.
ശുദ്ധലേപനം നീ,
വാസനിയ്ക്കുന്ന അപ്പം,
പൂക്കുന്നതിലൊക്കെക്കേമം.
നിന്റെയുരുണ്ട മുഗ്ധതയിൽ
പല്ലുകളാഴ്ത്തുമ്പോൾ
ഒരു നിമിഷം
ഞങ്ങളൊന്നു പിന്നാക്കം പോവുന്നു
പെറ്റിട്ട പടുതിയിലേക്ക്:
ആപ്പിളിന്റെയൊരല്പം
നമ്മിലൊക്കെ ശേഷിക്കുന്നു.
നിനക്കു സമൃദ്ധി വരട്ടെ,
നിന്റെ തറവാടു പുലരട്ടെ.
ആപ്പിളു കൊണ്ടു നിറയട്ടെ
ഒരു നഗരം
ഒരു രാഷ്ട്രം
ഒരു മിസ്സിസ്സിപ്പി നദി.
അതിന്റെ കരയിൽ
വന്നുകൂടട്ടെ
വീണ്ടും വന്നുകൂടട്ടെ
ഈ ഭൂമിയിലെ
ആകമാനജനങ്ങളും,
ഞങ്ങൾക്കറിയുന്ന
ഏറ്റവും ലളിതമായ കൃത്യത്തിൽ
മുഴുകട്ടെ ഞങ്ങൾ:
ഒരാപ്പിളിൽ ഞങ്ങൾ
പല്ലുകളാഴ്ത്തട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല: