അവർ രണ്ടുപേരും സംസാരിക്കുന്നതിലേറെ പിറുപിറുക്കുകയായിരുന്നു: ആ ബന്ധം അല്പം മുമ്പു തുടങ്ങിയിട്ടേയുള്ളു, രണ്ടുപേരുടെയും തല പമ്പരം കറങ്ങുന്നുമുണ്ട്; അതു പ്രണയമായിരുന്നു. പ്രണയവും അതിനെത്തുടർന്നുവരുന്ന മറ്റേതും: അസൂയ.
-കൊള്ളാം, നീ ആദ്യമായി പ്രേമിക്കുന്നത് എന്നെയാണെന്നു നീ പറയുന്നതു ഞാൻ വിശ്വസിക്കാം, അതു കേൾക്കുന്നത് എനിക്കിഷ്ടവുമാണ്. എന്നാൽ നീ നേരു പറയണം, നേരു മാത്രം പറയുകയും വേണം: എന്നെ ചുംബിക്കുന്നതിനു മുമ്പ് മറ്റൊരു സ്ത്രീയേയും നീ ചുംബിച്ചിട്ടില്ല?
കാര്യം ലളിതമായിരുന്നു.
-ഉണ്ട്, മുമ്പ് ഞാൻ ഒരു സ്ത്രീയെ ചുംബിച്ചിട്ടുണ്ട്.
-അതാരായിരുന്നു, മുറിപ്പെട്ടപോലെ അവൾ ചോദിച്ചു.
അവനത് ഉള്ളതുപോലെ പറയാൻ ശ്രമിച്ചു, അതെങ്ങനെയെന്ന് അവനറിയുകയുമില്ല.
ടൂറിസ്റ്റ് ബസ് സാവധാനം മല കയറുകയായിരുന്നു. അവനു ചുറ്റും മറ്റു കുട്ടികൾ ഒച്ച വയ്ക്കുന്നുണ്ടായിരുന്നു. കുളിരുന്ന ഇളംകാറ്റ് തന്റെ മുഖത്തടിക്കുന്നതും അതിന്റെ നീണ്ട വിരലുകൾ, ഒരമ്മയുടേതുപോലെ നേർത്ത, ഭാരമില്ലാത്ത വിരലുകൾ, തന്റെ മുടിയിഴകൾ തഴുകിപ്പോകുന്നതുമറിഞ്ഞ് അവനിരുന്നു. ഇടയ്ക്കിടെ അവന്റെ മനസ്സ് ചിന്ത പോലുമില്ലാത്ത ഒരവസ്ഥയിലേക്കെത്തിയിരുന്നു- അതവനു ഹൃദ്യമായി തോന്നുകയും ചെയ്തു. കൂട്ടുകാരുടെ കോലാഹലത്തിനിടയിൽ അങ്ങനെയൊരവസ്ഥയിൽ അധികനേരമിരിക്കാനും പ്രയാസമായിരുന്നു.
അവനു ശരിക്കു ദാഹിക്കാനും തുടങ്ങിയിരുന്നു: കൂടെയുള്ളവരുമായി തമാശ പറയുക, ഉച്ചത്തിൽ, എഞ്ചിന്റെ മുരൾച്ചയെക്കാൾ ഉച്ചത്തിൽ സംസാരിക്കുക, പൊട്ടിച്ചിരിക്കുക, അലറിവിളിക്കുക, ചിന്തിക്കുക, വികാരം കൊള്ളുക, ഹൗ! തൊണ്ട വരണ്ടുപോകില്ലേ!
വെള്ളത്തിന്റെ സൂചന പോലുമില്ലതാനും. പിന്നെ ചെയ്യാനുള്ളത് വായിൽ ഉമിനീരു കെട്ടിനിർത്തുക എന്നതായിരുന്നു. അവൻ ചെയ്തതും അതാണ്. പൊള്ളുന്ന വായ ഉമിനീരു കൊണ്ടു നിറച്ചിട്ട് അതവൻ സാവധാനം കുടിച്ചിറക്കി; പിന്നെയും പിന്നെയും. പക്ഷേ അതിനും, ഉമിനീരിനും, ചൂടായിരുന്നു. അതുകൊണ്ടു ദാഹം പോയതുമില്ല. അത്യധികമായ ഒരു ദാഹം, അവനെക്കാൾ വലിയ ഒരു ദാഹം, അവന്റെ ഉടലാകെ ബാധിച്ചു.
മുമ്പത്ര സുഖദമായി തോന്നിയിരുന്ന ഇളംകാറ്റ് ഉച്ചവെയിലിൽ ചുടുന്നതും വരണ്ടതുമായി മാറിയിരുന്നു; അതവന്റെ മൂക്കിലൂടെ ഉള്ളിൽ കയറി അവൻ ക്ഷമയോടെ ശേഖരിച്ച ഉമിനീരിനെ വരട്ടിക്കളയുകയായിരുന്നു.
ഇനി മൂക്കൊന്നടച്ചുപിടിച്ചിട്ട് ആ ഉഷ്ണഭൂമിയിലെ വായു അകത്തേക്കെടുക്കുന്നത് അല്പമൊന്നു കുറച്ചാലോ? പക്ഷേ ചില സെക്കന്റുകൾ കഴിഞ്ഞപ്പോൾ അവനു ശ്വാസം മുട്ടി. കാത്തിരിക്കുക, കാത്തിരിക്കുക, അതേ അപ്രിഹാരമുള്ളു. കുറച്ചു മിനുട്ടുകളാവാം, കുറച്ചു മണിക്കൂറൂകളാവാം, എന്നാൽ അവന്റെ ദാഹമാവട്ടെ, വർഷങ്ങളുടേതുമായിരുന്നു.
എങ്ങനെയെന്നോ എന്തുകൊണ്ടെന്നോ അവനറിയില്ല, താൻ വെള്ളത്തിനു തൊട്ടടുത്താണെന്ന് അപ്പോഴവനു തോന്നി, തന്റെ തൊട്ടടുത്ത് അതുണ്ട്; അവന്റെ കണ്ണുകൾ ജനാലയിലൂടെ പുറത്തുചാടി മണത്തും ഉറ്റുനോക്കിയും പൊന്തകൾക്കിടയിലൂടോടി.
അവനിലെ ജന്തുവാസനയ്ക്കു തെറ്റിയില്ല; റോഡിന്റെ അപ്രതീക്ഷിതമായ ഒരു തിരിവിൽ, പൊന്തകൾക്കിടയിലായി ഒരു ജലധാര...അവൻ സ്വപ്നം കണ്ട ജലം നേർത്തൊരു ചാലായി അതിൽ നിന്നിറ്റിയിരുന്നു.
ബസ് നിന്നു; എല്ലാവർക്കും ദാഹമുണ്ടായിരുന്നെങ്കിലും മറ്റാരെക്കാളും മുമ്പായി ആ കല്ലു കൊണ്ടുള്ള ജലധാരയ്ക്കടുത്തേത്താൻ അവനായി.
അവൻ കണ്ണടച്ചുപിടിച്ചുകൊണ്ട് ചുണ്ടുകൾ തുറന്നു; പിന്നെ വെള്ളമൊഴുകുന്ന ആ വിടവിലേക്ക് വ്യഗ്രതയോടെ ചുണ്ടുകൾ ചേർത്തമർത്തി.
ആദ്യത്തെ ഒരിറക്കു വെള്ളം അവന്റെ നെഞ്ചിലൂടെ, വയറ്റിലേക്ക് കുളിരു പകർന്നുകൊണ്ടൊഴുകിയിറങ്ങി.
അത് ജീവന്റെ തിരിച്ചുവരവായിരുന്നു; അവന്റെയുള്ളിലെ മണല്പറമ്പതിൽ മതിവരുവോളം കുതിർന്നു. അവനിപ്പോൾ കണ്ണു തുറക്കാമെന്നായി.
അവൻ കണ്ണു തുറന്നു; തന്റെ തൊട്ടടുത്തായി ഒരു പ്രതിമയുടെ രണ്ടു കണ്ണുകൾ തന്നെ ഉറ്റുനോക്കുന്നതവൻ കണ്ടു; അതൊരു സ്ത്രീയുടെ പ്രതിമയാണെന്നും അവളുടെ വായിൽ നിന്നാണ് വെള്ളമൊഴുകുന്നതെന്നും അവൻ കണ്ടു. ആദ്യത്തെ കവിളെടുക്കുമ്പോൾത്തന്നെ വെള്ളത്തേക്കാൾ തണുത്തൊരു സ്പർശം തന്റെ ചുണ്ടുകൾക്കു തോന്നിയിരുന്നല്ലോ എന്നവനോർക്കുകയും ചെയ്തു.
താൻ ചുണ്ടു ചേർത്തത് ഒരു സ്ത്രീയുടെ കൽപ്രതിമയുടെ ചുണ്ടുകളോടാണെന്ന് അവനപ്പോൾ മനസ്സിലായി. ജീവൻ ഒലിച്ചിറങ്ങിയത് ആ വായിൽ നിന്നാണ്, ഒരു വായിൽ നിന്നു മറ്റൊന്നിലേക്കാണ്.
അവന്റെ നിഷ്കളങ്കത ഒന്നു പതറി; നിഗൂഢമായതെന്തോ അവനനുഭവപ്പെട്ടു. എന്നാൽ ജീവൻ പകരുന്ന, ജീവൻ മുളയെടുക്കുന്ന, ആ ദ്രാവകം പ്രവഹിക്കുന്നത് ഒരു സ്ത്രീയിൽ നിന്നല്ല...അവൻ ആ നഗ്നപ്രതിമയെ നോക്കി.
അവൻ അവളെ ചുംബിച്ചിരിക്കുന്നു.
പുറമേ കാണാത്ത ഒരു പ്രകമ്പനം അവനറിഞ്ഞു; അതവന്റെ ഉള്ളിന്റെയുള്ളിൽ നിന്നു തുടങ്ങി, ഉടലകെ പിടിച്ചുലച്ചുകൊണ്ട്, ഒരു പൊള്ളുന്ന കനലായി അവന്റെ മുഖത്തു നിന്നു പൊട്ടിത്തെറിച്ചു.
അവൻ ഒരടി മുന്നോട്ടു വച്ചു; അതോ പിന്നോട്ടോ? താൻ എന്താണു ചെയ്യുന്നതെന്ന് അവനു മനസ്സിലാകാതായിരുന്നു. അസ്വസ്ഥതയോടെ, വിസ്മയത്തോടെ അവനു ബോദ്ധ്യമായി, തന്റെ ദേഹത്തിന്റെ ഒരു ഭാഗം, മുമ്പെത്രയും അയഞ്ഞുകിടന്നിരുന്ന ഒരു ഭാഗം, ഇപ്പോഴത് വല്ലാതെ വലിഞ്ഞുമുറുകിയിരിക്കുകയാണെന്ന്
മധുരിക്കുന്നൊരു പ്രചണ്ഡതയോടെ അവൻ മറ്റുള്ളവർക്കിടയിൽ ഒറ്റപ്പെട്ടു നിന്നു; അവന്റെ ഹൃദയം പിടയ്ക്കുകയായിരുന്നു, അതിന്റെ സ്പന്ദനങ്ങൾ അനിയതമായിരുന്നു, ലോകം മാറുകയാണെന്ന് അവനു ബോദ്ധ്യമാവുകയായിരുന്നു. ജീവിതം തീർത്തും പുതിയതായിരിക്കുന്നു, അതിപ്പോൾ മറ്റൊന്നാണ്, ഒരു ഞെട്ടലോടെ കണ്ടുപിടിക്കപ്പെട്ടതൊന്ന്. എപ്പോഴും തകരാവുന്ന ഒരു സന്തുലിതാവസ്ഥയിൽ ചഞ്ചലവുമാണത്.
ഒടുവിൽ, അവന്റെ സത്തയുടെ ആഴത്തിൽ നിന്ന്, അവന്റെയുള്ളിലെ ഒരു നിഗൂഢസ്രോതസ്സിൽ നിന്ന് ആ യാഥാർത്ഥ്യം പുറത്തേക്കു കുതിച്ചു. അതവനിൽ ഭയത്തോടൊപ്പം മുമ്പൊരിക്കലും അറിഞ്ഞിട്ടില്ലാത്ത ഒരഭിമാനവും നിറച്ചു: താൻ...
താൻ ഒരാണായിരിക്കുന്നു.
***
ബ്രസീലിയൻ എഴുത്തുകാരിയായ ക്ലാരിസ് ലിസ്പെക്റ്റൊർ (Clarice Lispector) 1920ൽ പടിഞ്ഞാറൻ ഉക്രെയിനിലെ ഒരു ജൂതകുടുംബത്തിൽ ജനിച്ചു. വംശീയവിദ്വേഷം പടർന്നതോടെ ആ കുടുംബം 1922ൽ ബ്രസീലിലേക്കു പലായനം ചെയ്തു. ക്ലാരിസിന്റെ ഒമ്പതാമത്തെ വയസ്സിൽ അമ്മ മരിച്ചപ്പോൾ (ബലാൽസംഗം ചെയ്ത ഒരു സംഘം റഷ്യൻ പട്ടാളക്കാരിൽ നിന്നു പകർന്ന സിഫിലിസ് ആയിരുന്നു മരണകാരണം) അച്ഛനും മൂന്നു പെണ്മക്കളും കൂടി റിയോ ഡി ജനിറോയിലേക്കു താമസം മാറ്റി. നിയമവും ജേണലിസവും പഠിച്ച ക്ലാരിസ് കൗമാരത്തിൽത്തന്നെ കഥകൾ എഴുതിത്തുടങ്ങിയിരുന്നു. 1943ൽ പ്രസിദ്ധീകരിച്ച “ഒരു വന്യഹൃദയത്തിനരികിൽ” എന്ന നോവൽ “പോർച്ചുഗീസ് ഭാഷയിൽ ഒരു സ്ത്രീ എഴുതിയ ഏറ്റവും മഹത്തായ നോവൽ” എന്നുപോലും പ്രശംസിക്കപ്പെട്ടു. 1944ൽ സഹപാഠിയായ Maury Gurgel Valente എന്ന ഡിപ്ലോമാറ്റിനെ വിവാഹം ചെയ്തു. അടുത്ത പതിനഞ്ചുകൊല്ലം യൂറോപ്പിലും അമേരിക്കയിലുമായിരുന്നു അവരുടെ ജീവിതം. വിദേശത്തായതോടെ വിസ്മൃതയായെങ്കിലും അവരുടെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു നോവലുകൾ, “കാൻഡെലാബ്ര,” “ഉപരോധിക്കപ്പെട്ട നഗരം” എന്നിവ ഇക്കാലത്ത് എഴുതപ്പെട്ടവയാണ്. 1959ൽ അവർ വിവാഹമോചിതയായി രണ്ട് ആണ്മക്കളോടൊപ്പം റിയോയിലേക്കു മടങ്ങി. 1960ൽ ഇറങ്ങിയ “കുടുംബന്ധങ്ങൾ” എന്ന കഥാസമാഹാരം വളരെ പ്രശസ്തമായി. 1961ൽ എഴുതിയ “ഇരുട്ടത്ത് ഒരാപ്പിൾ” എന്ന നോവൽ ഭാര്യയെ കൊന്ന ഒരാളുടെ വീക്ഷണത്തിലൂടെ കഥ പറയുന്നു. ആ നോവൽ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്ത ഗ്രിഗറി റബ്ബാസ ക്ലാരിസ്സിനെ ഓർമ്മിക്കുന്നത് “മരിലിൻ ഡീട്രിച്ചിനെ ഓർമ്മിപ്പിക്കുകയും വിർജീനിയ വൂൾഫിനെപ്പോലെ എഴുതുകയും ചെയ്യുന്ന” ലിസ്പെക്റ്റൊർ എന്നാണ്. അതിനെ ഖണ്ഡിച്ചുകൊണ്ട് അവർ ഒരു പത്രക്കോളത്തിൽ എഴുതി: “വിർജീനിയ വൂൾഫുമായി എനിക്കെന്തോ അടുപ്പമുണ്ടെന്ന രീതിയിൽ ആളുകൾ എഴുതിക്കാണുന്നത് എനിക്കിഷ്ടപ്പെടുന്നില്ല...അവരു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ