2021, ഓഗസ്റ്റ് 17, ചൊവ്വാഴ്ച

ബോദ്‌ലേർ - ഒരു ശവം

 

സൗമ്യസുന്ദരമായൊരു വേനൽപ്രഭാതത്തിൽ
നാമന്നുകണ്ട വസ്തു നിനക്കോർമ്മയുണ്ടോ, പ്രിയേ:
പാത  തിരിയുന്നിടത്തൊരു ചരൽത്തടത്തിൽ
അറയ്ക്കുന്നൊരു ജന്തുവിന്റെ ജഡം കിടന്നിരുന്നു,

കാമച്ചൂടു പിടിച്ചവളെപ്പോലെ കാലുകളകറ്റിവച്ചും
നീറിയും വിയർത്തും വിഷനീരുകളിറ്റിച്ചും 
നിരങ്കുശവും അശ്രദ്ധവുമായുമതു തുറന്നുവച്ചിരുന്നു,
കെട്ട വാതകങ്ങൾ  പെരുകിവീർത്തൊരുദരം.

ആ ജീർണ്ണപിണ്ഡത്തിനു മേൽ സൂര്യൻ തിളങ്ങിയിരുന്നു,
പാകത്തിനൊത്തതിനെ വേവിച്ചെടുക്കാനെന്നപോലെ,
മഹാപ്രകൃതിയതിൽ സഞ്ചയിച്ച മൂലകങ്ങളെല്ലാം
നൂറിരട്ടിയായവൾക്കു തിരിച്ചുകൊടുക്കാനെന്നപോലെ.

ആകാശമാ വിശിഷ്ടജഡത്തെ നോക്കിനിന്നിരുന്നു,
വിടർന്നുവരുന്നൊരു പൂവിനെയെന്നപോലെ;
അത്ര വീർപ്പുമുട്ടിക്കുന്നതായിരുന്നു അതിന്റെ നാറ്റം,
പുല്ലിലേക്കു മൂർച്ഛിച്ചുവീഴുമെന്നു നീയന്നു പേടിച്ചു.

അഴുകിയ വയറ്റിനു ചുറ്റും ഈച്ചകൾ മൂളിപ്പറന്നിരുന്നു,
അതിൽ നിന്നു പുറത്തുവന്ന പുഴുക്കളുടെ കരിമ്പടകൾ
ജീർണ്ണിച്ച മാംസാവശിഷ്ടങ്ങൾക്കിടയിലൂടെ
കൊഴുത്ത ദ്രാവകം പോലൊലിച്ചിറങ്ങിയിരുന്നു.

തിരയെന്നപോലതുയരുകയും താഴുകയുമായിരുന്നു,
അല്ലെങ്കിലതു നുരഞ്ഞുപൊങ്ങുകയായിരുന്നു;
ഒരജ്ഞാതശ്വാസമുള്ളിൽ നിറഞ്ഞിട്ടെന്നപോലെ
ജീവിക്കുകയും പെരുകുകയുമാണതെന്നു തോന്നി.

ആ ലോകത്തു നിന്നൊരു വിചിത്രസംഗീതം നാം കേട്ടു,
വെള്ളമൊഴുകുമ്പോലെ, കാറ്റു വീശുമ്പോലെ,
മുറത്തിൽ ധാന്യമണികളെടുത്തൊരാൾ
താളത്തിൽ പാറ്റിക്കൊഴിക്കുന്നപോലെ.

ആ രൂപങ്ങൾ പിന്നെ പതിയേ മാഞ്ഞുപോയി,
ഒരു സ്വപ്നത്തിൽ കണ്ട ദൃശ്യങ്ങൾ പോലെ,
കാൻവാസിൽ വരച്ചുതുടങ്ങുകയും പിന്നെ മറക്കുകയും
ഒടുവിലോർമ്മയിൽ നിന്നു മുഴുമിക്കുകയും ചെയ്ത ചിത്രം പോലെ.

പാറകൾക്കു പിന്നിലിരുന്നൊരു പെൺപട്ടി
നീരസത്തോടെ നമ്മെ നോക്കുകയായിരുന്നു,
ആ ജഡത്തിൽ നിന്നും താൻ തിന്നതിന്റെ ശിഷ്ടം
വീണ്ടെടുക്കാനുള്ള അവസരം നോക്കുകയായിരുന്നു.

എന്റെ കണ്മണീ, എന്റെ ജീവിതപ്രകാശമേ, 
നിനക്കുമീ നികൃഷ്ടത തന്നെ വന്നുചേരും, 
ഈയറയ്ക്കുന്ന, ദുഷിച്ച വസ്തുപോലെയാകും നീ, 
എന്റെ ദേവതേ, എന്റെ വികാരാവേശമേ!

അതെ! അന്ത്യശുശ്രൂഷകൾക്കെല്ലാമൊടുവിൽ,
പുല്ലുകൾക്കും തിടം വച്ച പൂക്കൾക്കുമടിയിൽ 
എല്ലുകൾക്കിടയിൽക്കിടന്നു നീ ദ്രവിക്കുമ്പോൾ
എന്റെ സൗന്ദര്യറാണീ, നിന്റെ ഗതിയുമിതുതന്നെയാകും.

ചുംബനങ്ങൾ കൊണ്ടു കൃമികൾ നിന്നെത്തിന്നുമ്പോൾ,
എന്റെ സുന്ദരീ, നീയവയോടിങ്ങനെ പറയൂ:
“എന്റെയുള്ളിലെന്നുമെന്നും ഞാൻ കാത്തുവയ്ക്കുന്നു,
എന്റെ ജീർണ്ണപ്രണയത്തിന്റെ സ്വരൂപവും ദിവ്യസത്തയും!”
*


അഭിപ്രായങ്ങളൊന്നുമില്ല: