2021, ഓഗസ്റ്റ് 7, ശനിയാഴ്‌ച

ബോദ്‌ലേർ - മഹാമനസ്കനായ ചൂതാട്ടക്കാരൻ


ഇന്നലെ തെരുവിലെ തിരക്കിലൂടെ നടക്കുമ്പോൾ ഒരു നിഗൂഢജീവി എന്നെ ഉരുമ്മിക്കടന്നുപോയി- പരിചയപ്പെടണമെന്ന് ഏറെക്കാലമായി ഞാൻ ആഗ്രഹിച്ചിരുന്നതും മുമ്പൊരിക്കലും നേരിട്ടു കണ്ടിട്ടില്ലെങ്കിലും കണ്ടയുടനേ ഞാൻ തിരിച്ചറിയുകയും ചെയ്ത ഒരു വ്യക്തി. അദ്ദേഹത്തിനും എന്റെ പേരിൽ അങ്ങനെ ഒരാഗ്രഹം ഉണ്ടായിരുന്നിരിക്കണം; കാരണം, കടന്നുപോകുമ്പോൾ ആൾ എന്നെ നോക്കി അർത്ഥഗർഭമായി ഒന്നു കണ്ണിറുക്കിയിരുന്നു; ഒട്ടും മടിക്കാതെ ഞാൻ അതനുസരിക്കുകയും ചെയ്തു. തൊട്ടു പിന്നാലെയായി ഞാൻ അദ്ദേഹത്തെ പിന്തുടർന്നു; ഞങ്ങൾ ഇറങ്ങിച്ചെന്നത് ഗംഭീരമായ ഒരു ഭൂഗർഭവസതിയിലാണ്‌; പാരീസിലെ പ്രഭുഗൃഹങ്ങളിൽ ഒന്നിനുപോലും അതിശയിക്കാൻ പറ്റാത്ത ആഡംബരത്തിൽ മുങ്ങിക്കുളിച്ചു നില്ക്കുകയാണത്. അതിപ്രതാപം നിറഞ്ഞ ആ സങ്കേതത്തിനു മുന്നിലൂടെ പല തവണ കടന്നുപോയിട്ടുണ്ടാവാമെങ്കിലും അതിന്റെ കവാടം ഇന്നേവരെ കണ്ണിൽ പെടാതിരുന്നത് വളരെ വിചിത്രമാണല്ലോ എന്നു ഞാൻ മനസ്സിൽ പറയുകയും ചെയ്തു. അതിവിശിഷ്ടമായ, ഒപ്പം തലയ്ക്കു പിടിക്കുന്ന ഒരന്തരീക്ഷമാണ്‌ അവിടെ നിറഞ്ഞുനിന്നിരുന്നത്; അവിടെ എത്തേണ്ട താമസം, ഈ മുഷിപ്പൻ ജീവിതത്തിലെ എല്ലാ ആകുലതകളും നിങ്ങളുടെ വിസ്മൃതിയിൽ പെട്ടുകഴിഞ്ഞു; ഒരിരുണ്ട ആനന്ദാനുഭൂതി നിങ്ങൾക്കുണ്ടാകുന്നു. ഇതിനു സമാനമായ ഒന്നായിരുന്നിരിക്കണം, അന്തിവെളിച്ചം കെടാത്ത ഒരു മാന്ത്രികദ്വീപിൽ ചെന്നിറങ്ങിയ ആ ‘താമരതീനികളും’ അനുഭവിച്ചത്; ജലപാതങ്ങളുടെ സുഖരാഗങ്ങൾക്കൊപ്പം അവരുടെ ഹൃദയങ്ങളിൽ വളർന്നത് ഇനിയൊരിക്കലും തങ്ങളുടെ പരദേവതകളെ, തങ്ങളുടെ ഭാര്യമാരെ, തങ്ങളുടെ സന്തതികളെ കാണാതിരിക്കാനും ഇനിയൊരിക്കലും ആഴിയുടെ കൊടുംതിരകൾക്കു മേൽ കയറാതിരിക്കാനുമുള്ള ആഗ്രഹമായിരുന്നല്ലോ.

അവിടെ ഞാൻ കണ്ട സ്ത്രീകളുടേയും പുരുഷന്മാരുടേയും വിചിത്രമുഖങ്ങളിൽ ഒരു മാരകസൗന്ദര്യം മുദ്ര ചാർത്തിയിരുന്നു; എനിക്കപ്പോൾ കൃത്യമായി ഓർമ്മിച്ചെടുക്കാൻ കഴിയാതിരുന്ന ഏതൊക്കെയോ ദേശങ്ങളിലും കാലങ്ങളിലും വച്ച് ഞാനിവരെ മുമ്പു കണ്ടിട്ടുണ്ടല്ലോ എന്ന തോന്നൽ എനിക്കുണ്ടായി; അപരിചിതനായ ഒരാളെ കാണുമ്പോൾ സാധാരണ തോന്നാറുള്ള ഭീതിയല്ല, സഹോദരങ്ങളോടെന്നപോലെ ഒരനുഭാവമാണ്‌ എനിക്കപ്പോൾ അവരോടു തോന്നിയത്. അവരുടെ നോട്ടത്തിലെ സവിശേഷമായ ഭാവത്തെ നിർവ്വചിക്കാൻ  ഒന്നു ശ്രമിച്ചുനോക്കിയാൽ അത് ഇങ്ങനെയായിരിക്കും: മടുപ്പിനോടുള്ള ഭീതിയും ജീവിച്ചിരിക്കുന്നു എന്ന ബോധത്തിനായുള്ള നിരന്തരമായ ആഗ്രഹവും കൂടി ഇത്രമേലെരിക്കുന്ന കണ്ണുകൾ മുമ്പു ഞാൻ കണ്ടിട്ടില്ല.

കസേരകൾ വലിച്ചിട്ടിരുന്നപ്പോഴേക്കും ഞാനും എന്റെ ആതിഥേയനും ചിരകാലസുഹൃത്തുക്കളായിക്കഴിഞ്ഞിരുന്നു. ഞങ്ങൾ ആഹാരം കഴിച്ചു, വിശിഷ്ടങ്ങളായ പലതരം മദ്യങ്ങൾ അളവില്ലാതെ അകത്താക്കി; എന്നാൽ അതിലും വിശേഷമായി എനിക്കു തോന്നിയത്, അത്രയധികം മണിക്കൂറുകൾ കഴിഞ്ഞിട്ടും അദ്ദേഹത്തിനുള്ളത്രയും വെളിവ് എനിക്കുണ്ടായിരുന്നു എന്നതാണ്‌. എന്നാൽ ചൂതുകളി, ആ അമാനുഷികവിനോദം, പലപ്പോഴായി ഞങ്ങളുടെ മധുപാനത്തെ തടസ്സപ്പെടുത്തിയിരുന്നു; വീരോചിതമായ ഒരു ചങ്കൂറ്റത്തോടെയും മാനസികലാഘവത്തോടെയും ഞാനെന്റെ ആത്മാവിനെ പണയപ്പെടുത്തുകയും നഷ്ടപ്പെടുത്തുകയും ചെയ്തുവെന്നും പറഞ്ഞുകൊള്ളട്ടെ. തൊട്ടറിയാനില്ലാത്ത ഒരു സംഗതിയാണല്ലോ ഈ ആത്മാവ് എന്നു പറയുന്നത്; മിക്കപ്പോഴും ഒരുപയോഗവുമില്ലാത്തതും ചിലപ്പോൾ ഒരു ശല്യവുമായ അത് നഷ്ടപ്പെടുത്തിയപ്പോൾ നടക്കാനിറങ്ങിയ വഴി വിസിറ്റിങ്ങ് കാർഡ് നഷ്ടപ്പെട്ടാലത്തെ വികാരമേ എനിക്കുണ്ടായുള്ളു. 

പിന്നെ ഞങ്ങൾ സിഗാറുകളും പുകച്ച് ദീർഘനേരമിരുന്നു; അതിന്റെ അനുപമമായ സ്വാദും മണവും അറിയാത്ത ദേശങ്ങളെക്കുറിച്ചും ആനന്ദങ്ങളെക്കുറിച്ചുമുള്ള നഷ്ടബോധം ആത്മാവിൽ പകർന്നു. ഈ സന്തോഷങ്ങളെല്ലാം തലയ്ക്കു പിടിച്ച ഞാൻ ഒരതിപരിചയത്തിന്റെ തള്ളലിൽ, അതിൽ അദ്ദേഹത്തിനും അപ്രിയമുള്ളതായി കണ്ടില്ല, നിറഞ്ഞുതുളുമ്പിയ ഒരു ഗ്ലാസ് പൊക്കിപ്പിടിച്ച് ഇങ്ങനെ ഉറക്കെപ്പറഞ്ഞു: “താങ്കളുടെ അക്ഷയമായ ആരോഗ്യത്തിന്‌, കിഴവൻ നിക്ക്!”

ഞങ്ങൾ പ്രപഞ്ചത്തെക്കുറിച്ചു സംസാരിച്ചു, അതിന്റെ സൃഷ്ടിയേയും ഭാവിയിൽ വരാനിരിക്കുന്ന നാശത്തെയും കുറിച്ചു സംസാരിച്ചു; പിന്നെ, ഈ നൂറ്റാണ്ടിനു പ്രിയപ്പെട്ട ചില ആശയങ്ങളെക്കുറിച്ച്- എന്നു പറഞ്ഞാൽ, പുരോഗതി, മനുഷ്യനു പരിപൂർണ്ണത പ്രാപിക്കാമെന്ന വിശ്വാസം എന്നിവ; മൊത്തത്തിൽ മനുഷ്യന്റെ അതിമോഹങ്ങളുടെ സകലരൂപങ്ങളെക്കുറിച്ചും. ആ വിഷയത്തെക്കുറിച്ചു സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ തമാശ കലർന്ന തർക്കവാദങ്ങൾ അനിഷേദ്ധ്യവും നിർബ്ബാധവുമായ ഒരു പ്രവാഹമായിരുന്നു. അങ്ങനെയൊരു വചോവിലാസവും ഫലിതബോധവും മനുഷ്യവർഗ്ഗത്തിലെ ഏറ്റവും പേരു കേട്ട സംഭാഷണചതുരരിൽ ഞാൻ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒന്നായിരുന്നു. ഇക്കാലം വരെ മനുഷ്യമനസ്സിനെ കൈയേറിയ പലതരം തത്ത്വശാസ്ത്രങ്ങളുടെ അയുക്തികതയെക്കുറിച്ച് അദ്ദേഹമെനിക്കു വിശദീകരിച്ചുതന്നു; ചില അടിസ്ഥാനതത്വങ്ങളെക്കുറിച്ച് എന്നോടു രഹസ്യമായി പറയാനുള്ള ദാക്ഷിണ്യവും അദ്ദേഹം കാണിച്ചു; അതിന്റെ ഉടമസ്ഥതയും പ്രയോജനവും എല്ലാവരുമായി പങ്കു വയ്ക്കുന്നതിന്റെ ഔചിത്യത്തെക്കുറിച്ചു സംശയമുള്ളതിനാൽ ഞാൻ അതിനു മുതിരുന്നില്ല. ലോകമാകെ തനിക്കുള്ള കുഖ്യാതിയെക്കുറിച്ച് അദ്ദേഹത്തിന്‌ ഒരു പരാതിയുമില്ലായിരുന്നു; അന്ധവിശ്വാസങ്ങൾ നശിച്ചുകാണാൻ ഏറ്റവും ആഗ്രഹിക്കുന്ന വ്യക്തി താനായിരിക്കുമെന്ന് അദ്ദേഹം എനിക്കുറപ്പു തന്നു. സ്വന്തം ശക്തിയെക്കുറിച്ച് ഒരിക്കലേ തനിക്കു സംശയം തോന്നിയിട്ടുള്ളു എന്നദ്ദേഹം തുറന്നുപറഞ്ഞു; തന്റെ സഹപ്രവർത്തകരെക്കാൾ സൂക്ഷ്മബുദ്ധിയായ ഒരുപദേശി പ്രസംഗപീഠത്തിൽ നിന്നുകൊണ്ട് ഇങ്ങനെ വിളിച്ചുപറഞ്ഞ ദിവസമാണത്: “എന്റെ പ്രിയസഹോദരങ്ങളേ, പ്രബുദ്ധതയുടെ പുരോഗതിയെക്കുറിച്ചഭിമാനം കൊള്ളാൻ തോന്നുമ്പോൾ ഇക്കാര്യം മറക്കരുതേ: പിശാചിന്റെ കൗശലങ്ങളിൽ വച്ചേറ്റവും വശ്യം താനില്ലെന്നു നിങ്ങളെ വിശ്വസിപ്പിക്കലാണ്‌!”

പേരു കേട്ട ആ പ്രഭാഷകനെക്കുറിച്ചുള്ള ഓർമ്മ സ്വാഭാവികമായും ഞങ്ങളുടെ സംസാരവിഷയത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കു തിരിച്ചുവിട്ടു; തൂലികയേയോ വാക്കിനേയോ പ്രബോധകരുടെ മനഃസാക്ഷിയേയോ പ്രചോദിപ്പിക്കുന്നത് തന്റെ സ്ഥിതിക്കു ചേരാത്തതാണെന്ന് തനിക്കു തോന്നിയിട്ടില്ലെന്നും മിക്ക അക്കാദമിൿവൃന്ദങ്ങളിലും അദൃശ്യനായിട്ടാണെങ്കിലും താൻ പങ്കെടുക്കാറുണ്ടെന്നും അസാധാരണനായ എന്റെയാ ആതിഥേയൻ പ്രസ്താവിച്ചു. 

ഇത്രയും ദയ കാണിച്ചതിന്റെ ധൈര്യത്തിൽ ഞാൻ അദ്ദേഹത്തോട് ദൈവത്തിന്റെ വിശേഷങ്ങൾ ചോദിച്ചു; അടുത്തെങ്ങാനും ആളെക്കണ്ടുവോയെന്നു ഞാൻ ആരാഞ്ഞു. ഒരുതരം ഉദാസീനതയോടെയാണ്‌ അതിനദ്ദേഹം മറുപടി പറഞ്ഞത്; എന്നാലതിൽ എന്തോ ഒരു വിഷാദച്ഛായ കൂടി കലർന്നിരുന്നു: “തമ്മിൽ കാണുമ്പോൾ ഞങ്ങൾ പരസ്പരം ഹലോ പറയാറുണ്ട്; എന്നാലത്, സഹജമായ ഒരു മര്യാദ ഉള്ളിലുള്ളവരായിട്ടുകൂടി പഴയ ചില കലഹങ്ങൾ പൂർണ്ണമായി മറക്കാൻ പറ്റാത്ത രണ്ടു വൃദ്ധന്മാരെപ്പോലെയാണെന്നേയുള്ളു.”

വെറുമൊരു മനുഷ്യജീവിക്ക് ഇത്രയും ദീർഘിച്ച ഒരു കൂടിക്കാഴ്ച ഇതിനു മുമ്പ് അദ്ദേഹം അനുവദിച്ചിട്ടുണ്ടോയെന്നു സംശയമാണ്‌; അതു ഞാൻ ദുരുപയോഗപ്പെടുത്തുകയാണോ എന്ന പേടിയും എനിക്കുണ്ടായി. ഒടുവിൽ, വിറ പൂണ്ട പ്രഭാതം ജനാലകളെ വെള്ള പൂശാൻ തുടങ്ങിയപ്പോൾ, എത്രയോ കവികൾ പാടിപ്പുകഴ്ത്തുകയും എത്രയോ തത്ത്വചിന്തകർ തങ്ങളറിയാതെ മഹത്വപ്പെടുത്തുകയും ചെയ്ത ആ വിശ്രുതകഥാപാത്രം എന്നോടു പറഞ്ഞു: “എന്നെക്കുറിച്ച് നല്ല ഓർമ്മകളുമായി വേണം നിങ്ങൾ പോകുന്നത് എന്നെനിക്കാഗ്രഹമുണ്ട്; ഇത്രയൊക്കെ അപവാദപ്രചാരണത്തിനു വിധേയനായ ഞാൻ ചിലപ്പോഴൊക്കെ, നിങ്ങളുടെ ഒരു ഭാഷാപ്രയോഗം കടമെടുത്താൽ, ഒരു ‘നല്ല പിശാച്’ ആണെന്നു തെളിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ, ആത്മാവിന്റെ കാര്യത്തിൽ നിങ്ങൾക്കു പറ്റിയ അപരിഹാര്യമായ നഷ്ടം നികത്തുന്നതിനായി, ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരുന്നെങ്കിൽ ചൂതിൽ നിന്നു നിങ്ങൾക്കു കിട്ടുമായിരുന്നതെല്ലാം ഞാൻ മടക്കിത്തരുന്നു- എന്നു പറഞ്ഞാൽ, നിങ്ങളുടെ സകല ദുരിതങ്ങൾക്കും ഗർഹണീയമായ പുരോഗതിക്കും ഒരേപോലെ കാരണമായ മടുപ്പ് എന്ന വിചിത്രരോഗത്തെ ഒരായുസ്സു മുഴുവൻ തടുത്തുനിർത്താനും നിവാരണം ചെയ്യാനുമുള്ള സാദ്ധ്യത. നിങ്ങൾക്കൊരു മോഹം തോന്നിയാൽ എന്റെ സഹായം കൊണ്ട് അതു നടന്നിരിക്കും; മ്ളേച്ഛരായ സഹജീവികൾക്കെല്ലാം മേൽ നിങ്ങൾ കോയ്മ നേടും; സ്തുതിയും, ആരാധന പോലും, നിങ്ങൾക്കു കിട്ടും; നിങ്ങളുടെ ഭാഗത്തു നിന്നുള്ള ഒരു യത്നവും കൂടാതെതന്നെ സ്വർണ്ണവും വെള്ളിയും വജ്രങ്ങളും യക്ഷിക്കഥകളിലെ കൊട്ടാരങ്ങളും നിങ്ങളെ തേടിവരികയും തങ്ങളെ സ്വീകരിക്കാൻ നിങ്ങളോടപേക്ഷിക്കുകയും ചെയ്യും; രാജ്യവും പൗരത്വവും നിങ്ങളുടെ ഹിതം പോലെ മാറിമാറിയെടുക്കാം; എന്നും ഉഷ്ണം പുലരുന്ന, സ്ത്രീകൾ പൂക്കളെപ്പോലെ മണക്കുന്ന മാന്ത്രികദേശങ്ങളിൽ, ഒരുനാളും മടുക്കാത്ത സുഖങ്ങളും നുകർന്നു നിങ്ങൾക്കുന്മത്തനാകാം- അങ്ങനെയങ്ങനെ...“ എഴുന്നേറ്റുകൊണ്ട് സൗഹൃദപൂർണ്ണമായ ഒരു മന്ദഹാസത്തോടെ അദ്ദേഹം കൂട്ടിച്ചേർത്തു.

അത്രയും പ്രൗഢമായ ഒരു സദസ്സിനു മുന്നിൽ സ്വയം നാണം കെടുത്തുമെന്ന പേടി ഇല്ലായിരുന്നെങ്കിൽ അവിശ്വസനീയമായ ആ ദാനസന്നദ്ധതയ്ക്കു നന്ദി പ്രകടിപ്പിക്കാനായി മഹാമനസ്കനായ ആ ചൂതാട്ടക്കാരന്റെ പാദങ്ങൾക്കു മുന്നിൽ ഞാൻ ദണ്ഡനമസ്കാരം ചെയ്തേനെ. പക്ഷേ അദ്ദേഹം പോയതില്പിന്നെ, പതുക്കെപ്പതുക്കെ, അവിശ്വാസം എന്ന മാറാരോഗം എന്നിലേക്കു തിരിച്ചുവന്നു; സുഖങ്ങളുടെ കാര്യത്തിൽ അത്രയും ധാരാളിത്തമുണ്ടാകാമെന്നു വിശ്വസിക്കാനുള്ള സാഹസം പിന്നെ ഞാൻ കാണിച്ചില്ല. ബുദ്ധിഹീനമായ ഒരു ശീലമായിപ്പോയതിനാൽ പ്രാർത്ഥനയും ചൊല്ലിക്കൊണ്ട് ഉറങ്ങാൻ കിടക്കുമ്പോൾ പാതിമയക്കത്തോടെ ഞാൻ ഉരുവിട്ടുകൊണ്ടിരുന്നു: “എന്റെ ദൈവമേ! എന്റെ കർത്താവായ ദൈവമേ! സാത്താൻ എനിക്കു തന്ന വാക്കു മാറ്റാതെ നോക്കണേ!”

അഭിപ്രായങ്ങളൊന്നുമില്ല: