2026 ജനുവരി 7, ബുധനാഴ്‌ച

കാൾ സാൻഡ്ബർഗ് - കവിതകൾ

 

ഒരു ജനാലയ്ക്കൽ

എനിക്കു വിശപ്പു തരൂ,
ഉന്നതങ്ങളിലിരുന്നു ലോകത്തിനു ശാസനങ്ങളയ്ക്കുന്ന ദൈവങ്ങളേ.
വിശപ്പും വേദനയും ആഗ്രഹങ്ങളുമെനിക്കു തരൂ,
നാണക്കേടും തോൽവിയും തന്നെന്നെ പുറത്തിട്ടടയ്ക്കൂ,
പൊന്നും കീർത്തിയും പടുത്ത നിങ്ങളുടെ കവാടങ്ങളിൽ നിന്നും.
എത്രയും തളർന്നതും മുഷിഞ്ഞതുമായ വിശപ്പുതന്നെ
എനിക്കു തന്നാലും!

എന്നാലുമൊരല്പം സ്നേഹമെനിക്കു ശേഷിപ്പിക്കേണമേ,
പകലൊടുങ്ങുമ്പോളെന്നോടു മിണ്ടാനൊരു സ്വരം,
ഏകാന്തദീർഘമായ ഇരുട്ടുമുറിയിലെന്നെത്തൊടാനൊരു കൈത്തലം.
പകൽരൂപങ്ങൾ വിളറുന്ന സന്ധ്യവേളയിൽ
ഇരുളിന്റെ തീരങ്ങളിൽ പൊന്തിനില്ക്കാനൊരു നക്ഷത്രം,
പടിഞ്ഞാറൊരു സഞ്ചാരിനക്ഷത്രം.

ജനാലയ്ക്കലേക്കു പോകട്ടെ ഞാൻ,
അസ്തമയനേരത്തെ പകൽരൂപങ്ങൾ കാണട്ടെ ഞാൻ,
അവിടെക്കാത്തു നിന്നു ഞാനറിയട്ടെ,
എന്നെക്കാണാൻ വരുന്നൊരു കുഞ്ഞുസ്നേഹത്തെ.

*

തനിയാവർത്തനം


മനോഹരം മഴയുടെ തനിയാവർത്തനം,
ദീർഘവും ബഹുലവുമായ മഴയുടെ
ഇരച്ചുകേറ്റവും പതിഞ്ഞ പെയ്തടങ്ങലും.

മനോഹരം കുന്നുകൾക്കു മേൽ സൂര്യൻ,
കടലെറ്റിയെറിഞ്ഞൊരസ്തമയം
പൊന്നിന്റെ, തീയുടെ കൊടിക്കൂറകളുമായി.

മനോഹരം ഞാനറിയുന്നൊരു മുഖം-
കടലിന്റെയുമാകാശത്തിന്റെയും പൊന്നും തീയുമായി,
ദീർഘവും ഊഷ്മളവുമായ മഴയുടെ ശാന്തിയുമായി.
*

അഭിപ്രായങ്ങളൊന്നുമില്ല: