2026 ജനുവരി 13, ചൊവ്വാഴ്ച

എമിൽ ചൊറാൻ -കണ്ണീരും വിശുദ്ധരും

 

1

കണ്ണീരിന്റെ ഉല്പത്തിയെക്കുറിച്ചന്വേഷിക്കവെ ഞാൻ വിശുദ്ധന്മാരെക്കുറിച്ചോർത്തു. അവരായിരിക്കുമോ, കണ്ണീരിന്റെ മൂലം? ആർക്കറിയാം? അതിൽ അവരുടെ അംശമുണ്ടെന്നതിൽ സംശയിക്കാനില്ല. ഈ ലോകത്തേക്ക് കണ്ണീരു കടന്നുവന്നത് വിശുദ്ധന്മാരിലൂടെയല്ല; എന്നാൽ അവരില്ലാതെ നാമറിയുമായിരുന്നില്ല, ഒരു നഷ്ടസ്വർഗ്ഗത്തിനു ദാഹിച്ചാണ്‌ നാം കരയുന്നതെന്ന്. ഭൂമി നക്കിക്കുടിച്ച ഒരു കണ്ണീർത്തുള്ളി എനിക്കു കാണിച്ചുതരൂ! ഇല്ല; നമുക്കജ്ഞാതമായ പാതകളിലൂടെ അവ മുകളിലേക്കു പോവുകയാണ്‌. കണ്ണീരിനു മുമ്പേ വേദനയുണ്ട്. വിശുദ്ധന്മാർ പക്ഷേ, കണ്ണീരിനു പ്രാധാന്യം കൊടുക്കുകയായിരുന്നു.

വിശുദ്ധന്മാരെ അറിയാൻ കഴിയില്ല. നമ്മുടെ ആഴങ്ങളിലുള്ള കണ്ണീരിനെ ഉണർത്തി, അതിലൂടെ അറിയുമ്പോൾ മാത്രമേ നമുക്കു മനസ്സിലാക്കാൻ കഴിയുകയുള്ളു, ഒരാൾക്കെങ്ങനെയാണ്‌ മനുഷ്യത്വം ത്യജിക്കാൻ കഴിയുകയെന്ന്.

വിശുദ്ധത്വം മാത്രമെടുത്താൽ അതിൽ താല്പര്യം തോന്നാൻ ഒന്നുമില്ല. വിശുദ്ധന്മാരുടെ ജീവിതമാണ്‌ താല്പര്യജനകം. എങ്ങനെയാണൊരാൾ തന്നെത്തന്നെ പരിത്യജിച്ചിട്ട് വിശുദ്ധപദവിയിലേക്കുള്ള പാതയിലേക്കിറങ്ങുന്നത്? എങ്ങനെയാണൊരാൾ വിശുദ്ധരുടെ ജീവചരിത്രകാരനാവുക? അവരുടെ കാല്പാടുകൾ പിന്തുടർന്നുകൊണ്ട്, സ്വന്തം കാലടികൾ അവരുടെ കണ്ണീരിൽ നനച്ചുകൊണ്ട്!

2

ജലാലുദ്ദീൻ റൂമി: “പറുദീസയുടെ കവാടം തുറക്കുന്ന ശബ്ദമാണ്‌ വീണയുടെ നാദം.“

എങ്കിൽ ഒരു മാലാഖയുടെ ദീർഘനിശ്വാസത്തെ ഏതെന്നിനോടു നാം ഉപമിക്കും?

3

”ആകാശമെനിക്കു മേലായിരിക്കെ എനിക്കിനി ജീവിക്കാനാവില്ല,“ എന്നു വിലപിച്ച റിൽക്കെയുടെ അന്ധയായ സ്ത്രീയോടു നാം എന്തു പറയും? നമ്മുടെ കാലടികൾക്കു കീഴെ ഭൂമിയുമായി നമുക്കിനി ജീവിക്കാൻ കഴിയില്ല എന്നു പറഞ്ഞാൽ അവരെ അതാശ്വസിപ്പിക്കുമോ?

4

പല വിശുദ്ധരും- പുണ്യവതികളായ സ്ത്രീകൾ വിശേഷിച്ചും- യേശുവിന്റെ ഹൃദയത്തിൽ തല ചായ്ക്കാൻ തങ്ങൾക്കുണ്ടായ ഒരഭിലാഷത്തെക്കുറിച്ചു കുമ്പസരിച്ചിട്ടുണ്ട്. അവരുടെയെല്ലാം ആഗ്രഹം സഫലമാവുകയും ചെയ്തു. നമ്മുടെ രക്ഷകന്റെ ഹൃദയം രണ്ടായിരം കൊല്ലമായി മിടിച്ചുകൊണ്ടേയിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ എനിക്കു മനസ്സിലായിരിക്കുന്നു. എന്റെ കർത്താവേ! വിശുദ്ധരുടെ രക്തം കൊണ്ട് നീ നിന്റെ ഹൃദയത്തെ ഊട്ടി, അവരുടെ നെറ്റിയിലെ വിയർപ്പിൽ നീയതിനെ കുളിപ്പിക്കുകയും ചെയ്തു!

തന്റെ പ്രതിശ്രുതവരനായി യേശു സ്വയം വെളിപ്പെടുത്തിയ ദിവസം മഠത്തിന്റെ മുറ്റത്തേക്കിറങ്ങിയോടിയ തെരേസാപുണ്യവതിയെ നാമെങ്ങനെ സ്നേഹിക്കാതിരിക്കും? തന്റെ ഉന്മത്താനന്ദത്തിൽ പങ്കു ചേരാൻ കന്യാസ്ത്രീകളെ ക്ഷണിച്ചുകൊണ്ട് ഒരു ചെണ്ടയുമടിച്ചു നൃത്തം ചെയ്യാൻ തുടങ്ങിയല്ലോ അവർ!

ആറു വയസ്സുള്ളപ്പോൾ തെരേസ ‘വിശുദ്ധരുടെ ജീവിതം’ വായിച്ചു; “നിത്യത! നിത്യത!” എന്നുദ്ഘോഷിച്ചുകൊണ്ട് അവളുടെ ഹൃദയം അതിനു പ്രതികരിച്ചു. അന്നാണ്‌ തന്റെ ജീവൻ തന്നെ അപകടത്തിലാക്കിക്കൊണ്ട് അറബികളെ മാനസാന്തരപ്പെടുത്താൻ അവൾ തീരുമാനിച്ചത്. തന്റെ അഭിലാഷം സഫലമാക്കാൻ കഴിഞ്ഞില്ലെങ്കിലും വിശ്വാസതീവ്രതയ്ക്ക് ഒരു കുറവുമുണ്ടായില്ല. തെരേസയുടെ ആത്മാവിലെ അഗ്നി ഇന്നുമണഞ്ഞിട്ടില്ല; അതിന്റെ ചൂടിലാണല്ലോ നാമിന്നും ജീവിക്കുന്നത്.

*

5

വിശുദ്ധരുടെ കണ്ണീരിൽ മാത്രം എന്റെ മുഖം പ്രതിഫലിക്കുന്നിടത്തോളം നിർമ്മലനാകുമോ എന്നെങ്കിലും ഞാൻ?

6

സംഗീതത്തിലൂടെയും നൃത്തത്തിലൂടെയും ദൈവത്തിലേക്കിത്ര വഴികൾ വെട്ടിയ മറ്റൊരാളുണ്ടാവില്ല, ജലാലുദ്ദീൻ റൂമിയെപ്പോലെ; ആരാധകർ പണ്ടേ വാഴ്ത്തപ്പെട്ടവനാക്കിയ വിശുദ്ധൻ. അജ്ഞാതതീർത്ഥാടകനും നിരക്ഷരജ്ഞാനിയുമായ ഷംസുദ്ദീനുമായുള്ള അദ്ദേഹത്തിന്റെ സമാഗമം ഒരസാധാരണചാരുത നിറഞ്ഞതാണ്‌. തമ്മിൽ കണ്ടതിനു ശേഷം മൂന്നുമാസം അവർ റൂമിയുടെ കോണ്യയിലുള്ള വസതിയിൽ അടച്ചിരുപ്പായിരുന്നു; അക്കാലത്ത് ഒരു നിമിഷം പോലും അവർ അവിടെ നിന്നു പുറത്തിറങ്ങിയിട്ടില്ലത്രെ. പറയേണ്ടതെല്ലാം അവിടെ വച്ചു പറയപ്പെട്ടു എന്ന് ഉള്ളിൽ നിന്നു വരുന്ന ഒരുതരം തീർച്ചയോടെ എനിക്കിപ്പോൾ തോന്നുന്നു.

അക്കാലത്ത് ആളുകൾ തങ്ങളുടെ രഹസ്യങ്ങൾ പുറത്തു പറഞ്ഞിരുന്നില്ല. ഏതു നേരത്തെന്നില്ലാതെ എപ്പോഴും നിങ്ങൾക്കു ദൈവത്തോടു സംസാരിക്കാമായിരുന്നു, അവൻ നിങ്ങളുടെ നെടുവീർപ്പുകൾ തന്റെ ശൂന്യതയിൽ അടക്കം ചെയ്യുകയും ചെയ്യുമായിരുന്നു. ഇന്നു നാം സാന്ത്വനമറ്റവരായിരിക്കുന്നു, കാരണം, നമുക്കു തുറന്നു പറയാൻ ഒരാളുമില്ല. സ്വന്തം ഏകാന്തത നശ്വരരായ മനുഷ്യരോടു കുമ്പസാരിക്കേണ്ടവരായി ചുരുങ്ങിപ്പോയിരിക്കുന്നു നാം. ഈ ലോകം ഒരിക്കൽ ദൈവത്തിൽ ജീവിച്ചതായിരിക്കണം. ചരിത്രം രണ്ടായി സ്വയം വിഭജിക്കുന്നു: ദൈവത്വത്തിന്റെ സജീവമായ ശൂന്യതയിലേക്കു തങ്ങൾ വലിച്ചടുപ്പിക്കപ്പെടുന്നതായി മനുഷ്യർക്കു തോന്നിയിരുന്ന ഒരു മുൻകാലം; ലോകത്തിന്റെ ശൂന്യതയിൽ നിന്നു ദൈവചേതന വാർന്നുപോയ ഇക്കാലം.

7

സംഗീതമെന്നെ ദൈവത്തിനു മുന്നിൽ കൂടുതൽ ധീരനാക്കുന്നു. പൗരസ്ത്യരായ മിസ്റ്റിക്കുകളിൽ നിന്നു ഞാൻ വ്യത്യസ്തനാകുന്നത് ഇങ്ങനെയാണ്‌.

8

അന്ത്യവിധിയുടെ നാളിൽ കണ്ണീരു മാത്രമേ തൂക്കിനോക്കുകയുള്ളു.

9

യേശുവിന്റെ ഹൃദയം ക്രിസ്ത്യാനികളുടെ തലയിണയായിരുന്നു. അതിൽ തല ചായ്ക്കാൻ മോഹിച്ചിരുന്ന ആ മിസ്റ്റിക്കുകളെ എനിക്കു മനസ്സിലാകും! എന്നാൽ ആ ഹൃദയത്തിന്റെ നിഴലിനപ്പുറത്തേക്ക് എന്റെ സംശയങ്ങൾ എന്നെ കൊണ്ടുപോകുന്നില്ല.

ഹൃദയമാണ്‌ വിശുദ്ധത്വത്തിന്റെ ലോകമെന്നറിയാത്ത ഒരാൾ വിശുദ്ധപദവിയെ യഥാർത്ഥമായി മനസ്സിലാക്കുന്നില്ല. ഹൃദയം പ്രപഞ്ചമാവുക- വിശുദ്ധത്വത്തിന്റെ സാരാർത്ഥം അതാണ്‌. സർവ്വതും സംഭവിക്കുന്നത് ഹൃദയത്തിലാണ്‌: അതാണ്‌ വിശുദ്ധത്വവും മിസ്റ്റിസിസവും. എന്നാൽ അതിനർത്ഥം മനുഷ്യരുടെ ഹൃദയങ്ങൾ എന്നുമല്ല, വിശുദ്ധരുടെ ഹൃദയങ്ങൾ മാത്രം.

10

കണ്ണുകൾ കാണുന്നില്ല. തന്റെ ഹൃദയത്തിലൂടെയേ താൻ കാണുന്നുള്ളു എന്ന് എമ്മെറിക്കിലെ കാതറൈൻ പറഞ്ഞപ്പോൾ അവർക്കു തെറ്റിയില്ല. വിശുദ്ധരുടെ കാഴ്ച അമ്മട്ടിലാണ്‌. ഇന്ദ്രിയങ്ങളിലൂടെ മാത്രം കാണുന്ന നമ്മെക്കാൾ കൂടുതലായി അവർ കാണാതിരിക്കുന്നതെങ്ങനെ? കണ്ണിന്‌ പരിമിതമായ ഒരു മണ്ഡലമേയുള്ളു; പുറത്തു നിന്നാണതു കാണുന്നതെപ്പോഴും. എന്നാൽ ലോകം നിങ്ങളുടെ ഹൃദയത്തിലാണെങ്കിൽ ഉള്ളിലേക്കു നോക്കുകയല്ലാതെ വഴിയില്ല. ഹൃദയത്തിന്റെ ദൃശ്യമണ്ഡലം= ദൈവം+ലോകം+ശൂന്യത. എന്നുപറഞ്ഞാൽ സർവ്വതും.

യേശുവും അവന്റെ ഹൃദയവുമല്ലാതെ ലോകത്തിന്റെ സൗന്ദര്യമോ വിശുദ്ധരോ തനിക്കു സാന്ത്വനമാകുന്നില്ലെന്ന് മാഗ്ഡിബർഗ്ഗിലെ മെഹ്ത്തിൽഡ് വിലപിക്കുമ്പോൾ എനിക്കതു മനസ്സിലാകും. മിസ്റ്റിക്കുകൾക്കോ വിശുദ്ധർക്കോ കണ്ണിന്റെ ആവശ്യമില്ല; അവർ ലോകത്തെ നോക്കുന്നില്ല. തങ്ങളുടെ ഹൃദയമാണ്‌ അവർക്കു കണ്ണ്‌.

*

11

വിശുദ്ധർക്കൊപ്പം ജീവിക്കുന്നത്, സംഗീതത്തിനോ പുസ്തകങ്ങൾക്കോ ഒപ്പം ജീവിക്കുന്നപോലെ, നമ്മുടെ മനുഷ്യത്വം ഊറ്റിക്കളയുന്നു. നമ്മുടെ വാസനകൾ മറ്റൊരു ലോകത്തെ സേവിക്കാൻ തുടങ്ങുന്നു. വിശുദ്ധത്വത്തെ എത്രത്തോളം നാം ചെറുത്തുനില്ക്കുന്നുവോ, അത്രത്തോളമത് നമ്മുടെ വാസനകളുടെ ആരോഗ്യത്തിന്റെ തെളിവുമാണ്‌.

*

12

ജീവൻ വാർന്നുപോയ മേഖലയാണ്‌ ആകാശത്തിന്റെ സാമ്രാജ്യം. സ്വർഗ്ഗീയസാമ്രാജ്യം ഉന്നം വയ്ക്കുന്നത് ജൈവപരമായ നിർവ്വീര്യമാണ്‌. സംഗീതം നമ്മുടെ ചോരയൂറ്റിക്കുടിക്കുന്നതെങ്ങനെയാണ്‌? സ്ഥലത്തിന്റെ താങ്ങില്ലാതെ മനുഷ്യനു ജീവിക്കാൻ പറ്റില്ല. എന്നാൽ സംഗീതമാവട്ടെ, സ്ഥലത്തെ പാടേ സംഹരിക്കുകയാണ്‌. സാന്ത്വനം നല്കാൻ കഴിവുള്ള ഒരേയൊരു കല; എന്നിട്ടും മറ്റേതൊരു കലയെക്കാളും കൂടുതൽ മുറിവുകൾ തുറക്കുന്നതും അതുതന്നെ!

ആത്മനിരോധത്തിന്റെ ശബ്ദരേഖയാണ്‌ സംഗീതം. ബാഹിനെ കേട്ടതിനു ശേഷം നിങ്ങൾക്കു രതിയിലേർപ്പെടാൻ കഴിയുമോ? ഹാൻഡെലിനു ശേഷം പോലും പറ്റില്ല, അദ്ദേഹത്തിന്റെ അലൗകികതയ്ക്ക് സ്വർഗ്ഗീയവാസന ഇല്ലെന്നായിട്ടും. ആനന്ദങ്ങളുടെ ശവകുടീരമാണ്‌ സംഗീതം, നമ്മെ മറവു ചെയ്യുന്ന സ്വർഗ്ഗീയാനന്ദം.

വിശുദ്ധത്വവും ചോരയൂറ്റിക്കളയുന്നു. നമ്മുടെ സ്വർഗ്ഗദാഹത്തിനനുപാതത്തിലായിരിക്കും നമ്മുടെ ചോര വാർന്നുപോകുന്നതും. സ്വർഗ്ഗത്തിലേക്കുള്ള പാതകൾ വാസനകളുടെ സ്ഖലിതങ്ങളാൽ മിനുസമായിക്കിടക്കുന്നു. ആ സ്ഖലിതങ്ങളിൽ നിന്നാണ്‌ സ്വർഗ്ഗമുണ്ടായതെന്നു പറഞ്ഞാൽ അതാണു വാസ്തവം.

13

എന്റെ ദൈവമേ, നീ ഒപ്പമില്ലെങ്കിൽ ഉന്മാദിയാണു ഞാൻ, നീ ഒപ്പമുണ്ടെങ്കിൽ ഞാൻ ഉന്മാദിയാവുകയും ചെയ്യും

*

14

പുണ്യവതികളായ സ്ത്രീകളെ പ്രേമിക്കുന്നവർക്ക് യേശുവിനോട് അസൂയ തോന്നാതെവയ്യ. ഒരാളെന്തിന്‌ മറ്റൊരാളുടെ പ്രണയഭാജനത്തെ സ്നേഹിക്കണം? ആ ഹർഷമൂർച്ഛകൾക്കും ആശ്ലേഷങ്ങൾക്കും ശേഷം നമുക്കായൊരു ചുംബനം ബാക്കിയുണ്ടാകുമോ? അവരുടെ മന്ദഹാസം പ്രതീക്ഷ നല്കാത്തതാണ്‌, കാരണം, അവരുടെ ഹൃദയങ്ങളിൽ ആദ്യം വരുന്നത് യേശുവാണ്‌.

*

15

യാതനയുടെ മാദകത്വമില്ലെങ്കിൽ വിശുദ്ധത്വം നമ്മെ ആകർഷിക്കാൻ പോകുന്നില്ല; ഏതോ ചെറിയ പ്രവിശ്യാനഗരത്തിലെ കൊട്ടാര ഉപജാപം പോലെയേയുള്ളു അത്. യാതനയാണ്‌ മനുഷ്യന്റെ ആകെയുള്ള ജീവചരിത്രം; അതിന്റെ മാദകത്വം വിശുദ്ധന്റേതും.

ഒരു വിശുദ്ധനാകണമെങ്കിൽ വേദനയുടെ അനന്തവൈവിദ്ധ്യങ്ങളിലൊന്നുപോലും നഷ്ടപ്പെടുത്താനുള്ള അവസരം ഉണ്ടാക്കരുത്.

യാതന ജീവിതമാർഗ്ഗമായി എടുത്ത ഏവർക്കും മാതൃകയാക്കാവുന്നതാണ്‌ തെക്കേ അമേരിക്കയിൽ ജനിച്ച ലീമയിലെ റോസ. തന്നെ സമൂഹത്തിലേക്കിറക്കാനുള്ള അമ്മയുടെ ആഗ്രഹത്തെ ചെറുക്കാൻ യുവതിയും സുന്ദരിയുമായ അവൾക്ക് ഒഴികഴിവൊന്നും കിട്ടിയില്ല. ഒടുവിലവൾ ഒരു നീക്കുപോക്കു കണ്ടെത്തി. തലയിലണിഞ്ഞ പുഷ്പകിരീടത്തിനുള്ളിൽ അവൾ ഒരു സൂചി ഒളിപ്പിച്ചുവച്ചു; അതവളുടെ നെറ്റിയിൽ കുത്തിക്കൊണ്ടിരുന്നു. സമൂഹത്തിൽ ഒറ്റയ്ക്കാവാനുള്ള തന്റെ ആഗ്രഹത്തിനുള്ള വഴി അവൾ കണ്ടതങ്ങനെയാണ്‌.  വേദനയിലൂടെയാണ്‌ ലോകത്തിന്റെ പ്രലോഭനത്തെ നാം കീഴടക്കുന്നത്. യാതനയുടെ ഈ പാരമ്പര്യത്തിൽ പെട്ടതാണ്‌ പാസ്ക്കലിന്റെ ബെല്റ്റും.

ആർക്കു വേണ്ടിയാണ്‌ ലീമയിലെ റോസ തന്റെ കിരീടത്തിൽ സൂചി കുത്തിവച്ചത്? സ്വർഗ്ഗീയകാമുകൻ പുതിയ ഒരിരയെ കണ്ടെത്തുകയായിരുന്നു. വേദനയുടെ ഡോൺ ജുവാൻ ആണ്‌ യേശു.

സ്വർഗ്ഗീയോന്മാദത്തിലൂടെയുള്ള ജീവിതനിഷേധമാണ്‌ വിശുദ്ധത്വം. എങ്ങനെയാണൊരാൾ ജീവിതത്തെ നിഷേധിക്കുക? ഇടർച്ചയില്ലാത്ത സുബോധത്തിലൂടെ. വിശുദ്ധരുടെ മിക്കവാറും പൂർണ്ണമെന്നു പറയാവുന്ന നിദ്രാനിരോധം അങ്ങനെ വരുന്നതാണ്‌. ലീമയിലെ റോസ രാത്രിയിൽ രണ്ടു മണിക്കൂറിലധികം ഉറങ്ങിയിരുന്നില്ലത്രെ; ഉറക്കം തന്നെ കീഴടക്കുമെന്ന ഘട്ടം വരുമ്പോൾ അവൾ തന്റെ മുറിയിലെ കുരിശ്ശിൽ തൂങ്ങിക്കിടക്കും, അല്ലെങ്കിൽ മുടി ഒരാണിയിൽ കെട്ടിയിട്ടു നില്ക്കും.

വിശുദ്ധത്വം വിശേഷതരത്തിലുള്ള ഒരുന്മാദമാണ്‌. സാധാരണമനുഷ്യരുടെ ഉന്മാദം ഉപയോഗശൂന്യവും വിചിത്രവുമായ പ്രവൃത്തികളിൽ സ്വയം വ്യയം ചെയ്യുമ്പോൾ വിശുദ്ധോന്മാദം സർവ്വതും കൈവരിക്കാനുള്ള ബോധപൂർവ്വമായ യത്നമാണ്‌. 

യേശുവിനോടു മത്സരിച്ചുകൊണ്ട് വിശുദ്ധർ ഗാഗുൽത്തയെ അനുകരിക്കുന്നു; തുടർന്നുള്ള ക്രിസ്തീയശതാബ്ദങ്ങളിൽ നിന്നു ശേഖരിച്ച പീഡനമുറകൾ കൂടി അതിനോടവർ കൂട്ടിച്ചേർക്കുന്നുവെന്നുമാത്രം. യേശുവിന്റെ മുൾക്കിരീടം വിശുദ്ധരുടെ അനുകരണങ്ങളിലൂടെ എനിക്കറിയുന്ന മറ്റേതൊരു മാറാവ്യാധിയെക്കാളും യാതന ലോകത്തുണ്ടാകാൻ കാരണമായിട്ടുണ്ട്. യേശുതന്നെ വിശുദ്ധരുടെ മാറാവ്യാധിയാണല്ലോ. ഓരോ ചലനത്തിലും തന്നെ വേദനിപ്പിക്കാനായി ലീമയിലെ റോസ തന്റെ തട്ടത്തിനടിയിൽ ഒരു മുൾക്കിരീടം അണിഞ്ഞിരുന്നു. ഒരിക്കൽ അവളുടെ പിതാവ് അറിയാതെ അവളുടെ തലയിലൊന്നു തൊട്ടപ്പോൾ മുറിവുകളിൽ നിന്ന് ചോര ധാരയായി ഒഴുകിയത്രെ. അവൾ പലപ്പോഴും ഒരു കൂറ്റൻ കുരിശും ചുമന്നു നടക്കാറുണ്ടായിരുന്നു; തന്റെ സ്വർഗ്ഗീയകാമുകന്റെ ഗാഗുൽത്തയെ വിസ്മയപ്പെടുത്തുന്ന തീക്ഷ്ണതയോടെ അനുകരിക്കുകയായിരുന്നു അവൾ.

ഇത്രയധികം യാതനകൾക്കു കാരണക്കാരൻ യേശുവാണ്‌. അവന്റെ മനഃസാക്ഷി കാര്യമായിട്ടവനെ കുറ്റപ്പെടുത്തുന്നുണ്ടാവണം; കാരണം ജീവനുള്ളതിന്റെ ലക്ഷണമൊന്നും അവനിപ്പോൾ കാണിക്കുന്നില്ലല്ലോ. ഉള്ളതു പറഞ്ഞാൽ തന്റെ അനുയായികൾക്കു കിട നില്ക്കുന്നില്ല അവനിപ്പോൾ. അവരിൽ അവന്റെ സ്വർഗ്ഗീയവികാരം ഒരു വൈറസായി മാറിയിരിക്കുന്നു. റോസാപ്പുക്കൾക്കു പകരം മുള്ളുകളാണവർ തരുന്നത്. യേശുവിനെക്കാൾ വലിയ പാപം ചെയ്തവർ എന്റെ അറിവിലില്ല.

16

“കണ്ണീരും സംഗീതവും തമ്മിൽ വേർതിരിച്ചറിയാൻ എനിക്കു കഴിയില്ല.” (നീച്ച) ഈ പ്രസ്താവനയുടെ ഗഹനത കേട്ട മാത്രയിൽ ഉള്ളിൽ തട്ടാത്ത ഒരാളുണ്ടെങ്കിൽ അയാൾ സംഗീതവുമായുള്ള അടുപ്പത്തിൽ ഒരു നിമിഷം പോലും ജീവിച്ചിട്ടുള്ളയാൾ ആയിരിക്കില്ല. കണ്ണീരിന്റേതല്ലാത്ത ഒരു സംഗീതം എനിക്കു പരിചയമില്ല. പറുദീസാനഷ്ടത്തിൽ നിന്നു പിറന്നതായ സംഗീതം ആ നഷ്ടത്തിന്റെ പ്രതീകങ്ങൾക്കു പിറവി നല്കുന്നു: കണ്ണീരിന്‌.

*

17

സിയേനയിലെ കാതറൈൻ കുർബ്ബാനയപ്പം മാത്രം കഴിച്ചാണ്‌ ജീവൻ നിലനിർത്തിയത്. സ്വർഗ്ഗം താങ്ങാനുണ്ടെങ്കിൽ ചെയ്യാൻ എളുപ്പമാണത്! ദിവ്യോന്മാദം ഭൂമിയിലെ ഫലങ്ങളെ നശിപ്പിച്ചുകളയുന്നു. യൂക്കാറിസ്റ്റിൽ അവർ ആകാശമാണു കുടിച്ചത്. വിശ്വാസികൾക്ക് കുർബ്ബാന, സ്വർഗ്ഗത്തിന്റെ ആ സൂക്ഷ്മകണിക, ഭൂമിയിലെ ആഹാരത്തെക്കാൾ പോഷകദായകമായിരുന്നു. ഔന്നത്യത്തിന്‌ തൃഷ്ണാവിരോധം വേണമെന്നായത് എന്തുകൊണ്ടാണ്‌? കവികളും സംഗീതജ്ഞരും മിസ്റ്റിക്കുകളും വിശുദ്ധരും വ്യത്യസ്തരീതികളിലുള്ള ഇന്ദ്രിയനിഗ്രഹം പ്രയോഗിക്കുന്നതെന്തിനാണ്‌? സ്വേച്ഛയായുള്ള വിശപ്പ് സ്വർഗ്ഗത്തിലേക്കുള്ള പാതയാണ്‌; ദാരിദ്ര്യം കൊണ്ടുള്ള വിശപ്പ് ഭൂമിയിലെ ഒരു കുറ്റകൃത്യവും.

*

18

നേർത്ത വിഷാദം പോലെ സർഗ്ഗാത്മകമല്ലാത്ത ഒരു മാനസികാവസ്ഥ വേറേയില്ല; പ്രചോദനത്തിന്റെ നിഷേധം തന്നെയാണത്. എല്ലാം ആശ്രയിച്ചുനില്ക്കുന്നത് വിഷാദത്തിന്റെ അളവിനെയാണ്‌, അതിന്റെ കമ്പനത്തിന്റെ ആവൃത്തിയെയാണ്‌. ഒരളവിൽ അത് കാവ്യാത്മകമാണ്‌, മറ്റൊരളവെത്തുമ്പോൾ സംഗീതാത്മകം, ഒടുവിൽ മതാത്മകവും. അങ്ങനെ കവികളുടെ, സംഗീതജ്ഞരുടെ, വിശുദ്ധരുടെ പല തലത്തിലുള്ള വിഷാദമുണ്ട്. കവികളുടെയോ സംഗീതജ്ഞരുടെയോ വിഷാദം ഹൃദയത്തിൽ നിന്നിറങ്ങുന്നു, ലോകം ചുറ്റിവരുന്നു, ഒരു മാറ്റൊലി പോലെ മടങ്ങിയെത്തുകയും ചെയ്യുന്നു. വിശുദ്ധരുടെ വിഷാദവും ഹൃദയം വിട്ടിറങ്ങുന്നു, എന്നാലത് ദൈവത്തിലെത്തി നില്ക്കുകയാണ്‌; അങ്ങനെയത് ഓരോ വിശുദ്ധന്റെയും രഹസ്യാഭിലാഷത്തെ സഫലമാക്കുകയും ചെയ്യുന്നു: അവന്റെ തടവുകാരനാവുക എന്നത്.

19

ഏതാണ്ടു പതിനെട്ടാം നൂറ്റാണ്ടു വരെ മനുഷ്യന്റെ പൂർണ്ണതയെക്കുറിച്ചുള്ള പ്രബന്ധങ്ങൾ സമൃദ്ധമായിരുന്നു. വിശുദ്ധപദവിയുടെ പാതിവഴിയിലെത്തി പിന്നെ ആ ശ്രമം ഉപേക്ഷിച്ച മിക്കവരുമെല്ലാവരും ഒരു സമാശ്വാസത്തിനെന്നപോലെ അങ്ങനെയൊരു പുസ്തകമെഴുതി. അങ്ങനെ നൂറ്റാണ്ടുകളോളം പരാജിതരായ എല്ലാ വിശുദ്ധരുടെയും ഒഴിയാബാധയായിരുന്നു പൂർണ്ണത. പിന്നീടു വന്നവർ അതു തീരെ ശ്രദ്ധിക്കാതെയുമായി; കാരണം, അവർക്ക് അതുണ്ടായിരുന്നല്ലോ!

പിന്നീടുള്ള നൂറ്റാണ്ടുകൾ അതിൽ നിന്നുള്ള പൂർണ്ണമായ വിച്ഛേദത്തിന്റേതായിരുന്നു. പരിപൂർണ്ണതയെ വലിയ സംശയത്തോടെയും പ്രകടമായ പകയോടെയുമാണ്‌ അവ നോക്കിക്കണ്ടത്. ആധുനികമനുഷ്യനാവട്ടെ, പരിപൂർണ്ണതെയെക്കാൾ വലിയ നാണക്കേടുമില്ല. തന്റെ സ്വർഗ്ഗദാഹത്തിൽ നിന്നു മോചനം നേടിയ അവൻ അതേ സമയം തന്നെ പരിപൂർണ്ണതയിൽ നിന്നു മോചനം നേടുന്നതിലും വിജയിച്ചു. ക്രിസ്തീയയുഗത്തിൽ ആളുകൾ തങ്ങളുടെ വിശുദ്ധന്മാരെപ്രതി അഭിമാനിച്ചിരുന്നു. നാമാവട്ടെ, അവരെ “മതിക്കുകയേ” ചെയ്യുന്നുള്ളു. നാമവരെ സ്നേഹിക്കുന്നുണ്ടെന്നു നമുക്കു തോന്നുന്നുവെങ്കിൽ ഒരു നിമിഷത്തേക്ക് അവരെ നമ്മോടടുപ്പിക്കുന്ന ഒരു മാനസികദൗർബ്ബല്യം മാത്രമാണത്.

*

20

ഏതു നിഗൂഢസ്വരമാണെന്നോടു മന്ത്രിക്കുന്നത്, ഹൃദയങ്ങൾ ഭൂമിയ്ക്കും സ്വർഗ്ഗത്തിനുമിടയിൽ നൃത്തം ചെയ്യുന്ന അഗ്നിജ്വാലകളായ എല്ലാ വിശുദ്ധരും ഒരു വശത്തും പാതി മൂഢബുദ്ധിയും പാതി വിഷാദിയുമായ ഒരവസ്ഥയിൽ ഉറഞ്ഞുപോയ നീറോ മറുവശത്തും നില്ക്കുകയാണെങ്കിൽ രണ്ടാമത്തേതിനോടാണു ഞാൻ ഹൃദയം തുറക്കുക എന്ന്? നീറോയുടെ വിരസത ക്രിസ്ത്യാനികളുടെ സ്വർഗ്ഗദാഹത്തെക്കാൾ വലുതായിരുന്നു. റോമിനെ വിഴുങ്ങിയ അഗ്നിബാധ പോലും അയാളുടെ ഉള്ളിൽ ഒരു തീപ്പൊരി വീഴ്ത്തിയില്ല. മടുപ്പ് ഭ്രാന്തിനു ജനം നല്കുന്നു- അതോ തിരിച്ചാണോ? നീറോ വിഷാദവാനായ ഒരാളായിരുന്നു. അല്ലെങ്കിൽ അയാളെങ്ങനെ സംഗീതം ഇഷ്ടപ്പെടുന്നവനായി? ഈ ലോകം മുഴുവൻ മടുപ്പായി തോന്നിയ ഈ മനുഷ്യന്റെ വിധി ഹൃദയസ്പർശിയാണ്‌. സർവ്വദോഷങ്ങൾക്കുമിടയിലും അയാൾക്കുണ്ടായിരുന്ന ഒരു ഗുണം നാം മറന്നുകളഞ്ഞു, അയാളുടെ വീണ.

മരണത്തെക്കുറിച്ചുള്ള പ്രബലമായ ഒരു പൂർവ്വസൂചനയോടെയാണ്‌ നിങ്ങൾ ജനിക്കുന്നതെങ്കിൽ ജീവിതം ജനനത്തിലേക്കു തിരിഞ്ഞുനടക്കും. എല്ലാ ജീവിതഘട്ടങ്ങളും ഒരുതരം കീഴുമേലായ പരിണാമത്തിൽ അത് വീണ്ടെടുക്കുന്നു: നിങ്ങൾ മരിക്കുന്നു, പിന്നെ ജീവിക്കുന്നു, യാതനകൾ അനുഭവിക്കുന്നു, ഒടുവിൽ ജനിക്കുകയും ചെയ്യുന്നു. അതല്ല, മരണത്തിന്റെ നാശാവശിഷ്ടങ്ങൾക്കിടയിൽ നിന്നു ജനിക്കുന്നത് മറ്റൊരു ജീവിതമാണെന്നുണ്ടോ? തന്നിൽത്തന്നെ മരണത്തിന്റെ അനുഭവമുണ്ടായതിൽ പിന്നെയേ സ്നേഹിക്കാനും വേദനിക്കാനും പിന്നെയും ജനിക്കാനുമുള്ള ആഗ്രഹം നമുക്കുണ്ടാകുന്നുള്ളു. മരണശേഷമുള്ളതാണ്‌ ആകെയുള്ള ജിവിതം. രൂപാന്തരങ്ങൾ: വിരളമായതും അതുകൊണ്ടാണ്‌.

*

21

വിശുദ്ധർ അഗ്നിയിൽ ജീവിക്കുന്നു, ജ്ഞാനികൾ അതിനരികിലായിട്ടും.

22

ശോകത്തിനുള്ള പ്രലോഭനത്തെ ആവശ്യത്തിലധികം തരണം ചെയ്യുന്നുണ്ട് ബീഥോവൻ. അത്രയും ആത്മനിയന്ത്രണം എന്നെ അദ്ദേഹത്തിൽ നിന്നകറ്റുന്നു. ശോകത്തിന്റെ മാദകത്വത്തിൽ അഭിജ്ഞരായിരുന്നു ഷോപ്പാങ്ങും ഷൂമന്നും. ശോകത്തിനു മേൽ ഇച്ഛാശക്തിയുടെ വിജയങ്ങളുടെ പേരിൽ അഭിമാനം കൊണ്ടിരുന്നു ബീഥോവൻ എന്നു തോന്നുന്നു. നൈരാശ്യത്തിലായിരുന്നു, ലോകവുമായി മല്ലു പിടിക്കുന്ന ഇച്ഛാശക്തിയുടെ ആ വ്രണപ്പെട്ട അഭിമാനത്തിലായിരുന്നു ബീഥോവൻ അഭിജ്ഞൻ.

*

23

സംഗീതപ്രമേയങ്ങൾക്കു തിരികൊളുത്താത്ത ഭൂദൃശ്യങ്ങൾക്ക് ഓർമ്മകളാവാൻ കഴിയില്ല. പ്രഹർഷവും വിഷാദവും ചേർന്ന ഒരു മാനസികാവസ്ഥയിൽ ഉദ്യാനങ്ങളിലൂടെ അലഞ്ഞുനടക്കാത്ത ഒരാൾക്ക് മൊസാർട്ടിന്റെ ചാരുത മനസ്സിലാവുക എന്നതില്ല. ബ്രാംസ് ഇല്ലാതെ സായാഹ്നങ്ങളുടെ പ്രതാപമോ? ബീഥോവനില്ലാതെ വിപുലവും ഗംഭീരവുമായ പ്രകൃതിയോ? സംഗീതത്തിന്‌ പ്രപഞ്ചവിപുലമായ ഒരു സ്വഭാവമുണ്ട്. സംഗീതത്തോടുള്ള അഭിനിവേശത്തിന്‌ ഒരാധാരവുമില്ല, പ്രകൃതിയോടു സ്നേഹമില്ലാതെ.

*

24

“ഞാൻ മരിക്കുമ്പോൾ റോസാപ്പൂക്കൾ മഴപോലെ ചൊരിയും.” - ലിസ്യൂവിലെ തെരേസ

“റോസാപ്പൂവേ, നിന്നിൽ നിന്നുദ്ഗമിക്കുന്നു, ഒരു വിശുദ്ധന്റെ നഗ്നമേനിയുടെ വാസന.”- റിൽക്കെ

*

25

വിശുദ്ധന്മാരില്ലായിരുന്നുവെങ്കിൽ നമ്മുടെ ജീവിതം കുറച്ചുകൂടി അനായാസമായേനെ. അപ്പോൾ നാമോരോരുത്തരും അവനവന്റെ പാടു നോക്കി നടക്കുമായിരുന്നു, നമ്മുടെ അപൂർണ്ണതകളിൽ നാം ആഹ്ലാദിക്കുകയും ചെയ്യുമായിരുന്നു. നമുക്കിടയിൽ അവരുടെ സാന്നിദ്ധ്യം ഫലമില്ലാത്ത അപകർഷബോധങ്ങൾ, അസൂയ, പക കൊണ്ടുവരികയാണ്‌. വിശുദ്ധരുടെ ലോകം ഒരു സ്വർഗ്ഗീയവിഷമാണ്‌; നമ്മുടെ ഏകാകിത കൂടുന്തോറും അതിന്റെ വീര്യം കൂടുകയും ചെയ്യുന്നു. യാതന ലക്ഷ്യം നേടുന്നു എന്നൊരു മാതൃക മുന്നിൽ വച്ചുകൊണ്ട് അതു നമ്മുടെ മനസ്സിനെ വിഷലിപ്തമാക്കുകയാണ്‌. നമുക്കു പരിചയം ഇന്ന ലക്ഷ്യമെന്നതില്ലാതെ യാതന അനുഭവിക്കുന്നതാണ്‌, വേദനയുടെ ഫലമില്ലായ്മയിൽ മുങ്ങിപ്പോവുകയാണ്‌; നമുക്കു പരിചയം സ്വന്തം ചോരയുടെ കണ്ണാടിയിൽ നമ്മളെത്തന്നെ കാണുന്നതാണ്‌. എന്നാൽ അതിൽ നമുക്ക് അത്രയധികം കുറ്റബോധം തോന്നേണ്ടതുമില്ല; യാതന അനിവാര്യമായും സ്വർഗ്ഗത്തിലേക്കു നയിക്കണമെന്നില്ലല്ലോ.

*

26
വിശുദ്ധത്വം വളരെ അസാധാരണമായ ഒരു പ്രതിഭാസമായേനേ, ദിവ്യത്വത്തെക്കാൾ കൂടുതലായിപ്പോലും, അതിനെന്തെങ്കിലും പ്രായോഗികമൂല്യം ഉണ്ടായിരുന്നെങ്കിൽ. മനുഷ്യരുടെ പാപങ്ങളും യാതനകളും ഏറ്റെടുക്കാനുള്ള വിശുദ്ധരുടെ ആവേശം പൂണ്ട ആഗ്രഹം സുവിദിതമാണല്ലോ. ഇക്കാര്യം സ്ഥിരീകരിക്കാൻ അനന്തമായ അനുകമ്പയുടെ എത്രയെങ്കിലും വിസ്ഫോടങ്ങൾ ചൂണ്ടിക്കാണിക്കാനുമുണ്ട്. എന്നാൽ ഇങ്ങനെയൊക്കെയാണെങ്കിൽത്തന്നെ മറ്റുള്ളവരുടെ ജീവിതതിക്തതകൾക്കും യാതനകൾക്കും എന്തെങ്കിലും കുറവു വരുന്നുണ്ടോ? ആശ്വസിപ്പിക്കാനുള്ള കഴിവിനപ്പുറം വിശുദ്ധരുടെ യത്നങ്ങളെല്ലാം വിഫലമാവുകയാണ്‌; അവരുടെ സ്നേഹം പ്രയോഗത്തിൽ വരുമ്പോൾ അതിഭീമമായ ഒരു വ്യാമോഹം മാത്രമാകുന്നു. ഒരാളുടെ  വേദന മറ്റൊരാൾക്കു  സഹിക്കാൻ പറ്റില്ല. നിങ്ങളുടെ വേദന കൂടുന്നതുകൊണ്ട് നിങ്ങളുടെ അയല്ക്കാരന്റെ വേദന കുറയുന്നുണ്ടോ? ഈ ലളിതമായ സംഗതി പിടി കിട്ടിയിരുന്നെങ്കിൽ വിശുദ്ധർ രാഷ്ട്രീയത്തിലേക്കിറങ്ങിയേനെ; എന്നുപറഞ്ഞാൽ, പ്രത്യക്ഷങ്ങളിൽ അവർക്കു പിന്നെ നാണക്കേടുണ്ടാവുകയില്ല. പ്രത്യക്ഷങ്ങളെയേ മാറ്റാൻ കഴിയുകയുള്ളു. എന്നാൽ വിശുദ്ധർ പ്രത്യക്ഷങ്ങളെ ഭയക്കുന്ന രാഷ്ട്രീയക്കാരാണ്‌. അതിനാൽ അവർ തങ്ങളുടെ പരിഷ്കരണയത്നത്തിൽ ഭൗതികത ഒഴിവാക്കുന്നു. യാതനകളേയും പ്രത്യക്ഷങ്ങളേയും ഒരേ സമയം സ്നേഹിക്കാൻ നിങ്ങൾക്കു കഴിയില്ല. ഇക്കാര്യത്തിൽ വിശുദ്ധത്വത്തിന്‌ അർത്ഥശങ്കയില്ല. പ്രത്യക്ഷങ്ങളോടുള്ള ഒരു കടപ്പാട് നമ്മെ ജിവിതത്തിൽ തളച്ചിടുന്നു. അതു നമ്മെ വിശുദ്ധത്വത്തിൽ നിന്നു സ്വതന്ത്രരാക്കുകയും ചെയ്യുന്നു. 
*

27
മരണത്തിന്‌ എന്തെങ്കിലും അർത്ഥമുണ്ടെങ്കിൽ അത് ജീവിതത്തെ തീക്ഷ്ണമായി സ്നേഹിച്ചവരുടെ കാര്യത്തിൽ മാത്രമാണ്‌. വിട്ടുപോകാൻ എന്തെങ്കിലുമുണ്ടെങ്കിലല്ലാതെ എങ്ങനെയാണൊരാൾ മരിക്കുക? ജീവിതത്തിന്റേതെന്നപോലെ മരണത്തിന്റെയും നിഷേധമാണ്‌ വൈരാഗ്യം. മരണഭയത്തെ തരണം ചെയ്ത ഏതൊരാളും ജീവിതത്തിനു മേലും വിജയം നേടിക്കഴിഞ്ഞു. എന്തെന്നാൽ, ആ ഭയത്തിന്റെ മറ്റൊരു പേരല്ലാതെ മറ്റൊന്നുമല്ല ജീവിതം.

ധനികരായവരേ മരണം ‘അനുഭവിക്കുന്നുള്ളു’; പാവപ്പെട്ടവർ അതു പ്രതീക്ഷിച്ചുകഴിയുന്നു; ഒരു യാചകനും ഇന്നേവരെ മരിച്ചിട്ടില്ല. ഉടമസ്ഥർ മാത്രമേ മരിക്കുന്നുള്ളു.
പണക്കാരുടെ മരണവേദനയോടു തട്ടിച്ചുനോക്കുമ്പോൾ പാവപ്പെട്ടവരുടേത് ഒരു പുഷ്പശയ്യ പോലെയേയുള്ളു. കൊട്ടാരങ്ങളുടെ കൊടുംഭീതികളും യാതനകളുമെല്ലാം മരണം തന്നിൽ സഞ്ചയിച്ചുവച്ചിരിക്കുന്നു. സുഖഭോഗങ്ങൾക്കിടയിൽ കിടന്നു മരിക്കുക എന്നാൽ ലക്ഷോപലക്ഷം തവണ മരിക്കുക എന്നാണ്‌.

യാചകർ പ്രാണൻ വെടിയുന്നത് കിടക്കയിൽ കിടന്നിട്ടല്ല; അതുകൊണ്ടാണ്‌ അവർ മരിക്കാത്തതും. തിരശ്ചീനമായിട്ടേ നിങ്ങൾ മരിക്കുന്നുള്ളു; സുദീർഘമായ സന്നാഹങ്ങളിലൂടെ മരണം സാവധാനം ജീവിതത്തിലേക്കരിച്ചുകയറുകയാണ്‌. അന്ത്യമുഹൂർത്തത്തിൽ പ്രത്യേകിച്ചൊരിടത്തോടും അതിന്റെ ഓർമ്മകളോടും ബന്ധനസ്ഥനല്ലാത്ത ഒരാൾക്ക് വിട്ടുപോകുന്നതിൽ പിന്നെന്തു ഖേദമുണ്ടാവാനാണ്‌? യാചകർ തങ്ങളുടെ വിധി സ്വയം വരിച്ചതാണെന്നും വരാം; എന്തെന്നാൽ, ഖേദങ്ങളില്ലാത്തതിനാൽ അവയിൽ നിന്നുണ്ടാകുന്ന തീവ്രവേദനകൾ അവർ അനുഭവിക്കുന്നില്ലല്ലോ. ജീവിതത്തിന്റെ പ്രതലത്തിൽ അവർ നാടോടികളായിരുന്നു, മരണത്തിന്റെ പ്രതലത്തിലും അവർ അലഞ്ഞുനടക്കുകതന്നെയാണ്‌.
28
വിഷാദത്തിന്റേത് പരന്നുകിടക്കുന്ന ഒരടുക്കാണ്‌: ഒരു ഭൂദൃശ്യവും മന്ദഹാസവും മുതൽ ആത്മാവിനുള്ളിലുടയുന്ന ഒരു മണി വരെ.
*

29
“മിശിഹ” എന്ന സംഗീതരചന ചെയ്യുന്ന നേരത്ത് താൻ സ്വർഗ്ഗത്താണെന്ന് ഹാൻഡെലിനു തോന്നിയിരുന്നു. അത് പൂർത്തിയാക്കിയതിനു ശേഷമേ താൻ ഭൂമിയിലാണു ജീവിക്കുന്നതെന്ന ബോധം തനിക്കുണ്ടായുള്ളു എന്ന് അദ്ദേഹം ഏറ്റുപറയുന്നുമുണ്ട്. എന്നാൽ കൂടി ഹാൻഡെൽ, ബാഹിനോടു തട്ടിച്ചുനോക്കുമ്പോൾ, ഈ ലോകത്തിന്റേതാണ്‌ . ബാഹിൽ ദിവ്യമായത് ഹാൻഡെലിൽ വീരമാണ്‌. ഭൗമഗാംഭീര്യമാണ്‌ ഹാൻഡെലിന്റെ കയ്യൊപ്പ്. അദ്ദേഹത്തിന്റെ രചനകളിലെവിടെയും സ്വർഗ്ഗം പ്രതിഫലിക്കുന്നു: പുറമേ നിന്നുള്ള രൂപാന്തരണം. 

ബാഹ് ഗ്രൂൺവാൾഡിന്റെ നാടകീയപ്രഭാവത്തെ ഹോൾബെയ്‌നിന്റെ ആന്തരികതയുമായി യോജിപ്പിക്കുന്നു; ഹാൻഡെൽ, ഡ്യുറെറുടെ രേഖീയസ്ഥൂലതയെ ബാൾഡങ്ങ്-ഗ്രിയെന്റെ സാഹസികമായ ദർശനത്തോടും. മൊസാർട്ടാവട്ടെ, വിഷാദവാനായ ബോത്തിച്ചെല്ലിയാണ്‌: കണ്ണീർത്തുള്ളികൾ മഞ്ഞുതുള്ളികളായി പൊതിഞ്ഞ “വസന്തം.”
*

30
വിശുദ്ധരുടെ കാര്യത്തിൽ കൃത്യമോ നിശ്ചിതമോ ആയി ഒന്നുമില്ല. നാം കൈക്കൊള്ളുകയോ തള്ളിക്കളയുകയോ ചെയ്യേണ്ടാത്ത ഒരു കേവലതയെ ആണ്‌ അവർ പ്രതിനിധാനം ചെയ്യുന്നത്. രണ്ടു രീതിയിലായാലും നമുക്കതു ഹാനികരമായിരിക്കും. അവർക്കൊപ്പം നിന്നാൽ നമുക്കു നമ്മുടെ ജീവിതം നഷ്ടപ്പെടും; അവർക്കെതിരായാൽ കേവലതയുടെ മുന്നിൽ നമ്മുടെ നില മോശമാവുകയും ചെയ്യും. അവർ ഇല്ലായിരുന്നുവെങ്കിൽ നാം ഇപ്പോഴത്തേതിലും സ്വതന്ത്രരായേനെ. എത്ര സന്ദേഹങ്ങൾ നമുക്കൊഴിവായിക്കിട്ടിയേനെ! നമ്മുടെ ജീവിതത്തിൽ ഇവരെങ്ങനെ വഴിമുടക്കികളായി? വേദന മറക്കാൻ നാം വ്യർത്ഥമായി ശ്രമിക്കുന്നു.

31
ജെ.എസ്.ബാഹ് പലപ്പോഴും മരണത്തെക്കുറിച്ചു ചിന്തിച്ചിരുന്നുവെന്ന് അന്ന മഗ്ദലീന ബാഹ് തന്റെ കുടുംബചരിത്രത്തിൽ പറയുന്നുണ്ട്. ഈ സാക്ഷിപത്രമില്ലാതെതന്നെ സ്പഷ്ടമാണ്‌, മരണചിന്തയും സ്വർഗ്ഗദാഹവും ഉദാത്തതയുടെ ഉറവകളായിരുന്നു ബാഹിനെന്ന്. മൊസാർട്ടിന്‌ ഇതു രണ്ടുമില്ല. അതുകൊണ്ടാണ്‌, അദ്ദേഹത്തിന്റെ സംഗീതം ദിവ്യമായിരിക്കുമ്പോൾത്തന്നെ ഉദാത്തമാകാത്തത്. മൊസാർട്ടിനെക്കാൾ കുറഞ്ഞ അളവിൽ അഭൗമമായ ഒരു സംഗീതജ്ഞൻ എന്റെ അറിവിലില്ല.

32

ജീവിതം ഓരോ ദിവസവും മുന്നോട്ടു പോകുന്തോറും നിങ്ങൾക്കു ബോദ്ധ്യമാവുകയാണ്‌, നിങ്ങൾ യാതൊന്നും പഠിക്കുന്നില്ലെന്ന്, ഓർമ്മയിലൂടെ പിന്നോട്ടു പോവുകയേ ചെയ്യുന്നുള്ളുവെന്ന്. ഒരിക്കൽ നാം ജീവിച്ചിരുന്ന ഒരു ലോകം വീണ്ടും കണ്ടെടുക്കുന്നപോലെയാണത്. നാം ഒന്നും നേടുന്നില്ല, നമ്മെത്തന്നെ വീണ്ടെടുക്കുകയാണു നാം. സ്വയം തിരിച്ചറിയുക എന്നത് വിപരീതദിശയിലുള്ള ഒരു പരിണാമമാണ്‌. വ്യക്തിസത്തയായി പരിണമിക്കുന്നതിനു മുമ്പ് നമുക്കു മറ്റൊരു ജീവിതമുണ്ടായിരുന്നു എന്ന സങ്കല്പം അങ്ങനെ ജനിക്കുന്നതാണ്‌. വിസ്മൃതിയിലായ ഒരു മൗലികദർശനത്തിന്റെ അനുകരണമാണ്‌ നമ്മുടെ ഉണ്മ. എങ്കിലെന്താണ്‌ ഒരു വിശുദ്ധന്റെ അസ്തിത്വത്തിനുള്ള അർത്ഥം? പറുദീസയിൽ വച്ച് ദൈവവുമായി തങ്ങൾക്കുണ്ടായിരുന്ന പ്രത്യക്ഷസാമീപ്യത്തിന്റെ അനാദിയായ ഓർമ്മകൾ അവരെ വേട്ടയാടുന്നുവെന്നാണോ? തങ്ങളുടെ ഓർമ്മകളുടെ കയങ്ങളിൽ അവർ ഒളിപ്പിച്ചുവയ്ക്കുന്നുണ്ടാവുമോ, ദൈവത്തിന്റെ പ്രതിരൂപം?

തങ്ങളുടെ പ്രഥമസ്മൃതിയുടെ ഉപബോധസമ്മർദ്ദത്തിൻ കീഴിൽ ദൈവത്തെ അനുകരിക്കുകയാണവർ, വിശുദ്ധർ.

ഓരോ മനുഷ്യനും ദൈവമാണ്‌ അവന്റെ ആദ്യത്തെ ഓർമ്മ. ഓർമ്മയിലൂടെ പിന്നിലേക്കു പോവുക എന്നത് ഒരു സാധാരണക്കാരന്റെ കഴിവിനതീതമാണെങ്കിലും വിശുദ്ധരുടെ കാര്യത്തിൽ അവരുടെ പ്രധാനമായ നേട്ടമാണത്; തങ്ങളുടെ യത്നത്തിന്റെ ദിശ പലപ്പോഴും പൂർണ്ണമായി അവർക്കു മനസ്സിലാകണമെന്നില്ലെങ്കിലും. 

വിശുദ്ധരുടെ ധ്യാനം ആദിമസ്മൃതിയിലെ ഒരു തടങ്കലാണ്‌. ഓർമ്മയുടെ പരമാവധിയാണ്‌ ദൈവത്വം. പറുദീസയിലെ സത്വങ്ങൾ മുതൽ ഇങ്ങു താഴെ നമ്മൾ വരെ ആ ആദിമമായ ഉള്ളടക്കത്തിനവകാശികളാണ്‌ എല്ലാവരും. ഓർമ്മയുടെ ശരിക്കുള്ള ഉള്ളടക്കത്തെ, കാലത്തിന്റെ സംഭാവനയെ, കവച്ചുചാടിക്കൊണ്ടേ നമുക്ക് ആദിമസ്മൃതിയിലേക്കെത്താൻ കഴിയുകയുള്ളു. എന്തുകൊണ്ടാണ്‌ മിക്കവാറും എല്ലാ ഭ്രാന്തന്മാരും ദൈവത്തെക്കുറിച്ചു സംസാരിക്കുകയോ തങ്ങളും ദൈവങ്ങളാണെന്നു വിശ്വസിക്കുകയോ ചെയ്യുന്നത്? തങ്ങളുടെ ഓർമ്മയുടെ ശരിക്കുള്ള ഉള്ളടക്കം നഷ്ടപ്പെട്ടുകഴിഞ്ഞ അവരുടെ മനസ്സുകളിൽ ഓർമ്മയുടെ ആദിമൂലങ്ങൾ ഉടവു തട്ടാതെ ഇരിക്കുന്നു എന്നതുകൊണ്ടാണത്. ലഹരിയുടെ കാര്യവും ഇതുതന്നെ. ദൈവത്തെ ഓർത്തെടുക്കാനായി മനുഷ്യൻ കുടിച്ചു ബോധം കെടുന്നു. അവൻ ഭ്രാന്തനാകുന്നതും ഇതേ കാരണങ്ങളാലാവാം. എന്തായാലും ഒരു വിശുദ്ധനാകാൻ  അവനുള്ള ഒരേയൊരു പ്രേരണ ഇതാണെന്നതിൽ സംശയിക്കാനില്ല.

*

33

ലൈംഗികതയെ മതാത്മകമായ ഹർഷമൂർച്ഛ പകരം വയ്ക്കുന്നു. മനുഷ്യവർഗ്ഗത്തിന്റെ മദ്ധ്യമത്വം ഒന്നുമാത്രമാണ്‌ ലൈംഗികതയ്ക്കുള്ള  ന്യായമെന്നു തോന്നുന്ന ഒരേയൊരു വിശദീകരണം. നമുക്കു നമ്മിൽ നിന്നു പുറത്തുവരാനുള്ള ഒരേയൊരു വഴി എന്ന നിലയ്ക്ക് മൃഗത്വത്തിൽ നിന്നുള്ള ഒരു താല്ക്കാലികമോചനമാണ്‌ ലൈംഗികത. ഓരോ ജീവിയ്ക്കും മൈഥുനം അതിന്റെ ജൈവശാസ്ത്രധർമ്മത്തെ അതിവർത്തിയ്കുന്ന ഒന്നാണ്‌. മൃഗത്വത്തിനു മേലുള്ള ഒരു വിജയമാണത്. സ്വർഗ്ഗത്തിലേക്കുള്ള ഒരേയൊരു കവാടം. വിശുദ്ധർ ലൈംഗികതയില്ലാത്തവരല്ല, അതിനെ അതിവർത്തിച്ചവരാണ്‌. ലൈംഗികതയുടെ വെളിപാടുകൾ വേണമെന്നില്ലാത്ത അവസ്ഥയിലെത്തിയിരിക്കുന്നു അവർ. വിശുദ്ധനാവുക എന്നാൽ സദാ തനിക്കു ബാഹ്യനായിരിക്കുക എന്നാണ്‌. അതിനോട് ലൈംഗികത പിന്നെന്തു കൂട്ടിച്ചേർക്കാൻ? വിശുദ്ധരുടെ ദിവ്യമൂർച്ഛയ്ക്കു മുന്നിൽ രതിമൂർച്ഛ നിറം കെട്ടുപോകുന്നു.

*

34

ഫറവോന്മാർ പിരമിഡുകൾ പടുത്ത കാലമാണ്‌ എല്ലാ ചരിത്രകാലഘട്ടങ്ങളിലും വച്ച് എനിക്കു മനഃശാന്തി തോന്നുമായിരുന്ന കാലം- ഒരടിമയായി പണിയെടുക്കുകയായിരുന്നു അന്നു ഞാനെങ്കിൽ. എത്ര ഭീതിയും ആദരവും ജനിപ്പിക്കുന്നതാണത്, ചാട്ടയടികളേറ്റുകൊണ്ട് ശിലാഖണ്ഡങ്ങൾ എടുത്തുയർത്തുകയും ഒപ്പം നിത്യതയ്ക്കു മുന്നിൽ വിജയം ഘോഷിച്ചുകൊണ്ട് പിരമിഡുകൾ ഉയർന്നുവരുന്നതു കാണുകയും ചെയ്യുക, കാലം അവയെ ത്യജിച്ചുപോകുമ്പോൾ ചുറ്റും ശൂന്യത വന്നുമൂടുന്നതു മനസ്സിൽ കാണുന്നതുപോലും. ഏതു യൂറോപ്യൻ തത്വശാസ്ത്രജ്ഞനെക്കാളും നിത്യതയോടു സമീപസ്ഥരായിരുന്നു ഈജിപ്ഷ്യൻ അടിമകളിൽ ഏറ്റവും നിസ്സാരൻ പോലും! നമുക്ക് ആകാശം തന്നെ നമ്മുടെ ശവകുടീരമായിരിക്കുന്നു! ആധുനികലോകത്തിനു മേൽ ഒരു ശാപം വീണിരിക്കുന്നു, പരിമിതവസ്തുക്കളുടെ വശീകരണം!

*

35

ഞാൻ ദൈവത്തെ മാത്രം ഉദ്ധരിക്കുന്ന ഒരു കാലം എന്നെങ്കിലും വരുമോ?

36

മനുഷ്യർക്ക്, വിശുദ്ധർക്കു പോലും, പേരുകളില്ല. ദൈവത്തിനേ അതൊന്നുള്ളു. എന്നാൽ എല്ലാ നൈരാശ്യത്തിന്റെയും ഉറവിടമെന്നല്ലാതെ നമുക്കെന്തെങ്കിലും അറിയുമോ അവനെക്കുറിച്ച്? ദൈവത്തിന്റെ നൈരാശ്യം തുടങ്ങുന്നു, മറ്റുള്ളവരുടേത് അവസാനിക്കുന്നിടത്ത്.

*

37

നമ്മുടെ ആത്മാവിൽ ആശ്രമങ്ങളുടെ നിഴൽ വീഴ്ത്തുന്ന ചില ശോകങ്ങളുണ്ട്. അവയിലൂടെ നാം വിശുദ്ധരെ മനസ്സിലാക്കാൻ തുടങ്ങുന്നു. നമ്മുടെ ദുരിതത്തിന്റെ അതിരോളം നമുക്കു കൂട്ടു വരാൻ വിശുദ്ധർക്കാഗ്രഹമുണ്ടെങ്കിലും അവർക്കതിനു കഴിയാറില്ല; നമ്മെ ഏകാകികളാക്കി, ഏകാന്തതയിലും പശ്ചാത്താപത്തിലും നമ്മെ ഒറ്റയ്ക്കാക്കി അവർ പാതിവഴിക്കു നമ്മെ വിട്ടുപോകുന്നു. അവരുടെ ഹൃദയത്തിന്‌, ദൈവത്തിലാണതിന്റെ അച്ചുതണ്ടുറപ്പിച്ചിരിക്കുന്നതെന്നതിനാൽ, നമ്മുടേതിലും വ്യത്യസ്തമായ ഒരു ചരിവാണുള്ളത്.

*

38

സ്ഥലശൂന്യമായ ഒരു ലോകം സങ്കല്പിക്കാൻ ശ്രമിക്കുകയാണു ഞാൻ- എനിക്കാകെ കണ്ടെത്താൻ കഴിയുന്നത് ഒരു വിശുദ്ധന്റെ ഹൃദയം.

*

39

സ്വന്തം മരണം ശൈലീകൃതമാക്കുന്നവരുണ്ട്. മരിക്കുകയെന്നാൽ അവർക്കതൊരു രൂപപരമായ പ്രശ്നമാണ്‌. എന്നാൽ മരണം ദ്രവ്യവും ഭീതിയും കൂടിയാണല്ലോ. അതുകൊണ്ടാണ്‌ മരണത്തെ ഒഴിവാക്കിക്കൊണ്ടല്ലാതെ ഭംഗിയായി മരിക്കാൻ കഴിയാത്തതും. 

എന്തുകോണ്ടാണ്‌ മെലിഞ്ഞവരും തടിച്ചവരും മരണഭയം പിടികൂടിക്കഴിഞ്ഞാൽ അത്രയും കുത്സിതവും മടുപ്പിക്കുന്നതുമായ കാഴ്ചയാകുന്നത്? ദ്രവ്യം അത്രയധികമുള്ളപ്പോൾ കൂടുതൽ സുനിശ്ചിതവും അനുകൂലവുമായ ഒരു കൂടു കിട്ടുകയാണു മരണത്തിന്‌; ദ്രവ്യത്തിന്റെ അളവിനു നേരനുപാതത്തിൽ ഭീതി കൂടുകയും ചെയ്യുന്നു.

*

40

ടോൾസ്റ്റോയിയുടെ മരണഭയത്തെക്കുറിച്ചോർക്കുമ്പോഴൊക്കെ ആനയുടെ പേടി എനിക്കു മനസ്സിലാകാൻ തുടങ്ങുന്നു.

*

41

ഓരോ വേദനയുടേയും പരിധി അതിലും വലിയ ഒരു വേദനയാണ്‌.

42

മരണഭയത്തിൽ നിന്നൊളിച്ചോടാൻ ശ്രമിച്ചവരാണ്‌ മരണത്തെ ചോദ്യം ചെയ്യാതംഗീകരിക്കുക എന്ന ഉപായം കണ്ടുപിടിച്ചത്. എന്നാൽ മരണഭയമില്ലെങ്കിൽ മരണം അർത്ഥമില്ലാത്തതാവുകയും ചെയ്യുന്നു. മരണത്തിന്റെ അസ്തിത്വം അതിലും അതിലൂടെയും മാത്രമാണ്‌. മരണവുമായുള്ള അനുരഞ്ജനത്തിലൂടെ കിട്ടുന്ന വിവേകം അന്തിമാവസ്ഥയ്ക്കു മുന്നിലെ ഏറ്റവും ഉപരിപ്ലവമായ മനോഭാവമാണ്‌.

43

ഉല്ക്കടമായ ആ നിഷ്കളങ്കതയുടെ പേരിൽ ഞാൻ വിശുദ്ധരെ സ്നേഹിക്കുന്നു; അവരുടെ വിശേഷലക്ഷണങ്ങൾക്ക് ശിശുസഹജമായ ഒരാർജ്ജവത്തിന്റെയും അനാവശ്യമായ ഒരു വേദനയുടേയും ഭാവം പകരുന്നത് അതാണല്ലോ. എപ്പോഴും പാതിയടഞ്ഞ കണ്ണുകൾ, ബാഹ്യവെളിച്ചത്തിന്റെ വിവേചനമില്ലായ്മയിൽ നിന്ന് തങ്ങളുടെ ആന്തരരഹസ്യത്തെ കാത്തുകൊള്ളും കൺപോളകളെന്നപോലെ; തങ്ങളുടെ നോട്ടത്തിന്റെ സന്ദിഗ്ധതയോടു ചേർന്നുപോകുന്ന ചിന്താധീനമായ ഒരു മന്ദഹാസം; ആകാശത്തിന്റെ നീലിമ വീണു തിളങ്ങുന്ന ചുവന്ന ചുണ്ടുകൾ; ഒരഭൗമലോകത്തിന്റെ ആലിംഗനത്തിനായി നീട്ടിയ വിളറിയ കൈകൾ; റാഫേൽ തന്റെ മഡോണമാരെ, അതാണവരുടെ ഹൃദയസാരമെന്ന രീതിയിൽ, ഉടുപ്പിച്ച സ്വർഗ്ഗീയനീലവും. 

എന്തിനവർ ലോകത്തേക്കു കണ്ണു തുറക്കണം, യേശുവിനെ കാണാനേ തങ്ങൾക്കു കണ്ണുകളുള്ളുവെന്ന് പേർത്തും പേർത്തുമവർ ഉദ്ഘോഷിച്ചിരിക്കെ? ദിവ്യോന്മാദം കണ്ണുകളെ മൂടിക്കളയുന്നു; അതിൽ ഒരാൾ എന്തു കാണുന്നുവോ, അതാണയാൾ. അതുകോണ്ടാണ്‌ അതിനു കാഴ്ചശക്തി വേണമെന്നില്ലാത്തത്. ദിവ്യമൂർച്ഛയിൽ കണ്ണുകൾ പാതിയടച്ച തെരേസാപുണ്യവതിയുടെ ശില്പം ചെയ്തപ്പോൾ ബെർണിനിക്ക് അതു പിടി കിട്ടിയിരുന്നു. അതുപോലെ സുർബരൻ, സ്വർഗ്ഗീയവികാരങ്ങളുടെ തുല്യതയില്ലാത്ത ചിത്രകാരൻ, അസ്സീസ്സിയിലെ ഫ്രാൻസിസ്സിനു നല്കിയത് അദ്ദേഹത്തിന്റെ അഭൗമശാന്തതയ്ക്കൊട്ടും ചേരാത്ത ഒരു മുഖമാണ്‌.

*

44

വസ്തുനിഷ്ഠമായ കാഴ്ചപ്പാടിലൂടെ നോക്കുമ്പോൾ എല്ലാ മനുഷ്യരും മരണത്തിൽ നിന്ന് ഒരേ ദൂരത്തിലാണ്‌. ഏതു നിമിഷവും മരണത്തിനു വിധേയരാകാനുള്ളവരാണ്‌ നാമെല്ലാം. ആത്മനിഷ്ഠമായ കാഴ്ചപ്പാടിലൂടെ നോക്കുമ്പോൾ - സാരമായിക്കാണേണ്ട ഒരേയൊരു കാഴ്ചപ്പാടും അതുതന്നെ - ചിലർ അതിനോടത്രയുമടുത്തവരായിരിക്കും, അതിനോടു താദാത്മ്യം പ്രാപിച്ചാലെന്നപോലെ; ചിലർ അതിനെ കണ്ടിട്ടേയില്ലെന്നപോലെയുമായിരിക്കും. വസ്തുനിഷ്ഠമായ മരണത്തിന്‌ ഒരർത്ഥവുമില്ല, റില്ക്കേയിൽ, നോവാലിസിൽ. വാസ്തവത്തിൽ ഒരിക്കൽ മാത്രം മരിക്കുന്ന കവികൾ തന്നെയില്ല.

*

45

സാധാരണക്കാർ വിശുദ്ധരിൽ നിന്നു വ്യത്യസ്തരാകുന്നത് ശരീരത്തോടുള്ള അവരുടെ മനോഭാവം കൊണ്ടാണ്‌, സ്വർഗ്ഗാഭിമുഖ്യം കൊണ്ടല്ല. ഒരാളും സ്വർഗ്ഗത്തിന്റെ ഉടമയല്ല, എന്നാൽ ഏതു വിശുദ്ധനും ഒരു ശരീരമുണ്ടുതാനും. സാധാരണക്കാരന്‌ ശരീരം ഒരു പ്രശ്നമാണോ? അത് രോഗാധീനമാകുന്നിടത്തോളം മാത്രം. അല്ലാത്തപക്ഷം അയാളതിനെ താനറിയാതെതന്നെ കൊണ്ടുനടന്നോളും. വിശുദ്ധർക്കു പക്ഷേ, ഒരൊഴിയാബാധയാണത്. 

ശരീരത്തിനപ്പുറത്തേക്കുള്ള അനന്തമായ ഒരു കുതിപ്പാണ്‌ ദിവ്യമൂർച്ഛ. ശരീരത്തിന്റെ പരാജയം തർക്കമറ്റ രീതിയിൽ തെളിയിക്കാൻ മുന്നോട്ടുവയ്ക്കുന്ന സാക്ഷ്യപത്രങ്ങൾ എത്രയെങ്കിലുമാണ്‌. വിശുദ്ധന്മാരുടെ കുമ്പസാരങ്ങൾ തങ്ങളുടെ ശരീരവുമായി അവരുടെ മനഃസാക്ഷി നടത്തിയ മല്പിടുത്തങ്ങളുടെ രേഖകളല്ലാതെ മറ്റൊന്നുമല്ല. ബോധപൂർവ്വമാണെന്നതിനാൽ ഈ സംഘർഷത്തിനു പക്ഷേ നാടകീയത കുറവാണ്‌, അതിൽ നിന്നു വെളിപാടുകളൊന്നും ഉണ്ടാകുന്നതുമില്ല; ശരീരത്തെ വീണ്ടും കണ്ടെടുക്കുന്നതിൽ ഇതുരണ്ടും ഉണ്ടാവുകയും ചെയ്യും. മിസ്റ്റിക്കുകളുടെ സമാധി വളരെ നേരം നീണ്ടുനില്ക്കാറുണ്ട്, ചിലപ്പോഴൊക്കെ ദിവസങ്ങളോളം. ആത്മാവ് നിരന്തരസമ്മർദ്ദത്തിലാണ്‌; സത്തയാകട്ടെ, ആത്മാവിന്റെ പാത പിന്തുടർന്ന് ശരീരത്തോടു തനിക്കുള്ള ചേർച്ച മറക്കുകയും ചെയ്യുന്നു. ആന്തരജ്വാലകൾ ശരീരത്തിന്റെ പ്രതിരോധത്തെ സ്ഫുടം ചെയ്യുകയാണ്‌, ദിവ്യമൂർച്ഛയുടെ അമൂർത്തത മാത്രം ശരീരത്തിന്റേതായി ശേഷിക്കുന്നിടത്തോളം. ദിവ്യമൂർച്ഛയുടെ തീക്ഷ്ണത തണുക്കാൻ തുടങ്ങുമ്പോൾ സാധാരണതയിലേക്കുള്ള മടക്കം തുടങ്ങുന്നു, അതിനൊപ്പം, തന്നെത്തന്നെ മറന്ന ഒരു ശരീരത്തിന്റെ സ്വയം വീണ്ടെടുക്കലും. എല്ലാ വിശുദ്ധരും സ്വന്തം ശരീരത്തിന്റെ രോഗമുക്തിയെക്കുറിച്ചു പരാതിപ്പെടാറുണ്ട്, അതായത് ദിവ്യമൂർച്ഛയിൽ നിന്നുള്ള പതനത്തെക്കുറിച്ച്.

46

ക്രിസ്റ്റീന എബ്‌നെർ ഇരുപത്തിനാലാം വയസ്സിൽ കണ്ട ഒരു സ്വപ്നം ഹൃദയസ്പർശിയത്രെ. അതിൽ അവൾ ഗർഭവതിയാണ്‌, അവൾ ഗർഭം ധരിച്ചിരിക്കുന്നതാകട്ടെ യേശുക്രിസ്തുവിനേയും. തന്നിലെ ദിവ്യശിശുവിനു ദോഷമാകുമോയെന്ന ഭയത്താൽ ഒന്നങ്ങാൻ കൂടി മടിക്കുന്നത്രയളവിലായിരുന്നു അവളുടെ ആനന്ദം. നോവറിയാതെ പ്രസവം കഴിഞ്ഞിട്ട് അവൾ അവനെ കയ്യിലെടുത്ത് കന്യാസ്ത്രീകളെ കാണിച്ചുകൊണ്ടു പറഞ്ഞു: “എന്നോടൊപ്പമാഹ്ലാദിക്കൂ, ഇനിയെനിക്കെന്റെ ആഹ്ലാദം മറച്ചുവയ്ക്കാനാവില്ല; യേശുവിനെ ഞാൻ ഗർഭം ധരിച്ചു, അവനെ ഞാൻ പ്രസവിച്ചു.” 

നിർഭാഗ്യത്തിന്‌ അപ്പോളവളുടെ ഉറക്കം ഞെട്ടി. ആ സമയത്തു മരിച്ചുപോയിരുന്നെങ്കിൽ ഒരു സ്ത്രീയുമറിയാത്ത ഒരാനന്ദത്തോടെയാവും അവൾ മരിച്ചിരിക്കുക. 

അവളുടെ സ്വപ്നം ഒരു കന്യാസ്ത്രീയുടേതല്ല, ഒരു വിശുദ്ധയുടേതായിരുന്നു. ഒരാളൊഴിയാതെല്ലാ വിശുദ്ധരുടേയും ഹൃദയത്തിൽ അതൊളിഞ്ഞുകിടക്കുന്നു: ദൈവത്തെ ഗർഭം ധരിച്ച ജന്മങ്ങൾ.

ക്രിസ്റ്റീന എബ്‌നെറുടെ ജീവിതകാലം 1277 മുതൽ 1355 വരെയായിരുന്നു. മദ്ധ്യകാലഘട്ടം ദൈവത്താൽ അർത്ഥഗർഭമായിരുന്നു.

ഒരു ഞായറാഴ്ചദിവസം അവൻ ക്രിസ്റ്റീനയോടു പറഞ്ഞു: “പ്രണയം കൊണ്ടു മൃതാവസ്ഥയിലായവനെപ്പോലെ ഞാൻ നിനക്കടുത്തേക്കു വരുന്നു. മണവാട്ടിയുടെ കിടക്കയ്ക്കരികെ മണവാളന്റെ അഭിലാഷത്തോടെ ഞാൻ നിനക്കടുത്തേക്കു വരുന്നു.” ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ദൈവമാവുക നല്ലതാണ്‌, അതിലും നല്ലതാണ്‌ അവന്റെ മണവാട്ടിയാവുക.

*

47

“എല്ലാമാണെന്ന തോന്നൽ, ഒന്നുമല്ലെന്ന തീർച്ചയും” പോൾ വലേറി. ഒരു കവിയുടെ നിഗമനം- വിശുദ്ധരുമായി സംസർഗ്ഗം പുലർത്തിയവർക്കുള്ളത്.

*

47

ഭിക്ഷാടനം ദാരിദ്ര്യത്തിന്റെ ഉല്പന്നമല്ല. ചരിത്രത്തിലുണ്ടായിരുന്ന ഒരു ദേശത്ത് എത്ര ഭിക്ഷക്കാരുണ്ടോ, അത്രയും തന്നെ ഭിക്ഷക്കാരുണ്ടാവും ഒരാദർശദേശത്തും. ഭിക്ഷാടനം ഉപജീവനമാക്കിയ ഒരാൾ ജീവിതത്തിന്റെ ചിരസ്ഥായിയായ ഒരു ലക്ഷണമാണ്‌. നാല്ക്കവലകളും കവാടങ്ങളും കരുണയും ഉള്ള കാലത്തോളം എവിടെ നിന്നെന്നില്ലാതെ അയാൾ പൊട്ടിവീണോളും. ഭിക്ഷക്കാർ നാല്ക്കവലകളുടെ സുഗന്ധമാണ്‌, കവാടങ്ങളുടെ സൗമനസ്യമാണ്‌, പരോപകാരതല്പരരുടെ മോക്ഷവുമാണ്‌. അവരില്ലെങ്കിൽ സഹാനുഭൂതി ബോധത്തിലെ ഒരു ശൂന്യത പോലെ അലിഞ്ഞില്ലാതാകും, എവിടെ സ്വയം പ്രതിഷ്ഠിക്കണമെന്നറിയാതെ വ്യാപകമായ ഒരസംതൃപ്തിക്ക് അതു വഴി മാറുകയും ചെയ്യും. സഹാനുഭൂതിയാണ്‌ ഭിക്ഷാടനം സൃഷ്ടിച്ചതെന്നതിന്‌ നല്ല സാദ്ധ്യതയുണ്ട്; കുറഞ്ഞ പക്ഷം രണ്ടും ഒരുമിച്ചാണുണ്ടായതെന്നെങ്കിലും പറയാം. സമൂഹത്തിലെ അനീതി ഉപരിതലത്തിലേക്കു കൊണ്ടുവരുന്നത് ഭിക്ഷാടനത്തെ ഗൗരവമായി എടുക്കാത്തവരെയാണ്‌, ഭിക്ഷാടനം അവർക്കൊരു നിയോഗമല്ല, പതിതരായ പാവങ്ങൾ മാത്രമാണവർ. എന്നാൽ അന്ത:പ്രചോദിതനായ ഒരു ഭിക്ഷക്കാരനാവട്ടെ, ആർക്കും മനസ്സിലാവാത്ത ഒരു ജീവിയത്രെ. ഭിക്ഷ കൊടുക്കുന്നവർക്കാണ്‌ അവരെ ഒട്ടും മനസ്സിലാകാത്തത്; അവർക്കവരെ പേടിയുമാണ്‌. ഞാൻ ഒരു ഭിക്ഷക്കാരനായിരുന്നെങ്കിൽ ഞാൻ ആരോടും ഭിക്ഷ ചോദിക്കുമായിരുന്നില്ല. എന്നാൽ ഭിക്ഷക്കാരന്റെ ഉദാത്തത ഇതിലാണ്‌: അയാൾ എല്ലാവരിൽ നിന്നും സ്വീകരിക്കുന്നു. അയാളെ സംബന്ധിച്ച് ദാതാവ്, വ്യക്തിപരമായി, ഒന്നുമല്ല. അയാൾക്കു താല്പര്യം കുനിയുക എന്ന ചേഷ്ടയിൽ മാത്രമാണ്‌. അയാൾക്കു മുന്നിൽ വണങ്ങിക്കൊണ്ട് ഓരോ ദാതാവും നല്കുന്ന ആശംസയാണത്. നമ്മുടെ അവജ്ഞയുടെ അതേ വളവെടുക്കുന്നു അയാളുടെ അഭിമാനം. ഒരു ചില്ലിത്തുട്ടെറിഞ്ഞുകൊടുക്കാൻ അവജ്ഞയോടെ നാം എത്രത്തോളം കുനിയുന്നുവോ, അത്രയും തിളക്കം കൂടുകയാണ്‌ അയാളുടെ കണ്ണുകൾക്കപ്പോൾ. നാം അയാളെ മുഖത്തൊന്നടിച്ചാൽ അയാൾക്കു കൂടുതൽ സന്തോഷമായെന്നും വരാം; എന്തെന്നാൽ മനുഷ്യനുമായി അയാൾക്കുണ്ടാകുന്ന ഒരേയൊരു സമ്പർക്ക മാണത്. ഒരു ഭിക്ഷക്കാരനാകാനുള്ള നിയോഗം എനിക്കെന്തുകൊണ്ടു കിട്ടിയില്ല? അതിനു ഞാൻ ഭിക്ഷക്കാരനായി ജനിച്ചാലേ പറ്റൂ.

48

എന്റെ ദൈവമേ, നരകത്തിന്റെ കവാടങ്ങളിൽ ഞാൻ കണ്ണീരിന്റെ കുഴികളെടുക്കാം, അവിടം ഞാനെന്റെ പാർപ്പിടവുമാക്കാം. എന്റെ അന്തിവെളിച്ചത്തെ നിന്റെ നിഴലുകൾ കൊണ്ടു ഞാൻ പൊതിയാം. ദൈവം ഹൃദയത്തിന്റെ ഒരു മിഥ്യാഭ്രമമാണെന്നുവരുമോ, ലോകം മനസ്സിന്റേതായിരിക്കുന്നപോലെ?

49

വിശുദ്ധരുടെ കുമ്പസാരങ്ങൾ വായിച്ചിട്ടുള്ള ഏതൊരാൾക്കും ചിന്തിക്കാതിരിക്കാനാവില്ല, യേശു ലോകത്തേക്കു വന്നത് മനുഷ്യരുടെ വീണ്ടെടുപ്പിനെന്നതിനെക്കാൾ പ്രണയദാഹികളായ സ്ത്രീഹൃദയങ്ങളുടെ സാന്ത്വനത്തിനു വേണ്ടിയായിരുന്നുവെന്ന്. ലൗകികമായ വ്യാഖ്യാനങ്ങൾ വിശുദ്ധരുടെ കാര്യത്തിൽ അനുചിതമാണെങ്കിലും ഒരു വിശുദ്ധയുടെ ഹൃദയത്തിനായുള്ള മത്സരത്തിൽ യേശുവിന്റെ പ്രതിയോഗി മനുഷ്യരിൽ നിന്നൊരാളായിരുന്നുവെങ്കിൽ ത്രിത്വത്തിലെ വെറുമൊരംഗമായി ഒതുങ്ങിയേനെ നമ്മുടെ രക്ഷകനെന്ന് മിക്കവാറും ഉറപ്പിക്കാവുന്നതേയുള്ളു. 

വിശുദ്ധകളായ സ്ത്രീകളുടെ ഔദ്യോഗികകാമുകനായിരുന്നു യേശു. തങ്ങളുടെ ഹൃദയത്തിലുള്ളതെല്ലാം അവനോടു കുമ്പസാരിക്കുന്നതിൽ ഒരപകടവും അവർക്കു ഭയക്കാനില്ലായിരുന്നു, അവിവേകത്തിന്റെ അമിതത്വം അവർക്കപകടം വരുത്തിയതുമില്ല. വിശുദ്ധരുടെ പ്രണയദാഹം അവരുടെ ഹൃദയങ്ങൾ മരുപ്പറമ്പാക്കിയേനെ, അവരുടെ തൃഷ്ണകളേയും അവരുടെ ദൗർബ്ബല്യങ്ങളേയും പരിമളപ്പെടുത്താൻ സർവ്വവ്യാപിയായ ആ ദിവ്യപ്രേമം ഇല്ലായിരുന്നുവെങ്കിൽ. 

ഐഹികമായ പ്രേമം ഒഴിഞ്ഞുപോയ ഹൃദയങ്ങളാണ്‌ യേശുവിന്റെ ആശ്രയം, അവന്റെ വിശ്രമസങ്കേതം. രണ്ടായിരം കൊല്ലമായി അവൻ അവിടെ ശയിക്കുന്നു, തന്റെ പുൽത്തൊട്ടിയിൽ കിടന്നുകൊണ്ട് അവനൊരിക്കലും സ്വപ്നം കാണാത്ത ചാരുതകളുടെ തഴുകലുമേറ്റുകൊണ്ട്. പുൽത്തൊട്ടിയിൽ നിന്ന് ഒരു വിശുദ്ധഹൃദയത്തിലേക്ക്! മർത്ത്യസാധാരണമായ പരിണാമമല്ലത്.

*

50

മനുഷ്യൻ ഒറ്റപ്പെടലിന്റെ ആദ്യത്തെ വിറയറിഞ്ഞ മുഹൂർത്തത്തിലായിരിക്കണം ദൈവത്തിന്റെ പ്രവേശം. ഒരു പ്രകമ്പനത്തിന്റെ ശൂന്യതയിൽ അവൻ തന്റെ ഇടം കണ്ടെത്തുന്നു. അങ്ങനെ ദൈവത്തിന്റെ അനന്തത എന്നത് സർവ്വജീവികളും ഇന്നേവരെ സഹിച്ച ഏകാകിതയുടെ നിമിഷങ്ങൾക്കു തുല്യമാകുന്നു.

ആരും ദൈവത്തിൽ വിശ്വസിക്കുന്നില്ല- ഏകാന്തമായ ആത്മഭാഷണത്തിന്റെ പീഡനം ഒഴിവാക്കാനല്ലാതെ. സംസാരിക്കാൻ മറ്റാരെങ്കിലുമുണ്ടോ? ഏതു സംവാദത്തെയും അവൻ സ്വാഗതം ചെയ്യുന്നതായി തോന്നുന്നു, നമ്മുടെ ഏകാന്തശോകങ്ങളുടെ അരങ്ങാവാൻ തന്നെ ഒഴികഴിവാക്കുന്നതിൽ അവൻ നീരസം കാണിക്കുന്നുമില്ല.

ദൈവം കൂടെയില്ലാത്ത ഏകാകിത വെറും ഭ്രാന്താണ്‌. നമ്മുടെ പിച്ചും പേയും പറച്ചിൽ അവനിൽ ചെന്നൊടുങ്ങുകയെങ്കിലും ചെയ്യുന്നുണ്ടല്ലോ; ദൈവം ഒരു ഒരു മിന്നൽരക്ഷാകമ്പിയാണ്‌. എന്തെന്നാൽ ശോകങ്ങളും മിഥ്യാഭ്രമങ്ങളും നന്നായി കടത്തിവിടുന്ന ഒരു ചാലകമാണവൻ.

*

51

ചെറുപ്പത്തിലേ മരിച്ചു എന്നതാണ്‌ യേശുവിനു കിട്ടിയ ഏറ്റവും വലിയ ഭാഗ്യം. അറുപതുവയസ്സുവരെയാണ്‌ അവൻ ജീവിച്ചിരുന്നതെങ്കിൽ കുരിശിനു പകരം അവൻ നല്കുമായിരുന്നത് തന്റെ സ്മരണകളായിരിക്കും. ദൈവത്തിന്റെ നിർഭാഗ്യവാനായ പുത്രന്റെ പൊടി ഊതിക്കളഞ്ഞുകൊണ്ടിരുന്നേനെ നമ്മളിന്നും.

*

52

യേശുവിന്റെ പിതാവായ ജോസഫാണ്‌ ചരിത്രത്തിലെ ഏറ്റവും മാനം കെടുത്തപ്പെട്ട വ്യക്തി. ക്രിസ്ത്യാനികൾ അയാളെ ഒരരികിലേക്കു തള്ളിമാറ്റുകയും ഏറ്റവും വലിയ പരിഹാസപാത്രമാക്കുകയും ചെയ്തു. ഒരിക്കലെങ്കിലും അയാൾ സത്യം തുറന്നു പറഞ്ഞിരുനെങ്കിൽ അയാളുടെ പുത്രൻ ആരുമറിയാത്ത ഒരു ജൂതനായി ഒതുങ്ങിയേനെ. ക്രിസ്തുമതത്തിന്റെ വിജയം തുടങ്ങുന്നത് ആത്മാഭിമാനമില്ലാത്ത ഒരു പൗരുഷത്തിൽ നിന്നാണ്‌. ലോകത്തിന്റെ മതഭക്തിയിലും ഒരു മനുഷ്യന്റെ ഭീരുത്വത്തിലും ഉറവെടുക്കുന്നു ക്രിസ്തുവിന്റെ കന്യാജന്മം.

*

53

മരണഭീതിയിൽ നിന്നു താല്ക്കാലികമായെങ്കിലും  നമ്മെ സ്വതന്ത്രരാക്കാൻ വേശ്യാലയമോ ഒരു വിശുദ്ധന്റെ കണ്ണീരോ മാത്രമേയുള്ളു.

*

54

‘മരിക്കുക എന്ന കല’ എന്ന ശീർഷകത്തിലുള്ള അജ്ഞാതകർത്തൃകങ്ങളായുള്ള പുസ്തകങ്ങൾ മദ്ധ്യകാലഘട്ടത്തിന്റെ അന്ത്യത്തോടടുപ്പിച്ച് പുറത്തുവന്നിരുന്നു. അവിശ്വസനീയമായ വിധം പ്രചാരവും അവയ്ക്കുണ്ടായിരുന്നു. അങ്ങനെയൊരു പുസ്തകം ഇന്നാരുടെയെങ്കിലും മനസ്സിനെ സ്പർശിക്കുമോ? 

പൗരാണികകാലത്തു നിന്നും മദ്ധ്യകാലഘട്ടത്തിൽ നിന്നും നമ്മെ വേറിട്ടുനിർത്തുന്നത് മരണത്തിനു സ്വയം സജ്ജരാവാൻ നമുക്കിപ്പോൾ അറിയാതായിരിക്കുന്നു എന്ന വസ്തുതയാണ്‌. ആരുമിപ്പോൾ ഉള്ളിൽ മരിക്കാതായിരിക്കുന്നു, നമുക്കുപരി യാണതു നടക്കുന്നത്.

എങ്ങനെ മരിക്കണമെന്ന് പൗരാണികർക്കറിയാമായിരുന്നു. മരണത്തോടുള്ള അവജ്ഞ അവർക്കൊപ്പം പിറവിയെടുത്തതാണ്‌. എന്നാൽ ആ അവജ്ഞ ജ്ഞാനത്തിൽ നിന്നുണ്ടായതുമാണ്‌. ആത്മീയമായി മരണത്തെക്കാളുയരുക എന്നതായിരുന്നു അവരുടെ ആദർശം. നമുക്കാകട്ടെ, വേദനിപ്പിക്കുന്നതും പേടിപ്പിക്കുന്നതുമായ ഒരപ്രതീക്ഷിതസംഭവമാണത്. അങ്ങനെയത് ഭീതിദവും നാടകീയവുമാകുന്നു. ഒരു പൗരാണികനും മരണം അപ്രതീക്ഷിതമായിരുന്നില്ല; അതിനാൽ അതു വന്നടുക്കുമ്പോൾ അതിനെ നോക്കി പുഞ്ചിരിക്കാനും അവർക്കു കഴിഞ്ഞിരുന്നു- നമ്മെ അമ്പരപ്പിക്കുന്ന വസ്തുതയാണത്. മരണത്തിന്റെ അനിവാര്യത അത്രയുമവർക്കു ബോദ്ധ്യമായിരുന്നതിനാൽ മരിക്കുക എന്ന വിശദവും വിപുലവുമായ കല അവർ ആവിഷ്കരിച്ചെടുക്കുകയുംചെയ്തു. ഈ കല നമുക്കറിയാമെങ്കിലും നമുക്കതു സഹായകമാകുന്നില്ല.

*

55

തിരശ്ചീനമായി കിടന്നുകൊണ്ടേ ചിന്തിക്കാനാവൂ. ലംബമായി നിന്നുകൊണ്ട് നിത്യതയെ ഭാവന ചെയ്യുക മിക്കവാറും അസാദ്ധ്യമാണ്‌. നിവർന്നു നടക്കാൻ തുടങ്ങിയപ്പോൾ മൃഗങ്ങൾക്കു മനുഷ്യരുടെ പദവിയിലേക്കു പരിണമിക്കാമായിരുന്നു; ബോധം പക്ഷേ, പിറവിയെടുത്തത് സ്വാതന്ത്ര്യത്തിന്റെയും ആലസ്യത്തിന്റെയും നിമിഷങ്ങളിലായിരുന്നു.നിങ്ങൾ നിലത്തു മലർന്നുകിടക്കുമ്പോൾ, നിങ്ങളുടെ കണ്ണുകൾ ആകാശത്തുറ്റുനോക്കുമ്പോൾ നിങ്ങൾക്കും ലോകത്തിനുമിടയിലെ വിഭജനം ഒരു വിടവു പോലെ തുറക്കപ്പെടുന്നു- ആ വിടവില്ലാതെ ബോധം അസാദ്ധ്യമാണ്‌. ഒരൊറ്റച്ചിന്ത പോലും നിന്നുകൊണ്ടുണ്ടാകുന്നില്ല; ധ്യാനത്തിന്റെ അവശ്യോപാധിയാണ്‌ തിരശ്ചീനമായ നിശ്ചേഷ്ടത. സന്തുഷ്ടചിന്തകളൊന്നും അങ്ങനെയല്ല ജനിക്കുന്നതെന്നതു ശരിതന്നെ. എന്നാൽ ധ്യാനം ഒരുതരം നിസ്സഹകരണത്തിന്റെ പ്രകാശനമാണെന്നതിനാൽ സത്തയെ അതിനു സഹിക്കാൻ കഴിയില്ല. ചരിത്രം ലംബരേഖയുടെ ഉല്പന്നമാണ്‌, ശൂന്യത തിരശ്ചീനരേഖയുടേതും.

*

56

തങ്ങളുടെ സ്വന്തം ജീവിതത്തിലെ സ്വകാര്യസന്ദർഭങ്ങളെ ദൈവവുമായി കൂട്ടിക്കുഴയ്ക്കുന്ന വിശുദ്ധരുടെ സ്വകാര്യവെളിപാടുകൾ വലിയ കരുതലോടെയേ സഭ എന്നും കണ്ടിട്ടുള്ളു. എന്നാൽ ഏറ്റവും ആത്മാർത്ഥവും നമ്മുടെ ഹൃദയങ്ങളോട് ഏറ്റവുമടുത്തതും തന്നെയാണ്‌ ഈ വെളിപാടുകൾ. സെൻസർ ചെയ്യപ്പെടാത്ത ദിവ്യദർശനങ്ങൾക്ക് രുചികരമായ ഒരു ശുദ്ധതയുണ്ട്. ഉദാഹരണത്തിന്‌, ഏഞ്ജെല ദ് ഫൊലിഗ്നോയെ യേശു വിളിക്കുന്നത് ലെല്ല എന്ന ചെല്ലപ്പേരാണ്‌; തന്റെ മുറിവുകൾ അവളെ കാണിക്കുമ്പോൾ അവൻ മന്ത്രിക്കുന്നുമുണ്ട്: “ഇതെല്ലാം നിനക്കു വേണ്ടിയാണ്‌.” അതുപോലെ, കൊറോണയിലെ മാർഗരെറ്റിനോടു സംസാരിക്കുമ്പോൾ അവൻ പറയുകയാണ്‌: “നിന്നെപ്പോലെ ഭൂമിയിൽ ഞാൻ ആരെയും സ്നേഹിക്കുന്നില്ല.”

ഇതൊന്നും ഔദ്യോഗികമായ വെളിപാടുകളല്ലെന്നതു ശരിതന്നെ; അതേസമയം വിശുദ്ധത്വത്തിന്റെ ഹൃദ്യമായ ഉന്മാദവുമാണവ.

യേശു ഒരുനാൾ ഏഞ്ജെലയോടു മന്ത്രിച്ചതല്ലേ,“പറുദീസയിലെ വിശുദ്ധരിൽ നീ മാത്രമാണെന്റെ കാമുകി” എന്ന്?തീർത്തും സ്വകാര്യമായ ഒരു വെളിപാടാണിത്; നമുക്കതിൽ ഇടപെടാനാവില്ല, ദിവ്യസ്പർദ്ധ ഇളക്കിവിടാതെ.

*

57

നിശ്ശബ്ദത ചിലപ്പോഴത്രയ്ക്കഗാധമാവുമ്പോൾ മൂടിയിട്ടധികനേരമാവാത്ത ശവക്കുഴികളിൽ ചിന്തകൾക്കനക്കം വയ്ക്കുന്നതു നിങ്ങൾക്കു കേൾക്കാം. കാറ്റിന്റെ വിലാപമൊടുങ്ങുമ്പോൾ പൂമ്പാറ്റകളുടെ നേർത്ത ചിറകിളക്കം മലഞ്ചരിവുകളുടെ മൗനത്തിനസഹ്യമാവുന്നു. അങ്ങനെയുള്ള മുഹൂർത്തങ്ങളിലാണ്‌ വിദൂരാകാശത്തിന്റെ ഇളംനീലിമ നിങ്ങൾക്കു കണ്ണില്പെടുന്നതും അതിന്റെ ദിവ്യവും മൂകവുമായ മൂഢതയുമായി നിങ്ങൾ സ്നേഹത്തിലാവുന്നതും. ഞാൻ ആകാശത്തെ സ്നേഹിക്കുന്നത് അതിനു ബുദ്ധിയില്ല എന്നതുകൊണ്ടാണ്‌. നക്ഷത്രങ്ങൾക്കെന്തെങ്കിലും അറിയാമോ എന്നെനിക്കു സംശയമുണ്ട്.

*

58

പറുദീസയെ വീണ്ടെടുക്കാൻ നോക്കിയ അവസാനത്തെ മനുഷ്യൻ ദസ്തയെവ്സ്കിയായിരുന്നു. എന്നാൽ ഒന്നുകൂടി ബലത്ത പതനാഭിമുഖ്യം സൃഷ്ടിക്കുന്നതിലേ അദ്ദേഹം വിജയിച്ചുള്ളു. അങ്ങനെ പറുദീസയ്ക്കും നമ്മുടെ പറുദീസാമോഹത്തിനും അദ്ദേഹം ഒരന്തിമപ്രഹരമേല്പിച്ചു.

പതനത്തിനു മുമ്പുള്ള ആദാമിനെ അറിയുന്ന അവസാനത്തെയാളും ദസ്തയെവ്സ്കിയായിരുന്നു. എന്നാൽ പാപത്തിന്റെ മാദകത്വം നമുക്കു പരിചയപ്പെടുത്തുന്നതിലേ അദ്ദേഹം വിജയിച്ചുള്ളു.

ദസ്തയെവ്സ്കിയെ വാഴ്ത്തപ്പെട്ടവനാക്കാൻ നാം വിഫലമായി യത്നിക്കുന്നു. എന്നും നാമതിൽ പരാജയപ്പെടും. എന്നാല്ക്കൂടി, അദ്ദേഹത്തിന്റെ ചെരുപ്പിന്റെ വാറഴിക്കുന്നതിൽ അഭിമാനം തോന്നാത്ത ഒരു വിശുദ്ധൻ എന്റെ അറിവിലില്ല.

*


59

ദീനമായൊരാനന്ദത്തിന്റെ തിരമാല പോലെ സംഗീതം നമ്മെ ആമഗ്നമാക്കുമ്പോൾ വാസനിക്കുന്നൊരു മരണത്തിനായി നാം കൊതിക്കുന്നു. അത്രയധികം സംഗീതം തങ്ങൾക്കുള്ളിലുള്ളതിനാൽ വിശുദ്ധർക്കു മാത്രമേ ഉടലിന്റെ ജീർണ്ണതയെ ചെറുത്തുനില്ക്കാൻ കഴിയുന്നുള്ളു. അവരുടെ ശവങ്ങൾക്കു നാറ്റമില്ല. ഒരിക്കലും മരണമില്ലാത്തവനാവാനും മാത്രം സംഗീതം ഉള്ളില്ക്കൊള്ളാൻ എനിക്കു കഴിയുമോ? ചില ലാസ്യസംഗീതങ്ങൾ കേട്ടുകഴിഞ്ഞിട്ടാണു നാം മരിക്കുന്നതെങ്കിൽ നമ്മുടെ ജഡം ചീയുകയില്ല.

*

60

സംഗീതത്തിന്റെ മൂർച്ഛയിലേ അമരനായെന്ന തോന്നൽ എനിക്കുണ്ടാകാറുള്ളു. ഹാ, നിങ്ങളുടെ ഹൃദയം ആകാശത്തിന്റെ വർണ്ണങ്ങൾ പകരുകയും ചില ഗാഢധ്വനികൾ ചക്രവാളത്തിനുമപ്പുറത്തു നിന്ന് ഓർമ്മകളെ ആവാഹിക്കുകയും ചെയ്യുന്ന ആ തെളിഞ്ഞ പകലുകൾ! കാലത്തെച്ചൊല്ലി കണ്ണീരൊഴുക്കുന്നതും അതിനു ശ്രമിക്കുന്നതും വ്യർത്ഥമാണപ്പോൾ.

*

61

സംഗീതമില്ലാത്ത ഹൃദയം വിഷാദമില്ലാത്ത സൗന്ദര്യം പോലെയാണ്‌.

*

62

ഏതു ദൈവശാസ്ത്രത്തെക്കാളും മനുഷ്യരെ ദൈവത്തോടടുപ്പിച്ചത് മദ്യമാണ്‌. എന്നാൽ ദുഃഖഭരിതരായ കുടിയന്മാർ (മറ്റൊരുതരം കുടിയന്മാരുണ്ടോ?) താപസന്മാരെ നാണം കെടുത്തിയിട്ട് കാലമേറെയായിരിക്കുന്നു.

*

63
‘നവോത്ഥാന’ത്തിനു ശേഷം ആർക്കും കീഴ്‌വഴങ്ങൽ അറിയാതായിരിക്കുന്നു. കീഴ്‌വഴങ്ങാതിരിക്കുക എന്നതാണ്‌ ആധുനികമനുഷ്യന്റെ ദാരുണമായ പരിവേഷം. പൗരാണികർ തങ്ങളുടെ വിധിക്കു കീഴടങ്ങിയിരുന്നു. ഒരാധുനികമനുഷ്യനും കീഴ്‌വഴങ്ങാനും മാത്രം വിനീതനല്ല. ജീവിതത്തോടവജ്ഞയും നമുക്കില്ല നിസ്സീമമായ വേദനയോടെ അതിനെ സ്നേഹിക്കാനുള്ള ജ്ഞാനം നമുക്കില്ല.

പൗരാണികർ തങ്ങളുടെ യാതനാനുഭവങ്ങളെ കാര്യമായിട്ടെടുത്തിരുന്നില്ല. ഇതല്ല പക്ഷേ, നമ്മുടെ കാര്യം; നാം വേദനയ്ക്കെതിരെ പൊരുതുന്നു.
*

64
ദിവ്യമൂർച്ഛയിൽ വീഴുക പതിവായിരുന്ന സിയേനയിലെ കാതറൈനരികിൽ അങ്ങനെയൊരു സന്ദർഭത്തിൽ യേശു ചെന്നു; എന്നിട്ടവളുടെ ശരീരത്തിന്റെ ഇടതുപാർശ്വം തുറന്ന് ഹൃദയം പുറത്തെടുത്തു. അതില്പിന്നെ ദിവസങ്ങളോളം അവൾ പറഞ്ഞുനടന്നു, ഹൃദയമില്ലാതെയാണ്‌ താൻ ജീവിക്കുന്നതെന്ന്. അവളെ സംശയിച്ചവരോട് അതു സാദ്ധ്യമാണതെന്ന് അവൾ ഉറപ്പിച്ചുപറഞ്ഞു: ദൈവത്തിനസാദ്ധ്യമായി ഒന്നുമില്ലല്ലോ. പിന്നെയൊരിക്കൽ ഒരു കുരിശുപള്ളിയിൽ ഒറ്റയ്ക്കു പ്രാർത്ഥിക്കുമ്പോൾ ഒരു സ്വർഗ്ഗീയവെളിച്ചത്തിനുള്ളിൽ അവൾ അവന്റെ രൂപം കണ്ടു; അവന്റെ കൈത്തലത്തിൽ ഒരു ഹൃദയവും ഉണ്ടായിരുന്നു. വിറച്ചുകൊണ്ടവൾ നിലത്തു വീണു. യേശു അടുത്തുചെന്ന് അവളുടെ ഇടതുപാർശ്വം പിന്നെയും തുറന്ന് തന്റെ കയ്യിലുണ്ടായിരുന്ന ഹൃദയം ഉള്ളിൽ വച്ചു. എന്നിട്ടവൻ പറഞ്ഞു: “നോക്കൂ, പ്രിയബാലികേ, ഒരിക്കൽ ഞാൻ നിന്റെ ഹൃദയമെടുത്തപോലെ ഇന്നു നിനക്കു ജീവിക്കാൻ ഞാൻ എന്റെ ഹൃദയം തരുന്നു.”

മോഹാലസ്യപ്പെടുന്ന വിശുദ്ധർക്ക് ഹൃദയസ്പർശിയായ ഒരു ഭംഗിയുണ്ട്. ലംബമായി നിന്നുകൊണ്ട് വെളിപാടുകൾ നമുക്കുണ്ടാവുക വയ്യെന്ന് അവർ തെളിയിക്കുന്നു, ആത്യന്തികസത്യത്തെ മുഖത്തോടു മുഖം നോക്കാൻ നിന്നുകൊണ്ടു നമുക്കു കഴിയില്ലെന്ന്. അത്രയും വന്യമായ മാദകത്വമാണ്‌ മോഹാലസ്യം ഇളക്കിവിടുന്നതെന്നതിനാൽ നിഷിദ്ധാനന്ദങ്ങൾ പരിചയമായ ഒരാൾ വീഴണോ വേണ്ടയോ എന്നു തീരുമാനിക്കാനാവാതെ കുഴങ്ങിപ്പോവുകയാണ്‌.
*

65
കുറ്റവാളിയ്ക്ക് അവസാനം ശേഷിക്കുന്ന ഏകാന്തതയാണ്‌ അപസ്മാരമെന്ന് വെയ്‌നിങ്ങർ പറയാറുണ്ടായിരുന്നു. ലോകത്തോടുള്ള എല്ലാ കെട്ടുപാടുകളും അറുത്ത ഒരാൾക്കു പിന്നെ ശേഷിക്കുന്നത് വീഴ്ച മാത്രമാണ്‌. 

വിശുദ്ധരുടെ മോഹാലസ്യങ്ങളും അത്രതന്നെ ലോകത്തോടുള്ള ബന്ധമറുക്കലായിരുന്നു. എന്നാൽ അവർ പതിക്കുന്നത് സ്വർഗ്ഗത്തിലേക്കാണെന്നേയുള്ളു.
*

66
ജീവിതത്തിന്‌ അർത്ഥമെന്തെങ്കിലും ഉണ്ടോയെന്ന സംശയം ഇപ്പോഴും ചിലർ വച്ചുപുലർത്തുന്നുണ്ട്. അതു സഹനീയമാണോ എന്നേ അറിയേണ്ടതുള്ളു എന്നതാണ്‌ വസ്തുത. അപ്പോൾ “പ്രശ്നങ്ങൾ” നിലയ്ക്കുകയും തീരുമാനങ്ങൾ തുടങ്ങുകയുമായി.
*
67
സർവ്വതും ദൈവവുമായി ബന്ധപ്പെടുത്തുന്ന ഒരു നിമിഷം എല്ലാവരുടെയും ജീവിതത്തിൽ വന്നുചേരും. അതിൽ കുറഞ്ഞതെല്ലാം ഒട്ടും പോരാത്തതായി നമുക്കു തോന്നും. എന്നാൽ ദൈവം കാലികപ്രാധാന്യമില്ലാത്തതായി മാറിയോയെന്ന ഭീതി ചിലനേരം നിങ്ങളെ പിടികൂടുന്നു, എല്ലാം അവനോടു ബന്ധപ്പെടുത്തി കാണുന്നത് ഉപയോഗശൂന്യമായി നിങ്ങൾക്കു തോന്നുകയും ചെയ്യുന്നു. ആത്യന്തികതത്ത്വത്തിന്റെ ക്ഷണികത - യുക്തിപരമായി അസംബന്ധമാണ്‌ ആ ആശയമെങ്കിലും ബോധത്തിൽ സന്നിഹിതവുമാണത് - വിചിത്രമായ ഒരു കൊടുംഭീതി നിങ്ങളിൽ നിറയ്ക്കുകയാണ്‌. ദൈവം ആത്മാവിന്റെ ഒരു പുതുമോടി മാത്രമാണെന്നു വരുമോ, ചരിത്രത്തിന്റെ അല്പനേരത്തേക്കുള്ള ഒരു വികാരാവേശം?
*

68
ദൈവത്തിനുള്ള ഏറ്റവും വലിയ ആനുകൂല്യം നിങ്ങൾക്കവനെക്കുറിച്ച് എന്തും ചിന്തിക്കുകയോ പറയുകയോ ചെയ്യാം എന്നതാണ്‌. നിങ്ങളുടെ ചിന്തകൾ എത്ര പരസ്പരബന്ധമില്ലാത്തതാകുന്നുവോ, വൈരുദ്ധ്യങ്ങൾക്കവയെ വിട്ടുകൊടുക്കുന്നുവോ, അത്രയും നിങ്ങൾ സത്യത്തിനടുത്തെത്താൻ സാദ്ധ്യതയേറുകയുമാണ്‌. യുക്തിയുടെ സീമകളിലാകുന്നത് ദൈവത്തിനു ഗുണമാവുന്നു.
*

69
ഷേക്സ്പിയറും ദസ്തയെവ്സ്കിയും ദുർവ്വഹമായ ഒരു നഷ്ടബോധത്തിലേക്ക് നിങ്ങളെ എടുത്തെറിയുന്നു, ഒരു വിശുദ്ധനുമായില്ല, ഒരു കുറ്റവാളിയുമായില്ല എന്നതിന്റെ പേരിൽ- ആത്മവിനാശത്തിന്റെ ഏറ്റവും മികച്ച രണ്ടു രൂപങ്ങൾ.
*

70
വിശുദ്ധർ വിദ്യാഭ്യാസമില്ലാത്തവരായിരുന്നു. എങ്ങനെയാണപ്പോൾ അവർ ഇത്ര നന്നായി എഴുതിയത്? പ്രചോദനം കൊണ്ടു മാത്രമാണോ? ദൈവത്തെ വർണ്ണിക്കുമ്പോഴെല്ലാം അവരുടെ ശൈലി ഒന്നു വേറെയാണ്‌. ദൈവവദനത്തോടു കാതുകൾ ചേർത്തുവച്ചാൽ ആ ദിവ്യമന്ത്രണങ്ങൾ കേട്ടെഴുതുക അനായാസമാണ്‌. അവരുടെ കൃതികൾക്ക് അതിമാനുഷികമായ ഒരു ലാളിത്യമുണ്ട്. എന്നുവച്ച് അവരെ എഴുത്തുകാർ എന്നു പറയാനുമാവില്ല, കാരണം, അവർ വിവരിക്കുന്നത് യാഥാർത്ഥ്യത്തെയല്ലല്ലോ. ലോകം അവരെ അംഗീകരിക്കുകയുമില്ല, അതതിനെ അവരുടെ രചനകളിൽ കാണുന്നില്ലെന്നതിനാൽ.

71
ഒരാളുടെ ആത്മാവിൽ സംഗീതം  ഏതു നിരപ്പു വരെ ഉയർന്നിരിക്കുന്നുവോ, അതു വച്ചു മാത്രമേ നമുക്കയാളെ അറിയാൻ കഴിയുകയുള്ളു. എന്നാൽ എനിക്കു താല്പര്യം സംഗീതത്തിൽ മുങ്ങിത്താണവരിൽ മാത്രമാണ്‌; അതിനാൽ മറ്റുള്ളവരെക്കുറിച്ചുള്ള അറിവെനിക്കു വേണ്ടെന്നു വയ്ക്കേണ്ടിവരും.

ഒരു സംഗീതശിക്ഷണവുമില്ലാത്ത സംഗീതഹൃദയങ്ങളുണ്ട്. ഒരുകൂട്ടം കമ്പനങ്ങളുമായിട്ടാണു നാം ജനിക്കുക; നമ്മുടെ ശോകമാണ്‌ അവയെ പുറമേയ്ക്കു കൊണ്ടുവരിക. ജീവിതത്തിൽ നാമൊരിക്കലും കേട്ടിട്ടില്ലാത്ത എല്ലാ സംഗീതവും നാം ഉള്ളിൽ കൊണ്ടുനടക്കുന്നുണ്ട്; ഓർമ്മയുടെ അഗാധഗർത്തത്തിനടിത്തട്ടിൽ കിടക്കുകയാണവ. സംഗീതാത്മകമായി നമ്മളിലുള്ളതെല്ലാം ഓർമ്മയാണ്‌. നമുക്കൊരു പേരില്ലാതിരുന്ന കാലത്ത് എല്ലാം നാം കേട്ടിട്ടുണ്ടാവണം. പറുദീസയുടേയും പതനത്തിന്റെയും സ്മരണയായി മാത്രമാണ്‌ സംഗീതത്തിന്റെ അസ്തിത്വം.
*

72
പുണ്യവതികളായ സ്ത്രീകളോട് വിവാഹത്തിനു സമ്മതിക്കാൻ അച്ഛനമ്മമാർ യാചിക്കുമ്പോൾ അവരുടെ മറുപടി അനിവാര്യമായും ഒന്നുതന്നെയായിരുന്നു: തങ്ങൾക്കതു പറ്റില്ല, കാരണം, തങ്ങളുടെ കന്യകാത്വം യേശുവിനു വാഗ്ദാനം ചെയ്തിരിക്കുകയാണ്‌. ഭ്രാന്തമായ ഇത്രയധികം പരിത്യാഗങ്ങൾ യേശു അർഹിക്കുന്നില്ല എന്നതാണ്‌ ഹൃദയഭേദകമായ സത്യം. സ്വയം അതിവർത്തിക്കാൻ വിശുദ്ധർക്കുണ്ടായ വികൃതാവേശം എത്ര നിസ്സീമമായ യാതനയിലേക്കാണു നയിച്ചതെന്നോർക്കുമ്പോൾ യേശുവിന്റെ പീഡാനുഭവം വെറും സാധാരണദുഃഖമായിട്ടാണ്‌ എനിക്കു തോന്നുക. കുരിശ് പൊട്ടിത്തകരുകയും വിശുദ്ധരുടെ ആത്മാവുകളിൽ പതിക്കുകയും ചെയ്തു; അതിന്റെ ആണികൾ അവരുടെ ആയുഷ്കാലം മുഴുവൻ അവരുടെ ഹൃദയങ്ങളിൽ തറച്ചുകേറി, ഒരു കുന്നുമ്പുറത്തെ ഏതാനും മണിക്കൂറുകൾ മാത്രമല്ല. യേശുവിന്റേത് ക്രൂരതയുടെ പരമാവധിയായിരുന്നു: കുരിശിൽ ചോരപ്പാടുകളുടെ ഒരു പൈതൃകം വിട്ടുപോവുക.

കുരിശിന്റെ ആനന്ദങ്ങളെക്കുറിച്ച് വിശുദ്ധർക്കു സംസാരിക്കാം; എന്നാൽ ആത്മാർത്ഥതയുണ്ടെങ്കിൽ എന്തുകൊണ്ടവർക്ക് അതിന്റെ വിഷത്തെക്കുറിച്ചും സംസാരിച്ചുകൂടാ? കുലീനയും വിശിഷ്ടയും സുന്ദരിയുമായ പാസിയിലെ മഗ്ദലീനയെ ഭാവന ചെയ്യാൻ ശ്രമിക്കുകയാണു ഞാൻ; ഒരു ദൈവവിളിയുടെ ശാപത്തിൻ കീഴിൽ ഒരു മഠത്തിൽ സ്വയം തടവു വരിക്കുകയായിരുന്നു അവൾ; ആത്മീയസംഘർഷത്തിന്റെയും പിശാചിന്റെ പ്രലോഭനത്തിന്റെയും നിമിഷങ്ങളിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒരു സ്ത്രീയെപ്പോലെ അവൾ ഒരു കുരിശിൽ സ്വയം ബന്ധിതയാകുമായിരുന്നു. നിത്യതയുടെ ഉന്മാദവുമായി ജനിച്ചതിനാൽ എത്ര യുവജന്മങ്ങളാണ്‌ കുരിശേറുകയും ഒരർദ്ധദൈവത്തിന്റെ സ്വർഗ്ഗീയദൃഷ്ടാന്തത്തെ പിന്തുടരുകയും ചെയ്തിരിക്കുന്നത്! ഇത്രയധികം ദുരിതാനുഭവങ്ങൾക്കുത്തരവാദിയാണു താനെന്ന ഒരു സൂചന കിട്ടിയിരുന്നെങ്കിൽ എത്ര മനഃസാക്ഷിക്കുത്തുണ്ടാവുമായിരുന്നു യേശുവിന്‌! അന്ത്യവിധിയുടെ നാളിൽ വിശുദ്ധരുടെ മാനുഷികമല്ലാത്ത പീഡാനുഭവങ്ങളിൽ നിന്ന് ചുവപ്പും കറുപ്പുമായ കനത്ത കുരിശുകൾ ഉയർന്നുനില്ക്കും, പുത്രനെ, വേദനയുടെ വ്യാപാരിയെ, ശിക്ഷിക്കാൻ.
*

73
തത്വശാസ്ത്രത്തിൽ വിശ്വാസമുള്ള കാലത്തോളം നിങ്ങൾ ആരോഗ്യവാനാണ്‌; ചിന്തിക്കാൻ തുടങ്ങുന്നതോടെ നിങ്ങൾ രോഗിയാവുകയായി.
*
74
ഫ്രാങ്കിഷ് രാജവംശത്തില്പെട്ട വിശുദ്ധ ആൽഡിഗൂണ്ട (Aldegunda) സ്വർഗ്ഗീയാഭിമുഖ്യത്തിന്റെ ലക്ഷണങ്ങൾ ചെറുപ്പത്തിലേ കാണിച്ചുതുടങ്ങിയിരുന്നു. ഒരിക്കൽ, ധ്യാനത്തിൽ മുഴുകിയിരിക്കുമ്പോൾ, ഒരു ശബ്ദം അവളോടു മന്ത്രിച്ചു: “ദൈവപുത്രനല്ലാതെ മറ്റൊരു വരനെ തേടരുത്!” മാരകമായ വാക്കുകൾ! എന്തെന്നാൽ ആ നിമിഷം മുതൽ അവൾ യേശുവിന്റെ ഇരയായിക്കഴിഞ്ഞു. അവൾക്കു പതിമൂന്നു വയസ്സുള്ളപ്പോൾ ഇംഗ്ലണ്ടിലെ രാജാവിന്റെ മകൻ അവളോടു വിവാഹാഭ്യർത്ഥന നടത്തി. അവളതു നിരസിച്ചു, സൗന്ദര്യത്തിലും ധനത്തിലും ഭൂമിയുടെ ഏതു പുത്രനേയും അതിശയിക്കുന്ന ഒരു കാമുകനുള്ളതാണ്‌ തന്റെ ഹൃദയം എന്നു പറഞ്ഞുകൊണ്ട്. അവളുടെ അച്ഛനമ്മമാരുടെ അപേക്ഷകൾ വിലപ്പോയില്ല. സ്വർഗ്ഗത്തെ ഡോൺ ജൂവാനു താൻ വാഗ്ദാനം ചെയ്ത കന്യകാത്വം നഷ്ടപ്പെടുന്നതിനെക്കാൾ മരിക്കാനാണു താനിഷ്ടപ്പെടുക. വിവാഹം കഴിക്കുകയില്ലെന്ന വാശി അച്ഛനമ്മമാർ മരിച്ചതിനു ശേഷം കൂടുതൽ ദൃഢമായി. ഇംഗ്ലണ്ടിലെ രാജകുമാരൻ തന്റെ ആഗ്രഹവുമായി പിന്നാലെതന്നെ ഉണ്ടായിരുന്നതിനാൽ ആൽഡിഗൂണ്ട അച്ഛനമ്മാരുടെ കൊട്ടാരം വിട്ട് ഒരു സന്ന്യാസാശ്രമത്തിലേക്കൊളിച്ചോടി. മറുകര കടക്കാനാവാതെ ഒരു നദിയുടെ കരയിൽ നില്ക്കുമ്പോൾ രാജകുമാരൻ തൊട്ടുപിന്നാലെ വരുന്നത് അവൾ കണ്ടു. ആ സമയത്ത് ഒരു മാലാഖ പ്രത്യക്ഷപ്പെടുകയും അവളെ പുഴ കടക്കാൻ സഹായിക്കുകയും ചെയ്തു. അങ്ങനെ യേശുവിന്റെ ആ ഇര ഒരാശ്രമത്തിൽ തന്റെ ജീവിതം അവസാനിപ്പിച്ചു.

ഏഴാം നൂറ്റാണ്ടിൽ നടന്ന ഈ നാടകം അനന്യമോ അസാധാരണമോ അല്ല. എന്നാൽ അതു നമ്മോടു പറയുന്നു, പുണ്യവതിയായ ഏതു സ്ത്രീയും ഒരു ഒഫീലിയ ആണെന്ന്, ഹാംലെറ്റിനെപ്പോലെ ജീവിതം ചെടിച്ച കാമുകനല്ല യേശു എന്നതിനാൽ വികാരതീക്ഷ്ണതയേറും അവളുടെ പ്രേമത്തിനെന്ന്.

ഇവിടെ നാം വിശുദ്ധ കുനിഗൂണ്ട (Kunigunda)യെക്കൂടി ഓർമ്മിക്കേണ്ടേ? മരിക്കും വരെയും ബ്രഹ്മചര്യം അനുഷ്ഠിക്കാമെന്ന് ആദ്യരാത്രിയിൽ ഭർത്താവിനെക്കൊണ്ടവൾ പ്രതിജ്ഞ ചെയ്യിച്ചില്ലേ? കൊട്ടാരങ്ങളിലാണ്‌, കുടിലുകളിലെക്കാൾ, യേശു നാശം വിതച്ചത്.

വിശുദ്ധരോടു കൂടുതൽ അടുക്കുന്തോറും അവനിൽ നിന്നു ഞാൻ അകന്നുപോകുന്നു; പുണ്യവതികളായ സ്ത്രീകളോട് മനുഷ്യസഹജമായ സഹാനുഭൂതി തോന്നുമ്പോൾ ഞാനവനെ നിസ്സംശയം വെറുക്കുകയും ചെയ്യുന്നു.
*

75
 മഹത്തായ എല്ലാ മാനസാന്തരങ്ങളും പിറന്നിരിക്കുന്നത് ജീവിതത്തിന്റെ അർത്ഥശൂന്യതയെക്കുറിച്ച് പൊടുന്നനേയുള്ള വെളിപാടിൽ നിന്നാണ്‌. ഇത്രയും ഹൃദയസ്പർശിയോ മതിപ്പു തോന്നുന്നതോ ആയി ഒന്നില്ല, അസ്തിത്വത്തിന്റെ ശൂന്യത ഒറ്റനിമിഷത്തിൽ ബോദ്ധ്യമാകുന്നപോലെ.

76
എല്ലാ വിശുദ്ധരും രോഗികളാണ്‌, ഭാഗ്യമെന്നു പറയട്ടെ, എല്ലാ രോഗികളും വിശുദ്ധരുമല്ല. അങ്ങനെ, വേദന ഇല്ലാതാവുക എന്നത് വിശുദ്ധരെ സംബന്ധിച്ച് ദൈവപ്രസാദം നഷ്ടപ്പെടുകയാണ്‌. രോഗം ദൈവപ്രസാദമാണ്‌, കാരണം പരലോകാനന്ദങ്ങളെ പോഷിപ്പിക്കുകയാണത്. രോഗത്തിലൂടെ നമുക്ക് വ്ശുദ്ധരെ മനസ്സിലാകുമെന്നാകുന്നു, അവരിലൂടെ സ്വർഗ്ഗത്തെയും. എല്ലാവരുടെ കാര്യത്തിലും രോഗം ആത്യന്തികജ്ഞാനമാകുന്നില്ല. സാധാരണമനുഷ്യർക്ക് അതൊരു മാദ്ധ്യസ്ഥജ്ഞാനം മാത്രമാണ്‌.

നരച്ച ആകാശത്തെക്കാൾ നീലാകാശമാണ്‌ നമ്മെ വിഷാദവാന്മാരാക്കുക, കാരണം, വച്ചുപുലർത്താൻ ധൈര്യം നമുക്കില്ലാത്ത പ്രത്യാശകളാണ്‌ അതു നമുക്കു വച്ചുനീട്ടുന്നത്. അതേസമയം നരച്ച ആകാശമാകട്ടെ, ഗത്യന്തരമില്ലാത്ത ഒരു ശവകുടീരം. വിഷാദത്തെ ആശ്വസിപ്പിക്കുന്ന ഒരു നിറമാണ്‌ നീല; ദിവ്യത്വത്തിനു നേർക്കുദാസീനമാണത്. നീലിമയിലൂടെ ദൈവവിളി തുളച്ചുകയറിവരുമ്പോൾ കനത്ത കാർമ്മേഘങ്ങൾ ആകാശത്തുണ്ടായിരുന്നെങ്കിൽ എന്നു നാം ആഗ്രഹിച്ചുപോകുന്നു. ഒരാശയുമില്ലാതെ പരിത്യക്തരാവാനുള്ള സ്വാതന്ത്ര്യം അവ നമുക്കു നല്കുന്നു. ആകാശമില്ലാതെ നമുക്കു ജീവിതം സാദ്ധ്യമല്ലേ?
*

77
നമ്മുടെ അഭിമാനമില്ലായ്മ മരണത്തെ ഇകഴ്ത്തിക്കെട്ടുന്നു. മരണമെത്തുമ്പോൾ ശാന്തചിത്തരും വിനീതരുമായി വേണം അതു നമ്മെ കാണേണ്ടത് എന്നതിനായി കണ്ണുകൾ താഴ്ത്താൻ - താഴേക്കു നോക്കാൻ - ക്രിസ്തുമതം നമ്മെ പരിശീലിപ്പിച്ചു. രണ്ടായിരം കൊല്ലത്തെ പരിശീലനം ശാന്തവും വിനീതവും സുനിശ്ചിതവുമായ ഒരു മരണം നമുക്കു പരിചിതമാക്കി. നാം താഴേക്കു മരിക്കുന്നു. അന്ത്യനിമിഷത്തിൽ സൂര്യനെ നേരെ നോക്കാനുള്ള ധൈര്യം നമുക്കില്ല.

ഒരഥീനിയൻ യുവാവിന്റെ സൗഭഗത്തോടൊപ്പം ഒരു സ്പാനിഷ് കുടിയേറ്റക്കാരന്റെ തീക്ഷ്ണവികാരവുമുള്ളവരാവാൻ നമുക്കു കഴിയുന്നില്ലെങ്കിൽ ഇതേ താഴേക്കുള്ള മരണം തന്നെയാണ്‌ നമ്മെ കാത്തിരിക്കുന്നതും. നമ്മുടെ താഴ്ത്തിയ കണ്ണുകളുടെ നിഴലിൻ ചുവട്ടിൽ നിശ്ശബ്ദരായി നാം ജീവൻ വെടിയും. ആഹാ, അടയാളം കാത്തുനില്ക്കുന്ന ഓട്ടക്കാരനെപ്പോലെ വലിഞ്ഞുമുറുകിയ പേശികളുമായി, തല പിന്നിലേക്കെറിഞ്ഞ്, സ്ഥലത്തെ നേരിട്ടും മരണത്തെ കീഴടക്കിയും ആത്മവിശ്വാസവും ബലത്തിന്റെ മിഥ്യാബോധവും നിറഞ്ഞും മരിക്കാൻ കഴിയുക! പലപ്പോഴും ഞാൻ സ്വപ്നം കാണാറുണ്ട്, ഒരു തുറന്ന മരണം, നിത്യതയുടെ കണ്ണിൻ മുന്നിലെ മരണം!
*

78
രാത്രികളുടെ ഏകാന്തതയെക്കുറിച്ചോർക്കുമ്പോൾ, ആ ഏകാന്തതയുടെ ഹൃദയഭാരത്തെക്കുറിച്ചോർക്കുമ്പോൾ വിശുദ്ധർക്കജ്ഞാതമായ പാതകളിലലഞ്ഞുനടക്കാൻ ഞാൻ ആഗ്രഹിച്ചുപോകാറുണ്ട്. എങ്ങോട്ട്, എങ്ങോട്ട്? ആത്മാവിനു പുറത്തുപോലുമുണ്ട് കൊടുംഗർത്തങ്ങൾ.

79
എല്ലാ മനുഷ്യജീവികളിലും വച്ച് മരണസമയത്ത് ഏറ്റവും കുറഞ്ഞ ഏകാകിത അനുഭവിക്കുന്നത് വിശുദ്ധരാണ്‌. അവർ മരിക്കുമ്പോൾ യേശുവോ മാലാഖമാരോ അടുത്തുണ്ടാകും. ജീവിതകാലത്ത് ഏകാകികളാവാൻ നോക്കിയവർ പൊതുമദ്ധ്യത്തിൽ കിടന്ന് അന്ത്യശ്വാസം വലിക്കുകയാണ്‌. ഒരു സാധാരണക്കാരന്റെ വിധി അതിലുമെത്രയോ കയ്പു നിറഞ്ഞതാണ്‌: അയാൾ മരിക്കുന്നത് ഭൂമിയിൽ നിന്നോ ആകാശത്തു നിന്നോ ഒരു തുണയുമില്ലാതെ, സംവാദത്തിന്റെ ഭീരുത്വം നിറഞ്ഞ പിന്തുണയില്ലാതെയാണല്ലോ. അന്ത്യമടുത്തുവരുമ്പോൾ വിശുദ്ധർ തങ്ങളിലേക്കുതന്നെ പിന്മടങ്ങുകയും തങ്ങളുടെ അന്തിമലക്ഷ്യത്തെക്കുറിച്ചുറപ്പുള്ളവരായി സമാധാനത്തോടെ മരിക്കുകയും ചെയ്തു. എന്നാൽ മറ്റെല്ലാവരുടേയും കാര്യമോ, ഈ ഭൂമിയിലെ നിത്യരോഗികളുടെ കാര്യം? നോട്ടം കീഴ്പോട്ടാക്കി, തങ്ങളുടെ ചുവട്ടടിയിലെ മണ്ണിലേക്കു നോക്കി, പൊടി പോലെ പാറിയ ആത്മാവുമായി നടക്കുന്ന കുഷ്ഠരോഗികളുടെ കാര്യം? ചെറുതെങ്കിലുമായ ഒരു പ്രത്യാശയുടെ നവോന്മേഷം നല്കുന്ന സാന്ത്വനമില്ലാതെ എങ്ങനെയാണവർ മരിക്കുക? ഈ ഭൂമിയിലെ വേദനകളെക്കുറിച്ചോർക്കുമ്പോൾ എനിക്കറിയാം, മാലാഖമാരുടെ പടയ്ക്കു പോലും ഉയർത്തിയെടുക്കാൻ കഴിയാത്ത ആത്മാക്കളുണ്ട്. തങ്ങളുടെ ശാപവചനങ്ങളുടെ വന്ധ്യതയിൽ മരവിച്ചുപോയവർ. അന്ത്യവിധിയുടെ നാളിൽ ഉയിർത്തെഴുന്നേല്ക്കാൻ പോലുമാകാത്ത മട്ടിൽ ഭാരം വച്ചവർ. ഭാരം കുറഞ്ഞ ആത്മാക്കൾക്കേ രക്ഷ പറഞ്ഞിട്ടുള്ളു: മാലാഖമാരുടെ ചിറകൊടിക്കാത്ത വിധം ഭാരം കുറഞ്ഞവർക്ക്.
*

80
വിശുദ്ധരായി ജനിച്ചവരും വിശുദ്ധരായി മാറുന്നവരും തമ്മിലുള്ള വ്യത്യാസം ആളുകൾ പൊതുവേ കണക്കിലെടുക്കാറില്ല. എന്നാൽ ജന്മനാ ദൈവപ്രസാദം ലഭിച്ച ഒരാൾ വെളിച്ചം കാണുന്നതും മറ്റൊരാൾ കനത്ത വില കൊടുത്ത്, പടിപടിയായി അതു നേടുന്നതും തമ്മിൽ എന്തായാലും വ്യത്യാസമുണ്ടല്ലോ. ജന്മസിദ്ധമായ വിശുദ്ധത്വം ആയാസഹീനവും ബാദ്ധ്യതകളില്ലാത്തതുമാണ്‌; അതിൽ വിശുദ്ധൻ ഒരുപകരണം മാത്രമാണ്‌, പൂർണ്ണതയുടെ ബോധഹീനമായ ഒരവയവം. സിദ്ധിയില്ലാത്ത വിശുദ്ധരെ, ദൈവവരത്തിനായി കഠിനമായി പണിയെടുക്കുകയും തങ്ങളുടെ ഉടലും ആത്മാവും കൊണ്ടു വിയർപ്പൊഴുക്കുകയും ചെയ്തവരെക്കുറിച്ചോർക്കുമ്പോൾ ഞാൻ കിടിലംകൊണ്ടുപോകുന്നു. അവരാണ്‌ എണ്ണത്തിൽ കൂടുതൽ. അവർക്ക് എല്ലാം കിട്ടിയത് യാതനപ്പെട്ടിട്ടാണ്‌. മറ്റുള്ളവർ, നീലിമയുടെ യഥാർത്ഥ ഉടമകളായ വരേണ്യർ, യാതനയുടെ ഒരു പരിധിക്കപ്പുറം പോകാൻ തുനിഞ്ഞിട്ടില്ല, ഒരൊഴികഴിവെന്നല്ലാതെ അതുപയോഗപ്പെടുത്തിയിട്ടുമില്ല. വിശുദ്ധനാകാൻ ജന്മനാ കിട്ടിയ കഴിവ് യാതനയിലൂടെ സൂത്രത്തിൽ കടന്നുപോരാൻ നിങ്ങളെ സഹായിക്കുകയാണ്‌. എന്നാൽ ഭൂരിഭാഗം വിശുദ്ധരും യാതനകളുടെ പാതയിൽ സ്വയം ചെന്നു കിടന്നവരാണ്‌, ലക്ഷ്യം നേടുന്നതിൽ അവരിലൊരാളുപോലും പരാജയപ്പെട്ടിട്ടുമില്ല.

81
വിശുദ്ധർക്ക് ഒരധികാരേച്ഛ ഉണ്ടായിരുന്നിരിക്കുമോ? അവരുടെ ലോകം സാമ്രാജ്യത്വസ്വഭാവമുള്ളതായിരുന്നോ? ഉത്തരം അതെ എന്നുതന്നെ; എന്നാൽ അതിൽ ഒരു ദിശാവ്യത്യാസം നാം പരിഗണിക്കുകയും വേണം. നാം നമ്മുടെ ഊർജ്ജം താല്ക്കാലികനേട്ടങ്ങൾക്കായിട്ടുള്ള യുദ്ധത്തിൽ വ്യയം ചെയ്തുകളയുമ്പോൾ അമിതാഭിമാനികളായ അവർ ഉന്നം വയ്ക്കുന്നത് സമ്പൂർണ്ണമായ അധീനതയാണ്‌. അവരെ സംബന്ധിച്ച് കീഴടക്കേണ്ട സ്ഥലം ആകാശമാണ്‌, അവരുടെ ആയുധം യാതനയും. അവരുടെ മോഹത്തിന്റെ പരിധിയായിരുന്നില്ല ദൈവമെങ്കിൽ അവർ മത്സരിക്കുക ആത്യന്തികങ്ങൾക്കു വേണ്ടിയായിരിക്കും, മറ്റൊരനന്തതയുടെ വക്താവായിരിക്കും ഓരോ ആളും. മനുഷ്യൻ എന്നുമെന്നും ഉടമയാണ്‌. ആ അപകർഷത്തിൽ നിന്ന് വിശുദ്ധർക്കുപോലും മോചനമില്ല. അവരുടെ ഉന്മാദം സ്വർഗ്ഗത്തെ തുല്യമല്ലാത്ത ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു, തങ്ങളുടെ പീഡാനുഭവങ്ങളിൽ ഓരോ ആൾക്കും തോന്നുന്ന അഭിമാനത്തിനനുസരിച്ച്. വിശുദ്ധർ സാമ്രാജ്യത്വത്തിന്റെ ഗതി ലംബമാനമാക്കിയിരിക്കുന്നു, ഭൂമിയെ അതിന്റെ പരമോന്നതപ്രത്യക്ഷമായ ആകാശത്തേക്കുയർത്തുകയും ചെയ്തിരിക്കുന്നു.
*

82
എല്ലാം മറന്നുകൊണ്ടേ ഓർമ്മിക്കാൻ നമുക്കു കഴിയുകയുള്ളു. ദുർബ്ബലമായ ഓർമ്മ കാലത്തിനും മുമ്പുള്ള ലോകത്തെ നമുക്കു വെളിപ്പെടുത്തുന്നു. ഓർമ്മകൾ ഒന്നൊന്നായി കൊഴിച്ചുകളഞ്ഞുകൊണ്ട് നാം കാലത്തിൽ നിന്നു സ്വയം വേർപെടുത്തുകയാണ്‌. അതുകൊണ്ടാണ്‌ ഉറക്കമില്ലാത്ത രാത്രികളിൽ പൈതൃകാർജ്ജിതമായ ഭീതികളിലൂടെ നാം കടന്നുപോകുന്നത്, നമുക്കോർമ്മയില്ലാത്ത, എന്നാൽ ഓർമ്മകൾ പോലെ നമ്മെ വന്നാശ്ചര്യപ്പെടുത്തുന്ന ലോകങ്ങൾ. അത്തരം രാത്രികൾ നമ്മുടെ ഓർമ്മയുടെ യഥാർത്ഥമായ ഉള്ളടക്കത്തെ (നമ്മുടെ ചരിത്രത്തെ) ഇല്ലായ്മ ചെയ്യുന്നില്ല, എന്നാൽ വളഞ്ഞുപുളഞ്ഞ ഒരു പാതയിലൂടെ കാലത്തിലേക്കു പിന്നാക്കം നടത്തുകയാണതു നമ്മെ. ഉറക്കമില്ലായ്മ ഉല്പത്തികളിലേക്കുള്ള ഒരവരോഹണമാണ്‌, വ്യക്തിവല്ക്കരണത്തിന്റെ ആരംഭവും. വെറും മായക്കാഴ്ചയാക്കി മാറ്റും വിധം കാലത്തെയത് നേർപ്പിക്കുന്നു; കാലികതയിൽ നിന്നു നമ്മെയത് ബഹിഷ്കൃതരാക്കുകയും ഓർമ്മകളിൽ അവസാനത്തേതിനെ, അതായത്, ഏറ്റവുമാദ്യത്തെ ഓർമ്മകളെ, നമ്മളിൽ അടിച്ചേല്പിക്കുകയും ചെയ്യുന്നു. നിദ്രാരാഹിത്യത്തിന്റെ സംഗീതാത്മകമായ വിലയനത്തിൽ നമ്മുടെ ഭൂതകാലം നാം ജീവിച്ചുതീർക്കുന്നു. കാലത്തോടൊപ്പം നമ്മളും മരിച്ചുവെന്ന് നമുക്കപ്പോൾ തോന്നലുണ്ടാവുകയും ചെയ്യുന്നു.
*

83
ഓർമ്മയിൽ നിന്ന് കാലം എത്രത്തോളം മാഞ്ഞുപോകുന്നുവോ, അത്രത്തോളം ഒരാൾ മിസ്റ്റിസിസത്തോടടുക്കുന്നു. 

വികലമായ ഒരോർമ്മയില്ലാതെ പറുദീസ സാദ്ധ്യമാകുമായിരുന്നില്ല. ഓർമ്മ എത്ര ആരോഗ്യപൂർണ്ണമാണോ, അത്രയുമത് ലോകത്തോടൊട്ടിപ്പിടിക്കും. ഓർമ്മയുടെ പുരാവസ്തുശാസ്ത്രം മറ്റു ലോകങ്ങളുടെ രേഖകൾ കുഴിച്ചെടുക്കുന്നത് ഈ ലോകത്തെ ബലി കൊടുത്തുകൊണ്ടാണ്‌.
*
84
ഞാൻ വേറേ ജീവിതങ്ങൾ ജീവിച്ചിട്ടുണ്ടാവണം. അങ്ങനെയല്ലെങ്കിൽ എങ്ങനെ ഇത്രയധികം ഭീതി? പൂർവ്വജന്മങ്ങളാണ്‌ ഭീതിയ്ക്കുള്ള ഒരേയൊരു വിശദീകരണം. പൗരസ്ത്യരേ ആത്മാവിനെ മനസ്സിലാക്കിയിട്ടുള്ളു. അവർ നമുക്കു മുമ്പുണ്ടായിരുന്നു, നമുക്കു ശേഷവും അവരുണ്ടാകും. എന്തുകൊണ്ടാണ്‌ ആധുനികരായ നാം നമ്മുടെ പൂർവ്വായനങ്ങളെ അടിച്ചമർത്തി ഗോപ്യമാക്കിവയ്ക്കുന്നത്, ഒരു കാലമേയുള്ളുവെന്നു വാദിക്കുന്നത്? ഓരോ നിമിഷത്തിലും നാം ചെയ്യണം, അനന്തമായ പരിണാമത്തിനുള്ള ഉപശാന്തി. ഭീതിയുടെ പരമാവധിയിൽ നാം എത്തിക്കഴിഞ്ഞോ? ഭീതിയുടെ അന്ത്യമെത്തിയാലേ നമ്മുടെ ജന്മങ്ങൾ നിലയ്ക്കുകയുള്ളു.
*

85
തത്വചിന്തകരോടു താരതമ്യം ചെയ്യുമ്പോൾ വിശുദ്ധർക്ക് ഒന്നുമറിയില്ല. എന്നാൽ അവർക്കെല്ലാം അറിയാം താനും. അരിസ്റ്റോട്ടിലിനോടു തട്ടിച്ചുനോക്കുമ്പോൾ ഏതു വിശുദ്ധനും നിരക്ഷരനായിരിക്കും. എങ്കിൽ ഈ രണ്ടാമതു പറഞ്ഞവരിൽ നിന്നു നമുക്കു പഠിക്കാനുണ്ടെന്നു നാം വിശ്വസിക്കുന്നതെന്തുകൊണ്ടാണ്‌? സകലമാന തത്വചിന്തകരേയും ഒരുമിച്ചുകൂട്ടിയാലും ഒരൊറ്റ വിശുദ്ധന്റെ മൂല്യത്തിനൊക്കില്ല എന്നതാണതിനു കാരണം. തത്വശാസ്ത്രത്തിന്‌ ഉത്തരങ്ങളില്ല. തത്വശാസ്ത്രം വച്ചു നോക്കുമ്പോൾ വിശുദ്ധത്വം കൃത്യമായ ശാസ്ത്രമാണ്‌. തത്വചിന്തകർ പരിഗണിക്കാൻ കൂടി ധൈര്യപ്പെടാത്ത ചോദ്യങ്ങൾക്ക് അത് കൃത്യമായ ഉത്തരം നല്കുന്നുണ്ട്. യാതനയാണ്‌ അതിന്റെ പ്രയോഗരീതി, ദൈവമാണതിന്റെ ലക്ഷ്യം. പ്രായോഗികമോ അനായാസമോ അല്ലെന്നതിനാൽ മനുഷ്യർ അതിനെ ഒരു വിചിത്രലോകത്തു പ്രതിഷ്ഠിക്കുകയും അകലെ നിന്നാരാധിക്കുകയും ചെയ്യുന്നു. അവർ തത്വശാസ്ത്രത്തെ അടുത്തു വയ്ക്കുന്നു, അതിനെ നിന്ദിക്കാനായി; തത്വചിന്തകരെ മാന്യമായ ഉദാസീനതയോടെ അവർ കാണുകയും ചെയ്യുന്നു. ഇക്കാര്യത്തിൽ സാധാരണക്കാരാണ്‌ ബുദ്ധിമാന്മാർ. തത്വശാസ്ത്രത്തിൽ സാധുവായി എന്തെങ്കിലുമുണ്ടെങ്കിൽ അത് മതങ്ങളിൽ നിന്നും മിസ്റ്റിക് വെളിപാടുകളിൽ നിന്നും കടം കൊണ്ടതായിരിക്കും. തത്വശാസ്ത്രം അതിൽത്തന്നെ, സംസ്കാരത്തിന്റെ ശേഷം കാര്യങ്ങൾ പോലെ, ഒന്നുമല്ല.

തത്വചിന്തകർ ശീതരക്തമുള്ള ജീവികളാണ്‌. ദൈവസമീപമല്ലാതെ ചൂടു കിട്ടില്ല. അതുകൊണ്ടാണ്‌ നമ്മുടെ ആത്മാവുകളുടെ സൈബീരിയ വിശുദ്ധർക്കായി മുറവിളി കൂട്ടുന്നതും.
*
86
തങ്ങളുടെ പേരുകളിലൂടെ ഡിയോഡറ്റ ഡെലി അഡീമരിയും (Diodata degli Ademari) ഡയാന ഡി അൻഡോളോയും (Diana d'Andolo) സ്വർഗ്ഗാരോഹണം ചെയ്തിരിക്കുന്നു. പേരിന്റെ സൗന്ദര്യത്തോട് ഭക്തി ഒരതീന്ദ്രിയസുഗന്ധം കൂട്ടിച്ചേർക്കുകയാണ്‌. വിശുദ്ധരുടെ പേരുകൾക്ക് അന്യലോകങ്ങളുടേതായ ഒരു മാദകാനുഭൂതിയുണ്ട്. എത്രയോ വിശുദ്ധകൾ തങ്ങളുടെ അലൗകികതയെ നീതീകരിക്കുന്നത് തങ്ങളുടെ പേരുകളുടെ ശ്രവണസുഖം കൊണ്ടാണ്‌.
*

87
ഇത്ര കുറച്ചു വിശുദ്ധകളെ വാഴ്ത്തപ്പെട്ടവരാക്കിയത് സഭയുടെ തെറ്റാണ്‌. അതിന്റെ സ്ത്രീവിദ്വേഷവും ലുബ്ധതയും കാണുമ്പോൾ കുറച്ചുകൂടി ഉദാരമാകാമായിരുന്നു അതിനെന്ന് എനിക്കാഗ്രഹം തോന്നിപ്പോകുന്നു. സ്നേഹത്തിനായി ഏകാന്തതയിൽ കണ്ണീരു പൊഴിക്കുന്ന ഏതു സ്ത്രീയും വിശുദ്ധയാണ്‌. ദൈവത്തിന്റെ കണ്ണീരു കൊണ്ടാണ്‌ പുണ്യവതികളായ സ്ത്രീകളെ സൃഷ്ടിച്ചിരിക്കുന്നതെന്ന് സഭയ്ക്കു മനസ്സിലായിട്ടേയില്ല.
*

88
ഒരു കവിയും ആകാശത്തിനപ്പുറത്തെ സ്ഥലരാശിയെക്കുറിച്ചിന്നേവരെ പാടിയിട്ടില്ല, ഇനി പാടാനും പോകുന്നില്ല എന്ന വസ്തുതതയെക്കുറിച്ച് പ്ലേറ്റോ പരിതപിക്കുന്നു. സംഗീതത്തെക്കുറിച്ച് തീർത്തും അജ്ഞനായിരുന്നു പ്ലേറ്റോ എന്നുവരുമോ? ഉന്മാദം മനുഷ്യന്റെ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണെന്ന് അല്ലെങ്കിൽ അദ്ദേഹം എങ്ങനെ അറിയാൻ? അതോ ആ പ്രസ്താവന വെറും യാദൃച്ഛികമായിരിക്കുമോ? അങ്ങനെയാകാനും വഴിയുണ്ട്, കാരണം, ദേവകൾ പലപ്പോഴും തന്റെ കാതിൽ മന്ത്രിക്കാറുണ്ടെന്ന് അദ്ദേഹം സമ്മതിച്ചിട്ടുമുണ്ടല്ലോ.
*

89
നമ്മുടെ യാതനകൾ വിഫലവും പൈശാചികവുമാകാതെ പോകില്ല. വിശുദ്ധരുടെ ഉദാത്തമായ അത്യാചാരങ്ങളെക്കാൾ ആധുനികമനുഷ്യനോടു സംവദിക്കും ബോദ്‌ലേറുടെ ഏതു കവിതയും. മദ്യത്തിലോ നൃത്തത്തിലോ എന്നപോലെ നൈരാശ്യത്തിനു നാം സ്വയം വിട്ടുകൊടുക്കുമ്പോൾ പീഡാനുഭവത്തിലൂടെ കൈവരുന്ന പൂർണ്ണതയുടെ അളവിനോട് നമുക്കു താല്പര്യമില്ലാതാകുന്നു. ആധുനികമനുഷ്യൻ വിശുദ്ധരോടു പ്രതികൂലമാകുന്നത് അവന്റെ ഉപരിപ്ലവതയിലൂടെയല്ല, അവന്റെ അവസ്ഥയിൽ നിയന്ത്രണാതീതമായതൊന്നിലൂടെയാണ്‌, ദുരന്തപൂർണ്ണമായ ഒരു പേക്കൂത്തിലുള്ള അവന്റെ കിടന്നുരുളലിലൂടെയാണ്‌, പുതിയ പുതിയ വ്യാമോഹങ്ങളിലേക്കുള്ള അവന്റെ വഴുതിവീഴ്ചയിലൂടെയാണ്‌. ഏതു ദുഃഖം തിരഞ്ഞെടുക്കണമെന്നതിലുള്ള ശിക്ഷണമില്ലായ്മ ആധുനികമനുഷ്യനെ തന്നെത്തന്നെ എതിർക്കാനുള്ള കഴിവില്ലാത്തവനാക്കിയിരിക്കുന്നു. ഐന്ദ്രിയാനുഭവങ്ങളിലൂടെയാണ്‌ ദൈവം സ്വയം വെളിപ്പെടുത്തുന്നതെങ്കിൽ അത്രയും നന്നായി! വെളിപാടിന്റെ മനുഷ്യത്വഹീനമായ ശിക്ഷണം നമുക്കു സഹിക്കേണ്ടിവരില്ലല്ലോ. വിശുദ്ധർ പൂർണ്ണമായും കാലഹരണപ്പെട്ടുപോയിരിക്കുന്നു; ‘ആയിത്തീരലിനെ’ നിന്ദിക്കുന്ന ഒരാൾക്കേ അവരിൽ ഇനിയും താല്പര്യമുണ്ടാകാൻ വഴിയുള്ളു.
*
90
തത്വചിന്തകരിൽ താല്പര്യമുണർത്തുന്നതായി ഇവരേയുള്ളു: ചിന്തിക്കുന്നതു നിർത്തിയിട്ട് ആനന്ദത്തിനായുള്ള അന്വേഷണം തുടങ്ങിയവർ. ഇങ്ങനെയാണ്‌ മങ്ങൂഴചിന്തകർ പിറവിയെടുക്കുന്നത്. പ്രമാണങ്ങളിൽ നിന്നു നമ്മെ മോചിപ്പിക്കുന്നതിനാൽ മതങ്ങളെക്കാൾ സാന്ത്വനമണയ്ക്കുകയും ചെയ്യുന്നു അവർ. എപ്പിക്യൂറസിനൊപ്പമാവുമ്പോൾ നമ്മുടെ ചിന്തകൾ ഒരു പനമരത്തിൽ നിന്നു വീശുന്ന കുളിർതെന്നലിലുലഞ്ഞാടുന്നു, ആകാശം സന്ദേഹങ്ങളുടെ പുതുമ കെടാതിരിക്കാൻ വിടർത്തിവച്ച ഒരു വിശറി പോലെ കാണപ്പെടുകയും ചെയ്യുന്നു. മങ്ങൂഴചിന്തകർ- എല്ലാ വിശ്വാസവും നഷ്ടപ്പെടുന്ന രീതിയിൽ അത്രയ്ക്കും നിഴൽ നിറഞ്ഞവർ- നിങ്ങളെ പുണർന്നുപിടിക്കുന്നു, മുങ്ങിത്താണ നിങ്ങളുടെ ഉടലിനെ മാറോടടുക്കുന്ന കടൽ പോലെ. അവരുടെ മന്ദഹാസത്തിലുണ്ട് ഹിതകരമായ ഒരു ചികിത്സ: എല്ലാം അനുവദനീയമാണ്‌. ഒരു മന്ദഹാസത്തിന്റെ തണലിൽ കിടന്ന് ആനന്ദം കൊണ്ടു മരിക്കാൻ നമുക്കു തോന്നുന്ന സുഖപ്രദവും തല ചുറ്റിക്കുന്നതുമായ ആ സന്ദേഹങ്ങൾ- വിശുദ്ധരുടെ ധാരാളിത്തങ്ങൾക്കും നിയന്ത്രണങ്ങൾക്കും ശേഷം എന്തൊരാശ്വാസമാണത്!

ഗ്രീക്കോ-റോമൻ യുഗത്തിന്റെ അന്ത്യത്തിൽ പൗരാണികലോകമാകെ സന്ദേഹത്തിന്റെ നിഴൽ പരത്തിയ അവസാനത്തെ സന്ദേഹവാദിയെപ്പോലെ താല്പര്യമുണർത്തുന്നവരല്ല, സോക്രട്ടീസും (അദ്ദേഹത്തിന്റെ പിശാചുക്കളിരിക്കെത്തന്നെ) അരിസ്റ്റോട്ടിലും (അദ്ദേഹത്തിന്റെ വിജ്ഞാനകോശമിരിക്കെത്തന്നെ). സോക്രട്ടീസാവാൻ, ഡിമോക്രിറ്റസ്സാവാൻ, ഹിറാക്ലിറ്റസു പോലുമാവാൻ എളുപ്പമായിരുന്നു. അതിനൊരാൾക്കു പ്രതിഭയുണ്ടായാൽ മതി. ഗ്രീക്കുചിന്ത പ്രകാരം പ്രശ്നനിർദ്ധാരണത്തിനുതകുന്ന ഒരു താർക്കികവിദ്യയും ഒരുതരം മൗലികതയുമായാൽ എല്ലാമായി. പ്രശ്നങ്ങൾ നിങ്ങളെ അന്വേഷിച്ചുവരുമ്പോൾ, പ്രതിഭാശാലിയാണു നിങ്ങളെങ്കിൽ, നിങ്ങളവ നിർദ്ധാരണം ചെയ്യുന്നു: മറ്റൊരു വഴിയില്ല. പിന്നെ മറ്റൊരാൾ വരികയായി, വേറേ പ്രശ്നങ്ങളുമായി ജനിച്ചവൻ; അതു നിങ്ങളുടെ പ്രശ്ന വുമല്ല.

എന്നാൽ പ്രശ്നങ്ങളുടെ സ്റ്റോക്ക് തീർന്നാൽ പ്രതിഭ കൊണ്ട് പിന്നെന്തു കാര്യം?

പ്രശ്നങ്ങളുടെ അഭാവവും യാഥാർത്ഥ്യത്തിന്റെ ശൂന്യതയും മുന്നിലെത്തുമ്പോഴത്തെ പ്രതിഭയുടെ അവസ്ഥയാണ്‌ സന്ദേഹവാദം. പൗരാണികർക്ക്, അലക്സാൺട്രിയൻ കാലത്തു ജീവിച്ചിരുന്നവർക്ക്- അവർക്കു മാത്രമേ സന്ദേഹവാദികളാകാൻ കഴിയുമായിരുന്നുള്ളു. ഒരു പ്രത്യേകശൈലിയിൽത്തന്നെ അവർ സംശയിച്ചു. ലോകത്തെക്കുറിച്ചുള്ള അവരുടെ നിരീക്ഷണങ്ങൾ അസ്തമയശോഭ കലർന്നതായിരുന്നു. അതിൽ വ്യാമോഹങ്ങളകന്ന ഒരാനന്ദമുണ്ടായിരുന്നു, ഒരു പരിഭവവുമില്ലാത്ത, ഊഷ്മളമായ ഒരു ത്യാഗമുണ്ടായിരുന്നു. സംസ്കാരങ്ങളുടെ മങ്ങൂഴത്തിൽ വിടർന്ന, ആത്മാവിന്റെ നേർത്ത നിഴലായ സന്ദേഹവാദം ദാർശനികപരികല്പനകൾക്ക് കാവ്യഭംഗിയും കലാപരമായ ചാരുതയും നല്കിയിരിക്കുന്നു.

പിന്നിൽ പൗരാണികചിന്തകളുടെ കൂറ്റൻ മാറാപ്പും മുന്നിൽ പൗരസ്ത്യമതങ്ങളുടെ ആക്രമണവുമായി നില്ക്കുന്ന ഗ്രീക്ക് സന്ദേഹവാദി ഒരേപോലെ ന്യായമെന്നു തോന്നുന്ന വിഭിന്നദർശനങ്ങളിൽ നിന്ന് എങ്ങനെയാണൊരു തിരഞ്ഞെടുപ്പു നടത്തുക? അങ്ങനെയാണ്‌ അലക്സാൺട്രിയൻ കാലഘട്ടങ്ങളുടെ മുഖമുദ്രയായ, ആശയങ്ങൾക്കും ലോകങ്ങൾക്കുമിടയിൽ അലയുന്നതിന്റെ ആനന്ദം പിറവിയെടുക്കുന്നത്. ഒറ്റജന്മം കൊണ്ടുതന്നെ നിങ്ങൾക്ക് നൂറ്റാണ്ടുകളുടെയോ യുഗങ്ങളുടെ തന്നെയോ ചരിത്രം ജീവിച്ചുതീർക്കാം. ഹോമറും എപ്പിക്യൂറും അവിടെ ഒരേ കാലത്തുള്ളവരാണ്‌, അതുപോലെതന്നെ യഹൂദമിശിഹാവാദവും പേർഷ്യൻ മതവും: ആത്മാവിന്റെ വികാസത്തിൽ അഭിമാനം കൊള്ളുകയും സംസ്കാരത്തിന്റെ വ്യാമോഹങ്ങളിൽ വേദനയോടെ ഹതാശമാവുകയും ചെയ്യുന്ന ഒരു സങ്കലനവാദം. മാനസികതിക്തതയുടെ പറുദീസയായിരുന്നു അലക്സാൺട്രിയനിസം.
*

91
വിഷാദത്തിനുള്ള ഒരു മറുമരുന്നാണ്‌ തത്വശാസ്ത്രം. തത്വശാസ്ത്രത്തിന്റെ ഗഹനതയിൽ വിശ്വസിക്കുന്നർ ഇപ്പോഴുമുണ്ടുതാനും!
*

92
തത്വചിന്തകന്മാർക്കുള്ള ഒരേയൊരു മേന്മ മനുഷ്യരായിരിക്കുന്നതിൽ ചിലപ്പോഴൊക്കെ അവർക്കു നാണക്കേടു തോന്നിയിരുന്നു എന്നതാണ്‌. പ്ലേറ്റോയും നീച്ചയും അപവാദങ്ങളാണ്‌: അവർ എപ്പോഴും നാണക്കേടു തോന്നിയിരുന്നവരാണ്‌. ഒന്നാമൻ നമ്മളെ ഈ ലോകത്തിനു വെളിയിൽ കൊണ്ടുപോകാൻ ആഗ്രഹിച്ചു, മറ്റേയാൾ നമ്മളിൽ നിന്നു തന്നെയും. വിശുദ്ധന്മാർക്കു പോലുമുണ്ട് അവരിൽ നിന്നു ചിലതു പഠിക്കാൻ. അങ്ങനെ തത്വശാസ്ത്രത്തിന്റെ മാനം രക്ഷിക്കപ്പെട്ടു!
*
93
ലോകസൃഷ്ടിക്കുള്ള ഒരേയൊരു ന്യായീകരണം ഏകാന്തതയോടുള്ള ദൈവത്തിന്റെ ഭയമാണ്‌. മറ്റു വാക്കുകളിൽ പറഞ്ഞാൽ നമ്മുടെ സ്രഷ്ടാവിനെ വിനോദിപ്പിക്കുക എന്നതാണ്‌ നമ്മുടെ റോൾ. ദൈവത്തിന്റെ പാവം കോമാളികൾ, നാം മറക്കുന്നു, ഒരേയൊരു കാണിയുടെ (അയാളുടെ കൈയടി ഒരു മനുഷ്യന്റെ കാതിലും ചെന്നെത്തുന്നുമില്ല) മടുപ്പകറ്റാൻ ഒരു ദുരന്തനാടകം അരങ്ങേറുകയാണു നാമെന്ന്. ഏകാന്തത അത്രയ്ക്കും ദുർവ്വഹമായതിനാൽ തൻ്റെ സംവാദത്തിൽ പങ്കാളികളാകാൻ ദൈവം വിശുദ്ധരെ സൃഷ്ടിച്ചു.

 മറ്റൊരേകാന്തതയിലൂടെയല്ലാതെ ദൈവത്തിനു നേർക്കു നേർ നില്ക്കാൻ എനിക്കു കഴിയില്ല. എന്റെ ഏകാന്തതയില്ലെങ്കിൽ ഞാനും മറ്റൊരു കോമാളി മാത്രമായിപ്പോകും.
*

94
സ്വന്തം നിഷ്കളങ്കത നഷ്ടപ്പെടുത്തിക്കൊണ്ടല്ലാതെ ദൈവത്തിനുപോലും ഉള്ളിലേക്കു നോക്കാനാവാത്ത ചില ഹൃദയങ്ങളുണ്ട്.

സൃഷ്ടിയുടെ ഈ ഭാഗത്താണ് വിഷാദത്തിൻ്റെ തുടക്കം; അവിടെ ദൈവം വന്നിട്ടുപോലുമില്ല. എന്തെന്നാൽ, മനുഷ്യഹൃദയത്തെ നേരിടേണ്ടിവരുമ്പോൾ എങ്ങനെയാണവൻ സ്വന്തം മാനം കെടാതെ നോക്കുക?
*

95
വിശുദ്ധരുടെ ജഡങ്ങൾക്കു ദുർഗന്ധമില്ല എന്നാണു പറയുക. വിശുദ്ധർ ഈ ലോകത്തിൻ്റേതല്ല എന്നതിനു മറ്റൊരു തെളിവു കൂടി. വിശുദ്ധകളുടെ ജഡത്തിൽ നിന്ന് ഒരു പരിമളം തന്നെയാണു വരുന്നത്. വിശുദ്ധരുടെ പീഡാനുഭവങ്ങൾ ഓർമ്മയിൽ വരുത്തുന്ന ചില സുഗന്ധദ്രവ്യങ്ങളുണ്ട്; അതു ശ്വസിച്ചാൽ നിങ്ങളൊരു സമാധിയിലെന്നപോലെ ആയിപ്പോകും. പല തവണയാണ് മരണാസന്നകളായ വിശുദ്ധകന്യകമാരുടെ കണ്ണുകൾ ഞാൻ തിരുമ്മിയടച്ചിരിക്കുന്നത്!
*
96
സംഗീതം മനുഷ്യസൃഷ്ടിയല്ലെന്നതിന്‌ ഇതിലും നല്ല തെളിവു വേണോ, അതൊരിക്കലും നരകത്തെക്കുറിച്ചുള്ള ചിത്രങ്ങൾ എന്നിലുണർത്തിയിട്ടില്ല എന്നതല്ലാതെ? വിലാപയാത്രയ്ക്കകമ്പടിയായിട്ടുള്ള സംഗീതത്തിനുപോലും അതിനു കഴിഞ്ഞിട്ടില്ല. നരകം ഒരു വാസ്തവികതയാണ്‌; സ്വർഗ്ഗം ഒരോർമ്മയും. അനാദിയായ ഒരു ഭൂതകാലത്ത് നമുക്ക് നരകം പരിചയമുണ്ടായിരുന്നെങ്കിൽ ഇന്നു നാമൊരു ‘നരകനഷ്ട’ത്തെക്കുറിച്ചോർത്തു നെടുവീർപ്പിടില്ലേ? ഓർമ്മയുടെ പുരാവസ്തുശാസ്ത്രമാണ്‌ സംഗീതം. അതിന്റെ ഉത്ഖനനങ്ങളിൽ പ്രാഗ്സ്മൃതികാലത്തെ ഒരു നരകം ഇന്നുവരെ കണ്ടെടുക്കപ്പെട്ടിട്ടില്ല.

97
ആധുനികരായ നാം നമുക്കുള്ളിൽത്തന്നെ നരകം കണ്ടെത്തി; അതു ഭാഗ്യമായി. നരകത്തിന്റെ ബാഹ്യവും ചരിത്രപരവുമായ പ്രതിനിധാനങ്ങൾ മാത്രമേ നമുക്കുണ്ടായിരുന്നുള്ളു എങ്കിൽ നമ്മുടെ ഗതി എന്തായിപ്പോയേനേ? രണ്ടായിരം കൊല്ലത്തെ ഭയം നമ്മെ ആത്മഹത്യയിലേക്കു നയിക്കുമായിരുന്നു. വിശുദ്ധ ഹിൽഡഗാർഡ് അന്ത്യവിധിയെക്കുറിച്ചെഴുതിയിരിക്കുന്നതു വായിച്ചുകഴിഞ്ഞാൽ എല്ലാ സ്വർഗ്ഗങ്ങളോടും നരകങ്ങളോടും നമുക്കു വെറുപ്പു തോന്നിപ്പോകും, അവയെല്ലാം വെറും ആത്മനിഷ്ഠമായ ദർശനങ്ങൾ മാത്രമാണെന്നതിൽ നാം ആഹ്ലാദം കൊള്ളുകയും ചെയ്യും. മനഃശാസ്ത്രം ഒരേസമയം തന്നെ നമുക്ക് വിമോചനവും ഉപരിപ്ലവതയുമാണ്‌. ഒരു ക്രിസ്തീയപുരാവൃത്തമനുസരിച്ച് ലോകമുണ്ടായത് പിശാച് കോട്ടുവായിട്ടപ്പോഴാണ്‌. ആധുനികരായ നമുക്ക് ലോകമെന്ന ഈ യാദൃച്ഛികത ഒരു മനശ്ശാസ്ത്രപ്പിഴയിൽ കവിഞ്ഞൊന്നുമല്ല.
*

98
എന്തുകൊണ്ടാണ്‌, നമ്മുടെ ആത്മീയോത്സാഹത്തെ തളച്ചിടുന്ന ഭൗതികവസ്തുവിനെ ഭേദിച്ചു പുറത്തുവരാൻ നാം ശ്രമിക്കുമ്പോഴൊക്കെയും നമ്മുടെ യത്നങ്ങൾ വിഫലമായിപ്പോകുന്നത്? ഈ ഭൂമിയിൽ സംഗീതം മാത്രമേ ഭൗതികവസ്തുവിനെ പരാജയപ്പെടുത്തുന്നുള്ളു. പേലവമായ ചില ഈണങ്ങൾക്കുണ്ട്, ആത്മാവിൽ നിന്നു വീശുന്ന ശ്രുതിമധുരമായ ഒരിളംതെന്നലിനുണ്ട് ഒരു വെൽഡിങ്ങ് ടോർച്ചിന്റെ ശക്തി; അതിന്റെ തീക്ഷ്ണജ്വാലകളിൽ നമ്മുടെ ഭൗതികവിലങ്ങുകൾ ഉരുകിപ്പോകും.
*

99
ഏകാന്തത നമുക്കനുഭവമാകുന്നത് വസ്തുക്കളുടെ നിശ്ശബ്ദത നമുക്കു കേൾക്കാറാകുമ്പോൾ മാത്രമാണ്‌. അപ്പോൾ ഒരു കല്ലിൽ ഉറങ്ങിക്കിടക്കുകയും ഒരു ചെടിയിൽ ഉണർന്നെഴുന്നേല്ക്കുകയും ചെയ്യുന്ന രഹസ്യം നമുക്കു കേൾക്കാമെന്നാകുന്നു- പ്രകൃതിയുടെ മറഞ്ഞതും തുറന്നതുമായ രീതികൾ. ഏകാന്തതയുടെ കാര്യത്തിൽ വിചിത്രമെന്നു പറയാവുന്ന കാര്യം, അതിനെ സംബന്ധിച്ചിടത്തോളം അചേതനമായ ഒരു വസ്തുവും ഇല്ല എന്നതാണ്‌. എല്ലാ വസ്തുക്കൾക്കുമുണ്ട്, ഒരു ഭാഷ; പൂർണ്ണനിശ്ശബ്ദതയിലേ നമുക്കതിന്റെ പൊരുളു തിരിക്കാൻ കഴിയൂ. സർവ്വതിലുമുണ്ട്, ജീവൻ നിറഞ്ഞ, തീക്ഷ്ണമായ ഒരേകാന്തത. പ്രകൃതിയിൽ ചേതന നിദ്രാണമാണ്‌; സസ്യങ്ങളുടെ സ്വപ്നങ്ങൾ വ്യാഖ്യാനിച്ചെടുക്കാൻ എനിക്കാഗ്രഹമില്ലാതില്ല.

നിഴലുകൾക്കുമുണ്ട് ഒരു രഹസ്യജീവിതം. ആവശ്യമുള്ളത്ര കവികൾ ലോകത്തുണ്ടായിട്ടില്ല; അതുകൊണ്ടല്ലേ, ഇത്രയധികം വസ്തുക്കൾ വെളിപ്പെടുത്തപ്പെടാതെ കിടക്കുന്നത്, സ്വന്തം പൊരുളുകളിൽ നിന്നവ അകന്നുപോയത്!

100
നിത്യത എന്ന ശാപത്തിന്റെ ഭാരം എന്നെ ഞെരിച്ചമർത്തുകയാണ്‌; യുവത്വത്തിന്റെ വിഷമാണത്, ജീർണ്ണഹൃദയങ്ങൾക്കു മാത്രമുള്ള ശമനൗഷധമാണത്. ഒരു മനുഷ്യന്റെ ആരോഗ്യസ്ഥിതി നിത്യതയോടുള്ള അയാളുടെ വെറുപ്പിനും അതിനോടുള്ള അയാളുടെ ചെറുത്തുനില്പിനും ആനുപാതികമായി അളക്കാവുന്നതേയുള്ളു. വിശുദ്ധരുടെ രോഗം നിത്യതയോടുള്ള അവരുടെ അഭിമതമാണ്‌.

കാലത്തിന്റെ ശൂന്യത നിത്യതയ്ക്കു ജന്മം നല്കുമ്പോൾ മതപരമായ ധൈര്യം കൊണ്ട് നിങ്ങളെരിയും. കാലത്തിന്റെ ചോർന്നുപോകൽ, അതിനി മടുപ്പു കൊണ്ടോ ഭീതി കൊണ്ടോ ആകട്ടെ, നിങ്ങളെ അവ്യക്തവാഗ്ദാനങ്ങൾ നിറഞ്ഞതും ഓജസ്സുറ്റതുമായ ഒരു ശൂന്യതയിലേക്കെടുത്തെറിയും. ഒരു വിശുദ്ധനും ലോകത്തു നിത്യത കണ്ടെത്താനായിട്ടില്ല. വിശുദ്ധത്വത്തിലേക്കുള്ള ആദ്യത്തെ പടിയാണ്‌ ഉള്ളിലെ ഊഷരഭൂമി താണ്ടുക എന്നത്.

ആത്മീയതയുടെ പൊത്തുകളിലാണ്‌ ദൈവം കൂടു കൂട്ടുക. അവനു കൊതി ഉള്ളിലെ തരിശ്ശുകളാണ്‌; കാരണം, പ്രതിരോധം ഏറ്റവും കുറഞ്ഞയിടങ്ങളിലാണ്‌ അവൻ പൊരുന്നിരിക്കുക, രോഗത്തെപ്പോലെ. സന്തുലനമുള്ള ഒരു ജീവിയ്ക്ക് ദൈവത്തിൽ വിശ്വസിക്കാൻ കഴിയില്ല. വിശുദ്ധർ, കുറ്റവാളികൾ, പാപ്പരായവർ ഇവരൊക്കെയാണ്‌ അവനു തുടക്കമിട്ടത്, സന്തോഷഹീനരായ ഏവർക്കുമായി അവനെ ലഭ്യമാക്കിയത്.
*

101
കവിതാപ്രേമികളേ ഉത്തരവാദിത്വമില്ലാത്തവരും ആത്മാവിനോട് അയഞ്ഞ സമീപനമുള്ളവരുമായിട്ടുള്ളു. ഓരോ കവിത വായിക്കുമ്പോഴും നമുക്കു തോന്നുന്നു, അനുവദനീയമാണെല്ലാം എന്ന്. ആരോടും (തന്നോടല്ലാതെ) കണക്കു ബോധിപ്പിക്കാനില്ലാത്തതിനാൽ കവി എവിടെയ്ക്കും നിങ്ങളെ നയിക്കുന്നതുമില്ല. കവികളെ മനസ്സിലാക്കുക എന്നത് ഒരു ശാപമാണ്‌, കാരണം, നഷ്ടപ്പെടാൻ ഒന്നുമില്ലെന്ന് അപ്പോൾ നാം പഠിക്കുകയാണല്ലോ.

വിശുദ്ധരുടെ കവിത പോലെ സാന്ത്വനം നല്കുന്നതൊന്നില്ല. എന്നാൽ ഒരു മദ്ധ്യസ്ഥനെ അഭിസംബോധന ചെയ്തുകൊണ്ട് (മിക്കപ്പോഴുമത് ദൈവമായിരിക്കും) തങ്ങളുടെ കവിത്വസിദ്ധിയെ അവർ മാരകമായി പരിമിതപ്പെടുത്തുകയും ചെയ്യുന്നു. പവിത്രമെങ്കിലും ദൈവനിരപേക്ഷമായ ഒരു രോമാഞ്ചം കൊള്ളലാണ്‌ കവിത. ദൈവത്തോടുള്ള നിവേദനം തങ്ങളുടെ കാവ്യാത്മകതയെ ദുർബ്ബലപ്പെടുത്തുകയാണെന്നു മനസ്സിലായിരുന്നെങ്കിൽ വിശുദ്ധർ വിശുദ്ധപദവിയൊക്കെ ത്യജിച്ചിട്ട് കവികളായി മാറിയേനെ. ലോകത്തപ്പോൾ ഭൂതദയയുടെ അളവു കുറയുമെങ്കിലും കൂടുതൽ സ്വാതന്ത്ര്യവും നിരുത്തരവാദിത്വവും ഉണ്ടാകുമായിരുന്നു! ദൈവത്തിലൂടെ സ്വതന്ത്രരാകാനേ വിശുദ്ധർക്കറിയൂ. കവിത്വത്തിന്റെ സ്വാതന്ത്ര്യമേ നശ്വരജീവികളായ നമുക്കറിയുകയുള്ളു.
*

അഭിപ്രായങ്ങളൊന്നുമില്ല: