നീണ്ടുമെലിഞ്ഞിട്ടായിരുന്നു അവൾ; ചെറുപ്പം പോയിട്ടും നിറഞ്ഞ മുലകളുടെ വടിവു നഷ്ടപ്പെട്ടിരുന്നില്ല; തൊലിനിറമാകട്ടെ, മലമ്പനി വിട്ടുമാറാത്ത ഒരാളുടേതുപോലെ വിളർച്ച പിടിച്ചതായിരുന്നു. ആ വിളർച്ചയ്ക്കടിയിൽ നിന്ന് രണ്ടു വലിയ കണ്ണുകളും തുടുത്തുചുവന്ന ചുണ്ടുകളും നിങ്ങളെ വെട്ടിവിഴുങ്ങാനെന്നപോലെ തെഴുത്തുനിന്നു.
ഗ്രാമത്തിൽ ആളുകൾ അവളെ വിളിച്ചിരുന്നത് ലാ ലൂപ്പ (പെൺചെന്നായ) എന്നായിരുന്നു; ഒരിക്കലും ശമനം കിട്ടാത്തതായിരുന്നല്ലോ, അവളുടെ ആർത്തി. ഒരു വിശന്ന ചെന്നായയുടെ അലഞ്ഞ നടത്തയോടെ ഒറ്റയ്ക്കവൾ വരുന്നതു കാണുമ്പോൾ സ്ത്രീകൾ കുരിശ്ശു വരയ്ക്കും. കണ്ണൊന്നടച്ചു തുറക്കും മുമ്പല്ലേ തങ്ങളുടെ ആണ്മക്കളേയും ഭർത്താക്കന്മാരെയും ആ ചുവന്ന ചുണ്ടുകൾ കൊണ്ടവൾ കൊത്തിയെടുക്കുക! സാന്ത അഗ്രിപ്പിനായുടെ അൾത്താരയ്ക്കു മുന്നിൽ നില്ക്കുമ്പോൾപോലും അവരെ തന്റെ വരുതിയിലാക്കാൻ അവൾക്കാ ചെകുത്താൻകണ്ണുകൾ കൊണ്ടൊന്നുഴിഞ്ഞാൽ മതി.
ഭാഗ്യത്തിന് ഈസ്റ്ററായാലും ക്രിസ്തുമസ്സായാലും ലാ ലൂപ്പ പള്ളിയിൽ കാലു കുത്താറില്ല. അവൾക്കു കുർബ്ബാന കൈക്കൊള്ളേണ്ട, കുമ്പസാരവും നടത്തേണ്ട. ഇവളൊരുത്തി കാരണമല്ലേ, സാന്ത മരിയ ഡി ഗേസുവിലെ അംഗിയോലിനോ അച്ചന് - എത്ര സമർപ്പിതനായ ദൈവദാസനായിരുന്നു അദ്ദേഹം- ആത്മാവു നഷ്ടപ്പെട്ടത്.
മരിച്ചിയ, സുന്ദരിയും മിടുക്കിയുമായ ആ പാവം പെൺകുട്ടി, ആരും കാണാതെ കണ്ണീരൊഴുക്കി. ലാ ലൂപ്പയുടെ മകളായതു കാരണമാണല്ലോ ആരും അവളെ വിവാഹം കഴിക്കാൻ മുന്നോട്ടു വരാതിരുന്നത്. ഗ്രാമത്തിലെ മറ്റേതു പെൺകുട്ടിയേയും പോലെ അവൾക്കുമുണ്ടായിരുന്നു ഒരു തുണ്ടു മണ്ണും പെട്ടിയിലടച്ചുസൂക്ഷിച്ച കല്യാണപ്പുടവയും.
അങ്ങനെയിരിക്കെ ലാ ലൂപ്പ കാണാൻ കൊള്ളാവുന്ന ഒരു ചെറുപ്പക്കാരനുമായി പ്രേമത്തിലായി. അയാൾ പട്ടാളസേവനം കഴിഞ്ഞു നാട്ടിൽ വന്നിട്ട് നോട്ടറിയുടെ പാടത്തു പണിയ്ക്കു വന്നതാണ്; കൊയ്ത്തിന് അവളുമുണ്ടായിരുന്നു. അവൾക്കവനോടു കടുത്ത പ്രേമമായിരുന്നു. അടിയുടുപ്പുകൾക്കടിയിൽ തന്റെ ഉടലെരിയുന്നത് അവളറിഞ്ഞു; അവന്റെ കണ്ണുകളിലേക്കു നോക്കുമ്പോൾ പൊള്ളുന്ന വേനൽനട്ടുച്ച തന്റെ തൊണ്ടയെരിക്കുന്നപോലെ അവൾക്കു തോന്നി. അവൻ ഇതൊന്നുമറിയാതെ കറ്റ കൊയ്തുകൂട്ടിക്കൊണ്ടിരുന്നു. “എന്തു പറ്റി, പീനാ?” അവൻ ചോദിച്ചു. പറന്നുപൊങ്ങുന്ന പുല്ച്ചാടികളുടെ മർമ്മരമല്ലാതെ മറ്റൊന്നും കേൾക്കാനില്ലാത്ത, സൂര്യരശ്മികൾ കുത്തനേ വന്നുപതിക്കുന്ന വിശാലമായ ആ പാടശേഖരത്ത് കൊയ്ത കറ്റകൾ കെട്ടുകെട്ടായി മാറ്റിക്കൊണ്ടിരിക്കുകയായിരുന്
തനിക്കു വേണ്ടതെന്താണെന്ന് ഒരു സന്ധ്യക്ക് അവൾ അവനോടു പറഞ്ഞു. ഒരു പകലത്തെ പണി കൊണ്ടു തളർന്ന ജോലിക്കാർ കളത്തിൽ കിടന്നു മയങ്ങുകയായിരുന്നു. നാട്ടുമ്പുറത്തിന്റെ ഇരുണ്ട വിശാലത നായ്ക്കൾ കുരച്ചുനിറയ്ക്കുകയായിരുന്നു. “എനിക്കു വേണ്ടത് നിന്നെയാണ്! സൂര്യനെപ്പോലെ സുന്ദരനായ, തേൻ പോലെ മധുരിക്കുന്ന നിന്നെ!”
“പക്ഷേ എനിക്കു നിന്റെ മകളെ മതി, ആ ക്ടാവിനെ,” സ്വന്തം നേരമ്പോക്കാസ്വദിക്കുന്നപോലെ ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു. ലാ ലൂപ്പ തന്റെ സമൃദ്ധമായ മുടിക്കെട്ടിൽ കൈകളാഴ്ത്തി ഒന്നും മിണ്ടാതെ നിന്നു; എന്നിട്ടവൾ നടന്നുപോയി. അവൾ പിന്നെ ആ കളത്തിലേക്കു വന്നതേയില്ല.
എന്നാൽ ഒക്ടോബറായപ്പോഴേക്കും ഒലീവാട്ടുന്ന കാലമായി. തന്റെ വീടിനടുത്ത് നാന്നി ജോലിക്കു വന്നുവെന്നറിഞ്ഞപ്പോൾ ലാ ലൂപ്പ പിന്നെയും അവനെ നോട്ടമിട്ടു. ചക്കാട്ടുന്ന ഒച്ച രാത്രി മുഴുവൻ അവളുടെ ഉറക്കം കളയുകയായിരുന്നു.
“ഒരു ചാക്കിൽ ഒലീവുമെടുത്ത് എന്റെ കൂടെ വാ,” അവൾ മകളോടു പറഞ്ഞു.
അവർ ചെല്ലുമ്പോൾ നാന്നി ചക്കിൽ ഒലീവിൻകായ കോരിയിട്ടിട്ട് കഴുതയെ തെളിക്കുകയാണ്.
“നിനക്കെന്റെ മോളെ, മരിച്ചിയയെ വേണോ?” പീന അവനോടു നേരേചെന്നു ചോദിച്ചു.
“മോൾക്കെന്തു സ്ത്രീധനമാണു കൊടുക്കാൻ പോകുന്നത്,” അവൻ അന്വേഷിച്ചു.
“അവളുടെ അച്ഛൻ സമ്പാദിച്ചതൊക്കെ അവൾക്കുള്ളതാണ്. വീടും അവൾക്കു കൊടുത്തേക്കാം. എനിക്കൊരു പായ വിരിക്കാനുള്ള ഇടം അടുക്കളയിൽ തന്നാൽ മതി.”
“അങ്ങനെയാണെങ്കിൽ നമുക്കത് ക്രിസ്തുമസ്സിനു സംസാരിക്കാം,“ നാന്നി പറഞ്ഞു.
ഒലീവെണ്ണയിലും അഴുക്കിലും കുളിച്ചു നില്ക്കുകയായിരുന്നു നാന്നി; അവനെ തനിക്കു വേണ്ടെന്ന് മരിച്ചിയ തീർത്തുപറഞ്ഞു. വീട്ടിലെത്തിയപ്പോൾ ലാ ലൂപ്പ മകളുടെ തലമുടിക്കു ചുറ്റിപ്പിടിച്ചിട്ട് പല്ലിറുമ്മിക്കൊണ്ടു പറഞ്ഞു, ”ഞാൻ പറഞ്ഞതു കേട്ടുനിന്നില്ലെങ്കിൽ നിന്നെ ഞാൻ കൊന്നുകളയും.“
***
ലാ ലൂപ്പയെ ഇപ്പോൾ കണ്ടാൽ ഒരു ദീനക്കാരിയെപ്പോലെയാണ്. വയസ്സാവുമ്പോൾ പിശാച് സന്ന്യസിക്കാൻ പോകുമെന്ന് ആളുകൾ തമ്മിൽത്തമ്മിൽ അടക്കം പറഞ്ഞു. അവളിപ്പോൾ കറങ്ങിനടക്കാൻ പോകാറില്ല; ബാധയേറ്റവളെപ്പോലെ കണ്ണുകളും പായിച്ചുകൊണ്ട് വാതില്പടിയിൽ നില്ക്കാറുമില്ല. അവളുടെ കണ്ണുകൾ തന്റെ മേൽ വീഴുമ്പോഴെല്ലാം മരുമകൻ കഴുത്തിലെ വെന്തിങ്ങയെടുത്ത് കുരിശ്ശു വരയ്ക്കും.
കുട്ടികൾക്കു പാലുകൊടുത്തുകൊണ്ട് മരിച്ചിയ വീട്ടിലിരിക്കുമ്പോൾ അവളുടെ അമ്മ ആണുങ്ങൾക്കൊപ്പം പാടത്തു പണിയ്ക്കു പോയി. ശരിക്കും ആണുങ്ങൾ ചെയ്യുന്ന പണിയൊക്കെ അവൾ ചെയ്തു- കള പറിക്കുക, കിളയ്ക്കുക, കാലികളെ ആട്ടിത്തെളിക്കുക, മുന്തിരിവള്ളികൾ കോതിനിർത്തുക. അതിനി മജ്ജ മരവിപ്പിക്കുന്ന കിഴക്കൻ കാറ്റു വീശുന്ന ജനുവരിയാകട്ടെ, വരട്ടുന്ന തെക്കൻ കാറ്റു വീശുന്ന ആഗസ്റ്റുമാസമാവട്ടെ.
സന്ധ്യക്കും പുലർച്ചയ്ക്കുമുള്ള ആ നേരത്ത് ‘പെണ്ണായി പിറന്നവരൊന്നും പുറത്തിറങ്ങില്ല’ എന്നാണു ചൊല്ലെങ്കിലും ആ നാട്ടിലെവിടെയും നിങ്ങൾക്കു പീനയെ കാണാം- ഇടുക്കുതെരുവുകളുടെ ചുട്ടുപഴുത്ത തറക്കല്ലുകൾക്കു മേൽ, ആകാശം ചക്രവാളത്തിനു മേൽ തൂങ്ങിനില്ക്കുന്ന എറ്റ്നയുടെ പുകഞ്ഞ രൂപത്തോളം പരന്നുകിടക്കുന്ന പാടങ്ങളിൽ എറിച്ചുനില്ക്കുന്ന വൈക്കോൽക്കുറ്റികൾക്കിടയിൽ. “എഴുന്നേൽക്ക്!” പൊടിയടിഞ്ഞ കൊയ്ത്തുപാടത്തിനരികിൽ ഒരു കുണ്ടിൽ കൈകൾക്കു മേൽ തല വച്ചു കിടന്നുറങ്ങുകയായിരുന്ന നാന്നിയെ അവൾ വിളിച്ചുണർത്തി. “എഴുന്നേൽക്ക്! തൊണ്ട നനയ്ക്കാൻ ഞാൻ ലേശം വൈൻ കൊണ്ടുവന്നിട്ടുണ്ട്.”
അവൻ ഉറക്കച്ചടവോടെ കണ്ണു മിഴിച്ചുനോക്കുമ്പോൾ നേരേ മുന്നിൽ അവളെക്കണ്ടു: കൂർത്ത മാറിടം അവനു നേരേ തെറിപ്പിച്ചും കരി പോലെ കറുത്ത കണ്ണുകൾ കൊണ്ടവനെ തറച്ചും. കൈകൾ വായുവിലേക്കെറിഞ്ഞുകൊണ്ട് അവൻ പിന്നാക്കം മാറി. “പോ! പെണ്ണായിപ്പിറന്നവരൊന്നും ഈ നേരത്തു പുറത്തിറങ്ങില്ല!” താൻ കിടന്നുറങ്ങിയ ഉണക്കപ്പുല്ലിലേക്കു പിന്നെയും തല പൂഴ്ത്തി, മുടിയ്ക്കു പിടിച്ചുവലിച്ചുകൊണ്ട് അവൻ വിലപിച്ചു: “പോ! പോ! ഇനിയീ കളത്തിൽ കണ്ടുപോകരുത്!”
അവൾ പോവുകയും ചെയ്തു. അഴിഞ്ഞ മുടി വാരിക്കെട്ടി, വൈക്കോൽകുറ്റികൾ എറിച്ചുനിൽക്കുന്ന പൊള്ളുന്ന പാടത്ത് കരി പോലെ കറുത്ത കണ്ണുകൾ തറപ്പിച്ച് ലാ ലൂപ്പ പോയി.
എന്നാൽ അവൾ പിന്നെയും മെതിക്കളത്തിലേക്കു തിരിച്ചുപോയി; അവൻ എതിരു പറഞ്ഞതുമില്ല. തന്നെയുമല്ല, അവൾ വരാൻ വൈകിയാൽ ആ രാത്രിനേരത്ത് അവൻ അവളെയും കാത്ത് വിജനമായ ഇടവഴിയിൽ ചെന്നുനില്ക്കാനും തുടങ്ങി. എന്നിട്ടോരോതവണയും സ്വന്തം മുടിക്കു ചുറ്റിപ്പിടിച്ചുകൊണ്ട് അവൻ അവളെ ഭത്സിക്കുകയും ചെയ്യും: “പോ! പോ! ഇനിയീ കളത്തിൽ കണ്ടുപോകരുത്!”
മരിച്ചിയ രാത്രിയും പകലുമിരുന്നു കരഞ്ഞു; പാടത്തു നിന്ന് അമ്മ തിരിച്ചുവരുന്നതു കാണുമ്പോഴെല്ലാം ഒരു ചെന്നായക്കുട്ടിയെപ്പോലെ അവളുടെ കണ്ണുകൾ അസൂയയും കണ്ണീരും കൊണ്ടെരിയും.
“ദുഷ്ട!” അവൾ പറയും. “അമ്മയെന്നു പറഞ്ഞു നടക്കുന്നു!”
“മിണ്ടാതിരിക്കാൻ!”
“കള്ളി! കള്ളി!”
“മിണ്ടാതിരിക്കാൻ!”
“ഞാൻ ഇൻസ്പെക്ടറോടു പോയിപ്പറയും.”
പറയുക മാത്രമല്ല, ഒരു ദിവസം കുഞ്ഞുങ്ങളേയും ഒക്കത്തെടുത്ത്, ഒരു പേടിയുമില്ലാതെ, ഒരു തുള്ളി കണ്ണീരു പോലുമിറ്റിക്കാതെ, ഒരു ഭ്രാന്തിയെപ്പോലെ അവൾ സ്റ്റേഷനിലേക്കു കയറിച്ചെല്ലുകയും ചെയ്തു; പുളിപ്പിക്കാനിട്ട ഒലീവിൻകായകളുടെ മെഴുക്കും അഴുക്കും പുരണ്ട ഒരാളെ മനസ്സില്ലാമനസ്സോടെയാണ് അവൾ കെട്ടിയതെങ്കിലും ആ ഭർത്താവിനോട് അവൾക്കിപ്പോൾ ഉത്ക്കടമായ സ്നേഹമായിരുന്നു.
ഇൻസ്പെക്ടർ നാന്നിയെ വിളിപ്പിച്ചു; തുറുങ്കും കഴുമരവും കൊണ്ടവനെ ഭീഷണിപ്പെടുത്തി. നാന്നി മുടിക്കു പിടിച്ചുവലിച്ചുകൊണ്ട് കരയാൻ തുടങ്ങി; അവൻ നടന്നതെല്ലാം സമ്മതിച്ചു; അവൻ സ്വയം ന്യായീകരിക്കാനും പോയില്ല.
“ഞാൻ വീണുപോയതാണേമാനേ!” അവൻ കരഞ്ഞുകൊണ്ടു പറഞ്ഞു, “പിശാചെന്നെ വീഴ്ത്തിയതാണ്!” അവൻ ഇൻസ്പെക്ടറുടെ കാല്ക്കൽ വീണിട്ട് തന്നെ തുറുങ്കിലേക്കയക്കാൻ അപേക്ഷിച്ചു.
“എന്നോടു ദയവു തോന്നണം, ഇൻസ്പെക്ടറേമാനേ, ഈ നരകത്തിൽ നിന്നെന്നെ രക്ഷിക്കണം. എന്നെ കൊന്നുകളഞ്ഞോളൂ, എന്നെ ജയിലിലേക്കയച്ചോളൂ; ഇനിയൊരിക്കലും എനിക്കവളെ കാണാനിടവരരുതേ!“
”ഇല്ല,“ ഇൻസ്പെക്ടറുടെ ചോദ്യത്തിനു മറുപടിയായി ലാ ലൂപ്പ പറഞ്ഞു, ”എനിക്കു കിടക്കാൻ അടുക്കളയിൽ ഇടം തരണമെന്ന വ്യവസ്ഥയോടെയാണ് ഞാനവനു സ്ത്രീധനമായി വീടെഴുതിവച്ചത്. അതെന്റെ വീടാണ്. ഞാനവിടെ നിന്നു പോകാനും പോകുന്നില്ല.“
ഇതു നടന്ന് അധികനാൾ കഴിയും മുമ്പ് നെഞ്ചത്തൊരു കോവർകഴുതയുടെ തൊഴി കിട്ടി നാന്നി കിടപ്പായി; അവൻ മരിക്കുമെന്ന മട്ടായിരുന്നു. എന്നാൽ ലാ ലൂപ്പ ആ വീട്ടിൽ നിന്നു പോകാതെ അവനു രോഗീലേപനം കൊടുക്കില്ലെന്ന് വികാരിയച്ചൻ പറഞ്ഞു. തന്റെ മരുമകൻ ഒരു സത്യക്രിസ്ത്യാനിയായി ലോകം വിട്ടുപോകട്ടെ എന്നതിനായി ലാ ലൂപ്പ വീടു വിട്ടുപോയി. എത്ര ഉൾത്താപത്തോടെയും പശ്ചാത്തപത്തോടെയുമാണ് അവൻ കൂദാശ സ്വീകരിക്കുന്നതെന്നു കണ്ടപ്പോൾ അവന്റെ കിടക്കയ്ക്കു ചുറ്റും കൂടിയ അയൽക്കാരും ജിജ്ഞാസുക്കളായ സന്ദർശകരും വാവിട്ടു കരഞ്ഞുപോയി.
ആ കിടപ്പിൽ കിടന്ന് അന്നവൻ മരിച്ചുപോയിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ; എങ്കിൽ സുഖമായപ്പോഴേക്കും അവനെ വശീകരിക്കാൻ പിശാചിനു പിന്നെയും അവസരം കിട്ടുമായിരുന്നില്ലല്ലോ.
”എന്നെ വെറുതേ വിടൂ!“ അവൻ ലാ ലൂപ്പയോടു കരഞ്ഞുപറഞ്ഞു. ”ദൈവത്തെയോർത്ത് എന്റെ സമാധാനം നശിപ്പിക്കരുതേ! മരണത്തെ മുഖത്തോടു മുഖം കണ്ടവനാണു ഞാൻ. പാവം മരിച്ചിയ നീറിനീറിക്കഴിയുകയാണ്. ഇനി അറിയാൻ നാട്ടിലാരുമില്ല. നമ്മൾ തമ്മിൽ ഇനി കാണാതിരുന്നാൽ അതു നിനക്കും നല്ലതാണ്, എനിക്കും നല്ലതാണ്.“
ലാ ലൂപ്പയുടെ കണ്ണുകൾ കാണാതിരിക്കാൻ അവൻ സ്വന്തം കണ്ണുകൾ കുത്തിപ്പൊട്ടിച്ചേനെ; അവൾ തന്റെ കണ്ണുകൾ അവന്റെ മേൽ ഉറപ്പിക്കുമ്പോൾ അവന്റെ ഉടലും ആത്മാവും ഒരേപോലെ അടിയറവു പറയുകയായിരുന്നു. ആ വശീകരണത്തിൽ നിന്നൂരിപ്പോരാൻ എന്തു ചെയ്യണമെന്ന് അവനറിയില്ലായിരുന്നു. അവൻ നരകത്തിലെ പാപികൾക്കുള്ള കുർബ്ബാനകൾ നടത്തി, വികാരിയച്ചന്റെയും ഇൻസ്പെക്ടറുടേയും സഹായം തേടി. ഈസ്റ്ററിന്റന്ന് അവൻ കുമ്പസാരം നടത്തി; പള്ളിമുറ്റത്തെ പൊള്ളുന്ന തറക്കല്ലുകൾക്കു മേൽ എല്ലാവരും കാൺകെ ആറടി ദൂരം അവൻ അടിവയർ കൊണ്ടിഴയുകയും ചെയ്തു. ഇതിനൊക്കെ ശേഷവും ലാ ലൂപ്പ അവനെ വശീകരിക്കാൻ മടങ്ങിവന്നപ്പോൾ അവൻ അവളോടു പറഞ്ഞു: ”നോക്ക്! ഇനി നിന്നെ കളത്തിൽ കണ്ടുപോകരുത്; ഇനി എന്നെയും അന്വേഷിച്ച് നീ അവിടെ വന്നാൽ, ദൈവത്തിനാണെ, നിന്നെ ഞാൻ കൊല്ലും!“
”ആയിക്കോ, എന്നെ കൊന്നോ!“ ലാ ലൂപ്പ പറഞ്ഞു. ”എനിക്കതൊന്നും പ്രശ്നമല്ല. എനിക്കു പക്ഷേ, നീയില്ലാതെ ജീവിക്കാൻ പറ്റില്ല.“
തളിർത്ത ചോളപ്പാടത്തൂടെ അവൾ വരുന്നത് അകലെ നിന്നേ കണ്ടപ്പോൾ അവൻ മുന്തിരിവള്ളികൾ കോതുന്ന പണി നിർത്തിയിട്ട് ഒരു മരത്തിൽ ഉടക്കിവച്ചിരുന്ന മഴു വലിച്ചെടുത്തു.
അവൻ തനിക്കു നേരേ വരുന്നത് ലാ ലൂപ്പ കണ്ടു; അവന്റെ മുഖം വിളറിവെളുത്തിരുന്നു, അവന്റെ കണ്ണുകൾ ഭ്രാന്തമായി കിടന്നുരുണ്ടിരുന്നു, അവന്റെ കൈയിലെ മഴു വെയിലേറ്റു തിളങ്ങിയിരുന്നു. പക്ഷേ അവൾ ഒരു നൊടി പോലും പതറിയില്ല, അവന്റെ മുഖത്തു നിന്നു കണ്ണെടുത്തില്ല. ഇരുകൈകൾ നിറയേ ചുവന്ന പോപ്പിപ്പൂങ്കുലകളുമായി, ആ കരി പോലെ കറുത്ത കണ്ണുകൾ കൊണ്ട് ആർത്തിയോടെ അവനെ വെട്ടിവിഴുങ്ങിക്കൊണ്ട് അവൾ അവന്റെ നേരേ നടന്നുചെന്നു.
“ഹാ!” നാന്നി വിക്കിവിക്കിപ്പറഞ്ഞു. “നിന്റെയാത്മാവ് നരകത്തിൽക്കിടന്നു പൊരിയട്ടെ!”
***