2020, ജൂൺ 3, ബുധനാഴ്‌ച

ബോദ്‌ലേർ - ചിത്രകാരന്റെ മോഹം



തൃഷ്ണ കടിച്ചുകീറുന്ന മനുഷ്യൻ നിർഭാഗ്യവാനായേക്കാം, എന്നാൽ കലാകാരൻ സന്തുഷ്ടനത്രേ.

ഒരു സ്ത്രീയെ വരയ്ക്കാനുള്ള മോഹം കൊണ്ടെരിയുകയാണു ഞാൻ;  ഇടയ്ക്കെന്നോ എനിക്കു മുന്നിൽ പ്രത്യക്ഷയായി, അത്രയും പെട്ടെന്നെന്നെ വിട്ടു മറഞ്ഞവൾ, രാത്രിയുടെ വരവോടെ സഞ്ചാരിയ്ക്കു ഖേദത്തോടെ വിട്ടുപോകേണ്ട സുന്ദരവസ്തു പോലെ. അവൾ പോയിമറഞ്ഞിട്ടെത്രകാലമായിരിക്കുന്നു!

സുന്ദരിയാണവൾ; സുന്ദരി എന്നു പറഞ്ഞതുകൊണ്ടായില്ല: ഒരു വിസ്മയമാണവൾ. ഇരുട്ടാണവൾ നിറയെ: ഇരുളും ആഴവുമാണ്‌ നമുക്കു മനസ്സിൽ വരിക. നിഗൂഢത മുനിഞ്ഞുകത്തുന്ന രണ്ടു മടകളാണവളുടെ കണ്ണുകൾ; അവളുടെ നോട്ടമാകട്ടെ, ഇടിമിന്നൽ പോലെ വെളിച്ചം പരത്തുന്നു: അന്ധകാരത്തിൽ ഒരു സ്ഫോടനം.

വെളിച്ചവും സന്തോഷവും പ്രസരിപ്പിക്കുന്ന ഒരു കറുത്ത നക്ഷത്രത്തെ സങ്കല്പിക്കാനാവുമെങ്കിൽ ഞാനവളെ ഒരു ഒരു കറുത്ത സൂര്യനോടുപമിക്കും. അല്ല, അതിലുമേറെ അവളെന്നെ ഓർമ്മിപ്പിക്കുന്നത് ചന്ദ്രനെയാണ്‌; അതിന്റെ പ്രബലസ്വാധീനം അവളിൽ പതിഞ്ഞിട്ടുണ്ടെന്നതിൽ സംശയവുമില്ല; എന്നാൽ ഇടയഗാനങ്ങളിലെ, വികാരങ്ങളുറഞ്ഞ ഭാര്യയെപ്പോലുള്ള, വിളറിയ ചന്ദ്രനല്ല, കൊടുങ്കാറ്റൂതുന്ന രാത്രിയിൽ, പാഞ്ഞുപോകുന്ന മേഘങ്ങൾക്കിടയിൽ തൂങ്ങിനില്ക്കുന്ന അശുഭചന്ദ്രൻ, മദിപ്പിക്കുന്ന ചന്ദ്രൻ; നിർമ്മലമനസ്കരായവരുടെ സ്വപ്നങ്ങളിൽ വരുന്ന ശാന്തനും വിവേകിയുമായ ചന്ദ്രനല്ല, തെസ്സാലിയിലെ മന്ത്രവാദിനികളോടു മത്സരിച്ചുതോറ്റപ്പോൾ അവർ ആകാശത്തു നിന്നു പറിച്ചെടുത്തു മണ്ണിലേക്കെറിഞ്ഞ ചന്ദ്രൻ, വിറ പൂണ്ട പുല്പരപ്പിൽ നൃത്തം വയ്ക്കാൻ അവർ കല്പിച്ച ചന്ദ്രൻ!

ആ ഇടുങ്ങിയ നെറ്റിത്തടത്തിൽ കുടിപാർക്കുന്നുണ്ട്, പിടുത്തം വിടാത്ത ഒരിച്ഛാശക്തിയും ഇരയ്ക്കായുള്ള ആർത്തിയും. എന്നാൽ, സ്വാസ്ഥ്യം കെടുത്തുന്ന ആ മുഖത്തിന്റെ താഴ്ഭാഗത്ത്, അജ്ഞാതവും അസാദ്ധ്യവുമായതെന്തിനേയും ഉള്ളിലേക്കു വലിച്ചെടുക്കാൻ ത്രസിക്കുന്ന നാസാദ്വാരങ്ങൾക്കു കീഴെയായി, വെളുത്തുചുവന്നു, വശ്യമായ ഒരു വദനത്തിന്റെ വിടർച്ചയിൽ നിന്ന് അവാച്യമായൊരു ഭംഗിയോടെ ഒരു പുഞ്ചിരിയുടെ മിന്നൽ പാളുന്നു; ആഗ്നേയഭൂമിയിൽ ഒരത്ഭുതം പോലെ പൊട്ടിവിടരുന്ന ഒരു വിശിഷ്ടപുഷ്പത്തെയാണ്‌ നാമപ്പോൾ മനസ്സിൽ കാണുക.

കീഴടക്കി അനുഭവിക്കാനുള്ള ആഗ്രഹം നമ്മിലുണർത്തുന്ന സ്ത്രീകളുണ്ട്; എന്നാൽ ഇവളാകട്ടെ, തന്റെ ദൃഷ്ടിപാതത്തിനടിയിൽ സ്വച്ഛന്ദമൃത്യു വരിക്കാനാണ്‌ നമ്മെ ക്ഷണിക്കുന്നത്.

(ഗദ്യകവിതകൾ-36)
------------------------------------------------------------------------------------------------------------------

*തെസ്സലിയിലെ മന്ത്രവാദിനികൾ- ലാറ്റിൻ കവിയായ ലൂഷന്റെLucan (39-65) റോമൻ ആഭ്യന്തരയുദ്ധത്തെക്കുറിച്ചുള്ള ഇതിഹാസത്തിലെ മന്ത്രവാദിനികളെയാണ്‌ പരാമർശിക്കുന്നത്. 


അഭിപ്രായങ്ങളൊന്നുമില്ല: