2020, ജൂൺ 12, വെള്ളിയാഴ്‌ച

ബോദ്‌ലേർ - കലാകാരന്റെ കുമ്പസാരപ്രാർത്ഥന




എത്ര തീക്ഷ്ണമാണ്‌ ശരല്ക്കാലദിവസങ്ങളുടെ അന്ത്യങ്ങൾ- ഹാ, നീറ്റുന്നതാണ്‌, ആ  തീക്ഷ്ണത! അവ്യക്തത തീക്ഷ്ണതയ്ക്കു തടസ്സമാവാത്ത ചില മധുരാനുഭൂതികളുണ്ട്; അനന്തതയേക്കാൾ മൂർച്ചയേറിയ കത്തിമുന മറ്റൊന്നില്ല.

എത്ര ആനന്ദപ്രദമാണ്‌, കടലിന്റെയും ആകാശത്തിന്റെയും വൈപുല്യത്തിൽ സ്വന്തം നോട്ടത്തെ അലയാൻ വിടുക! നിശ്ശബ്ദത, ഏകാന്തത, നീലിമയുടെ നിരുപമമായ നൈർമ്മല്യം! ചക്രവാളരേഖയിൽ വിറകൊള്ളുന്ന ഒരു കൊച്ചുവഞ്ചിപ്പായ (അതിന്റെ വലിപ്പക്കുറവും ഒറ്റപ്പെടലും എന്റെ അപരിഹാര്യമായ അസ്തിത്വത്തിന്റെതന്നെ അനുകരണമല്ലേ?); തിരയിളക്കത്തിന്റെ ഏകതാനമായ പല്ലവി- ഇതെല്ലാം എന്നിലൂടെ ചിന്തിക്കുന്നു, അഥവാ, ഞാൻ അവയിലൂടെ ചിന്തിക്കുന്നു (ദിവാസ്വപ്നത്തിന്റെ വൈപുല്യത്തിൽ ‘ഞാൻ’ എത്രവേഗം നഷ്ടപ്പെട്ടുപോകുന്നു!); അവ ചിന്തിക്കുന്നു, എന്നു പറഞ്ഞാൽ, സംഗീതാത്മകമായി, ചിത്രരൂപമായി, വക്രോക്തികളില്ലാതെ, തർക്കവാദങ്ങളില്ലാതെ, നിഗമനങ്ങളില്ലാതെ.

എന്നാൽ എന്നിൽ നിന്നു വരുന്നതോ വസ്തുക്കൾ എയ്തുവിടുന്നതോ ആയ ചിന്തകൾക്ക് എത്രവേഗമാണ്‌ മുനവയ്ക്കുന്നത്! പ്രചണ്ഡമായ ആനന്ദം അസ്വാസ്ഥ്യത്തിലേക്കും സുഖകരമായ ഒരു വേദനയിലേക്കും നയിക്കുന്നു. വലിഞ്ഞുമുറുകിയ എന്റെ ഞരമ്പുകൾ ഇപ്പോൾ ചെവി തുളയ്ക്കുന്നതും വേദനാജനകവുമായ കമ്പനങ്ങളാണ്‌ പുറപ്പെടുവിക്കുന്നത്.

ഇപ്പോഴിതാ, ആകാശത്തിന്റെ ഗഹനത എന്നെ ഭീതിപ്പെടുത്തുന്നു; അതിന്റെ പ്രസന്നത എന്നെ അരിശം കൊള്ളിക്കുന്നു. കടലിന്റെ നിർവ്വികാരത, രംഗത്തിന്റെ മാറ്റമില്ലായ്മ എന്നെ പ്രകോപിപ്പിക്കുന്നു...എന്നെന്നും നരകിക്കുകയോ അതോ സൗന്ദര്യത്തിൽ നിന്ന് എന്നെന്നേക്കുമായി പലായനം ചെയ്യുകയോ, എന്താണു വേണ്ടത്? പ്രകൃതീ, കരുണയറ്റ മോഹിനീ, എന്നും ജയിക്കുന്ന പ്രതിയോഗീ, എന്നെ വെറുതെ വിടൂ! എന്റെ തൃഷ്ണകളേയും എന്റെ അഭിമാനത്തേയും പ്രലോഭിപ്പിക്കാതിരിക്കൂ! സൗന്ദര്യത്തെ നോക്കിക്കാണുക എന്നാൽ തോറ്റുവീഴുന്നതിനു മുമ്പ് കലാകാരൻ സംഭീതനായി നിലവിളിയ്ക്കുന്ന ഒരു ദ്വന്ദ്വയുദ്ധമാണ്‌.
-----------------------------------------------------------------------------------------------------------------------

*കത്തോലിക്കാവിശ്വാസത്തിൽ കുമ്പസാരപ്രാർത്ഥന സ്വന്തം പാപങ്ങൾ ഏറ്റുപറഞ്ഞുകൊണ്ടുള്ള ഒരു പ്രാർത്ഥനയാണ്‌. ഈ കവിതയിൽ ദൈവസാന്നിദ്ധ്യമില്ല, കവിയുടെ പ്രതിയോഗി പ്രകൃതിയുമാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല: